രാമപുരം ഉത്സവം

പാലായ്ക്കടുത്തുള്ള രാമപുരം ശ്രീരാമസ്വാമീക്ഷേത്രത്തിലെ 
ഈവര്‍ഷത്തെ തിരുഉത്സത്തിന്റെ ഭാഗമായി  05/04/2010ന് രാത്രി 10മണിമുതല്‍ കഥകളി അവതരിപ്പിക്കപ്പെട്ടു. നളചരിതം പുറപ്പാടാണ് ആദ്യമായി ഇവിടെ അവതരിപ്പിക്കപ്പെട്ടത്. ഇത് അവതരിപ്പിച്ചത് കലാനിലയം വിനോദ് ആയിരുന്നു. ഇത്ര നല്ല ഒരു പുറപ്പാട് അടുത്തകാലത്ത് കണുവാന്‍ സാധിച്ചിട്ടില്ല. ആകര്‍ഷകമായ വേഷഭംഗിയും ഉണ്ട് വിനോദിന്. കലാനിലയം രാജീവും കലാമണ്ഡലം രാജേഷ് ബാബുവും ചേര്‍ന്നാണ് പുറപ്പാടിന് പാടിയിരുന്നത്.
നളന്റെ പുറപ്പാട്
സമയക്കുറവുള്ളതിനാല്‍ മേളപദത്തിന്റെ ചെമ്പടവട്ടം 
മാത്രമാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടത്. പുറപ്പാടിലും മേളപ്പദത്തിലും ചെണ്ടകൊട്ടിയത് ഗോപീകൃഷ്ണന്‍ തമ്പുരാനും മദ്ദളം കൊട്ടിയത് കലാമണ്ഡലം വിനീതും ആയിരുന്നു.
മേളപദത്തെ തുടര്‍ന്ന് രാമപുരത്തെ പതിവ് ഗായകനായിരുന്ന, 
കഴിഞ്ഞവര്‍ഷം നമ്മെ വിട്ടുപിരിഞ്ഞുപോയ കൊച്ചേട്ടനെ(കോട്ടക്കല്‍ പരമേശ്വരന്‍ നമ്പൂതിരി) അനുസ്മരിച്ചുകൊണ്ട് രാമവര്‍മ്മ തിരുമുല്പാട് സംസാരിച്ചു.
ഉണ്ണായിവാര്യര്‍ രചിച്ച നളചരിതം ഒന്നാംദിവസത്തെ 
കഥ(ഉത്തരഭാഗം) ആയിരുന്നു അന്ന് ആദ്യം അവതരിപ്പിക്കപ്പെട്ടത്. ഇതിലെ നാരദന്റെ രംഗങ്ങളും രാക്ഷസരുടെ രംഗവും ഭീമരാജാവിന്റെ രംഗവും ഒഴിവാക്കിയിരുന്നു.
നളനായെത്തിയത് കലാമണ്ഡലം ഷണ്മുഖനായിരുന്നു. 
കഴിഞ്ഞദിവസം അമ്പലപ്പുഴയില്‍ കണ്ട ഉത്തരാഭഗത്തെ നളനെക്കാളും മെച്ചപ്പെട്ട പ്രകടനം ഇവിടെ ഇദ്ദേഹം കാഴ്ച്ചവെച്ചിരുന്നത്. അനൌചിത്യമായ ആട്ടങ്ങള്‍ ഒഴിവാക്കിയിരുന്നു എന്നു മാത്രമല്ല സന്ദര്‍ഭോചിതമായ ചില ആട്ടങ്ങള്‍ കൂട്ടിചേര്‍ക്കുകയും ചെയ്തിരുന്നു.
ഫാക്റ്റ് ബിജുഭാസ്ക്കറാണ് ഹംസവേഷമണിഞ്ഞത്. 

കലാനിലയം വിനോദ് ഇന്ദ്രനായും 
ആര്‍.എല്‍.വി.സുനില്‍ പള്ളിപ്പുറം അഗ്നിയായും ആര്‍.എല്‍.വി.സുനില്‍ യമനായും കലാമണ്ഡലം പ്രമോദ് വരുണനായും അരങ്ങിലെത്തി. ഇതില്‍ ആര്‍.എല്‍.വി.സുനില്‍ ഒഴിച്ച് മറ്റെല്ലാരും പാത്രോചിതമായ പ്രവര്‍ത്തികളാല്‍ തങ്ങളുടെ ഭാഗങ്ങള്‍ ഭംഗിയാക്കിയിരുന്നു. എന്നാല്‍ ആദ്യരംഗത്തിന്റെ അന്ത്യത്തില്‍ നളന് തിരസ്ക്കരണി ഉപദേശിക്കുന്നതായി ആടുവാന്‍ ഇന്ദ്രന്‍ മറന്നുപോയിരുന്നു.
കഴിഞ്ഞദിവസം അമ്പലപ്പുഴയില്‍ കണ്ടതുപോലെ 
തന്നെ കലാമണ്ഡലം വിജയന്‍ നല്ല രസാഭിനയത്തോടെ ദമയന്തിവേഷം ഇവിടെയും കൈകാര്യം ചെയ്തിരുന്നു. 
സരസ്വതിയായെത്തിയിരുന്നത് കലാകേന്ദ്രം മുരളീധരന്‍ നമ്പൂതിരി ആയിരുന്നു.
ഈ കഥയ്ക്ക് പൊന്നാനി പാടിയത് കോട്ടക്കല്‍ 
പി.ഡി.നമ്പൂതിരി ആയിരുന്നു. സംഗീതപരമായി പലമേന്മകളും പീഡിയുടെ പാട്ടില്‍ തോന്നുമെങ്കിലും ഇത് കളിക്ക് ഒട്ടും ചേര്‍ന്നതായില്ല. ആദ്യരംത്തിലെ ഹസത്തിന്റെ ചരണം മുതല്‍ തന്നെ രാഗമാറ്റപരീക്ഷണങ്ങള്‍ തുടങ്ങിയിരുന്നു. സകല പദങ്ങളും അനാവശ്യമായി കാലം താഴ്ത്തിയാണ് പാടിയത്. നളന്റെ ‘അടിയിണ പണിയുന്നേന്‍’ എന്ന പദം പുസ്തകത്തില്‍ ചെമ്പട എന്നാണ് കാണുന്നതെങ്കിലും മുറിയടന്തയിലാണ് അരങ്ങുവഴക്കം. എന്നാല്‍ പി.ഡി. ഇത് ചെമ്പടതാളത്തിലാണ് പാടിയത്. ഇങ്ങിനെ രാഗതാളകാലങ്ങളുടെ മാറ്റങ്ങളാല്‍ മറ്റുകലാകാരന്മാരേയും കാണികളേയും ഇദ്ദേഹം വിഷമിപ്പിച്ചു. കലാനിലയം രാജീവനായിരുന്നു ശിങ്കിടിക്ക്.
തോരണയുദ്ധമായിരുന്നു തുടര്‍ന്നവതരിപ്പിച്ച കഥ. 
ഹനുമാന്റെ തിരനോട്ടം മുതല്‍(എട്ടാം രംഗം) ലങ്കാദഹനം വരെയുള്ള സാധാരണ പതിവുള്ള രംഗങ്ങള്‍ക്കുപുറമെ ആദ്യത്തെ മൂന്ന് രംഗങ്ങളും കൂടി ഇവിടെ അവതരിപ്പിക്കുകയുണ്ടായി. വര്‍ഷകാലം കഴിഞ്ഞിട്ടും സഖ്യം ചെയ്തതുപ്രകാരം സീതാന്വേഷണത്തിന് ശ്രമം നടത്താതെയിരിക്കുന്ന സുഗ്രീവന്റെ നേര്‍ക്ക് കോപം തോന്നിയ ശ്രീരാമചന്ദ്രന്‍, ആ വാനരരാജാവിനെ കൂട്ടിക്കൊണ്ടുവരുവാന്‍ ലക്ഷ്മണനെ നിയോഗിക്കുന്നതാണ് ആദ്യരംഗം. ലക്ഷ്മണന്‍ കിഷ്കിന്ധാഗോപുരദ്വാരത്തിങ്കല്‍ ചെന്ന് ലോകംവിറയ്ക്കുമാറ് ഞാണോലിയിട്ടു. അതുകേട്ട് വരുന്ന താര, സീതാന്വേഷണത്തിനായി നനാപര്‍വ്വതങ്ങളില്‍ നിന്നും വാനരരെ സുഗ്രീവന്‍ വിളിച്ചുവരുത്തിക്കൊണ്ടിരിക്കുകയാണെന്നും, അതിനാല്‍ കോപം അടക്കണമെന്നും ലക്ഷ്മണനോട് പറയുന്നു. തുടര്‍ന്ന് രണ്ടാം രംഗത്തില്‍ യുവരാജാവായ അംഗദനോടും മന്ത്രിമാരായ ഹനുമാന്‍, ജാബവാന്‍ എന്നിവരോടുംകൂടി സുഗ്രീവന്‍ ലക്ഷ്മണസമീപം വന്ന് സ്വീതാന്വേഷണത്തിന് കാലതാമസം ഉണ്ടായതിന് ക്ഷമ ചോദിക്കുന്നു. പിന്നീട് എല്ലാവരും ചേര്‍ന്ന് ശ്രീരാമസമീപം വന്ന് വന്ദിക്കുന്നു രംഗം മൂന്നില്‍. രാമനിര്‍ദ്ദേശാനുസ്സരണം സുഗ്രീവന്‍ വാനരപ്രമുഖരെ ഓരോരോ ദിക്കുകളിലേക്ക് സീതാന്വേഷണാര്‍ത്ഥം അയക്കുന്നു. ഈ സമയത്ത് ദക്ഷിണദിക്കിലേക്കുപോകുന്ന ഹനുമാനെ വിളിച്ച് ശ്രീരാമസ്വാമി അടയാളമായി ‘അത്ഭുതാംഗുലീയം’ ഏല്‍പ്പിക്കുന്നു.
ഇതില്‍ ശ്രീരാമനായി കലാ:ഷണ്മുഖനും 
ലക്ഷ്മണനായി കലാനി:വിനോദും താരയായി കലാ:വിജയനും കുട്ടിഹനുമാനായി ആര്‍.എല്‍.വി.സുനിലും വേഷമിട്ടു.
സുഗീവനായെത്തിയ ആര്‍.എല്‍.വി അഖില്‍ 
തനിക്കുകിട്ടിയ അവസരം പ്രയോജനപ്പെടുത്തിക്കൊണ്ട് പാത്രബോധത്തോടെയുള്ള നല്ല പ്രകടനം കാഴ്ച്ചവെച്ചു. തന്റേടാട്ടത്തില്‍ ബാലിവധം കഥ ചുരുക്കത്തിലും ഭംഗിയായും ആടിയ അഖില്‍ വാനരരെ അയയ്ക്കുന്ന നേരത്ത് ‘സുഗീവാജ്ഞ’യും ആടുകയുണ്ടായി. താടിവേഷം കെട്ടിപഴക്കമില്ലാത്തതിന്റെ ചില പാകപിഴകളൊഴിച്ചാല്‍ അഖിലിന്റെ പ്രകടനം മികച്ചതായിരുന്നു.






 




 

ഹനുമാനായെത്തിയ സദനം ഭാസി മികച്ച പ്രകടനം 
കാഴ്ച്ചവെച്ചു. നല്ല അഭ്യാസബലമുള്ള ഇദ്ദേഹം ചൊല്ലിയാട്ടങ്ങളും ആട്ടങ്ങളും ഭംഗിയായി ചെയ്തിരുന്നു. തിരനോട്ടശേഷം സമുദ്രവര്‍ണ്ണനക്കുമുന്‍പായി ചെറിയൊരു തന്റേടാട്ടവും ഭാസി ചെയ്തിരുന്നു. ഇത് ഇപ്പോള്‍ സാധാരണയായി കാണാറില്ലാത്തതാണ്. സമുദ്രവര്‍ണ്ണന, സമുദ്രലംഘനം, ലങ്കോല്പത്തി തുടങ്ങിയ ആട്ടങ്ങളെല്ലാം തന്നെ ഇദ്ദേഹം മനോഹരമായി തന്നെ ചെയ്തിരുന്നു. ഇത്ര അനുഭവമുള്ള ഒരു തോരണയുദ്ധം ഹനുമാനെ അടുത്തിടെ കണ്ടിട്ടില്ല.
ലങ്കാലക്ഷ്മിയായെത്തിയ ഫാക്റ്റ്:ബിജു ഭാസ്ക്കര്‍ 
പൂര്‍വ്വകഥ ചുരുക്കത്തില്‍ ആടിക്കൊണ്ടുള്ള തന്റേടാട്ടത്തോടു കൂടി തന്നെ തന്റെ വേഷം ഭംഗിയായി അവതരിപ്പിച്ചു.
ലങ്കാശ്രീ, മണ്ഡോദരി വേഷങ്ങളിലെത്തിയത് കലാ:പ്രമോദ് ആയിരുന്നു. 
അഴകുരാവണനായെത്തിയത് കലാമണ്ഡലം 
പ്രശാന്ത് ആയിരുന്നു. രാവണന്റെ പുറപ്പാടിന് ശേഷം സീതയ്ക്ക് സമ്മാങ്ങള്‍ നല്‍കുന്ന ഭാഗവും പദത്തിന്റെ ചരണവും മാത്രമാണ് ഇവിടെ അവതരിപ്പിക്കുകയുണ്ടായത്. സമയക്കുറവുമൂലമാണ് ഇങ്ങിനെ ചെയ്തതെങ്കിലും, തോരണയുദ്ധത്തിലെ ആദ്യാവസാന വേഷമായ രാവണന്റെ മര്‍മ്മപ്രധാനമായ ‘വര്‍ഷവരാ’, ‘ഹിമകരം’, ‘രാജ്യാച്ചുതം‘ തുടങ്ങിയ ശ്ലോകങ്ങളുടെ മനോഹരവും ചിട്ടപ്രധാനവുമായ ആട്ടങ്ങള്‍ ഉപേക്ഷിക്കപ്പെട്ടപ്പോള്‍ തോരണയുദ്ധം അവതരണം കാതലില്ലാത്ത തടിപോലെയായിപ്പോയി!
സീതയായി രംഗത്തുവന്ന കലാകേന്ദ്രം മുരളീധരന്‍ നമ്പൂതിരി 
തലമുടി മുന്‍പോട്ടിട്ടിരുന്നത് എന്തിനാണന്ന് മനസ്സിലായില്ല. സീത രാവണന്റെ നേരേ നോക്കിയാണ് പദം ആടുന്നത് കണ്ടതും!
ഹനുമാന്‍ പ്രമദാവനം ഭഞ്ജിക്കുന്നതും ലങ്കാദഹനവും 
വളരെ ജനരഞ്ജകമായ രീതിയില്‍ ഇവിടെ അവതരിപ്പിക്കപ്പെട്ടു. ഈ ഭാഗത്ത് കിങ്കരന്മാരായി കലാ:ഷണ്മുഖന്‍, ആര്‍.എല്‍.വി സുനില്‍ പള്ളിപ്പുറം, ആര്‍.എല്‍.വി.സുനില്‍, ആര്‍.എല്‍.വി അഖില്‍, കലാ:പ്രമോദ് തുടങ്ങിവര്‍ അരങ്ങിലെത്തി.
തോരണയുദ്ധത്തിന് പാടിയ കലാ:രാജേന്ദ്രനും കലാ:രാജേഷ് ബാബുവും ചേന്നായിരുന്നു. 
ഈ ദിവസത്തെ കളിക്ക് കലാ:രാമന്‍ നമ്പൂതിരി, 
ഗോപീകൃഷ്ണന്‍ തമ്പുരാന്‍ എന്നിവര്‍ ചെണ്ടയിലും കലാനിലയം രാജു, കലാനിലയം മനോജ്, കലാമണ്ഡലം വിനീത് എന്നിവര്‍ മദ്ദളത്തിലും നല്ല മേളം പകര്‍ന്നിരുന്നു.
കലാനിലയം സജി, എരൂര്‍ മനോജ് എന്നിവരായിരുന്നു ചുട്ടിക്ക്. 
സര്‍ഗ്ഗക്ഷേത്ര മേവെള്ളൂരിന്റെ ചമയങ്ങളുപയോഗിച്ച് ഈ കളിയ്ക്ക് അണിയറസഹായികളായി വര്‍ത്തിച്ചിരുന്നത് രഘു, എരൂര്‍ ശശി തുടങ്ങിയവരായിരുന്നു.

4 അഭിപ്രായങ്ങൾ:

SunilKumar Elamkulam Muthukurussi പറഞ്ഞു...

നല്ല കളി കണ്ടാല്‍, നല്ല സുഖം കിട്ടും. ഉറക്കത്തില്‍ കൂടെ നമ്മള്‍ അത് പിന്നേം കാണും അല്ലേ മണീ?
-സു-

AMBUJAKSHAN NAIR പറഞ്ഞു...

മി.മണി.
പാലാ രാമപുരത്തെ കഥകളിയെ പറ്റിയ വിലയിരുത്തൽ വളരെ നന്നായിട്ടുണ്ട്.

മൊതലകൊട്ടം പറഞ്ഞു...

മണി
വളരെ നല്ല ആസ്വാദന കുറിപ്പ്. കലാ. ഷണ്മുഖന്‍വളരെ നന്നാവുന്നുണ്ട് എന്നറിയുമ്പോള്‍ ഇനിയും കഥകളി കാണാന്‍ തരാവുമല്ലോ എന്നഒരു സന്തോഷം ഉണ്ട് (ഗോപിആശാന്, ഷാരടി, കൃഷ്ണന്‍ കുട്ടി ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ക്ക് ശേഷവും കഥകളി കാണാന്‍ പറ്റും എന്ന സന്തോഷം ). നന്നായി വരട്ടെ. സദനം ഭാസി തുടക്കത്തില്‍ അധികം ശ്രധ്ഹിക്കപെടാതെ പോയ ഒരു കലാകാരന്‍ ആണ്. ഇപ്പോള്‍ ആരാലും അറിഞ്ഞു തുടങ്ങി എന്നതിലും സന്തോഷം. കീഴ്പടം ശൈലി അറ്റുപോകുന്നില്ല എന്ന് അറിയിക്കുന്ന അട്ടമാണല്ലോ ഭാസിയുടേത്. വളരെ വളരെ സന്തോഷം. ചിട്ട പ്രധാനമല്ലാത്ത ഇതു കഥയായാലും പി ഡി ക്ക് അരങ്ങിനു പറ്റുമോ എന്ന് ചിന്തിക്കാതെ ഉള്ള ചില സഞ്ചാരങ്ങളും മറ്റും പണ്ടെ ഉള്ളതാണല്ലോ. അതിപ്പഴും തുടരുന്നു. അരങ്ങു പാട്ട് എങ്ങിനെ വേണം എന്ന് പി ഡി കൊചേട്ടനില്‍ നിന്ന് പഠിക്കേണ്ടതായിരുന്നു.

പിന്നെ ഒരു ചെറിയ ഒരു അഭിപ്രായം (തികച്ചും വ്യക്തിപരം). പച്ച ബാക്ക് ഗ്രൗണ്ടില്‍ നീല അക്ഷരം ആകുമ്പോള്‍ , പ്രത്യേകിച്ച് പൂവിന്റെയും കതിരിന്റെയും മറ്റും മുകളില്‍ വരുമ്പോള്‍, വായിക്കാന്‍ കുറച്ചു ആയാസം ഉണ്ടാകുന്നു. ശ്രദ്ധിച്ചാല്‍ നന്നായിരുന്നു. ഉടനേ വേണമെന്നല്ല. മറ്റു വായനക്കാരുടെയും പ്രതികരണം നോക്കിയിട്ട് മതി.

മൊതലകൊട്ടം നാരായണന്‍

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

@സൂ-, തീര്‍ച്ചയായും അങ്ങിനെ തന്നെ. അതുപോലെ തന്നെ കളി മോശമായാല്‍ മനസ്സിന് ആകെ ഒരു അസ്വസ്ഥതയും ആകും.

@ അബുചേട്ടാ,
നന്ദി.

@മൊതലകൊട്ടം, അഭിപ്രായങ്ങള്‍ എഴുതിയതിന് നന്ദി.
വായിക്കാന്‍ പ്രയാസമാണങ്കില്‍ മാറ്റുന്നകാര്യം നോക്കാം....