തൃപ്പൂണിത്തുറ ശ്രീപൂര്‍ണ്ണത്രയീശക്ഷേത്ര വൃശ്ചികോത്സവം (ഭാഗം 2)

തൃപ്പൂണിത്തുറ ശ്രീപൂര്‍ണ്ണത്രയീശക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന്റെ രണ്ടാംദിവസമായ 27/11/08ന് രാത്രി 12മണിക്ക് ശ്വേതാ,അഭിരാമി എന്നിവരുടെ പുറപ്പാടോടേ കഥകളി ആരംഭിച്ചു. അന്ന് രുഗ്മിണീസ്വയംവരമായിരുന്നു ആദ്യകഥ. കുട്ടിക്കാലം മുതല്‍ തന്നെ കൃഷ്ണനെ സ്നേഹിക്കുകയും, അദ്ദേഹത്തെ മനസാ വരിക്കുകയും ചെയ്‌ത രുഗ്മിണി, ജേഷ്ടനായ രുഗ്മി തന്നെ ചേദിരാജാവിന് വിവാഹംചെയ്തു കൊടുക്കാന്‍ നിശ്ചയിച്ച വിവരം അറിഞ്ഞ് ദു:ഖിക്കുന്നതാണ് ആദ്യരംഗത്തില്‍. ഈ രംഗത്തില്‍ രുഗ്മിണിക്ക് ശോകരസമാണ് സ്ഥായീഭാവം.എന്നാല്‍ ഇവിടെ രുഗ്മിണിയായെത്തിയ ശ്രീ കോട്ടക്കല്‍ വാസുദേവന്‍ കുണ്ടലായരില്‍ ഈ സ്ഥായീഭാവം കണ്ടിരുന്നില്ല.
തുടര്‍ന്ന് തന്റെ ഈ അവസ്ഥ ശ്രീകൃഷ്ണനെ അറിയിക്കുവാനായി രുഗ്മിണി ഒരു ബ്രാഹ്മണന്റെ സഹായം തേടുന്നു. ആശ്രിതവത്സലനായ ഭഗവാന്‍ ആശ്രയിച്ചവരെ ഉപേക്ഷിക്കുകയില്ല, ഞാന്‍ ശ്രീകൃഷ്ണനെ കണ്ട് വിവരങ്ങള്‍ ധരിപ്പിച്ച് മറുപടിയും വാങ്ങിവരാം എന്ന് പറഞ്ഞ് രുഗ്മിണിയെ സമാശ്വസിപ്പിച്ചിട്ട് ബ്രാഹ്മണന്‍ യാത്രയാകുന്നു. ഇവിടെ സുന്ദരബ്രാഹ്മണനായി വേഷമിട്ടിരുന്നത് ശ്രീ ഫാക്റ്റ് പത്മനാഭന്‍ ആയിരുന്നു. ഇദ്ദേഹം ഈ കഥാപാത്രത്തെ ബ്രാഹ്മണസഹജമായ ശങ്ക,പരിഭ്രമാദിപ്രകടനങ്ങളോടുകൂടി അവതരിപ്പിച്ചിരുന്നു.അന്നാല്‍ മുദ്രകള്‍ ആവശ്യമില്ലാതെ വലിച്ചുനീട്ടുക, മുദ്രകള്‍ ആവര്‍ത്തിച്ചു കാണിക്കുക തുടങ്ങിയ സാങ്കേതിക പിഴവുകള്‍ ഇദ്ദേഹത്തിന്റെ അഭിനയത്തിലുടനീളം ദൃശ്യമായിരുന്നു. ആദ്യരംഗത്തിന്റെ അന്ത്യത്തില്‍ രുഗ്മിണിയോട് പറയുന്നതായി ഇദ്ദേഹം കൃഷ്ണന്റെ ജനനവും ബാലലീലകളും രാസലീലയും ഒക്കെ ആടുന്നതുകണ്ടു. ഇവിടെ വിസ്തരിച്ചുള്ള ഈ ആട്ടം അത്ര ഉചിതമായി തോന്നിയില്ല.

ശ്രീ കലാമണ്ഡലം മയ്യനാട് രാജീവ് ആയിരുന്നു കൃഷ്ണന്‍. നല്ല ചൊല്ലിയാട്ടവും മനോധര്‍മ്മവും ഭാവപ്രകടനത്തോടും കൂടി ഇദ്ദേഹം തന്റെ വേഷം മനോഹരമായി കൈകാര്യം ചെയ്തിരുന്നു. രുഗ്മിണിയുടെ വിവരങ്ങള്‍ കേട്ട് അവളേ ഞാന്‍ രക്ഷിക്കും എന് ഉറപ്പിച്ച് പറയുന്നതോടോപ്പം കൃഷ്ണന്‍ ബ്രാഹ്മണനോട് ‘അവള്‍ എന്നില്‍ ഇത്ര പ്രേമം വരുവാന്‍ കാരണമെന്ത്?’ എന്ന് ചോദിച്ചു. ‘എല്ലാം അറിവുള്ളവനല്ലെ അങ്ങ്? പിന്നെ എന്നോട് എന്തിനു വെറുതേ ചോദിക്കുന്നു?‘ എന്ന് മറുചോദ്യമുതിര്‍ത്ത ശേഷം ബ്രാഹ്മണന്‍ ഇങ്ങിനെ ഉത്തരവും നല്‍കി-‘എന്തോ കുട്ടികാലം മുതല്‍ രുഗ്മിണിയുടെ മനസ്സില്‍ അങ്ങുമാത്രമേയുള്ളു, ബാല്യത്തില്‍ തന്നെ കളികോപ്പുകളേക്കാള്‍ പ്രിയം കൃഷ്ണവിഗ്രഹത്തോടായിരുന്നു അവള്‍ക്ക്‘. തുടര്‍ന്ന് രുഗ്മിണിയുടെ ഗുണഗണങ്ങള്‍ എന്തെന്ന് കൃഷ്ണന്‍ അന്യൂഷിച്ചു. സാക്ഷാല്‍ ലക്ഷീദേവിയേപ്പോലെ തന്നെയാണ് അവള്‍ എന്ന് ബ്രാഹ്മണന്‍ അറിയിക്കുകയും ചെയ്തു. അനന്തരം കൃഷ്ണന്‍ രുഗ്മിണിയുടെ സമീപത്തേക്ക് പോവാന്‍ തെര്‍വരുത്തി, കൂടെ പോരുവാന്‍ ബ്രാഹ്മണനെ ക്ഷണിച്ചു. തനിക്ക് രഥയാത്ര ശീലമില്ലെന്നും അതിനാല്‍ ഭയമാണെന്നും പറഞ്ഞ് ബ്രാഹ്മണന്‍ ഒഴിവാകുന്നു. പലതും പറഞ്ഞിട്ടും ഭയം വിട്ടുമാറാത്തബ്രാഹ്മണനോട് തന്നെ കെട്ടിപ്പിടിച്ച് ഇരുന്നുകൊള്ളുവാന്‍ നിര്‍ദ്ദേശിച്ച് കൃഷ്ണന്‍ കൂടെ കൂട്ടുന്നു. പോകുന്നതിനുമുന്‍പായി രുഗ്മിണിക്ക് മനസ്സുറപ്പുവരുവാനായി ഒരു കത്ത് എഴുതി തനിക്ക് നല്‍കണമെന്ന് ബ്രാഹ്മണന്‍ കൃഷ്ണനോട് ആവശ്യപ്പെട്ടു. കൃഷ്ണന്‍ കത്തെഴുതി രാജമുദ്രയും വെച്ച് നല്‍കുന്നു. ഉറപ്പുപോരാ എന്നു ശങ്കിച്ച് ബ്രാഹ്മണന്‍ കത്തില്‍ ശംഖുമുദ്രയും വെയ്പ്പിച്ച്, പീലിതിരുമുടിയില്‍ നിന്നും ഒരു മയില്‍പീലിയും വാങ്ങി വെച്ച് കൃഷ്ണനൊപ്പം യാത്രയായി. എന്നാല്‍ ബ്രാഹ്മണന്‍ ഇത്ര ആവശ്യപ്പെട്ട് വാങ്ങിയ കത്ത് അടുത്തരംഗത്തില്‍ രുഗ്മിണീദേവിക്ക് നല്‍കുന്നതായി കണ്ടില്ല!

ഈ കഥക്ക് പൊന്നാനിപാടിയത് ശ്രീ കലാമണ്ഡലം പി.എന്‍.കൊണത്താപ്പള്ളി നമ്പൂതിരിയായിരുന്നു. അനാവശ്യമായ രാഗമാറ്റങ്ങളും അമിത സംഗീതപ്രയോഗങ്ങളും നടത്തിയ ഇദ്ദേഹം, അതിനായെ വല്ലാതെ ആയാസപ്പെടുന്നതായി തോന്നി. അദ്ദേഹത്തിന്റെ സംഗീതം അരങ്ങിന് ഒട്ടും അനുഗുണമായി തോന്നിയില്ല.ശ്രീ കലാമണ്ഡലം ഹരീഷ് മനയത്താറ്റ്, ശ്രീ കലാമണ്ഡലം രാജേഷ് ബാബു എന്നിവരായിരുന്നു ശിങ്കിടിപാടിയിരുന്നത്. ശ്രീ കലാമണ്ഡലം കേശവപൊതുവാളും(ചെണ്ട) ശ്രീ തിരുവില്വാമല വെങ്കിടേശനും(മദ്ദളം) ചെര്‍ന്ന് ഈ കഥക്ക് നല്ല മേളമാണ് ഒരുക്കിയിരുന്നത്.

ഈ ദിവസത്തെ രണ്ടാം കഥ ബാലിവിജയം ആയിരുന്നു. ഇതില്‍ രാവണനായെത്തിയ ശ്രീ കലാമണ്ഡലം ബാലസുബ്രഹ്മണ്യം നല്ല പ്രകടനം കാഴ്ച്ചവെച്ചു. ശ്രീ ഫാക്റ്റ് ബിജുബാസ്ക്കര്‍ മണ്ഡോദരിയായും ശ്രീ ആര്‍.എല്‍.വി രാജശേഘരന്‍ ബാലിയായും അരങ്ങിലെത്തി. നാരദവേഷമിട്ട ശ്രീ കലാമണ്ഡലം ഹരിദാസിന്റെ പ്രകടനം അത്ര മെച്ചമായിരുന്നില്ല.

ബാലിവിജയം ആദ്യരംഗത്തിലെ സംഗീതം കൊണത്താപ്പള്ളിയും രാജേഷ് ബാബുവും ചേര്‍ന്നായിരുന്നു. ഈ ഭാഗത്തേത് ചിട്ടയൊപ്പിച്ച് തരക്കേടില്ലാത്ത ആലാപനമായിരുന്നു ഇവരുടേത്. തുടര്‍ന്നുള്ള ഭാഗം ഹരീഷും രാജേഷ്ബാബുവും ചേന്നായിരുന്നു പാടിയത്. ഈ കഥക്ക് ചെണ്ട ശ്രീ കോട്ടക്കല്‍ പ്രസാദും മദ്ദളം ശ്രീ കലാമണ്ഡലം ശശിയും ശ്രി അങ്ങാടിപ്പുറം ഹരിയുമാണ് കൈകാര്യം ചെയ്തത്.

ഈ ദിവസം ചുട്ടികുത്തിയത് ശ്രീ കലാനിലയം സജി ആയിരുന്നു. പതിവുപോലെ ഈ ദിവസവും തൃപ്പൂണിത്തുറ കഥകളികേന്ദ്രത്തിന്റെ കോപ്പുകള്‍ ഉപയോഗിച്ച് അണിയറ കൈകാര്യം ചെയ്തിരുന്നത് ശ്രീ ഏരൂര്‍ ശശിയും സഘവും തന്നെയായിരുന്നു.

തൃപ്പൂണിത്തുറ ശ്രീപൂര്‍ണ്ണത്രയീശക്ഷേത്ര വൃശ്ചികോത്സവം (ഭാഗം 1)

തൃപ്പൂണിത്തുറ ശ്രീപൂര്‍ണ്ണത്രയീശക്ഷേത്രത്തിലെ ഈവര്‍ഷത്തെ വൃശ്ചികോത്സവം നവമ്പര്‍26മുതല്‍ ഡിസബര്‍3 വരെ നടക്കുകയാണ്. പതിവുപോലെ ശാസ്ത്രീയസംഗീതകച്ചേരികളും കഥകളി തുടങ്ങിയ ക്ഷേത്രകലകളും ഇതിനോടനുബന്ധിച്ച് നടത്തപ്പെടുന്നു. ഉത്സവത്തിന്റെ അവസാനദിവസം ഒഴിച്ച് ബാക്കി എല്ലാ നാളുകളിലും ഇവിടെ കഥകളി നടത്തപ്പെടുന്നുണ്ട്. ആദ്യദിവസമായ 26/11/08ന് രാത്രി 12മണിക്ക് കളിവിളക്കില്‍ തിരിതെളിഞ്ഞു. ശ്രീ മിധുന്‍ മുരളിയുടെ പുറപ്പാടോടേ കളി ആരംഭിച്ചു. തുടര്‍ന്ന് കോട്ടയത്തുതമ്പുരാന്‍ രചിച്ച കിര്‍മ്മീരവധം കഥയാണ് അവതരിപ്പിക്കപ്പെട്ടത്. കിര്‍മ്മീരവധം ആട്ടകഥയും അതിന്റെ അവതരണരീതികളും ഇവിടെ വായിക്കാം.

ശ്രീ സദനം കൃഷ്ണന്‍‌കുട്ടിയാണ് ധര്‍മ്മപുത്രനെ അവതരിപ്പിച്ചത്. ആദ്യരംഗത്തിലെ ‘ബാലേകേള്‍ നീ’ എന്ന പദത്തില്‍, പല്ലവിയുടെ അവതരണം ഇദ്ദേഹം ചിട്ടയായിതന്നെ ചെയ്തിരുന്നുവെങ്കിലും തുടര്‍ന്നുള്ള ഭാഗങ്ങള്‍ അത്ര നിഷ്കര്‍ഷയോടെചെയ്തുകണ്ടില്ല. എങ്കിലും സാധാരണപോലെയുള്ള കുസൃതികളും ചടുലതയുമൊന്നും പ്രകടമാകാതെ ഇദ്ദേഹം തന്റെ വേഷം ചെയ്ത് ഒപ്പിച്ചു എന്നു പറയാം. എന്നാല്‍ ആദ്യരംഗത്തില്‍ പരമപ്രധാനമായി വേണ്ട ശോകരസം ഇദ്ദേഹത്തില്‍ വേണ്ടവിധം സ്ഫുരിച്ചുകണ്ടില്ല. പാഞ്ചാലിയായിവേഷമിട്ട ശ്രീ സദനം വിജയന്റെ പ്രകടനം ശരാശരി നിലവാരം പുലര്‍ത്തി.
ശ്രീ ആര്‍.എല്‍.വി.ദാമോദരപിഷാരടി ധൌമ്യനായും, ശ്രീ ആര്‍.എല്‍.വി.സുനില്‍ സൂര്യനായും അരങ്ങിലെത്തി.

ആദ്യഭാഗത്തില്‍ ശ്രീ കോട്ടക്കല്‍ നാരായണനും ശ്രീ കലാമണ്ഡലം വിനോദും ചേര്‍ന്നായിരുന്നു പാട്ട്. ശ്രീ കലാമണ്ഡലം കേശവപൊതുവാളായിരുന്നു ചെണ്ട കൊട്ടിയത്. ഇദ്ദേഹം പതിവുപോലെതന്നെ നല്ലരീതിയില്‍ ‘കൈക്കുകൂടിക്കൊണ്ട്’ കൊട്ടിയിരുന്നു. മദ്ദളം കൈകാര്യംചെയ്ത ശ്രീ കലാമണ്ഡലം നമ്പീശന്‍‌കുട്ടിയും നല്ല പ്രകടനമാണ് കാഴ്ച്ചവെച്ചത്.
ശ്രീ കലാമണ്ഡലം പ്രദീപാണ് കൃഷ്ണനായെത്തിയിരുന്നത്. ‘കഷ്ടമഹോ’ എന്ന പദത്തിന് വളരെ കാലം കയറ്റിയാണ് ഇദ്ദേഹം മുദ്രകള്‍ കാട്ടിയത്. ഇദ്ദേഹം കലാശങ്ങളും മറ്റും വേണ്ടതിലധികം ആയാസപ്പെട്ട് ചവുട്ടുന്നുണ്ടെന്നു തോന്നി. ശ്രീ ആര്‍.എല്‍.വി.രാജുവാണ് സുദര്‍ശ്ശനവേഷമിട്ടിരുന്നത്.
കൃഷ്ണന്റെ പ്രവേശനം മുതല്‍ കോട്ട:നരായണനൊപ്പം ശിങ്കിടിപാടിയത് ശ്രീ കോട്ട:വെങ്ങേരി നാരായണന്‍ നമ്പൂതിരിയായിരുന്നു. പൊതുവേ കോട്ട:നാരായണന്റെ ഈദിവസത്തെ പാട്ട് അത്ര മെച്ചമായില്ലായെങ്കിലും വെങ്ങേരി കൂടെ പാടിയ ഈ ഭാഗത്തേ പാട്ടായിരുന്നു ഭേദപ്പെട്ടത്. ഈ ഭാഗത്ത് ചെണ്ട ശ്രീ കലാ: രാധാകൃഷ്ണനും, മദ്ദളം ശ്രീ കലാ:പ്രകാശനും കൈകാര്യം ചെയ്തു.
ശ്രീ ചെങ്ങാരപ്പിള്ളി അനുജന്‍ രണ്ടാമത്തെ ധര്‍മ്മപുത്രനായും ശ്രീ കലാ:ഇ.വാസു ദുര്‍വ്വാസാവായും വേഷമിട്ടു.ഈ രംഗം മുതല്‍ സംഗീതം കലാ:വിനോദും വേങ്ങേരി നാരായണനും ചേര്‍ന്നായിരുന്നു. തുടര്‍ന്നുള്ള മേളം ശ്രീ കലാ:ശ്രീകാന്ത് വര്‍മ്മയും(ചെണ്ട) ശ്രീ കലാ:വിനീതും ചേര്‍ന്നായിരുന്നു. കിര്‍മ്മീരവധത്തിലെ ‘പാത്രചരിതം’ എന്ന ആദ്യഭാഗത്തിനുശേഷം, കിര്‍മ്മീരന്റെ തിരനോക്ക് മുതലുള്ള ഭാഗമാണ് അവതരിപ്പിക്കപ്പെട്ടത്. കരി,ലളിത-പാഞ്ചാലി തുടങ്ങിയ രംഗങ്ങള്‍ ഇവിടെ അവതരിപ്പിക്കപ്പെട്ടുകയുണ്ടായില്ല. ശ്രീ കലാ:ശങ്കരനാരായണന്‍ കിര്‍മ്മീരനായും ശ്രീ കലാ:രാധാകൃഷ്ണന്‍ ഭീമനായും വേഷമിട്ടു.
ശ്രീ കലാനിലയം ജനാര്‍ദ്ദനനും ശ്രീ എരൂര്‍ മനോജും ചേര്‍ന്നാണ് ഈ ദിവസം ചുട്ടികുത്തിയിരുന്നത്. തൃപ്പൂണിത്തുറ കഥകളികേന്ദ്രത്തിന്റേതായിരുന്നു കളിയോഗം. ശ്രീ ഏരൂര്‍ ശശി, ശ്രീ ഏരൂര്‍ സുരേന്ദ്രന്‍, ശ്രീ എം. നാരായണന്‍, ശ്രീ തൃപ്പൂണിത്തുറ ശശിധരന്‍ എന്നിവരാണ് അണിയറപ്രവര്‍ത്തകര്‍.

കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്‍ അനുസ്മരണം

കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്‍ അനുസ്മരണം 08/11/08ന് നടന്നു. ഇരിങ്ങാലക്കുട ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയമാണ് ഇത്തവണത്തെ അനുസ്മരണത്തിന് വേദിയായത്. ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയത്തിന്റേയും ഡോ.കെ.എന്‍.പിഷാരടി സ്മാരക കഥകളിക്ലബ്ബിന്റേയും സഹകരണത്തോടെ കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്‍ അനുസ്മരണസമിതിയാണ് ചടങ്ങ് സംഘടിപ്പിച്ചത്.
‘പുറപ്പാട്’
.
രാവിലെ 10ന് പ്രോ.മീനാക്ഷി തമ്പാന്റെ അദ്ധ്യക്ഷതയില്‍ ശ്രീ ചേര്‍ത്തല തങ്കപ്പപണിക്കര്‍ നിലവിളക്കു കൊളുത്തി അനുസ്മരണപരിപാടികള്‍ ആരംഭം കുറിച്ചു. തുടര്‍ന്ന് തോടയം ചൊല്ലിയാട്ടവും സംഗീതാര്‍ച്ചനയും നടന്നു. നമ്പീശനാശാന്റെ ശിഷ്യപ്രശിഷ്യരായ കോട്ടക്കല്‍ നാരായണന്‍,കലാമണ്ഡലം പാറ നാരായണന്‍ നമ്പൂതിരി,കലാമണ്ഡലം നാരായണന്‍ എമ്പ്രാന്തിരി, കലാനിലയം രാമകൃഷ്ണന്‍, കലാനിലയം രാജീവന്‍, മട്ടനൂര്‍ ശ്രീജിത്ത് തുടങ്ങിയവര്‍ സംഗീതാര്‍ച്ചനയില്‍ പങ്കെടുത്തു.
‘മേളപ്പദം’
.
വൈകിട്ട് 5ന് കലാനിലയം പ്രസിഡന്റ് ശ്രീ പി.കെ.ഭരതന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന് അനുസ്മരണസമ്മേളനം ഇരിങ്ങാലക്കുട നഗരസഭ അദ്ധ്യക്ഷന്‍ ശ്രീ എം.പി.ജാക്സന്‍ ഉത്ഘാടനം ചെയ്തു. ഡോ.കെ.എന്‍ പിഷാരടി സ്മാരക കഥകളിക്ലബ്ബ് പ്രസിഡന്റ് ശ്രീ എ.അഗ്നി ശര്‍മ്മന്‍ സ്വാഗതം പറഞ്ഞ സമ്മേളനത്തില്‍ ശ്രീ എയ്യങ്കോട് ശ്രീധരന്‍ അനുസ്മരണപ്രഭാണവും നടത്തി. യോഗത്തില്‍വച്ച് പ്രഗത്ഭ ശാസ്ത്രീയ സംഗീതജ്ഞന്‍ ശ്രീ വി.ദക്ഷിണാമൂര്‍ത്തി സ്വാമിക്ക് പ്രഥമ ‘കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്‍ സ്മാരക പുരസ്ക്കാരം’ സമ്മാനിക്കപ്പെട്ടു. മുതിര്‍ന്ന കഥകളിഗായകനും നമ്പീശനാശാന്റെ ശിഷ്യനുമായ ശ്രീ ചേര്‍ത്തല തങ്കപ്പപണിക്കരേയും ചടങ്ങില്‍ ആദരിക്കുകയുണ്ടായി. സമ്മേളനത്തില്‍ വച്ച് നമ്പീശനാശാനും ശങ്കരന്‍ എമ്പ്രാന്തിരിയും ചേര്‍ന്നുപാടിയ നളചരിതം ഒന്നാംദിവസം(ആദ്യഭാഗം) സി.ഡി പ്രകാശനം ചെയ്യപ്പെട്ടു.
‘മേളപ്പദം’-‘ചെമ്പടവട്ടം’
.
രാത്രി 8മുതല്‍ നാലുനോക്കുകളോടു കൂടിയ പുറപ്പാടോടുകൂടി കഥകളി ആരംഭിച്ചു. ശ്രീ സദനം വിജയന്‍ വാര്യര്‍, ശ്രീ സദനം സദാനന്ദന്‍ എന്നിവരാണ് പുറപ്പാട് അവതരിപ്പിച്ചത്. തുടര്‍ന്ന് മേളപ്പദവും അവതരിപ്പിക്കപ്പെട്ടു. ശ്രീ കലാമണ്ഡലം മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരിയും ശ്രീ കോട്ടക്കല്‍ നാരായണനും ചേര്‍ന്നായിരുന്നു സംഗീതം. അധികമായ സംഗീതകസര്‍ത്തുകളില്ലാതെ തികഞ്ഞ സമ്പൃദായശുദ്ധിയിലുള്ള നല്ല ഒരു സംഗീതമായിരുന്നു ഇവരുടേത്. മേളപ്പദത്തില്‍ ‘കുസുമചയ’ എന്ന ചരണം ഒഴിവാക്കി, എന്നാല്‍ ഇപ്പോള്‍ സാധാരണ പതിവില്ലാത്ത ‘വിതതാപഗുമല്ലി നവ’ എന്ന ചരണം പാടുകയും ചെയ്തു. മേളം കൈകാര്യം ചെയ്ത ശ്രീ കലാമണ്ഡലം ബലരാമനും ശ്രീ കലാമണ്ഡലം രാമന്‍ നമ്പൂതിരിയും(ചേണ്ട) ശ്രീ കലാമണ്ഡലം ശങ്കരവാര്യരും ശ്രീ അച്ചുതവാര്യരും (മദ്ദളം) മികച്ചപ്രകടനം കാഴ്ച്ചവെയ്ച്ചിരുന്നു.
‘കല്യാണാലയ വാചം മേ’
.
ആദ്യകഥയായ കുചേലവൃത്തത്തില്‍ ശ്രീ മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി കുചേലനായും ശ്രീ കലാനിലയം രവീന്ദ്രനാഥപൈ കുചേലപത്നിയായും വേഷമിട്ടു. ഭാവപ്രകാശനത്തില്‍ ചില പോരായ്കകള്‍ ഉണ്ടെങ്കിലും അനൌചിത്യരഹിതമായ ആട്ടമായിരുന്നു മാത്തൂരിന്റേത്. ആദ്യരംഗത്തില്‍ കുചേലനോട് പത്നി തങ്ങളുടേ ദാരിദ്ര്യദു:ഖത്തെ ഓര്‍മ്മിപ്പിക്കുകയും, തവ വയസ്യനായ കേശവനെ ചെന്നു കണ്ട് വൃത്താന്തങ്ങള്‍ അറിയിച്ചാല്‍ ആര്‍ത്തിശാന്തിയുണ്ടാകുമെന്നു പറയുകയും ചെയ്യുന്നു. നീ പറഞ്ഞതു യാഥാര്‍ത്ഥ്യമാണെന്നും, ആ തീര്‍ത്ഥപാദനെ കാണാന്‍ നാളെത്തന്നെ പോകുന്നുണ്ടെന്നും അറിയിക്കുന്ന കുചേലന്‍, ലോകനാനഥനെ കാണുമ്പോള്‍ യഥാശക്തി എന്തെങ്കിലും കാണിക്കയര്‍പ്പിക്കണമെന്നും അതിനായി എന്തെങ്കിലും തന്നിടണമെന്നും പത്നിയെ അറിയിക്കുന്നു.
‘വിപ്രന്‍ താനേ നടന്നീടിനാനേ’
.
അടുത്തരംഗത്തില്‍ കുചേലപത്നി ദാനമായി ലഭിച്ച അവില്‍ കൊണ്ടുവന്ന് കുചേലനെ ഏല്‍പ്പിക്കുന്നു. നിന്റെ കാമം സാധിക്കുമെന്നും, അതിനായി ഞാന്‍ പുറപ്പെടുകയായി എന്നും, മുകുന്ദന്‍ എന്റെ കയ്യില്‍ വല്ലതും തന്നെങ്കില്‍ കൊണ്ടുവന്ന് തന്നീടാമെന്നും പറഞ്ഞ് യാത്രയാവുന്ന കുചേലന്‍, ‘ഗണപതിപ്രാത‘ലിന്റെ കഥ സ്മരിച്ചുകൊണ്ട് അര്‍ത്ഥമിന്നനര്‍ത്ഥമൂലമാണെന്നും വ്യര്‍ത്ഥം അതില്‍ മോഹിക്കരുതെന്നും പത്നിയെ ഉപദേശിക്കുകയും ചെയ്തു.
‘ആഴിപൂമകളോടു ചാടുഭണിതം’
.
ഈ ഭാഗത്തെ പാട്ട് ശ്രീ കലാമണ്ഡലം സുബ്രഹ്മണ്യനും ശ്രീ കലാമണ്ഡലം നാരായണന്‍ എമ്പ്രാന്തിരിയും ചേര്‍ന്നായിരുന്നു. ഒരു ജീവനില്ലാത്ത പാട്ടായി തോന്നി ഇവരുടേത്. ശ്രീ കലാമണ്ഡലം രാമന്‍ നമ്പൂതിരി ചെണ്ടയും ശ്രീ സദനം രാജന്‍ മദ്ദളവും കൈകാര്യം ചെയ്തു.

‘ദാനവാരി’ മുതല്‍ ശ്രീ കലാഗംഗാധരനും കോട്ടക്കല്‍ പി.ഡി.നമ്പൂതിരിയും ചേര്‍ന്നായിരുന്നു സംഗീതം. അധികമായ സംഗീത പ്രയോഗങ്ങളിലും രാഗമാറ്റങ്ങളിലും ശ്രദ്ധയൂന്നിയിരുന്ന ഇവര്‍ നാട്ട്യത്തില്‍ പലപ്പോഴും ശ്രദ്ധചെലുത്തികണ്ടില്ല. ഇവരരുടെ രാഗമാറ്റങ്ങള്‍ പലതും നാട്ട്യത്തിന് അനുഗുണമായി തോന്നിയതുമില്ല.കൃഷ്ണനായി എത്തിയ ശ്രീ കലാമണ്ഡലം ബാലസുബ്രഹ്മണ്യനും രുക്മിണിയാതെത്തിയ കലാമണ്ഡലം വിജയനും നല്ല പ്രകടനം കാഴ്ച്ചവെച്ചു.
‘കുശസ്തലി പട്ടണത്തോടു സമാനം’
.
സാധാരണപതിവില്ലാത്ത കുചേലന്‍ മടങ്ങിവരുന്ന അന്ത്യരംഗവും ഇവിടെ അവതരിപ്പിക്കുകയുണ്ടായി. ഭഗവത് കാരുണ്യത്താല്‍ അന്തര്‍ജ്ജനത്തിന് സമ്പത്തിയും ഐശ്വര്യവും ലഭിച്ചതുകണ്ട് സഖിമാര്‍ അത്ഭുതപ്പെടുന്നു. പൂര്‍ണ്ണ ഓജസ്സോടുകൂടിയ കുചേലന്‍ അപ്പോള്‍ അവിടെക്ക് മടങ്ങിവരുന്നു. പത്നി അദ്ദേഹത്തെ സ്വീകരിക്കുന്നു. എല്ലാം കണ്ട് അത്ഭുതപ്പെടുന്ന കുചേലന്‍, അക്ഷയവിഭൂതികളെല്ലാം ലഭിച്ചത് ലക്ഷ്മീശന്റെ കൃപയാലാണെന്ന് പറയുന്നു. എന്നാല്‍ ഞാന്‍ കൃഷ്ണനോട് ഇതൊന്നും ആവശ്യപ്പെട്ടില്ല, എങ്കിലും എല്ലാം തന്നനുഗ്രഹിച്ചല്ലൊ എന്ന് അത്ഭുതപ്പെടുന്ന കുചേലന്‍, ഐഹീകസുഖം മോഹഭ്രാന്തിയാണെന്നും, എനിക്കിതില്‍ ലേശവും ആഗ്രഹമില്ലായെന്നും, ലോകനാഥനിലുള്ള ഭക്തിയിലാണ് തനിക്കുമോഹമെന്നും പത്നിയോട് പറയുന്നു. ഈ ഭാഗത്ത് കുചേലപത്നിയായി കലാ:വിജനാണ് അഭിനയിച്ചത്. ഈ രംഗത്തിലെ സംഗീതം കലാ:ഗംഗാധരനും കലാ:മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരിയും ചേര്‍ന്നായിരുന്നു.
‘കാംഷിതം കഥിച്ചീല്ല ഞാന്‍’
.
കീചകവധമായിരുന്നു രണ്ടാമതുകഥ. ഇതില്‍ സുദേഷയായി ശ്രീ സദനം വിജയന്‍ വാര്യരും സൈരന്ധ്രിയായി ശ്രീ ആര്‍.എല്‍.വി രാധാകൃഷ്ണനും അരങ്ങിലെത്തി. കോട്ട:ശിവരാമനെ അനുകരിക്കുവാനയി അമിതമായി ആയാസപ്പെടുന്നതൊഴിവാക്കി സ്വന്തം രീതിയില്‍ അഭിനയിക്കാന്‍ ശ്രമിച്ചാല്‍ രാധാകൃഷ്ണന് നന്നായി കഥാപാത്രങ്ങളെ അവതരിപ്പിക്കുവാനുള്ള കഴിവുണ്ട്. എന്നാല്‍ അതിനായി അദ്ദേഹം ശ്രമിച്ചു കാണുന്നില്ല. പുറപ്പാട് വേഷം തുടച്ച് ഉടനെ മിനുക്കിയതുകൊണ്ടായിരിക്കണം സദനം വിജയന്റെ മുഖത്തിന് ഒരു തെളിച്ചകുറവ് അനുഭവപ്പെട്ടിരുന്നു. കീചകനായി എത്തിയത് ശ്രീ സദനം കൃഷ്ണന്‍‌കുട്ടിയായിരുന്നു. ഇദ്ദേഹത്തിന്റെ അഭിനയത്തില്‍ സ്വതേകാണാറുള്ള കുസൃതികള്‍ക്കൊന്നും ഇടമില്ലാത്തവേഷമായതുകൊണ്ടാണെന്നു തോന്നുന്നു കീചകനായി തൃപ്തികരമായ പ്രകടനാണ് ഇദ്ദേഹം കാഴ്ച്ചവെയ്ച്ചിരുന്നത്. ശ്രീ സദനം സദാനന്ദന്‍ വലലനായി വേഷമിട്ടു.
‘മാലിനീ’
.
ശ്രീ കലാനിലയം ഉണ്ണികൃഷ്ണനാണ് ആദ്യമൂന്നുരംഗങ്ങള്‍ക്ക് പൊന്നാനിപാടിയിരുന്നത്. ആദ്യരംഗത്തില്‍ ശ്രീ കലാനിലയം രാമകൃഷ്ണനും തുടര്‍ന്ന് ശ്രീ കലാമണ്ഡലം പാറ നാരായണന്‍ നമ്പൂതിരിയുമാണ് ശിങ്കിടിപാടിയത്. ഈ ഭാഗത്ത് ശ്രീ കലാ:ബലരാമനും(ചെണ്ട) ശ്രീ കലാ:അച്ചുതവാര്യരും(മദ്ദളം) ചേര്‍ന്നായിരുന്നു മേളം.
‘മാനിനിമാര്‍ മൌലീമണേ’
.
തുടര്‍ന്നുള്ള രംഗങ്ങളില്‍ പൊന്നാനിപാടിയത് ശ്രീ കോട്ട:നാരായണനായിരുന്നു. ഈ രംഗങ്ങളില്‍ ചെണ്ട ശ്രീ കലാനിലയം കലാധരനും മദ്ദളം ശ്രീ കലാനിലയം പ്രകാശനും കൈകാര്യം ചെയ്തു.
‘കണ്ടിവാര്‍ കുഴലി’
.
ശ്രീ കലാമണ്ഡലം സതീശന്‍ ചുട്ടികുത്തിയ കളിക്ക് കലാനിലയത്തിന്റെ ചമയങ്ങളുപയോഗിച്ച് അണിയറ കൈകാര്യം ചെയ്തിരുന്നത് ശ്രീ നാരായണന്‍ നായരും ശ്രീ രാമചന്ദ്രനും ശ്രീ നാരായണനും ചേര്‍ന്നായിരുന്നു.

കഥകളിയുടെ രംഗപാഠചരിത്രം

ശ്രീ കിള്ളിമംഗലം വാസുദേവന്‍ നമ്പൂതിരിയും ശ്രീ കലാമണ്ഡലം എം.പി.എസ്സ്.നമ്പൂതിരിയും ചര്‍ന്ന് രചിച്ചിട്ടുള്ള ഒരു കഥകളി ചരിത്രാന്വേഷണഗ്രന്ഥമാണ് ‘കഥകളിയുടെ രംഗപാഠചരിത്രം’. കഥകളിയുടെ പൂര്‍വ്വകാലത്തേയും അതിന്റെ പരിണാമക്രിയകളേയും പഠിക്കുകയും അതിലൂടെ നേടിയ അറിവുകളും നിഗമനങ്ങളും ചരിത്രാന്യൂഷകര്‍ക്ക് സഹായകരമായ രീതിയില്‍ അടുക്കിവെച്ച് അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു ഈ പുസ്തകത്തില്‍.


ശ്രീ കിള്ളിമംഗലം വാസുദേവന്‍ നമ്പൂതിരി 50തിലധികം വര്‍ഷങ്ങളായി കഥകളികാണുകയും ഈ കലയേ അടുത്തറിയുകയും ആഴത്തില്‍ പഠിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന ഒരു കലാമര്‍മ്മജ്ഞനാണ്. കലാമണ്ഡലം ആര്‍ട്ട് സൂപ്രണ്ട്, നമ്പൂതിരിവിദ്യാലയം അദ്ദ്യാപകന്‍, റിപ്പപ്ലിക്ക് ദിനപത്രത്തിന്റെ പത്രാധിപര്‍, ദേശാഭിമാനി പത്രാധിപസമിതി അംഗം എന്നീ നിലകളില്‍ സേവനമനുഷ്ടിച്ചിട്ടുള്ള ഇദ്ദേഹത്തിന് മുകുന്ദരാജാ പുരസ്ക്കാരം, രാമചാക്യാര്‍ പുരസ്ക്കാരം എന്നിവ ലഭിച്ചിട്ടുമുണ്ട്.
.
പത്മശ്രീ വാഴേങ്കിടകുഞ്ചുനായര്‍, പത്മഭൂഷണ്‍ കലാ:രാമന്‍‌കുട്ടിനായര്‍, ശ്രീ കലാ:പത്മനാഭന്‍‌നായര്‍, ശ്രീ കലാ: ഗോപി എന്നിവരുടെയൊക്കെ ശിഷ്യനായി കലാമണ്ഡലത്തില്‍ കഥകളിവേഷം അഭ്യസിച്ചിട്ടുള്ള ശ്രീ മൂത്തേടത്ത് പാലശ്ശേരി ശങ്കരന്‍‌(എം.പി.എസ്സ്.) നമ്പൂതിരി കലാമണ്ഡലത്തില്‍ അദ്ധ്യാപകനായും പ്രിന്‍സിപ്പാളായും, അമേരിക്കയിലെ യു.സി.എല്‍.എ, വിസ്കോണ്‍സ് എന്നീ സര്‍വ്വകലാശാലകളില്‍ വിസിറ്റിംഗ് പ്രഫൊസറായും സേവനമനുഷ്ടിച്ചിട്ടുണ്ട്. ഇപ്പോള്‍ കലാമണ്ഡലം നിളാക്യാമ്പസ്സിന്റെ തലവനായ ഇദ്ദേഹം മലയാളത്തിലും ഇംഗ്ലീഷിലും കഥകളിസംബന്ധമായ അനവധി ലേഘനങ്ങള്‍ രചിച്ചിട്ടുണ്ട്.
.
കഥകളിയെക്കുറിച്ച് ആധുനികാര്‍ഥത്തിലുള്ള ചരിത്രബോധത്തോടെ എഴുതിയ അദ്യത്തെ പുസ്തകമാണിതെന്നും, കഥകളിയുടെ ഓരോ പരിണാമപ്രക്രിയയില്‍ തന്നെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ വിശേഷതയെന്നും, അനവധി വിചാരസാധ്യതകള്‍ക്ക് വാതില്‍തുറക്കുന്നതായ ഈ കഥകളിചരിത്രം കലാചരിത്രചിന്തയിലെ അതിപ്രധാനമായ സംഭാവനയാണെന്നും, രംഗപാഠചരിത്രത്തിന്റെ അവതാരികയില്‍ ശ്രീ കെ.സി.നാരായണന്‍ അഭിപ്രായപ്പെട്ടിരിക്കുന്നു.
.
രാമനാട്ടത്തില്‍ നിന്നും ഇന്നു നാം കാണുന്ന രീതിയിലേക്ക് കഥകളി എത്തപെട്ടതെങ്ങിനെ എന്ന ഒരു അന്യൂഷ്ണമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ഒരോ കാലഘട്ടങ്ങളിലായി ഓരോരുത്തരുടെ പ്രയത്നഭലമായി വന്നിട്ടുള്ള മാറ്റങ്ങള്‍ ഇതില്‍ അക്കമിട്ട് നിരത്തിയിരിക്കുന്നു. കൊട്ടാരക്കരതമ്പുരാന്റെ കാലം മുതല്‍ കപ്ലിങ്ങാടന്റെ കാലം വരെ പ്രതിപാദിച്ചശേഷം, പ്രധാനമായും പട്ടിക്കാം‌തൊടി നടത്തിയ കല്ലുവഴിചിട്ടയുടെ നവീകരണത്തേയും, അദ്ദേഹത്തിന്റെ ശിഷ്യരിലൂടെയും കലാമണ്ഡലത്തിലൂടെയും ആ നവീനരീതിക്കുണ്ടായ വികാസത്തേയുമാണ് പ്രതിപാദിക്കുന്നത്.
.
ആദ്യഅദ്ധ്യായത്തില്‍ കഥകളിയുടെ സാമാന്യരൂപത്തേയും, ഭക്തിപ്രസ്ഥാനവും അതിലൂടെ ഉദയംചെയ്ത രാമനാട്ടത്തേയും, ആ കാലത്തെ മറ്റു കലകളായ രാമനാട്ടം,ഗീതാഗോവിന്ദം ഇവകളേയും, കൂടിയാട്ടത്തിന്റെ സ്വാധീനത്തേയും പരാമര്‍ശ്ശിക്കുന്നു.
.
കഥകളിയുടെ ചരിത്രത്തെ ‘കര്‍ത്തൃപാഠചരിത്രം’(ആട്ടകഥ), ‘രംഗപാഠചരിത്രം’(അരങ്ങ്) , ‘ശിക്ഷണപാഠചരിത്രം’(കളരി), ആസ്വാദനപാഠചരിത്രം’(സദസ്സ്) ഇങ്ങിനെ നാലായി തിരിച്ച്, നാല് അദ്ധ്യായങ്ങളിലായാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇവയിലോരോ പാഠത്തേയും മറ്റുള്ളവയുമായി പരസ്പരം ബന്ധപ്പെടുത്തി വിവരിക്കുന്നുമുണ്ട്. പട്ടിക്കാം‌തൊടിക്ക് മുന്‍പുള്ള കാലത്തെ ചരിത്രങ്ങള്‍ അധികവും ശ്രീ കെ.പി.എസ്സ്. മോനോന്റെ ‘കഥകളിരംഗ’ത്തില്‍ പറയുന്നുണ്ടെങ്കിലും, അവ അതില്‍ പലയിടത്തായി ചിതറിയാണ് കിടക്കുന്നത്. അതിനാല്‍ ഒരു കാര്യം പെട്ടന്ന് ഒരാള്‍ക്ക് പരതി കണ്ടുപിടിക്കുവാന്‍ പ്രയാസമാണ്. എന്നാല്‍ രംഗപാഠചരിത്രത്തിലാകട്ടെ ഒരോവിഭാഗങ്ങളിലും ഓരോകാലത്തും വന്നിട്ടുള്ള മാറ്റങ്ങളേയും വളര്‍ച്ചയേയും അപഗ്രധിച്ച് സൌകര്യപ്രദമായ രീതിയില്‍ അക്കമിട്ട് നിരത്തിയിരിക്കുന്നു. അതുപോലെ തന്നെ ആട്ടകഥകളുടേയും, കളരിയില്‍ ചൊല്ലിയാടിക്കുന്ന ആട്ടകഥകളുടേയും, അവയിലെ കുട്ടിത്തരം, ഇടത്തരം, ആദ്യാവസാനം വേഷങ്ങളുടേയും വിവരങ്ങള്‍ പട്ടികകളായി നല്‍കിയിരിക്കുന്നു. ശിക്ഷണപാഠം അദ്ധ്യായത്തിന്റെ അന്ത്യത്തില്‍ കിര്‍മ്മീരവധത്തിലെ ‘ബാലേകേള്‍’ എന്ന പതിഞ്ഞപദത്തിന്റെ ആലാപനരീതിയും (കര്‍ണ്ണാടകസംഗീത പദ്ധതിപ്രകാരമുള്ള നൊട്ടേഷനോടുകൂടി) അഭിനയക്രമവും വിവരിച്ചിട്ടുണ്ട്.
.
ആധുനീകം എന്ന അന്ത്യ അദ്ധ്യായം കഥകളിയുടെ ആധുനീകചരിത്രത്തിന്റെ സംക്ഷിപ്തമായ ഒരു അവലോകനമാണ്.
.
പുസ്തകത്തിന്റെ മറ്റുഭാഗങ്ങളേപ്പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ഇതിലെ അനുബന്ധങ്ങളും. ഇവയിലും വിലപ്പെട്ട ചില വിവരങ്ങള്‍ ചേര്‍ത്തിരിക്കുന്നു. പട്ടിക്കാം‌തൊടിയാശാന്റെ ആട്ടക്കുറിപ്പുകളാണ് ആദ്യമൂന്ന് അനുബന്ധങ്ങള്‍. നാലാമതായി ഉള്ളത് കിള്ളിമംഗലം എഴുതിയ അഭിനയസംബന്ധിയായ ലേഘനവും. പിന്നീട് നല്‍കിയിരിക്കുന്ന കലാകാരന്മാരുടേയും കളിയോഗങ്ങളുടെയും ലഭ്യമായ വിശദാംശങ്ങള്‍ ചേര്‍ത്തുകൊണ്ടുള്ള പട്ടികകള്‍ ഇതര ചരിത്രപഠിതാക്കള്‍ക്ക് വളരേ പ്രയോജനപ്രദമാണ്. തുടര്‍ന്ന്, കഥകളിസംബന്ധിയായ ഗ്രന്ഥങ്ങളുടേയും ഡ്യോക്യുമെന്റ്റികളുടെയും വിവരങ്ങള്‍ സമാഹരിച്ച് നല്‍കിയിരിക്കുന്ന പട്ടികകള്‍ കഥകളിപ്രേമികള്‍ക്ക് മുഴുവന്‍ പ്രയോജനപ്രദമായ ഒന്നാണ്.
.
2007ല്‍ മാതൃഭൂമി ബുക്‍സ് പുറത്തിറക്കിയ ‘കഥകളിയുടെ രംഗപാഠചരിത്രം’ എന്ന ഈ പുസ്തകത്തിനാണ് ഈ വര്‍ഷത്തെ ഏറ്റവും മികച്ച കലാസബന്ധമായ ഗ്രന്ധത്തിനുള്ള കലാമണ്ഡലം പുരസ്ക്കാരം ലഭിച്ചിരിക്കുന്നത്. കഥകളി പ്രണയികളായുള്ളവരും, കഥകളിയേയും അതിന്റെ ചരിത്രത്തേയും മനസ്സിലാക്കുവാന്‍ ആഗ്രഹിക്കുന്നവരും അവശ്യം വായിക്കേണ്ടുന്നതും വാങ്ങിസൂക്ഷിക്കേണ്ടുന്നതുമായ ഒന്നാണ് ഈ ഗ്രന്ഥം.

കളിയരങ്ങിന്റെ 415മത് മാസപരിപാടിയും ഹൈദ്രാലിസ്മാരകപുരസ്ക്കാരദാനവും

കോട്ടയം കളിയരങ്ങിന്റെ 415മത് മാസപരിപാടി 02/11/08ന് വൈകിട്ട് 4ന് കോട്ടയം ശ്രീരംഗംഹാളില്‍‌വെച്ച് നടന്നു. ഇതിനോടനുബന്ധിച്ച് കലാമണ്ഡലം ഹൈദ്രാലിസ്മാരക പുരസ്ക്കാരദാനവും നടന്നു. പ്രമുഖ കഥകളി ഗായകന്‍ ശ്രീ കോട്ടക്കല്‍ നാരായണനായിരുന്നു ഇത്തവണത്തെ പുരസ്ക്കാരജേതാവ്. രാഗതാളബോധം, അക്ഷരസ്ഫുടത, കഥാപരിജ്ഞാനം, സഹകലാകാരന്മാരുമായുള്ള യോജിപ്പ്, അരങ്ങുനിയന്ത്രണശേഷി, കുലീനമായപെരുമാറ്റം തുടങ്ങി ഒരു കഥകളിഗായന് അവശ്യം ആവശ്യമായ യോഗ്യതകള്‍കൊണ്ട് അനുഗ്രഹീതനും കോട്ടക്കല്‍ പി.എസ്സ്. വി.നാട്ട്യസംഘത്തിലെ പ്രധാന‌ ഭാഗവതരും, സമാദരണീയമായ വ്യക്തിത്വത്തിനുടമയുമായ ശ്രീ കോട്ടക്കല്‍ നാരായണന് ഹൈദ്രാലിസ്മാരകപുരസ്ക്കാരവും പ്രശസ്തിപത്രവും പ്രശസ്ത ചലചിത്രനടനും, കഥകളിയാസ്വാദകശ്രേഷ്ഠനുമായ പ്രൊഫസര്‍ ബാബു നമ്പൂതിരി സമ്മാനിച്ചു.

ശ്രീ കോട്ടക്കല്‍ നാരായണന് ഹൈദ്രാലിസ്മാരകപുരസ്ക്കാരവും പ്രശസ്തിപത്രവും പ്രൊഫ.ബാബു നമ്പൂതിരി സമ്മാനിക്കുന്നു.
.
കര്‍ണ്ണാടകസംഗീതത്തിലെ ‘ബാണി’ എന്നതുപോലെ കഥകളിസംഗീതാലാപനത്തിലും പലശൈലികളും ഉണ്ടെന്നും, അതില്‍ വെങ്കിടകൃഷ്ണഭാഗവതര്‍, നമ്പീശന്‍, കുറുപ്പ് തുടങ്ങിയവരീലൂടെ വളര്‍ന്ന്, പിന്നീട് കലാമണ്ഡലം ശൈലിയായിതീര്‍ന്ന ഒന്നുണ്ട്. അതില്‍ ഗമകപ്രയോഗങ്ങളും വഹകളുമാണ് പ്രധാനമായി പ്രയോഗിക്കുന്നതെന്നും, അതുകൂടാതെ അത്രപ്രശസ്തമായതല്ലായെങ്കിലും വാസുനെടുങ്ങാടിയുടെ ഒരു ശൈലിയും കഥകളിസംഗീതത്തില്‍ ഉണ്ട്. ആ ശൈലിപിന്തുടരുന്ന ആളാണ് ശ്രീ കോട്ടക്കല്‍ നാരായണന്‍ എന്നും, ഈ ശൈലിയില്‍ ബൃഗകളുടെ പ്രയോഗമാണ് അധികമായി കണ്ടുവരുന്നതെന്നും സമ്മാനദാനത്തോടനുബന്ധിച്ച് നടത്തിയ ലഘുപ്രസംഗത്തില്‍ ബാബു നമ്പൂതിരി പറഞ്ഞു. എന്നാല്‍ വാസു നെടുങ്ങാടി, പരമേശ്വരന്‍ നമ്പൂതിരി എന്നിവരുടെ ശിക്ഷണത്തിനൊപ്പം നമ്പീശന്റേയും ഉണ്ണികൃഷ്ണക്കുറുപ്പിന്റേയും കൂടെ ശിഷ്യത്വവും ലഭിക്കാനിടയായതിനാല്‍ നാരായണന് ആ ശൈലിയും ഗ്രഹിക്കാനായിട്ടുണ്ട്. ഇങ്ങിനെ ഇരുശൈലികളുടേയും ഗുണപരമയായൊരു സംയോജനം നാരായണനില്‍ കാണാന്‍കഴിയുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്നത്തെ കഥകളിസംഗീതാലാപനത്തില്‍ അധികമായും അനാവശ്യമായും കണ്ടുവരുന്ന രാഗമാറ്റപ്രവണതയില്‍ ആശങ്കപ്പെട്ട അദ്ദേഹം, രാഗം മാറ്റല്‍ ഈ രീതിയില്‍ തുടര്‍ന്നുപോയാല്‍ വരും കാലത്ത് പദത്തിന്റെ സാഹിത്യംകൂടെ മാറ്റിപാടിയാലും അത്ഭുതപ്പെടേണ്ടതില്ല എന്നും പറഞ്ഞു. പണ്ട്, കളരിയില്‍ പാടിയിരുന്ന ശ്രുതിക്കുതന്നെ അരങ്ങിലും പാടിയിരുന്നു. എന്ന് അങ്ങിനെ പാടുന്ന‌ എത്രഗായകരുണ്ടെന്ന് ചോദിച്ച അദ്ദേഹം, രംഗത്തില്‍ മൈക്കിന്റെ കഴിവുകള്‍ ചൂഷണംചെയ്തു പാടുന്നവരാണിന്നത്തെ ഗായകരെന്നും അഭിപ്രായപ്പെട്ടു. എന്നാല്‍ ഇന്നത്തെ കഥകളിഗായകരില്‍ വെതിരിക്തനായ ആളാണ് കോട്ട:നാരായണന്‍ എന്ന് ബാബു നമ്പൂതിരി കൂട്ടിചേര്‍ത്തു.


പ്രശസ്തിപത്രം
.
തുടര്‍ന്ന് കഥകളിയും നടന്നു. കല്യാണസൌഗന്ധികമായിരുന്നു കഥ. കല്യാണസൌഗന്ധികം ആട്ടകഥയും അതിന്റെ രംഗാവതരണരീതിയും ഇവിടെ വായിക്കാം.

"പാഞ്ചാല രാജ തനയേ”

ശ്രീ സദനം കൃഷ്ണന്‍‌കുട്ടിയായിരുന്നു ഭീമസേനനായി എത്തിയിരുന്നത്. ഇദ്ദേഹത്തിന്റെ ‘പാഞ്ചാലരാജതനയേ’ എന്ന പതിഞ്ഞപദവും അതിന്റെ ഇരട്ടിയും ഒന്നും അത്ര അനുഭവവത്തായിരുന്നില്ല. പതിഞ്ഞകാലത്തിലുള്ള പദാഭിനയത്തിലും കലാശങ്ങളിലുംപോലും ഒരുചടുലത ഇടക്കിടക്ക് ഇദ്ദേഹത്തില്‍ പ്രകടമായിരുന്നു. ‘ചാഞ്ചാടി മോദം ’ തുടങ്ങിയ ഭാഗങ്ങളിലെ നൃത്തങ്ങള്‍ക്ക് മനോഹാരിതയൊന്നും തോന്നിയില്ല. വെറുമൊരു ബഹളം മാത്രമായെ അനുഭവപ്പെട്ടുള്ളു. ശ്രീ കലാകേന്ദ്രം മുരളീധരന്‍ നമ്പൂതിരിയാണ് പാഞ്ചാലിയായി വേഷമിട്ടിരുന്നത്. പാഞ്ചാലിക്ക് ശൃഗാരമല്ല മറിച്ച് ഒരു വീരരസമായിരുന്നു സ്ഥായി എന്നു തോന്നി. ആദ്യരംഗത്തിന്റെ അവസാനത്തിലും തുടര്‍ന്ന് ഉള്ള വനവര്‍ണ്ണനയിലും പതിവ് ആട്ടങ്ങള്‍ എല്ലാം അവതരിപ്പിക്കുകയുണ്ടായി. ‘അജഗരകബളിത’വും അഭിനയിച്ചുവെങ്കിലും ആട്ടതിന് ഒരു അടുക്കും ചിട്ടയും പോരായിരുന്നു.
“ശൈലമുകളിലെന്നാലും”

ഹനുമാനായെത്തിയത് ശ്രീ സദനം നരിപ്പറ്റ നാരാരയണന്‍ നമ്പൂതിരിയായിരുന്നു. ആശാനായ കീഴ്‌പ്പടം കുമാരനായരുടെ രീതിയില്‍തന്നെയാണ് ഇദ്ദേഹം ഹനുമാനെ അവതരിപ്പിച്ചത്. തപസ്സില്‍നിന്നും ഞെട്ടിയുണരുന്ന ഹനുമാന്‍ ലോകനാശകാലം ആയോ എന്ന് ശങ്കപ്പെടുന്നു. ‘കാരണം പണ്ട്, ശ്രീരാമസ്വാമി പട്ടാഭിഷേകം കഴിഞ്ഞ് ഓരോ ഓരോ കപികളെ വിളിച്ച് സമ്മാനങ്ങള്‍ നല്‍കിയ സമയത്ത് എന്നെയും വിളിച്ച് ഇഷ്ടവരം ചോദിച്ചുകൊള്ളുവാന്‍ കല്‍പ്പിച്ചു. സ്വാമിയുടെ പാദസ്മരണ മനസ്സില്‍ ഇളക്കമില്ലാതെ നിലനിന്നാല്‍ മാത്രം മതി എന്ന് ഞാന്‍ അറിയിച്ചപ്പോള്‍, ലോകാവസാനകാലത്തോളം നിന്റെ ഭക്തിക്ക് ഇളക്കമില്ലാതെയിരിക്കട്ടെ എന്ന് അദ്ദേഹം അനുഗ്രഹിച്ചിട്ടുണ്ട്.’ എന്നുചിന്തിച്ച് ചുറ്റും നോക്കുന്ന ഹനുമാന്‍ പൂത്തും തളിര്‍ത്തും ഫലങ്ങളോടുകൂടിയും നില്‍ക്കുന്ന സസ്യജാലം കണ്ട്, ലോകാവസാനകാലം ആയിട്ടില്ലാ എന്നു മനസ്സിലാക്കുന്നു. പിന്നെ തന്റെ തപസ്സിന് ഇളക്കംതട്ടാന്‍ കാരണമെന്ത് എന്ന് ചിന്തിക്കുന്ന ഹനുമാന്‍, ദൂരെ ശബ്ദംകേള്‍ക്കുന്ന സ്ഥലത്തേക്ക് ശ്രദ്ധിച്ച് നോക്കുകയും, ഭീമന്‍ വരുന്നത് കാണുകയും ചെയ്യുന്നു.

“മനസി മമ കിമപി ബത”

പദത്തിലെ “മനസി മമ കിമപി ബത” എന്നിടത്ത് അഷ്ടകലാശവും എടുക്കുകയുണ്ടായി. ‘കനിവോടിവനുടെയ’ എന്ന് ചൊല്ലിവട്ടം തട്ടിയപ്പോള്‍, ഭീമനെ പണ്ട് ദുര്യോധനന്‍ വിഷം നല്‍കി ബോധംകെടുത്തി, കൈകാലുകള്‍ ബന്ധിച്ച് നദിയില്‍ ഒഴുക്കിയതും, നദിയിലൂടെ ഒഴുകി ഭീമന്‍ നാഗലോകത്ത് ചെന്നതും, വായുപുത്രനാണെന്നു മനസ്സിലാക്കിയ നാഗരാജന്‍ അമൃതതുല്യമായ പാനീയം ഭീമനു നല്‍കിയതും, അതിനാല്‍ ബോധക്ഷയം മാറുക മാത്രമല്ല പതിനായിരം ആനകളുടെ ബലം സിദ്ധിക്കുകയും ചെയ്തിട്ടുണ്ടെന്നും സ്മരിച്ച്, അങ്ങിനെയുള്ള ഇവനെ ഒന്നു പരീക്ഷിക്കണം എന്നു തീരുമാനിക്കുന്നു.

“ജരകൊണ്ടു നടപ്പാനും ”

ഭീമപരീക്ഷണാര്‍ദ്ധം വൃദ്ധവാനരനായിതീര്‍ന്ന ഹനുമാന്‍ ഭീമന്റെ മാര്‍ഗ്ഗത്തില്‍ വാല്‍ നീട്ടിയിട്ടുകൊണ്ട് ശയിക്കുന്നു. ഇവിടെയെത്തി തന്റെ മാര്‍ഗ്ഗത്തില്‍ കിടക്കുന്ന മൂളിക്കുരങ്ങിനോട് മാറിക്കിടക്കുവാന്‍ ഭീമന്‍ കല്‍പ്പിക്കുന്നു. ഇവിടെ ഭീമന്റെ വീര്യ-ദേഷ്യഭാവങ്ങളും വൃദ്ധവാനരനോടുള്ള നിസാരഭാവവും മറ്റും വേണ്ടവിധം പ്രകടിപ്പിക്കുന്നതില്‍ സദനം കൃഷ്ണന്‍‌കുട്ടി വിജയിച്ചില്ല.
.
നരിപ്പറ്റയുടെ ഹനുമാനും ഭീമനോടുള്ള വാത്സല്യഭാവങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ അത്രകണ്ട് നന്നായില്ല.

“ഭീയേതി ഭീമം പതിതം പദാന്തേ”

അന്ത്യഭാഗത്തെ ആട്ടം ഇങ്ങിനെയായിരുന്നു-
‘താമസിയാതെ പൂതേടിയുള്ള നിന്റെ യാത്ര തുടരുക’ എന്നു നിര്‍ദ്ദേശിക്കുന്ന ഹനുമാനോട് ഭീമന്‍ ‘സൌഗന്ധിക പൂക്കള്‍ എവിടെയാണ് കിട്ടുക?’ എന്ന് ചോദിക്കുന്നു. ‘അത് അറിയാതെയാണ് നീ പുറപ്പെട്ടത് അല്ലെ. പെണ്ണിന്റെ വാക്കുകേട്ടയുടന്‍ ചാടിപുറപ്പെട്ടു. ങാ, സാരമില്ല പറഞ്ഞുതരാം. വൈശ്രവണന്റെ ഉദ്യാനത്തില്‍ ചെന്നാല്‍ നിനക്ക് ധാരാളം സൌഗന്ധികപൂക്കള്‍ ശേഖരിക്കാം’ എന്നു പറഞ്ഞ് ഹനുമാന്‍ അങ്ങോട്ടേക്കുള്ള വഴിയും കാട്ടികൊടുത്തു. ‘അതിനു തടസം എന്തെങ്കിലും ഉണ്ടോ?’ എന്നു ചോദിച്ച ഭീമനോട് ‘എന്താ ഭയമുണ്ടോ?’ എന്നൊരു മറുചോദ്യമാണ് ഹനുമാന്‍ ചോദിച്ചത്. ‘ഇല്ല, പേടിയൊന്നും ഇല്ല’ എന്ന് ഭീമന്‍ മറുപടിയും പറഞ്ഞു. ‘എന്നാല്‍ ഉടന്‍ പുറപ്പെട്ടുകൊള്ളുക’ എന്ന് പറഞ്ഞ് ഹനുമാന്‍ ഇരുന്നു. ഭീമന്‍ പുറപ്പെട്ടുന്നു. അപ്പോഴാണ് തന്റെ ഗദയുടെ കാര്യം ഭീമന് ഓര്‍മ്മവരുന്നത്. ഉടനെ തിരിച്ചുവരുന്ന ഭീമന്‍, അവിടെയെവിടെയെങ്കിലും ഗദ വീണു കിടക്കുന്നുണ്ടോയെന്ന് പരിസരത്തൊക്കെ പരതിനോക്കി. പിന്നെ ഹനുമാനെ പതുക്കെ സമീപിച്ച് കാര്യം അറിയിക്കുന്നു. ഒടുവില്‍ പ്രീതനായ ഹനുമാന്‍ ഭീമനെ ഗദനല്‍കി അനുഗ്രഹിച്ച് യാത്രയാക്കുന്നു.
.
ശ്രീ കോട്ടക്കല്‍ നാരായണനും ശ്രീ കലാനിലയം രാജീവനും ചേര്‍ന്ന് സംഗീതവും ശ്രീ കുറൂര്‍ വാസുദേവന്‍ നമ്പൂതിരിയും(ചെണ്ട) ശ്രീ കലാമണ്ഡലം അച്ചുതവാര്യരും(മദ്ദളം) ചേര്‍ന്ന് മേളവും കൈകാര്യം ചെയ്തു. കലാനിലയം സജി ചുട്ടികുത്തിയ കളിയ്ക്ക് കുടമാളൂര്‍ ദേവീവിലാസം കഥകളിയോഗത്തിന്റെ കോപ്പുകളായിരുന്നു ഉപയോഗിച്ചിരുന്നത്.