നളായനം മൂന്നാം ദിവസം

ആനമങ്ങാട്ടെ ചതുര്‍ദിന നളചരിതോത്സവത്തിന്റെ മൂന്നാം ദിവസമായ 20/12/09ന് വൈകിട്ട് സോദാഹരണക്ലാസിനെ തുടര്‍ന്ന് ആറര മുതല്‍ നളചരിതം മൂന്നാം ദിവസം കഥ അവതരിപ്പിക്കപ്പെട്ടു. നളായനം നാലാംദിവസം എനിക്ക് കാണുവാന്‍ സാധിച്ചില്ല. ബാക്കി മൂന്ന് ദിവസങ്ങളിലെ കളികളില്‍ ഏറ്റവും നന്നായത് മൂന്നാം ദിവസമായിരുന്നു.


‘ഘോരവിപിനം’
കലാമണ്ഡലം ഷണ്മുഖനാണ് വെളുത്തനളനായി വേഷമിട്ടത്.
വേഷഭംഗിയും പ്രവൃത്തിയില്‍ വൃത്തിയുമുള്ള ഷണ്മുഖന്‍ മുഖാഭിനയത്തില്‍ ഇനിയും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ‘ഘോരവിപിനം’ എന്ന പദത്തിലെ സാധാരണയായി പതിവില്ലാത്ത ‘സദനങ്ങള്‍ ശോഭനങ്ങള്‍’ എന്ന ചരണം ഇവിടെ അവതരിപ്പിക്കുകയുണ്ടായി. ആടാനും പാടാനും വളരെ നന്നെന്നു തോന്നിയ ഈ ചരണം എന്താണോ പണ്ടെ ഉപേക്ഷിക്കപ്പെട്ടുപോയത്? തുടര്‍ന്നുള്ള വനവര്‍ണ്ണനയും മിതമായും ഭംഗിയായും അവതരിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ പദത്തിനുശേഷം ഉടന്‍ ഉള്ള ആട്ടത്തില്‍ ‘സദനങ്ങള്‍ ശോഭനങ്ങള്‍’ എന്ന ചരണത്തിലെ ആശയം തന്നെയാണ് വീണ്ടും കാട്ടിയിരുന്നത്. വനത്തിലെ കാഴ്ച്ചകളില്‍ കാട്ടുതീയ്ക്കും പരുന്തിനും വേടനും ഇടയില്‍ പെട്ട ഇണപ്പക്ഷികളുടെ സങ്കടാവസ്ഥയും ദൈവകാരുണ്യത്താല്‍ അവ രക്ഷപ്രാപിക്കുന്നതുമായ ആട്ടമാണ് പ്രധാനമായി ഇവിടെ ചെയ്തിരുന്നത്.
‘അന്തികേ വന്നീടേണം’
കലാമണ്ഡലം പ്രമോദായിരുന്നു കാര്‍ക്കോടകന്‍. ഭംഗിയായി മുഖം
വരച്ചിരുന്ന പ്രമോദ് പാത്രനുശ്രിതമായി തന്നെ അരങ്ങില്‍ വര്‍ത്തിക്കുകയും ചെയ്തിരുന്നു.
‘കത്തുന്ന വനശിഖി മദ്ധ്യഗനാരെടോ നീ’
വിലാപം കേട്ട് കാട്ടുതീക്കുള്ളിലേയ്ക്ക് കടന്ന് തേടി കണ്ടെത്തിയ
കാര്‍ക്കോടകനെ തൊട്ട് ഇരുത്തിയ ശേഷം നളന്‍ ‘കത്തുന്ന വനശിഖി’ എന്ന പദം ആടുന്നതായാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടത്.
‘മാമകദശകള്‍ എല്ലാം’
ബാഹുകനായി അഭിനയിച്ചത് കലാമണ്ഡലം മനോജായിരുന്നു. ആദ്യമായി
ബാഹുകവേഷം കൈകാര്യം ചെയുന്ന നടന്‍ എന്ന നിലയില്‍ നോക്കുമ്പോള്‍ ഇദ്ദേഹത്തിന്റെ പ്രകടനം കേമം എന്നുതന്നെ പറയാം. കഥാപാത്രത്തെ ഉള്‍ക്കൊണ്ട് നല്ല ഭാവപ്രകാശനത്തോടെ ഇദ്ദേഹം തന്റെ വേഷം കൈകാര്യം ചെയ്തിരുന്നു. ആട്ടങ്ങള്‍ പുതുമനിറഞ്ഞതും ഔചിത്യപരവുമായിരുന്നു. പതിവു മാന്‍പ്രസവും മറ്റും ഇവിടെ കാട്ടിയിരുന്നില്ല. മനോജ് പ്രവര്‍ത്തിയിലെ ആയാസം കുറയ്ക്കുവാനും, ആട്ടത്തില്‍ ഒതുക്കവും ഭംഗിയും വരുത്താനും ശ്രദ്ധിക്കുവാനുണ്ട്. എന്നാല്‍ ഇത് കുറച്ച് അരങ്ങുകള്‍ കയറിക്കഴിയുമ്പോള്‍ താനെ വന്നുകൊള്ളും എന്ന് തോന്നുന്നു.
ഋതുപര്‍ണ്ണനായി കലാക്ഷേത്രം രഞ്ജീഷും ജീവലനായി കലാ:പ്രമോദും
വാഷ്ണേയനായി കലാമണ്ഡലം കാശീനാഥനുമാണ് അരങ്ങിലെത്തിയത്. ‘വസവസ സൂതാ’ പദശേഷം ബാഹുകന്‍ വാഷ്ണേയ ജീവലന്മാരോട് കുശലം ചോദിക്കുന്നതായ ആട്ടം ഭംഗിയായി ഇവിടെ ചെയ്തിരുന്നു. ജീവലവാഷ്ണേയന്മാരായെത്തിയ ജൂനിയര്‍ നടന്മാര്‍ക്ക് ആടാനുള്ള അവസരം നല്‍കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മനോജിന്റെ രീതി വളരെ നല്ലതും ഇക്കാലത്ത് കളിയരങ്ങില്‍ കാണാനില്ലാത്തതുമാണ്.

‘പ്രിയമെന്നില്‍.....’
മനോജ് വിജനേബത, മറിമാന്‍ കണ്ണി എന്നീ പദങ്ങള്‍
ഭാവോജ്വലമായി തന്നെ അഭിനയിച്ചിരുന്നു.

‘വിജനേ ബത’
ഇക്കാലത്ത് അരങ്ങില്‍ നിന്നും ഉപേക്ഷിച്ചു കാണുന്ന ജീവലന്റെ പദത്തിന്റെ
‘നീയും നിന്നുടെ തരുണിയുമായി’ എന്ന രണ്ടാം ചരണവും ഇവിടെ അവതരിപ്പിച്ചിരുന്നു.

‘സ്വൈരവചനം....'
കലാമണ്ഡലം ശുചീന്ദ്രന്‍ ദമയന്തിയായും പീശപ്പള്ളി രാജീവന്‍ സുദേവനായും
വേഷമിട്ടു. സുദേവന്റെ തുടക്കം വളരെ ഗംഭീരമായി. എന്നാല്‍ പോകെപ്പോകെ ആ നില വിട്ടു. നാടകീയാഭിനയവും സരസതയും കൂടുതലായി പീശപ്പള്ളിയില്‍ കണ്ടു. ‘മേളവാദ്യഘോഷം’ വിസ്തരിക്കവേ ശിങ്കാരിമേളവും സുദേവന്‍ കാട്ടിയിരുന്നു. എന്റെ പുത്രി സമാനയായ നിന്റെ ദു:ഖം ഞാന്‍ തീര്‍ത്തുവെയ്ക്കുന്നുണ്ട് എന്ന് ദമയന്തിയോട് പറഞ്ഞ സുദേവന്‍ പിന്നീട് അവളുടെ ‘പന്തണിമുല’ വിസ്തരിക്കുകയും ഉണ്ടായി.

‘കരണീയം....’
അടുത്ത കാലത്ത് കേട്ട മൂന്നാംദിവസങ്ങളില്‍ വ്യത്യസ്തവും
ആസ്വാദ്യവുമായ അരങ്ങുപാട്ടായിരുന്നു ഇവിടുത്തേത്. തന്റെ സംഗീതപ്രതിഭ വെളിവാക്കുന്നതും ഒപ്പംതന്നെ നടന്റെ പ്രവൃത്തികള്‍ക്ക് അനുഗുണമായി വര്‍ത്തിക്കുന്നതുമായിരുന്നു കലാമണ്ഡലം ജയപ്രകാശിന്റെ പാട്ട്. തോടിയില്‍ വരുന്ന പ്രധാനപദങ്ങള്‍ ആസ്വാദ്യങ്ങള്‍ ആയിരുന്നു. വിജനേബത, മറിമാന്‍ കണ്ണി എന്നീ പദങ്ങള്‍ ഭാവോജ്വലമായി തന്നെ ആലപിച്ചിരുന്നു. ജീവലന്റെ പദം രാഗം മാറ്റിയാണ് ആലപിച്ചിരുന്നതെങ്കിലും കഥകളിത്തം നഷ്ടപ്പെട്ടിരുന്നില്ല. നെടുമ്പുള്ളി രാം‌മോഹനും സദനം ജോതിഷ്‌ബാബുവുമായിരുന്നു ശിങ്കിടിക്ക്. ജോതിഷ്‌ബാബുവിന് സാഹിത്യം അറിയില്ല എന്നു മാത്രമല്ല, മൂന്നാം ദിവസം കേട്ടിട്ടുകൂടിയില്ല എന്നു തോന്നിച്ചു. കിട്ടിയ അവസരം ഈ യുവഗായകന്‍ കളഞ്ഞുപൊളിച്ചു. രാം‌മോഹന്‍ പൊന്നാനിപാടിയ കാര്‍ക്കോടകന്റെ ഭാഗത്തെ പാട്ടും നന്നായിരുന്നു.


‘മാന്യമതേ......’
ചെണ്ടകൊട്ടിയത് കലാമണ്ഡലം നന്ദകുമാര്‍, കലാമണ്ഡലം വേണു
എന്നിവരായിരുന്നു. കലാനിലയം ജനാര്‍ദ്ദനനും, സദനം രജീഷും,കലാമണ്ഡലം ഹരിഹരനും ആയിരുന്നു മദ്ദളക്കാര്‍.
‘മറിമാന്‍ കണ്ണി’
കലാമണ്ഡലം രവിയായിരുന്നു ഈ ദിവസത്തേയും ചുട്ടി കലാകാരന്‍.
‘അരുതെന്നും ഇല്ല....’
വാഴേങ്കട കുഞ്ചുനായര്‍ സ്മാരകട്രസ്റ്റ്, കാറല്‍മണ്ണ സംഘാടനം ചെയ്ത
നളായനം കളികള്‍ക്ക് മഞ്ചുതര,മാങ്ങോടിന്റെ ചമയങ്ങള്‍ ഉപയോഗിച്ച് അണിയറയില്‍ പ്രവര്‍ത്തിച്ചിരുന്നത് അപ്പുണ്ണിതരകനും സംഘവുമായിരുന്നു.

നളായനം രണ്ടാം ദിവസം

നളായനം ചതുര്‍ദിന നളചരിതോത്സവത്തിന്റെ രണ്ടാം ദിവസമായ 19/12/09ന്
വൈകിട്ട് സോദാഹരണക്ലാസിനെ തുടര്‍ന്ന് ആറര മുതല്‍ നളചരിതം രണ്ടാം ദിവസം കഥ അരങ്ങേറി.

പതിഞ്ഞപദം
കലാമണ്ഡലം സോമന്‍ നളനായും കലാമണ്ഡലം വിജയകുമാര്‍ ദമയന്തിയായും
വേഷമിട്ടു. സോമന്റെ വേഷത്തിന് നല്ല ഭംഗിയും പ്രവര്‍ത്തിക്ക് വൃത്തിയും ഉണ്ടായിരുന്നു. ‘കുവലയവിലോചനെ’ വളരെ ഭംഗിയായിതന്നെ ഇദ്ദേഹം അവതരിപ്പിച്ചു. എന്നാല്‍ തുടര്‍ന്നുള്ള ഭാഗങ്ങളില്‍ കഥാപാത്രത്തെ ഉള്‍ക്കൊണ്ട് അഭിനയിക്കുന്നതിലും ആട്ടങ്ങളില്‍ പൂര്‍ണതവരുത്തുന്നതിനും സോമന്‍ ശ്രദ്ധിക്കേണ്ടതായുണ്ടെന്ന് തോന്നി.

“ദയിതേ....”
കലാമണ്ഡലം ഹരി ആര്‍.നായര്‍ കലിയായും കലാമണ്ഡലം പ്രമോദ് ദ്വാപരനായും
വേഷമിട്ടു. ഇന്ദ്രനായെത്തിയ കലാക്ഷേത്രം രഞ്ജീഷ് തന്റെ വേഷം ഭംഗിയായി കൈകാര്യം ചെയ്തിരുന്നു.
“എങ്ങുനിന്നെഴുന്നരുളി......”
പുഷ്കരനായെത്തിയത് കലാമണ്ഡലം ഹരിനാരായണന്‍ ആയിരുന്നു.


കാട്ടാളവേഷത്തിലെത്തിയ സദനം ഭാസി തരക്കേടില്ലാതെ
പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും പ്രതീക്ഷിച്ച അത്ര കേമമായില്ല. ഇതിനും ഒരു പരിധിവരെ മേളക്കാരും പാട്ടുകാരും ഉത്തരവാദികളാണെന്ന് തോന്നി.


ആദ്യഭാഗങ്ങള്‍ കലാമണ്ഡലം മോഹനകൃഷ്ണനും കലാമണ്ഡലം ജയപ്രകാശും
ചേര്‍ന്നും കലിയുടെ രംഗങ്ങളും അവസാനഭാഗവും കലാ:ജയപ്രകാശും കലാമണ്ഡലം ശിവദാസും ചേര്‍ന്നുമായിരുന്നു പാടിയത്. കലിയുടെ പദത്തിലും രാഗമാറ്റം വരുത്തിയിരുന്നു എങ്കിലും ഈ ഭാഗങ്ങള്‍ പാട്ട് പൊതുവേ നന്നായിരുന്നു.കലാമണ്ഡലം ബാലസുന്ദരന്റേയും കലാമണ്ഡലം നന്ദകുമാറിന്റേയും ചെണ്ട ശരാശരി നിലവാരം പുലര്‍ത്തിയിരുന്നു. കലാനിലയം ജനാര്‍ദ്ദനന്‍ തന്നെ ആയിരുന്നു ഈ ദിവസത്തേയും പ്രധാന മദ്ദളക്കാരന്‍.

“ഒരുനാളും നിരൂപിതമല്ലേ”
കലാമണ്ഡലം രവിയെകൂടാതെ കലാമണ്ഡലം ശിവരാമനും ഈ ദിവസം ചുട്ടിക്ക്
ഉണ്ടായിരുന്നു. പതിവിലും ലേശം പുറത്തേക്കായും മുകള്‍ഭാഗത്ത് പ്രത്യേകമായ ഒരു വളവോടെയും വളയം വെച്ചിരുന്ന സോമന് ശിവരാമന്‍ തീര്‍ത്ത ചുട്ടി അതിമനോഹരമായിരുന്നു.
വേര്‍പാട്
വാഴേങ്കട കുഞ്ചുനായര്‍ സ്മാരകട്രസ്റ്റ്, കാറല്‍മണ്ണ സംഘാടനം ചെയ്ത നളായനം
കളികള്‍ക്ക് മഞ്ചുതര,മാങ്ങോടിന്റെ ചമയങ്ങള്‍ ഉപയോഗിച്ച് അണിയറയില്‍ പ്രവര്‍ത്തിച്ചിരുന്നത് അപ്പുണ്ണിതരകനും സംഘവുമായിരുന്നു.

നളായനം ഒന്നാം ദിവസം

ആനമങ്ങാട് കഥകളിക്ലബ്ബിന്റെ ഇരുപത്തിആറാം വാര്‍ഷികം ഈ ഡിസംബറില്‍
പത്മശ്രീ വാഴേങ്കട കുഞ്ചുനായര്‍ ശദാബ്ദിനഗറില്‍(ആനമങ്ങാട് മഹാദേവമംഗലം ക്ഷേത്രസന്നിധി) വെച്ച് സമുചിതമായി ആഘോഷിക്കപ്പെട്ടു. ‘നളായനം’ എന്ന പേരില്‍ പുതുതലമുറക്കാരെ ഉള്‍പ്പെടുത്തി നടത്തിയ ചതുര്‍ദിന നളചരിതോത്സവമായിരുന്നു പ്രധാനപരിപാടി. എല്ലാ ദിവസവും വെകിട്ട് 5മുതല്‍ സോദാഹരണക്ലാസും ആറുമുതല്‍ കഥകളിയും നടന്നു. സ്കൂള്‍കുട്ടികള്‍ക്കായി നടത്തിയ ക്ലാസുകളിലൂടെ അവര്‍ക്ക് കഥകളിയേയും നളചരിതത്തേയും അടുത്തറിയുള്ള അവസരമൊരുക്കി. മൂന്നാം ദിവസത്തെ പീശപ്പള്ളിരാജീവന്റെ ക്ലാസ് സരസവും ലളിതവും കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ടതുമായിരുന്നു.
ഡിസബര്‍18ന് ഉച്ചതിരിഞ്ഞ് മൂന്നരമണിക്ക് ഇരട്ടകേളിയോടെ ആരംഭിച്ച
ആഘോഷപരിപാടികളില്‍ തുടര്‍ന്ന് ലളിതകലാ അക്കാദമി പുരസ്ക്കാരജേതാവ് ശ്യാമപ്രസാദിന്റെ ചിത്രപ്രദര്‍ശ്ശനം നടന്നു. ആര്‍ട്ടിസ്റ്റ് മദനനാണ് പ്രദര്‍ശ്ശനം ഉത്ഘാടനം ചെയ്തത്. തുടര്‍ന്ന് നടന്ന വാര്‍ഷികോത്ഘാടന സമ്മേളനത്തില്‍ ആലിപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അദ്ധ്യക്ഷതവഹിച്ചു. ഡോ:കെ.ജി.പൌലോസ് ഉത്ഘാടനം നിര്‍വ്വഹിച്ച യോഗത്തില്‍ വെച്ച്
മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരിയെ സുവര്‍ണ്ണമുദ്രയും പ്രശസ്തിപത്രവും നല്‍കി ആദരിച്ചു. ചടങ്ങില്‍ കെ.ബി.രാജാനന്ദ്, ഡോ:എന്‍.പി.വിജയകൃഷ്ണന്‍, പാലനാട് ദിവാകരന്‍, ജയ അവനൂര്‍, ശ്രീചിത്രന്‍,
എന്‍.പീതാംബരന്‍(ആനമങ്ങാട് കഥകളിക്ലബ്ബ് പ്രസിഡന്റ്) തുടങ്ങിയവരും സന്നിഹിതരായിരുന്നു.തുടര്‍ന്ന് കലാമണ്ഡലം രൂപേഷ്, കലാമണ്ഡലം അതുല്‍ പങ്കജ് എന്നിവര്‍ അവതരിപ്പിച്ച
പുറപ്പാടോടെ കഥകളി ആരംചിച്ചു. സാധാരണ പുറപ്പാട് തന്നെയാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടത്. ഇവിടെ നളത്തപ്പെടുന്നത് നളചരിതോത്സവമായതിനാല്‍ നളചരിതം പുറപ്പാട് തന്നെ അവതരിപ്പിക്കുകയായിരുന്നു ഉചിതം. ശ്രീരാഗ് വര്‍മ്മയും നവീന്‍രുദ്രനും ചേര്‍ന്നായിരുന്നു പുറപ്പാടിന് പാടിയത്.“ഭഗവന്‍ നാരദാ വന്ദേഹം”
നളചരിതം ഒന്നാം ദിവസം കഥയാണ് അന്ന് അവതരിപ്പിക്കപ്പെട്ടത്. ഇതില്‍ നളനായി
കലാമണ്ഡലം പ്രദീപ് വേഷമിട്ടു. നല്ല പ്രകടനം കാഴ്ച്ചവെയ്ച്ചു എങ്കിലും പ്രവൃത്തികളില്‍ ഒന്നുകൂടി വൃത്തിവരുത്തുവാന്‍ പ്രദീപ് ശ്രദ്ധിച്ചാല്‍ നന്ന്. കഥയേയും കഥാപാത്രത്തേയും ഒന്നുകൂടി ഉള്‍ക്കൊള്ളുകയും അവശ്യമാണ്. നളന് ദമയന്തിയോടുള്ളത് അവയവബന്ധിയായ വെറും കാമം അല്ല മറിച്ച് ശുദ്ധപ്രണയം ആണ് എന്ന് ഇദ്ദേഹം മനസ്സിലാക്കിയതായി തോന്നിയില്ല. ഹംസത്തിന്റെ നിര്‍ദ്ദേശാനുസ്സരണം ഉദ്യാനവാസം മതിയാക്കി കൊട്ടാരത്തിലേയ്ക്ക് മടങ്ങുവാന്‍ നളന്‍ സമ്മതിക്കുന്നതായി കണ്ടു. ഇത് കഥാഗതിക്ക് ചേര്‍ന്നതല്ലല്ലോ.“നൈഷധാ കേള്‍ക്ക നീ”
ഹംസമായേത്തിയ സദനം ഭാസിയും നന്നായി എങ്കിലും ആട്ടങ്ങളിലും കലാശാദികളിലും
ഒന്നുകുടി ഒതുക്കം വരുത്തിയാല്‍ ഭംഗി വര്‍ദ്ധിക്കും എന്ന് തോന്നി. ഹംസത്തിന്റെ നൃത്താത്മകമായ അവതരണം പൂര്‍ണ്ണമായി ഇവിടെ ചെയ്തുകണ്ടില്ല. അനുഗുണമായുള്ള ഗീതവാദ്യങ്ങളുടെ അഭാവവും ഇദ്ദേഹത്തിന്റെ പ്രകടനത്തിന്റെ പൊലിമനഷ്ടപ്പെടുത്തുവാന്‍ കാരണമായി.
“വിധുമുഖിയുടെ രൂപ..”
നാരദനായി കലാമണ്ഡലം ഹരിനാരായണനും ദമയന്തിയായി ഹരിപ്രിയ നമ്പൂതിരിയും
സഖിമാരായി കലാമണ്ഡലം ശുചീന്ദ്രന്‍, കലാമണ്ഡലം കാശീനാഥ് എന്നിവരും അരങ്ങിലെത്തി.“ശിവ ശിവ
നെടുമ്പുള്ളി രാം‌മോഹനും കോട്ടക്കല്‍ വെങ്ങേരി നാരായണനും ചേര്‍ന്നുള്ള പാട്ട് ശരാശരി
നിലവാരം പുലര്‍ത്തിയിരുന്നു. എന്നാല്‍ നൃത്തബന്ധിതമായി ചെയ്യുന്ന ഹംസത്തിന്റെ പദങ്ങള്‍ പാടുന്നതില്‍ ഇവര്‍ ഇനിയും ശ്രദ്ധചെലുത്തേണ്ടിയിരിക്കുന്നു.“ഊര്‍ജ്ജിതാശയ”
സദനം രാമകൃഷ്ണന്റെ ചെണ്ട ശരാശരി നിലവാരം പുലര്‍ത്തിയപ്പോള്‍ കലാനിലയം
ജനാര്‍ദ്ദനന്റെ മദ്ദളം കൊണ്ട് അരങ്ങില്‍ യാതൊരു ശല്യവും ഉണ്ടായിരുന്നില്ല.“സോമനും രോഹീണിതാനും”

കലാമണ്ഡലം രവി ആയിരുന്നു ഈ ദിവസത്തെ ചുട്ടികലാകാരന്‍.“ചപലനെന്നുപുനരെന്നെ”
വാഴേങ്കട കുഞ്ചുനായര്‍ സ്മാരകട്രസ്റ്റ്, കാറല്‍മണ്ണ സംഘാടനം ചെയ്ത നളായനം
കളികള്‍ക്ക് മഞ്ചുതര,മാങ്ങോടിന്റെ ചമയങ്ങള്‍ ഉപയോഗിച്ച് അണിയറയില്‍ പ്രവര്‍ത്തിച്ചിരുന്നത് അപ്പുണ്ണിതരകനും സംഘവുമായിരുന്നു.