കലാമണ്ഡലം ഉണ്ണിക്യഷ്ണകുറുപ്പ്(2)

ആദ്യപോസ്റ്റിനു അനുബന്ധമായി കുറുപ്പാശാന്റെ ചില ഓഡിയോകളും ഒരു വീഡിയോയും കൂടി ചേര്‍ക്കുന്നു.

നളചരിതം 2ംദിവസത്തിലെ നളനോട് വേര്‍പെട്ട ദമയന്തിയുടെ വിലാപമായ ‘അലസതാ വിലസിതം’,ഇത്ര ഭാവോദീപകമായി മറ്റൊരാളും പാടികേട്ടിട്ടില്ല.



കാട്ടാളന്റെ പദത്തിനിടക്കുള്ള ‘ആഹന്ത ദയിതാ ദയാസിന്ധോ‘ എന്ന പദം രംഗത്ത്
ആസമയം ഇല്ലാത്ത ദമയന്തിയുടെ ദീനവിലാപമാണല്ലൊ. പ്രാക്യതകാട്ടാളന്റെ ചിന്തകളില്‍ നിന്നും
ദമയന്തിയുടെ ദൈന്യവിലാപത്തിലേക്ക് അരങ്ങിന്റെ അന്തരീക്ഷത്തെ എത്തിക്കുവാന്‍ കുറുപ്പാശാന്
നിഷ്പ്രയാസം സാധിക്കുന്നു.



നളചരിതം 3ംദിവസത്തിലെ ഉത്സാഹിതനായി പുറപ്പെടുന്ന സുദേവന്റെ ‘യാമി യാമി ഭൈമീ’
അദ്ദേഹത്തിന്റെ അരങ്ങുപാട്ടിന്റെ മഹിമ വിളിച്ചോതുന്ന ഒരു പദമാണ്.

‘യാമി യാമി‘ ശ്രദ്ധിക്കു-പതുക്കെ തുടങ്ങി പിന്നീട് കാലമുയര്‍ത്തി മദ്ദ്യമാവതിയുടെ മേളക്കൊഴുപ്പിലൂടെ ഒരു യാത്ര. ഓരോ വരികളും ആവര്‍ത്തിക്കുന്വോള്‍ ഒക്കെ വിവിധരീതിയിലാണ് പാടുന്നത്.
‘നാം‌-ഇഹസേവിച്ചുനില്‍പ്പു’ ,
‘അത്തലില്ലതുകൊണ്ട്-ആര്‍ക്കും’ ,
’ദി-ത്രി-ദിന പ്രാപ്യം’
‘ഞാന്‍ അറിയും എന്നല്ല അവന്‍’ ഇവിടെയൊക്കെ താളം മുറിയാതെ വാക്കുകള്‍ മുറിചും നിര്‍ത്തിയും ഉള്ള പ്രയോഗങ്ങള്‍ ശ്രദ്ധിക്കു.
“ആളകന്വടികളോടും മേളവാദ്യഘോഷത്തോടും’ ഒന്നിനൊന്നുവെത്യസ്തമായാണ് ആവര്‍ത്തിക്കുന്നത്.


ഈ വീഡിയോകള്‍ ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്കുകള്‍-

http://www.blogger.com/video-play.mp4?contentId=25980096c3a077ad&type=video%2Fmp4

http://www.blogger.com/video-play.mp4?contentId=bb04f75bbd13b396&type=video%2Fmp4

http://www.blogger.com/video-play.mp4?contentId=ea0e747eabd64f5d&type=video%2Fmp4

http://www.blogger.com/video-play.mp4?contentId=ec88bad9b1339eee&type=video%2Fmp4

http://www.blogger.com/video-play.mp4?contentId=1c9d46747eda0aec&type=video%2Fmp4

http://www.blogger.com/video-play.mp4?contentId=15a1230644afbaf0&type=video%2Fmp4

http://www.blogger.com/video-play.mp4?contentId=5c404c19840505b6&type=video%2Fmp4

കലാമണ്ഡലം ഉണ്ണിക്യഷ്ണകുറുപ്പ്



കഥകളിസംഗീതലോകത്തെ എക്കാലത്തേയും മികച്ചഗായകനും അസാധാരണ പ്രതിഭയും ആയിരുന്ന ശ്രീ കലാ:ഉണ്ണിക്യഷ്ണക്കുറുപ്പ് ഇഹലോകവാസംവെടിഞ്ഞിട്ട് 20ആണ്ടുകള്‍ തികയുകയാണ് ഈ മാര്‍ച്ച് 4ന്.എന്നാല്‍ ഇന്നും അദ്ദേഹമുതിര്‍ത്ത സംഗീതാമ്യതം കളികന്വക്കാരുടെ മനസ്സുകളില്‍ മധുരസ്മരണകളായി നിലനില്‍ക്കുന്നു. ശേഘരിച്ചുവെയ്ക്കപ്പെട്ടിട്ടുള്ള അദ്ദേഹത്തിന്റെ അരങ്ങുപാട്ടുകള്‍ കേട്ട് അതില്‍ ആക്യഷ്ടരായി, കുറുപ്പാശാന്റെ പാട്ടിനേക്കുറിച്ച് ഐതീഹ്യം‌പുരണ്ട കഥകളുമായി ഇന്നത്തെതലമുറ കളിയരങ്ങിലേക്കെത്തുന്നു. നിഷ്ക്കളങ്കശാരീരം,ത്രിസ്ഥായികളിലും ആയാസരഹിതമായുള്ള സഞ്ചാരം,ഉറച്ചതാളം,അഷരസ്ഫുടത, സോപാനരീതിയോടുള്ള ആഭിമുഖ്യം, പദങ്ങളുടെ അര്‍ത്ഥജ്ഞാനം,ഓരോ രംഗങ്ങളിലേയും ഭാവഘടനയെപ്പറ്റിയുള്ള ബോധം,സര്‍വ്വോപരി ലാളിത്യപൂര്‍ണ്ണവും അനായാസയതയും ഇവയൊക്കെയാണ് ഉണ്ണിക്യഷ്ണക്കുറുപ്പിന്റെ സവിശേഷതകള്‍.


കഥകളിയുടെ ഈറ്റില്ലമായ വെള്ളിനേഴിഗ്രാമത്തില്‍,പ്രശസ്ത വീണവിദ്വാനായിരുന്ന രാമന്‍‌കുളങ്ങര രാമക്കുറുപ്പിന്റേയും തെക്കേക്കര ലക്ഷ്മിക്കുട്ടിയമ്മയുടേയും പുത്രനായി 1931ല്‍ ഉണ്ണിക്യഷ്ണക്കുറുപ്പ് ജനിച്ചു. ജന്മനാല്‍തന്നെ പ്രതിഭാധനനായിരുന്ന ഇദ്ദേഹം ബാല്യത്തില്‍ തന്നെ സ്വപിതാവില്‍ നിന്നും സംഗീതത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചു. പാരന്വര്യകലയായ കളം‌പാട്ട് ഇദ്ദേഹം വശമാക്കി.പിന്നീട് കലാമണ്ഡലത്തില്‍ ചേര്‍ന്ന് കലാ: നീലകണ്ഠന്‍ നന്വീശന്റെ ശിഷ്യനായി കഥകളി സംഗീതം അഭ്യസിച്ചു.ചേര്‍ന്ന് ഒരുമാസം കഴിഞ്ഞപ്പോഴേക്കും തന്നെ നന്വീശനൊപ്പം പാടാറായി. ആ കാലത്ത് പ്രമുഖഗായകനായ ശ്രീ വെങ്കിടക്യഷ്ണഭാഗവതര്‍, ‘ഉണ്ണിക്യഷ്ണാ വാ’ എന്ന്പറഞ്ഞ് അദ്ദേഹത്തിനൊപ്പം പാടാന്‍ കുറുപ്പിനെ വിളിച്ചിരുന്നത്രെ. എന്നാല്‍ ഈ പഠനം കേവലം 3വര്‍ഷങ്ങളേ നീണ്ടുനിന്നുള്ളു. ഇന്നാല്‍ ഈ കാലയളവവില്‍ തന്നെ കുറുപ്പിലെ കഥകളിഗായകന്‍ രൂപപ്പെട്ടു കഴിഞ്ഞിരുന്നു. പഠനം പൂര്‍ത്തിയാക്കാതെ കലാമണ്ഡലം വിട്ട അദ്ദേഹം തന്റെ കനത്തപാരന്വര്യഗുണത്താലും ജന്മവാസനയാലും പില്‍ക്കാലത്ത് കഥകളിസംഗീതത്തിലെ കിരീടംവെയ്ക്കാത്ത രാജാവായിത്തീര്‍ന്നു.


കലാമണ്ഡലം വിട്ട് ഏതാണ്ട് ഒരുവര്‍ഷത്തിനു ശേഷം ഗാന്ധിസേവാസദനത്തില്‍ കുറുപ്പിന് നിയമനം ലഭിച്ചു.കളരിചിട്ടകള്‍ ഉറപ്പിക്കുവാന്‍ ഇവിടുത്തെ സേവനം ഇദ്ദേഹത്തിനു പ്രയോജനമായി.വെങ്കിടക്യഷ്ണഭാഗവതര്‍ക്കും നീലകണ്ഠന്‍ നന്വീശനുമൊപ്പം പാടിത്തെളിഞ്ഞിട്ടും ഏതെങ്കിലും ഒരു സ്താപനത്തില്‍ അടങ്ങികഴിഞ്ഞുകൂടാന്‍ ഉണ്ണിക്യഷ്ണക്കുറുപ്പ് തയ്യാറായില്ല. അഹമ്മദാബാദിലെ ദര്‍പ്പണ അക്കാദമിയിലും കൊല്‍ക്കത്തയിലെ ശാന്തിനികേതനിലുമായി തന്റെ യൌവനദശ മുഴുവന്‍ കഴിച്ചുക്കൂട്ടേണ്ടിവന്നു കുറുപ്പിന്. നാട്ടില്‍ തിരിച്ചെത്തിയശേഷം ഒരുപതിറ്റാണ്ടിലധികംകാലം കേരളത്തിലങ്ങോളമിങ്ങോളമുള്ള കളിയരങ്ങുകളില്‍ ആ ഗാനകല്ലോലിനികള്‍ മുഴങ്ങി.ഇക്കാലത്ത് പലപ്പോഴായി കലാമണ്ഡലത്തിലും കോട്ടക്കല്‍ നാട്യസംഘത്തിലും മാറിമാറി സേവനമനുഷ്ടിച്ചു കുറുപ്പാശാന്‍. അഹമ്മദാബാദ്, കല്‍ക്കട്ടവാസങ്ങള്‍മൂലം ദേശസഗീതത്തിന്റെ വഴികള്‍ പരിചയിക്കാനായി കുറുപ്പാശാന്. പിന്നീട് ഇവ ഗുണപരമായി കഥകളിസംഗീതത്തില്‍ ഉപയോഗിക്കുകയും ചെയ്തു അദ്ദേഹം.


കഥകളിസംഗീതത്തില്‍ അടിസ്ഥാനപരമായി നന്വീശനാശാന്റെ ശൈലിതന്നെയാണ് ഇദ്ദേഹം പിന്‍തുടര്‍ന്നിരുന്നതെങ്കിലും അവയെ സ്യഷ്ടിപരമായി സംസ്ക്കരിച്ച് ഭാവപൂര്‍ണ്ണതയിലേക്കെത്തിക്കാനും ഒപ്പം അനവധി പുതിയ ‘സംഗതികള്‍’ ഇവയില്‍ സങ്ക്രമിപ്പിക്കുവാനും കുറുപ്പിനു കഴിഞ്ഞു. ഇങ്ങിനെ കുറുപ്പാശാന്‍ കഥകളിസംഗീതത്തില്‍ വ്യക്തിത്വമാര്‍ന്ന ഒരു ശൈലി രൂപപ്പെടുത്തിയെടുത്തു. ഒരേ സമയം പ്രൌഢഗംഭീരവും ലളിതമനോഹരവുമായ, കഥകളിത്വം ഉള്ളശൈലിയാണിത്. അതിലോല ഭ്യഗപ്രയോഗങ്ങളും, വിചിത്രഗമകങ്ങളും, താളമിടഞ്ഞുള്ള പ്രയോഗങ്ങളും, താര-മന്ദ്രസ്ഥായികളിലുള്ള സുഗമമായ സഞ്ചാരങ്ങളും എല്ലാംചേര്‍ന്ന് പിന്തുടരുവാന്‍ വൈഷമ്യമുള്ളതായിരുന്നു ഈ കുറുപ്പ്ശൈലി. ഇതിനാല്‍‌ത്തന്നെയാവണം നന്വീശനാശാനേപ്പോലെ വിപുലമായൊരു ശിഷ്യസന്വത്ത് ഇദ്ദേഹത്തിന് ഉണ്ടാവാതെയിരുന്നത്. അതിനാല്‍ അദ്ദേഹത്തിന്റെ അകാലമ്യത്യുവിലൂടെ ആസ്വാദനലോകത്തിന് പിന്‍‌തുടര്‍ച്ചയില്ലാത്ത ആ ആലാപനശൈലി നഷ്ടമായി ഭവിച്ചു.


അഗാധമായ രാഗജ്ഞാനമുണ്ടായിരുന്ന ഇദ്ദേഹം എല്ലാരാഗങ്ങളും തീരെവ്യതിചലിക്കാതെ പൂണ്ണതയോടെ ആലപിച്ചിരുന്നു. രാഗങ്ങളുടെ മര്‍മ്മമറിഞ്ഞ് പാടിയിരുന്നു അദ്ദേഹം, പ്രത്യേകിച്ച് കേരളതനിമയാര്‍ന്ന പാടി,പുറന്നീര,ഘണ്ഡാരം,നവരസം തുടങ്ങിയവ. ഇവയെല്ലാം തന്നെ മലയാണ്മയുടെ ഗന്ധമുതിര്‍ക്കുന്ന, കളം‌പാട്ടിന്റെ സൌന്ദര്യം തെല്ലുകടാക്ഷിച്ച ഗാനശില്പങ്ങളായിരുന്നു


കാനക്കുറിഞ്ഞിയിലെ ‘ജീവിതനായക’,


ഗൌളീപ്പന്തിലുള്ള ‘നെഷധേന്ദ്രാ’,


മോഹനത്തിലുള്ള ‘പിന്നെ നാം മുനിയോടും’


ഇതെല്ലാം കുറുപ്പാശാന്റെ കണ്ഠത്തിലൂടെ നാടന്‍ ശീലുകളായി പരിണമിച്ചു. മോഹനത്തിലെ ‘ഗൌരീശം മമ’ ഇദ്ദേഹത്തിന്റെ ലാളിത്യമധുരമായ പ്രാര്‍ത്ഥനാഗീതമായിരുന്നു.


‘പുഷ്ക്കരാ നീ പഴുതേ’


’കേട്ടില്ലേ ഭൂദേവന്‍ മാരേ’ തുടങ്ങിയ പദങ്ങള്‍ കേവല വാചീകതലത്തിലാണ് കുറുപ്പാശാന്‍ പ്രയോഗിച്ചിരുന്നത്.


കത്തിവേഷങ്ങളുടെ രംഗപ്രവേശമറിയിക്കുന്ന പാടിരാഗവും


കഥകളിയുടെ മാത്രം സ്വത്തായ ദണ്ഡകങ്ങളും സഹ്യദയരേ കോള്‍മയിര്‍കൊള്ളിക്കുന്ന രീതിയില്‍ അദ്ദേഹം ആലപിച്ചിരുന്നു.



ആശാന്‍ സംഗീതപ്രയോഗങ്ങള്‍കൊണ്ട് പാടിതിമര്‍ത്തിരുന്ന് പദമാണ് കാന്വോജിയിലെ ‘ഹരിണാക്ഷി’,




എന്നാല്‍, ‘കോമളസരോജമുഖി’ എന്നുള്ള പദമാകട്ടെ പ്ലയിനോട്ടുകള്‍ മാത്രമുള്ള കാന്വോജിയുടെ ഒരു കരടുരൂപം.




കുറുപ്പാശാന്റെ നളചരിതാലാപനത്തിന് ഒരു പ്രത്യേക വശ്യതയാണ്.പ്രത്യേകിച്ച് ഇതിലെ ശ്ലോകങ്ങള്‍. അടുത്ത രംഗത്തിന്റെ പശ്ചാത്തലം നടനിലുംആസ്വാദകരിലും സ്യഷ്ടിക്കുവാനുതകുന്നരീതിയിനാണ് അദ്ദേഹം ശ്ലോകങ്ങള്‍ ആലപിച്ചിരുന്നത്. എന്നാല്‍അധികരാഗവിസ്താരങ്ങള്‍ നടത്തി മുഷിച്ചിലുളവാക്കിയിരുന്നുമില്ല.പകരം കുറഞ്ഞ സഞ്ചാരം കൊണ്ട്തന്നെ രാഗസ്വരൂപവും ഭാവതലവും സ്യഷ്ടിക്കുകയാണ് കുറുപ്പാശാന്‍ ചെയ്തിരുന്നത്.




നളചരിതം രണ്ടാം ദിവസത്തിലെ ‘സാമ്യം അകന്നോരു ഉദ്യാനം’എന്ന പൂര്‍വ്വിയിലുള്ളപദം അദ്ദേഹത്തിന്റേതു കേള്‍ക്കേണ്ടതു തന്നെയാണ്.




കാട്ടാളന്റെ പദത്തിനിടക്കുള്ള ‘ആഹന്ത ദയിതാ ദയാസിന്ധോ‘ എന്ന പദം രംഗത്ത് ആസമയം ഇല്ലാത്ത ദമയന്തിയുടെ ദീനവിലാപമാണല്ലൊ. പ്രാക്യതകാട്ടാളന്റെ ചിന്തകളില്‍ നിന്നും ദമയന്തിയുടെ ദൈന്യവിലാപത്തിലേക്ക് അരങ്ങിന്റെ അന്തരീക്ഷത്തെ എത്തിക്കുവാന്‍ കുറുപ്പാശാന് നിഷ്പ്രയാസം സാധിക്കുന്നു.


തന്റെ ഉത്തരേന്ത്യന്‍ബന്ധം മൂലമാകണം നാളിതുവരെ കളിയരങ്ങിന് അന്യങ്ങളായിരുന്ന സരസ്വതി,കാനഡ, ഭാഗേശ്വരി,ദേശ് തുടങ്ങിയ രാഗങ്ങള്‍ കുറുപ്പാശാന്‍ പ്രയോഗത്തില്‍ കൊണ്ടുവന്നത്. ആലോചനയൊ ചിട്ടപ്പെടുത്തലൊ കൂടാതെ പെട്ടന്ന് അരങ്ങില്‍ ചിലചരണങ്ങള്‍ പുതുരാഗങ്ങളിലേക്ക് മാറ്റിപ്പാടുന്ന സംന്വ്യദായം ആശാനിലൂടെയാണ് കഥകളിയില്‍ വന്നുചേര്‍ന്നത്. രുഗ്മാഗതചരിതത്തിലെ ‘അംബാ തൊഴുന്നേന്‍’ എന്നപദം ക്യാനഡയിലേക്ക് മാറ്റിയാണ് അദ്ദേഹം പാടിയിരുന്നത്. ഈമാറ്റത്തിലൂടെ ആരംഗത്തിന്റെ കരുണരസത്തിന്റെ ആഴം കൂടി.




മുദ്രകള്‍ക്ക് ഭാവപൂര്‍ണ്ണത നല്‍കുവാനും സംബോധനകളെ യഥാര്‍ത്ഥ വാചികതലത്തിലേക്ക്എത്തിക്കുവാനുമായി ഉണ്ണിക്യഷണക്കുറുപ്പാശാന്‍ ചിലപദങ്ങളുടെ വരികള്‍ മുറിച്ച് വാക്കുകള്‍ എടുത്തു പറയുകയും ചില അക്ഷരങ്ങള്‍ക്ക് ഊന്നല്‍ നല്‍കി ആലപിക്കുകയും ചെയ്തിരുന്നു. അരങ്ങിലെ വികാരതരളിത സന്ദര്‍ഭങ്ങളില്‍പ്പോലും ഇദ്ദേഹം നിര്‍ദാക്ഷിണ്യം ചേങ്കിലയില്‍ താളമിട്ടിരുന്നു. മാത്രമല്ല ചിലരംഗങ്ങളില്‍ പാത്രത്തിന് ഉന്‍മേഷമേറ്റാന്‍ ചേങ്കിലയില്‍ ഇടഞ്ഞുകൊട്ടുകയും ചെയ്തിരുന്നു.


കളിക്കുപാടുകയാണ് പാട്ടുകാരന്റെ ചുമതലയെന്നും പാടിക്കളിപ്പിക്കേണ്ട ബാദ്ധ്യത പാട്ടുകാരനില്ലെന്നും ഉറച്ചുവിശ്വസിച്ചിരുന്ന കുറുപ്പ്, അരങ്ങത്ത് ഒന്നാന്തരം വേഷക്കാരനായാലും കുട്ടിവേഷക്കാരനായാലും അതുശ്രദ്ധിക്കാതെ ഒന്നുപോലെ പാടിയിരുന്നു. അതുപോലെ ശിങ്കിടിപാടുന്നതാരാണെന്നതും അദ്ദേഹത്തിനൊരു പ്രശ്നമല്ലായിരുന്നു.എന്നാല്‍ കൂടെപ്പാടുന്നയാളുടെ വ്യവഹാരങ്ങളെ തമസ്ക്കരിക്കാനൊ വിലക്കാനൊ കുറുപ്പാശാന്‍ ശ്രമിക്കാറുമില്ല. അപകര്‍ഷത ഇദ്ദേഹത്തിനെ തെല്ലും തീണ്ടിയിരുന്നില്ല.


പലവിധ ഭാവോദ്ദീപകങ്ങളായ ഗാനങ്ങള്‍ കണ്ഠത്തില്‍ നിന്നുമുതിര്‍ത്തിക്കൊണ്ട് അരങ്ങില്‍ നില്‍ക്കുന്വോഴും കുറുപ്പാശാന്റെ മുഖത്ത് നിസ്സംഗഭാവമായിരിക്കും കാണാന്‍ കഴിയുക. വിമര്‍ശ്ശനങ്ങളോടും അംഗീകാരങ്ങളോടും എല്ലാം അദ്ദേഹത്തിന് ഈ നിസംഗമനോഭാവം തന്നെയായിരുന്നു. അഭിന്ദനങ്ങളും അക്ഷേപങ്ങളും ഇദ്ദേഹത്തിനെ ബാധിച്ചിരുന്നുല്ല,ആശാന്‍ അവക്കെല്ലാം അതീതനായി നിലകൊണ്ടു. അഹന്ത,അസൂയ തുടങ്ങിയവയില്‍ നിന്നും തികച്ചും മുക്തനായിരുന്നു ഉണ്ണിക്യഷ്ണക്കുറുപ്പ്.


പ്രസിദ്ധ ചെണ്ട കലാകാരനും സഹപ്രവര്‍ത്തകനുമായിരുന്ന ശ്രീ കലാ: ക്യഷ്ണന്‍‌കുട്ടിപൊതുവാള്‍, കുറുപ്പിനെ ഇങ്ങിനെ വിലയിരുത്തുന്നു. “ഉണ്ണിക്യഷ്ണക്കുറുപ്പിന്റെ ഗാനശൈലി മറ്റാര്‍ക്കും അനുകരിക്കാന്‍ പറ്റില്ല. അത് ഒരു പ്രത്യേകരീതിയാണ്. എന്നാല്‍ പല കസര്‍ത്തുകളും അടങ്ങുന്ന ഒരു ഒതുക്കമുള്ള ശ്രവണസുഖമായ വഴിയായിരുന്നു. അങ്ങിനെ കുറുപ്പ് ഉയര്‍ന്ന് പാടി, പാടിപാടി ഉയര്‍ന്നു. ആ ഉയര്‍ന്ന നിലയില്‍ത്തന്നെ ഉയിര്‍വെടിഞ്ഞു.”


അരങ്ങിലുണ്ടായിരുന്ന നിയന്ത്രണപടുത്വം ആദ്ദേഹത്തിന്റെ സ്വകാര്യജീവിതത്തില്‍ കണ്ടിരുന്നില്ല. അതിപ്രതിഭാശാലികളായുള്ള വ്യതികള്‍ക്ക് പൊതുവേ സംഭവിക്കുന്ന ദുരന്തമാണല്ലൊ ഇത്. കുറുപ്പാശാന്‍ തന്റെ തിരക്കേറിയ കലാജീവിതത്തില്‍ നിന്നും ഒന്നും സംഭരിക്കുവാനൊ സൂക്ഷിച്ചുവയ്ക്കാനൊ ശ്രമിച്ചിരുന്നില്ല. രോഗബാധിതനും അവശനുമായിതീര്‍ന്ന ഉണ്ണിക്യഷ്ണക്കുറുപ്പ് വിദഗ്ധചികിത്സക്കുപോലുംകാത്തുനില്‍ക്കാതെ തന്റെ 57ം വയസ്സില്‍ ഈലോകത്തോട് വിടപറഞ്ഞുപോയി.


സുപ്രസിദ്ധ കഥകളിനടന്‍ പത്മഭൂഷണ്‍ കലാ:രാമന്‍‌കുട്ടിനാരാശാന്‍ തന്റെ ആത്മകഥയായ തിരനോട്ടത്തില്‍ കുറുപ്പിനെ എങ്ങിനെ അനു:സ്മരിക്കുന്നു. “കഥകളി സംഗീതവേദിയില്‍ അകാലത്തില്‍ പടുതിരികത്തിയണഞ്ഞ ഒരു ഭദ്രദീപമായിരുന്നു ശ്രീ കലാ:ഉണ്ണിക്യഷ്ണക്കുറുപ്പ്. പാരന്വര്യത്തിന്റേയും ജന്മവാസനയുടേയും മാത്രം പിന്‍ബലംകൊണ്ട് ഇത്രമാത്രം ബഹുജനപ്രീതി നേടിയ ഒരാള്‍ സംഗീതത്തിലെന്നു വേണ്ട മറ്റൊരുകലയിലും ഏറെ ഉണ്ടാവില്ല. കഥകളിസംഗീതത്തില്‍ കന്വക്കാരെ അന്വരപ്പിക്കുന്ന വിധത്തില്‍ ഉണ്ണിക്യഷ്ണക്കുറുപ്പ് പ്രയോഗിച്ചുകാണിച്ചിട്ടുള്ള അത്ഭുതങ്ങളും ശൈലീഭേദങ്ങളും എടുത്തുപറയേണ്ടതാണ്. എല്ലാത്തിനും പുറമെ ആ ഗായകന്റെ ലാളിത്യവും അനായാസതയും, ആസ്വാദകന്റെ ഹ്യദയത്തോളമെത്തുന്ന കൂര്‍ത്തശബ്ദവും മറക്കാനാവില്ല. ആ ഗായകന് നിഷ്ടയോടും നിഷ്ക്കര്‍ഷയോടും കൂടി നീണ്ടകാലത്തെ അഭ്യാസംകൂടി കിട്ടിയിരുന്നുവെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി? അതങ്ങിനെയാണല്ലൊ! കരിന്വിനു കന്വ് ദോഷം എന്നല്ലെ?ഇന്ന് ഉണ്ണിക്യഷ്ണക്കുറുപ്പ് നമ്മോടോപ്പമില്ല.വേദനയോടെ നഷ്ടബോധത്തോടെ ആ ഗാനപ്രതിഭക്കുമുന്‍പില്‍ രണ്ടുതുള്ളി കണ്ണുനീരര്‍പ്പിക്കട്ടെ.”

കലാ: അപ്പുക്കുട്ടിപ്പൊതുവാളാശാന് ആദരാഞ്ജലികള്‍


കളിയരങ്ങിലും പുറത്തും മദ്ദളവാദനത്തില്‍ അസാമാന്യ മികവു പ്രകടിപ്പിച്ച,പഴയതലമുറയിലെ സമുന്നതനായ കലാകാരന്‍ ശ്രീ കലാ:അപ്പുക്കുട്ടിപ്പൊതുവാള്‍ 27/01/08ല്‍ നമ്മൊട് വിടപറഞ്ഞുപോയി.തികഞ്ഞ ആത്മാര്‍ത്ഥതയോടും അര്‍പ്പണബോധത്തോടും അരങ്ങിലും കളരിയിലും പ്രവര്‍ത്തിച്ചിരുന്ന ആശാന്‍ 1924ല്‍ തിരുവില്വാമല രാമചന്ദ്ര അയ്യരുടേയും കുഞ്ഞുമാളു പൊതുവാളസ്യാരുടേയും പുത്രനായി ഭൂജാതനായി.തന്റെ പതിമൂന്നാം വയസ്സില്‍ തന്നെ മദ്ദളാചാര്യന്‍ ശ്രീ തിരുവില്വാമല വെങ്കിച്ചന്‍സ്വാമിയുടെ ശിഷ്യനായി മദ്ദളപഠനമാരംഭിച്ചു.അത്യല്യനായ ഗുരുവിന്റെ ശിക്ഷണത്താല്‍ ചെറുപ്രായത്തില്‍ തന്നെ മദ്ദളവാദനത്തില്‍ ഉന്നതസ്താനത്തെത്തുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു.പിന്നീട് കലാമണ്ഡലം ആരംഭിച്ചപ്പോള്‍ അവിടെ ചേര്‍ന്ന്അപ്പുക്കുട്ടി പഠനം തുടര്‍ന്നു. പഠനശേഷം കലാമണ്ഡലത്തില്‍ തന്നെ നാലുപതിറ്റാണ്ടുകാലത്തോളം അദ്ധ്യാപകനായി സേവനമനുഷ്ടിച്ചു.അദ്ദേഹം മികച്ച ഒരു ഗുരുനാഥനുമാണെന്നുള്ളതിന്റെ തെളിവാണ് പ്രഖ്യാതരായ ശിഷ്യര്‍. ശ്രീ കലാ:നാരായണന്‍ നന്വീശന്‍,ശ്രീ കലാ:ശങ്കരവാര്യര്‍,ശ്രീ കലാ:നാരായണന്‍ നായര്‍,ശ്രീ കലാ:ശശി തുടങ്ങിയവരൊക്കെ എദ്ദേഹത്തിന്റെ പ്രമുഘശിഷ്യരാണ്.



അപ്പുക്കുട്ടിപ്പൊതുവാളാശാനും ക്യഷ്ണന്‍‌കുട്ടിപ്പൊതുവാളാശാനും ചെര്‍ന്ന് കഥകളി മേളപ്പദത്തിന് ഹ്യദ്യമായൊരു പുതുശൈലിതന്നെ ഉണ്ടാക്കിയെടുത്തു.അന്യദ്യശ്യമായ ഒരു കലാപരമായ കൂട്ടായമയായിരുന്ന ‘കുട്ടിത്രയം’(കലാ:രാമന്‍‌കുട്ടിനായര്‍-വേഷം,കലാ:ക്യഷ്ണന്‍‌കുട്ടിപ്പൊതുവാള്‍-ചെണ്ട,കലാ:അപ്പൊക്കുട്ടിപ്പൊതുവാള്‍-മദ്ദളം) ത്തിന്റെ പ്രകടനം ഇന്നും കളിക്കന്വക്കാരുടെ മനസ്സുകളില്‍ ഒരു ആവേശമായി നിലകൊള്ളുന്നു.
കേന്ദ്ര സംഗീത നാടക അക്കാഡമി അവാര്‍ഡ്,കേരള സംഗീത നാടക അക്കാഡമി അവാര്‍ഡ്,കലാമണ്ഡലം ഫെല്ലോഷിപ്പും വിശിഷ്ടാംഗത്വം,ദേവീപ്രസാദംട്രസ്റ്റ് പുരസ്ക്കാരം,വാഴേങ്കിട പുരസ്ക്കാരം,ഉണ്ണായിവാര്യര്‍ പുരസ്ക്കാരം,പട്ടിക്കാതൊടി അവാര്‍ഡ്,എം.കെ.കെ. നായര്‍സ്മാരക അവാര്‍ഡ്,കലാ: ക്യഷ്ണന്‍‌നായര്‍ പുരസ്ക്കാരം,പല്ലാവൂര്‍ പുരസ്ക്കാരം എന്നിവ എദ്ദേഹത്തിനു ലഭിച്ച ബഹുമതികളില്‍ ചിലതുമാത്രം.പൌരാവലിയുടെ വീരശ്യംഖലയും എദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
‘വാനപ്രസ്ഥം’ സിനിമയില്‍ അഭിനയിക്കുവാനായി ശ്രീ മോഹന്‍ലാലിന് ചില പരിശീലനങ്ങള്‍ നല്‍കിയിട്ടുള്ള പൊതുവാളാശാന്‍ ‘മേളപ്പദം’ എന്നൊരു സീരിയലില്‍ അഭിനയിക്കുകയും ഉണ്ടായിട്ടുണ്ട്.
ആ സര്‍ഗ്ഗധനായ പുണ്യാത്മാവിന്റെ നിത്യശാന്തിക്കായി നമുക്ക് പ്രാര്‍ദ്ധിക്കാം.

കുചേലവ്യത്താന്തം

lgunypaഅടുത്തിടെയായി നെല്ലിയോട് വാസുദേവന്‍ നന്വൂതിരിയുടെ കുചേലനായുള്ള കുചേലവ്യത്തം ധാരാളമായി കളിയരങ്ങുകളില്‍ നടക്കുന്നുണ്ട്. അതില്‍ 2-3എണ്ണം കാണുവാന്‍ സാധിച്ചു. ഉദയനാപുരത്തെ കളികഴിഞ്ഞ് എന്റെ ഭവനത്തില്‍ താമസിച്ച വേളയില്‍ അദ്ദേഹം കുചേലവേഷത്തേക്കുറിച്ച്,അനുഭവങ്ങളെകുറിച്ച് കുറച്ച് സംസാരിക്കുകയും ചെയ്തു.ഈ പസ്ചാസ്ഥലത്തിലാണ് എനിക്ക് എങ്ങിനെയൊന്ന് എഴുതണം എന്നു തോന്നിയത്.

ഈ കാലഘട്ടത്തിലെ ഏറ്റവും നല്ല കുചേലന്‍ നെല്ലിയോട് തിരുമേനിയുടേതുതന്നെ എന്ന് നിസംശയം പറയാംഭക്തിയുടെ മൂര്‍ത്തീഭാവമായ കുചേലന്‍ എന്ന കഥാപാത്രത്തെ അത്രകണ്ട് ഉള്‍ക്കൊണ്ടാണദ്ദേഹം അവതരിപ്പിക്കുന്നത്. കുചേലന്റെ ദാരിദ്ര്യവും ദൈന്യതയും എദ്ദേഹം സ്തായിയായി നിലനിര്‍ത്തുന്നു.



ദാരിദ്ര്യദു:ഖത്തെപറഞ്ഞ് ക്യഷ്ണനെകാണാന്‍ പോകാന്‍ അഭ്യര്‍ദ്ധിക്കുന്ന പത്നിയോട് കുചേലന്‍ ‘രണ്ടുനാലു ദിനം കൊണ്ടോരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍, മാളികമുകളേറിയ മന്നന്റെ തോളില്‍ മാറാപ്പുകേറ്റുന്നതും ഭവാന്‍”എന്ന ഈരടി മുദ്രാരൂപത്തില്‍ അവതരിപ്പിക്കും.
ഏഴുനിലമാളികയുടെ മുകളിലാണ് ഭഗവാന്‍ ഇരിക്കുന്നത് എന്നറിയുന്ന കുചേലന്‍ വിചാരിക്കുന്നു-‘കാമം,ക്രോദ്ധം,ലോഭം,മോഹം,മദം,മാത്സര്യം എന്നീ ആറുവിചാരങ്ങളാകുന്ന നിലകള്‍ കടന്നു ചെന്നാലേ ഈശ്വരസമീപം ചെല്ലാനാകു.’ ഈ ആട്ടങ്ങള്‍ കുചേലന്റെ ഭക്തിയും അറിവും ദോദിപ്പിക്കുന്നവയാണ്.





പദത്തിലെ വാക്കുകള്‍ക്ക് മുദ്രകാണിക്കുക എന്നതിലുപരിയായി വാക്കുകളെ വ്യാഘാനിച്ചു മുദ്രകാണിക്കുന്ന സന്വ്യദായമാണ് നെല്ലിയോട് അനുവര്‍ത്തിച്ചു വരുന്നത്.ക്യഷ്ണപര്യായമായി ‘അച്യതന്‍’ എന്ന് പദത്തില്‍ വരുന്നസ്തലത്ത് സാധാരണ എല്ലാവരും ക്യഷ്ണന്‍ എന്നുള്ള മുദ്രതന്നെയാണ് കാണിക്കുക പതിവ്. എന്നാല്‍ തിരുമേനി ആ പദത്തിന്റെ അര്‍ത്ഥമായ ‘നാശമില്ലാത്തവന്‍’ എന്നു തന്നെ മുദ്രകാണിക്കുന്നു.
‘വിജയസാരഥേ’ എന്നുള്ള സ്തലത്ത്, ‘അര്‍ജ്ജുനസാരഥിയായ് നിന്ന്, തളര്‍ച്ചയുണ്ടായസ്മയത്ത് വേണ്ട ഉപദേശങ്ങള്‍ നല്‍കി പാര്‍ത്ഥന് ധൈര്യത്തേനല്‍കി രക്ഷിച്ചവനേ‘ എന്നാണദ്ദേഹം മുദ്രകാണിക്കുക.
നെല്ലിയോടിന്റെകുചേലന്‍ ക്യഷ്ണനോട് യത്രപറയും മുന്‍പായി ലഘുവായി ഒരു ദശാവതാരം ആടാറുണ്ട്. ഇതും വളരേ മനോഹരമാണ്.







പണ്ട് എറണാകുളംക്ലബ്ബില്‍ ഒരു കുചേലവ്യത്തം.പ്രശസ്തനര്‍ത്തകന്‍ കൂടിയായ ശ്രീ ആനന്ദശിവറാമിന്റെ ക്യഷ്ണനും പതമശ്രീ വാഴേങ്കിട കുഞ്ചുനായരുടെ കുചേലനുമാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ‘എനിക്കു നല്ല സുഖം തോന്നുന്നില്ല,എന്ന് കളിക്ക് പോയാല്‍ നേരെയാവില്ല.നന്വൂരി പോയാല്‍മതി എനിക്കുപകരം.കുചേനോറ്റയാ വേഷം.’ എന്നു പറഞ്ഞ് കുഞ്ചുനായരാശാന്‍ നെല്ലിയോടിനെ നിയോഗിക്കുകയാണുണ്ടായത്. അങ്ങിനെ തന്റെ ഇരുപത്തി എട്ടാംവയസിലാണ് നെല്ലിയോട് ആദ്യമായി കുചേലവേഷം കെട്ടുന്നത്. അന്ന് ആസ്വാദകരുടെ മുക്തകണ്ഠം പ്രശംസക്കുപാത്രമായി അദ്ദേഹം. ആനന്ദശിവറാം തന്നെ കളിക്കുശേഷം തിരുമേനിയോടിങ്ങിനെ പറഞ്ഞു‘വളരേകാലത്തിനു ശേഷം ഒരുവേഷം കുഞ്ചുനായരശാനോടോപ്പം ചെയ്യാം എന്ന മോഹത്തിനു ഭംഗം വന്നപ്പോള്‍ ലേശം വിഷമം തോന്നി. എന്നാല്‍ ഇപ്പോള്‍ സന്തോഷായി.നമുക്കിനിയും ഒരുമിച്ചു വേഷം കെട്ടണം.’
അതിനുശേഷം കേരളത്തിലും പുറത്തുമായി അനവധി അരങ്ങുകളില്‍ നെല്ലിയോട് കുചേലവേഷംകെട്ടി, പ്രഗത്ഭരുള്‍പ്പെടെ പല നടന്മാരുടെ ക്യഷ്ണന്മാരോടോപ്പം.
ക്യഷ്ണനായരാശാനും ക്യഷ്ണന്‍‌കുട്ടിപോതുവാളും ഒക്കെ കൊല്ലത്തിനടുത്ത് ഒരു കളരിയില്‍ ജോലിചെയ്യുന്നകാലത്ത്അവിടെ ക്യഷ്ണന്‍ നായരുടെ വ്യത്യസ്തവേഷങ്ങള്‍ അവതരിപ്പിക്കുക പതിവായിരുന്നു. ഒരിക്കല്‍ ‘ഈത്തവണ ക്യഷ്ണന്‍ നായരുടെ കുചേലവ്യത്തത്തില്‍ ക്യഷ്ണനാകട്ടെ’ എന്ന് പൊതുവാളാശാന്‍ നിശ്ചയിച്ചു. അപ്പോള്‍ മറ്റാരോ പറഞ്ഞു ‘എന്നാല്‍ കുടമാളൂരിന്റെ കുചേലനായിക്കോട്ടെ’ എന്ന്. അപ്പോള്‍ ക്യഷ്ണന്‍ നായരാശാന്‍ നിര്‍ദേശിച്ചു-‘എന്റെ ക്യഷ്ണനാകുന്വോള്‍ കുടമാളൂര്‍ രുഗ്മിണിയല്ലെ ആകേണ്ടത്. കുചേലനായി നെല്ലിയോട് മതി,നന്നാവും.’അങ്ങിനെയാണ് തിരുമേനി ആദ്യമായി കലാ:ക്യഷ്ണന്‍ നായര്‍ക്കൊപ്പം കുചേലവേഷം കെട്ടുന്നത്.
ഒരിക്കല്‍ ക്യഷ്ണന്‍ നായരുടെ ക്യഷ്ണന്‍ തിരുമേനിയുടെ കുചേലനോട് സുഖവിവരങ്ങള്‍ അന്യൂഷിക്കുന്നകൂട്ടത്തില്‍ ‘ഇല്ലത്തെങ്ങിനെയാ കഴിഞ്ഞുകൂടാനുള്ള വകയൊക്കെയൊണ്ടോ?’ എന്നുചോദിച്ചു. ഉത്തരം പറയാത്തതിനാല്‍ വീണ്ടും ഒരു വട്ടം കൂടി ചോദിച്ചു. അപ്പോള്‍ കുചേലന്‍ ഇങ്ങിനെ പറഞ്ഞു ‘സര്‍വജ്ഞനായ അങ്ങേക്ക് എല്ലാകാര്യങ്ങളും അറിവുള്ളതല്ലെ? പിന്നെ ഇങ്ങിനെ ചോദിച്ച് എന്നെ വട്ടത്തിലാക്കണോ?’അന്നത്തെ കളികഴിഞ്ഞ് തുടച്ചുകൊണ്ടിരുന്നപ്പോള്‍ ക്യഷ്ണന്‍ നായരാശാന്‍ നെല്ലിയോടിനോട് ഇങ്ങിനെ പറഞ്ഞുവത്രെ-‘ഏയ് ക്യഷ്ണന്‍ അങ്ങിനെ ചോദിക്കാന്‍ പാടില്ലാല്ലെ? അതു കളിയാക്കല്‍ പോലെ തോന്നുംല്ലെ?ഏതായാലും നന്വൂരി നല്ല ഉത്തരം പറഞ്ഞു രക്ഷിച്ചു.‘

ശ്രീവല്ലഭക്ഷേത്രത്തിലെ വഴിപാടുകളി-26/01/08


26/01/08ന് തിരുവല്ല്ലശ്രീവല്ലഭസന്നിധിയില്‍ ശ്രീ വിനീത് നന്വൂതിരി,ശ്രീ കേരളന്‍ നന്വൂതിരി,ശ്രീമതി ശ്രീദേവീ അന്തര്‍ജനം എന്നിവരുടെ വഴിപാടായി കഥകളി നടന്നു.


രാത്രി 9:30ന് ശ്രീ ക്യഷ്ണ കിള്ളിമംഗലത്തിന്റെ പുറപ്പാടോടെ കളി ആരംഭിച്ചു. പുറപ്പാടിന് ശ്രീ ജിഷ്ണുനന്വൂതിരിപ്പാടും ശ്രീ നരായണന്‍ നന്വൂതിരിപ്പാടും ചേര്‍ന്നാണ് പാടിയത്. തുടര്‍ന്ന് ശ്രീ കലാനിലയം സിനു,മംഗലം നരായണന്‍ നന്വൂതിരി(പാട്ട്),ശ്രീ കലാഭാരതി ഉണ്ണിക്യഷ്ണന്‍(ചെണ്ട),ശ്രീ തിരുവല്ല രാധാക്യഷ്ണന്‍(മദ്ദളം) എന്നിവര്‍ ചേര്‍ന്ന് മേളപ്പദവും അവതരിപ്പിച്ചു.

കുചേലവ്യത്തമായിരുന്നു ആദ്യകഥ. ഇതില്‍ ശ്രീ നെല്ലിയോട് വാസുദേവന്‍ നന്വൂതിരി കുചേലനായും ശ്രീ തിരുവല്ല കരുണാകര കുറുപ്പ് കുചേല പത്നിയായും അഭിനയിച്ചു.



ക്യഷ്ണനായി വന്ന ശ്രീ ജയദേവ വര്‍മ്മ പദാട്ടങ്ങള്‍ കാലം താഴ്ത്തി വിസ്തരിച്ചുകാണിക്കുന്നതായി കണ്ടു.‘ഉല്പലവിലോചനേ’ എന്നത് ‘കുവലേവിലോചനേ’ പോലെ വിസ്തരിച്ചുകാണിക്കുവാന്‍ തുടങ്ങിയാല്‍ കാണികള്‍ക്ക് വിരസതയേ അനുഭവപ്പെടുകയുള്ളു. അതായത് കുട്ടിത്തരം ഇടത്തരം വേഷങ്ങള്‍ ആദ്യാവസാനക്കാരേപോലേ കാലംതാഴ്ത്തി വിസ്തരിച്ച് മുദ്രകാണിക്കേണ്ട കാര്യമില്ലല്ലൊ.


ശ്രീ കലാ:സുരേന്ദ്രന്‍,കലാനിലയം സിനു,മംഗലം നാരായണന്‍ നന്വൂതിരി,ശ്രീ ജിഷ്ണു നന്വൂതിരിപ്പാട് എന്നിവരാണ് ഈ കഥക്ക് പാടിയത്.


തുടര്‍ന്ന് ശ്രീ കലാഭാരതി ഹരികുമാര്‍ അര്‍ജ്ജുനനായും ശ്രീ എം.പി.എസ്സ്. നന്വൂതിരി ബ്രാഹ്മണനായും ഉള്ള സന്താനഗോപാലം കഥയും നടന്നു.

ഇതിലെ ആദ്യരംഗം ശ്രീ കലാ:കേശവന്‍ നന്വൂതിരിയും മംഗലം നാരായണന്‍ നന്വൂതിരിയും ചേര്‍ന്നും തുടര്‍ന്ന്കലാ:സുരേന്ദ്രനും കലാ:കേശവന്‍ നന്വൂതിരിയും ചേര്‍ന്നും പാടി.

ശ്രീ കലാഭാരതി ഉണ്ണിക്യഷ്ണന്‍, തിരുവല്ലാ ഹരികുമാര്‍ എന്നിവര്‍ ചെണ്ടയും,ശ്രീ തിരുവല്ല രാധാക്യഷ്ണന്‍,കലാഭാരതി ജയശങ്കര്‍ എന്നിവര്‍ മദ്ദളവും കൈകാര്യംചെയ്ത ഈ കളിക്ക് ശ്രീ ചിങ്ങോലി പുരുഷോത്തമനായിരുന്നു ചുട്ടികുത്തിയത്.
ശ്രീ വല്ലഭവിലാസം കളിയോഗം,തിരുവല്ലയുടേതായിരുന്നു കോപ്പും നടത്തിപ്പും.

കഥകളി ആസ്വാദന സദസ്സ് വാര്‍ഷികം(2)


ഇടപ്പള്ളി കഥകളി ആസ്വാദനസദസ്സിന്റെ അഞ്ചാംവാര്‍ഷീകാഘോഷത്തിന്റെ അവസാനദിവസമായ ജനുവരി 25ന് ഇടപ്പള്ളി ചെങ്ങന്വുഴപ്പാര്‍ക്കില്‍ വൈകിട്ട് 6:30മുതല്‍ കഥകളി നടന്നു. ശ്രീ ആര്‍.എല്‍.വി.സുനിലിന്റെ പുറപ്പാടിനുശേഷം ബാലിവധംകഥ വതരിപ്പിക്കപ്പെട്ടു(സുഗ്രീവന്റെ തിരനോട്ടം മുതലുള്ളഭാഗങ്ങള്‍).






ശ്രീ കോട്ടക്കല്‍ ദേവദാസാണ് സുഗീവനായിഎത്തിയത്. ഋഷ്യമൂകാചലത്തില്‍ തന്റെ മന്ത്രിമാരുമായി കഴിയുന്ന സുഗ്രീവന്‍ ജേഷ്ടനായബാലിയാല്‍ രാജ്യത്തുനിന്നും പുറത്താക്കപ്പെട്ടകഥയും മറ്റും ഓര്‍ക്കുന്നു.അങ്ങിനെയിരിക്കുന്വോള്‍ എന്തോശുഭലക്ഷണമായി തന്റെ വലത്തുവശം തുടിക്കുന്നതായി സുഗ്രീവന് അനുഭവപ്പെടുന്നു.അപ്പോള്‍ താഴെ കാട്ടില്‍ ജടാവല്‍ക്കലധാരികളായ രണ്ട് യുവാക്കള്‍ വരുന്നതായി കാണുന്നു.അവരുടെ കയ്യില്‍ ചാപബാണങ്ങള്‍ കണ്ട്, ബാലി തന്നെ വധിക്കുവാന്‍ അയച്ചവരാണോ എന്ന് ആദ്യം സുഗ്രീവന്‍ സംശയിക്കുന്നു.എന്നാല്‍ ബാലി അങ്ങിനെ ചെയില്ല,നേരിട്ട് വരുകയേയുള്ളു എന്നും ചിന്തിക്കുന്നു. വേഗം മന്ത്രിയായ ഹനുമാനോട് വിവരങ്ങള്‍ അന്യൂഷിച്ചു വരുവാന്‍ കല്‍പ്പിക്കുന്നു. ഹനുമാന്‍ വേഷംമാറിപോയി, അവരെ കണ്ട് രാമലക്ഷ്മണന്‍മാരാണെന്നറിഞ്ഞ് കൂട്ടികൊണ്ട് വരുന്നതായാണ് കഥകേട്ടിരിക്കുന്നത്. എന്നാല്‍,ആദ്യം ഹനുമാന്‍ അന്യൂഷണംനടത്തി സുഗ്രീവസമീപം തിരിച്ചെത്തി വിവരംഅറിയിക്കുന്നതായും,അവരേ കൂട്ടിക്കൊണ്ട് വരുവാന്‍ സുഗ്രീവന്‍ കല്‍പ്പിച്ചയക്കുന്നതായുമാണ് ഇവിടെ ആടിക്കണ്ടത്.


ശ്രീ കലാ:രാജീവ് ശ്രീരാമനായും ശ്രീ ആര്‍.എല്‍.വി.സുനില്‍ ലക്ഷ്മണനായും വേഷമിട്ടു.സുഗ്രീവസഘ്യസമയത്ത് രാമന്‍ സുഗ്രീവനോട് ബാലിയേ ഞാന്‍ വധിച്ചുതരാം എന്നും അതിനായി നീ പോയി ബാലിയേ പോരിനുവിളിക്കുക എന്നും മാത്രമെ പറഞ്ഞുള്ളു.മറഞ്ഞുനിന്നു അസ്ത്രമയക്കുന്നകാര്യം പറയുന്നതിനു മുന്‍പുതന്നെ ഞങ്ങളെ കണ്ടാല്‍ തിരിച്ചറിയില്ല,അതിനുളളമാര്‍ഗ്ഗം എന്താണ് എന്ന് സുഗ്രീവന്‍ ചോദിക്കുകയും ചെയ്തു.






ശ്രീ നെല്ലിയോട് വാസുദേവന്‍ നന്വൂതിരി ബാലിയായി അരങ്ങിലെത്തി.സുഗ്രീവന്റെ പോരിനുവിളികേട്ട് ചാടിപ്പുറപ്പെടുന്ന ബാലിയെ ഭാര്യയായതാര തടയുന്നതായും’അതിഭീകരരൂപിയായ നരസിംഹം നേരിട്ട് എതിര്‍ക്കാന്‍ വന്നാല്‍ പോലും എനിക്ക് ഭയമില്ല.കാരണം എന്റെ അച്ഛന്‍ എനിക്ക് വരം തന്നിട്ടുണ്ട്,നേരേ എതിര്‍ക്കാന്‍ വരുന്നവരുടെ പകുതിശക്തികൂടി എനിക്കു ലഭിക്കും എന്ന്. അതിനാല്‍ നീ ഭിതികളഞ്ഞ് അന്ത:പ്പുരത്തില്‍ പോയി സുഖമായി വസിക്കുക. ഞാന്‍ വിജയിച്ചുവന്നിട്ട് നിന്നെ സന്തോഷിപ്പിക്കാം.‘ എന്ന് ബാലി മറുപടിപറയുന്നതായും തിരുമേനി ആടി. തുടര്‍ന്ന് പോരിനുവന്ന സുഗ്രീവനോട് ‘പാലാഴി ഒറ്റക്ക് കടഞ്ഞ എന്നെ നി പോരിനു വിളിക്കുകയൊ‘ എന്നു ചോദിച്ചുകൊണ്ട് പാലാഴിമധനംകഥ വിസ്തരിച്ചാടി.






പലപ്പോഴും സുഗ്രീവന്‍ ‘ചേട്ടാ...ചേട്ടാ’ തുടങ്ങിയ വിളികള്‍ നടത്തുന്നതായി കണ്ടു.എതുകേട്ട് ബാലി‘നിന്റെ ഈ ശീലങ്ങള്‍ ഇനിയും മാറിയിട്ടില്ലെ?’ എന്ന് ചോദിക്കുന്നതായും കണ്ടു.


ശ്രീ ബിജുഭാസ്ക്കര്‍ താരയായും ശ്രീ കലാ:പ്രമോദ് അംഗദനായും വേഷമിട്ടു.തന്റെ അച്ഛനായ ബാലി ബാണമേറ്റുവിണതറിഞ്ഞ് ഓടിവരുന്ന അംഗദന്‍, അതിനുകാരണക്കാരനായ സുഗ്രീവന്റെ നേരേ കടിക്കുവാനും മാന്തുവാനും ചെല്ലുന്നു.



ശ്രീ കലാ:ബാബു നന്വൂതിരിയും ശ്രീ കലാ:ഹരീഷും ചേര്‍ന്നുഉള്ള പാട്ടും നന്നയിരുന്നു. ശ്രീ കലാ:രാമന്‍ നന്വൂതിരിയും ശ്രീ ഗോപീക്യഷ്ണന്‍ തന്വുരാനും (ചെണ്ട) ശ്രീ കലാ:നാരായണന്‍ നായരും ശ്രീ കലാനിലയം മനോജും(മദ്ദളം) ചേര്‍ന്നുള്ള മേളവും നന്നായി.


ഈ കളിക്ക് ചുട്ടികുത്തിയത് ശ്രീ കലാ:ബാലനും ശ്രീ കലാനിലയം ശശിയും ആയിരുന്നു. ഏരൂര്‍ ഭവാനീശ്വരംകളിയോഗത്തിന്റെ കോപ്പ് ഉപയോഗിച്ച് അണിയറകൈകാര്യം ചെയ്തിരുന്നത് ശ്രീ ഏരൂര്‍ ശശിയും സംഘവുമായിരുന്നു.