കോട്ടയം കളിയരങ്ങിലെ മാസപരിപാടി- കീചകവധം



                                                      കോട്ടയം കളിയരങ്ങിലെ മാസപരിപാടി 12/03/2016ന് വൈകിട്ട് 4:30മുതൽ തിരുനക്കര സുവർണ്ണ ഓഡിറ്റോറിയത്തിൽ വെച്ച് നടത്ത്പ്പെട്ടു. ഇരയിമ്മൻ തമ്പി രചിച്ച ‘കീചകവധം’ കഥകളിയായിരുന്നു പരിപാടി. അജ്ഞാതവാസാരംഭത്തിൽ പാണ്ഡവപത്നി സൈരന്ധ്രിയായി വന്ന് മാത്സ്യരാജ്ഞിയെ കാണുന്ന രംഗം മുതൽ കീചകന്റെ വധം വരെയുള്ള ഭാഗ മാണ് (മല്ലയുദ്ധം കൂടാതെ സധാരണയായി പതിവുള്ള രംഗങ്ങൾ മാത്രം) ഇവിടെ അവതരിപ്പിക്കപ്പെട്ടിരുന്നത്.

                                        സുദേഷ്ണയായി കലാ:കാശിനാഥനാണ് രംഗത്തുവന്നത്. സുദേഷ്ണയുടെ പ്രഥമവും പ്രധാനവുമായ ‘ശശിമുഖി’ ഉൾപ്പെടെയുള്ള പദഭാഗങ്ങളും ആട്ടങ്ങളും ഭംഗിയായിതന്നെ കാശി അവതരിപ്പിച്ചു , എങ്കിലും തെല്ല് ആയാസവും തോന്നിയിരുന്നു.
“കേകയഭൂപതി കന്യേ"
                        പ്രധാനപ്പെട്ട പദമായ ‘കേകയഭൂപതികന്യേ’ ഉൾപ്പെടെയുള്ള പദഭാഗങ്ങൾ ഭംഗിയായും അനായാസമായും വതരിപ്പിച്ചു സൈരന്ധ്രിയായി അഭിനയിച്ച കലാ:ഷണ്മുഖദാസ്. പാത്രബോധത്തോടെയും സന്ദർഭാനുസാരിയായ ഭാവപ്രകടനങ്ങളോടെയും ഇദ്ദേഹം തന്നെ വേഷം ഭംഗിയാക്കി.


                                കലാ:പ്രദീപാണ് കീചകവേഷമിട്ട് എത്തിയത്. ‘കന്തർപ്പനാൽ ജിതനായ’, അതിവിടനായരീതിയിലുള്ള കഥാപാത്രാവതരണമായിരുന്നു പ്രദീപ് ഇവിടെ ചെയ്തത്.
'തിരനോട്ടം'
                          ഉദ്യാനത്തിൽ പൂ പറിച്ചുകൊണ്ടിരിക്കുന്ന സൈരന്ധ്രിയിൽ കാമാവേശിതനായി അവിടേക്കെത്തുന്ന കീചകൻ, കുറേ പൂക്കൾ തന്റെ ഉത്തരീയത്തിലും പറിച്ചു ശേഘരിക്കുന്നു. അതുമായി മാലിനിയെ സമീപിക്കുമ്പോൾ അതിലൊരു പൂവ് അവളുടെ കവിളിലേയ്ക്ക്  തെറ്റിക്കുന്നു. കവിളിൽ പൂ കൊണ്ടപ്പോൾ ഞെട്ടിതിരിഞ്ഞു നോക്കുന്ന അവളുടെ പാദങ്ങളിലേയ്ക്ക്  ബാക്കി പൂക്കൾ സമർപ്പിച്ചുകൊണ്ട് കീചകൻ പദാഭിനയം ആരംഭിച്ചു.  ‘ചില്ലീലതകൊണ്ട് തല്ലിടായ്ക്’ എന്നതുൾപ്പെടുന്ന അഭിനയ പ്രധാനമായ ഭാഗം ഉൾപ്പെടെ പാടിപദം ഭംഗിയായി അവതരിപ്പിക്കപ്പെട്ടിരുന്നു എങ്കിലും, ‘മല്ലീശരവില്ല്’ നോക്കിക്കാണുന്നത് ലോപിച്ചുപോയി. ഇത് അനുസ്മരിച്ചെന്നപോലെ ‘ചാപം ധരിച്ചു’ എന്ന ഭാഗത്ത് ഷണ്മുഖൻ വില്ല് നോക്കികാണുകയുമുണ്ടായി!
"കേള്‍ക്ക നീ"


മറുപടി പറഞ്ഞുതുടങ്ങിയ മാലിനിയോട് ‘മധുരമായ ശബ്ദത്തിൽ ഇനിയും ധാരാളം സംസാരിച്ചുകൊള്ളു’ എന്ന് കീചകൻ പ്രോത്സാഹിപ്പിച്ചു. ‘പണ്ടു ജനകജ തന്നെ കണ്ടു കാമിച്ചു’ മുതലുള്ള രാമായണകഥ അല്പം വിസ്തരിച്ചുതന്നെ സൈരന്ധ്രി പറയുകയും ചെയ്തു. ചുറ്റും അഗ്നിജ്വലിക്കയാൽ സീതയെ പിടിക്കുവാൻ സാധിക്കാതെ രാവണൻ ആ ഭാഗത്തെ ഭൂമിതന്നെ ഉയർത്തി പുഷ്പകവിമാനത്തിൽ ഏറ്റി പുറപ്പെടുന്നതായും, മാർഗ്ഗമദ്ധ്യേ തടയുന്ന ജടായുവിനെ ചിറകരിഞ്ഞുവീഴ്ത്തി ലങ്കയിലേയ്ക്ക് പോകുന്നതായുമൊക്കെ വിശദാംശങ്ങളോടെ മനോഹരമായി ഈ ഭാഗം അവതരിപ്പിച്ചു എങ്കിലും അധികസമയമെടുക്കുകയോ വിരസതാനുഭവപ്പെടുത്തുഅയൊ ഉണ്ടായുമില്ല എന്നതാണ് ഗുണം.
“സാദരം നീ ചൊന്നോരുമൊഴി"
“അഞ്ചുഗന്ധര്‍വ്വന്മാരെ ജയിപ്പാന്‍ പോരുമേകന്‍ ഞാന്‍"
“പഞ്ചബാണനെ വെല്‍‌വാനെളുതല്ലേ”
                      സോദരീമന്ദിരത്തിലെത്തി സോദരിയോട് സംവദിക്കുന്നവേളയിലൊക്കെ മാലിനി ആ പരിസത്തെങ്ങാനും ഉണ്ടോ എന്ന് ശ്രദ്ധിച്ചുകൊണ്ടേയിരുന്ന കീചകൻ.  ഇടയ്ക്ക് ആരോ അതുവഴി കടന്നുപോകുന്നതായി കണ്ട് പാളിനോക്കുകയും, അത് മാലിനിയല്ലായെന്നു മനസ്സിലാക്കി നിരാശപ്പെടുകയും ചെയ്തു. സോദരി കാര്യം സമ്മതിച്ചശേഷവും ചുറ്റും പറ്റും മാലിനിയെ തേടിക്കൊണ്ട്  ‘ശരി,……..പോട്ടേ.അയയ്ക്കുമല്ലോ?......’ എന്നിങ്ങിനെ ഓരോന്നും പറഞ്ഞുകൊണ്ട് ചുറ്റി പറ്റി നിന്നുവെങ്കിലും ഒടുവിൽ മാലിനിയെ ഒരു നോക്ക് കാണാനാവാതെ കീചകൻ അവിടെ നിന്നും നിഷ്ക്രമിച്ചു.


              തന്റെ ആഗ്രഹപൂർത്തീകരണത്തിന് വഴിയൊരുക്കാമെന്ന് സോദരി സമ്മതിച്ചതു കേട്ട് അവരെ കീചകൻ വീണുനമസ്ക്കരിക്കുന്നു. മനോഹരമായും തന്റെ മെയ് വഴക്കത്തെ പ്രദർശ്ശിപ്പിക്കുമാറും പ്രദീപ് വീണുനമസ്ക്കരി ച്ച് എഴുന്നേറ്റു. മെയ് വഴക്കം എന്നതിലുപരിയായി ഇവിടെ മറ്റു 2കാര്യങ്ങൾ ശ്രദ്ധയിൽ പെട്ടു. (1)ഈ നമസ്ക്കരിച്ചെഴുന്നേൽപ്പിൽ ഉത്തരീയപട്ടുവാലാദി ചമയങ്ങളൊന്നും ക്രമരഹിതമായിപോകാതെ വേഷഭംഗി നിലനിന്നു. (2)ഉടുത്തുകെട്ടിന്റെ ഉൾഭാഗം മാത്രം നിലത്തു സ്പർശിക്കത്തക്കരീതിയിലായിരുന്നു ഇരിക്കൽ എന്നതിനാൽ ഞൊറിയിലും മറ്റും പൊടിയും അഴുക്കും പുരളാതിരിക്കുകയും ചെയ്തു.
“ആനനനിന്ദിതചന്ദ്രേ"
                                      ‘ഹരിണാക്ഷി’യെന്ന കാമ്പോജി രാഗപദമുൾക്കൊള്ളുന്ന പ്രധാനരംഗം ഒരു നിറഞ്ഞ അനുഭവം തന്നെ ആയിരുന്നു. ‘സഞ്ചാരദൂനതര’വും, ‘ചരണനളിനപരിചരണ’വും, ‘മദകളകളഹംസാഞ്ചിതഗമന’വും ‘മഞ്ചം’ഒരുക്കലും ഒക്കെ മനോഹരമായിതന്നെ പ്രദീപ് അവതരിപ്പിച്ചു. 
"പലതടവുമതിനു പുനരവളൊടു പറഞ്ഞളവു പരുഷമൊഴി കേട്ടുടനടങ്ങീ-”
"ഹരിണരിപുവരസഹിത ദരിയിലിഹ പോകുമൊരു ഹരിണിയിയുടെ വിവശത കലര്‍ന്നൂ”

"വിശ്വസ്യനാഥമപിവിശ്വസ്യ ചേതസി സുജാതാ"
                    





























                                                   രംഗാന്ത്യത്തിൽ മാലിനിയെ ഉപദ്രവിച്ചുകൊണ്ട് പിന്തുടരവെ ആകാശത്തിൽ നിന്നും ഒരു തേജോരൂപം(മദോത്കടൻ) വന്ന് എതിരിടുന്നതായി നടിച്ചുകൊണ്ട് കീചകൻ നിഷ്ക്രമിച്ചു. ഇതും സന്ദർഭോചിതമായ ആട്ടം തന്നെ.

                         ഇങ്ങിനെ വിടത്വമാർന്ന പത്രാവതരണം കൊണ്ടും, മികച്ച അഭിനയം കൊണ്ടും, സന്തർഭോചിതങ്ങളായ ആട്ടങ്ങളെകൊണ്ടുമൊക്കെ പ്രദീപിന്റെ കീചകാവതരണം മികച്ച അനുഭവദായകമായി. നൂതനമായ ആവിഷ്ക്കാരങ്ങളും അവതരണത്തിന്റെ മാറ്റുകൂട്ടി. സഹകലാകാരന്മാരുമായുള്ള യോജിപ്പും, മികച്ച പ്രവർത്തിയും പ്രദീപിന്റെ കീചകാവതരണത്തെയും അതിലൂടെ ഈ കളിയേയും അവിസ്മരണീയമാക്കിതീർത്തു. എങ്കിലും, തിരനോട്ടം, പതിഞ്ഞപദം തുടങ്ങി സ്ങ്കേതബദ്ധങ്ങളായ ഭാഗങ്ങളിൽ ഒന്നുകൂടി നിഷ്ക്കർഷപുലർത്തുകയും, പ്രവേശങ്ങൾ, കലാശങ്ങൾ, പദാഭിനയ ഭാഗങ്ങൾ ഒക്കെ കാലപ്രമാണനിഷ്ഠപാലിക്കുവാൻ ശ്രദ്ധിക്കുകയും ചെയ്തിരുന്നെങ്കിൽ പൂർണ്ണമായി ഉത്തമമായിതീർന്നേനെ.
“ഹരിണാക്ഷീജനമൌലിമണേ"
                                        കാണികളിലേയ്ക്ക് മെച്ചപ്പെട്ട അനുഭവം പകർന്നു നൽകുന്നതിൽ പ്രധാനനടന്മാരായിരുന്ന പ്രദീപും ഷണ്മുഖനും തമ്മിലുള്ള ഗുണപരമായ രസതന്ത്രം പ്രഥാനപങ്കുവഹിച്ചിരുന്നു. ആദ്യഭാഗത്ത് കീചകൻ പൂതെറ്റിക്കുന്നതും കൃത്യമായി അത് കവിളിൽ കൊള്ളുന്നതായി മാലിനി നടിക്കുന്നതും മുതൽ അനുഭവവേദ്യമായ ഈ പ്രവർത്തിയോജിപ്പ്  ‘ഹരിണാക്ഷി’രംഗത്തിന്റെ നിറഞ്ഞ അനുഭവത്തിന് പ്രധാന കാരണവുമായി. കീചകൻ ‘’ചരണപരിചരണ’ത്തിനു ചെല്ലുമ്പോളും, ചരണാന്ത്യങ്ങളിൽ ആലിംഗനത്തിനായി ചെല്ലുമ്പോഴും, കലാശാന്ത്യത്തോടെ നിതംബതാടനത്തിനു ചെന്നപ്പോഴും, പദാഭിനയശേഷമുള്ള താടന മർദ്ധനാദികൾ ചെയ്യുന്ന സമയങ്ങളിലും ഒക്കെ പ്രദീപിന്റെ നീക്കങ്ങളെ അനുഭപ്രദങ്ങളാക്കിതീർത്തത് ഷണ്മുഖനുമായുള്ള രസതന്ത്രത്തിന്റെ ഗുണമാണ്.
"മദകളകളഹംസാഞ്ചിതഗമനേ”
                                        വലലവേഷവും അണിഞ്ഞത് കലാ:കാശിനാഥൻ തന്നെയായിരുന്നു. തിരനീക്കവെ വലലൻ നിലത്തിരുന്ന് പീഠത്തിൽ തവെച്ച് ഉറങ്ങുന്നതായാണ് സാധാണ അവതരിപ്പിക്കാറുള്ളത്. എന്നാൽ ഇവിടെ കീചകൻ പീഠത്തിൽതന്നെ ഇരിക്കുന്നതായാണ് കണ്ടത്.
"ഹതി ബത വിരവൊടു ചെയ്തീടുന്നേന്‍"
                                                      നെടുമ്പുള്ളി റാംമോഹനും ശ്രീരാഗ് വർമ്മയും ചേർന്നുള്ള സമ്പ്രദായനിഷ്ഠമായ അരങ്ങുപാട്ട് കളിയുടെ വിജയത്തിൽ ചെറുതല്ലാത്ത പങ്കുവഹിച്ചു. സാധാരണയായി ഇന്ന് കാണുന്ന അമിതസംഗീതപ്രയോഗവാഞ്ഛ ഇല്ലെന്നു മാത്രമല്ല; സമ്പ്രദായനിഷ്ഠവിടാതെയും, രംഗത്തെ നടന്മാരുടെ ചലനങ്ങൾ സസൂക്ഷ്മം വീക്ഷിച്ചുകൊണ്ടും,  അരങ്ങിനനുഗുണമായ സംഗീതപ്രയോഗങ്ങളാൽ സമൃദ്ധമാക്കിക്കൊണ്ടുമുള്ള ഇവരുടെ ആലാപനം പ്രശംസനീയം തന്നെ. ഇവരേപ്പോലെയുള്ള ചില പാട്ടുകരിലൂടെ കഥകളിപാരമ്പര്യത്തിലെ ‘അരങ്ങുപാട്ട്’ തുടർന്നും കോട്ടമില്ലാതെ നിലനിൽക്കുമെന്ന് കലാലോകത്തിന് പ്രതീക്ഷിക്കാം.
                                   നടന്മാരുടെ യോജിപ്പിനൊപ്പം അവരുടെ അംഗവിക്ഷേപങ്ങൾക്കെല്ലാം അനുഗുണമായ മേളമൊരുക്കിയ മേളവിഭാഗവും അരങ്ങനുഭവത്തിൽ പ്രധാന പങ്കുവഹിച്ചിരുന്നു. ചെണ്ടയിൽ കലാ:രവിശങ്കറും,മദ്ദളത്തിൽ  കലാ:അച്ചുതവാര്യരുമാണ് പ്രവർത്തിച്ചിരുന്നത്.
"കണ്ടിവാർകുഴലീ........"
                                 കലാ:സജി ഒരുക്കിയ ചുട്ടിയും തിരുവല്ല എസ്സ്. വി.വി കളിയോഗത്തിന്റെ ചമയങ്ങളും നല്ല നിലവാരം പുലർത്തിയിരുന്നു.
"കീചകവധം"
                   കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നുള്ള പ്രമുഖരായ ആസ്വാദകരാൽ നിറഞ്ഞ നല്ലൊരു സദസ്സും അന്ന് കളിയരങ്ങിൽ ഒത്തുകൂടിയിരുന്നു.
"കീചകവധം"