ആലപ്പുഴക്ലബ്ബിലെ സെപ്തംബര്‍മാസ പരിപാടി

കളര്‍കോട് നാരായണന്‍ സ്മാരക ആലപ്പുഴജില്ലാകഥകളിക്ലബ്ബിലെ 
സെപ്തംബര്‍മാസ പരിപാടി 05/09/10ന് വൈകിട്ട് ആലപ്പുഴ തിരുവമ്പാടി സ്ക്കൂളില്‍ വെച്ച് നടന്നു. 
സാരിയുടെ ചുവടുകളോടെയുള്ള കരിയുടെ നിഷ്ക്രമണം
കിര്‍മ്മീരവധം ആട്ടകഥ യിലെ കരി(സിംഹിക)യുടെ രംഗം മുതല്‍ 
സഹദേവന്‍ സിംഹികയുടെ കുചനാസികാഛേദം ചെയ്യുന്നതുവരെ ഉള്ള ഭാഗങ്ങളാണ് ഈ ദിവസം അവിടെ അവതരിപ്പിക്കപ്പെട്ടത്. സിംഹികയായി വേഷമിട്ടത് കോട്ട:ദേവദാസ് ആയിരുന്നു.
നോക്കിക്കാണലോടെയുള്ള ലളിതയുടെ പതിഞ്ഞപദാരംഭം
‘നല്ലണികുഴലാളേ.....’

മാര്‍ഗ്ഗി വിജയകുമാര്‍ അവതരിപ്പിച്ച ലളിത വേഷമായിരുന്നു 
ഈ കളിയിലെ മുഖ്യ ആകര്‍ഷണം. മികച്ച താള-കാല ദീക്ഷയോടെയും ഓരോമുദ്രകള്‍ക്കും ആവശ്യമായ മെയ്യനക്കങ്ങളോടും രസാഭിനയങ്ങളോടും കൂടിയും അതിമനോഹരമായി ചൊല്ലിയാടുന്ന മാര്‍ഗ്ഗി വിജയന്‍, പതികാലത്തില്‍ തുടങ്ങുന്ന ‘നല്ലാര്‍കുലം’ ഉള്‍പ്പെടെയുള്ള പദങ്ങള്‍ മികച്ചതാക്കി. ഇതുമാത്രമല്ല, കഥാപാത്രത്തെ ഉള്‍ക്കൊണ്ടുള്ള സൂക്ഷ്മാഭിനയവും ചെയ്യുന്നു എന്നുള്ളതാണ് ഇദ്ദേഹത്തിന്റെ ലളിതയുടെ പ്രത്യേകത. പാഞ്ചാലിയോട് സംവദിക്കുന്ന ഈ രംഗത്തിലുടനീളം ലളിതയായി പാഞ്ചാലിയെ സമീപിക്കുന്ന സിംഹികയുടെ യഥാര്‍ത്ഥമായ മനസ്ഥിതി അവിടവിടെയായി ഭാവപ്രകടങ്ങളിലൂടെ പ്രേക്ഷകരിലെത്തിക്കുന്നു എന്നതാണ് മാര്‍ഗ്ഗിയുടെ ലളിതയെ വത്യസ്തമാക്കുന്ന മറ്റൊരു ഘടകം. ലളിതയില്‍ പൂര്‍ണ്ണമായി ഭാവമാറ്റം വരുന്ന ‘പെട്ടന്നങ്ങു ഗമിപ്പാനും’ എന്നിടത്ത് ഊര്‍ജ്ജം ചിലവഴിച്ചുകൊണ്ട് മനോഹരമായി എടുക്കുന്ന കലാശവും, ‘ശരീരമിതു മമ കണ്ടായോ’ എന്നഭാഗത്ത് കരിയുടെ സമ്പ്രദായത്തിലുള്ള അലര്‍ച്ചയും പ്രേക്ഷകര്‍ക്ക് അനുഭവദായകങ്ങളാണ്.
‘അമരാപഗയില്‍ ചെന്നു’

പാഞ്ചാലിയായി അഭിനയിച്ച കലാ:ചമ്പക്കര വിജയന് 
ഈ ദിവസം മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാന്‍ ആയിരുന്നില്ല.
“മുഹുരപിവേപതി തനുവല്ലീ....”
സഹദേവനായി അരങ്ങിലെത്തിയ കലാ:അരുണ്‍ വാര്യര്‍ 
നല്ല പ്രകടനം തന്നെ കാഴ്ച്ചവെച്ചു. ദേവദാസും അരുണും ചേര്‍ന്ന് അന്ത്യത്തിലെ യുദ്ധപദവും യുദ്ധവട്ടവും ഭംഗിയായി ചെയ്ത് അരങ്ങുകൊഴുപ്പിച്ചു.
“കണ്ടാലതിഘോരമാകും ശരീരമിതു കണ്ടായോ”

പൊന്നാനിയായി പാടിയിരുന്ന പത്തിയൂര്‍ ശങ്കരന്‍‌കുട്ടി 
നല്ല അരങ്ങുപാട്ടാണ് കാഴ്ച്ചവെച്ചത്. പതിഞ്ഞപദവും ഇടക്കാലപദങ്ങളും വിലാപപദങ്ങളും യുദ്ധപദവും അടങ്ങുന്ന കിര്‍മ്മീരവധത്തിലെ ഈ ഘണ്ഡത്തില്‍ അതാതുപദങ്ങള്‍ക്ക് അനുയോജ്യമായ രീതിയിലുള്ള സംഗീതം പകരാന്‍ ഇദ്ദേഹം ശ്രദ്ധിച്ചിരുന്നു. നൃത്താഭിനയത്തിന് കൂടുതല്‍ പ്രാധാന്യം വരുന്ന ‘കണ്ടാലതിമോദം’ എന്ന പദം നടന്റെ പ്രവര്‍ത്തികള്‍ക്ക് ചേരുന്ന രീതിയിലുള്ള സംഗതികള്‍ വെച്ച് പാടുവാന്‍ ശ്രമിച്ചുകണ്ടു. ഇത് ഏറ്റവും ഉചിതമെന്നും, ഈ വഴിക്ക് കൂടുതല്‍ ശ്രദ്ധിച്ചാല്‍ ഇദ്ദേഹത്തിന് തന്റെ അരങ്ങുപാട്ട് മികച്ച അനുഭവമാക്കി മാറ്റാനാവുമെന്നും തോന്നി. കലാ:സജീവ് ശിങ്കിടിയായി നല്ല പിന്തുണകൂടി നല്‍കിയപ്പോള്‍ മെച്ചപ്പെട്ട സംഗീതമായി ഈ കളിയുടേത്.
“ആവതെന്തയ്യോ.....”

കലാ:കൃഷ്ണദാസ് ചെണ്ടയിലും കോട്ട:രാധാകൃഷ്ണന്‍ മദ്ദളത്തിലും 
നല്ല മേളം കൂടി ഒരുക്കിയപ്പോള്‍ ഈ അരങ്ങ് നല്ലൊരു അനുഭവമായിതീര്‍ന്നു.
“അല്പതരാരേ ദര്‍പ്പിത രേരേ....”
‘അയ്യയ്യയ്യോ....അയ്യയ്യയ്യയ്യോ.....’