നല്‍പ്പത്തൊന്നീശ്വരം കളി(18/08/07)

ശ്രീവല്ലഭ ക്ഷേത്രത്തിലെന്നതു പോലെതന്നെ കഥകളി പ്രധാന വഴിപാടായുള്ള ക്ഷേത്രമാണ് നാല്‍പ്പത്തൊന്നീശ്വരം ശിവക്ഷേത്രവും.ചേര്‍ത്തല-അരൂര്‍ റൂട്ടില്‍ പാണാവള്ളിക്കടുത്താണീക്ഷേത്രം നിലകൊള്ളുന്നത്.ഇവിടെ 18-08-07ല്‍ ഒരു മേജര്‍സെറ്റ് കഥകളിനടന്നു.കോട്ടക്കല്‍ പി.എസ്സ്.വി.നാട്യസംഘം ട്രൂപ്പാണ് കഥകളി അവതരിപ്പിച്ചത്.നാലുവേഷങ്ങളോടുകൂടിയ പുറപ്പാടും തുടര്‍ന്ന് മേളപ്പദവും നടന്നു.എതില്‍ ശ്രീ കോട്ടക്കല്‍ സുരേഷ് നന്വൂതിരി,ശ്രീ വേങ്ങേരി നാരായണന്‍ നന്വൂതിരി(പാട്ട്),ശ്രീ പനമണ്ണ ശശി(ചെണ്ട),കോട്ടക്കല്‍ രാധാക്യഷ്ണന്‍(മദ്ദളം) തുടങ്ങിയവര്‍ പങ്കെടുത്തു.

ആദ്യകഥയായ കുചേലവ്യത്തത്തില്‍ ശ്രീ കോട്ടക്കല്‍ ചന്ദ്രശേഖര വാര്യര്‍ കുചേലനായും ശ്രീ കോട്ടക്കല്‍ വാസുദേവന്‍ കുണ്ടലായര്‍ കുചേലപത്നിയായും അഭിനയിച്ചു.ക്യഷ്ണനായി ശ്രീ കോട്ടക്കല്‍ സുധീര്‍ അരങ്ങിലെത്തി.ഈ കഥക്ക് പാടിയത് ശ്രീ കോട്ടക്കല്‍ നാരായണന്‍ ആണ്.ശ്രീ കോട്ടക്കല്‍ മധു,വേങ്ങേരി നാരായണന്‍ എന്നിവര്‍ ശിങ്കിടിപാടി.ചെണ്ട ശ്രീ കോട്ടക്കല്‍ പ്രസാദുംമദ്ദളം കോട്ടക്കല്‍ ശശിയും കൈകാര്യം ചെയ്തു.


കല്യാണസൌഗന്ധികമായിരുന്നു രണ്ടാമത്തെ കഥ.ഇതില്‍ ശ്രീ കോട്ടക്കല്‍ കേശവന്‍ കുണ്ഡലായര്‍ ഭീമസേനനായി നല്ല പ്രകടനം കാഴ്ച്ചവെച്ചു. ശ്രീ കോട്ടക്കല്‍ ഹരികുമാര്‍ പാഞ്ചാലിയായും ശ്രീ കോട്ടക്കല്‍ ഹരിദാസന്‍ ഹനൂമാനായുംരംഗത്തെത്തി.ഈ കഥക്ക് പാടിയത് മധുവും സുരേഷ് നന്വൂതിരിയുംചേര്‍ന്നാണ്.


തുടര്‍ന്ന് കിരാതം കഥയാണ് അവതരിപ്പിച്ചത്.നാല്‍പ്പത്തൊന്നീശ്വരത്ത് കഥകളി വഴിപാടു നടത്തുന്വോള്‍, കിരാതംകഥ നിര്‍ബന്ധമായും രംഗത്ത് അവതരിപ്പിച്ചിരിക്കണമെന്നാണ് വിശ്വാസം.ശ്രീ കോട്ടക്കല്‍ ദേവദാസനാണ് കിരാതത്തില്‍ കാട്ടാളനായത്.കോട്ടക്കല്‍ നാരായണന്‍,വേങ്ങേരി നാരായണന്‍ നന്വൂതിരി,കോട്ടക്കല്‍ സുരേഷ് നന്വൂതിരി എന്നിവരാണ് കിരാതത്തിനു പാടിയത്.

നെല്ലിയോട് തിരുമേനിക്കൊപ്പം.


കഴിഞ്ഞദിവസം, കഥകളിയില്‍ ഇക്കാലത്തെ ചുവന്നതാടി വേഷക്കാരില്‍ അഗ്രഗണ്യനായ ശ്രീ നെല്ലിയോട് വാസുദേവന്‍ നന്വൂതിരിയോടോപ്പം കുറച്ചു സമയം ചിലവിടാനായി.മലപ്പുറം വണ്ടൂരില്‍ നെല്ലിയോട് ഇല്ലത്ത് 1957 ജനിച്ച ഇദ്ദേഹം കുലധര്‍മ്മങ്ങളായ പൂജാദികള്‍ കുട്ടിക്കാലത്തു തന്നെ പഠിച്ചു, കോട്ടക്കല്‍ പി.എസ്സ്.വി.നാട്ട്യസംഘത്തില്‍,പത്മശ്രീ വാഴേങ്കിട കുഞ്ചുനായരാശാന്റെ കീഴിലാണ് നന്വൂതിരി കഥകളി അഭ്യാസം ആരംഭിച്ചത്.പിന്നീട് കുഞ്ചുനായരാശാന്‍ കലാമണ്ഡലത്തില്‍ അദ്ധ്യാപകനായി പോയപ്പോള്‍ നെല്ലിയോടും കലാമണ്ഡലത്തില്‍ ചേര്‍ന്ന് അഭ്യസനം തുടര്‍ന്നു.ചുവന്നതാടിക്കു ചേര്‍ന്ന മുഖവും കണ്ണും ആണ് തിരുമേനിക്കുള്ളത്.അരങ്ങുകളില്‍ താമസ സ്വഭാവികളായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വാസുദേവന്‍ നന്വൂതിരി ജീവിതത്തില്‍ പരമ സാത്വികനാണ്. തിരുവന്തപുരം സെന്‍‌ട്രല്‍ സ്കൂളില്‍നിന്നും കഥകളി അദ്ധ്യാപകനായി വിരമിച്ച നന്വൂതിരി ഇപ്പോള്‍ പൂജപ്പുരയിലാണ് താമസം.സ്വഭവനത്തില്‍ തന്നെ ഇദ്ദേഹവും പുത്രനും ചേര്‍ന്ന് വാഴേങ്കിട കുഞ്ചുനായര്‍ സ്മാരകമായി ഒരു കലാകേന്ദ്രം നടത്തിവരുന്നുണ്ട്.കഴിഞ്ഞവര്‍ഷങ്ങളിലായി നെല്ലിയോട് വാസുദേവന്‍ നന്വൂതിരിക്ക് കേന്ദ്ര-കേരള സംഗീത നാടക അക്കാദമികളുടെ പുരസ്ക്കാരങ്ങള്‍ ലഭിക്കുകയുണ്ടായി. ഏറ്റവും അടുത്ത കിട്ടിയ ഇരിങ്ങാലക്കുടക്ലബ്ബിന്റെ പുരസ്ക്കാരമുള്‍പ്പെടെ മറ്റു നിരവധി പുരസ്ക്കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
ഒരു താടിവേഷക്കാരന്റെ അടുക്കല്‍ പ്രത്യേകമായി പഠനം ഉണ്ടായിട്ടില്ല എന്നും കുഞ്ചുനായരാശാനാണ് തന്നെ എല്ലാം പഠിപ്പിച്ചിട്ടുള്ളതെന്നും, പില്‍ക്കാലത്ത് സ്വന്തമായി പുരാണപരിചയത്തിലൂടെ കഥയേയും കഥാപാത്രങ്ങളേയും കൂടുതല്‍ പഠിക്കുകയും അങ്ങിനെ ആട്ടങ്ങള്‍ ചിട്ടപ്പെടുത്തുകയുമാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഇന്നും ഈ പഠനം തുടരുന്നു എന്നാണ് തിരുമേനിപറഞ്ഞത്.കഥകളിയെന്ന കലാരൂപത്തെ അത്യധികം സ്നേഹിക്കുന്ന നെല്ലിയോട്, താനാടുന്ന ഓരോകഥാപാത്രത്തേയും കുറിച്ച് ബോധവാനാണ്.ഈ ഓരോകഥാപാത്രത്തേയും കുറിച്ച് ഇദ്ദേഹം വളരെ സംസാരിച്ചു.
ചുവന്നതാടിവേഷം എന്നാല്‍ കുറേബഹളം വയ്ക്കുന്ന രീതീല്‍ ആണ് ഇപ്പോള്‍ കണ്ടുവരുന്നത് എന്നും,പലരും ആട്ടത്തിനായി അരങ്ങില്‍ കിട്ടുന്ന സ്വാതന്ത്ര്യം ദുരുപയോഗിക്കുന്നതായി തോന്നുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.തനിക്കും പണ്ട് അങ്ങിനെ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.അതിനാല്‍ പില്‍ക്കാലത്ത് അതുമാറ്റി ആട്ടം ചിട്ടപ്പെടുത്തി മിതപ്പെടുത്താനായി ശ്രമിച്ചു. ഇങ്ങനെ താന്‍ ചിട്ടപ്പെടുത്തിയെടുത്ത ആട്ടങ്ങള്‍ ഒരു ആട്ടപ്രകാരം എന്നരീതിയില്‍ എഴുതി വച്ചിട്ടുണ്ടെന്നും, ഇപ്പോള്‍ അത് പുസ്തകരൂപത്തില്‍ അച്ചടിച്ച് പ്രസിദ്ധപ്പെടുത്തുവാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവല്ല രാമായണോത്സവം


മധ്യതിരുവിതാങ്കൂറിലെ പ്രസിദ്ധക്ഷേത്രമായ തിരുവല്ല ശ്രീവല്ലഭക്ഷേത്രത്തില്‍ രാമായണമാസാചരണത്തിന്റെ ഭാഗമായി ഈ കഴിഞ്ഞ കര്‍ക്കിടകമാസത്തില്‍ (ഓഗസ്റ്റ് 7 മുതല്‍)സന്വൂര്‍ണ്ണരാമായണം കഥകളിഉത്സവം സംഘടിപ്പിക്കപ്പെട്ടു.ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൂടിയാണ് കഥകളി. കൊട്ടാരക്കര തന്വുരാന്‍,8രാത്രികളില്‍ ആടുവാന്‍പാകത്തിനു രചിച്ചിട്ടുള്ള രാമായണംകഥകളാണിവിടെ അവതരിപ്പിക്കപ്പെട്ടത്.

അഞ്ചാം ദിവസം പ്രധാനകഥയായ ബാലിവധം അവതരിപ്പിക്കപ്പെട്ടു. ശ്രീ മടവൂര്‍ വാസുദേവന്‍ നായര്‍ രാവണനായി അഭിനയിച്ചു.ഇദ്ദേഹം ഗുരു ചെങ്ങനൂര്‍ രാമന്‍ പിള്ളയുടെ ശിഷ്യനും,കഥകളിയിലെ തെക്കന്‍ ചിട്ടയിലെ ഈക്കാലത്തെ പ്രധാനപ്രയോക്താവുമാണ്. ശ്രീ തലവടി അരവിന്ദന്‍ അകന്വനായി വേഷമിട്ടു.മണ്ഡോദരീ,താര എന്നീവേഷങ്ങള്‍ ശ്രീ കലാകേന്ദ്രം മുരളീധരന്‍ നന്വൂതിരി കൈകാര്യം ചെയ്തു.


ശ്രീരാമവേഷത്തില്‍ ശ്രീ എഫ്.എ.സി.റ്റി പത്മനാഭന്‍ അരങ്ങിലെത്തി.സീതവേഷത്തിലെത്തിയ ശ്രീ കുടമാളൂര്‍ മുരളീക്യഷ്ണന്‍ എടുത്തുപറയത്തക്ക പ്രകടനമാണ് കാഴ്ച്ചവയ്ച്കത്.ഇദ്ദേഹത്ത്ന് നല്ല ഭാവാഭിനയവും ചിട്ടയും ഉണ്ട്.

ശ്രീ കോട്ടക്കല്‍ ദേവദാസനാണ് സുഗ്രീവനായെത്തിയത്.സാധാരണ പതിവില്ലാത്ത ചില രംഗങ്ങള്‍(സുഗ്രീവന്റെ ആദ്യത്തേ പോരുവിളി,അദ്യത്തെ ബാലി-സുഗ്രീവയുധം,രണ്ടാമത്തെ യുധത്തിനു പുറപ്പെടുന്ന ബാലിയെ താര തടയുന്ന ഭാഗം)ഇവിടെ അവതരിപ്പിക്കപ്പെട്ടു.എന്നാല്‍ ഈ രംഗങ്ങളിലെ പദങ്ങളൊന്നും പാടാതെ ആട്ടം മാത്രം ആടുകയാണുണ്ടായത്.കലാ:രാമചന്ദ്രന്‍ ഉണ്ണിത്താനാണ് ബാലിവേഷത്തിലെത്തിയത്. ഇദ്ദേഹത്തിന്റെ അഭിനയം നന്നായിരുന്നു എങ്കിലും അമിതമായ സംസാരം മൂലം വളരെ ഗ്രാമ്യമായി തോന്നി. രാമബാണമേറ്റു വീണ്, മരണാസന്നനായ ബാലി തുടര്‍ന്നു നേര്‍ത്ത രോദനത്തോടുകൂടി കിടക്കുകയാണ് ചിട്ട.എന്നാല്‍ ഉണ്ണിത്താന്‍ ഈ സമയത്ത് വളരെ ശബ്ദമുണ്ടാക്കുകയും(‘ഒരു മൊഴിപറവാനും പണിയായീ‘ എന്നു പദം പാടിക്കഴിഞ്ഞു പോലും)എഴുന്നേറ്റു നില്‍ക്കുകയും ചുയ്യുന്നതാണുകണ്ടത്.ശ്രീ കലാ:ബാലചന്ദ്രനും കലാ:ജയപ്രകാശും ആയിരുന്നു സംഗീതം.ബാലചന്ദ്രന്റേത് നല്ല സംഗീതമാണെങ്കിലും ഇദ്ദേഹം പാടുന്ന സാഹിത്യം വ്യക്തമാകുന്നില്ല.മാത്രമല്ല,ആദ്യ രംഗത്തിലും മറ്റും ഉറച്ച ചിട്ടയില്ലായ്മയും അനുഭവപ്പെട്ടു.കലാ:രാമന്‍ നന്വൂതിരിയായിരുന്നു പ്രധാന ചെണ്ടക്കാരന്‍.ശ്രീവല്ലഭവിലാസം കഥകളിയോഗം,മതില്‍ഭാഗത്തിന്റേതായിരുന്നു ചമയങ്ങള്‍.

തീരനോട്ടം-കഥകളി

ദുബായ് ആസ്താനമായി പ്രവര്‍ത്തിക്കുന്ന ‘തിരനോട്ടം’ എന്ന കലാസാംസ്ക്കാരിക സംഘടന ഡോ:കെ.എന്‍.പിഷാരടി സ്മാരക കഥകളിക്ലബ്ബുമായി സഹകരിച്ച്, 06/08/07ല്‍ ഇരിങ്ങാലക്കുട ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയത്തില്‍ വച്ച് നളചരിതം കഥകളിയും സംവാദവും നടത്തി.
വൈകിട്ട് 4ന് കേളിയോടുകൂടി പരിപാടികള്‍ ആരംഭിച്ചു.തുടര്‍ന്ന് ‘നളചരിതം-ആട്ടകഥയിലും അരങ്ങിലും’എന്ന വിഷയത്തിലുള്ള ഒരു സഹ്യദയസംവാദം നടന്നു.പ്രശസ്ത കാലാകാരന്മാരും, നിരൂപകരും, ആസ്വാദകരും പങ്കെടുത്തു.
രാത്രി കഥകളിയും നടന്നു.ശ്രീ കലാനിലയം വിനോദ്കുമാറാണ് പുറപ്പാടിന് വേഷമിട്ടത്. സംഗീതം ശ്രീ കോട്ടക്കല്‍ മധുവും കലാ:വിനോദും ആയിരുന്നു.കേളിക്കും മേളപ്പദത്തിനും ചെണ്ട ശ്രീ പൂക്കാട്ടിരി ദിവാകരപ്പൊതുവാളും മദ്ദളം ശ്രീ ചേര്‍പ്പുളശ്ശേരി ശിവനുമാണ് കൊട്ടിയത്.
തുടര്‍ന്ന് നളചരിതം രണ്ടാംദിവസം കളി നടന്നു. തന്റെ സ്വതസിധമായ ശൈലിയില്‍ ഭാവാഭിനയത്തികവിലൂടെ ശ്രീ കലാ:ഗോപി നളവേഷം അവതരിപ്പിച്ച് സഹ്യദയരെ രസിപ്പിച്ചു.ദമയന്തിയായിവന്ന കലാ:ഷണ്മുഖദാസും മികച്ച അഭിനയമാണ് കാഴ്ച്ചവെച്ചത്.ആദ്യരംഗത്തില്‍ പാടിയത് ശ്രീ കോട്ടക്കല്‍ നാരായണനും ശ്രീ കോട്ടക്കല്‍ മധുവും ചേര്‍ന്നാണ്.നാരായണന്‍ മറ്റു ചിട്ടപ്രധാന കഥകള്‍ പാടുന്വോള്‍ കിട്ടുന്നതുപോലുള്ള ഒരു സുഖാനുഭവം നളചരിതാലാപനത്തില്‍ കിട്ടുന്നില്ല.എദ്ദേഹം ‘സാമ്യമകന്നോരുദ്യാന‘ത്തിന്റെ അവസാനചരണം ‘ഖരഹരപ്രിയ’യിലേക്ക് മാറ്റിയാണ് പാടിയത്.അത് അത്ര സുഖകരമായിതോന്നിയില്ല.പൂര്‍വികര്‍ ചിട്ടപ്പെടുത്തിയിട്ടുള്ളതും കാലങ്ങളായിപാടി ഉറപ്പിച്ചിരിക്കുന്നതുമായ രാഗങ്ങളെ-പ്രത്യേകിച്ച് പൂര്‍വിയില്‍ നിബന്ധിച്ചിട്ടുള്ള സാമ്യമകനോരുദ്യാനം പോലെയുള്ള പ്രധാനപദങ്ങള്‍-മറ്റോരുരാഗത്തില്‍ മാറ്റിപ്പാടി വിജയിപ്പിക്കുകയെന്നുള്ളത് ദുഷ്ക്കരമാണ്.ആദ്യരംഗത്തില്‍ ചെണ്ട ശ്രീ കലാ:ഉണ്ണിക്യഷ്ണനും മദ്ദളം ശ്രീ കോട്ടക്കല്‍ രവിയുമാണ് കൈകാര്യം ചെയ്തത്.

കലിയായി വന്ന ശ്രീ കോട്ടക്കല്‍ ദേവദാസന്‍ വളരെവാരിവലിച്ചുള്ള ആട്ടമാണ് ചെയ്യുന്നതുകണ്ടത്. ആട്ടങ്ങള്‍ നേരത്തേതന്നെ ചിട്ടപ്പെടുത്തി അരങ്ങിലെത്താതതിനാലാണ് ഈ‘വാരിവലിച്ചില്‍‘ ഉണ്ടാവുന്നത്.ഇങ്ങിനെ ആടി പ്രേക്ഷകരെ ബോറഡിപ്പിക്കാതെ കാര്യമാത്രപ്രസ്ക്ക്തമായ ആട്ടം സരസതയോടെ നടത്തുന്നതാണ് നല്ലത്. ശ്രീ കോട്ടക്കല്‍ സുനില്‍ കുമാര്‍ ദ്വാപരവേഷവും, കലാനിലയം വിനോദ് കുമാര്‍ ഇന്ദ്രവേഷവും കെട്ടി.ഈഭാഗത്തെ സംഗീതം ശ്രീ കോട്ടക്കല്‍ മധുവും കലാ:വിനോദും ആലപിച്ചു. ചെണ്ടകൊട്ടിയത് ശ്രീ കോട്ടക്കല്‍ പ്രസാദും ശ്രീ കലാനിലയം രജീഷും ചേര്‍ന്നും മദ്ദളം കൊട്ടീയത് ശ്രീ കലാ:രാജനാരായണനും കലാനിലയം ഉണ്ണിക്യഷ്ണനും ചേര്‍ന്നുമാണ്.

പുഷക്കരവേഷത്തില്‍ ശ്രീ സദനം ക്യഷ്ണന്‍ കുട്ടി നല്ല അഭിനയം കാഴ്ച്ചവെച്ചു.കലിദ്വാപരന്മാര്‍ പുഷ്ക്കരനെക്കാണുന്ന രംഗത്തിലെ സംഗീതം ശ്രീ കോട്ടക്കല്‍ നാരായണനും ശ്രീ കലാ:വിനോദും ചേര്‍ന്നും മേളം ശ്രീ കോട്ടക്കല്‍ പ്രസാദും ശ്രീ കലാ:രാജനാരായണനും ചേര്‍ന്നും അവതരിപ്പിച്ചു.


ചൂതുരംഗത്തില്‍ മന്ത്രിയായി ശ്രീ കലാനിലയം സന്ദീപും കാളയായി ശ്രീ കലാനിലയം അര്‍ജ്ജുണനും വേഷമിട്ടു.ചൂതിനുവിളിമുതല്‍ വേര്‍പാട് വരേയുള്ള ഭാഗങ്ങള്‍ പാടിയത് ശ്രീ കോട്ടക്കല്‍ മധുവും നെടുന്വുള്ളി രാമമോഹനനും ചേര്‍ന്നാണ്.മേളംവിഭാഗം ശ്രീ കലാ:ഉണ്ണിക്യഷ്ണനും ശ്രീ കോട്ടക്കല്‍ രവിയും കൈകാര്യം ചെയ്തു.

കാട്ടാളവേഷംകെട്ടാന്‍ നിശ്ചയിച്ചിരുന്ന നെല്ലിയോട് വാസുദേവന്‍ നന്വൂതിരി പനിബാധിച്ച് കിടപ്പിലായതിനാല്‍ വന്നില്ല.പകരം നരിപ്പറ്റയാണ് വേഷംകെട്ടിയത്.‘അലസത’മുതലുള്ള ഭാഗത്ത് പാടിയത് കോട്ടക്കല്‍ നാരായണനും നെടുന്വുള്ളിയും ചേര്‍ന്നാണ്.ഈരംഗത്തില്‍ ചെണ്ടകൊട്ടിയ പ്രസാദ് മുദ്രക്കുകൂടാതെ നിശബ്ദത പാലിച്ചിരുന്നു. മദ്ദളംകൊട്ടിയ കലാ:രാജനാരായണന്‍ മുദ്രക്കുകൂടുന്നതിനു പകരം പാട്ടിനുപക്കം വായിക്കുകയാണുണ്ടായത്. ഇങ്ങനെ ഈ ഭാഗത്തെ മേളം അത്രസുഖകരമായി തോന്നിയില്ല.

ഈ കളിക്ക് ചുട്ടികുത്തിയത് കലാ:ശിവരാമനും കലാ:രവികുമാറും ചേര്‍ന്നാണ്.ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയത്തിന്റേ തായിരുന്നു ചമയങ്ങള്‍.

കളിയരങ്ങിന്റെ ആഗസ്റ്റ്മാസ പരിപാടി

കോട്ടയം കളിയരങ്ങിന്റെ 406മതു മാസപരിപാടി 5/08/2007ന് തിരുനക്കര ശ്രീരംഗംഹാളില്‍ നടന്നു.ഉത്തരാസ്വയംവരം ആദ്യഭാഗം(ത്രിഗര്‍ത്തവട്ടം വരെ) കഥകളിയായിരുന്നു പരിപാടി.ദുര്യോധനനായി ശ്രീ കലാ:ശ്രീകുമാര്‍ നല്ല അഭിനയം കാഴ്ച്ചവെച്ചു.ശ്രീ കലാകേന്ദ്രം മുരളീധരന്‍ നന്വൂതിരി ഭാനുമതിയായി വേഷമിട്ടു.
കര്‍ണ്ണന്‍,വിരാടരാജാവ് എന്നീവേഷങ്ങള്‍ ശ്രീ കലാകേന്ദ്രം ബാലുവും ദൂതന്‍,വലലന്‍ എന്നീവേഷങ്ങള്‍ ശ്രീ കലാ:ഗോപകുമാറും കൈകാര്യം ചെയ്തു. ശ്രീ തിരുവഞ്ചൂര്‍ സുഭാഷായിരുന്നു ഭീഷ്മര്‍.
ശ്രീ തലവടി അരവിന്ദന്‍ ത്രിഗര്‍ത്തവേഷത്തിലെത്തി.ഒന്നും അധികം വിസ്തരിക്കാതെ ധ്രുതഗതിയിലായിരുന്നു എദ്ദേഹം അഭിനയിച്ചത്. ഒരു സ്പീഡ് തിരനോട്ടം മുതല്‍ തന്നെ അനുഭവപ്പെട്ടു.തുടക്കത്തിലേ തന്റേടാട്ടസമയത്ത് ഇദ്ദേഹത്തിന് സ്റ്റൂള്‍ ഒരു അസൌകര്യമായിതോന്നിയിട്ടായിരിക്കും അത് ഒരു വശത്തേക്ക് മാറ്റിയിട്ടു! സാധാരണ കത്തി,താടിവേഷങ്ങളുടെ തന്റേടാട്ടസമയത്ത് സ്റ്റൂള്‍നടുക്കുതന്നെയിട്ട് അതിനേ ചുറ്റിനടന്നുകൊണ്ടാണ് ആട്ടങ്ങള്‍ നടത്താറുള്ളത്.ഇദ്ദേഹത്തിന്റെ ആട്ടത്തിലും കലാശങ്ങള്‍ക്കും തീരെ ഒതുക്കമില്ല.സ്റ്റേജുമുഴുവന്‍ ഓടിനടക്കുന്നതായി കണ്ടു.അതിനാല്‍ ആട്ടത്തിനും കലാശങ്ങള്‍ക്കും ഒരു ഭഗിതോന്നിയില്ല.ദുര്യോധന നിര്‍ദ്ദേശാനുസ്സരണം വിരാട ഗോഅപഹരണത്തിന് പോകുന്ന ത്രിഗര്‍ത്തന്,തന്റെ വാള്‍ നല്‍കി ദുര്യോധനന്‍ പറഞ്ഞയക്കുന്നു.ത്രിഗര്‍ത്തന്‍ വാള്‍വാങ്ങികൊണ്ടുപോകാറാണ് പതിവ്.എന്നാല്‍ ഇവിടെ വാള്‍നല്‍കിയ അവസരത്തില്‍ സുയോധനനോട് ‘ഇതു കയ്യില്‍തന്നെ ഇരിക്കട്ടെ,എനിക്ക് എന്റെ കൈക്കരുത്തുമതി വാള്‍ വേണ്ടാ’ എന്നു പറഞ്ഞ് പോകുന്നതായാണ് തലവടിയരവിന്ദന്‍ ആടിയത്.അതുപോലെ ബന്ധനസ്തനാക്കിയ വിരാടനേ സ്റ്റേജിന്റെ ഇടതുവശത്തേക്ക് മാറ്റി നിര്‍ത്തുന്നതാണ് സാധാരണ കാണാറുള്ളത് അരവിന്ദന്‍ വിരാടനേ വലതുവശത്തുതന്നെ നിര്‍ത്തിയതേയുള്ളു.വലലനുമായുള്ള യുധവട്ടത്തില്‍ (യുധന്യത്തത്തിലും മറ്റും) രണ്ടു കലാകാരന്മാര്‍ക്കും യോജിപ്പുകുറവുപോലേയും താളം വിട്ടുപോകുന്നതായും അനുഭവപ്പെട്ടു.
കലാ:ശ്രീ ഗോപാലക്യഷ്ണന്‍,ശ്രീ സുധീഷ് കുമാര്‍ എന്നിവരായിരുന്നു പാട്ട്.ശ്രീ കുറൂര്‍ വാസുദേവന്‍ നന്വൂതിരി ചെണ്ടയും കലാ: ഓമനക്കുട്ടന്‍ മദ്ദളവും കൈകാര്യം ചെയ്തു.ശ്രീ കലാനിലയം സജി ആയിരുന്നു ചുട്ടി.കുടമാളൂര്‍ ദേവീവിലാസം കഥകളിയോഗത്തിന്റേതായിരുന്നു ചമയങ്ങള്‍.
വരുന്ന മാസപരിപാടിക്കൊപ്പം ‘ശ്രീ മാങ്ങാനം രാമപിഷാരടീ സ്മാരക പുരസ്ക്കാരം‘ നല്‍കുന്ന ചടങ്ങും നടത്തുമെന്ന് കളിയരങ്ങ് ഭാരവാഹികള്‍ അറിയിക്കുകയുണ്ടായി.പ്രശസ്തഗായകന്‍ ശ്രീ പത്തിയൂര്‍ ശങ്കരന്‍ കുട്ടിക്കാണ് പുരസ്ക്കാരം നല്‍കുന്നത്.02/09/2007ന് വൈകിട്ട് 4ന് ശ്രീരംഗംഹാളിലാണ് പരിപാടിനടത്തുന്നത്. അന്ന് ഉത്തരാസ്വയംവരംബാക്കി ഭാഗം കളിയാണ് നടത്തുന്നത്.