ഇരിങ്ങാലക്കുട കഥകളികളിക്ലബ്ബിന്റെ വാര്‍ഷികം


ഡോ: കെ.എന്‍.പിഷാരോടിസ്മാരക കഥകളിക്ലബ്ബ് ഇരിങ്ങാലക്കുടയുടെ മുപ്പത്തിനാലാമത് വാര്‍ഷികം ജനുവരി 25ന് ഇരിങ്ങാലക്കുട ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയത്തില്‍ വെച്ച് ആഘോഷിക്കപ്പെട്ടു. ഇതിന്റെ ഭാഗമായി രാത്രി 9മുതല്‍ പുലരും വരെ കഥകളിയും അവതരിപ്പിക്കപ്പെട്ടു. കോട്ടക്കല്‍ പി.എസ്.വി.നാട്ട്യസംഘമായിരുന്നു കളി അവതരിപ്പിച്ചത്.

“മുഖാംബുജമധുവൊന്നു പുണരേണം”
.
നാലുനോക്കോടുകൂടിയുള്ള പുറപ്പാടോടെയാണ് കഥകളി ആരംഭിച്ചത്. ഇതില്‍ ശ്രീരാമനായി ശ്രീ കോട്ടക്കല്‍ മനോജും, ലക്ഷ്മണനായി ശ്രീ കോട്ടക്കല്‍ പ്രദീപും, ഭരതനായി ശ്രീ കോട്ടക്കല്‍ ബാലനാരായണനും, ശത്രുഘ്നനായി ശ്രീ കോട്ടക്കല്‍ ശ്രീജിത്തും വേഷമിട്ടു.

“നുകരുക മധു വീര”
.
തുടര്‍ന്ന് ബാലകവി രാമശാസ്ത്രികള്‍ രചിച്ച ‘ബാണയുദ്ധം’(ഉഷ-ചിത്രലേഖ വരെ) കഥ അവതരിപ്പിക്കപ്പെട്ടു. ഇതില്‍ ബാണനായെത്തിയ ശ്രീ കോട്ടക്കല്‍ ചന്ദ്രശേഖരവാര്യരും ബാണപത്നിയായി വേഷമിട്ട ശ്രീ കോട്ടക്കല്‍ രാജ്‌മോഹനനും മികച്ചപ്രകടമാണ് കാഴ്ച്ചവെയ്ച്ചിരുന്നത്.

ശിവതാണ്ഡവം
.
ശൃംഗാരലീലോത്സുകനായ ബാണന്‍ പത്നിയോട് പറയുന്നതായുള്ള ‘സാരസാക്ഷിമാരണിയും’ എന്ന പാടിപദമാണ് ആദ്യം. തുടര്‍ന്ന് ബാണപത്നിയുടെ ‘കളധൌതകമലങ്ങള്‍’ എന്നാരംഭിക്കുന്ന മറുപടിപദമാണ്. ശേഷം ആട്ടമാണ്. ഇതില്‍ സുന്ദരിയായ പത്നിയെ ആലിംഗനം ചെയ്യാന്‍ വെമ്പുന്ന തന്റെ ആയിരം കൈകളോട് ബാണന്‍ ഇപ്രകാരം പറയുന്നു. ‘ബാഹുക്കളേ, നിങ്ങളെല്ലാവരും കൂടി ആലിംഗനം ചെയ്താല്‍ ഇവള്‍ പൊടിഞ്ഞുപോകും. അതുകൊണ്ട് ഒരു കാര്യം ചെയ്യുക. ആദ്യ രണ്ട് കൈകളെ, നിങ്ങള്‍ ഇവളുടെ കാര്‍കൂന്തല്‍ അലങ്കരിക്കുക. തലമുടി വളരെ കേവലം എന്ന് വിചാരിക്കേണ്ട. പണ്ട് തലമുടിയും മയില്‍പ്പീലിയും തമ്മില്‍ തങ്ങളില്‍ ആരാണ് കൂടുതല്‍ സുന്ദരി എന്ന് മത്സരമുണ്ടായി. പിന്നീട് ഇരുവരും ബ്രഹ്മദേവനെ ചെന്നുകണ്ടു. തലമുടിതന്നെയാണ് കൂടുതല്‍ വിശിഷ്ഠ എന്ന് വിധിപറഞ്ഞ് ബ്രഹ്മാവ് തലമുടിയില്‍ പൂവ് അണിയിച്ച് അയച്ചു. വിധിയില്‍ തൃപ്തയല്ലാതെ അവിടെ നിന്ന മയിലിനെ ബ്രഹ്മാവ് കഴുത്തിനുപിടിച്ച് പുറത്താക്കി. അങ്ങിനെയാണ് മയിലിന്റെ കഴുത്തില്‍ ഇന്നുകാണുന്ന പാട് ഉണ്ടായത്. അതിനാല്‍ തലമുടിയെ നിങ്ങള്‍ ഒട്ടും കേവലമായി കണക്കാക്കരുത്. ബാക്കിയുള്ള ബാഹുക്കളേ, നിങ്ങള്‍ ഈരണ്ടുപേര്‍ വീതം ചേര്‍ന്ന് ഇവളുടെ മനോഹരമായ പുരികം എഴുതുകയും, താമരക്കണ്ണുകളില്‍ മഷിയെഴുതുകയും, നെറ്റിതടത്തില്‍ തിലകം ചാര്‍ത്തുകയും, പവിഴാധരങ്ങളില്‍ ചായം പുരട്ടുകയും, ലോലമായ കവിള്‍ത്തടങ്ങളില്‍ അംഗരാഗമണിയിക്കുകയും, കര്‍ണ്ണങ്ങളില്‍ കുണ്ഡലമണിയിക്കുകയും, ശംഖിനുസമാനമായ കഴുത്തില്‍ മാലയണിയിക്കുകയും, കൈകളില്‍ കങ്കണങ്ങള്‍ അണിയിക്കുകയും, വിരലുകളില്‍ മോതിരമണിയിക്കുകയും, സ്തനങ്ങളില്‍ കളഭം പുരട്ടുകയും, നാഭിയില്‍ നിന്നും മുകളിലേക്ക് കരിനാഗസമാനമായി നില്‍ക്കുന്ന രോമരാജിയെ തടവി ഒതുക്കുകയും, അരയില്‍ കടീസൂത്രമണിയിക്കുകയും, പാദങ്ങളില്‍ പാദസ്വരങ്ങള്‍ അണിയിക്കുകയും ഒക്കെചെയ്ത് ഇവളെ ഒരുക്കുക.’ തുടര്‍ന്ന് ബാണനും ബാണപത്നിയും ആലിംഗനബദ്ധരാവുന്നു. കുറച്ചുസമയത്തിനുശേഷം ‘നാം കാമദേവനെ സന്തോഷിപ്പിച്ചതു കാരണം ദേഹം ക്ഷീണിതമായിരിക്കുന്നു. അതിനാല്‍ ഇനി ഞാന്‍ കുറച്ച് വിശ്രമിക്കട്ടെ.’ എന്നു പറഞ്ഞ് ബാണന്‍ പത്നിയെ അന്തപ്പുരത്തിലേക്കയച്ച്, ഇരുന്ന് വിശ്രമിക്കുന്നു. തുടര്‍ന്ന് ബാണന്‍ ‘എനിക്ക് സുഖം ഭവിച്ചു, കാരണമെന്ത്?’ എന്ന് തന്റേടാട്ടം ആരംഭിക്കുന്നു.

ബാണന്റെ മിഴാവുവാദനം
.
ഇങ്ങിനെ ശൃംഗാരരസപ്രധാനമായ രംഗത്തെ തുടര്‍ന്ന് വീരരസപ്രധാനമായ തന്റേടാട്ടം മറ്റൊരു കഥയുടെ അവതരണത്തിലും ഉണ്ടെന്നു തോന്നുന്നില്ല. ശൃംഗാരരസപൂര്‍ണ്ണമായ ഭാവത്തില്‍ നിന്നും ബാണനെ പെട്ടന്ന് വീരരസത്തിലേക്ക് സങ്ക്രമിപ്പിച്ച് തന്റേടാട്ടം തുടങ്ങുകയെന്നത് വളരെ പ്രയാസകരമാണ്. നായകന് ശൃംഗാരം വിട്ട് വീരത്തിലേക്ക് പ്രവേശിക്കുവാന്‍ കാരണമായി മറ്റു കത്തിപ്രധാനമായ കഥകളിലുള്ളതുപോലെ ഒരു ശബ്ദംകേള്‍ക്കലോ, നാരദന്റേയോ ദൂതന്റേയോ ആഗമനമോ ഒന്നും ഇല്ലായെന്നുള്ളതാണ് ഇവിടെ പ്രശ്നമെന്നു തോന്നുന്നു. ഇതുകൊണ്ടായിരിക്കാം പണ്ടുമുതല്‍ തന്നെ സാധാരണയായി ബാണയുദ്ധത്തിലെ പതിഞ്ഞപദം ഒഴിവാക്കുകയും തിരനോട്ടശേഷം തന്റേടാട്ടത്തോടെ കഥ ആരംഭിക്കുകയും ചെയ്തുവരുന്നത്.

തന്റെ അച്ഛനായ മഹാബലി ഭിക്ഷയാചിച്ച് വന്ന വിഷ്ണുവിന് സകലസ്വത്തുക്കളും, തന്നെത്തന്നെയും ദാനംചെയ്ത് പ്രശസ്തിനേടി, പാതാളത്തില്‍ വിഷ്ണുവിനെ കാവല്‍ക്കാരനായി നിര്‍ത്തി സസുഖം വാഴുന്നു എന്ന കഥയും, തുടര്‍ന്ന് താന്‍ ശിവപാര്‍വ്വതിമാരുടെ മാനസപുത്രനായിതീര്‍ന്ന കഥയും, തനിക്ക് ശിവാനുഗ്രഹത്താല്‍ ആയിരം കൈകള്‍ ലഭ്യമായ സംഭവവും, താന്‍ വരംചോദിച്ചതനുസ്സരിച്ച് ശിവകുടുബം തന്റെ ഗോപുരം കാത്തുരക്ഷിച്ചുകൊണ്ട് ഇവിടെവന്ന് വസിക്കുവാനിടയായതും ഒക്കെയാണ് ബാണന്‍ തന്റേടാട്ടത്തില്‍ ആദ്യം അവതരിപ്പിച്ചത്. ഇതില്‍ ശിവന്റെ നടനവും, ബാണന്‍ തന്റെ ആയിരം കൈകള്‍കൊണ്ട് മിഴാവ്, മദ്ദളം, ഇടയ്ക്ക തുടങ്ങിയവാദ്യങ്ങള്‍ വായിക്കുന്നഭാഗവും വിസ്തരിച്ചാണ് അവതരിപ്പിച്ചത്. ഈ ഭാഗത്ത് ചെണ്ട, മദ്ദളം എന്നിഇവയെ കൂടാതെ ഇടയ്ക്കയും ഉപയോഗിക്കുകയും, ബാണന്‍ ഓരോന്നും കൊട്ടുന്നതായി അഭിനയിക്കുന്നതിനൊപ്പം ഇവകളില്‍ തനിയാവര്‍ത്തനം പോലെ വായിക്കുകയും ചെയ്യുന്നതായി കണ്ടു. ഈ ഭാഗം ഇങ്ങിനെ കൂടുതലായി വിസ്തരിക്കുന്നത് വിരസമായി അനുഭവപ്പെട്ടു.

“ബാണനഹമേഷ കലയേ”
.
തുടര്‍ന്ന് ബാണന്‍ തന്റെ കൈത്തരിപ്പ് അടക്കാനാവാതെ അഷ്ടദിഗജങ്ങളെ ചെന്ന് എതിര്‍ക്കുന്നു. ബാണന്റെ കരപ്രഹരമേറ്റ് അവകള്‍ തോറ്റോടുന്നു. ബാണന്‍ ഇന്ദ്രനെ പോരിനുവിളിക്കുന്നു. എന്നാല്‍ ഇന്ദ്രന്‍ ഭയന്നോടുന്നു. ‘ഇനി തന്റെ കൈത്തരിപ്പ് തീര്‍ക്കാന്‍ എന്തുവഴി?’ എന്നാലോചിക്കുന്നബാണന്‍, ‘ഭഗവാന്‍ ശങ്കരനോട് യുദ്ധത്തിനാവിശ്യപ്പെടുകതന്നെ’ എന്നുറപ്പിക്കുന്നതോടെ ആദ്യരംഗം അവസാനിക്കുന്നു.


രണ്ടാം രംഗത്തില്‍ ഗോപുരദ്വാരത്തില്‍ വസിക്കുന്ന ശിവകുടുബത്തിനെ ദര്‍ശ്ശിക്കുവാനായി ബാണന്‍ എത്തുന്നു. ശിവന്റെ മുഖത്ത് വിഷാദഭാവം കണ്ട്, ബാണന്‍ അതിനുകാരണം ‘പാര്‍വ്വതിയും ഗംഗയുമായുള്ള കലഹമാണോ?, സര്‍പ്പാഭരണങ്ങളും ഗണേശവാഹനമായ മൂഷികനുമായുള്ള കലഹമാണോ?, അതോ ഭഗവാന്റെ വാഹനമായ ഋഷഭനും ദേവിയുടെ വാഹനമായ സിംഹവും തമ്മിലുള്ള കലഹമാണോ?, സര്‍പ്പങ്ങളും ഷണ്മുഖവാഹനമായ മയിലും തമ്മിലുള്ള കലഹമാണോ? എന്നൊക്കെ ശങ്കിക്കുന്നു. തുടര്‍ന്ന് ബാണന്‍ ശിവനെ കണ്ടുവന്ദിച്ച് തന്റെ അവശ്യം അറിയിക്കുന്നു. നിന്റെ ഭൃത്യനായ എന്നോടെതിര്‍ക്കുന്നത് ഉചിതമല്ലെന്നും, നിന്റെ ഉന്നതാമായുള്ള കേതു ഒരുനാള്‍ ശൂന്യമായിതീരുമെന്നും, അന്ന് എനിക്കൊത്ത ഒരു എതിരാളി നിന്നോട് സമരത്തിനു വരുമെന്നും ശിവന്‍ ബാണനെ അറിയിക്കുന്നു. അങ്ങയുടെ വാക്കുകള്‍ അത്ഭുതകരവും ജുഗുപ്സിതാവഹവും ആണെന്നും, ഏതായാലും എന്റെ കൈത്തരിപ്പുതീര്‍ക്കാനായി ഞാന്‍ ആ ശത്രുവിന്റെ വരവിനെ കാത്തിരിക്കുന്നു എന്നും പറഞ്ഞ് ബാണന്‍ മടങ്ങുന്നു.


മടങ്ങും വഴി ഗണപതി,നന്ദികേശ്വരന്‍, സുബ്രഹ്മണ്യന്‍ തുടങ്ങിയവരോട് ബാണന്‍ യുദ്ധത്തിന് ആവശ്യപ്പെടുന്നതു കണ്ടു. ശിവന്റെ തക്കതായ മറുപടികേട്ടശേഷവും ബാണന്‍ ഇങ്ങിനെ ചെയ്യുന്നത് ഉചിതമെന്നുതോന്നിയില്ല. തെക്കന്‍ സമ്പൃദായമനുസ്സരിച്ച് ശിവന്റെ മറുപടിക്കുശേഷമല്ല ബാണന്‍ ഇവരോട് യുദ്ധം ആവശ്യപ്പെടുന്നത്. വരുന്നവഴിതന്നെ ക്രമമായി നന്ദികേശ്വരന്‍, സുബ്രഹ്മണ്യന്‍, ഗണപതി, ഭൂതം എന്നിവരെകണ്ട്, കുശലപ്രശ്നം ചെയ്ത്, പ്രീതിപ്പെടുത്തി, യുദ്ധമാവശ്യപ്പെട്ടശേഷമാണ് ശിവസമീപം എത്തുന്നത്. ഇതുതന്നെയാണ് ഉചിതമെന്നുതോന്നുന്നു.


ശിവന്റെ വാക്കുകള്‍കേട്ട് കൊട്ടാരത്തില്‍ മടങ്ങിയെത്തുന്ന ബാണന്‍ തന്റെ കൊടിമരം ഇളക്കിനോക്കി, അതു വീഴുന്നലക്ഷണമില്ലെന്നുകണ്ട്, ശത്രുവരുന്ന കാലം പാര്‍ത്തിരിക്കുകതന്നെ എന്നു തീരുമാനിക്കുകയും, ആ സമയം ഉദ്യാനത്തില്‍ സഖിമാരോടോപ്പം ക്രീഡിക്കുന്ന തന്റെ പുത്രി ഉഷയെ കണ്ട്, ഇവള്‍ക്ക് യൌവനപൂര്‍ത്തി വന്നിരിക്കുന്നു എന്നു മനസ്സിലാക്കി, ഇനി ഇവള്‍ക്ക് ഗാന്ധര്‍വ്വം വരാതെയിരിക്കുവാന്‍ വേണ്ടതുചെയ്യണം എന്നുനിശ്ചയിച്ചാണ് സാധാരണ ബാണന്‍ ഈ രംഗത്തുനിന്നും നിഷ്ക്രമിക്കുക പതിവ്. വാര്യരാശാന്‍ ക്ഷീണിതനായിതീര്‍ന്നതു കൊണ്ടുകൂടിയായിരിക്കാം, രംഗാന്ത്യത്തില്‍ ഈ വിധ ആട്ടങ്ങള്‍ ഒന്നും ഇവിടെ ചെയ്തുകണ്ടില്ല.


ശിവനായി കോട്ട: മനോജും, പാര്‍വ്വതിയായി ശ്രീ കോട്ടക്കല്‍ സി.എം.ഉണ്ണികൃഷ്ണനും, ഗണപതിയായി ശ്രീ കോട്ടക്കല്‍ കൃഷ്ണദാസും, സുബ്രഹ്മണ്യനായി കോട്ട: പ്രദീപും, നന്ദികേശ്വരനായി ശ്രീ കോട്ടക്കല്‍ സുനില്‍ കുമാറും, ശിവഭൂതമായി കോട്ട: ബാലനാരായണനുമായിരുന്നു വേഷമിട്ടിരുന്നത്. ഈ ഭാഗത്ത് ശ്രീ കോട്ടക്കല്‍ നാരായണന്‍, ശ്രീ കോട്ടക്കല്‍ വെങ്ങേരി നാരായണന്‍ നമ്പൂതിരി, ശ്രീ കോട്ടക്കല്‍ സന്തോഷ് എന്നിവര്‍ ചേര്‍ന്നായിരുന്നു പാട്ട്. ശ്രീ കോട്ടക്കല്‍ പ്രസാദും(ചെണ്ട) ശ്രീ കോട്ടക്കല്‍ രവിയും(മദ്ദളം) ചേര്‍ന്ന് ഈ രംഗങ്ങളില്‍ മികച്ചരീതിയില്‍ മേളമൊരുക്കി. ശ്രീ കോട്ടക്കല്‍ മനീഷ് രാമനാഥന്‍(ബാണപത്നിയുടെ പദാഭിനയ സമയത്ത്), ശ്രീ കോട്ടക്കല്‍ വിജയരാഘവന്‍(ബാണന്റെ ആട്ടസമയത്ത്) എന്നിവരാണ് ഇടയ്ക്ക കൈകാര്യം ചെയ്തത്.


ബാണനും മന്ത്രിയുമായുള്ള മൂന്നാമത്തെ രംഗം ഇവിടെ അവതരിപ്പിക്കുകയുണ്ടായില്ല. തുടര്‍ന്ന് ബാണയുദ്ധത്തിലെ പ്രസിദ്ധമായ ഉഷ-ചിത്രലേഖ രംഗങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്. ഇതില്‍ ഉഷയായി ശ്രീ കോട്ടക്കല്‍ ഹരികുമാറും, ചിത്രലേഖയായി ശ്രീ കോട്ടക്കല്‍ വാസുദേവന്‍ കുണ്ഡലായരും, അനിരുദ്ധനായി കോട്ട: ശ്രീജിത്തും അരങ്ങിലെത്തി. ഈ രംഗങ്ങളിലെ സംഗീതം ശ്രീ കോട്ടക്കല്‍ മധുവും ശ്രീ കോട്ടക്കല്‍ സുരേഷും ചേര്‍ന്നായിരുന്നു. മദ്ദളം ശ്രീ കോട്ടക്കല്‍ രാധാകൃഷ്ണനും ഇടയ്ക്ക കോട്ട: മനീഷ് രാമനാഥനും കൈകാര്യം ചെയ്തു.

“താപസേന്ദ്ര”
.
തുടര്‍ന്ന് രണ്ടാമത്തെ കഥയായി ദക്ഷയാഗം(‘അറിയാതെ മുതല്‍) അവതരിപ്പിക്കപ്പെട്ടു. ഇതില്‍ ശ്രീ കോട്ടക്കല്‍ കേശവന്‍ കുണ്ഡലായര്‍ ദക്ഷവേഷം ഭംഗിയായി കൈകാര്യംചെയ്തു. കോട്ട: പ്രദീപാണ് ഇന്ദ്രനായെത്തിയത്. ദക്ഷന്റെ ‘അറിയാതെ മമ പുത്രിയെ’ എന്ന പ്രധാന പദമുള്‍ക്കൊള്ളുന്ന ആദ്യരംഗത്തില്‍ കോട്ട: വിജയരാഘവനും(ചെണ്ട) കോട്ട:രവിയും ചേര്‍ന്ന് നല്ല മേളമാണ് ഒരുക്കിയിരുന്നത്. എന്നാല്‍ ഈ ഭാഗത്ത് കോട്ട:മധുവിന്റെ പാട്ട് വേണ്ടവിധം ശോഭിച്ചിരുന്നില്ല. ‘അറിയാതെ’ പോലെയുള്ള പദങ്ങള്‍ നടന്റെ അഭിനയത്തിനനുസ്സരിച്ച് പദത്തിലെ അതാതു അക്ഷരങ്ങള്‍ക്ക് പ്രത്യേകമായി ഊന്നല്‍ നല്‍കി, തുറന്ന് പാടിയാല്‍ മാത്രമെ രംഗത്ത് ശോഭിക്കു. ഉച്ചാരണശുദ്ധിയും അത്യാവശ്യമാണ്. ഈ ഗുണങ്ങളൊന്നും മധുവിന്റെ ആലാപനത്തില്‍ ഉണ്ടായിരുന്നില്ല.

“നിന്‍ കൃപാ വേണം”
.
നന്ദികേശ്വരനായി ശ്രീ കോട്ടക്കല്‍ ഹരിദാസും ദധീചിയായി ശ്രീ കോട്ടക്കല്‍ മുരളീധരനും അരങ്ങിലെത്തി. നന്ദികേശ്വരന്റെ രംഗത്തില്‍ കോട്ട: വെങ്ങേരി നാരായണന്‍ നമ്പൂതിരിയും കോട്ട: സന്തോഷും ചേര്‍ന്നും, ദധീചിയുടെ രംഗത്തില്‍ കോട്ട:നാരായണനും കോട്ട: വെങ്ങേരി നാരായണന്‍ നമ്പൂതിരിയും ചേര്‍ന്നും നല്ലരീതിയില്‍ സംഗീതമൊരുക്കി. ഈ രംഗങ്ങളില്‍ ചെണ്ടവായിച്ചത് വിജയരാഘവനും മദ്ദളം വായിച്ചത് ശ്രീ കോട്ടക്കല്‍ ശബരീഷും ആയിരുന്നു.

“കുവലയവിലോചനേ”
.
സതിയായി അഭിനയിച്ചിരുന്ന ശ്രീ കോട്ടക്കല്‍ സുധീറിന്റെ അഭിനയത്തില്‍ നാടകീയത കൂടുതലായി തോന്നിച്ചിരുന്നു. ശിവനായി അരങ്ങിലെത്തിയത് ശ്രീ കോട്ടക്കല്‍ എ.ഉണ്ണികൃഷ്ണനാണ്. യാഗശാല തകര്‍ക്കുവാനും ദക്ഷനെ വധിക്കുവാനും ആജ്ഞാപിച്ച ശിവനോട് വീരഭദ്രന്‍ “യാഗശാലയിലുള്ള ബ്രാഹ്മണരെ എന്തു ചെയ്യണം?” എന്നു ചോദിച്ചു. “നിങ്ങളെ കണ്ടുകഴിഞ്ഞാല്‍ പിന്നെ ബ്രാഹ്മണര്‍ അവിടെ നില്‍ക്കില്ല. അവര്‍ പേടിച്ച് ‘രണ്ടും കഴിച്ചുകൊണ്ട് ’ അവിടെ നിന്ന് ഓടിപൊയ്ക്കൊള്ളും” എന്നായിരുന്നു ശിവന്റെ മറുപടി!

“താതാ, ദുര്‍മ്മതി നല്ലതല്ലിതു തേ”
.
വീരഭ്രദ്രനായെത്തിയ ശ്രീ കോട്ടക്കല്‍ ദേവദാസും മികച്ച പ്രകടനമായിരുന്നു കാഴ്ച്ചവെയ്ച്ചിരുന്നത്. ഭദ്രകാളിയായി ശ്രീ കോട്ടക്കല്‍ ഹരീശ്വരനും, ശിവഭൂതങ്ങളായി മനോജ്, പ്രദീഷ്, ബാലനാരായണന്‍, ശ്രീജിത്ത്, കൃഷ്ണദാസ്, എന്നിവരും, പൂജാബ്രാഹ്മണരായി ഹരികുമാര്‍, സി.എം.ഉണ്ണികൃഷ്ണന്‍, സുനില്‍ കുമാര്‍ എന്നിവരും അരങ്ങിലെത്തി. അന്ത്യരംഗത്തിലെ യുദ്ധഭാഗങ്ങളെല്ലാം വിസ്തരിച്ചും ഭംഗിയായും അവതരിപ്പിക്കുകയുണ്ടായി.


ഈ രംഗങ്ങളില്‍ പാടിയിരുന്നത് കോട്ട:സുരേഷും കോട്ട:സന്തോഷും ചേര്‍ന്നായിരുന്നു. കോട്ട: വിജയരാഘവനും കോട്ട: മനീഷ് രാമനാഥനും ചേര്‍ന്ന് ചെണ്ടയിലും കോട്ട:സുഭാഷ്, കോട്ട: ശബരീഷ് എന്നിവര്‍ ചേര്‍ന്ന് മദ്ദളത്തിലും മേളമൊരുക്കി.


ശ്രീ കോട്ടക്കല്‍ ബാലകൃഷ്ണന്‍, ശ്രീ കോട്ടക്കല്‍ രാമചന്ദ്രന്‍, ശ്രീ കോട്ടക്കല്‍ സതീഷ് എന്നിവരായിരുന്നു ഈ കളിക്ക് ചുട്ടികുത്തിയിരുന്നത്.


കോട്ടക്കല്‍ നാട്ട്യസംഘത്തിന്റെ ചമയങ്ങള്‍ ഉപയോഗിച്ച് അണിയറകൈകാര്യം ചെയ്തിരുന്നത് ശ്രീ കുഞ്ഞിരാമന്‍, ശ്രീ വാസു, ശ്രീ ഉണ്ണികൃഷ്ണന്‍, ശ്രീ രാമചന്ദ്രന്‍, ശ്രീ അനൂപ് എന്നിവരായിരുന്നു.

“ചന്ദ്രചൂഡ, നമോസ്തു തേ ജയ”
.
ഈ കളിയുടെ മറ്റൊരു ആസ്വാദനം ‘കളിവെട്ട’ത്തില്‍ വായിക്കാം.
.

ഇടപ്പള്ളി കഥകളി ആസ്വാദനസദസ് വാര്‍ഷികം

ഇടപ്പള്ളി കഥകളി ആസ്വാദനസദസ്സിന്റെ വാര്‍ഷികം ജനുവരി 23,24,25 തീയതികളിലായി ഇടപ്പള്ളി ചങ്ങമ്പുഴപാര്‍ക്കില്‍ വെച്ച് ആഘോഷിക്കപ്പെട്ടു. മൂന്നുദിവസങ്ങളിലും കഥകളിയും അവതരിപ്പിക്കപ്പെട്ടിരുന്നു. 24ന് നളചരിതം രണ്ടാംദിവസം കഥയാണ്(‘അലസത’ വരെ) അവതരിപ്പിക്കപ്പെട്ടിരുന്നത്. ഇതില്‍ നളവേഷമിട്ടത് ശ്രീ കലാമണ്ഡലം ബാലസുബ്രഹ്മണ്യനായിരുന്നു. ഒരു ആയാസം-വല്ലാത്തൊരു ബലം‌പിടുത്തം- ഈ ദിവസത്തെ അഭിനയത്തിലുടനീളം ഇദ്ദേഹത്തില്‍ ദര്‍ശിച്ചിരുന്നു. സാധാരണ അനായാസമായും മനോഹരമായും ആണ് ബാലസുബ്രഹ്മണ്യന്‍ കലാശങ്ങള്‍ ചവുട്ടുന്നതുകണ്ടിട്ടുള്ളത്. എന്നാല്‍ ഈദിവസം കലാശങ്ങളില്‍ പോലും അദ്ദേഹത്തിന് ആയാസത തോന്നിച്ചു. ചൊല്ലിയാട്ടത്തില്‍ മാത്രമല്ല ആട്ടങ്ങളിലും രസാഭിനയത്തിലുമൊന്നും അദ്ദേഹം നല്ലപ്രകടനം കാഴ്ച്ചവെച്ചിരുന്നില്ല. ശ്രീ കലാമണ്ഡലം ഷണ്മുഖദാസ് ദമയന്തിയായി വേഷമിട്ടു.


നവദമ്പതികളായ നളദമയന്തിമാരുടെ സൃഗാരപ്രധാനമായ രംഗമാണ് നളചരിതം രണ്ടാംദിവസകഥയില്‍ ആദ്യം. ഈ രംഗത്തിന്റെ അന്ത്യത്തിലുള്ള ആട്ടത്തില്‍ ‘ഇന്നലെ വരെ ചന്ദ്രകിരണം എനിക്ക് തീക്കനല്‍ പോലെ അനുഭവപ്പെട്ടിരുന്നു, ഇന്ന് ഇത് പാല്‍ പോലെ തോന്നുന്നു, ഈ ഉദ്ദ്യാനത്തില്‍ ഇന്നലെ വരെ ഒരു പ്രേതത്തെപോലെ അലഞ്ഞുനടക്കുകയായിരുന്നു ഞാന്‍, ഇന്ന് നീ കൂടെയുള്ളതുകൊണ്ട് എനിക്ക് സുഖമായി ഭവിച്ചു.’ എന്നിങ്ങിനെ പറഞ്ഞശേഷം നളന്‍, വിവാഹത്തിനുമുന്‍പ് ദു:ഖിതനായി ഈ ഉദ്യാനത്തില്‍ ഇരുന്നപ്പോള്‍ ഹംസത്തിനെ സുഹൃത്തായിലഭിച്ചതും, ഹംസം ദമയന്തിയേകാണാന്‍ പോന്നതുമായ കാര്യങ്ങള്‍ ദമയന്തിയെ ധരിപ്പിച്ചു. ഹംസം വന്ന് തന്റെ മനസ്സ് നളനില്‍ ഉറപ്പിച്ച് തിരികെപോന്ന കാര്യങ്ങള്‍ ദമയന്തിയും, തുടര്‍ന്ന് മടങ്ങിവന്ന് സഖാവ് പറഞ്ഞകാര്യങ്ങള്‍ നളനും തുടര്‍ച്ചയായി ആടി. അനന്തരം നളദമയന്തിമാര്‍ ഉദ്യാനം ചുറ്റികാണുന്നു. വല്ലികളില്‍ നിന്നും പൂവുകള്‍ ധാരാളമായി വീണുകിടക്കുന്നതുകണ്ട നളന്‍ ‘നിന്നെ വരവേല്‍ക്കാന്‍ വീഥിയില്‍ പൂവിരിച്ചിരിക്കുകയാണ് ലതകള്‍’ എന്ന് പറയുന്നു. ഇണപ്പക്ഷികളുടെ വേര്‍പാട് കണ്ട് ദു:ഖിക്കുന്ന ദമയന്തിയെ ഇതുപോലെ നമുക്ക് ഒരിക്കലും സംഭവിക്കില്ല എന്ന് പറഞ്ഞ് നളന്‍ സമാധാനിപ്പിച്ചു. രംഗാന്ത്യത്തില്‍ നളന്‍, ‘വളരെക്കാലമായി ഞാന്‍ ആഗ്രഹിക്കുന്നതാണ് ഇവിടെ നീയുമായി ചെര്‍ന്നിരിക്കണമെന്ന്. അത് ഇന്ന് സാധിച്ചുവല്ലൊ’ എന്നുപറഞ്ഞ്, ദമയന്തിയേയും കൂട്ടി വള്ളിക്കുടിലിലേക്ക് ഗമിക്കുന്നു.

“ദയിതേ........”
.
രണ്ടാം രംഗത്തില്‍ ആകാശമാര്‍ഗ്ഗത്തില്‍ വച്ച് കലിദ്വാപരന്മാര്‍ കണ്ടുമുട്ടുന്നു. ദമയന്തീസ്വയംവരത്തില്‍ പങ്കെടുക്കുകയാണ് ഇരുവരുടേയും ലക്ഷ്യം എന്ന് മനസ്സിലാക്കിയ ഇവര്‍ പിന്നീട് ഒരുമിച്ച് യാത്രതുടരുന്നു. മാര്‍ഗ്ഗമദ്ധ്യേ ഇന്ദ്രാഗ്നിയമവരുണന്മാരെ കണ്ടുമുട്ടുന്ന ഇവര്‍ കുശലപ്രശ്നം ചെയ്യുന്നു. ഇവിടെ കലിയായി അഭിനയിച്ചത് ശ്രീ കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താനായിരുന്നു. ഇദ്ദേഹത്തിന്റെ മുഖമെഴുത്തില്‍ സാധാരണാറുള്ളതില്‍ നിന്നും ചില വിത്യാസങ്ങള്‍ ഉണ്ടായിരുന്നു. പദഭാഗത്തെ ആട്ടം വിസ്തരിക്കാതെ കഴിക്കുകയും ചൊല്ലിവട്ടംതട്ടിയും അല്ലാതെയും ഉള്ള ആട്ടഭാഗങ്ങള്‍ വിസ്തരിക്കുകയും ചെയ്യുന്ന ഒരു രീതിയാണ് ഉണ്ണിത്താനില്‍ കണ്ടത്. ‘കനക്കക്കൊതികലര്‍ന്നു’ എന്ന് ചൊല്ലിവട്ടം തട്ടിയപ്പോള്‍ കലി, പാലാഴിമഥനം, അഹല്യാപ്രാപ്തി, തുടങ്ങിയ കഥകള്‍ വിസ്തരിച്ച് ഇന്ദ്രനെ കളിയാക്കുന്നതായി കണ്ടു. ഉണ്ണിത്താന്‍ ചുരുക്കത്തിലും എന്നാല്‍ മനോഹരമായും ഇവ ആടിയിരുന്നുവെങ്കിലും ഈ സന്ദര്‍ഭത്തിന് ഈ ആട്ടങ്ങള്‍ അത്ര യോജിക്കുന്നതായി തോന്നിയില്ല. ‘കുറുക്കന്‍ പറഞ്ഞതുപോലെ നിങ്ങളും കിട്ടാത്തമുന്തിരി പുളിക്കും എന്ന് പറയുന്നത് കഷ്ടം തന്നെ’ എന്നും ഉണ്ണിത്താന്‍ ആടുന്നതുകണ്ടു.

മിഴിച്ചുപാവകളെ....”
.
‘മിനക്കട്ടങ്ങുമിങ്ങും’ എന്ന പദഭാഗം ദ്വാപരനാണ് ഇവിടെ ആടുകയുണ്ടായത്! ഉണ്ണിത്താന്‍ നിര്‍ദ്ദേശിച്ചതനുസ്സരിച്ചാണ് നീരജ്ജ് ഇത് ആടിയത്. ഈഭാഗം ദ്വാപരന്‍ ആടേണ്ടവയല്ല. ഇന്ദ്രനോടുള്ള പദം മുഴുവനായും കലിതന്നെയാണ് ആടേണ്ടത്.

കലിയുടെ പദത്തിനുശേഷം ഇന്ദ്രന് ‘പ്രവണനെങ്ങളില്‍ ഭക്തിമാന്‍ നളന്‍’ എന്ന ഒരു മറുപടി ചരണം കൂടി ഉണ്ട്. ‘വിനയവാനും ഭക്തിമാനും ആശ്രിതരക്ഷകനുമാണ് നളന്‍, ഗുണത്തിന് ഏകാവലമ്പങ്ങളായ ആ സ്ത്രീപുരുഷന്മാരെ തമ്മില്‍ ഘടിപ്പിച്ച് തങ്ങളുടെ കടമ നിറവേറ്റി വരികയാണ് ഞങ്ങള്‍. കുമതിയായ നീ ഗുണവാനായ നളനില്‍ വൈരം വെയ്ക്കുന്നത് അനര്‍ത്ഥകരമാണ്. ഞങ്ങളുടെ നല്ലവാക്കുകള്‍ കേട്ടില്ലെങ്കില്‍ നിനക്ക് തീര്‍ച്ചയായും വ്യസനമാണ് ഫലം’ എന്നിങ്ങിനെയാണ് ഈ ചരണത്തില്‍ ഇന്ദ്രന്‍ കലിയോട് പറയുന്നത്. ഈ ചരണം വളരേ കാലമായി നടപ്പിലില്ല. ഈ പദഭാഗം അവതരിപ്പിച്ചില്ലെങ്കിലും ഇന്ദ്രന്‍ ഇവിടെ ഈ ആശയം ആട്ടത്തിലൂടെ അവതരിപ്പിച്ചിട്ട് നിഷ്ക്രമിക്കുന്നതാണ് ഉചിതമെന്നുതോന്നുന്നു. എന്നാല്‍ ക്രുദ്ധനായ കലി ഇന്ദ്രനോട് പൊയ്ക്കോള്ളുവാന്‍ പറയുന്നതായും, ഇന്ദ്രന്‍ ഒന്നും പറയാതെ പോകുന്നതായുമാണ് ഇപ്പോള്‍ കാണാറ്. ഇവിടെയും അങ്ങിനെയാണ് ഉണ്ടായത്. ഇന്ദന്‍, മന്ത്രി വേഷങ്ങള്‍ ചെയ്തത് ശ്രീ ഫാക്റ്റ്.ബിജുഭാസ്ക്കരനും, ദ്വാപരന്‍, കാള വേഷങ്ങള്‍ ചെയ്തത് ശ്രീ കലാമണ്ഡലം നീരജ്ജും ആയിരുന്നു. തുടര്‍ന്നുള്ള ‘കലിയാട്ടവും’ രാമചന്ദ്രനുണ്ണിത്താന്‍ ഭംഗിയായിതന്നെ അവതരിപ്പിച്ചു.

“ചതിപ്പതിന്നിവനാഗതായ്”
.
നളനോട് ചൂതുപൊരുതുക എന്നും, ചൂതില്‍ വിജയിച്ച് രാജ്യധനാദികള്‍ നിനക്ക് ലഭ്യമാക്കാന്‍ ഞങ്ങള്‍ സഹായിക്കാമെന്നും പറയുന്ന കലിദ്വാപരന്മാരന്മാരോട് ‘നിങ്ങള്‍ ശരിക്കും എന്നെ സഹായിക്കാന്‍ തന്നെ വന്നവരാണോ? അതോ എന്നെ ആപത് ഗര്‍ത്തത്തില്‍ ചാടിക്കാനായി വന്നവരോ?’ എന്ന് പുഷ്ക്കരന്‍ ചോദിക്കുന്നു. ‘അങ്ങയെ ആപത് ഗര്‍ത്തത്തില്‍ നിന്നും കൈപിടിച്ച് ഉയര്‍ത്താന്‍ വന്ന യഥാര്‍ത്ഥ സുഹൃത്തുക്കളാണ് ഞങ്ങള്‍’ എന്ന കലിയുടെ മറുപടികേട്ട്, ‘ഇവരുടെ വാക്കുകള്‍ കേട്ടാല്‍ ദോഷം സംഭവിക്കുമോ?’ എന്ന് പുഷ്ക്കരന്‍ ചിന്തിക്കുന്നു. ‘ഏതായാലും ഇവര്‍ പറഞ്ഞത് അനുസ്സരിക്കുകതന്നെ‘ എന്നുറച്ച് പുഷ്ക്കരന്‍ നളനെ ചൂതിനു വിളിക്കുന്നു. ശ്രീ കലാമണ്ഡലം ശ്രീകുമാറാണ് പുഷ്ക്കരനെ അവതരിപ്പിച്ചത്.


തന്നെ ചൂതിനുവിളിക്കുന്ന, ചൂതുകളിയില്‍ പ്രഗത്ഭനല്ലാത്ത പുഷ്ക്കരനോട് ‘മേലും കീഴും നോക്കിയിട്ടാണോ നീ ഇതിന് പുറപ്പെട്ടത്?’ എന്ന് നളന്‍ ചോദിച്ചു. ‘അതെ’ എന്ന ഉറപ്പായ മറുപടികേട്ട്, ‘എന്ത് നോക്കാന്‍? മുകളില്‍ ആകാശവും താഴെ ഭൂമിയും അല്ലെ!’ എന്ന് നളന്‍ പ്രതിവചിക്കുകയും ചെയ്തു. ഈ രംഗത്തില്‍ ബാലസുബ്രഹ്മണ്യന്റെ നളനേക്കാള്‍ പക്വതയും നിലയും ശ്രീകുമാറിന്റെ പുഷ്ക്കരന് തോന്നിച്ചിരുന്നു!

പുഷ്ക്കരന്‍ ചൂതുകളിയിലൂടെ രാജ്യധനാദികള്‍ തച്ചുപറിച്ചിട്ട് നാട്ടില്‍നിന്നും കടന്നുപോകാന്‍ ആവശ്യപ്പെടുമ്പോള്‍ നളന്‍ സാധാരണയായി ദമയന്തിയേയും പിടിച്ച് സാവധാനത്തില്‍ നിഷ്ക്രമിക്കുന്നതായാണ് കാണാറ്. എന്നാല്‍ ഇവിടെ ബാലസുബ്രഹ്മണ്യന്റെ നളന്‍ കുറച്ചുനേരം പുഷ്ക്കരനെ നോക്കിനിന്നിട്ട്, അവജ്ഞനടിച്ച് കൈകള്‍ പുറകില്‍കെട്ടി പെട്ടെന്ന് പിന്തിരിഞ്ഞ് പോരുന്നതായിട്ടാണ് കണ്ടത്. ഇതുകണ്ടപ്പോള്‍ ‘ഭൂമിയെന്നതുപോലെ ഭൈമിയും ചേരുമെന്നില്‍’ എന്ന പുഷ്ക്കരവചനം ശ്രവിച്ച് നളന്‍, ഭൈമിയേയും അവിടെ ഉപേക്ഷിച്ചിട്ട് പോവുകയാണോ എന്ന് തോന്നി!
“ഒരുനാളും നിരൂപിതമല്ലേ....”
.
അനുജനോട് തോറ്റ് രാജ്യാധികാരവും സമ്പത്തും നഷ്ടപ്പെട്ട് ഭൈമിയുമായി കാട്ടിലെത്തിയ നളന്റെ, ‘ഒരുനാളും നിരൂപിതമല്ല’ എന്ന ദു:ഖപദം, ശക്തിയായി ശ്വാസം വലിച്ച് ഒരു ഏങ്ങലടിശബ്ദം പുറപ്പെടുവിച്ചുകൊണ്ടാ‍ണ് ഇവിടെ അവതരിപ്പിക്കുന്നതുകണ്ടത്. നാട്ട്യധര്‍മ്മിതമായ അഭിനയം പിന്‍‌തുടരുന്ന കഥകളിയില്‍ ഒരു നായകന്റെ ദു:ഖം ഈ രീതിയിലല്ല അവതരിപ്പിക്കേണ്ടത്. സമയം വൈകിയതിനാലാവാം ഈ രംഗം വളരെ വേഗത്തില്‍ ചെയ്തു തീര്‍ക്കുന്നതായാണ് കണ്ടത്.
.
ദമയന്തിയെ ഉപേക്ഷിച്ച് പോകാനൊരുങ്ങുന്ന നളന്‍ തന്റെ നഗ്നതമറയ്ക്കുവാനായി ഭൈമിയുടെ വസ്ത്രത്തിന്റെ ഒരു ഭാഗം കീറി ഉടുക്കുന്നു. നളന് യാദൃശ്ചികമായി ഒരു കത്തി കിട്ടുകയും, അതുപയോഗിച്ച് വസ്ത്രം മുറിച്ചെടുക്കുന്നതുമായാണ് സാധാരണ ആടാറുള്ളത്. എന്നാല്‍ ഇവിടെ ഇതു കണ്ടില്ല. നളന്‍ കൈകൊണ്ടുതന്നെയാണ് വസ്ത്രം മുറിച്ചെടുക്കുന്നതുകണ്ടത്! ‘ഈ ജന്മത്തില്‍ നാം പിരിയുകയാണ്, ഭാഗ്യമുണ്ടെങ്കില്‍ അടുത്തജന്മത്തില്‍ നമുക്ക് വീണ്ടും ഒത്തുചേരാം’ എന്നു പറഞ്ഞ്, ഉറങ്ങിക്കിടക്കുന്ന ദമയന്തിയുടെ കാല്‍ക്കല്‍ നമസ്ക്കരിച്ചശേഷമാണ് നളന്‍ വേര്‍പെടുന്നതുകണ്ടത്!വേര്‍പാട്ഭാഗത്ത് ചാമരം മുന്‍പിലേക്കിട്ട് ആകെ ഒരു ബഹളം വച്ചതല്ലാതെ കാര്യമായ ഭാവാഭിനയമൊന്നും ബാലസുബ്രഹ്മണ്യന്റെ നളനില്‍ കണ്ടില്ല.
.
ഉണര്‍ന്നെഴുനേല്‍ക്കുന്ന ദമയന്തി നളനെ കാണാതെ ദു:ഖിക്കുന്ന ‘അലസത’ എന്ന പദവുംകൂടി ഇവിടെ അവതരിപ്പിക്കപ്പെട്ടുവെങ്കിലും ഈ ഭാഗം ചടങ്ങുപോലെ വേഗത്തില്‍ കഴിക്കുന്നതായാണ് കണ്ടത്.
.
കലി ദ്വാപരന്മാരുടെ രംഗത്തിലെ ‘നരപതി നളനവന്‍’ എന്നദ്വാപരന്റെ ആദ്യചരണം ഇക്കാലത്ത് പലഗായകരും ഒഴിവാക്കുന്നതായാണ് കാണുന്നത്. ‘നളന്‍ നിരവധി ഗുണനിധിയാണ്, സുരപതിയുടെ വരത്താലും അജയ്യനാണ്, അതിനാല്‍ ഒരുത്തനും അവനെ ജയിക്കാമെന്ന മോഹം വേണ്ടാ. പിന്നെ ചൂതുപൊരുതുകിലേ ജയം വരുകയുള്ളു’ എന്ന പ്രധാന ആശയം ഉള്‍ക്കോള്ളുന്ന ഈ ചരണം ഉപേക്ഷിക്കുന്നതെന്തിനെന്ന് മനസ്സിലാകുന്നില്ല. പുഷ്ക്കരന്റെ ‘ഉണ്ടാകേണ്ടാ’ എന്ന പദത്തിലെ ‘ധരിത്രിയെച്ചേറിയെന്നെ ജയിച്ചതും’ എന്നു തുടങ്ങുന്ന ആദ്യ ചരണം ഉപേക്ഷിക്കുന്നതായും, ‘നിനക്കില്ലിനി രാജ്യമിതൊരിക്കിലും’ എന്നു തുടങ്ങുന്ന രണ്ടാംചരണം പാടുന്നതായുമാണ് കാണുന്നത്. ‘കുട്ടിക്കാലത്തില്‍ തന്നെ എന്നെ തഴഞ്ഞ് നീ അധികാരിയായി ഭരിച്ചതും, സാര്‍വഭൌമനെന്നു നീ ഭാവിച്ചതും എനിക്കറിയാം. നീ വിസ്തരിപ്പിച്ച ഭൂമിയും സമ്പാദിച്ച ധനവും എല്ലാം ഇനി എനിക്കു സ്വന്തം. ഞാന്‍ ഇനി ഉല്ലസിക്കട്ടെ. നീയിനി നാട്ടിലൊ ചവിട്ടായ്ക, കാട്ടില്‍ പോയ് തപം ചെയ്ക.’ എന്ന് ആശയം വരുന്ന ആദ്യ ചരണം പാടാതെ വിടുന്നത് ശരിയല്ല. ഇനി ഒരു ചരണം ഉപേക്ഷിക്കണം എന്നുനിര്‍ബന്ധമുണ്ടെങ്കില്‍ രണ്ടാംചരണം ഉപേക്ഷിക്കയാണ് നല്ലതെന്നു തോന്നുന്നു. ഇതുപോലെതന്നെ ഈ പദത്തിന്റെ മൂന്നാമത്തെ ചരണവും ഇപ്പോള്‍ ഉപേക്ഷിക്കുന്നതായി കാണാറുണ്ട്. പുഷ്ക്കരന് പെട്ടന്ന് രാജ്യസമ്പത്തുകള്‍ ലഭിച്ചപ്പോള്‍ അയാള്‍ക്കുണ്ടാകുന്ന മാറ്റങ്ങള്‍ പ്രകടമാക്കുന്ന ഈ പദഭാഗവും ഉപേക്ഷിക്കുന്നത് ശരിയെന്നു തോന്നുന്നില്ല. മേല്‍പ്പറഞ്ഞ ചരണങ്ങളൊന്നും ഇവിടെയും പാടിയിരുന്നില്ല. ശ്രീ പാലനാട് ദിവാകരന്‍ നമ്പൂതിരിയും ശ്രീ നെടുമ്പള്ളി രാമമോഹനനും ചേര്‍ന്നായിരുന്നു ഈ കളിക്ക് പാടിയിരുന്നത്. ശ്രീ കലാമണ്ഡലം കൃഷ്ണദാസ്, ശ്രീ മുരളീകൃഷ്ണന്‍ തമ്പുരാന്‍ എന്നിവരുടെ ചെണ്ടയും ശ്രീ കലാമണ്ഡലം നാരായണന്‍ നായരുടെ മദ്ദളവും നിലവാരം പുലത്തിയതായിരുന്നു.

ഉദയനാപുരം കൊടിമരപ്രതിഷ്ഠാവാര്‍ഷികദിനം

ഉദയനാപുരം ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തില്‍ സ്വര്‍ണ്ണധ്വജപ്രതിഷ്ഠാവാര്‍ഷികദിനത്തോടും ഭാഗവതസപ്താഹത്തോടും അനുബന്ധിച്ച് 23/01/09ന് അമ്പലപ്പുഴ സന്ദര്‍ശ്ശന്‍ കഥകളിവിദ്യാലയം അവതരിപ്പിച്ച കഥകളി നടന്നു. വൈകിട്ട് 8ന് ശ്രീ ഹരികൃഷ്ണന്‍ അവതരിപ്പിച്ച പുറപ്പാടോടെ കളി ആരംഭിച്ചു. തുടര്‍ന്ന് പൂതനാമോക്ഷം കഥ അവതരിപ്പിക്കപ്പെട്ടു.
.
തന്നെ നിഗ്രഹിക്കുവാനായി വിഷ്ണുഭഗവാന്‍ ഒരു മനുഷ്യബാലനായി ജാതനായിരിക്കുന്നു എന്നുകേട്ട് ക്രുദ്ധനായ മഥുര രാജാവായ കംസന്‍ നാട്ടിലുള്ള നവജാതശിശുക്കളെയൊക്കെയും വധിക്കുവാനായി ആജ്ഞനല്‍കി, പൂതനയെന്ന രാക്ഷസിയെ അയക്കുന്നു. അവള്‍ ഒരു സുന്ദരീരൂപം(ലളിത) ധരിച്ച് ദേശംതോറും നടന്ന് രാജാജ്ഞ നടപ്പാക്കിക്കൊണ്ടിരുന്നു. അങ്ങിനെ അവള്‍ അമ്പാടിയിലും എത്തി. ഈ ഭാഗം മുതല്‍ പൂതനക്ക് മോക്ഷം ലഭിക്കുന്നതുവരെയുള്ള ഭാഗങ്ങളാണ് ഇപ്പോള്‍ സാധാരണയായി ആടിവരുന്നത്. ഈ ഭാഗം തന്നെയാണ് ഇവിടെയും അവതരിപ്പിക്കപ്പെട്ടത്. ലളിതയായെത്തിയ ശ്രീ കലാമണ്ഡലം ക്ഷണ്മുഖദാസ് നല്ല പ്രകടനമാണ് കാഴ്ച്ചവെച്ചത്.

അമ്പാടിയിലെത്തി പൂതന അവിടത്തെ കാഴ്ച്ചകളും നന്ദഗോപഗൃഹത്തേയും കണ്ട് വര്‍ണ്ണിക്കുന്ന ‘അമ്പാടിഗുണം’ എന്നു തുടങ്ങുന്ന പദമാണ് ആദ്യമായുള്ളത്. ഇതില്‍ ‘ചിലനര്‍ത്തകരുടെ കളിചാതുരിയും’ എന്നഭാഗത്ത് നൃത്തവും പന്തടിയും ഒക്കെയും, ‘ദധിബിന്ദു പരിമളവും’ എന്നഭാഗത്ത് ഗോപികമാര്‍ തൈര്‍കടയുന്നതും വിസ്തരിച്ച് ആടി.


ദധിബിന്ദു പരിമളവും’ എന്ന ഭാഗത്തെ ആട്ടത്തില്‍ തൈരുകലക്കുന്നതിനായി തൈരും പാത്രങ്ങളും എടുത്തുവെച്ചിട്ട് ജലം കാണാഞ്ഞ് ഗോപസ്ത്രീ ആരോടോക്കെയൊ ചോദിക്കുന്നു. ആരും നല്‍കാഞ്ഞതിനാല്‍ ചിലകുട്ടികളെ വിളിച്ച് ലേശം ജലം കൊണ്ടുത്തന്നാല്‍ നിങ്ങള്‍ക്ക് പലഹാരങ്ങള്‍ നല്‍കാം എന്നു പറയുന്നു,അവര്‍ ജലം കൊണ്ടുകൊടുക്കുന്നതായും പകരം പലഹാരങ്ങള്‍ നല്‍കുന്നതായും ഒക്കെ ഇവിടെയും ഷണ്മുഖന്‍ ആടുന്നതായി കണ്ടു. ഇത് ലേശം കാടുകയറ്റം തന്നെ.


നന്ദനിലയത്തിലെത്തുന്ന പൂതന അവിടെ തൊട്ടിലില്‍ കിടക്കുന്ന ഉണ്ണികൃഷ്ണനെ കണുന്നു. ‘സുകുമാരാ നന്ദകുമാരാ’ എന്ന പദമാണ് തുടര്‍ന്നുള്ളത്. പദഭാഗത്തിനുശേഷം, പണ്ട് ശ്രീപരമേശ്വരന്‍ കാമനെ ഭസ്മീകരിച്ചുകളഞ്ഞിരുന്നു. ആ കാമദേവന്‍ പുനരവതരിച്ചതാണോ ഈ ബാലന്‍ എന്ന് സംശയിക്കുന്നു. ഏതായാലും ഇവന്‍ കാണുന്ന സകലരുടെയും ഹൃദയത്തെ തന്നിലേക്ക് ആകര്‍ഷിക്കും എന്ന് ചിന്തിച്ച് അത്ഭുതപ്പെട്ടുകൊണ്ട് ലളിത വേഷധാരിയായ പൂതന കുട്ടിയേ എടുത്ത് മുലകൊടുത്തിട്ട് തിരിച്ച് തൊട്ടിലില്‍ കിടത്തിയിട്ട് പോകാനായി തിരിയുന്നു. പെട്ടന്ന് താന്‍ വന്നകാര്യം ഓര്‍ത്തിട്ട് തിരിച്ച് വരുന്നു. എത്രയോ ശിശുക്കളെ ഇതുവരെ താന്‍ നശിപ്പിച്ചിരിക്കുന്നു, അങ്ങിനെയുള്ള ഇന്റെ മുന്നില്‍ ഇവന്‍ വെറും ഒരു കൃമി പോലെ മാത്രം. അതിനാല്‍ ഈ ശിശുവിനേയും നശിപ്പിക്കുകതന്നെ എന്നു കരുതി ലളിത ക്രൂരതയോടെ കുട്ടിയുടെ സമീപത്തേക്കുവരുന്നു. എന്നാല്‍ കുട്ടിയെനോക്കുമ്പോള്‍ ആ ഓമനത്വമുള്ള ശിശുവിനെ കൊല്ലാന്‍ പൂതനക്ക് മടിതോന്നുന്നു. കൊല്ലണ്ടാ എന്നുറച്ച് മടങ്ങാനൊരുങ്ങുന്നു. എന്നാല്‍ രാജശാസനം പാലിക്കാതെ ചെന്നാല്‍ തന്റെ ജീവന്‍ അപകടത്തിലാവുമല്ലൊ എന്ന് നിനച്ച് പൂതന ഭീതയാവുന്നു. ഒടുവില്‍ ഏതായാലും തന്റെ ജീവന്‍ നിലനിര്‍ത്തുന്നതിനായി ഇതിനെ കൊന്ന് രാജശാസനം നടത്തുകതന്നെ എന്ന് തീരുമാനിച്ച് പെട്ടന്ന് ശിശുവിനുനേരേ കോപത്തോടെ അടുക്കുന്ന പൂതന, ബഹളം വച്ചാല്‍ ആരെങ്കിലും വന്നാലോ എന്ന് ആലോചിച്ച്, സൌമ്യഭാവം കൈക്കൊണ്ട്, തന്റെ മുലകളില്‍ വിഷം പുരട്ടുന്നു. തുടര്‍ന്ന് ആരെങ്കിലും ഇതുകണ്ടുവന്നാല്‍ അപകടമാണല്ലോ എന്ന് ചിന്തിച്ച്, മുറിയുടെ വാതില്‍ അടച്ചുതഴുതിട്ടശേഷം കൃഷ്ണനെ എടുക്കുന്നു. എടുത്തപ്പോള്‍ മുന്‍പ് ഉണ്ടായിരുന്നതിലും ഭാരം അനുഭവപ്പെടുന്നെങ്കിലും, തന്റെ തോന്നലായിരിക്കാം എന്നു നിനച്ച് പൂതന കൃഷ്ണനെ സ്തന്യപാനം ചെയ്യിക്കുന്നു. മുലകൊടുക്കുന്നതിനിടയില്‍ തലയ്ക്കും കൈകാലുകള്‍ക്കും വേദന അനുഭവപ്പെടുന്നത് ആദ്യം കാര്യമാക്കുന്നില്ല. വേദന അസഹ്യമാവുന്നതോടെ കൃഷ്ണനെ മുലയില്‍ നിന്നും വിടുവിക്കുവാന്‍ പൂതന ശ്രമിക്കുന്നു. എന്നാല്‍ അതിനു സാധിക്കാതെ മരണവെപ്രാളത്താല്‍ പരക്കം പായുന്ന പൂതന ലളിതഭാവം വിട്ട് സ്വവേഷം കൈവരിക്കുന്നു. തന്റെ ദംഷ്ട്രങ്ങള്‍ പുറത്തുകാട്ടി അലറിവിളിക്കുന്നു. പെട്ടന്ന് സാക്ഷാല്‍ ജഗന്നാഥനായ ഭഗവാന്റെ ദര്‍ശ്ശനം അവള്‍ക്ക് ലഭിക്കുന്നു. പൂതനക്ക് മോക്ഷപ്രാപ്തിയുണ്ടാകുന്നു.


ശ്രീ കലാമണ്ഡലം സുധീഷും ശ്രീ കലാമണ്ഡലം സുരാജും ചേര്‍ന്നായിരുന്നു സംഗീതം. ശരാശരി നിലവാരം പുലര്‍ത്തിയ സംഗീതമായിരുന്നു ഇവരുടേതെങ്കിലും കലാമണ്ഡലത്തില്‍ ആറാം വര്‍ഷവിദ്യാര്‍ദ്ധിയായ സുരാജ് ആസ്വാദകരുടെ ശ്രദ്ധക്ക് പാത്രമായിരുന്നു. നല്ല ശബ്ദഗുണവും തുറന്നുപാടുവാനുള്ള കഴിവും ഇയാള്‍ക്കുണ്ട്. കഥകളിപാട്ടിന്റെ സമ്പൃദായങ്ങള്‍ വശമാക്കിയിട്ടുള്ള സുരാജിന് പരിശ്രമിച്ചാല്‍ ഗായകനെന്നനിലയില്‍ ശോഭനമായ ഭാവിയുണ്ട്.


ഇടയ്ക്ക, ചെണ്ട എന്നിവ ശ്രീ കലാമണ്ഡലം ശ്രീകാന്ത് വര്‍മ്മയും, മദ്ദളം ശ്രീ മാര്‍ഗ്ഗി രവീന്ദ്രനും ആണ് കൈകാര്യം ചെയ്തത്.


ശ്രീ കലാമണ്ഡലം സുകുമാരന്‍ ചുട്ടികുത്തിയ ഈ കളിക്ക് സന്ദര്‍ശ്ശന്‍ കഥകളിവിദ്യാലയം അമ്പലപ്പുഴയുടെ ചമയങ്ങള്‍ ഉപയോഗിച്ച് അണിയറകൈകാര്യം ചെയ്തിരുന്നത് ശ്രീ പള്ളിപ്പുറം ഉണ്ണികൃഷന്‍ ആയിരുന്നു.