കഥകളിയില്‍ പലകഥകളുടെ അവതരണത്തിലും വടക്കന്‍-തെക്കന്‍
ശൈലീഭേദങ്ങള്‍ ഉണ്ട്. എന്നാല്‍ സാഹിത്യം തന്നെ രണ്ടെണ്ണം ഉപയോഗിക്കുന്ന ഒരു കഥയാണ് ആട്ടകഥ. ഇതില്‍ തെക്കന്‍ രാജസൂയം ആട്ടകഥ കാര്‍ത്തിക തിരുനാള്‍ മഹാരാജാവുകൊണ്ട് കല്‍പ്പിച്ചുണ്ടാക്കിയിട്ടുള്ളതാണ്. വടക്കന്‍ രാജസൂയമാകട്ടെ ഇളയിടത്ത് നമ്പൂതിരിയാല്‍ രചിക്കപ്പെട്ടതാണ്. ഈ ആട്ടകഥ ആദ്യമായി അച്ചടിച്ച് പ്രസിദ്ധീകരിച്ചത് 1912ല്‍ ആണ്. വിദ്വാന്‍ കോമ്പിഅച്ഛന്‍ എന്നു തിരുനാമമായ പാലക്കാട് ശേഖരിവര്‍മ്മ വലിയതമ്പുരാനവര്‍കള്‍ അച്ചടിപ്പിച്ച ആട്ടകഥാ പുസ്തകത്തിലാണ് ഇത്.

കേരളകലാമണ്ഡലം പുസ്തകപ്രകാശനരംഗത്തേയ്ക്ക് കടക്കുന്നത് 1964ല്‍
‘വടക്കന്‍ രാജസൂയം ആട്ടകഥ’ എന്ന ഗ്രന്ധം പ്രസിദ്ധീകരിച്ചുകൊണ്ടാണ്. ചെറുതുരുത്തി വള്ളത്തോള്‍ പ്രസ്സില്‍ അച്ചടിച്ച 100പേജുകളുള്ള ഈ പുസ്തകത്തിന്റെ വില ഒരു രൂപയാണ്. പുസ്തകങ്ങളുടെ പ്രസിദ്ധീകരണത്തില്‍ മാത്രമല്ല, പ്രചരണവിപണനങ്ങളിലും ഉത്സാഹം കാട്ടാതിരുന്നതിനു തെളിവായി ഈ പുസ്തകം ഇപ്പോഴും കലാമണ്ഡലത്തില്‍ ലഭ്യമാണ്. അന്നത്തെ കലാമണ്ഡലം ചെയര്‍മ്മാനായിരുന്ന ശ്രീ ഡോ:കെ.എന്‍.പിഷാരടി ആമുഖമെഴുതിയിരിക്കുന്ന ഈ ഗ്രന്ധത്തിന് അവതാരിക തയ്യാറാക്കിയിരിക്കുന്നത് അന്ന് കലാമണ്ഡലത്തില്‍ പ്രഥമാദ്ധ്യാപകനായിരുന്ന ശ്രീ വാഴേങ്കിട കുഞ്ചുനായരാണ്. കുഞ്ചുനായരാശാന്‍ ആട്ടകഥാകാരനെപറ്റിയും ആട്ടകഥയെ പറ്റിയും മൂലകഥയെ പറ്റിയും മൂലകഥയില്‍ നിന്നുള്ള വതിയാനങ്ങളെ പറ്റിയും ഒക്കെ ഇതില്‍ വിശദമാക്കിയിരിക്കുന്നു. ഈ ആട്ടകഥ ഏഡിറ്റ് ചെയ്തിരിക്കുന്നത് ശ്രീ കലാമണ്ഡലം കൃഷ്ണന്‍‌കുട്ടി പൊതുവാളാണ്. ആശാന്‍ തന്റെ പ്രസ്താവനയില്‍ ഇതുപോലെ ‘എല്ലാ കഥകളും ചിട്ടകളോടുകൂടി കലാമണ്ഡലം വകയായി പ്രസിദ്ധീകരിക്കും’ എന്ന് ആശിച്ചിരിക്കുന്നു. ഉറച്ച കളരിചിട്ടയുള്ള കുറേ കഥകള്‍ ഇന്ന് കലാമണ്ഡലം പ്രസിദ്ധീകരിച്ചുകഴിഞ്ഞിട്ടുണ്ട്. പ്രചാരത്തിലുള്ള മറ്റുകഥകളും കൂടി പ്രസിദ്ധീകരിക്കാന്‍ കലാമണ്ഡലം ശ്രമിക്കേണ്ടതാണ്.

രാജസൂയം ആട്ടകഥ രംഗം തിരിച്ച് രാഗതാളങ്ങളോടു കൂടി എഴുതിയിരിക്കുന്ന ഈ
പുസ്തകത്തില്‍ കലാശങ്ങള്‍ വേണ്ട ഇടങ്ങളും അടയാളപ്പെടുത്തിയിട്ടുണ്ട്. ഓരോ രംഗങ്ങളിലും വേണ്ട ഇളകിയാട്ടങ്ങളും ഇതില്‍ ചേര്‍ത്തിട്ടുണ്ട്. ചില പദങ്ങളുടെ രാഗതാളങ്ങള്‍ക്ക് ഇതില്‍ മാറ്റവും ആശാന്‍ നിദ്ദേശിച്ചിട്ടുണ്ട്. 1912ല്‍ വിദ്വാന്‍ കോമ്പിഅച്ഛന്‍ അച്ചടിപ്പിച്ച ആട്ടകഥാപുസ്തകത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയതെന്നു പറയുന്ന ഈ ഗ്രന്ധത്തിലെ സാഹിത്യത്തിനും ശ്രീ കെ.പി.എസ്സ്.മേനോന്റെ ആട്ടപ്രകാരപുസ്തകത്തിലെ സാഹിത്യത്തിനും തമ്മില്‍ പലഭാഗങ്ങളിലും അല്പസ്വല്പം വത്യാസങ്ങള്‍ കാണുന്നുണ്ട്.ആട്ടകഥയിലെ ശ്ലോകങ്ങളുടെ അര്‍ത്ഥങ്ങളും പദങ്ങളിലെ വാക്കുകളുടെ അര്‍ത്ഥവും ഉള്‍ക്കോള്ളുന്ന ഒരു ടിപ്പണവും പുസ്തകാന്ത്യത്തില്‍ ചേര്‍ത്തിട്ടുണ്ട്. ഇത് തയ്യാറാക്കിയിരിക്കുന്നത് ശ്രീ കുമ്മിണി വാസുദേവന്‍ നമ്പൂതിരിയാണ്.
ഈ പുസ്തകത്തിനായി ബന്ധപ്പെടേണ്ട വിലാസം:
kerala kalamandalam,vallathol nagar,cheruthuruthy (p.o),thrissuur Dt.kerala.
ph:04884-262418, 262562, 263440Fax:04884-262019
Website:http://www.kalamandalam.org

തലയോലപ്പറമ്പ് തിരുപുരംക്ഷേത്ര ഉത്സവം

“സോദരന്മാരേ”
തലയോലപ്പറമ്പ് മേജര്‍ തിരുപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ഈ
വര്‍ഷത്തെ ഉത്സവം നവബര്‍ 16മുതല്‍ 23വരെ നടന്നു. ഇതിന്റെ ഭാഗമായി 21ന് രാത്രി 7മുതല്‍ കഥകളി അവതരിപ്പിക്കപ്പെട്ടു.

“ചാടിയോ ജലത്തിലധുനാ”
കുടമാളൂര്‍ ദേവീവിലാസം കളിയോഗത്തിന്റെ കോപ്പുകള്‍ ഉപയോഗിച്ചിരുന്ന
ഈ കളിയുടെ സംഘാടകന്‍ കോട്ടയം കളിയരങ്ങിന്റെ സെക്രട്രി ആയ പള്ളം ചന്ദ്രന്‍ ആയിരുന്നു.

“ശാസിച്ചീടുക ദുശ്ശാസനാ നീ”
കേളിയോടെ ആരംഭിച്ച കളിയില്‍ തുടര്‍ന്ന് ദുര്യോധനവധം കഥയാണ്
അവതരിപ്പിക്കപ്പെട്ടത്. രാജസൂയാന്തരം ദുര്യോധനവധം വരേയുള്ള മഹാഭാരതകഥയാണ് ഈ ആട്ടകഥയിലുള്ളത്. പ്രധാനമായ രംഗങ്ങള്‍ മാത്രമാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടത്.

“വല്ലഭീ വല്ലഭാ പാഹി”
ദുര്യോധനനായി അഭിനയിച്ച കോട്ടക്കല്‍ ചന്ദ്രശേഘര വാര്യര്‍
മികച്ചപ്രകടനം കാഴ്ച്ചവെച്ചു. കോട്ടക്കല്‍ ദേവദാസനായിരുന്നു ദുശ്ശാസനന്‍. ആദ്യമായി അവതരിപ്പിക്കപ്പെട്ട രംഗത്തിലെ ‘സോദരന്മാരെ‘ തുടങ്ങിയ പദങ്ങള്‍ മനോഹരമായിതന്നെ ഇവര്‍ അവതരിപ്പിച്ചു. സഭാപ്രവേശത്തിനായുള്ള ആലോചനയായുള്ള ആട്ടത്തില്‍ വാദ്യഘോഷങ്ങളും, പഞ്ചാരി,ശിങ്കാരി മേളങ്ങളും, കരകാട്ടം, കാവടിയാട്ടം, താലപ്പൊലി, എന്നിവയെല്ലാം ദുര്യോധനന്റെ പുറപ്പാടിനുണ്ടാകണം എന്ന രീതിയില്‍ ജനരഞ്ജകമായാണ് അവതരിപ്പിച്ചത്. ആട്ടങ്ങള്‍ വിസ്തരിക്കാന്‍ ശ്രമിക്കുന്ന ദേവദാസനെ അതിനു വിടാതെ പലഭാഗത്തും വാര്യരാശാന്‍ ഇടപെട്ടിരുന്നു.

“ചോരന്‍ തന്നുടെ മാറുപിളര്‍ന്നിഹ”
ധര്‍മ്മപുത്രനായി കലാകേന്ദ്രം മുരളീധരന്‍ നമ്പൂതിരി എത്തിയപ്പോള്‍ ശകുനി,
മുമുക്ഷു വേഷങ്ങള്‍ തിരുവഞ്ചൂര്‍ സുഭാഷ് കൈകാര്യം ചെയ്തു.

“യാഹി ജവേന വനേ”
പാഞ്ചാലിയായെത്തിയ മാര്‍ഗ്ഗി വിജയകുമാറിന്റെ പ്രകടനം ഒട്ടും
തൃപ്തികരമായി തോന്നിയില്ല. ചൂത് രംഗത്തിലും ‘പരിപാഹി’ രംഗത്തിലും കഥാപാത്രത്തെ ഉള്‍ക്കൊണ്ടുകൊണ്ട് നല്ല ഭാവപ്രകാശനത്തിലൂടെ തിളങ്ങാമായിരുന്ന വേഷമായിരുന്നു പാഞ്ചാലിയുടേത്. എന്നാല്‍ ഇദ്ദേഹം ഈ കളിയെ വേണ്ടത്ര പ്രാധാന്യത്തോടെ അല്ല സമീപിച്ചത് എന്ന് തോന്നുന്നു. ചൂത് രംഗത്തിലെ ശാപപദങ്ങളൊക്കെ സ്ത്രീവേഷത്തിന്റെ നിലവിട്ട് ചടുലതയോടെയും അമര്‍ത്തിചവിട്ടിയും ആണ് ഇദ്ദേഹം അവതരിപ്പിച്ചിരുന്നത്. ചില സുഹൃത്തുക്കളുമായി ഇതിനെ പറ്റി ചര്‍ച്ച ചെയ്തപ്പോള്‍ ‘മാര്‍ഗ്ഗിക്ക് പാഞ്ചാലി പോലെയുള്ള നിസ്സാര വേഷങ്ങള്‍ നല്‍കിയതേ ഉചിതമായില്ല’ എന്ന് പലരും അഭിപ്രായപ്പെട്ടു. ദുര്യോധനവധം പാഞ്ചാലി അത്ര കോപ്പില്ലാത്ത ഒരു വേഷമാണോ? ആണെങ്കില്‍ തന്നെ തനിക്കുകിട്ടിയ വേഷത്തോട് പൂര്‍ണ്ണ ആത്മാര്‍ത്ഥത പുലര്‍ത്തിക്കൊണ്ടും അതിന്റെ സാദ്ധ്യതകള്‍ പരമാവധി വിനിയോഗിച്ചുകൊണ്ടും അരങ്ങില്‍ വര്‍ത്തിക്കുകയല്ലെ ഉത്തമകലാകാരന്‍ ചെയ്യേണ്ടത്?

‘പരിപാഹി’
ശ്രീകൃഷ്ണ വേഷമിട്ട മാത്തൂര്‍ ഗോവിന്ദന്‍‌കുട്ടി നല്ല പ്രകടനം നടത്തിയെങ്കിലും
ചില ഭാഗങ്ങളില്‍ പാത്രസ്വഭാവത്തെ മറന്നുകൊണ്ടുള്ള വൃത്തികളും ദര്‍ശ്ശിച്ചിരുന്നു.

‘ദൂത്’
രൌദ്രഭീമനായെത്തിയ സദനം കൃഷ്ണന്‍കുട്ടി നല്ല പ്രകടനം കാഴ്ച്ചവെച്ചു.

‘ദുശ്ശാസനഭീമ യുദ്ധം’
പത്തിയൂര്‍ ശങ്കരന്‍‌കുട്ടി, കലാമണ്ഡലം ബാബു നമ്പൂതിരി, കലാമണ്ഡലം
ഹരീഷ് മനയത്താറ്റ് എന്നിവരുടെ പാട്ടും നന്നായിരുന്നു. ശങ്കരന്‍‌കുട്ടിയും ബാബുവും ചേര്‍ന്നുള്ള ആദ്യരംഗത്തിലെ ‘സോദരന്മാരേ’ തുടങ്ങിയ പദങ്ങളുടെ ആലാപനം നടന്മാരുടെ അഭിനയത്തിനനുഗുണമായതും മികച്ചതുമായിരുന്നു.

‘രൌദ്രഭീമദര്‍ശ്ശനം’
കലാമണ്ഡലം കൃഷ്ണദാസ് ചെണ്ടയില്‍ മികച്ച മേളമൊരുക്കിയപ്പോള്‍
കിടങ്ങൂര്‍ രാജേഷ് ശരാശരി നിലവാരം മാത്രമെ പുലര്‍ത്തിയിരുന്നുള്ളു.

‘കൃഷ്ണദര്‍ശ്ശനം’
കലാമണ്ഡലം അച്ചുതവാര്യരും കലാനിലയം മനോജും ചേര്‍ന്ന്
നല്ലരീതിയില്‍ മദ്ദളവും കൈകാര്യം ചെയ്തു.

രണ്ടു സൌഗന്ധികങ്ങള്‍

“പാഞ്ചാലരാജ തനയേ”

ഒരേ ദിവസം തന്നെ ഒരേ കഥ രണ്ടുവട്ടം കാണുവാനുള്ള ഒരു അപൂര്‍വ്വ
ഭാഗ്യം ഈയിടെ ഉണ്ടായി. അതും വത്യസ്തമായ അവതരണ രീ‍തികളില്‍ ഉള്ളത്. കളരിച്ചിട്ടയാര്‍ന്ന കോട്ടയം കഥകളില്‍ ഏറ്റവും ജനപ്രിയത ഉള്ള കല്യാണസൌഗന്ധികം കഥയാണ് ഇങ്ങിനെ കാണുവാന്‍ സാധിച്ചത്. 20/11/09ന് വൈകിട്ട് 6മുതല്‍ എറണാകുളം കഥകളിക്ലബ്ബിലായിരുന്നു(എറണാകുളത്തപ്പന്‍ ഹാള്‍) ആദ്യസൌഗന്ധികം. രണ്ടാമത്തേത് വൃശ്ചികോത്സവത്തിന്റെ നാലാം ദിനവുമായിരുന്ന അന്ന് രാത്രി 12:15ന് തൃപ്പൂണിത്തുറ ശ്രീ പൂര്‍ണ്ണത്രയീശക്ഷേത്രത്തിലും.

“എന്‍ കണവാ”

ക്ലബ്ബിലെ കളി ‘എന്‍‌കണവാ’ എന്ന പാഞ്ചാലീപദം മുതലെ ഉണ്ടായിരുന്നുള്ളു.
തൃപ്പൂണിത്തുറയില്‍ ‘പാഞ്ചാലരാജ തനയേ’ എന്ന ഭീമന്റെ പതിഞ്ഞപദം മുതല്‍ തന്നെ അവതരിപ്പിക്കപ്പെട്ടിരുന്നു. ഇരുസ്തലങ്ങളിലും ഭീമന്റെ ‘വഴിയില്‍ നിന്നു പോക’ എന്ന പദത്തിനു ശേഷം ഭീമ-ഹനുമത് സംവാദമായി വരുന്ന പദം ഉണ്ടായില്ല. ഈ പദം ഇപ്പോള്‍ ഉപേക്ഷിക്കപ്പെട്ടതായി കാണുന്നു. കഥയില്‍ ആവശ്യമുള്ള നല്ല ഒരു പദമാണിത്. എന്നോ പ്രായമായ ആശാന്മാര്‍ ഹനുമാന്‍ കെട്ടിയപ്പോള്‍ അധികസമയം കിടക്കുവാന്‍ വയ്യാത്തതിനാല്‍ ഈ പദങ്ങള്‍ ഉപേക്ഷിച്ചു. ഇപ്പോള്‍ അത് ചിട്ടയായിതീര്‍ന്നിരിക്കുന്നു! ഇതോടെ ഈ ചരണാദ്യങ്ങളിലെല്ലാം ചൊല്ലിവട്ടം തട്ടി കലാശമെടുക്കാതെ ഭീമന്മാര്‍ രക്ഷപെട്ടും തുടങ്ങി. ഇങ്ങിനെ പ്രായമായ ആശാന്മാര്‍ അവരുടെ സാഹചര്യംകൊണ്ടു മാത്രം ചെയ്യുന്ന അനുകരണീയമല്ലാത്ത പലതും മറ്റുള്ളവര്‍ അനുകരിക്കുന്നതായി കഥകളിലോകത്തില്‍ കാണുന്നുണ്ട്. എന്നാല്‍ ആശാന്മാരില്‍ നിന്നും യഥാര്‍ത്ഥത്തില്‍ കണ്ട് പഠിക്കേണ്ട നല്ല കാര്യങ്ങള്‍ ആരും അനുവര്‍ത്തിക്കുന്നുമില്ല!

ഭീ‍മപ്രഭാവം
എറണാകുളത്ത് ശ്രീ കലാമണ്ഡലം ശ്രീകുമാറും ഉത്സവകളിക്ക്
ശ്രീ കോട്ടക്കല്‍ കേശവന്‍ കുണ്ഡലായരും ആയിരുന്നു ഭീമവേഷം കൈകാര്യം ചെയ്തിരുന്നത്. ഇരുവരും ഭംഗിയായി തന്നെ ഭീമനെ അവതരിപ്പിച്ചിരുന്നു. കല്ലുവഴിയുടെ രണ്ടു കൈവഴികളായ കലാമണ്ഡലം, കോട്ടക്കല്‍ സമ്പൃദായങ്ങളുടെ അന്തരം ഇരുവരിലും ദൃശ്യമായിരുന്നു. ‘കാര്യം‘, ‘ല്‍’ എന്നുതുടങ്ങിയുള്ള മുദ്രകളില്‍ മുതല്‍ അരങ്ങിലും ആട്ടത്തിലും ഉള്ള ഒതുക്കത്തില്‍ വരെ ഇരു ശൈലികളിലും അന്തരം ദൃശ്യമാണ്. കലാശമായാലും ആട്ടമായാലും അരങ്ങിലെ കുറച്ചുസ്ഥലത്തുമാത്രം ഒതുങ്ങിനിന്ന് ചെയ്യുന്ന തനികല്ലുവഴിചിട്ടയുടെ സൌന്ദര്യം ശ്രീകുമാറേട്ടനില്‍ ദൃശ്യമായിരുന്നു. വനവര്‍ണ്ണനയില്‍; അട്ടങ്ങളെല്ലാംകൂടി കുത്തിനിറയ്ക്കാതെയും, ചെയ്ത ആട്ടങ്ങള്‍തന്നെ ഭംഗിയായും അധികസമയമെടുക്കാതെയും ചെയ്തുതീര്‍ത്തിരുന്നു. ‘ഭംഗിയായി, എന്നാല്‍ കുറച്ചുകൂടി ആകാമായിരുന്നു’ എന്ന് പ്രേക്ഷകമനസ്സില്‍ തോന്നിപ്പിച്ചുകൊണ്ട് ആട്ടം അവസാനിപ്പിച്ചു. ഇങ്ങിനെ ആട്ടത്തിലേയും ചൊല്ലിയാട്ടത്തിലേയും ഒതുക്കം എന്ന ഗുണം കൊണ്ട് എനിക്ക് ഇഷ്ടമായത് ശ്രീകുമാറേട്ടന്റെ ഭീമനായിരുന്നു. കളരിച്ചിട്ടയുടെ നിഷ്ടപാലിക്കുകയും കൂടുതല്‍ ഊര്‍ജ്ജം വിനിയോഗിക്കുകയും ചെയ്തുകൊണ്ടുള്ള പ്രകടമായിരുന്നു കേശവേട്ടന്റേത്. പതിഞ്ഞപദം വിധിയാം വണ്ണം അവതരിപ്പിച്ച ഇദ്ദേഹത്തിന്റെ ‘വഴിയില്‍ നിന്നു പോക’ എന്നതിന്റെ ചുഴിപ്പോടുകൂടിയുള്ള ആരംഭം അതിമനോഹരമായി. കലാശമായാലും ഇളകിയാട്ടമായാലും കളരില്‍ ആടുന്ന അതേ ആര്‍ജ്ജവത്തോടെയാണ് അഭ്യാസതികവുള്ള കേശവേട്ടന്‍ ചെയ്യുന്നത്, ഇത് മനോഹരവുമാണ്. കളരിഅതുപോലെ ആടുന്നതാണോ അരങ്ങ്? കളരിയും അരങ്ങും വത്യസ്തമല്ലെ? എന്നതും ചിന്തനീയമാണ്.“ആരിഹ വരുന്നതിവനാരു....”

ആദ്യകളിയില്‍ ശ്രീ കലാമണ്ഡലം പ്രമോദ് പാഞ്ചാലിവേഷം ചെയ്തപ്പോള്‍
അടുത്തതില്‍ ശ്രീ ഫാക്റ്റ് ബിജുഭാസ്ക്കറാണ് പാഞ്ചാലിയായത്.


“മേദുരഗുഹാന്തരേ മേവീടുന്നു”

തെക്കന്‍ ചിട്ടയിലെ മുതിര്‍ന്ന കലാകാരനായ ശ്രീ മടവൂര്‍ വാസുദേവന്‍
നായരായിരുന്നു എറണാകുളം ക്ലബ്ബിലെ കല്യാണസൌഗന്ധികത്തില്‍ ഹനുമാനായെത്തിയത്. കലാ: ശ്രീകുമാറായിരുന്നു തൃപ്പൂണിത്തുറയിലെ ഹനുമാനായത്. തഴക്കവും പഴക്കവുമുള്ള മടവൂരാശാന്‍ തന്റെ സുന്ദരവും ഒതുക്കമുള്ളതുമായ ശൈലിയില്‍ ഹനുമാനെ അവിസ്മരണീയമാക്കിയപ്പോള്‍ ശ്രീകുമാറേട്ടന്‍ കലാമണ്ഡലം ശൈലിയില്‍ മോശമല്ലാതെയുള്ള അരങ്ങുനിര്‍വ്വഹണം നടത്തിയതേയുള്ളു. ഇരുവരും അഷ്ടകലാശം ചവുട്ടിയിരുന്നു. തെക്കന്‍ ചിട്ടയില്‍ മുന്‍പുമുതലേ പതിവുള്ളതുകൊണ്ട് മടവൂരാശാന്‍ അഷ്ടകലാശം എടുത്തു. എന്നാല്‍ കല്ലുവഴിചിട്ടക്കാരനായ ശ്രീകുമാര്‍ എന്തിനാണ് കലാശമെടുത്തതെന്ന് മനസ്സിലായില്ല.

“മേദുരഗുഹാന്തരേ മേവീടുന്നു”

മടവൂരാശാന്റെ ഹൃദയാകര്‍ഷകമായിതോന്നിയ ഹനുമാന്‍ അവതരണത്തില്‍
ചില ഭാഗങ്ങള്‍ സ്മരിക്കട്ടെ-
‘രാവണാന്തകനായീടും‘ എന്നിടത്ത് ക്രുദ്ധിച്ച് ഇടത്തേയ്ക്കുനീങ്ങിയ ഹനുമാന്‍ ‘ദുഷ്ടന്‍, ചത്തുമലച്ചു’ എന്നു കാട്ടി, ഇനി വൃദ്ധാ ക്രോധം വേണ്ട എന്നുധ്വനിപ്പിച്ചുകൊണ്ട് തിരിഞ്ഞ് പദാഭിനയം ചെയ്തു. “ബാലതകൊണ്ടു ഞാൻ‘ എന്ന് പറയുമ്പോള്‍ ‘ബാലനോ? നീയോ? പൊണ്ണതടിയനായി, അടി, അടി’ എന്ന് വാത്സല്യപൂര്‍വ്വം ഹനുമാന്‍ ഭീമനെ സമീപിച്ചു.

ഗദ കുത്തിപ്പിടിച്ചുള്ള വീക്ഷണം

‘കൌരവന്മാരോടു സംഗരമിനീ’ എന്നുകേട്ട ഹനുമാന്‍ ‘ആ ദുഷ്ടര്‍ ഇവരുടെ ഭാര്യയുടെ വസ്ത്രാക്ഷേപം ചെയ്തു, ഇവരെ വളരെ ദ്രോഹിച്ചു‘ എന്നിങ്ങനെ ലഘുമുദ്രകളിലൂടെ ആടി പാണ്ഡവരുടെ അവസ്തകള്‍ സ്മരിച്ചു.‘മാന്യനായ തവ സോദരന്‍’ എന്ന് ചൊല്ലിവട്ടം തട്ടിയപ്പോള്‍ രാമേശ്വരത്തുവെച്ച് അര്‍ജ്ജുനനുമായി കണ്ടു മുട്ടിയതും, അന്നുതന്നെ അര്‍ജ്ജുനന്റെ കൊടിയില്‍ വസിച്ച് അരികളെ നശിപ്പിക്കാമെന്നു വാക്കുകൊടുത്തതും, അതിനിടയാക്കിയ സാഹചര്യവും ഹനുമാന്‍ വ്യക്തമാക്കി. ഭീമന്‍ ആവശ്യപ്പെടുമ്പോള്‍ ഹനുമാന്‍ അര്‍ജ്ജുനന്റെ കൊടിയില്‍ വസിച്ചുകൊള്ളാം എന്ന് മറുപടി നല്‍കുന്നതിനുള്ള കാരണംകൂടി ഇവിടെ വ്യക്തമാക്കിയത് വളരെ ഉചിതം തന്നെ.

“വാനരാധമാ”
നേരേ പോയാല്‍ മതിയോ എന്ന് ചോദിച്ച ഭീമനോട്, ‘നേരേ പോയാല്‍
തലപൊട്ടിത്തെറിച്ച് മരിക്കും, ഇത് മനുഷ്യമാര്‍ഗ്ഗമല്ല’ എന്നും, ഗധയ്ക്കായി മടങ്ങിവന്ന് ജപിച്ചുകൊണ്ടിരിക്കുന്ന ഹനുമാനെ ഭീമന്‍ തൊടുമ്പോള്‍ ചാടി എഴുന്നേറ്റ് ‘ഹോ, നീ ആയിരുന്നോ? പോയില്ലെ? എന്റെ തപം മുടക്കുന്നവര്‍ ഭസ്മമായിപോകും, അറിയാമോ?’ എന്നും അതാതുഭാവപ്രകടനത്തോടെ ലഘുമുദ്രകളില്‍ മാത്രം അവതരിപ്പിക്കുന്നുവെങ്കിലും പ്രേക്ഷകരില്‍ ഇത് വലിയ അനുഭവമാണ് ഉണ്ടാക്കുന്നത്.ഗദ തരിക എന്ന് ഭീമന്‍ അപേക്ഷിക്കവെ ‘എന്നാല്‍ എന്റെ ഗദ തന്നേയ്ക്കട്ടെ?’ എന്ന് ചോദിച്ച ഹനുമാന്‍, പിന്നീട് ഗദ എടുത്ത് കാട്ടിക്കൊണ്ട് ‘ഇതു തന്നെയോ?’ എന്ന് ഭീമനോട് ചോദിച്ചശേഷം ഗദയുടെ മൂട് പരിശോധിച്ച് ‘ഇതു തന്നെ, രാജമുദ്ര കാണാനുണ്ട്’ എന്ന് ആടി.

“രാവണാന്തകനായീടും രാമന്റെ”
ക്ലബ്ബിലെ കളിക്ക് സംഗീതം കൈകാര്യം ചെയ്തത് ശ്രീ കലാമണ്ഡലം
ബാലചന്ദ്രനും ശ്രീ കലാമണ്ഡലം ബാബു നമ്പൂതിരിയും ചേര്‍ന്നായിരുന്നു. തൃപ്പൂണിത്തുറയില്‍ ശ്രീ കലാമണ്ഡലം ഗോപാലകൃഷ്ണനും, ശ്രീ കലാമണ്ഡലം രാജേഷ്‌ബാബുവും ചേര്‍ന്നായിരുന്നു പാട്ട്.‍

“ഭീയേതി ഭീമം”
ചെണ്ടയ്ക്ക് ശ്രീ കുറൂര്‍ വാസുദേവന്‍ നമ്പൂതിരിയും മദ്ദളത്തിന് ശ്രീ കലാമണ്ഡലം
പ്രശാന്തും ആയിരുന്നു എറണാകുളത്ത്. തൃപ്പൂണിത്തുറകളിക്ക് ശ്രീ കോട്ടക്കല്‍ പ്രസാദ്, ശ്രീ ഗോപീകൃഷ്ണന്‍ തമ്പുരാന്‍ എന്നിവരായിരുന്നു ചെണ്ടയ്ക്ക്. മദ്ദളത്തിന് ശ്രീ കലാനിലയം പ്രകാശനും, കലാ:പ്രശാന്തും. രണ്ടു കളികളിലേയും പാട്ടും മേളവും ശരാശരി നിലവാരം പുലര്‍ത്തിയിരുന്നു.

“ഭീമം പതിതം പദാന്തേ”
എറണാകുളത്ത് എറണാകുളം കഥകളി ക്ലബ്ബിന്റേതും തൃപ്പൂണിത്തുറയില്‍
തൃപ്പൂണിത്തുറ കഥകളികേന്ദ്രത്തിന്റേതുമായിരുന്നു കളിയോഗം.

ഹനുമാന്‍ ഭീമനെ അനുഗ്രഹിച്ച് അയയ്ക്കുന്നു

തൃപ്പൂണിത്തുറ ഉത്സവം നാലാം ദിവസം

പുറപ്പാട്

വൃശ്ചികോത്സവത്തിന്റെ നാലാം ഉത്സവദിവസമായിരുന്ന 19/11/09ന് രാത്രി 12:15ന് മാസ്റ്റര്‍ മിഥുന്‍ മുരളിയുടെ പുറപ്പാടോടെ കഥകളി ആരംഭിച്ചു.“ചാരേവന്ന തേരില്‍”
നളചരിതം നാലാംദിവസം കഥയാണ് അന്ന് ആദ്യം അവതരിപ്പിക്കപ്പെട്ടത്.

“വീരസേനസുതാ സാരഥി ഇല്ലാ”

“നീരസമായി”
ശ്രീ മാര്‍ഗ്ഗി വിജയകുമാറായിരുന്നു ദമയന്തി. പദാര്‍ത്ഥാഭിനയത്തില്‍
ചില പോരായ്കകള്‍ തോന്നിയെങ്കിലും കഥാപാത്രത്തെ ഉള്‍ക്കോണ്ട് നല്ല ഭാവപ്രകാശനത്തിലൂടെ മനോഹരമായിത്തന്നെ ഇദ്ദേഹം ദമയന്തീവേഷം കൈകാര്യം ചെയ്തിരുന്നു. താളാനുസാരിയും ചേതോഹരവുമായ മുദ്രകളും ചുവടുകളും ചേരുന്ന വിജയകുമാറിന്റെ ദമയന്തിയുടെ ചൊല്ലിയാട്ടം, ഉര്‍വ്വശി-ലളിതമാരൂടെന്നപോലെ തന്നെ തൃപ്തിദായകമാണ്.

“ഇന്നാ മൊഴികള്‍”

കേശിനിയായെത്തിയ ശ്രീ സദനം വിജയനും തരക്കേടില്ലാത്ത പ്രകടനം
കാഴ്ച്ചവെച്ചിരുന്നു.


“പൂനിര കണ്ടു മങ്ങീ”
ശ്രീ കലാമണ്ഡലം വാസുപ്പിഷാരടിയാണ് ബാഹുകവേഷമണിഞ്ഞത്.
ശരീരികമായ അവശതകള്‍ ഉണ്ടെങ്കിലും എദ്ദേഹം ആത്മാര്‍ത്ഥതയോടുകൂടി അഭിനയിച്ച് തന്റെ വേഷം ഭംഗിയാക്കി. ഇപ്പോള്‍ അധികമായി കാണുന്ന അതിചടുലമായ രീതിയിലല്ല നാലാംദിവസം ബാഹുകനെ എദ്ദേഹം അവതരിപ്പിച്ചത്, കുഞ്ചുനായരാശാന്റെ വഴിയിലൂടെയാണ്.


“വേഷമീവണ്ണമാകില്‍.......”


“എന്‍ കാന്തനെന്നോടൂണ്ടോ വൈരം”
സംഗീതം കൈകാര്യം ചെയ്ത ശ്രീ കലാനിലയം ഉണ്ണികൃഷ്ണന്‍, ശ്രീ കലാനിലയം
രാജീവന്‍, ചെണ്ട കൈകാര്യം ചെയ്ത ശ്രീ കലാമണ്ഡലം കൃഷ്ണദാസ്, മദ്ദളം വായിച്ച ശ്രീ കലാനിലയം മനോജ് എന്നിവരെല്ലാം സമ്പൃദായാനുശൃതമായി നടന്മാരുടെ പ്രവര്‍ത്തികള്‍ക്ക് അനുഗുണമായി വര്‍ത്തിച്ചിരുന്നു. പ്രധാനമദ്ദളവാദകനായിരുന്ന ശ്രീ കലാമണ്ഡലം ശശി നടന്മാരുടെ കൈക്കും കാലിനും കൂടിക്കൊണ്ടുതന്നെ മികച്ച പ്രകടനം കാഴ്ച്ചവെച്ചു.
“എങ്ങാനും ഉണ്ടോ കണ്ടു”
സുദേവന്‍ പറഞ്ഞ വൃത്താന്തം കേട്ട് പുറപ്പെട്ട ഋതുപര്‍ണ്ണരാജന്റെ തേരാളിയായി
ബാഹുകനും കുണ്ടിനത്തിലെത്തുന്നു. ഈ വരവ് പ്രതീക്ഷിച്ച് സഖിയോടൊപ്പം കൊട്ടാരത്തിന്റെ മട്ടുപ്പാവില്‍ വസിച്ചിരുന്ന ദമയന്തി തേരില്‍ നളനെ കാണാഞ്ഞ് നീരസപ്പെടുന്നു. എന്നാല്‍ തേരിന്റെ മാരുതമാനസവേഗം കണ്ട്, ഇങ്ങിനെ തേര്‍ തെളിക്കുവാന്‍ നളനെ സാധിക്കുകയുള്ളു എന്ന് ഉറപ്പിക്കുന്നു. തുടര്‍ന്ന് മട്ടുപ്പാവില്‍ നിന്നും ഇറങ്ങി അന്ത:പ്പുരത്തില്‍ വന്ന ദമയന്തി ഋതുപര്‍ണ്ണസാരധിയുടെ വാക്കും പ്രവര്‍ത്തികളും നിരീക്ഷിച്ച് വരുവാന്‍ ക്ലേശവിനാശനത്തിന് കൌശലമേറെയുള്ള സഖി കേശിനിയെ നിയോഗിക്കുന്നു. കുട്ടികളെ അയാളുടെ മുന്‍പിലേയ്ക്ക് പറഞ്ഞയച്ചാലോ എന്ന് ചിന്തിക്കുന്ന ദമയന്തി പെട്ടതന്നെ, ‘അതു വേണ്ട, അതു നളന്‍ തന്നെയാണെങ്കില്‍ അദ്ദേഹത്തിന് വലിയ വിഷമമുണ്ടാക്കും’ എന്ന് ഓര്‍ക്കുന്നു. എന്നാല്‍ മറ്റൊരു ഉപായം ചെയ്യാം എന്ന് തീരുമാനിക്കുന്ന ദമന്തി ഋതുപര്‍ണ്ണരാജാവിന് ആഹാരം പാചകം ചെയ്യാനുള്ള സാധനങ്ങള്‍ നല്‍കുമ്പോള്‍ വെള്ളവും വിറകും ഒഴിവാക്കുവാന്‍ ഏര്‍പ്പാടാക്കാം എന്ന് ഉറയ്ക്കുന്നു. ബാഹുകസമീപമെത്തിയ കേശിനി പേരും വിവരങ്ങളും ചോദിച്ചറിയുന്നു. നിനക്ക് അറിയേണ്ട കാര്യങ്ങളെല്ലാം അറിഞ്ഞുകഴിഞ്ഞുവല്ലൊ. ഇനി പോയാലും എന്നു പറഞ്ഞ് കേശിനിയെ യാത്രയാക്കിയ ബാഹുകന്‍ സ്വയംവരമായിട്ടും രാജധാനിയിലെങ്ങും യാതൊരുവിധ ഒരുക്കങ്ങളോ ബ്രാഹ്മണന്‍ പറഞ്ഞ പ്രകാരം രാജാക്കന്മാരും ബ്രാഹ്മണാദികളും വന്നു നിറഞ്ഞതോ കാണായ്കയാല്‍ ശങ്കിക്കുന്നു. ബ്രാഹ്മണര്‍ കള്ളം പറയില്ല, സ്വപുത്രിയുടെ രണ്ടാം സ്വയംവരമായതുകൊണ്ട് വലിയഘോഷങ്ങളൊന്നും വേണ്ടാ എന്ന് ഭീമരാജാവ് കരുതിക്കാണും എന്ന് ബാഹുകന്‍ വിചാരിക്കുന്നു. ഈ സമയം ഭൃത്യര്‍ പാചകത്തിനുള്ള സാധനങ്ങള്‍ കൊണ്ടുവെച്ച് പോകുന്നു. കൂട്ടത്തില്‍ വെള്ളവും വിറകും കാണാഞ്ഞ് ബാഹുകന്‍ ‘ഇത് ദമയന്തിയുടെ സൂത്രമാണ്’ എന്ന് മനസ്സിലാക്കുന്നു. തുടര്‍ന്ന് വരുണ-അഗ്നി ദേവന്മാരെ സ്മരിച്ച് ജലവും അഗ്നിയും ആവശ്യത്തിന് വരുത്തി നളന്‍ പാചകം ചെയ്യുന്നു. അതിനിടയില്‍ ചിന്തയിലേയ്ക്കു മുഴുകുന്ന ബാഹുകന്‍ താന്‍ ദമയന്തിയുടെ ആദ്യസ്വയം വരം നിശ്ചയിച്ച സമയത്ത് ദേവദൂതനായി ദേഹം മറച്ച് ഈ കൊട്ടാരത്തില്‍ വന്നത് ഓര്‍ത്തിട്ട്, ഇപ്പോ‍ള്‍ ഇതാ രണ്ടാം സ്വയംവരം നിശ്ചയിച്ച സമയത്തും മറ്റൊരാളുടെ ഭൃതനായി സ്വരൂപം മറച്ച് ഇവിടെ വരാനാണല്ലൊ എന്റെ ഗതീ എന്ന് ദു:ഖിക്കുന്നു. ചോറും കറികളും നല്‍കി ഋതുപര്‍ണ്ണസമീപത്തുനിന്നും പോന്ന് തേര്‍ത്തട്ടിലിരിക്കവെ തേരില്‍ ചാര്‍ത്തിയ പൂമാലകള്‍ വാടി കിടക്കുന്നതുകണ്ട് ബാഹുകന്‍ ‘സുന്ദരിമാരുടെ മുടിയില്‍ ചൂടാനോ അര്‍ച്ചനയായി ദേവപാദങ്ങളില്‍ ചേരാനോ സാധിക്കാതെ ചൂടും പൊടിപടലങ്ങളുമേറ്റ് വാടി തളരാനാണല്ലൊ ഈ പൂക്കള്‍ക്കു യോഗം എന്നു ചിന്തിച്ചുകൊണ്ട് അവയില്‍ തലോടുന്നു. നളസ്പര്‍ശ്ശനമേറ്റ് പൂക്കളെല്ലാം വിടര്‍ന്ന് ശോഭിക്കുന്നതുകണ്ട് ഇതുപോലെ എന്റെ മനോപുഷ്പവും വിടര്‍ന്ന് ശോഭിക്കുന്നത് എന്നാണ് എന്ന് ആകുലപ്പെടുന്നു. നളന്റെ വാക്കുകളും പ്രവര്‍ത്തികളുമെല്ലാം മനസ്സിലാക്കിയ കേശിനി സര്‍വ്വ വിവരങ്ങളും ദമയന്തിയേ അറിയിക്കുന്നു. വിരഹം ഇനി താങ്ങാനാകില്ല എന്ന് കരുതി ദമയന്തി ബാഹുകനെ നേരില്‍ കാണാന്‍ ഉറപ്പിക്കുന്നു. മാതാവിനോട് അനുമതിവാങ്ങി ബാഹുകസമീപമെത്തിയ ദമയന്തി തന്റെ ദു:ഖം അറിയിക്കുന്നു. ആപന്നന്നെങ്കിലും ആനന്ദതുന്തിലനായി വന്നിരിക്കുന്നു ഞാന്‍ എന്നുമൊഴിഞ്ഞ് ദമയന്തിയെ ആലിംഗനം ചെയ്യാന്‍ മുതിരുന്ന ബാഹുനില്‍ നിന്നും ദമയന്തി ഒഴിഞ്ഞുമാറുന്നു. തന്റെ ഈ രൂപം കാരണം ദമയന്തി തിരച്ചറിഞ്ഞിട്ടില്ല എന്നോര്‍ത്ത് ബാഹുകന്‍ നാഗ്രേന്ദ്രന്‍ നല്‍കിയ ദിവ്യവസ്ത്രം ധരിച്ച് സ്വരൂപം വെളിവാക്കുന്നു. നളദര്‍ശ്ശനാല്‍ സന്തോഷവതിയായി ആലിംഗനത്തിനു മുതിരുന്ന ദമയന്തിയെ നളന്‍ തടുക്കുന്നു. രണ്ടാസ്വയം വരം നിശ്ചയിച്ച്, അതിന് ഋതുപര്‍ണ്ണനെ വരുത്തിയ നീ അവനോടു പോയി ചേര്‍ന്നുകൊള്ളു എന്ന് ക്രുദ്ധനായി പുലമ്പുന്ന നളന്റെ മുന്നില്‍ ശോകാര്‍ത്തയായ ദമയന്തി ഇതെല്ലാം നാഥനെ കണ്ടെത്തുവാനുള്ള ഉപായം മാത്രമായിരുന്നു എന്ന സത്യം അറിയിച്ച് കുമ്പിടുന്നു. ശങ്കിതമാനസനായി നിന്ന നളന്‍ ‘പുനര്‍വിവാഹവാര്‍ത്ത ഒരു ഉപായം മാത്രമായിരുന്നു, ഹേ നളാ‍, നിന്റെ പത്നി നിരപരാധയാണ്’ എന്നുള്ള അശരീരികേട്ട് ശങ്കമാറുന്നതോടെ ദമയന്തിയേ സ്വീകരിച്ച് ആലിംഗനം ചെയ്യുന്നു. തുടര്‍ന്ന് താന്‍ കാട്ടില്‍ ഉപേക്ഷിച്ച് പോയതില്‍ പിന്നെ എന്തു സംഭവിച്ചു? എങ്ങിനെ നീ ഇവിടെ വന്നു? എന്ന് ദമയന്തിയോട് ചോദിച്ചറിയുന്നു. ഇത് വളരെ ഉചിതമായി തോന്നി. ഇപ്പോഴത്തെ നളന്മാരൊന്നും ഇതു ചെയ്യുന്നതായി കണ്ടിട്ടില്ല. ആദ്യം അറിയാനായി നളന് താല്‍പ്പര്യമുണ്ടാകുന്ന കാര്യം ഇതുതന്നെ ആകുമല്ലൊ. പണ്ടൊക്കെ ഈ ഭാഗത്ത് ഇരുവരും വിസ്തരിച്ച് കഥകള്‍ ആടുമായിരുന്നു എന്ന് കേട്ടിട്ടുണ്ട്. ഇങ്ങിനെ അധികം വിസ്തരിക്കുന്നതും ഔചിത്യമെന്നു തോന്നുന്നില്ല. എന്നാല്‍ ഇവിടെ ദമയന്തി വിസ്തരിക്കാതെ ഭംഗിയായി വേര്‍പാടിനുശേഷമുള്ള കാര്യങ്ങള്‍ അവതരിപ്പിച്ചു. ‘എനിക്കും കുറെ കഥകള്‍ പറയാനുണ്ട്, സമയം പോലെ വിസ്തരിച്ച് പറയാം. നമ്മുടെ കുട്ടികള്‍ എവിടെ? ഇനി നമ്മുടെ കുട്ടികളെ കാണുകയും മാതാപിതാക്കളെ കണ്ട് വന്ദിക്കുകയും ചെയ്യുകയാണ് വേണ്ടത്’ എന്നു പറഞ്ഞ് നളന്‍ ആട്ടം അവസാനിപ്പിച്ചു. ഇങ്ങിനെയുള്ള ഇരുവരുടേയും ഈ ആട്ടം ഉചിതപൂണ്ണമായി തോന്നി.

“ഗുണദോഷം വേദ്യമല്ല”
കലാകാരന്മാരുടെ വ്യക്തിപരമായ കഴിവിനുപരിയായി എല്ലാവരും
ഒത്തിണക്കത്തോടെ പങ്കെടുത്ത് വിജയിപ്പിച്ച ഈ കളി കഥകളിയുടെ സര്‍വ്വാഗണീയമായ മനോഹാരിത എന്തെന്ന് വെളിവാക്കുന്നതായിരുന്നു. ഇത്തരം അരങ്ങുകള്‍ ഇന്ന് ദുര്‍ലഭങ്ങളായി തീര്‍ന്നിരിക്കുന്നു. ഇത്തവണത്തെ തൃപ്പൂണിത്തുറ ഉത്സവകളികളില്‍ ഏറ്റവും മികച്ചത് ഈ നാലാം ദിവസം ആയിരുന്നു.

“ഞാന്‍ അഖേദ”
ബാലിവധം(സുഗ്രീവന്റെ തിരനോട്ടം-പന്ത്രണ്ടാം രംഗം-മുതല്‍) ആയിരുന്നു
ഈ ദിവസം അവതരിപ്പിക്കപ്പെട്ട മറ്റൊരു കഥ. ബാലിവധം ആട്ടകഥയും അവതരണരീതികളും ഇവിടെ വായിക്കാം. സുഗ്രീവനായി വേഷമിട്ട ശ്രീ പെരിയാനമ്പറ്റ ദിവാകരന്‍ നമ്പൂതിരി ചുരുക്കത്തിലും ഭംഗിയായും ആട്ടഭാഗങ്ങള്‍ ചെയ്തിരുന്നു. ശ്രീ രാമനായി ശ്രീ കലാമണ്ഡലം രാധാകൃഷ്ണനും, ലക്ഷ്മണനായി ശ്രീ ശ്രീകാന്ത് ശര്‍മ്മയും, താരയായി ശ്രീ ആര്‍.എല്‍.വി.അഖിലും വേഷമിട്ടിരുന്നു. അഗംദനായെത്തിയ ശ്രീ കലാമണ്ഡലം പ്രമോദിന്റെ പ്രത്യേകമായ മുഖംതേപ്പും, തലയിലും താടിയിലും ചുവന്നതാടികള്‍ വെച്ചുകെട്ടിയുള്ള വേഷമൊരുങ്ങലും നന്നെന്ന് തോന്നി. താതന്റെ സ്ഥിതികണ്ട് പ്രവേശിക്കുന്ന അംഗദന്‍ ഈ ചതിചെയ്ത സുഗ്രീവന്റെ നേരെ ക്രോധിച്ചടുക്കുകയും, വാനരസജമായ രീതിയില്‍ മാന്തിയും കടിച്ചും രോഷം പ്രകടിപ്പിക്കുന്നതും കാട്ടിക്കൊണ്ട് പ്രമോദ് ഈ ചെറിയ വേഷത്തിലെ സാധ്യതകള്‍ വെളിവാക്കുകയും ചെയ്തു.ബാലിയായെത്തിയ ശ്രീ കലാമണ്ഡലം രാമചന്ദ്രനുണ്ണിത്താന്‍ തരക്കേടില്ലാതെ ചെയ്തെങ്കിലും സമ്പൃദായദീക്ഷ ലേശവും ഇല്ലാത്തത് വലിയ കുറവുതന്നെയായി തോന്നി. യുദ്ധവട്ടത്തില്‍ ദമ്പൃദായനുഷ്ടിതമായ അടവുകളിലധികമായി ഇരുന്നുകൂക്കലിനും ഗോഷ്ടികള്‍ക്കുമാണ് ഇദ്ദേഹം പ്രാമുഖ്യം നല്‍കുന്നത്. “ബാധിതസ്യസായകേന” എന്ന പദത്തില്‍ “ഒരു മൊഴി” എന്ന ഭാഗം മുതല്‍ ബാലി മുദ്രമുഴുവനായി കാട്ടേണ്ടതില്ല എന്ന് ആചാര്യന്മാര്‍ നിദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഉണ്ണിത്താന്‍ ആ ഭാഗം വരെ മുദ്ര ഉഴപ്പുകയും ‘ഒരു മൊഴി’ മുതല്‍ നിഷ്ടയായി മുദ്രകാട്ടുകയാണുണ്ടായത്. രാമന്‍ സാക്ഷാല്‍ ജഗനാഥനായ വിഷ്ണുഭഗവാനാണെന്നു മനസ്സിലാക്കി, ആദ്ദേഹത്തില്‍ നിന്നും മുക്തി ലഭിക്കുന്ന വേളയില്‍ ‘തനിക്ക് വെള്ളം വേണം കുടിക്കാന്‍, കൊണ്ടുവാ, എന്റെ ഭാര്യയേയും കുട്ടികളേയും നീ കാത്തുകൊള്ളേണം’ തുടങ്ങിയ ചപലമൊഴികള്‍ ബാലിയില്‍ നിന്നും പുറപ്പെടുന്നതുകണ്ടു. ഇതൊന്നും ഇത്രകെട്ടിപഴക്കമുള്ള അദ്ദേഹം പാത്ര-കഥാപ്രകൃതബോധമില്ലാതെ ചെയ്യുന്നതോ? അതോ വേണമെന്നുവെച്ച് ചെയ്യുന്നതോ എന്തോ? ബാലിയുടെ തേപ്പില്‍ ചായത്തിന് ചുവപ്പുനിറം വല്ലാതെ കൂട്ടിയിട്ടുണ്ട്. നെറ്റിയിലെ ചുട്ടിത്തുണിയില്‍ മദ്ധ്യത്തിലുള്ള ചുട്ടിപ്പൂവ് കൂടാതെ ഇരുവശങ്ങളിലും കൂടി പൂവുകള്‍ ഒട്ടിച്ചിരുന്നു.
ഈ കഥയുടെ ആദ്യഭാഗത്ത് ശ്രീ കലാനി:ഉണ്ണികൃഷ്ണനും ശ്രീ കലാമണ്ഡലം
സുധീഷും ചേര്‍ന്നും, തുടര്‍ന്ന് കലാനി:രാജീവും കലാ:സുധീഷും ചേര്‍ന്നുമാണ് പാടിയത്. കലാ:കൃഷ്ണദാസ്, ശ്രീ ഗോപീകൃഷ്ണന്‍ തമ്പുരാന്‍, ശ്രീ കലാനിലയം രതീഷ് എന്നിവര്‍ ചേര്‍ന്ന ചെണ്ടയിലും, കലാ:ശശി, കലാനി:മനോജ്, ശ്രീ കലാമണ്ഡലം പ്രശാന്ത് എന്നിവര്‍ ചേര്‍ന്ന് മദ്ദളത്തിലും ബാലിവധത്തിന് നല്ല മേളമുതിര്‍ത്തിരുന്നു.

“ഭൂചക്രവാളം ഞെടുഞെടുയിളകിത്തുള്ളുമാറട്ടഹാസം”
ശ്രീ കലാനിലയം സജിയും സദനം അനിലും ഈ ദിവസത്തെ ചുട്ടി
മനോഹരമായി കൈകാര്യം ചെയ്തിരുന്നു.

“ബാധിതസ്യ സായകേന”
ശ്രീ എരൂര്‍ ശശി, ശ്രീ എരൂര്‍ സുരേന്ദ്രന്‍, ശ്രീ എം.നാരായണന്‍,
ശ്രീ മുരളി, ശ്രീ തൃപ്പൂണിത്തുറ ശശിധരന്‍ എന്നിവരാണ് ഉത്സവകളികളുടെ അണിയറപ്രവര്‍ത്തകര്‍.

“ഒരു മൊഴി...”
തൃപ്പൂണിത്തുറ കഥകളികേന്ദ്രത്തിന്റേതാണ് കളിയോഗം.

തൃപ്പൂണിത്തുറ ഉത്സവം മൂന്നാം ദിവസം

വൃശ്ചികോത്സവത്തിന്റെ മൂന്നാം ഉത്സവദിവസമായിരുന്ന 18/11/09ന്
രാത്രി 12:15ന് മാസ്റ്റര്‍ മിഥുന്‍ മുരളിയുടെ പുറപ്പാടോടുകൂടി കഥകളി ആരംഭിച്ചു. തുടര്‍ന്ന് നളചരിതം മൂന്നാംദിവസം കഥ അവതരിപ്പിക്കപ്പെട്ടു.

ദമയന്തിയെ ഉപേക്ഷിച്ച് ചിന്തിതനായി കാട്ടിലൂടെ ഉഴന്ന നളന്‍ പല
കാഴ്ച്ചകളും കണ്ട്, ദമയന്തിയേഓര്‍ത്ത് ദു:ഖിച്ച് നടക്കവെ ആരോ തന്റെ നാമം വിളിച്ച് കരയുന്നതായി കേള്‍ക്കുന്നു. ആരെന്ന് അന്യൂഷിക്കവെ കാട്ടുതീയില്‍ പെട്ട ഒരു സര്‍പ്പമാണ് കരയുന്നതെന്ന്‍ കണ്ട നളന്‍, അവന്റെ അപേക്ഷപ്രകാരം കാട്ടുതീയില്‍ചാടി സര്‍പ്പത്തിനെ ചുമലില്‍ എടുത്തുകൊണ്ടുപോന്ന് രക്ഷിക്കുന്നു. ഈ സമയത്ത് സര്‍പ്പം നളനെ ദംശിക്കുകയും നളന്റെ രൂപം വികൃതമായി തീരുകയും ചെയ്യുന്നു. ഇതുകണ്ട് പരിഭവപ്പെടുന്ന നളനോട് ഞാന്‍ കദ്രുപുത്രനായ കാര്‍കോടകന്‍ ആണെന്നും നിന്നെ ആരും അറിയാതെ ഇരിക്കുവാനാണ് രൂപമാറ്റം വരുത്തിയതെന്നും സര്‍പ്പശ്രേഷ്ഠന്‍ അറിയിക്കുന്നു. ആളെതിരിച്ചറിഞ്ഞതോടെ നളന്‍ കാര്‍ക്കോടകനെ വന്ദിക്കുന്നു. നീ ബാഹുകനെന്ന് നാമമാക്കിക്കൊണ്ട് സാകേതത്തില്‍ പോയി ഋതുപര്‍ണ്ണരാജനെ സേവിച്ച് വസിക്കുവാനും, ഋതുപര്‍ണ്ണനില്‍ നിന്നും അക്ഷഹൃദയമന്ത്രം വശമാക്കിയാല്‍ നിന്റെ കലിബാധ ഒഴിയുമെന്നും, പിന്നെ താമസിയാതെ ഭൈമിയെ കാണുവാന്‍ സാധിക്കുമെന്നും പറഞ്ഞ് അനുഗ്രഹിച്ച് കാര്‍ക്കോടകന്‍ പോകുന്നു. കാര്‍ക്കോടക നിദ്ദേശാനുസ്സരണം അയോദ്ധ്യയിലെത്തി ഋതുപര്‍ണ്ണന്റെ സേവകനായി കഴിയുന്ന ബാഹുകന്‍ രാജാവിന്റെ വിശ്വസ്തനായി തീരുന്നു. ഈ സമയത്ത് നളനാല്‍ ഉപേക്ഷിക്കപ്പെട്ട് കാട്ടില്‍ അലയുകയും, തന്റെ ചിറ്റമ്മയുടെ രാജ്ജ്യത്തെത്തി കൊട്ടാരത്തിലെ പരിചാരികയായി കഴിയുകയും, പിന്നീട് സുദേവനാല്‍ തിരിച്ചറിയപ്പെട്ട് സ്വരാജ്ജ്യത്തിലെത്തപ്പെടുകയും, നളനെ കണ്ടെത്തുവാന്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുകയും, പര്‍ണ്ണാദനില്‍ നിന്നും നളസമാനനായ ഒരാള്‍ ഋതുപര്‍ണ്ണസൂതനായി സാകേതത്തിലുണ്ടെന്ന് മനസ്സിലാക്കുകയും ചെയ്ത ദമയന്തി അവനെ ഇവിടേയ്ക്ക് വരുത്തുവാന്‍ ഒരു ഉപായം ചെയ്ത് സഹായിക്കാന്‍ സുദേവനോട് അപേക്ഷിക്കുന്നു. ദമയന്തിയുടെ രണ്ടാം സ്വയംവരം എന്നൊരു വ്യാജം പറഞ്ഞ് അവരെ വരുത്താം എന്ന് ഉറപ്പിച്ച് സുദേവന്‍ അയോദ്ധ്യയിലെത്തി ഋതുപര്‍ണ്ണസഭയില്‍ കാര്യം അവതരിപ്പിക്കുന്നു. ഉടന്‍ തന്നെ കുണ്ഡിനത്തിലേയ്ക്ക് പോകാനുറച്ച് ഋതുപര്‍ണ്ണന്‍ വേഗത്തില്‍ തേര്‍ തെളിച്ച് നാളെ സൂര്യോദയത്തിനുമുന്‍പ് തന്നെ കുണ്ഡിത്തിലെത്തിക്കുവാന്‍ ബാഹുകനോട് കല്‍പ്പിക്കുന്നു. ഋതുപര്‍ണ്ണന്‍ വാഷ്ണേയനോടൊപ്പം ബാഹുകന്‍ തെളിക്കുന്ന തേരില്‍ കയറി അന്യരാരുമറിയാതെ വേഗം കുണ്ഡിനത്തിലേയ്ക്കു ഗമിക്കുന്നു. യാത്രക്കിടയില്‍ തന്റെ ഉത്തരീയം വീണുപോയെന്നും, അതെടുക്കുവാനായി രഥം നിര്‍ത്തുവാനും ബാഹുകനോട് ആവശ്യപ്പെടുന്നു. അശ്വഹൃദയവിദ്യ വശമുള്ള താന്‍ വളരെ ശ്രീഘ്രഗതിയിലാണ് തേര്‍തെളിക്കുന്നതെന്നും, ഉത്തരീയം യോജനകള്‍ക്കു പുറകിലായി പോയി എന്നും, അതെടുക്കാന്‍ നിന്നാല്‍ സമയം വൈകുമെന്നും ബാഹുകന്‍ അറിയിക്കുന്നു. വേഗത്തില്‍ പോകുന്ന തേരിലിരുന്നുകൊണ്ട് കാണുന്ന താന്നിമരത്തിന്റെ ഇലകളും കായ്കളും കൃതമായി പ്രവചിക്കുന്ന ഋതുപര്‍ണ്ണനില്‍ നിന്നും അതിനാധാരമായ അക്ഷഹൃദയമന്ത്രം വശമാക്കുവാന്‍ ബാഹുകന്‍ താല്‍പ്പര്യപ്പെടുന്നു. അശ്വഹൃദയമന്ത്രം പകരമായി നല്‍കാമെന്ന നിബന്ധനമേല്‍ ഋതുപര്‍ണ്ണന്‍ ബാഹുകന് അക്ഷഹൃദയം ഉപദേശിച്ചുനല്‍കുന്നു. ദിവ്യമന്ത്രം വശമായതോടെ തന്നെ വിട്ട് കലി പുറത്തുവരുന്നുവെന്ന് മനസ്സിലാക്കിയ ബാഹുകന്‍ മന്ത്രപരീക്ഷണം എന്ന സൂത്രം പറഞ്ഞ് ഋതുപര്‍ണ്ണവാഷ്ണേയന്മാരെ തേരില്‍ ഇരുത്തി താന്നിമരചുവട്ടിലേയ്ക്ക് മാറുന്നു. പുറത്തുവന്ന കലിയെ ബാഹുകന്‍ വര്‍ദ്ധിച്ച രോഷത്തോടെ നശിപ്പിക്കുവാന്‍ തുനിയുന്നു. അധര്‍മ്മം തന്റെ വൃതമാണെനും ബലം ക്ഷയിച്ച് അങ്ങയുടെ മുന്നില്‍ വണങ്ങുന്ന തന്നോട് ക്ഷമിക്കേണമേ എന്നും അപേക്ഷിക്കുന്ന കലിയെ, ഇനി മേലില്‍ തന്റെ രാജ്യത്തെന്നല്ല തന്റെയോ ദമയന്തിയുടേയോ ഋതുപര്‍ണ്ണന്റേയോ നാമം ഉച്ചരിക്കുന്ന പ്രദേശത്തുപോലും പ്രവേശിക്കില്ല എന്ന് സത്യം ചെയ്യിച്ച് അയക്കുന്നു. തുടര്‍ന്ന് ബാഹുകന്‍ ഋതുപര്‍ണ്ണനേയും ജീവലനേയും കൂട്ടി തേര്‍തെളിച്ച് കുണ്ഡിനത്തിലേയ്ക്ക് പോകുന്നു. ഇതാണ് നളചരിതം മൂന്നാം ദിവസത്തെ കഥാ ഭാഗം.

ബാഹുകനായി അഭിനയിച്ച ശ്രീ കോട്ടക്കല്‍ ചന്ദ്രശേഖരവാര്യര്‍ നല്ല
പ്രകടനം കാഴ്ച്ചവെച്ചു. ആട്ടങ്ങള്‍ വത്യസ്തവും ഔചിത്യപരവുമായ രീതിയിലാണ് ഇദ്ദേഹം അവതരിപ്പിച്ചത്. കാര്‍കോടകനുമായി പിരിഞ്ഞ് അയോഥ്യയിലേയ്ക്ക് ഗമിക്കുന്ന ബാഹുകന്‍; വഴിയില്‍ ആനയുടെ മദജലം കുടിച്ച് മത്തരായി പറക്കുന്ന കരിവണ്ടിന്‍ കൂട്ടത്തെ കണ്ട് ഭൈമിയുടെ കാര്‍കുഴലിനേയും, ആനകളുടെ ഗമനം കണ്ട് പ്രിയയുടെ നടത്തത്തേയും സ്മരിക്കുന്നു. തുടര്‍ന്ന് പ്രശസ്തമായ ‘മാന്‍പ്രസവം’ എന്ന ആട്ടവും അവതരിപ്പിച്ചു. ഇതും വത്യസ്തമായ രീതിയിലാണ് അവതരിപ്പിക്കപ്പെട്ടത്. സാധാരണ ഇടിവെട്ടേറ്റ് വേടന്‍ മരിക്കുന്നതും ലക്ഷ്യംതെറ്റിയ അസ്ത്രമേറ്റ് സിംഹം മരിക്കുന്നതും മഴയാല്‍ കാട്ടുതീ ശമിക്കുന്നതും ബാഹുകന്‍ നിന്നുകാണുന്നതായാണ് ആടാറ്. എന്നാല്‍ ഇവിടെ ‘ആരുംമില്ലാത്തവര്‍ക്ക് ദൈവം തുണ‘ എന്നാണല്ലൊ പഴഞ്ചൊല്ല്, അതിനാല്‍ മാനിനേയും ദൈവം രക്ഷിക്കും എന്നുകരുതി ഇരിക്കെ മഴപെയ്യുകയും, മഴമാറിയപ്പോള്‍ ബാഹുകന്‍ ശരീരം തോര്‍ത്തിയിട്ട് മാനിനെ തേടവെ വേടന്റേയും സിംഹത്തിന്റേയും ശരീരങ്ങള്‍ കാണുകയും നടന്ന് സംഭവങ്ങള്‍ നളന്‍ ഊഹിക്കുന്നതായുമാണ് ആടിയത്. മുലകുടിക്കുകയും ക്രീഡിക്കുകയും ചെയ്യുന്ന മാന്‍‌കുട്ടികളെ കണ്ട നളന്‍ തന്റെ കുട്ടികളെ ഓര്‍ത്ത് ദു:ഖിക്കുകയും, വിഷമവൃത്തത്തില്‍ അകപ്പെട്ട ഹരിണിയെ രക്ഷിച്ച ദൈവത്തിന് തന്നെ രക്ഷിക്കാന്‍ എന്താണ് ഉപേക്ഷ എന്ന് ചിന്തിക്കുകയും, തലയിലെഴുത്ത് അനുഭവിച്ച് തന്നെ തീരണമെല്ലോ എന്ന് ആശ്വസിക്കുകയും ചെയ്തു. തുടര്‍ന്ന് കാടുവിട്ട് നാട്ടിലെത്തിയ ബാഹുകന്‍ കാളവണ്ടിക്കാരോട് വഴിചോദിച്ച് മനസ്സിലാക്കി സാകേതരാജധാനിയിലെത്തുന്ന ബാഹുകന് രാജധാനിയിലെ കൊടിക്കൂറ ചാഞ്ചാടുന്നതുകണ്ട് എല്ലാവരേയും അത് സ്വാഗതം ചെയ്യുന്നതായി തോന്നുന്നു. തുടര്‍ന്ന് കാവല്‍ക്കാരോട് അനുമതി വാങ്ങി കൊട്ടാരത്തിലേയ്ക്ക് പ്രവേശിക്കുന്ന ബാഹുകന്‍ അവിടെ സൂര്യവംശരാജാക്കന്മാരുടെയും ചന്ദ്രവംശരാജാക്കന്മാരുടെയും ചിത്രങ്ങള്‍ വരച്ച് തൂക്കിയിരിക്കുന്നതുകാണുന്നു. കൂട്ടത്തില്‍ തന്റെ ചിത്രവും കണ്ട് ബാഹുകന്‍ ആരെങ്കിലും തന്നെ തിരിച്ചറിയുമോ എന്ന് ശങ്കിക്കുന്നു. ‘ഇല്ല, രൂപം അത്രയ്ക്കും മാറിയിരിക്കുന്നു. ആരും തിരിച്ചറിയില്ല’ എന്ന് ഉറപ്പിച്ച് രാജസഭയിലെത്തുന്ന ബാഹുകന്‍ നൃത്തഗാനാദികള്‍ അവതരിപ്പിക്കപ്പെടുന്നത് കാണുന്നു. കലാപ്രകടനങ്ങള്‍ കഴിഞ്ഞ് എല്ലാവരും പിരിഞ്ഞുപോവുകയും രാജാവും 2ഭൃത്യന്മാരും മാത്രമാവുകയും ചെയ്ത സമയം നോക്കി ബാഹുകന്‍ ഋതുപര്‍ണ്ണനെ സമീപിക്കുന്നു.കാര്‍ക്കോടകവേഷമിട്ടിരുന്ന ശ്രീ കലാമണ്ഡലം ശങ്കരനാരായണന്റെ പ്രവൃത്തിയില്‍ യാതൊരു കഥകളിത്തവും തോന്നിയില്ല. മുദ്രകള്‍ ആവശ്യമുള്ള ചുവടുകളോടോ വട്ടംവെയ്പ്പുകളോടോ കൂടിയല്ല ഇദ്ദേഹം അവതരിപ്പിച്ചിരുന്നതെന്ന് മാത്രമല്ല മുദ്രകള്‍ പലതും വത്യാസമായാണ് കാട്ടിയിരുന്നതും. കഥാപാത്രപ്രകൃതവും തോന്നിയില്ല. പദഭാഗങ്ങള്‍ കഴിഞ്ഞാല്‍ നളന് ഉടനെ ഉടുക്കുവാനുള്ള ഒരു വസ്ത്രവും, രൂപമാറ്റത്തിനായുള്ള ദിവ്യവസ്ത്രവും, ഉപദേശവും നല്‍കിയാണ് അനുഗ്രഹിക്കാറുള്ളത്. എന്നാല്‍ ഇവിടെ ദിവ്യവസ്ത്രം മാത്രമെ നല്‍കിയുള്ളു. ഈ സമയത്ത്; ‘ദാഹിച്ചുവലഞ്ഞിരുന്ന വേഴാമ്പലിന് ലഭിച്ച മഴ എന്ന പോലെ ആശ്വാസകരമായി എനിക്ക് അങ്ങയുടെ ദര്‍ശ്ശനം’ എന്ന് ബാഹുകന്‍ അറിയിച്ചു.


“കാര്‍ദ്രവേയാ കുലതിലകാ....”
ഋതുപര്‍ണ്ണനായെത്തിയത് ശ്രീ ആര്‍.എല്‍.വി.രങ്കന്‍ ആയിരുന്നു.
കലിയെ അയച്ചുകഴിഞ്ഞ് തിരിച്ചെത്തി ബാഹുകന്‍ ഋതുപര്‍ണ്ണന്റെ തേര്‍ തെളിച്ച് നീങ്ങുന്നതോടെയാണ് അന്ത്യരംഗം അവസാനിപ്പിക്കേണ്ടത്. എന്നാല്‍ രങ്കന്‍ ഇതിനു കാത്തുനില്‍ക്കാതെ പോയി വേഷമഴിച്ചിരുന്നു! ജീവലനായി വേഷമിട്ടത് ശ്രീ ആര്‍.എല്‍.വി.പ്രമോദും വാഷ്ണേയനായി വേഷമിട്ടത് ശ്രീ ആര്‍.എല്‍.വി അഖിലുമായിരുന്നു.
ദമയന്തീവേഷമിട്ട ശ്രീ ആര്‍.എല്‍.വി രാധാകൃഷ്ണന്‍ പതിവുപോലെ
‘ശിവരാമന്‍ അനുകരണശ്രമവും’, ഗ്രാമ്യാഭിനയവും കൊണ്ട് വിരസതയുണര്‍ത്തി. സുദേവനായി അരങ്ങിലെത്തിയ ശ്രീ ഫാക്ട് പത്മനാഭന്‍ നല്ല അഭിനയം കാഴ്ച്ചവെച്ചു. പദത്തിലെ ‘നാമിതാ സേവിച്ചു നില്‍പ്പു’, ‘ആളകമ്പടികളോടും മേളവാദ്യഘോഷത്തോടും’ തുടങ്ങിയ ഭാഗങ്ങള്‍ വിസ്തരിച്ചുതന്നെ ഇദ്ദേഹം അവതരിപ്പിച്ചു.
ശ്രീ ആര്‍.എല്‍.വി. സുനിലാണ് കലിയായെത്തിയത്. അന്ത്യ രംഗം ഇവിടെ
അവതരിപ്പിക്കപ്പെട്ടുവെങ്കിലും അതിലെ പദങ്ങള്‍ എല്ലാം പാടുകയുണ്ടായില്ല, പലതും ആട്ടത്തില്‍ കഴിക്കുകയായിരുന്നു. സാധാരണപതിവില്ലാത്ത രംഗമെങ്കിലും പതിവുള്ള രംഗങ്ങള്‍ പോലെ തന്നെ വാര്യരാശാന്‍ ഭംഗിയായും സുഗമമായും ഇതും കൈകാര്യം ചെയ്തിരുന്നു.

ആദ്യഭാഗം പൊന്നാനിപാടിയ ശ്രീ പാലനാട് ദിവാകന്‍ നമ്പൂതിരിയുടെ
പാട്ട് നന്നായിരുന്നു‍. കഥകളിത്തമാര്‍ന്ന ശൈലിയിലായിരുന്നു ഇദ്ദേഹത്തിന്റെ പാട്ട്. തുടര്‍ന്ന് സുദേവന്‍ മുതല്‍ പൊന്നാനിപാടിയ ശ്രീ കോട്ടക്കല്‍ മധുവും ഈ ദിവസം തരക്കേടില്ലാതെ പാടിയിരുന്നു. ശ്രീ കലാമണ്ഡലം ജയപ്രകാശ്, ശ്രി കോട്ടക്കല്‍ സന്തോഷ് എന്നിവരായിരുന്നു മറ്റു ഗായകര്‍.ബാഹുകന്റെ ആദ്യരംഗങ്ങളില്‍ ചെണ്ട കൈകാര്യം ചെയ്ത ശ്രീ കലാമണ്ഡലം കേശവപൊതുവാളും, തുടര്‍ന്ന് കൊട്ടിയ ശ്രീ കലാമണ്ഡലം രാമന്‍ നമ്പൂതിരിയും ശ്രീ കലാവേദി മുരളിയും, മദ്ദളവാദകരായിരുന്ന ശ്രീ കോട്ടക്കല്‍ രവി, ശ്രീ കലാനിലയം മനോജ് എന്നിവരും തരക്കേറ്റില്ലാത്ത പ്രകടനം കാഴ്ച്ചവെയ്ച്ചിരുന്നു.
ശ്രീ കലാനിലയം സജിയായിരുന്നു ഈ ദിവസത്തെ ചുട്ടി കലാകാരന്‍‍‍.
ശ്രീ എരൂര്‍ ശശി, ശ്രീ എരൂര്‍ സുരേന്ദ്രന്‍, ശ്രീ എം.നാരായണന്‍, ശ്രീ മുരളി, ശ്രീ തൃപ്പൂണിത്തുറ ശശിധരന്‍ എന്നിവരാണ് ഉത്സവകളികളുടെ അണിയറപ്രവര്‍ത്തകര്‍.
തൃപ്പൂണിത്തുറ കഥകളികേന്ദ്രത്തിന്റേതാണ് കളിയോഗം.

തൃപ്പൂണിത്തുറ ഉത്സവം രണ്ടാം ദിവസം

“കിടതകധിം,താം”
രണ്ടാം ഉത്സവദിവസമായിരുന്ന 17/11/09ന് രാത്രി 12:30ന് കുമാരി
ലക്ഷി മേനോന്റെ പുറപ്പാടോടുകൂടി കഥകളി ആരംഭിച്ചു. തുടര്‍ന്ന് നളചരിതം രണ്ടാംദിവസം കഥ അവതരിപ്പിക്കപ്പെട്ടു.

“സാമ്യം അകന്നോരു ഉദ്യാനം”
നവദമ്പതികളായ നളദമയന്തിമാരുടെ പ്രേമസല്ലാപത്തോടെ കഥ
ആരംഭിക്കുന്നു. തുടര്‍ന്ന് ദമന്തീസ്വയംവരത്തിനായി പുറപ്പെട്ട കലിദ്വാപരന്മാര്‍ മാര്‍ഗ്ഗമദ്ധ്യേ ഇന്ദ്രാദികളെ കാണുകയും അവരില്‍നിന്നും ദമയന്തീസ്വയംവരം കഴിഞ്ഞു എന്നും, നളന്‍ എന്ന രാജാവിനെയാണ് ദമയന്തി വരിച്ചത് എന്നും അറിയുകയും ചെയ്തു. ക്രുദ്ധരയിതീര്‍ന്ന അവര്‍ നളനേയും ദമയന്തിയേയും പിണക്കി അകറ്റുവാന്‍ തീരുമാനിക്കുകയും അതിനായി ഗൂഢാലോചന നടത്തുകയും ചെയ്യുന്നു. ധര്‍മ്മിഷ്ടനായ നളന്റെ രാജ്ജ്യത്തേയ്ക്ക് പ്രവേശിക്കുവാനായി ഇവര്‍ക്ക് നീണ്ട 12വര്‍ഷം കാത്തിരിക്കേണ്ടിവരുന്നു. തുടര്‍ന്ന് ഇവര്‍ നളസോദരനായ പുഷ്ക്കരനെ കണ്ട്, പ്രലോഭിപ്പിച്ച് നളനുമായി ചൂതുകളിപ്പിക്കുന്നു. കലിബാധിതനായ നളന്‍ നിസ്സാരനായ പുഷ്ക്കരനുമായി ചൂതില്‍തോറ്റ് രാജ്യധനാദികള്‍ നഷ്ടപ്പെട്ട് എകവസ്ത്രധാരിയായി കാനനത്തിലെത്തിച്ചേരുന്നു. പക്ഷികളെ പിടിക്കാനായി ഉദ്യമിച്ച നളന്റെ വസ്ത്രവും പക്ഷിരൂപേണവന്ന കലിദ്വാപരന്മാര്‍ അപഹരിക്കുന്നു. ഏറ്റവും പരിതാപിതനും ചഞ്ചലചിത്തനുമായിതീര്‍ന്ന നളന്‍ കലിപ്രേരണയാല്‍ ദമയന്തിയുടെ വസ്ത്രത്തില്‍ പാതി കീറി ധരിച്ച്, അര്‍ദ്ധരാത്രിയില്‍ കാനനത്തില്‍ ശയിക്കുന്ന അവളെ ഉപേക്ഷിച്ച് പാലായനം ചെയ്യുന്നു. ഉറക്കമുണര്‍ന്നപ്പോള്‍ പതിയെ കാണാഞ്ഞ് വിഷമിച്ച് അലയുന്ന ദമയന്തിയുടെ കാലില്‍ ഒരു പെരുമ്പാമ്പ് പിടികൂടുന്നു. ദമയന്തീവിലാപം കേട്ട് എത്തുന്ന ഒരു കാട്ടാളന്‍ പാമ്പിനെ കൊല്ലുകയും, തന്റെ കൂടെ വസിക്കുവാന്‍ ആ സുന്ദരീരത്നത്തിനോട് ആവശ്യപ്പെടുകയും ചെയ്യുന്നു. ദമയന്തി ‘വൃതലോപോദ്യതന്‍ ഭസ്മീകരിക്കു’മെന്ന അമരേന്ദ്രവരത്തെ സ്മരിക്കുന്നതോടെ കാട്ടാളന്‍ ഭസ്മമായിതീരുന്നു. ഇത്രയും ഭാഗമാണ് രണ്ടാം ദിവസത്തില്‍ സാധാരണയായി അവതരിപ്പിക്കപ്പെടുന്നത്.

“യാമിഞാനവളെ ആനയിപ്പതിനു”
നളനായി അഭിനയിച്ച ശ്രീ സദനം കൃഷ്ണന്‍‌കുട്ടി തരക്കേടില്ലാത്ത പ്രകടനം
കാഴ്ച്ചവെച്ചു. എന്നാല്‍ പദഭാഗങ്ങള്‍ പലതും വേഗത്തില്‍ കഴിക്കുക, പാത്രബോധം നഷ്ടപ്പെടുക തുടങ്ങിയ പോരായ്കകളും ദൃശ്യമായിരുന്നു. ആദ്യരംഗത്തിലെ പദങ്ങള്‍ക്കുശേഷമുള്ള ആട്ടത്തില്‍, നളന്‍ ദമയന്തിയെ തനിക്ക് ലഭിച്ചത് പൂര്‍വ്വപുണ്യം നിമിത്തമാണന്ന് പറഞ്ഞുകൊണ്ട് വിവാഹത്തിനുമുന്‍പ് ഇന്ദ്രാദികളുടെ ദൂതനായി താന്‍ ദമയന്തീസമീപം വന്ന സാഹചര്യവും, സ്വയംവരസമയത്ത് ഇന്ദ്രാദികള്‍ നളവേഷം ധരിച്ച് ദമയന്തിയേ വലച്ചതുമായ കാര്യങ്ങള്‍ ദമന്തിയോടുകൂടി സ്മരിക്കുന്നു. ഇത് വളരെ ഉചിതമായ ആട്ടമായി തോന്നി. തുടര്‍ന്ന് നളദമയന്തിമാര്‍ ഉദ്യാനം ചുറ്റിക്കാണുകയും തന്റെ പൂര്‍വ്വികരായ രാജാക്കന്മാരുടെ ചിത്രങ്ങള്‍ കാണുകയും ചെയ്യുന്ന പതിവ് ആട്ടങ്ങളും ചെയ്തു. ‘വേര്‍പാട്’ ഭാഗം കൂടുതല്‍ ചടുലമായാണ് സദനം അവതരിപ്പിച്ചത്. ദമയന്തീവേഷമിട്ട ശ്രീ കലാമണ്ഡലം വിജയന്‍ നല്ല പ്രകടമാണ് കാഴ്ച്ചവെച്ചത്.

“കുടയും ചാമരവും”
കലിയായെത്തിയ ശ്രീ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി ‘കലിയാട്ടം’
വിസ്തരിച്ചുതന്നെ അവതരിപ്പിച്ചു. ദ്വാപരന്‍, പക്ഷി എന്നീവേഷങ്ങള്‍ കൈകാര്യം ചെയ്ത ശ്രീ ആര്‍.എല്‍.വി.സുനിന്റെ പ്രകടനം വിരസതയുളവാക്കി. ഇദ്ദേഹത്തിന്റെ മുദ്രകളിലും കലാശങ്ങളിലും യാതൊരു ഭംഗിയും തോന്നിയില്ല. ഇന്ദ്രനായി ശ്രീ ആര്‍.എല്‍.വി. സുനില്‍,പള്ളിപ്പുറം അരങ്ങിലെത്തി.പുഷ്ക്കരനായി അഭിനയിച്ച ശ്രീ കലാമണ്ഡലം ഷണ്മുഖന്റെ പ്രകടനമാണ് ഈ ദിവസം ഏറ്റവും മികച്ചതായി അനുഭവപ്പെട്ടത്. പാത്രബോധത്തോടുകൂടിയ നല്ല ഭാവാഭിനയവും, കഥകളിത്തമാര്‍ന്ന ഭംഗിയുള്ള മുദ്രകളും കലാശങ്ങളുമായിരുന്നു എദ്ദേഹത്തിന്റേത്. ആവശ്യത്തിനുള്ള സമയമെടുത്തുതന്നെ ഷണ്മുഖന്‍ തന്റെ ഭാഗം ഭംഗിയായി ചെയ്തു.

“അമര്‍ത്യവീരന്മാരെ അമര്‍ക്കും വന്‍പടയും”
ശ്രീ കലാമണ്ഡലം പ്രദീപാണ് കാട്ടാളനെ അവതരിപ്പിച്ചത്. ആരവം കേട്ട്
ഉറക്കമുണരുന്ന കാട്ടാളന്‍ തന്റെ ഗൃഹത്തില്‍ നിന്നും പുറത്തിറങ്ങി ചൂട്ടുകറ്റയും കത്തിച്ച് തിരയുന്നു. അപ്പോള്‍ തന്നെ ഒരു സ്ത്രീശബദമാണ് എന്ന് കാട്ടാളനു മനസ്സിലാകുന്നു. എങ്ങിനെയാണ് കാട്ടാളന്റെ ആദ്യത്തെ ആട്ടത്തില്‍ കണ്ടത്. തുടര്‍ന്ന് “ആരവമെന്തിതറിയുന്ന....”പദം ആടി. സ്ത്രീശബ്ദമാണ് എന്ന മനസ്സിലാക്കിയ സ്ഥിതിക്ക് “സ്വരത്തിനുടെ മാധുര്യം” എന്ന ചരണം ആരംഭിച്ചാല്‍ മതിയായിരുന്നു എന്ന് തോന്നി.

“ജാനേപുഷ്ക്കര”
ശ്രീ കോട്ടക്കല്‍ നാരായണനായിരുന്നു ഈ ദിവസത്തെ പ്രധാന ഗായകന്‍.
സംഗീതപരമായി നോക്കിയാല്‍ ഭൃഗകളും സംഗതികളും നിറഞ്ഞ ഇദ്ദേഹത്തിന്റെ പാട്ട് മികച്ചുനിന്നു. എന്നാല്‍ അഭിനയസംഗീതം എന്ന നിലയ്ക്ക് നോക്കിയാല്‍ അഭിനയവും സംഗീതവുമായി അകലം പാലിക്കുന്നതായി തോന്നി. നടന്റെ നൃത്യത്തെ പോഷിപ്പിക്കാനുതകുന്ന താളാത്മകമായ പ്രയോഗങ്ങള്‍ക്കുപകരം ഗായകന്റെ കഴിവുതെളിയിക്കാന്‍ മാത്രമുതകുന്ന സംഗീതപ്രയോഗങ്ങളാണ് അധികവും പാട്ടില്‍ കേട്ടത്. ഈ രീതിക്ക് നോക്കുമ്പോള്‍ കലിയുടെയും പുഷ്ക്കരന്റേയും രംഗങ്ങള്‍ പൊന്നാനിപാടിയ ശ്രീ കലാമണ്ഡലം ഹരീഷിന്റെ പാട്ട് നന്നെന്ന് തോന്നും. ഹരീഷും ശ്രീ കലാനിലയം രാജീവുമായിരുന്നു നാരായണനൊപ്പം ശിങ്കിടിപാടിയിരുന്നത്. മികച്ച ശിങ്കിടിഗായകനെന്ന് ഖ്യാതിനേടിയിട്ടുള്ള രാജീവന്‍ നാരായണനൊപ്പവും പതിവുപോലെ നല്ലപ്രകടനം കാഴ്ച്ചവെച്ചു. കളിക്ക് ചെണ്ട കൈകാര്യം ചെയ്ത ശ്രീ കലാമണ്ഡലം രാമന്‍ നമ്പൂതിരിയും ശ്രീ കോട്ടക്കല്‍ വിജയരാഘവനും നല്ല പ്രകടനം കാഴ്ച്ചവെച്ചപ്പോള്‍ മദ്ദളം വായിച്ച ശ്രീ കലാമണ്ഡലം ഗോപിക്കുട്ടന്‍, ശ്രീ കലാമണ്ഡലം പ്രകാശന്‍, കലാമണ്ഡലം വിനീത് എന്നിവര്‍ ശരാശരി നിലവാരം പുലര്‍ത്തി.

“ദൂതം”
ശ്രീ കലാനിലയം ജനാര്‍ദ്ദനന്‍, ശ്രീ എരൂര്‍ മനോജ് എന്നിവരായിരുന്നു ഈ
ദിവസത്തെ ചുട്ടി കലാകാരന്മാര്‍‍.

“വേര്‍പാട്”
ശ്രീ എരൂര്‍ ശശി, ശ്രീ എരൂര്‍ സുരേന്ദ്രന്‍, ശ്രീ എം.നാരായണന്‍, ശ്രീ മുരളി,
ശ്രീ തൃപ്പൂണിത്തുറ ശശിധരന്‍ എന്നിവരാണ് ഉത്സവകളികളുടെ അണിയറപ്രവര്‍ത്തകര്‍.

“അനര്‍ത്ഥഗത്തേ വീണാളെ.....”
തൃപ്പൂണിത്തുറ കഥകളികേന്ദ്രത്തിന്റേതാണ് കളിയോഗം.

തൃപ്പൂണിത്തുറ ഉത്സവം ഒന്നാം ദിവസം

തൃപ്പൂണിത്തുറ ശ്രീപൂര്‍ണ്ണത്രയീശക്ഷേത്രത്തിലെ ഈവര്‍ഷത്തെ വൃശ്ചികോത്സവം 16/11/09 മുതല്‍ 23/11/09വരെ നടക്കുകയാണ്. മുന്‍വര്‍ഷങ്ങളിലേപ്പോലെതന്നെ ഇത്തവണയും ഉത്സവത്തിന്റെ 7ദിവസങ്ങളിലും കഥകളി അവതരിപ്പിക്കപ്പെടുന്നുണ്ട്. ഇത്തവണ ആദ്യനാലുദിവസങ്ങളിലായി നളചരിതം കഥയാണ് അവതരിപ്പിക്കുന്നത്.


ആദ്യദിവസമായിരുന്ന 16/11/09ന് രാത്രി 12ന് ശ്രീ ശ്രീകാന്ത് ശര്‍മ്മയുടെ പുറപ്പാടോടുകൂടി കഥകളി ആരംഭിച്ചു. തുടര്‍ന്ന് നളചരിതം ഒന്നാംദിവസം കഥയിലെ പ്രധാനവും പ്രചാരത്തിലുള്ളതുമായ രംഗങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. ആദ്യഭാഗത്തെ നളനായി വേഷമിടാന്‍ പത്മശ്രീ കലാമണ്ഡലം ഗോപിയേയാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ആശാന്‍ പനിബാധിച്ച് ചികിത്സയിലായതിനാല്‍ പകരം ശ്രീ കലാമണ്ഡലം ബാലസുബ്രഹ്മണ്യനാണ് ഈ ഭാഗം അവതരിപ്പിച്ചത്.

നടന്മാരുടെ; കഥാപ്രകൃതവും പാത്രപ്രകൃതവും മറന്നുകൊണ്ടുള്ള പ്രവൃത്തികളാലും, ഔചിത്യരഹിതവും വിരസവുമായുള്ള ആട്ടങ്ങളാലും, അനാവശ്യവും അനാരോഗ്യകരവുമായ കിടമത്സങ്ങളാലും, പാട്ടുകാരുടെ; അമിതസംഗീതമാര്‍ന്നവഴികളാലും, സമ്പൃദായരാഹിത്യത്താലും ‘സമ്പുഷ്ടമായ’ ഒരു കളിയായിരുന്നു ഇത്.
കഥകളി വളരുകയാണ്! നാട്ട്യാചാര്യനും മഹാകവിയും ഒക്കെ സങ്കല്‍പ്പിച്ചിരുന്നതിലുമൊക്കെ എത്രയോ അകലത്തേയ്ക്ക്!...........


നളന്റേയും ദമയന്തിയുടേയും ആദ്യരംഗങ്ങളില്‍ മദ്ദളം വായിച്ച് ശ്രീ കലാമണ്ഡലം ശങ്കരവാര്യരുടെ പ്രവൃത്തിമാത്രമാണ് ഈ കളിയിലെ ആസ്വാദ്യമായ ഏകസംഗതിയായി തോന്നിയത്. ഇതരവാദ്യകലാകാരന്മാരായ ശ്രീ കലാമണ്ഡലം ഉണ്ണികൃഷ്ണനും കലാമണ്ഡലം ശശിയും ശരാശരിനിലവാരം പുലര്‍ത്തിയിരുന്നു.

2നളവേഷക്കാര്‍ക്കും ഉചിതവും മനോഹരവുമായരീതിയില്‍ ശ്രീ കലാമണ്ഡലം ശിവരാമന്‍ ചുട്ടികുത്തിയിരുന്നു. ശ്രീ എരൂര്‍ മനോജ് ആയിരുന്നു മറ്റൊരു ചുട്ടിക്കാരന്‍.


ശ്രീ എരൂര്‍ ശശി, ശ്രീ എരൂര്‍ സുരേന്ദ്രന്‍, ശ്രീ എം.നാരായണന്‍, ശ്രീ മുരളി, ശ്രീ തൃപ്പൂണിത്തുറ ശശിധരന്‍ എന്നിവരാണ് ഉത്സവകളികളുടെ അണിയറപ്രവര്‍ത്തകര്‍.


തൃപ്പൂണിത്തുറ കഥകളികേന്ദ്രത്തിന്റേതാണ് കളിയോഗം.