ത്രികാലം (ഭാഗം 2)

‘ത്രികാലം’ കലോത്സവത്തെ കുറിച്ചുള്ള ആദ്യപോസ്റ്റ് ഇവിടെ വായിക്കാം.
.
ത്രികാലത്തിന്റെ മൂന്നാം ദിവസമായിരുന്ന 24/12/08ന് രാവിലെ 9ന് ശ്രീ കലാമണ്ഡലം മുരുകന്റെ അഷ്ടപദിയോടെ പരിപാടികള്‍ ആരംഭിച്ചു. തുടര്‍ന്ന് മട്ടന്നൂര്‍ സംവിധാനം ചെയ്ത ‘മിശ്രമേളം’ അവതരിപ്പിക്കപ്പെട്ടു. ‘കേരളീയതാളങ്ങള്‍’ എന്നവിഷയത്തിലുള്ള വിശകലന ചര്‍ച്ചാപരമ്പരയുടെ അവസാനത്തേതായ ചര്‍ച്ച 10:30മുതല്‍ നടന്നു. ത്രിപുടതാളത്തെക്കുറിച്ചുള്ള ഇതില്‍ ശ്രീ വെള്ളിനേഴി ആനന്ദന്‍ സ്വാഗതം പറഞ്ഞു. ശ്രീ കലാമണ്ഡലം അരുണ്‍‌വാര്യരുടെ സഹായത്തോടെ ശ്രീ കലാമണ്ഡലം എം.പി.എസ്സ്.നമ്പൂതിരി കഥകളിയില്‍ ത്രിപുടതാളത്തിന്റെ പ്രയോഗങ്ങളേക്കുറിച്ച് സോദാഹരണപ്രഭാഷണം നടത്തിയ ഈ സെമിനാറില്‍ ശ്രീ കെ.സി.നാരായണന്‍, ശ്രീ എം.വി.നാരായണന്‍, ശ്രീ കലാമണ്ഡലം ഉണ്ണികൃഷ്ണന്‍, ശ്രീ കെ.ബി.രാജാനന്ദ് എന്നിവരും പങ്കെടുത്തിരുന്നു.
.
.
ഉച്ചക്ക് 1മുതല്‍ ശ്രീ കോട്ടക്കല്‍ മധു, ശ്രീ കലാമണ്ഡലം ബാബുനമ്പൂതിരി, ശ്രീമതി പാലനാട് ദീപ, കുമാരി ശ്രീരഞ്ജിനി എന്നിവര്‍ ചേര്‍ന്ന് കഥകളിപദകച്ചേരി അവതരിപ്പിച്ചു. ശ്രീ കലാമണ്ഡലം ദേവരാജന്‍(ചെണ്ട), ശ്രീ കലാമണ്ഡലം രാജ്‌നാരായണന്‍(മദ്ദളം), ശ്രീ കലാമണ്ഡലം അരുണ്‍‌ദാസ്(ഇടക്ക) എന്നിവരായിരുന്നു പക്കവാദ്യക്കാര്‍.
.
വൈകിട്ട് 4:30ഓടെ പഞ്ചവാദ്യം, ചെണ്ടമേളം തുടങ്ങിയവയുടെ അകമ്പടിയോടെ ശ്രീ കലാമണ്ഡലം ഉണ്ണികൃഷ്ണനെ ത്രികാലം വേദിയിലേക്ക് ആനയിച്ചു. തുടര്‍ന്ന് കുമാരി കാവ്യശ്രീയുടെ പ്രാര്‍ത്ഥനാഗീതത്തോടേ സ്ഥലം എം.എല്‍.എ ശ്രീ മഞ്ഞളാംകുഴി അലിയുടെ അധ്യക്ഷതയിലുള്ള സമാദരണസദസ് ആരംഭിച്ചു. സംഘാടകസമിതിചെയര്‍മാന്‍ ശ്രീ മട്ടന്നൂര്‍ ശങ്കരന്‍‌കുട്ടി സ്വാഗതം പറഞ്ഞ സദസ്സ് കേരളകലാമണ്ഡലം കല്പിതസര്‍വ്വകലാശാലയുടെ വൈസ്ചാന്‍സിലര്‍ ശ്രീ കെ.ജി.പൌലോസ് ഉത്ഘാടനം ചെയ്തു. വേദിയില്‍‌വെച്ച് കലാ:ഉണ്ണികൃഷ്ണന്‍ തന്റെ ഗുരുപത്നിമാരേയും മാതാവിനേയും പത്നീമാതാവിനേയും വന്ദിച്ചു. നാട്യരത്നം ശ്രീ കലാമണ്ഡലം ഗോപി കലാ:ഉണ്ണികൃഷ്ണനെ ‘വീരശൃംഖലയും’, കലാമണ്ഡലം രജിസ്ട്രാര്‍ ഡോ:എന്‍.ആര്‍.ഗ്രാമപ്രകാശ് പൊന്നാടയും അണിയിച്ചു.


ഗോപിയാശാന്‍ ഒരു വെള്ളിപൊതിഞ്ഞ ചെണ്ടക്കോലുംപൊന്നാടയും കലാ:ഉണ്ണികൃഷ്ണന് സമ്മാനമായി നല്‍കി. തുടര്‍ന്ന് സഹപ്രവര്‍ത്തകരും, ശിഷ്യരും, ആസ്വാദകരും സ്ഥാപനങ്ങളും കലാ:ഉണ്ണികൃഷ്ണന് സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു. ശ്രീ കെ.ബി.രാജ് ആനന്ദ് കലാ: ഉണ്ണികൃഷ്ണനെ പരിചയപ്പെടുത്തിയ ഈ ചടങ്ങില്‍ സംഘാടകസമിതി ജനറല്‍ കണ്‍‌വീനര്‍ ശ്രീ കെ.വി.സുരേഷ് കൃതഞ്ജത രേഖപ്പെടുത്തി.

.

രാത്രി 8മണിക്ക് ശ്രീ കലാമണലം ശുചീന്ദ്രനാഥ്, ശ്രീ കലാമണ്ഡലം കാശീനാഥ് എന്നിവരുടെ തോടയത്തോടേ കഥകളി ആരംഭിച്ചു. തുടര്‍ന്ന് പുറപ്പാടും അവതരിപ്പിക്കപ്പെട്ടു. തോടയത്തിനും പുറപ്പാടിനും ശ്രീ കലാമണ്ഡലം മോഹനകൃഷ്ണനും കലാമണ്ഡലം ഹരീഷും ചേര്‍ന്ന് സംഗീതവും, ശ്രീ കലാമണ്ഡലം ഹരീഷും(ചെണ്ട) ശ്രീ കലാമണ്ഡലം രാജനും(മദ്ദളം) ചേര്‍ന്ന് മേളവും കൈകാര്യം ചെയ്തു.
.
നളചരിതം മൂന്നാംദിവസമായിരുന്നു ഈ ദിവസം ആദ്യമായി അവതരിപ്പിച്ച കഥ. നളനായിവേഷമിട്ടിരുന്ന ശ്രീ കലാമണ്ഡലം ബാലസുബ്രഹ്മണ്യം ശോകസ്ഥായിനിലനിര്‍ത്തികൊണ്ട്, ‘ലോകപാലന്മാരേ’ എന്ന ആദ്യപദം മനോഹരമായി അവതരിപ്പിച്ചു. തുടര്‍ന്നുള്ള ഭാഗങ്ങളും ഇദ്ദേഹം ഭംഗിയായിതന്നെ അവതരിപ്പിച്ചു.
ഇനി കാട്ടിലുള്ള ഫലമൂലാദികള്‍ ഭക്ഷിച്ച്, മരവുരി വസ്ത്രമായി ഉപയോഗിച്ച്, മരത്തണലില്‍ കഴിയാം എന്ന് തീരുമാനിക്കുന്ന നളനില്‍ പൂങ്കുലകള്‍ നിറഞ്ഞ വള്ളികളും, അവയില്‍ തട്ടിവരുന്ന കാറ്റും, കുയില്‍ നാദവും ഒക്കെ സുഖമുണര്‍ത്തുന്നു. തുടര്‍ന്ന് വണ്ടുകളുടെ മുരള്‍ച്ച കേട്ട് അടുത്ത് തടാകമുണ്ടെന്നു മനസ്സിലാക്കുന്ന നളന്‍, അവിടെ ചെന്ന് പൊയ്കയില്‍ നിന്നും ജലം കൈക്കുമ്പിളില്‍ കോരി കുടിക്കുവാനായി തുടങ്ങുന്നു. പെട്ടന്ന് ദമയന്തിയേ ഓര്‍ത്ത നളന്‍ ജലമുപേക്ഷിച്ച് അവിടെ നിന്നും പെട്ടന്ന് നിഷ്ക്രമിച്ചു. പിന്നീട് നളന്‍ കാട്ടിലെ മരക്കൊമ്പില്‍ ഇരിക്കുന്ന ഇണക്കുരുവികളെ കാണുന്നു. പെട്ടന്ന് ഒരു കഴുകന്‍ കിളികളെ റാഞ്ചാനായി മുകളില്‍ വട്ടമിട്ട് പറക്കുന്നതുകണ്ട് കുരുവികള്‍ ഭയചികിതരാകുന്നു. ഈ സമയത്ത് ഭക്ഷണസമ്പാദനാര്‍ത്ഥം അതുവഴി വന്ന ഒരു വനചരന്‍, കുരുവികളെ കണ്ട് അവയ്ക്കുനേരേ അസ്ത്രമയക്കാനൊരുങ്ങുന്നു. ഇങ്ങിനെ ആപത്തില്‍ പെട്ട കിളികളെ ആര് രക്ഷിക്കും എന്ന് നളന്‍ വ്യാകുലപ്പെടുന്നു. പെട്ടന്ന് ഇഴഞ്ഞുവന്ന ഒരു പാമ്പ് വേടനെ ദംശിക്കുകയും വേടന്‍ ബോദ്ധമറ്റ് വീഴുകയും ചെയ്യുന്നു. സര്‍പ്പദംശനത്തോടെ വേടന്‍ അയച്ച അസ്ത്രം ഉന്നം പിഴച്ച് മുകളില്‍ പറന്നിരുന്ന കഴുകന്റെ ദേഹത്ത് തറക്കുകയും, കഴുകനും നിലം‌പതിക്കുകയും ചെയ്യുന്നു. ആപത്തുകള്‍ അകന്നതുകണ്ട് കുരുവികള്‍ സന്തോഷിക്കുന്നു. സാധുക്കളായ കിളികളെ ആപത്തില്‍ നിന്നും കരകയറ്റിയ ഈശ്വരന്റെ കൃപകണ്ട് നളന്‍ അത്ഭുതപ്പെടുന്നു.ദൂരെകാനനത്തില്‍ വലുതായുള്ള പുകയും വെളിച്ചവും ഉയരുന്നതു കണ്ട് ശ്രദ്ധിക്കുന്ന നളന്‍ അത് കാട്ടുതീ പടരുന്നതാണെന്ന് മനസ്സിലാക്കുന്നു. പക്ഷിമൃഗാദികള്‍ ആ കാട്ടുതീയില്‍ പെട്ട് മരിക്കുന്നതായും കാണുന്നു. ആ കാട്ടുതീയുടെ ഉള്ളില്‍ നിന്നും ആരോ തന്റെ പേരുവിളിച്ച് കരയുന്നതായി തോന്നിയിട്ട്, അത് ആരാണെന്ന് അറിയുകതന്നെ എന്നുറച്ച് നളന്‍ ആഭാഗത്തേക്ക് നടക്കുന്നു.ഈ ഭാഗത്ത് ചെണ്ട കൈകാര്യം ചെയ്തിരുന്ന ശ്രീ കലാമണ്ഡലം കൃഷ്ണദാസ് വളരേ മോശം പ്രകടമാണ് കാഴ്ച്ചവെച്ചിരുന്നത്. ശ്രീ കലാമണ്ഡലം നാരായണന്‍ നായര്‍ ആയിരുന്നു മദ്ദളം കൊട്ടിയിരുന്നത്.
ശ്രീ കലാമണ്ഡലം ഹരി ആര്‍.നായരായിരുന്നു കാര്‍കോടകനായെത്തിയത്. രൂപം പഴയപടി മാറ്റണം എന്ന് ആഗ്രഹിക്കുമ്പോള്‍ ഉടുക്കുവാനാഉള്ള ദിവ്യമായ ഒരു വസ്ത്രം കൂടാതെ, അര്‍ദ്ധനഗ്നനായ ബാഹുകന് ഇപ്പോള്‍ ഉടുക്കുവാനി ഒരു വസ്ത്രം കൂടി കാര്‍കോടാകന്‍ നല്‍കുന്നതായി സാധാരണ ആടാറുണ്ട്. എന്നാല്‍ ഇവിടെ ഇങ്ങിനെ ആടികണ്ടില്ല.
.

ബാഹുകനായെത്തിയ ശ്രീ കലാ:ഗോപി നല്ലപ്രകടനം കാഴ്ച്ചവെച്ചു. കാര്‍കോടകനുമായി പിരിഞ്ഞശേഷമുള്ള ബാഹുകന്റെ ആട്ടം പ്രധാനമായും മൂന്ന് ഘട്ടങ്ങളായി തിരിക്കാം.
ആദ്യഘട്ടത്തില്‍ നളന്‍ തന്റെ ഇതുവരേയുള്ള കഥകളെ സ്മരിച്ച് സങ്കടപ്പെടുന്നു. വനമദ്ധ്യത്തില്‍ ആരോരും തുണയില്ലാതെ കിടക്കുന്ന ദമയന്തി ഉണര്‍ന്ന്, തന്നെ കാണാതെ വിഷമിക്കുന്നുണ്ടാകും എന്ന് ചിന്തിക്കുന്ന നളന്‍, വൃതശുദ്ധിയും ദൈവഭക്തിയുമുള്ള അവള്‍ക്ക് ആപത്തുന്നും പിണയില്ല എന്ന് ആശ്വസിച്ച്, സാകേതത്തിലേക്ക് യാത്രയാരംഭിക്കുന്നു.
യാത്രക്കിടയിലുള്ള കാനനക്കാഴച്ചകളാണ് അടുത്തഘട്ടമായി വരുന്നത്. തുമ്പിക്കൈകള്‍ ചേര്‍ത്തുപിടിച്ച് സഞ്ചരിക്കുന്ന ഇണയാനകളെ കണ്ട് ബാഹുകന്‍ പണ്ട് ദമയന്തിയുടെ കരംഗ്രഹിച്ചുകൊണ്ട് താന്‍ ഉദ്യാനത്തില്‍ സഞ്ചരിച്ച കാലത്തെ ഓര്‍ക്കുന്നു. പ്രശസ്തമായ ‘മാന്‍പ്രസവം’ എന്ന ആട്ടമാണ് പിന്നീട് ആടിയത്. ദൈവകൃപയാല്‍ ദുര്‍ഘടങ്ങളോഴിവായശേഷം പേടമാന്‍, പ്രസവിച്ച് ഉണ്ടായ രണ്ടു കുട്ടികളേയും നക്കിതുടക്കുന്നു. മാന്‍‌കുട്ടികള്‍തള്ളയുടെ മുലകുടിക്കുന്നു. ഈ കാഴ്ച്ചകണ്ട് ബാഹുകന്‍ വിചാരിക്കുന്നു-“മാതാവും കുട്ടികളും തമ്മിലുള്ള മമതാബന്ധം എത്ര മഹത്തരമാണ്. എനിക്കും ഉണ്ടല്ലോ രണ്ടുകുട്ടികള്‍. അവര്‍ ഈ സമയം അമ്മയേയും അച്ഛനേയും കാണാതെ വിഷമിക്കുന്നുണ്ടാകും. എന്നാണ് ഇനി എനിക്കവരെ കാണാനാവുക?”
മാന്‍‌കുട്ടികള്‍ ഉത്സാഹത്തോടെ മുലകുടിക്കുന്നതും തുള്ളികളിക്കുന്നതും, തള്ളമാന്‍ കുട്ടികളെ നക്കിതുടക്കുകയും ചുരത്തികൊടുക്കുന്നതും ആയ ഭാഗമാണ് ഗോപിയാശാന്റെ ‘മാന്‍പ്രസവം’ ആട്ടത്തിലെ ഏറ്റവും മനോഹരമായ ഭാഗങ്ങള്‍. എന്നാല്‍ ഇവിടെ ഈ ഭാഗം അദ്ദേഹം അത്രവിസ്തരിച്ച് ആടുകയുണ്ടായില്ല.
അന്ത്യഘട്ടത്തില്‍ ബാഹുകന്‍ സഞ്ചരിച്ച് കാടുവിട്ട് നാട്ടിലെത്തുന്നതും, വഴിപോക്കരായ ബ്രാഹ്മണരോട് ചോദിച്ച് വഴി മനസ്സിലാക്കി ഋതുപര്‍ണ്ണ സമീപമെത്തുന്നതുവരേയുള്ള കാഴച്ചകളുമാണ് ആടിയത്. സാകേതരാജധാനിയിലെ കൊടിമരം വളരേ ദൂരത്തുനിന്നും കണ്ട ബാഹുകന്, ആ കൊടിമരത്തിലെ കൊടിക്കൂറ അശരണരേയും ആലമ്പഹീനരേയും മാടിവിളിക്കുന്നതായി തോന്നുന്നു. ആ കൊടിക്കൂറയുടെ ലക്ഷണം കണ്ടാല്‍തന്നെ രാജാവ് യോഗ്യനാണെന്ന് മനസ്സിലാക്കാം എന്ന് ബാഹുകന്‍ വിചാരിക്കുന്നു. തുടര്‍ന്ന് വലുതായ ഗോപുരങ്ങള്‍ കടന്ന്, നഗരത്തിലെ വലിയമാളികള്‍ക്കിടയിലൂടെ, രാജപാതയില്‍ സച്ചരിച്ച് ബാഹുകന്‍ ഋതുപര്‍ണ്ണന്റെ കൊട്ടാര വാതില്‍ക്കല്‍ എത്തുന്നു. അവിടെ നില്‍ക്കുന്ന കാവല്‍ക്കാരോട് അനുവാദം വാങ്ങി അകത്തേക്കുകടക്കുന്ന ബാഹുകന്‍, ഉദ്യാനത്തില്‍ സ്ത്രീകളുടെ വാദ്യവായനയും ന്യത്താദികളും കണ്ട് ഒരു നിമിഷംതന്റെ ഉദ്യാനത്തില്‍ സുഖമായി ഇരുന്ന കാലത്തെ സ്മരിക്കുന്നു. ‘അങ്ങിനെ ഇരുന്ന ഞാന്‍ ഇന്ന് മറ്റൊരു രാജാവിനെ സേവിക്കേണ്ടതായ അവസ്ത വന്നല്ലൊ! ഏതായാലും ദമയന്തി, നിന്നേ സന്ധിക്കാനായി ഞാനിതു ചെയ്യാം.’ എന്നുറപ്പിച്ച് ബാഹുകന്‍ ഋതുപര്‍ണ്ണ സഭയിലേക്ക് പോകുന്നു.

ഈ ഭാഗതെ മേളം കലാ:ഉണ്ണികൃഷ്ണനും(ചെണ്ട) ശ്രീ കലാമണ്ഡലം നാരായണന്‍ നമ്പീശനും ചേര്‍ന്നും, തുടര്‍ന്നുള്ള ഭാഗത്ത് ശ്രീ കുറൂര്‍ വാസുദേവന്‍ നമ്പൂതിരിയും(ചെണ്ട) ശ്രീ കലാമണ്ഡലം വേണുവും(മദ്ദളം) ചേര്‍ന്നും നന്നായി കൈകാര്യം ചെയ്തിരുന്നു.
.

ഋതുപര്‍ണ്ണനായി ശ്രീ കലാമണ്ഡലം ഹരിനാരായണനും ജീവലനായി കലാ: അരുണ്‍‌വാര്യരും വാഷ്ണേയനായി കലാ: കാശീനാഥും വേഷമിട്ടു.


ശ്രീ വെള്ളിനേഴി ഹരിദാസ് ദമയന്തിയായും കലാ:എം.പി.എസ്സ്.നമ്പൂതിരി സുദേവനായും അരങ്ങിനെത്തി.

ഈ കഥയ്ക്ക് പൊന്നാനിപാടിയ ശ്രീ കലാനിലയം ഉണ്ണികൃഷ്ണനും മികച്ച പ്രകടമാണ് കാഴ്ച്ചവെയ്ച്ചത്. ശ്രീ പാലനാട് ദിവാകരന്‍ നമ്പൂതിരി, കലാ:ഹരീഷ് എന്നിവരായിരുന്നു മറ്റുഗായകര്‍.

ബാലിവധം ആയിരുന്നു രണ്ടാമതായി ഇവിടെ അവതരിപ്പിക്കപ്പെട്ട കഥ.
ബാലിവധം ആട്ടകഥയും അതിന്റെ അവതരണരീതികളും ഇവിടെ വായിക്കാം.
.
സുഗ്രീവന്റെ തിരനോക്കുമുതലുള്ള(പത്താം രംഗം) ഭാഗങ്ങളാണ് ഇവിടെ അവതരിപ്പിക്കുകയുണ്ടായത്. ശ്രീ കാവുങ്കല്‍ ദിവാകരനാണ് സുഗ്രീവവേഷം ചെയ്തത്. സുഗ്രീവന്റെ ഇരുന്നാട്ടത്തെ തുടര്‍ന്ന് താപസവേഷധാരികളായ രാമലക്ഷ്മണന്മാര്‍ വരുന്നതുകണ്ട് സുഗ്രീവന്‍ അവരുടെ വൃത്താന്തമറിഞ്ഞുവരുവാന്‍ ഹനൂമാനെ നിയോഗിക്കുന്നതായും, രാമലക്ഷ്മണന്മാരേ സമീപിച്ച് ഹനൂമാന്‍ അവരാരെന്നറിഞ്ഞ് സുഗ്രീവസമീപത്തേക്ക് കൂട്ടിക്കൊണ്ടുവന്നതായും, ബാലിയെ നിഗ്രഹിച്ച് രാജ്യം നല്‍കാമെന്ന് രാഘവനും, സീതയെ അന്യൂഷിച്ച് കണ്ടുപിടിച്ച് തരാമെന്ന് സുഗ്രീവനും സത്യം ചെയ്തതായും, ദുന്ദുഭിയുടെ കായവിക്ഷേപം ശ്രീരാമന്‍ ചെയ്തതായും ഒക്കെ സുഗ്രീവന്‍ ആട്ടത്തില്‍ അവതരിപ്പിച്ചു. ഇതിനാല്‍ തന്നെ പന്ത്രണ്ടാം രംഗത്തില്‍ രാമനും സുഗ്രീവനുമായുള്ള ആട്ടങ്ങള്‍ ഇല്ലാതെ നേരേ പദാഭിനയത്തിലേക്ക് കടക്കുകയും ആണ് ഉണ്ടായത്. ശ്രീ സദനം ഭാസിയായിരുന്നു ശ്രീരാമന്‍.

ശ്രീ കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താനാണ് ബാലിയായി രംഗത്തുവന്നത്. ബാലി സുഗ്രീവന്മാരുടെ യുദ്ധത്തിന്റെ ഭാഗമായുള്ള വാനരചേഷ്ടകള്‍ കാട്ടിയും അലറിയും മത്സരിക്കുന്നഭാഗം നിലത്തിരുന്നും, കാലുകൊണ്ട് ചുവടുകള്‍ വെച്ച് മത്സരിക്കുന്നഭാഗം നിലത്ത് കിടന്നും(ഈഭാഗത്തിന് പറയുന്നതുതന്നെ ‘കിടന്നുചവുട്ടല്‍’ എന്നാണ്), ആണ് ചെയ്യാറ്. എന്നാല്‍ ഇവിടെ ഈ ഭാഗങ്ങളെല്ലാം സ്റ്റൂളിനുമുകളില്‍ ഇരുന്നാണ് ചെയ്യുന്നതു കണ്ടത്. ബാലിയുടെ രാമനോടുള്ള പദത്തിന്റെ അഭിനയത്തില്‍ ആദ്യനാലുചരണങ്ങള്‍ക്കും കൃത്യമായി മുദ്രകാട്ടുകയും ‘ഒരുമൊഴി പറവാനും’ എന്നു തുടങ്ങുന്ന ചരണം മുതല്‍ ഏതാനം ചില മുദ്രകള്‍ മാത്രം കാട്ടുകയുമാണ് സാധാരണ പതിവ്. എന്നാല്‍ ഇവിടെ നേരേ മറിച്ചാണ് കണ്ടത്. താരയായി എത്തിയിരുന്നത് കലാ: അരുണ്‍‌വാര്യര്‍ ആയിരുന്നു. താര മുടിമുന്നോട്ടേക്ക് ഇട്ടിക്കുന്നതുകണ്ടു. ഇത് ശരിയെന്നു തോന്നിയില്ല
.

ഈ കഥക്ക് പാടിയിരുന്നത് ശ്രീ അത്തിപറ്റ രവിയും ശ്രീ കലാമണ്ഡലം രാജേഷ് മേനോനും ചേര്‍ന്നായിരുന്നു. കലാ:ഉണ്ണികൃഷ്ണന്‍, സദനം രാമകൃഷ്ണന്‍, കലാ:ഹരീഷ്, കലാമണ്ഡലം അനീഷ് എന്നിവരും(ചെണ്ട), കലാ: നാരായണന്‍ നായര്‍, സദനം ദേവദാസ്, കലാമണ്ഡലം അനന്ദകൃഷ്ണന്‍ എന്നിവരും(മദ്ദളം) ചേര്‍ന്നാണ് മേളമൊരുക്കിയത്.
.

തുടര്‍ന്നുതടന്ന ‘ശ്രീരാമ പട്ടാഭിഷേകം’ കഥയോടുകൂടി ‘തൃകാല’ത്തിന് ധനാശിപാടി.

ഈ ദിവസത്തെ ഉടുത്തുകെട്ടുകളെല്ലാംതന്നെ വളരെഭംഗിയായുള്ളതും മിതമായ രീതിയിലുള്ളവയും ആയിരുന്നു. മഞ്ജുതര, മാങ്ങോടിന്റെ ചമയങ്ങളുപയോഗിച്ച് അണിയറകൈകാര്യം ചെയ്തിരുന്നത് ശ്രീ അപ്പുണ്ണിതരകന്‍, ശ്രീ ബാലന്‍, ശ്രീ കുഞ്ചന്‍, ശ്രീ മുരളി, ശ്രീ കുട്ടന്‍ എന്നിവരായിരുന്നു. ശ്രീ കലാമണ്ഡലം ശിവരാമന്‍, ശ്രീ കലാമണ്ഡലം ബാലന്‍, ശ്രീ കലാമണ്ഡലം ശിവദാസന്‍, ശ്രീ കലാമണ്ഡലം സതീശന്‍, ശ്രീ കലാമണ്ഡലം നിഖില്‍ എന്നിവരായിരുന്നു ചുട്ടികലാകാരന്മാര്‍.

പന്നിക്കോട്ടരി വിഷ്ണുക്ഷേത്രത്തിലെ മണ്ഡല ഉത്സവം

മണ്ണാര്‍കാടിനടുത്തുള്ള പന്നിക്കോട്ടിരി മഹാവിഷ്ണുക്ഷേത്രത്തിലെ മണ്ഡലമഹോത്സവത്തിന്റെ ഭാഗമായി 23/12/08ന് കഥകളിനടന്നു. രാത്രി11:30ന് വിളക്കുവെച്ച കളിയില്‍ ‘രാവണോത്ഭവം’ കഥയാണ് അവതരിപ്പിക്കപ്പെട്ടത്.
.
.
ബ്രഹ്മാവില്‍നിന്നും വരംവാങ്ങി ഉഗ്രപതാപബലശാലിയായിതീര്‍ന്ന രാവണന്‍, താന്‍ ഇങ്ങിനെ ബ്രഹ്മാവിനെ തപസ്സുചെയ്യാനുണ്ടായ കാരണവും, തപസ്സുചെയ്ത വരംവാങ്ങിയ സംഭവവും, ഓര്‍ക്കുന്നതായി ആടുന്ന ആട്ടമാണ് ഇതിലെ സുപ്രധാനഭാഗം. പതിഞ്ഞ തൃപുടയില്‍ തുടങ്ങി ക്രമമായി കാലമുയര്‍ന്നുവരുന്നരീതിയില്‍ ചിട്ടപ്പെടുത്തിയിട്ടുള്ളതും മേളപ്രാധാന്യമുള്ളതുമായ ആട്ടമാണിത്. അത്യന്തം കളരിചിട്ടയിലുള്ള ഈ ഭാഗം അവതരിപ്പിക്കുവാനായി നടന് നല്ല കായികക്ഷമതയും കളരിയഭ്യാസവും ആശ്യമാണ്. ഇവിടെ രാവണനായി എത്തിയിരുന്ന ശ്രീ കലാമണ്ഡലം സോമന്‍ ഭംഗിയായിതന്നെ ഈ വേഷം അരങ്ങില്‍ അവതരിപ്പിച്ചിരുന്നു. ചിലഭാഗങ്ങളിലൊക്കെ അനുഭവം പോരാ എന്നുതോന്നിയിരുന്നു. എന്നാല്‍ അങ്ങിനെ തോന്നുവാന്‍ മേളവും ഒരു കാരണമായിരുന്നു. കഥകളിമേളത്തിന് സാധാരണയായി ചെണ്ടയും മദ്ദളവും ആണല്ലൊ ഉപയോഗിക്കുക. എന്നാല്‍ ഇവിടെ ഇവകളെകൂടാതെ രാവണന്റെ തപസ്സാട്ടം മുതല്‍(തൃപുട രണ്ടാംകാലം മുതല്‍) കൊമ്പ്, തിമില, മിഴാവ് എന്നീ വാദ്യങ്ങളും മേളത്തിന് ഉപയോഗിച്ചിരുന്നു. കുറച്ചുകൂടി ശബദബഹളം സൃഷ്ടിക്കാം എന്നല്ലാതെ ഇതുകൊണ്ട് കളിക്ക്, പ്രത്യേകിച്ച് നടന് എന്തെങ്കിലും പ്രയോജനമുള്ളതായി തോന്നിയില്ല. എന്നു മാത്രമല്ല ഇത്, ചെണ്ടയും മദ്ദളവും മുദ്രക്കുകൂടികൊണ്ട് ചെയ്യുന്ന മേളത്തിന് വിഘാതമാവുന്നതായും തോന്നി. ഈ സാഹചര്യത്തിലായതുകൊണ്ടായിരിക്കാം ശ്രീ കലാമണ്ഡലം ബലരാമന്റെ നേത്യത്വത്തിലുള്ള ചെണ്ടക്കാരുടെ മേളവും അത്ര ശോഭിച്ചുകണ്ടില്ല. ശ്രീ കലാമണ്ഡലം നാരായണന്‍ നായര്‍, ശ്രീ കലാമണലം ഹരികുമാര്‍ എന്നിവരായിരുന്നു മദ്ദളക്കാര്‍.
..

ഈ കളിക്ക് പൊന്നാനിപാടിയിരുന്ന ശ്രീ കലാമണ്ഡലം മോഹനകൃഷ്ണന് പദങ്ങള്‍ മനപാഠമല്ലായിരുന്നതിനാല്‍ നോക്കിയാണ് പാടിയിരുന്നത്. അങ്ങിനെ പാട്ടിന്റെ സ്തിതിയും പരിതാപകരമായി. മഞ്ചുതര, മാങ്ങോടാണ് ഈ കളിക്ക് കോപ്പും അണിയറയും കൈകാര്യംചെയ്തത്. അവശ്യത്തിലധികം ഉയര്‍ന്ന് പരന്നരീതിയിലായിരുന്നു സോമന്റെ വേഷം ഉടുത്തുകെട്ടിച്ചിരുന്നത്.
.


.
ചുരുക്കത്തില്‍ സോമന്‍ നന്നായിപ്രവര്‍ത്തിച്ചുവെങ്കിലും കളി മൊത്തത്തില്‍ മെച്ചമായില്ല.

ത്രികാലം (ഭാഗം 1)

പ്രശസ്ത കഥകളി ചെണ്ട കലാകാരന്‍ ശ്രീ കലാമണ്ഡലം ഉണ്ണികൃഷ്ണന് വീരശൃംഖല സമര്‍പ്പിക്കുന്നതിനോടനുബന്ധിച്ച്, അദ്ദേഹത്തിന്റെ ജന്മനാടായ പെരിന്തല്‍മണ്ണക്കടുത്തുള്ള കുളത്തൂരില്‍ ‘ത്രികാലം’ എന്നപേരില്‍ ഒരു കലോത്സവം സംഘടിപ്പിക്കപ്പെട്ടു. ഡിസബര്‍ 22,23,24 തീയതികളിലായി കുളത്തൂര്‍ നാഷണല്‍ എല്‍.പി.സ്ക്കൂളിലായിരുന്നു ഇത് നടന്നത്. അഷ്ടപദി, കേളി, കൊമ്പുപറ്റ്, കുഴല്‍പറ്റ്, പഞ്ചാരിമേളം, ചാക്യാര്‍കൂത്ത്, ഓട്ടന്‍‌തുള്ളല്‍, നങ്ങ്യാര്‍കൂത്ത്, കഥകളിമേളപ്പദം എന്നീ കലാപരിപാടികളും, കേരളീയ അടിസ്ഥാന താളങ്ങളായ ചെമ്പട, പഞ്ചാരി, അടന്ത, ചമ്പ, ത്രിപുട എന്നിവയുടെ വിളമ്പ, മദ്ധ്യ, ദ്രുത കാലങ്ങളേയും സോദാഹരിച്ചു കൊണ്ട് പ്രത്യേകം പ്രത്യേകമായി നടന്ന വിശകലന ചര്‍ച്ചകളും, ത്രിദിനങ്ങളിലായി നടന്ന ത്രികാലത്തെ ആസ്വാദ്യമാക്കി.
.
മൂന്ന് രാത്രികളിലും കഥകളിയും അരങ്ങേറിയിരുന്നു. ആദ്യദിവസം രാത്രി 10:30ന് കഥകളി ആരംഭിച്ചു. ‘രാജസൂയം’(വടക്കന്‍) ആയിരുന്നു അന്നത്തെ കഥ.
.
.
ഇന്ദ്രപ്രസ്ഥത്തില്‍ രാജസൂയം നടത്തുന്നതിന്റെ ഭാഗമായി പാണ്ഡവര്‍ ശത്രുരാജാക്കന്മാരേ നശിപ്പിക്കുവാന്‍ തീരുമാനിച്ചു. മഗഥരാജാവും ദുഷ്ടനുമായ ജരാസന്ധനെ വകവരുത്തുവാനായി ശ്രീകൃഷ്ണനിര്‍ദ്ദേശാനുസ്സരണം ഭീമാര്‍ജ്ജുനന്മാര്‍ ശ്രീകൃഷ്ണനോടോപ്പം ബ്രാഹ്മണവേഷധാരികളായി ജരാസന്ധസമീപം എത്തുന്നു. അവരെ സ്വീകരിക്കുന്ന, സ്വതേ ബ്രാഹ്മണരെ ബഹുമാനിക്കുന്നവനായ മഗഥരാജനോട് ബ്രാഹ്മണര്‍ ദ്വന്ദയുദ്ധം ദാനമായി ചോദിക്കുന്നു. ദാനം നല്‍കാമെന്നുറപ്പുപറഞ്ഞ ശേഷം ജരാസന്ധന്‍ ബ്രാഹ്മണവേഷധാരികളോട് യധാര്‍ത്ഥത്തില്‍ നിങ്ങള്‍ ആരെന്ന് വെളിപ്പെടുത്താനാവിശ്യപ്പെടുന്നു. കൃഷണന്‍ യാധാര്‍ത്ഥ്യം വെളിപ്പെടുത്തുമ്പോള്‍ ജരാസന്ധന്‍, കോമളശരീരികളായ കൃഷ്ണാര്‍ജ്ജുനന്മാര്‍ തനീക്ക് എതിരാളികളല്ലായെന്നും വായുപുത്രനുമായി യുദ്ധം ചെയ്യാമെന്നും ഉറപ്പിക്കുന്നു. തുടര്‍ന്നു നടക്കുന്ന ഘോരയുദ്ധത്തിന്റെ അന്ത്യത്തില്‍ കൃഷ്ണനിര്‍ദ്ദേശാനുസ്സരണം ഭീമന്‍, ജരാസന്ധനെ ഉടല്‍ രണ്ടായി കീറി തിരിച്ചിട്ട് കൊല്ലുന്നു. ഇതാണ് രാജസൂയം ആദ്യഭാഗത്തെ കഥ. സ്വതേ കൃഷ്ണവിരോധിയായ ശിശുപാലന്‍ തന്റെ സുഹൃത്തായ ജരാസന്ധന്റെ മരണം കൂടി കേട്ട് വര്‍ദ്ധിച്ച ദേഷ്യത്തോടെ പാണ്ഡവരാല്‍ നടത്തപ്പെടുന്ന യാഗശാലയിലേക്കെത്തുന്നു. അവിടെ ധര്‍മ്മപുത്രര്‍ ശ്രീകൃഷ്ണനെ അഗ്രപൂജക്കിരുത്തി കാല്‍കഴുകിക്കുന്നതുകണ്ട് ക്രുദ്ധനായ ശിശുപാലന്‍ കൃഷ്ണനെ പൂര്‍വ്വകഥകള്‍ പറഞ്ഞ് പരിഹസിക്കുന്നു. തുടര്‍ന്ന് യാഗഭംഗം വരുത്താന്‍ തുനിയുന്ന ശിശുപാലനെ അര്‍ജ്ജുനന്‍ തടുക്കുന്നു. ശ്രീകൃഷ്ണന്‍ തന്റെ ചക്രായുധത്താല്‍ ശിശുപാലന് മോക്ഷം നല്‍കുന്നതോടെ കഥ പൂണ്ണമാകുന്നു.
.

.
ശ്രീ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി ജരാസന്ധനെ നന്നായി അവതരിപ്പിച്ചു. എന്നാല്‍ ഇദ്ദേഹത്തില്‍ സ്വതേ കാണുന്ന അരങ്ങില്‍ ആടിനിറയ്ക്കുന്ന സ്വഭാവം ഇവിടെയും കണ്ടു. ജരാസന്ധന്റെ തന്റേടാട്ടത്തില്‍ ജരാസന്ധന്റെ പൂര്‍വ്വകഥയും, ഗോപുരദ്വാരത്തില്‍ വെച്ചിരിക്കുന്ന മൂന്ന് പെരുമ്പറകളുടെ കഥയും, ബ്രാഹ്മണരോടായി ‘നിങ്ങള്‍ എന്റെ ഭൃത്യരെ ഭയപ്പെട്ടതെന്തിന്? എന്റെ ഭൃത്യര്‍ വിഷ്ണുവിന്റെ കാവല്‍ക്കാരേപോലെ വിവരമില്ലാത്തവരല്ല‘ എന്നു പറഞ്ഞുകൊണ്ട് വിഷ്ണുഭൃത്യരായ ജയവിജയന്മാര്‍ക്ക് സ്പ്തര്‍ഷികളില്‍ നിന്നും ശാപമേറ്റ കഥയും, ബ്രാഹ്മണന്‍ ദാനം ആവശ്യപ്പെടുന്നവേളയില്‍ പണ്ട് ബ്രാഹ്മണന് ദാനംചെയ്യാമെന്ന് സത്യം ചെയ്‌ത് അബദ്ധം പിണഞ്ഞ മഹാബലിയുടെ കഥയും, ഇദ്ദേഹം സവിസ്തരം ആടുകയുണ്ടായി. ഇങ്ങനെ അദ്യംതന്നെ ധാരാളം ആടിയതിനാലുള്ള ക്ഷീണം നിമിത്തമാണെന്നുതോന്നുന്നു ഇദ്ദേഹം അന്ത്യത്തിലെ യുദ്ധവട്ടവും മറ്റും വളരെ വേഗത്തില്‍ കഴിക്കുന്നതായാണ് കണ്ടത്.
.
ശ്രീ വെള്ളിനേഴി ഹരിദാസന്‍, ശ്രി കലാമണ്ഡലം ഹരി.ആര്‍. നായര്‍, ശ്രീ കലാമണ്ഡലം വൈശാഖ് എന്നിവര്‍ ബ്രാഹ്മണരായി വേഷമിട്ടു. ഭീമന്‍, ധര്‍മ്മപുത്രര്‍ എന്നീ വേഷങ്ങളിലെത്തിയ ശ്രീ സദനം ഭാസി നല്ല പ്രകടനം കാഴ്ച്ചവെയ്ച്ചു. എന്നാല്‍ കൃഷ്ണന്‍, അര്‍ജ്ജുനന്‍, തുടങ്ങിയ വേഷങ്ങള്‍ കൈകാര്യം ചെയ്ത കലാമണ്ഡലം വിദ്യാര്‍ത്ഥികളുടെ പ്രവൃത്തികണ്ടിട്ട് അവര്‍ ഇതിനുമുന്‍പ് ഈ കഥ അവതരിപ്പിച്ചു കണ്ടിട്ടുപോലും ഇല്ല എന്നുതോന്നി. രംഗത്ത് ചെന്നാല്‍ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് ഇവര്‍ മനസ്സിലാക്കികൊണ്ടുപോന്നില്ല എന്നത് കുട്ടികളുടെ പിഴവ്. എന്നാല്‍ ഇതൊന്നും പറഞ്ഞുകൊടുക്കാതെ ഇവരെ വേഷംകെട്ടിച്ച് അരങ്ങിലേക്കയച്ച ആശാന്മാരുടെ പിഴവാണ് അതിലും വലുതെന്നുതോന്നുന്നു.
.
ആദ്യഭാഗത്തില്‍ ചെണ്ട കൈകാര്യംചെയ്തിരുന്നത് ശ്രീ കലാനിലയം കുഞ്ചുണ്ണി, കലാമണ്ഡലം ശിവദാസന്‍, കലാമണ്ഡലം ബാലസുന്ദരന്‍ എന്നിവരായിരുന്നു. പരസ്പരം ഒരുചേര്‍ച്ചയുമില്ലാതെ കൊട്ടിയിരുന്ന ഇവര്‍ മുദ്രക്കുകൂടുന്നതോ പോകട്ടെ കലാശങ്ങള്‍ക്കുപോലും ശരിയായി കൊട്ടിയിരുന്നില്ല. ശ്രീ കലാമണ്ഡലം രാമന്‍‌കുട്ടി, ശ്രീ കലാമണ്ഡലം ഹരിദാസന്‍ എന്നിവരായിരുന്നു മദ്ദളത്തിന്.
.
.
ശ്രീ പത്മഭൂഷണ്‍ കലാമണ്ഡലം രാമന്‍‌കുട്ടിനായരാണ് ശിശുപാലവേഷമിട്ടത്. തന്റെ വാര്‍ദ്ധ്യക്യകാലത്തിന്റെ അവശതകളിലും അദ്ദേഹം ആത്മാര്‍ത്ഥമായ പ്രകടനമാണ് അരങ്ങില്‍ കാഴ്ച്ചവെച്ചത്. ശിശുപാലന്റെ ഇരുന്നാട്ടം ഇവിടെ ആടിയില്ല. രാമന്‍‌കുട്ടിനായരാശാന്റെ സമ്പൃദായത്തില്‍ ഇത് പതിവുമില്ലല്ലോ. പതിവുപോലെ ഹസ്തിനപുരിയിലെ യാഗശാലയിലെത്തിയ ശിശുപാലന്‍, യാഗശാല കണ്ട്, ഉള്ളില്‍ പ്രവേശിക്കുന്നതും. ശ്രീകൃഷ്ണനെ അഗ്രപൂജക്കിരുത്തിയിരിക്കുന്നതു കണ്ട്, കൃഷ്ണനെ കളിയാക്കുകയും ചെയ്യുന്ന ആട്ടങ്ങളാണ് ഇദ്ദേഹം ചെയ്തത്.
.
.
ശ്രീ കലാമണ്ഡലം ഉണ്ണികൃഷ്ണനും(ചെണ്ട), ശ്രീ കോട്ടക്കല്‍ രവിയും ചേര്‍ന്ന് ഈ ഭാഗത്തെ മേളം ഭംഗിയായി കൈകാര്യം ചെയ്തിരുന്നു.
.
ഈ കളിക്ക് ശ്രീ കലാമണ്ഡലം മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരി, ശ്രീ കലാമണ്ഡലം മോഹനകൃഷ്ണന്‍, ശ്രീ സദനം ശ്യാമളന്‍ എന്നിവരായിരുന്നു പാടിയിരുന്നത്. ശ്രീ കലാമണ്ഡലം ശിവരാമന്‍, ശ്രീ കലാമണ്ഡലം ശിവദാസന്‍ എന്നിവരായിരുന്നു ചുട്ടിക്ക്. മഞ്ജുതര, മാങ്ങോടിന്റെ ചമയങ്ങളുപയോഗിച്ച് അണിയറകൈകാര്യം ചെയ്തിരുന്നത് ശ്രീ അപ്പുണ്ണിതരകന്‍, ശ്രീ ബാലന്‍, ശ്രീ കുഞ്ചന്‍, ശ്രീ മുരളി, ശ്രീ കുട്ടന്‍ എന്നിവരായിരുന്നു.

സന്ദര്‍ശ്ശന്‍ കഥകളിവിദ്യാലയതിന്റെ മാസപരിപാടി

സന്ദര്‍ശ്ശന്‍ കഥകളിവിദ്യാലയതിന്റെ ഈമാസത്തെ കഥകളി പരിപാടി 20/12/08ന് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്ര നാടകശാലയില്‍ നടന്നു. വൈകിട്ട് 6:30ന് കളിക്ക് വിളക്കുവെച്ചു. തുടര്‍ന്ന് കോട്ടയത്തുതമ്പുരാന്‍ രചിച്ച ‘കല്യാണസൌഗന്ധികം’ കഥ അവതരിപ്പിക്കപ്പെട്ടു.
.
കല്യാണസൌഗന്ധികം ആട്ടകഥയും അതിന്റെ അവതരണരീതികളും ഇവിടെ വായിക്കാം.
.
ഭീമനായി അഭിനയിച്ചത് ശ്രീ കലാമണ്ഡലം മുകുന്ദനായിരുന്നു. ‘പാഞ്ചാലരാജതനയേ’ എന്ന ശൃഗാര പദം ഇദ്ദേഹം ഭംഗിയായി അവതരിപ്പിച്ചുവെങ്കിലും ‘മാഞ്ചേല്‍ മിഴിയാളെ’, “വഴിയില്‍ നിന്നു പോക“ എന്നീ പദങ്ങളുടെ അഭിനയം അത്ര അനുഭവവത്തായില്ല. രസാഭിനയത്തിലും പോരായ്ക തോന്നി.
.
പാഞ്ചാലിയായെത്തിയ ശ്രീ കലാമണ്ഡലം അനില്‍ കുമാറിന് വേഷഭംഗി കുറവായി തോന്നി.
.
സൌഗന്ധികപുഷ്പങ്ങള്‍ തേടി പുറപ്പെടുന്ന ഭീമനോട് ‘വഴിയില്‍ ശത്രുക്കള്‍ നേരിട്ടാലൊ?’ എന്ന് പാഞ്ചാലിചോദിച്ചപ്പോള്‍, ഭീമന്‍ ഇങ്ങിനെ മറുപടി പറഞ്ഞു. ‘കഷ്ടം! ലോകവിശ്രുതമായ കരബലമുള്ള എന്നെ എതിരിട്ടുജയിക്കുവാന്‍ ആര്‍ക്കുമാവില്ലെന്ന് ഭവതിക്ക് അറിയില്ലെ? പിന്നെ, വളരേ ശത്രുക്കളുടെ ശരീരം ഇടിച്ചുതകര്‍ത്തിട്ടുള്ള ഈ ഗദ എനിക്ക് സഹായമായും ഉണ്ട്.’
.
ഗന്ധമാദനപര്‍വ്വതത്തേയും വനത്തേയും വര്‍ണ്ണിക്കുന്ന ആട്ടങ്ങളും മുകുന്ദന്‍ നന്നായി അവതരിപ്പിച്ചു. എന്നാല്‍ അജഗരകബളിതം ആട്ടം അവതരിപ്പിക്കുകയുണ്ടായില്ല.
.
ഹനുമാനായെത്തിയ ശ്രീ കലാമണ്ഡലം ഷണ്മുഖനില്‍ കെട്ടിപഴക്കമില്ലായ്മമൂലമുള്ള പലപോരായ്കകളും കണ്ടിരുന്നുവെങ്കിലും ഇദ്ദേഹത്തിന്റെ ചൊല്ലിയാട്ടവും ആട്ടങ്ങളും മികവുപുലര്‍ത്തിയിരുന്നു.
വൃദ്ധവാനരനായി കിടക്കുന്ന ഹനുമാനും ഭീമനുമായി സംവദിക്കുന്ന ചരണങ്ങള്‍ ഇവിടെ അവതരിപ്പിച്ചുകണ്ടില്ല. ഇതിനു മുന്‍പായുള്ള ഇടശ്ലോകവും പാടിയില്ല. ‘വഴിയില്‍ നിന്നു പോക’ എന്ന പദത്തിന്റെ അഭിനയം കഴിഞ്ഞ് ‘നോക്കിക്കോ’ എന്നുകാട്ടി നാലാമിരട്ടിയെടുത്ത് കലാശിച്ച് ഭീമന്‍ ഗദയാല്‍ ഹനുമാന്റെ വാലില്‍ കുത്തുന്നതായാണ് കണ്ടത്.
.
ഭീമന്‍ നിലം‌പതിച്ചതു കണ്ട ഹനുമാന്‍ ഉടനെ വാത്സല്യപാരവശ്യത്തോടെ പീഠത്തില്‍ നിന്നും താഴെയിറങ്ങി. എന്നാല്‍ ഇവിടെ തന്റെ ശരീരം പൂര്‍വ്വസ്ഥിതിയിലാക്കുന്നതായി കണ്ടില്ല.
.
സൌഗന്ധികങ്ങള്‍ നില്‍ക്കുന്ന സ്ഥലം മനസ്സിലാക്കി പുറപ്പെടുന്ന ഭീമനോട്, ‘അങ്ങിനെ പെട്ടന്ന് ചെന്ന് പൂക്കള്‍ പറിക്കാനാവില്ല. ഉദ്യാനകാവല്‍ക്കാരായി അവിടെ ധാരാളം രാക്ഷസാദികള്‍ ഉണ്ട്.’ എന്ന് പറഞ്ഞു. ‘അതിന് എനിക്ക് എന്ത്? അവരെയെല്ലാം ജയിക്കാനുള്ള കൈക്കരുത്ത് എനിക്കുണ്ടല്ലൊ?’ എന്ന് ഭീമന്‍ ചോദിച്ചു. അപ്പോള്‍ ഹനുമാന്‍, ‘രാക്ഷസര്‍ മായാവിദ്യക്കാരാണ്, കൈക്കരുത്തുമാത്രം കൊണ്ട് അവരെ ജയിക്കുവാനാവില്ല. അതിനായി ഞാന്‍ ഒരു മന്ത്രം ഉപദേശിച്ചുതരാം’ എന്നു പറഞ്ഞ് ഭീമന് ഒരു മന്ത്രം ഉപദേശിച്ച് യാത്രയാക്കി.
.
ഈ കളിക്ക് ശ്രീ കലാമണ്ഡലം ജയപ്രകാശും കലാനിലയം ബാബുവും ചേര്‍ന്നായിരുന്നു പാട്ട്. ‘വാചം ശൃണു മേ’(നാട്ടക്കുറിഞ്ഞി), ‘ബാലതകൊണ്ടു ഞാന്‍’(പന്തുവരാളി) എന്നീ പദങ്ങള്‍ ഇവര്‍ നന്നായി ആലപിച്ചിരുന്നുവെങ്കിലും ‘മാഞ്ചേല്‍ മിഴിയാളെ’, ‘വഴിയില്‍ നിന്നുപോക’ തുടങ്ങിയ പദങ്ങള്‍ അത്ര ശോഭിച്ചില്ല.
ഹനുമാന്റെ ‘ജലജവിലോചനയായ’ എന്നു തുടങ്ങുന്ന നാലാം ചരണത്തിന്റെ അന്ത്യത്തില്‍ ‘ജ്വലനാല്‍ സംഹരിച്ചതും ഞാന്‍’ എന്ന് മുദ്രകാണിച്ച് തീരുന്നതിനുമുന്‍പുതന്നെ ജയപ്രകാശ് പാട്ട് അവസാനിപ്പിച്ച് കലാശത്തിന് വട്ടം തട്ടുന്നതു കണ്ടു.
.
മേളം കൈകാര്യംചെയ്ത ശ്രീ കലാനിലയം രതീഷും(ചെണ്ട), ശ്രീ കലാമണ്ഡലം അച്ചുതവാര്യരും(മദ്ദളം) ശരാശരി നിലവാരം പുലര്‍ത്തിയിരുന്നു.

.
ശ്രീ മാര്‍ഗ്ഗി ശ്രീകുമാര്‍ ചുട്ടികുത്തിയ ഈ കളിക്ക് സന്ദര്‍ശ്ശന്റെ ചമയങ്ങള്‍ ഉപയോഗിച്ച് അണിയറകൈകാര്യം ചെയ്തത് ശ്രീ കുമാരനും സംഘവുമായിരുന്നു.

തൃപ്പൂണിത്തുറ ശ്രീപൂര്‍ണ്ണത്രയീശക്ഷേത്ര വൃശ്ചികോത്സവം (ഭാഗം 4)

തൃപ്പൂണിത്തുറ ശ്രീപൂര്‍ണ്ണത്രയീശക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന്റെ ആറാംദിവസമായ 01/12/08ന് രാത്രി 12മണിമുതല്‍ കഥകളി ആരംഭിച്ചു. അന്ന് ആദ്യം അവതരിപ്പിക്കപ്പെട്ട കഥ കീചകവധം ആയിരുന്നു. ഇതില്‍ കീചകന്റെ പുറപ്പാട് മുതലുള്ള ഭാഗമാണ് അവതരിപ്പിക്കപ്പെട്ടത്. കീചകവേഷമിട്ട ശ്രീ കോട്ടക്കല്‍ ചന്ദ്രശേഖരവാര്യര്‍ നല്ല പ്രകടനം കാഴ്ച്ചവെച്ചു. വാര്യരുടെ പദാഭിനയവും ആട്ടങ്ങളും മനോഹരമായിരുന്നു. സൈരന്ധ്രിയുടെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ‘ഇവളുടെ കിളിമൊഴികേട്ടിട്ട് കുയിലുകള്‍ കൂജനം നിര്‍ത്തി നിശബ്ദരായിരിക്കുന്നു’ എന്നും, മാലിനിയെ പെട്ടന്ന് കാണാതായപ്പോള്‍ ‘കിളിമൊഴികള്‍ മൊഴിഞ്ഞിട്ട് അവള്‍ പറന്നുപോയോ‘ എന്നും, ‘ഹരിണാക്ഷി’ പദാഭിനയത്തിനു ശേഷം ‘നീ സോദരിയുടെ ദാസിവൃത്തികള്‍ ചെയ്ത് ഈവിധം അല്ലല്‍ തേടീടാതെ എന്റെ വല്ലഭയായ് വാണാലും’ എന്നും, മാലിനി തനിക്ക് ഒരു വിധത്തിലും വഴങ്ങുന്നില്ലാ എന്നു കണുമ്പോള്‍ ബ്രഹ്മദേവനോടായി ‘അല്ലയോ ബ്രഹ്മദേവാ, ഇവളുടെ കണ്ണുകള്‍ താമരയിതളുകളാലും ചുണ്ടുകള്‍ തളിരുകളാലും പല്ലുകള്‍ മുല്ലപ്പൂമൊട്ടുകളാലും ഒക്കെ നിര്‍മ്മിച്ചു, എന്നാല്‍ ഹൃദയം മാത്രം കല്ലുകൊണ്ടാണല്ലൊ നിര്‍മ്മിച്ചത്?’ എന്നുമൊക്കെയുള്ള ആട്ടങ്ങള്‍ മനോഹരമായിത്തന്നെ ഇവിടെ വാര്യര്‍ അവതരിപ്പിച്ചിരുന്നു.
എന്നാല്‍ സൈരന്ധ്രിയായെത്തിയ ശ്രീ ആര്‍.എല്‍.വി.രാധാകൃഷ്ണന്‍ പതിവുപോലെ ശിവരാമനെ അനുകരിച്ചുകൊണ്ടുള്ള അഭിനയമാണ് കാട്ടിയിരുന്നത്. കീചകന്റെ പദങ്ങള്‍ക്കിടയിലും മറ്റും അധികമായ ആട്ടങ്ങളേക്കൊണ്ടും,നാടകഛായയിലുള്ള അഭിനയങ്ങളെക്കൊണ്ടും രാധാകൃഷ്ണന്റെ സൈരന്ധ്രിചില ഭാഗങ്ങളില്‍ അസഹ്യമായെന്നു പറയാതെ വയ്യ. കീചകനെ കൊല്ലാനായി ഞെക്കി ശ്വാസം മുട്ടിചാല്‍ മതി എന്ന് സൈരന്ധ്രി വലലനോട് പറയുന്നതായി കണ്ടു! വഴിപോലെ ഞാന്‍ ചെയ്തുകൊള്ളാം എന്ന് വലലന്‍ മറുപടിയും പറഞ്ഞു. വലലനായെത്തിയത് ശ്രീ ആര്‍.എല്‍.വി.സുനിലും സുദേഷണയായി വേഷമിട്ടിരുന്നത് കുമാരി സുകന്യ ഹരിദാസും ആയിരുന്നു.

ശ്രീ കലാനിലയം ഉണ്ണികൃഷ്ണനും ശ്രീ നെടുമ്പുള്ളി രാമമോഹനനും ചേര്‍ന്നുള്ള സംഗീതവും ശ്രീ കലാമണ്ഡലം ഉണ്ണികൃഷ്ണന്റെ ചെണ്ടയും മികച്ചുനിന്നു. ആദ്യരംഗങ്ങളില്‍ മദ്ദളം വായിച്ച ശ്രീ കലാമണ്ഡലം ശങ്കരവാര്യരും നല്ലപ്രകടനം കാഴ്ച്ചവെച്ചിരുന്നു. തുടര്‍ന്ന് മദ്ദളം കൈകാര്യം ചെയ്തത് ശ്രീ കോട്ടക്കല്‍ രാധാകൃഷ്ണന്‍ ആയിരുന്നു.

ലവണാസുരവധം കഥയായിരുന്നു രണ്ടാമതായി അവതരിപ്പിക്കപ്പെട്ടിരുന്നത്. രാമനാല്‍ ഉപേക്ഷിക്കപ്പെട്ട സീത വാത്മീകിമഹര്‍ഷിയുടെ ആശ്രമത്തില്‍ പുത്രരോടോന്നിച്ച് വസിക്കുമ്പോള്‍, പുത്രരായ ലവനും കുശനും ഒരു ദിവസം സീതയെ സമീപിച്ച് ഇന്ന് തങ്ങള്‍ക്ക് അനദ്ധ്യായമാണെന്നും, അതിനാല്‍ വനത്തില്‍ പോയി കാഴ്ച്ചകള്‍ കണ്ട്, ക്രീഡിച്ച് വരുവാന്‍ അനുവദിക്കണമെന്നും അപേക്ഷിക്കുന്നു. സീതയുടെ അനുമതിയോടെ ലവകുശന്മാര്‍ കാട്ടിലേക്ക് ഗമിക്കുന്നു. കാട്ടില്‍ വെച്ച് ഒരു കുതിരയെ കാണുന്ന അവര്‍ അതിനെ പിടിച്ച് കെട്ടുന്നു. ആ അശ്വം ശ്രീരാമന്‍ വിട്ട യാഗാശ്വം ആയിരുന്നു. അതിനെ അനുഗമിച്ചു വരുന്ന ശത്രുഘ്നന്‍ ബാലരെ നേരിടുന്നു. എന്നാല്‍ രണത്തില്‍ ശത്രുഘ്നന്‍ പരാജയപ്പെടുന്നു. തുടര്‍ന്ന് അശ്വത്തിനെ മോചിപ്പിക്കുവാനായി ശ്രീരാമനിര്‍ദ്ദേശാനുസ്സരണം ശ്രീഹനൂമാന്‍ ആഗതനാകുന്നു. താന്‍ ശ്രീ ഹനൂമാനാണെന്ന് മനസ്സിലായിട്ടും വീരതയോടെ പൊരുതുന്ന കുമാരന്മാര്‍ രാമപുത്രര്‍ തന്നെയെന്ന് അദ്ദേഹം മനസ്സിലാക്കുന്നു. യുദ്ധാന്ത്യത്തില്‍ ബന്ധിതനായ ഹനുമാനെ ലവകുശന്മാര്‍ അമ്മയുടെ മുന്‍പില്‍ എത്തിക്കുന്നു. ബന്ധിതനായ ശ്രീ ഹനൂമാനെ കണ്ട് സീത, ഇദ്ദേഹം തനിക്ക് ജനകതുല്യനാണെന്നും, ഹനുമാന്‍ വന്ദനീയനാണെന്നും പറഞ്ഞുകൊടുത്ത് ലവകുശരെക്കൊണ്ട് ബന്ധനം മോചിപ്പിക്കുന്നു. വളരേനാളുകള്‍ക്ക് ശേഷം സീതാദര്‍ശ്ശനം ലഭിച്ച ഹനുമാന്‍ ദേവിയെ വണങ്ങി വൃത്താന്തങ്ങള്‍ അറിയിക്കുന്നു. ശ്രീരാമന്‍ യാഗം നടത്തുന്നു എന്നു കേട്ട സീത, ‘രാജാവ് പത്നിയില്ലാതെ എങ്ങിനെയാണ് യാഗത്തിനിരിക്കുക?’ എന്ന് ഹനുമാനോട് സംശയം പ്രകടിപ്പിക്കുന്നു. ‘സീതാദേവീ, അങ്ങേക്ക് പകരമായി സ്വര്‍ണ്ണംകൊണ്ട് അവിടുത്തെ രൂപം നിര്‍മ്മിച്ച് വാമഭാഗത്ത് വെയ്ച്ചുകൊണ്ടാണ് ശ്രീരാമസ്വാമി യാഗകര്‍മ്മങ്ങള്‍ ചെയ്യുന്നത്‘ എന്ന് ഹനുമാന്‍ മറുപടി നല്‍കുന്നു.അനന്തരം സീതാനിര്‍ദ്ദേശാനുസ്സരണം ലവകുശന്മാര്‍ യാഗാശ്വത്തെ ഹനുമാനുവിട്ടുകൊടുക്കുന്നു. അതുമായി ഹനുമാന്‍ യാത്രയാവുന്നു. ലവണാസുരവധം കഥയിലെ ഈ കഥാഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന രംഗങ്ങളാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടത്.
സീതയായി വേഷമിട്ട ശ്രീ കലാമണ്ഡലം വിജയന്‍ തരക്കേടില്ലാത്ത പ്രകടനം കാഴ്ച്ചവെച്ചിരുന്നു. എന്നാല്‍ അന്ത്യരംഗത്തിലെ ഭാവാഭിനയത്തിലും മുദ്രാഭിനയത്തിലും ചില പോരായ്കകള്‍ പ്രകടമായിരുന്നു. ശ്രീ കലാമണ്ഡലം രാധാകൃഷ്ണന്‍ കുശനായും ശ്രീ ആര്‍.എല്‍.വി.പ്രമോദ് ലവനായും അരങ്ങിലെത്തി. ഇരുവരിലും പരിചയക്കുറവ് തോന്നിച്ചിരുന്നെങ്കിലും നല്ല പ്രകടനമാണ് ഇവര്‍ കാഴ്ച്ചവെച്ചിരുന്നത്. ശ്രീ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിയായിരുന്നു ഹനുമാന്‍. ഇദ്ദേഹം ഹനുമാന്റെ ഭക്തിഭാവത്തെ പ്രകടമാക്കിക്കൊണ്ട് നന്നായിത്തന്നെ തന്റെ വേഷം കൈകാര്യംചെയ്തു.
ഈ കഥയില്‍ ആദ്യ രംഗത്തില്‍ കലാനിലയം ഉണ്ണികൃഷ്ണണനും നെടുമ്പുള്ളി രാമമോഹനനും ചേര്‍ന്നും, തുടര്‍ന്ന് രാമമോഹനും ശ്രീ കലാമണ്ഡലം സുധീഷും ചേര്‍ന്നും നല്ലരീതിയില്‍ സംഗീതമൊരുക്കി. രാമമോഹനില്‍ കാണുന്ന ഒരു ഗുണം, ഇദ്ദേഹം പാടുന്നനേരമൊക്കെയും നടനില്‍ തന്നെ ശ്രദ്ധിച്ചുനിന്നുകൊണ്ടാണ് പാടുക. ഇതിനാല്‍തന്നെ നടന്റെ രംഗക്രിയകള്‍ക്ക് അനുഗുണമായി പാടാനും അദ്ദേഹത്തിനു സാധിക്കുന്നുണ്ട്. ഇങ്ങിനെ കളികണ്ട്-ആസ്വദിച്ചുകൊണ്ട് പാടുക എന്ന സമ്പൃദായം ഇന്നത്തെ ഭൂരിഭാഗം ഗായകരിലും കാണാറില്ല. തന്റെ സംഗീതത്തില്‍ മാത്രം അഭിരമിച്ചുകൊണ്ട്, താളംപോലും മുഴുവനായിപിടിക്കാതെ കൈകള്‍കൊണ്ട് ഗോഷ്ടികള്‍ കാട്ടി പാടുന്നവരാണ് ഇന്ന് അധികവും.

ശ്രീ സദനം രാജേഷ്, ശ്രീ ഗോപീകൃഷ്ണന്‍ തമ്പുരാന്‍ എന്നിവരായിരുന്നു ചെണ്ടയ്ക്ക്.
ആദ്യരംഗങ്ങളില്‍ മദ്ദളം വായിച്ച ശ്രീ കലാനിലയം മനോജ് നല്ല പ്രകടനമാണ് കാഴ്ച്ചവെച്ചിരുന്നത്. എന്നാല്‍ തുടര്‍ന്ന് മദ്ദളം കൊട്ടിയ കോട്ട: രാധാകൃഷ്ണന്‍ കൈയ്ക്കുകൂടുവാന്‍ ശ്രമിക്കാതെ പാട്ടിന് പക്കം വായിക്കുന്നരീതിയില്‍ മാത്രം കൊട്ടുന്നതായാണ് കണ്ടത്.
ഈ കളിക്ക് ചുട്ടികുത്തിയിരുന്നത് ശ്രീ കലാമണ്ഡലം സതീശന്‍ നമ്പൂതിരിയും ശ്രീ സദനം അനിലും ചേര്‍ന്നായിരുന്നു.

പതിവുപോലെ ഈ ദിവസവും തൃപ്പൂണിത്തുറ കഥകളികേന്ദ്രത്തിന്റെ കോപ്പുകള്‍ ഉപയോഗിച്ച് അണിയറകൈകാര്യം ചെയ്തിരുന്നത് ശ്രീ ഏരൂര്‍ ശശിയും സംഘവുമായിരുന്നു.

തൃപ്പൂണിത്തുറ ശ്രീപൂര്‍ണ്ണത്രയീശക്ഷേത്ര വൃശ്ചികോത്സവം (ഭാഗം 4)

തൃപ്പൂണിത്തുറ ശ്രീപൂര്‍ണ്ണത്രയീശക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന്റെ നാലാംദിവസമായ(തൃക്കേട്ടപുറപ്പാട്) 28/11/08ന് രാത്രി 12മണിക്ക് ശ്രീജ സോമന്‍,ഗോപീകൃഷ്ണന്‍,സുചിത്ര സുരേഷ് എന്നിവരുടെ പുറപ്പാടോടേ കഥകളി ആരംഭിച്ചു. അന്ന് ആദ്യം അവതരിപ്പിക്കപ്പെട്ട കഥ സന്താനഗോപാലമായിരുന്നു. സന്താനഗോപാലം കഥകളിയേ പറ്റി കൂടുതല്‍ വിവരങ്ങള്‍ ഇവിടെ കാണാം.
.
അര്‍ജ്ജുനനായി എത്തിയ ശ്രീ കലാമണ്ഡലം കൃഷ്ണകുമാറില്‍ ആദ്യരംഗത്തില്‍ വേണ്ട ഭക്തിഭാവം സ്വല്പവും കണ്ടിരുന്നില്ല.(മുന്‍പിലിരിക്കുന്നത് കൃഷ്ണനായിട്ടല്ല തന്നെക്കാള്‍ വളരേ ജൂനിയറായ ഒരു നടനായി മാത്രമെ കൃഷ്ണകുമാര്‍ കണ്ടിരുന്നുള്ളുവെന്നു തോന്നുന്നു.) ശ്രീകൃഷ്ണനായി വേഷമിട്ട ശ്രീ ആര്‍.എല്‍.വി.പ്രമോദിന്റെ മുഖത്തും വലിയ രസാഭിനയമൊന്നും കണ്ടിരുന്നില്ല. രംഗാവസാനത്തിലെ ആട്ടത്തില്‍, ‘ഏതായാലും കുറേകാലം കൂടിയിട്ട് വന്നതല്ലെ. ഇനി കുറച്ചുകാലം നീ എവിടെ തങ്ങുക. ഞാന്‍ ഒരു യാഗത്തിന് ഒരുങ്ങുകയാണ്’ എന്ന് കൃഷ്ണന്‍ പറഞ്ഞു. ‘യാഗത്തിന് ഞാന്‍ എന്താണ് ചെയ്യേണ്ടത്?’ (‘അതിനു ഞാനെന്നാചെയ്യാനാ?’ എന്ന ടോണില്‍ പുച്ഛരത്തിലാണ് കൃഷ്ണകുമാര്‍ ഇതു ചോദിക്കുന്നതു കണ്ടത്. അല്ലാതെ ഭക്ത്യാദരഭാവമൊന്നും തോന്നിയില്ല) എന്ന ചോദ്യത്തിന് കൃഷ്ണന്‍ ‘നീ വേണം യാഗരക്ഷചെയ്യുവാന്‍’ എന്നു നിര്‍ദ്ദേശിക്കുകയും ചെയ്തു.
.
ശ്രീ കലാമണ്ഡലം കേശവന്‍ നമ്പൂതിരിയായിരുന്നു ബ്രാഹ്മണവേഷം. ഒട്ടും പാത്രബോദ്ധമില്ലാതെ, ചിട്ടവിട്ടുള്ള ഭാവാഭിനയങ്ങളും ആട്ടങ്ങളും കൊണ്ട് നിറച്ച്, ബ്രാഹ്മണന്‍ എന്ന കഥാപാത്രത്തെ പരമാവധി വിരസമാക്കുന്നകാര്യത്തില്‍ ഇദ്ദേഹം പൂര്‍ണ്ണമായും വിജയിച്ചിരുന്നു. രണ്ടാം രംഗത്തിലായാലും ആറാം രംഗത്തിലായാലും ബ്രാഹ്മണന്റെ സ്ഥായീരസം ശോകമാണ്. ആ കഠിനമായ ശോകത്തില്‍ നിന്നും ഉത്ഭവിക്കുന്ന ക്രോധം സഞ്ചാരീഭാവവും. എന്നാല്‍ ഇവിടെ കേശവന്‍ നമ്പൂതിരിയുടെ ബ്രാഹ്മണന് ആദ്യന്തം ക്രോധം മാത്രമാണുണ്ടായിരുന്നത്. ബ്രാഹ്മണന്റെ പ്രവേശത്തില്‍ തന്നെ കേശവന്‍ നമ്പൂതിരി ചിട്ടയില്‍ വേണ്ടത്ര നിഷ്ടവെച്ചിരുന്നില്ല. ‘കഷ്ടമിതു കാണ്മിന്‍‘ എന്ന് പറയുമ്പോള്‍ അര്‍ജ്ജുനന്‍ വന്ന് ശ്രദ്ധിക്കുന്നുണ്ടേങ്കിലും തുടര്‍ന്നും ബ്രാഹ്മണന്‍ പരിഭവങ്ങള്‍ പറയുന്നത് കൃഷ്ണനോട് തന്നെയാണ്. എന്നാല്‍ ഇവിടെ ഈ ഭാഗം മുതല്‍ ബ്രാഹ്മണന്‍ അര്‍ജ്ജുനനോടാണ് പരിഭവപ്പെടുന്നതു കണ്ടത്. ബ്രാഹ്മണന്‍ പദാഭിനയം കഴിഞ്ഞ് ശിശുശവത്തിനെ നോക്കി ദു:ഖിച്ചിരിക്കുകാണ് ചിട്ട. എന്നാല്‍ ഇവിടെ ബ്രാഹ്മണന്‍ എന്തോജോലിതീര്‍ക്കും പോലെ എല്ലാം പറഞ്ഞിട്ട് ശവവുമെടുത്ത് പിന്നിലേക്ക് നടന്നു! കൈകൊട്ടിവിളിച്ചു നോക്കിയിട്ടും തിരിഞ്ഞുനോക്കാത്തതിനാല്‍, അര്‍ജ്ജുനന്‍ പോയി പിടിച്ചുകൊണ്ടുവന്ന് ഇരുത്തിയിട്ടാണ് പദാഭിനയം ആരംഭിച്ചത്. ബ്രാഹ്മണന്‍ അര്‍ജ്ജുനന്റെ പദത്തിനിടയില്‍ അത്യന്തം ക്രോധവാനായി എന്തൊക്കെയോ പുലമ്പുന്നുമുണ്ടായിരുന്നു. രണ്ടാം രംഗത്തിന്റെ ഒടുവിലുള്ള ആട്ടത്തില്‍ ‘കുണ്ടില്‍ കിടക്കുന്ന തവളക്ക് കുന്നിനുമുകളില്‍ പറക്കാന്‍ മോഹം, അതുപോലെയാണ് നിന്റെ കാര്യം അര്‍ജ്ജുനാ’ എന്ന് ബ്രാഹ്മണന്‍ പറയുന്നതു കണ്ടു. ഈ പഴംചൊല്ല് ഇവിടെ എത്രകണ്ട് യോജിക്കുന്നതാണാവോ! ഈ ഭാഗത്ത് ഇതുപോലെ കുറേ ആട്ടങ്ങള്‍ ആടിയിരുന്നു. കൃഷ്ണകുമാറിന്റെ അര്‍ജ്ജുനന് ബ്രാഹ്മണനോടുള്ള പെരുമാറ്റത്തില്‍ ഒരു ബഹുമാനവും കണ്ടിരുന്നില്ല. ഈ സമയത്ത് ബ്രാഹ്മണനും അര്‍ജ്ജുനനും ആയിട്ടല്ല, കേശവന്‍ നമ്പൂതിരിയും കൃഷ്ണകുമാറും ആയിട്ടാണ് അവര്‍ അരങ്ങില്‍ നിന്നിരുന്നത്.
ബ്രാഹ്മണപത്നിയായി വേഷമിട്ടിരുന്നത് ശ്രീ കലാനിലയം കരുണാകരനായിരുന്നു. പ്രസവം ആസന്നമാണ്, രണ്ടുനാളിന്നിപ്പുറമുണ്ടാകും എന്ന് പത്നി പറയുന്നതുകേള്‍ക്കുന്നത് മുതല്‍ ബ്രാഹ്മണന് പരിഭ്രമം കലശലാവേണ്ടതാണ്. എന്നാല്‍ ഇവിടത്തെ ബ്രാഹ്മണന്‍ വള്രെ ‘കൂളാ‘യിട്ടാണ് ഈഭാഗത്തൊക്കെ നിന്നിരുന്നത്. ‘മൂഢാ അതിപ്രൌഢമാം’ എന്ന പദത്തിന്റെ അഭിനയത്തില്‍ ഒരു ഒതുക്കമില്ലാതെയാണ് നമ്പൂതിരി പ്രവര്‍ത്തിക്കുന്നതു കണ്ടത്. അതായത്, ക്രോധാവേശനായ പരശുരാമന്‍ ശ്രീരാമനോട് കയര്‍ക്കുന്ന മട്ടില്‍! ഇവിടെയും ബ്രാഹ്മണന്റെ സ്ഥായീരസം ശോകമാണല്ലൊ, ആ കഠിനമായ ശോകത്തില്‍ നിന്നും ഉത്ഭവിക്കുന്ന ക്രോധം സഞ്ചാരീഭാവവും. പദാഭിനയശേഷം ബ്രാഹ്മണന്‍ ദു:ഖിച്ചിരിക്കുകയാണ് ചിട്ട. എന്നാല്‍ കലാ:കേശവന്‍ നമ്പൂതിരിയുടെ ബ്രാഹ്മണന്‍ അര്‍ജ്ജുനനെ പലവട്ടം ആട്ടി പായിച്ച്, വാതിലടച്ച് തഴുതിടുന്നതു കണ്ടു!!!(നളനെ പറഞ്ഞയക്കുന്ന പുഷ്ക്കരനെ പോലെ)
അര്‍ജ്ജുനന്റെ വിചാരപദമായ ‘വിധികൃത വിലാസമിതു’ എന്ന പദത്തിന്റെ അഭിനയത്തില്‍ മുദ്രകളില്‍ കൃഷ്ണകുമാര്‍ പല വീഴ്ച്ചകളും വരുത്തി. ‘കാലമിതു വിജയനുടെ‘ എന്നിടത്ത് ‘അര്‍ജ്ജുനന്‍’ എന്നാണ് മുദ്ര പിടിച്ചത്. ഇവിടെ പറയുന്നത് അര്‍ജ്ജുനന്‍ തന്നെയല്ലെ. അപ്പോള്‍ ‘ഞാന്‍’ എന്ന മുദ്രയാണ് ഉചിതം. സ്വന്തം കാര്യം പറയുമ്പോള്‍ ‘ഞാന്‍‘ എന്നല്ലാതെ പേര് സാധാരണയാരും പറയാറില്ലല്ലൊ. ഇതിന്റെയൊക്കെ അര്‍ത്ഥം താന്‍ ആരായിട്ടാണ് അരങ്ങിലിരിക്കുന്നത് എന്നുപോലും ഈ നടന് ധാരണയില്ല എന്നാണ്.

അന്ത്യരംഗത്തിലേക്കായി കുട്ടികളൊന്നും ഉണ്ടായിരുന്നില്ല. അതിന്റെ ആവശ്യവുമില്ല. എന്നാല്‍ ആ ശിശുവിന്റെ പാവകൊണ്ടുവരാമായിരുന്നു. അതും ഉണ്ടായില്ല. ബ്രാഹ്മണനും അര്‍ജ്ജുനനും ചേര്‍ന്ന് ചില ചുവടുവെയ്പ്പുകളോടെയാണ് പത്താമതു ബാലനെ ഏല്‍പ്പിക്കുക പതിവ്. ഇതും ഇവിടെ ഉണ്ടായില്ല.
.
ബ്രാഹ്മണന്‍ അന്ത്യരംഗത്തിലെ പദവും ആട്ടവും മുഴുവന്‍ അര്‍ജ്ജുനനോടായിട്ടാണ് ആടുന്നതു കണ്ടത്. എന്നാല്‍ ഇവിടെ അര്‍ജ്ജുനനോടല്ല ഭക്തനായ ബ്രാഹ്മണന്‍ ശ്രീകൃഷ്ണനോടാണ് എല്ലാം പറയേണ്ടത്.
ഈ രംഗത്തിലും ബ്രാഹ്മണനില്‍ യാതൊരു ഭക്തിഭാവവും ദൃശ്യമായില്ലായെന്നു മാത്രമല്ല, പദാഭിനയശേഷമുള്ള ആട്ടം കാലിന്മേല്‍ കാല്‍ കയറ്റി ഇരുന്നുകൊണ്ടാണ് ആടുന്നതുകണ്ടത്!!! ശ്രീകൃഷ്ണഭഗവാനും അര്‍ജ്ജുനവീരനും തന്റെ മുന്നില്‍ വന്നുനില്‍ക്കുന്ന അവസരത്തിങ്കല്‍, ഒരു ഭക്തബ്രാഹ്മണനു അവരുടെ മുന്നില്‍ ഞെളിഞ്ഞിരിക്കാനാവുമോ? (കൃഷ്ണകുമാറിന്റേയും പ്രമോദിന്റേയും മുന്നില്‍ കേശവന്‍ നമ്പൂതിരിക്ക് ഇരിക്കാമായിരിക്കും!)
.
ഈ കളിക്ക് പൊന്നാനിയായ് പാടിയത് ശ്രീ കലാമണ്ഡലം ബാബു നമ്പൂതിരിയായിരുന്നു. ആദ്യ രണ്ടു രംഗങ്ങളിലേയും പാട്ട് നന്നായി. ‘വിധിമതം നിരസിച്ചീടാമോ’, ‘കല്യാണാലയേ ചെറ്റും’എന്നീ പദങ്ങള്‍ രാഗ-താള മാറ്റം വരുത്തിയില്ലെങ്കില്‍ ആസ്വാദകര്‍ തല്ലും എന്നോമറ്റോ ഗായകര്‍ ധരിച്ചുവശായിട്ടുണ്ടെന്നു തോന്നുന്നു. കാരണം ഇതു മാറ്റാത്തഗായകര്‍ ഇല്ല. ‘കല്യാണാലയേ’ എന്ന പദത്തിന്റെ രാഗം മാറ്റിയത് സഹിക്കാമെങ്കിലും കാലമാറ്റം ഉചിതമല്ല. പ്രസവം ആസന്നമാണെന്നും, രണ്ടുനാളിന്നിപ്പുറമുണ്ടാകുമെന്നും പത്നി പറയുന്നതുകേള്‍ക്കുന്നതോടെ ബ്രാഹ്മണന് പരിഭ്രമം കലശലാവുകയാണ്. പിന്നെ വേഗത്തില്‍ അര്‍ജ്ജുനനെ വിളിച്ചുകൊണ്ടു വരാമെന്നു പറയുന്ന ഭാഗത്തുള്ള ഈ പദത്തിന് ദ്രുതകാലഗതി തന്നെയാണ് ഉചിതം.ശിങ്കിടിപാടിയ ശ്രീ കലാനിലയം രാജീവന്‍ നാന്നായി പാടിയിരുന്നു. എന്നാല്‍ മറ്റൊരു ശിങ്കിടിക്കാരനായിരുന്ന ശ്രീ കലാമണ്ഡലം അജീഷ് പ്രഭാകറിന്റെ പാട്ട് ഒട്ടും നന്നായിരുന്നുമില്ല. ഈ കളിക്ക് ചെണ്ട് കൊട്ടിയ ശ്രീ സദനം ദിവാകരന്‍, പനമണ്ണ ശശി, കലാനിലയം രതീഷ് എന്നിവരും മദ്ദളം കൊട്ടിയ ശ്രീ കലാമണ്ഡലം ഓമനക്കുട്ടന്‍, കലാമണ്ഡലം പ്രശാന്ത് എന്നിവരും അത്ര നിലവാരം പുലര്‍ത്തിയിരുന്നില്ല.
.
ഈ കളിക്ക് ചുട്ടികുത്തിയിരുന്നത് ശ്രീ കലാനിലയം സജി ആയിരുന്നു. പതിവുപോലെ ഈ ദിവസവും തൃപ്പൂണിത്തുറ കഥകളികേന്ദ്രത്തിന്റെ കോപ്പുകള്‍ ഉപയോഗിച്ച് അണിയറകൈകാര്യം ചെയ്തിരുന്നത് ശ്രീ ഏരൂര്‍ ശശിയും സംഘവുമായിരുന്നു.
.
ഈയിടെ കണ്ടതില്‍ ഏറ്റവും മോശമായിതോന്നിയതും, ഞാന്‍ കണ്ടിട്ടുള്ള സന്ദാനഗോപാലങ്ങളില്‍ ഏറ്റവും വളിപ്പായി തോന്നിയതുമായ ഒരു കളിയായിരുന്നു ഇത്. ഈ സന്ദാനഗോപാവും കഴിഞ്ഞദിവസത്തെ ത്രിഗര്‍ത്തവട്ടവും ഒക്കെ കണ്ടുകഴിഞ്ഞപ്പോള്‍, ഈ വിധത്തിലാണ് കഥകളിയുടെ പോക്ക് എങ്കില്‍, എനി കളികാണാനേ പോകാതിരിക്കുകയാണ് ഭംഗി എന്നുപോലും തോന്നിപോയി. ഇവരുടെയൊക്കെ ഗോഷ്ടികാണാനായും, കുറ്റം പറയാനുമായി മാത്രം നാമെന്തിന് ഉറക്കമൊഴിയണം? (വെറുതേയല്ല കഥകളിക്ക് ഇപ്പോള്‍ പ്രേക്ഷകര്‍ കുറയുന്നത്.)

തൃപ്പൂണിത്തുറ ശ്രീപൂര്‍ണ്ണത്രയീശക്ഷേത്ര വൃശ്ചികോത്സവം (ഭാഗം 3)

തൃപ്പൂണിത്തുറ ശ്രീപൂര്‍ണ്ണത്രയീശക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന്റെ മൂന്നാംദിവസമായ 28/11/08ന് രാത്രി 12മണിക്ക് സഞ്ജനാ സജീവന്‍, അഗ്നി നന്ദ എന്നിവരുടെ പുറപ്പാടോടേ കഥകളി ആരംഭിച്ചു. അന്ന് ഉത്തരാസ്വയംവരമായിരുന്നു കഥ. ഇതില്‍ ദുര്യോധനനായീത്തിയ ശ്രീ കലാമണ്ഡലം ശ്രീകുമാര്‍ നല്ല പ്രകടനമാണ് കാഴ്ച്ചവെച്ചത്.
ശ്രീ സദനം വിജയനായിരുന്നു ഭാനുമതി. ദുര്യോധനനും ഭാനുമതിയുമായുള്ള ശൃഗാരരസം നിറഞ്ഞ ആദ്യരംഗം നന്നായി ഇവര്‍ അവതരിപ്പിച്ചു.
തുടര്‍ന്ന് സഭയിലെത്തുന്ന ദൂതനില്‍ നിന്നും വിരാടരാജ്യത്തുവെച്ച് കീചകന്‍ വധിക്കപ്പെട്ട വാര്‍ത്ത അറിയുന്ന സുയോധനന്‍ അതിനു കാരണക്കാരന്‍ ഭീമനായിരിക്കാമെന്നും, അതിനാല്‍ പാണ്ഡവര്‍ മാത്സ്യദേശത്തുണ്ടെന്നും സന്ദേഹിക്കുന്നു. ഭീഷ്മര്‍ ആ സംശയത്തെ ഉറപ്പിക്കുന്നതോടേ വിരാടന്റെ ഏറ്റവും വലിയ ധനമായ ഗോക്കളെ ഹരിക്കുവാന്‍ ദുര്യോധനന്‍ തീരുമാനിക്കുന്നു. സഭയില്‍, കര്‍ണ്ണനായി ശ്രീ ആര്‍.എല്‍.വി പള്ളിപ്പുറം സുനിലും, ഭീഷ്മരായി ശ്രീ ആര്‍.എല്‍.വി.പ്രമോദും, ദൂതനായി ശ്രീ ആര്‍.എല്‍.വി.അഖിലും വേഷമിട്ടു.

അടുത്തരംഗം ത്രിഗര്‍ത്തന്റെ തിരനോട്ടത്തോടെ ആരംഭിച്ചു. ശ്രീ കോട്ടക്കല്‍ ദേവദാസ് ആയിരുന്നു ത്രിഗര്‍ത്തന്‍. ‘ശൌര്യശാലിയായ എനിക്ക് ലോകത്തിലാരും എതിരില്ല’ എന്ന് തുടങ്ങിയ തന്റേടാട്ടം ‘അതുകൊണ്ട് എനിക്ക് സുഖം ഭവിച്ചു‘ എന്നാണ് ഇദ്ദേഹം അവസാനിപ്പിച്ചത്. ഒന്നുകില്‍ ‘എനിക്കു സുഖം ഭവിച്ചു, കാരണമെന്ത്?’ എന്ന് തുടങ്ങണമായിരുന്നു. ആല്ലെങ്കില്‍ ‘അതിനാല്‍ എനിക്ക് ആരും എതിരില്ലാതെ വന്നു’ എന്ന് അവസാനിപ്പിക്കണമായിരുന്നു. ഇങ്ങിനെ തുടക്കവും ഒടുക്കവും രണ്ടു രീതിയിലാവുന്നത് തികഞ്ഞ അശ്രദ്ധ മൂലം എന്നെ പറയാനാവൂ. തുടര്‍ന്ന് ദുര്യോധനനെ കണ്ടിട്ട് കുറേക്കാലമായി. ഒന്നു പോയ് കാണുകതെന്നെ. എന്നു നിശ്ചയിച്ച് ത്രിഗര്‍ത്തന്‍ പടയോടുകൂടി(പടപ്പുറപ്പാട് നടത്തി) [പടപ്പുറപ്പാടില്‍ ചിട്ടവിട്ട് ചില അഭ്യാസങ്ങള്‍ ഇദ്ദേഹം കാട്ടുകയും ഉണ്ടായി‍] പുറപ്പെടുന്നു. ഇവിടെ, ദുര്യോധനന്റെ ദൂതന്‍ വന്ന്, ത്രിഗര്‍ത്തന്‍ ഉടന്‍ പടയോടുകൂടി വരുവാന്‍ അറിയിക്കുന്നതായി ആടിയിട്ട് പടപ്പുറപ്പാടു നടത്തിയാല്‍ അതിന് അര്‍ത്ഥമുണ്ട്. അതല്ലാതെ വെറുതേ സൌഹൃദസന്ദര്‍ശ്ശനത്തിനു പോകുന്നയാള്‍ എന്തിന് പടപ്പുറപ്പാട് നടത്തണം? തന്നയുമല്ല, ദുര്യോധനന്‍ ആളയച്ച് വരുത്തുക എന്ന സ്ഥിതിവരുമ്പോള്‍ ത്രിഗര്‍ത്തന്‍ എന്ന കഥാപാത്രത്തിന്റെ പ്രാധാന്യവും ഇവിടെ വ്യക്തമാകും.ഇത് ഇന്നത്തെ കലാകാരന്മാരുടെ പൊതുവേയുള്ള ഒരു പോരായ്കയാണ്. കുറേ ആട്ടങ്ങള്‍ ആടിനിറക്കണം എന്ന് എല്ലാവര്‍ക്കും ഉണ്ട്. എന്നാല്‍ ഇവ എന്തിന് ആടണം? എങ്ങിനെ ആടണം എന്ന് ആരും ചിന്തിക്കുന്നില്ല!

മൂന്നാം രംഗത്തില്‍ ത്രിഗര്‍ത്തന്‍ ദുര്യോധനനെ വന്ന് കാണുന്നു. കുശലപ്രശ്നങ്ങള്‍ക്കുശേഷം, ദുര്യോധനന്‍ വിവരങ്ങള്‍ ധരിപ്പിച്ച് ത്രിഗര്‍ത്തനെ ഗോചോരണാര്‍ത്ഥം മാത്സ്യദേശത്തേക്ക് അയക്കുന്നു. ഈ രംഗത്തിന്റെ അന്ത്യത്തില്‍ ദുര്യോധനന്‍ വാള്‍ നല്‍കി അനുഗ്രഹിച്ച്, ത്രിഗര്‍ത്തനെ യാത്രയാക്കിക്കൊണ്ട് നിഷ്ക്രമിക്കുകയാണ് പതിവ്. എന്നാല്‍ ഇവിടെ വാള്‍ നല്‍കിയില്ല എന്നു മാത്രമല്ല, ത്രിഗര്‍ത്തന്‍ നിക്രമിക്കുകയാണ് ഉണ്ടായതും!തുടര്‍ന്ന് ദുര്യോധനന്‍ പടപ്പുറപ്പാട് നടത്തി നിഷ്ക്രമിച്ചപ്പോള്‍ (തിര്‍ശ്ശീല പിടിക്കാതെ) മറുഭാഗത്തുകൂടി ത്രിഗര്‍ത്തന്‍ വീണ്ടും പ്രവേശിച്ച് ത്രിഗര്‍ത്തവട്ടം ആടി. ശ്രീകുമാറിന് ഒരു പടപ്പുറപ്പാട് ആടുവാന്‍ വേണ്ടിമാത്രം രംഗാവതരണത്തില്‍ ഇങ്ങിനെ മാറ്റം വരുത്തിയത് ഒട്ടും ഔചിത്യപരമായി തോന്നിയില്ല.തുടര്‍ന്നുള്ള ത്രിഗര്‍ത്തവട്ടത്തിന്റെ കാര്യം പറഞ്ഞാല്‍, 2വര്‍ഷങ്ങള്‍ക്കുമുന്‍പ് കണ്ട ത്രിഗര്‍ത്തനില്‍ നിന്നും യാതൊരു മാറ്റവും ദേവദാസന്റെ ആട്ടങ്ങളില്‍ വന്നില്ല! ഉത്തരന്റെ മുറിയില്‍ ഉളിഞ്ഞുനോക്കുക, ചാണകം ചവുട്ടുകയും, അതുകണ്ടു കണ്ടു ചിരിക്കുന്ന ഭൃത്യനെ അടിക്കുകയും ചെയ്യുക, ഗോശാലയുടെ കാവല്‍ക്കാരന്റെ മദ്യപാനലീലകള്‍ വിസ്തരിക്കുക തുടങ്ങി മൂന്നാംകിട വളിപ്പുകള്‍ തന്നെയാണ് ഇവിടെയും ത്രിഗര്‍ത്തവട്ടത്തില്‍ ആടിയിരുന്നത്. വിരാടദേശത്തേക്കുള്ള വഴികണ്ടെത്തി യാത്രചെയ്യുന്നതൊ, വിരാടപുരത്തിന്റെ സവിശേഷതകളോ, അവിടുത്തെ പശുവൃന്ദത്തിന്റെ കാഴ്ച്ചകളോ ഒന്നും ഇദ്ദേഹം കാര്യമായി ആടിയതുമില്ല. “ത്രിഗര്‍ത്തനാധന്റെ ഭുജമഹത്വം” എന്ന് ചൊല്ലിവട്ടംതട്ടിയാല്‍ ദേവദാസന്‍, ‘നൈവേദ്യം കട്ടുതിന്നുന്ന പൂജാരിയായ കള്ളബ്രാഹ്മണനല്ലെ താന്‍’ എന്നു തുടങ്ങിയാണ് ആടുന്നത്. കൈയ്യില്‍ ചട്ടുകവുമായി വരുന്ന വലലനെ കണ്ടാല്‍ പൂജാരിബ്രാഹ്മണനായിട്ടാണോ തോന്നുക? അല്ലെങ്കില്‍ തന്നെ ചൊല്ലിവട്ടം തട്ടിയ പദഭാഗമനുസ്സരിച്ച് തന്റെ കൈയ്യൂക്കിന്റെ മഹത്വങ്ങള്‍ വേണ്ടെ ഇവിടെ ആടേണ്ടത്? യുദ്ധിഷ്ടിര നിര്‍ദ്ദേശമനുസ്സരിച്ച് തന്നെ ബന്ധമോചിതനാക്കുന്ന വലലനെ, ത്രിഗര്‍ത്തന്‍ തിരിഞ്ഞുനിന്ന് അടിക്കാന്‍ ചെല്ലുന്നു. എന്നാല്‍ വലലന്‍ അതിന് അനുവദിക്കാതെ ആട്ടിപ്പായിക്കുന്ന സന്ദര്‍ഭത്തില്‍, ത്രിഗര്‍ത്തന്‍ വലലനുനേരേ കല്ലെടുത്ത് എറിഞ്ഞിട്ട് ഓടിപോകുന്നതു കണ്ടു. ചുവന്നതാടിവേഷമെങ്കിലും സുശര്‍മ്മാവ് ത്രിഗര്‍ത്തത്തിലെ രാജാവാണല്ലൊ. അങ്ങിനെയുള്ള വീരകഥാപാത്രം, തോറ്റ് ബന്ധനസ്തനായ നായശേഷം വിട്ടയക്കപ്പെടുമ്പോള്‍ തെല്ലുജാള്യതയോടെ മടങ്ങുകയല്ലെ ചെയ്യു? അല്ലാതെ തിരിച്ചുനിന്ന് സൂത്രത്തില്‍ തോണ്ടിയിട്ടോ,(ബാലിയെ തോണ്ടിയിട്ട് ഓടുന്ന സുഗ്രീവനെ പ്പോലെ) കല്ലെറിഞ്ഞിട്ടൊ പോകുമോ? ദേവദാസന്‍ തന്റെ മൊത്തം പ്രവര്‍ത്തികളിലൂടെ ഈ കഥാപാത്രത്തെ വെറുമൊരു കോമാളിയാട്ടാണ് ചിത്രീകരിക്കുന്നത്.

ശ്രീ ഇളമക്കര രഞ്ജിത്ത് വലലനായും ആര്‍.എല്‍.വി.പള്ളിപ്പുറം സുനില്‍ വിരാടനായും അരങ്ങിലെത്തി.വലലന്‍ വന്നാല്‍ ആദ്യം വിരാടനെ മോചിപ്പിച്ച് അയക്കുകയും തുടര്‍ന്ന് യുദ്ധപദം ആരംഭിക്കുകയുമാണല്ലൊ ചെയ്യാറ്, എന്നാല്‍ ഇവിടെ യുദ്ധപദത്തിന്റെ പല്ലവി ആടിയശേഷം മാത്രമാണ് വലലന്‍ വിരാടനെ മോചിപ്പിച്ചത്!

ആദ്യഭാഗത്ത് പൊന്നാനിപാടിയത് ശ്രീ കലാമണ്ഡലം ഗോപാകകൃഷ്ണനായിരുന്നു. ശ്രീ സദനം ശ്യാമളന്‍, ശ്രീ വിജയ വര്‍മ്മ, കലാമണ്ഡലം ശ്രീജിത്ത് എന്നിവരായിരുന്നു ശിങ്കിടിക്ക്. ഉത്തരഭാഗത്തില്‍ പൊന്നാനിപാടിയത് സദനം ശ്യാമളനായിരുന്നു. സമ്പൃദായത്തിലുള്ള നല്ല അരങ്ങുപാട്ടായിരുന്നു ഇദ്ദേഹത്തിന്റേത്. ആയാസരഹിതമായുള്ള മേല്‍‌സ്ഥായീ സഞ്ചാരം ഇദ്ദേഹത്തില്‍ കണ്ട ഒരു സവിശേഷതയായി തോന്നി. കാരണം ഇക്കാലത്തെ ഭൂരിഭാഗം കഥകളിഗായകരിലും കാണാത്ത ഒന്നാണല്ലൊ ഇത്. എന്നാല്‍ ശിങ്കിടിപാടിയിരുന്ന വിജയവര്‍മ്മ, ശ്രീജിത്ത്, ശ്രീ കലാമണ്ഡലം വാസുദേവന്‍ നമ്പൂതിരി എന്നിവരൊക്കെ വളരെ മോശം നിലവാരം പുലര്‍ത്തിയതിനാല്‍, ശ്യാമളന് കൂടുതല്‍ ബദ്ധപ്പെടേണ്ടിവന്നു.

ഈ ദിവസം മേളം കൈകാര്യം ചെയ്തിരുന്ന ശ്രീ കുറൂര്‍ വാസുദേവന്‍ നമ്പൂതിരിയും ശ്രീ കോട്ടക്കല്‍ വിജയരാഘവനും(ചെണ്ട) ശ്രീ കലാനിലയം ഓമനകുട്ടന്‍, കലാമണലം പ്രശാന്ത് (മദ്ദളം) എന്നിവരെല്ലാം താരതമ്യേന മോശം പ്രകടമാണ് കാഴ്ച്ചവെച്ചിരുന്നത്.
“താരില്‍ തേന്മൊഴിമാര്‍മണേ”

ഉത്തരനായി അരങ്ങിലെത്തിയ ശ്രീ കലാമണ്ഡലം മനോജിന്റെ ശൃഗാരരസം കത്തിവേഷത്തിന്റെ ശൃഗാരം(വീരരസം കലര്‍ന്ന ശൃഗാരം) പോലെ തോന്നി. കുമ്മിക്കുശേഷം ഉത്തരന്‍ സാധാരണ പതിവില്ലാത്തപോലെ,ഒരു പത്നിയേ മധുകൊണ്ടുവരുവാന്‍ നിര്‍ദ്ദേശിച്ച് രംഗത്തുനിന്നും അയച്ചു! ഇത് എന്തിനെന്ന് മനസ്സിലായില്ല. ശ്രീ രതീഷും ആര്‍.എല്‍.വി.പ്രമോദും ഉത്തര പത്നിമാരായും ആര്‍.എല്‍.വി പള്ളിപ്പുറം സുനിലും‍, ആര്‍.എല്‍.വി.അഖിലും ഗോപാലകരായും വേഷമിട്ടു.

ശ്രീ ആര്‍.എല്‍.വി.രാധാകൃഷ്ണന്‍ നല്ല ഭാവാഭിനയത്തോടുകൂടി തന്റെ സൈരന്ധ്രിവേഷം ഭംഗിയാക്കി. ഉത്തരവേഷത്തിലെത്തിയത് ശ്രീ രതീഷ് ആയിരുന്നു. സമയക്കുറവുമൂലം ആട്ടങ്ങള്‍ വിസ്തരിക്കുവാന്‍ സാധിച്ചിരുന്നില്ലെങ്കിലും, ബൃഹന്ദളയായി അഭിനയിച്ച ശ്രീ കോട്ടക്കല്‍ കേശവന്‍ നല്ല പ്രകടനം കാഴ്ച്ചവെച്ചു. അര്‍ജ്ജുനനാണ് താന്‍ എന്നു ബൃഹന്ദള പറയുന്നവേളയില്‍, ‘എന്നാല്‍ അര്‍ജ്ജുനന്റെ പത്തുനാമങ്ങള്‍ പറഞ്ഞാലും‘ എന്ന് ഉത്തരന്‍ ചോദിക്കുന്നതായി കണ്ടു. ഇതിന്റെ ആവശ്യമെന്താണ്? എല്ലാകഥകളും പറഞ്ഞിട്ടും ഉത്തരന് ഭയം നീങ്ങാത്തതു കണ്ട്, അര്‍ജ്ജുനന്‍ തന്റെ 10നാമങ്ങള്‍ ഉത്തരന് ഉപദേശിക്കുന്നതായും, അതു ചൊല്ലുന്നതോടെ ഉത്തരന് മനസ്സുറപ്പ് ലഭിക്കുന്നതുമായി ആടുന്നതല്ലെ ഇവിടെ ഔചിത്യം?

ഈ ദിവസം ചുട്ടികുത്തിയത് ശ്രീ ആര്‍.എല്‍.വി.രങ്കനും ശ്രീ സദനം അനിലും ചേര്‍ന്നായിരുന്നു. പതിവുപോലെ ഈ ദിവസവും തൃപ്പൂണിത്തുറ കഥകളികേന്ദ്രത്തിന്റെ കോപ്പുകള്‍ ഉപയോഗിച്ച് അണിയറ കൈകാര്യം ചെയ്തിരുന്നത് ശ്രീ ഏരൂര്‍ ശശിയും സഘവും തന്നെയായിരുന്നു.

തിരുപുരംക്ഷേത്ര ഉത്സവം

വൈക്കത്തിനടുത്ത് തലയോലപ്പറമ്പ് തിരുപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് മൂന്നാമുത്സവദിവസമായ 28/11/08ന് ഫോര്‍ട്ട്കൊച്ചി കേരളകഥകളിസംഘത്തിന്റെ ആഭിമുഖ്യത്തില്‍ കഥകളി അവതരിപ്പിക്കപ്പെട്ടു. വൈകിട്ട് 7മണിക്ക് ശ്രീ തരുണ്‍ മൂര്‍ത്തിയുടെ പുറപ്പാടാടെ കളി ആരംച്ചു.
രാജസൂയം(വടക്കന്‍) ആണ് അവതരിപ്പിച്ച കഥ. ഇന്ദ്രപ്രസ്ഥത്തില്‍ രാജസൂയം നടത്തുന്നതിന്റെ ഭാഗമായി പാണ്ഡവര്‍ ശത്രുരാജാക്കന്മാരേ നശിപ്പിക്കുവാന്‍ തീരുമാനിച്ചു. മഗഥരാജാവും ദുഷ്ടനുമായ ജരാസന്ധനെ വകവരുത്തുവാനായി ശ്രീകൃഷ്ണനിര്‍ദ്ദേശാനുസ്സരണം ഭീമാര്‍ജ്ജുനന്മാര്‍ ശ്രീകൃഷ്ണനോടോപ്പം ബ്രാഹ്മണവേഷധാരികളായി ജരാസന്ധസമീപം എത്തുന്നു. അവരെ സ്വീകരിക്കുന്ന, സ്വതേ ബ്രാഹ്മണരെ ബഹുമാനിക്കുന്നവനായ മഗഥരാജനോട് ബ്രാഹ്മണര്‍ ദ്വന്ദയുദ്ധം ദാനമായി ചോദിക്കുന്നു. ദാനം നല്‍കാമെന്നുറപ്പുപറഞ്ഞ ശേഷം ജരാസന്ധന്‍ ബ്രാഹ്മണവേഷധാരികളോട് യധാര്‍ത്ഥത്തില്‍ നിങ്ങള്‍ ആരെന്ന് വെളിപ്പെടുത്താനാവിശ്യപ്പെടുന്നു. കൃഷണന്‍ യാധാര്‍ത്ഥ്യം വെളിപ്പെടുത്തുമ്പോള്‍ ജരാസന്ധന്‍, കോമളശരീരികളായ കൃഷ്ണാര്‍ജ്ജുനന്മാര്‍ തനീക്ക് എതിരാളികളല്ലായെന്നും വായുപുത്രനുമായി യുദ്ധം ചെയ്യാമെന്നും ഉറപ്പിക്കുന്നു. തുടര്‍ന്നു നടക്കുന്ന ഘോരയുദ്ധത്തിന്റെ അന്ത്യത്തില്‍ കൃഷ്ണനിര്‍ദ്ദേശാനുസ്സരണം ഭീമന്‍, ജരാസന്ധനെ ഉടല്‍ രണ്ടായി കീറി തിരിച്ചിട്ട് കൊല്ലുന്നു. ഇതാണ് രാജസൂയം ആദ്യഭാഗത്തെ കഥ.

ജരാസന്ധന്‍ താടിവേഷമാണേങ്കിലും രാജസമായുള്ള ഒരു കഥാപാത്രമാണ്. ഇതിനാല്‍ മറ്റു താടിവേഷങ്ങളില്‍ നിന്നും ഭിന്നമായി ഒരു ആഢ്യത്വം പാലിക്കേണ്ടതായുണ്ട്. എന്നാല്‍ ഇവിടെ ജരാസന്ധനായെത്തിയ കോട്ടക്കല്‍ ദേവദാസന് ഈ നിലയും, ബ്രാഹ്മണരോടുള്ള ഭക്തിഭാവവും പ്രകടിപ്പിക്കുവാന്‍ പൂര്‍ണ്ണമായി സാധിച്ചിരുന്നില്ല. എന്നാല്‍ ഇദ്ദേഹം ആട്ടങ്ങള്‍ അധികം ധീര്‍ഘിപ്പിക്കാതെ ആടിതീര്‍ത്തിരുന്നു. തന്റേടാ‍ട്ടത്തില്‍ ജരാസന്ധന്റെ പൂര്‍വ്വകഥയും, ബ്രാഹ്മണന്‍ ദാനം ആവശ്യപ്പെടുന്നവേളയില്‍ പണ്ട് ബ്രാഹ്മണന് ദാനംചെയ്യാമെന്ന് സത്യം ചെയ്‌ത് അബദ്ധം പിണഞ്ഞ മഹാബലിയുടെ കഥയും, ഇദ്ദേഹം ആടുകയുണ്ടായി. എന്നാല്‍ കപടബ്രാഹ്മണരാണോ എന്ന് പരിശോധിക്കുന്നതായൊന്നും ആടികണ്ടില്ല.

ശ്രീ കലാഭവനം ഗിരീഷ് തുടങ്ങിയവര്‍ ബ്രാഹ്മണവേഷത്തിലും തരുണ്‍ മൂര്‍ത്തി അര്‍ജ്ജുനനായും അരങ്ങിലെത്തി. ശ്രീകൃഷ്ണനായെത്തിയ ശ്രീ ആര്‍.എല്‍.വി.പള്ളിപ്പുറം സുനില്‍ നല്ല പ്രകടനം കാഴ്ച്ചവെയ്ച്ചു. ഭീമനായെത്തിയ ശ്രീ കലാഭവനം പ്രശാന്തും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചിരുന്നത്. ഇദ്ദേഹത്തിന്റെ മെയ്യും കണ്ണും നന്നെന്ന് തോന്നി. ഇദ്ദേഹം തന്നെയാണ് അടുത്തരംഗത്തില്‍ ധര്‍മ്മപുത്രരായും എത്തിയിരുന്നത്. എന്നാല്‍ രണ്ടു കഥാപാത്രങ്ങളേയും വേര്‍തിരിച്ച് മനസ്സിലാക്കിയുള്ള പ്രകടനമാണ് ഇദ്ദേഹത്തില്‍ കണ്ടത്. ശ്രീ ആര്‍.എല്‍.വി.ഗോപിയാണ് ശിശുപാലനായി വേഷമിട്ടത്. തരക്കേടില്ലാത്തപ്രകടനം കാഴ്ച്ചവെച്ചിരുന്ന ഇദ്ദേഹം തടമിളക്കുന്നനേരത്തെല്ലാം ചുണ്ടുകള്‍കൊണ്ട് ഗോഷ്ടി കാട്ടിയിരുന്നത് ഒരു അഭംഗിയായിതോന്നി.

ശിശുപാലന്റെ തിരനോക്കിനുശേഷം ഇരുന്നാട്ടത്തോടേയാണ് രണ്ടാഭാഗം ആരംഭിച്ചത്. ‘കഷ്ടം! എന്റെ ബന്ധുവായിരുന്ന മഗഥരാജന്‍ കൊല്ലപ്പെട്ടുവല്ലൊ! അതിനാല്‍ തന്റെ രണ്ടു പുത്രിമാര്‍ വിധവകളായിതീര്‍ന്നുവല്ലൊ’ എന്ന് ആലോചിക്കുന്ന ശിശുപാലന്‍ അവരുടെ ദു:ഖം തീര്‍ക്കുവാന്‍ വഴിയെന്ത് എന്ന് തന്റെ സോദരനായ ദന്തവക്ത്രനെ കണ്ട് ആലോചിക്കുന്നു. തുടര്‍ന്ന് ‘ശത്രുക്കളായ പാണ്ഡവര്‍ കള്ളകൃഷ്ണനോട് ചേര്‍ന്ന് നടത്തുന്ന രാജസൂയയാഗം മുടക്കി, അവരെ വകവരുത്തുകതന്നെ’ എന്ന് നിശ്ചയിച്ച് ശിശുപാലന്‍ തന്റെ പടയോടുകൂടി(പടപ്പുറപ്പാട് നടത്തി) ഇന്ദ്രപ്രസ്ഥത്തിലേക്ക് പുറപ്പെടുന്നു. അടുത്തരംഗത്തില്‍ യാഗസ്ഥലത്തെത്തുന്ന ശിശുപാലന്‍ അവിടെ, ശ്രീകൃഷ്ണനെ ധര്‍മ്മപുത്രന്‍ അഗ്രപൂജക്കിരുത്തിയിരിക്കുന്നതുകണ്ട് ക്രോധവാനായി കൃഷ്ണനെ പഴിക്കുന്നു. ഇതുകേട്ട് ധര്‍മ്മപുത്രന്‍ ശിശുപാലനോട് കയര്‍ക്കുന്നു. ഈ സമയം വിശ്വരൂപം കൈക്കൊണ്ട മാധവന്‍ തന്റെ ചക്രായുധത്താല്‍ ശിശുപാലന് മോക്ഷപ്രാപ്തി നല്‍കുന്നു. ഈ രംഗത്തിലെ യാഗശാല കാണല്‍, കൃഷ്ണനെപൂര്‍വ്വകഥകള്‍ പറഞ്ഞ് ആക്ഷേപിക്കല്‍ തുടങ്ങിയ ആട്ടങ്ങള്‍ സാധാരണ പതിവുള്ളപോലെ അധികം വിസ്തരിച്ച് ആടിയില്ല.
ശ്രീ കലാമണ്ഡലം ഗോപാലകൃഷനും ശ്രീ കലാമണ്ഡലം രാജേഷ് ബാബുവും ചേര്‍ന്നുള്ള പാട്ട് നന്നായിരുന്നു. ശ്രീ കലാമണ്ഡലം വിജയനും ശ്രീ കലാമണ്ഡലം ശ്രീകുമാറും ചേര്‍ന്നായിരുന്നു ചെണ്ടകൊട്ടിയത്. ശ്രീ കലാമണ്ഡലം ഓമനക്കുട്ടനായിരുന്നു മദ്ദളം കൈകാര്യം ചെയ്തത്. ശ്രീ സദനം ശശി ചുട്ടികുത്തിയ കളിക്ക് കേരള കഥകളി സംഘത്തിന്റെ ചമയങ്ങള്‍ ഉപയോഗിച്ച് അണിയറകൈകാര്യം ചെയതത് ശ്രീ ചേര്‍ത്തല കുമാരന്‍, ശ്രീ സുരേന്ദ്രന്‍, ശ്രീ ബാബു എന്നിവര്‍ ചേര്‍ന്നായിരുന്നു.