ത്രികാലം (ഭാഗം 1)

പ്രശസ്ത കഥകളി ചെണ്ട കലാകാരന്‍ ശ്രീ കലാമണ്ഡലം ഉണ്ണികൃഷ്ണന് വീരശൃംഖല സമര്‍പ്പിക്കുന്നതിനോടനുബന്ധിച്ച്, അദ്ദേഹത്തിന്റെ ജന്മനാടായ പെരിന്തല്‍മണ്ണക്കടുത്തുള്ള കുളത്തൂരില്‍ ‘ത്രികാലം’ എന്നപേരില്‍ ഒരു കലോത്സവം സംഘടിപ്പിക്കപ്പെട്ടു. ഡിസബര്‍ 22,23,24 തീയതികളിലായി കുളത്തൂര്‍ നാഷണല്‍ എല്‍.പി.സ്ക്കൂളിലായിരുന്നു ഇത് നടന്നത്. അഷ്ടപദി, കേളി, കൊമ്പുപറ്റ്, കുഴല്‍പറ്റ്, പഞ്ചാരിമേളം, ചാക്യാര്‍കൂത്ത്, ഓട്ടന്‍‌തുള്ളല്‍, നങ്ങ്യാര്‍കൂത്ത്, കഥകളിമേളപ്പദം എന്നീ കലാപരിപാടികളും, കേരളീയ അടിസ്ഥാന താളങ്ങളായ ചെമ്പട, പഞ്ചാരി, അടന്ത, ചമ്പ, ത്രിപുട എന്നിവയുടെ വിളമ്പ, മദ്ധ്യ, ദ്രുത കാലങ്ങളേയും സോദാഹരിച്ചു കൊണ്ട് പ്രത്യേകം പ്രത്യേകമായി നടന്ന വിശകലന ചര്‍ച്ചകളും, ത്രിദിനങ്ങളിലായി നടന്ന ത്രികാലത്തെ ആസ്വാദ്യമാക്കി.
.
മൂന്ന് രാത്രികളിലും കഥകളിയും അരങ്ങേറിയിരുന്നു. ആദ്യദിവസം രാത്രി 10:30ന് കഥകളി ആരംഭിച്ചു. ‘രാജസൂയം’(വടക്കന്‍) ആയിരുന്നു അന്നത്തെ കഥ.
.
.
ഇന്ദ്രപ്രസ്ഥത്തില്‍ രാജസൂയം നടത്തുന്നതിന്റെ ഭാഗമായി പാണ്ഡവര്‍ ശത്രുരാജാക്കന്മാരേ നശിപ്പിക്കുവാന്‍ തീരുമാനിച്ചു. മഗഥരാജാവും ദുഷ്ടനുമായ ജരാസന്ധനെ വകവരുത്തുവാനായി ശ്രീകൃഷ്ണനിര്‍ദ്ദേശാനുസ്സരണം ഭീമാര്‍ജ്ജുനന്മാര്‍ ശ്രീകൃഷ്ണനോടോപ്പം ബ്രാഹ്മണവേഷധാരികളായി ജരാസന്ധസമീപം എത്തുന്നു. അവരെ സ്വീകരിക്കുന്ന, സ്വതേ ബ്രാഹ്മണരെ ബഹുമാനിക്കുന്നവനായ മഗഥരാജനോട് ബ്രാഹ്മണര്‍ ദ്വന്ദയുദ്ധം ദാനമായി ചോദിക്കുന്നു. ദാനം നല്‍കാമെന്നുറപ്പുപറഞ്ഞ ശേഷം ജരാസന്ധന്‍ ബ്രാഹ്മണവേഷധാരികളോട് യധാര്‍ത്ഥത്തില്‍ നിങ്ങള്‍ ആരെന്ന് വെളിപ്പെടുത്താനാവിശ്യപ്പെടുന്നു. കൃഷണന്‍ യാധാര്‍ത്ഥ്യം വെളിപ്പെടുത്തുമ്പോള്‍ ജരാസന്ധന്‍, കോമളശരീരികളായ കൃഷ്ണാര്‍ജ്ജുനന്മാര്‍ തനീക്ക് എതിരാളികളല്ലായെന്നും വായുപുത്രനുമായി യുദ്ധം ചെയ്യാമെന്നും ഉറപ്പിക്കുന്നു. തുടര്‍ന്നു നടക്കുന്ന ഘോരയുദ്ധത്തിന്റെ അന്ത്യത്തില്‍ കൃഷ്ണനിര്‍ദ്ദേശാനുസ്സരണം ഭീമന്‍, ജരാസന്ധനെ ഉടല്‍ രണ്ടായി കീറി തിരിച്ചിട്ട് കൊല്ലുന്നു. ഇതാണ് രാജസൂയം ആദ്യഭാഗത്തെ കഥ. സ്വതേ കൃഷ്ണവിരോധിയായ ശിശുപാലന്‍ തന്റെ സുഹൃത്തായ ജരാസന്ധന്റെ മരണം കൂടി കേട്ട് വര്‍ദ്ധിച്ച ദേഷ്യത്തോടെ പാണ്ഡവരാല്‍ നടത്തപ്പെടുന്ന യാഗശാലയിലേക്കെത്തുന്നു. അവിടെ ധര്‍മ്മപുത്രര്‍ ശ്രീകൃഷ്ണനെ അഗ്രപൂജക്കിരുത്തി കാല്‍കഴുകിക്കുന്നതുകണ്ട് ക്രുദ്ധനായ ശിശുപാലന്‍ കൃഷ്ണനെ പൂര്‍വ്വകഥകള്‍ പറഞ്ഞ് പരിഹസിക്കുന്നു. തുടര്‍ന്ന് യാഗഭംഗം വരുത്താന്‍ തുനിയുന്ന ശിശുപാലനെ അര്‍ജ്ജുനന്‍ തടുക്കുന്നു. ശ്രീകൃഷ്ണന്‍ തന്റെ ചക്രായുധത്താല്‍ ശിശുപാലന് മോക്ഷം നല്‍കുന്നതോടെ കഥ പൂണ്ണമാകുന്നു.
.

.
ശ്രീ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി ജരാസന്ധനെ നന്നായി അവതരിപ്പിച്ചു. എന്നാല്‍ ഇദ്ദേഹത്തില്‍ സ്വതേ കാണുന്ന അരങ്ങില്‍ ആടിനിറയ്ക്കുന്ന സ്വഭാവം ഇവിടെയും കണ്ടു. ജരാസന്ധന്റെ തന്റേടാട്ടത്തില്‍ ജരാസന്ധന്റെ പൂര്‍വ്വകഥയും, ഗോപുരദ്വാരത്തില്‍ വെച്ചിരിക്കുന്ന മൂന്ന് പെരുമ്പറകളുടെ കഥയും, ബ്രാഹ്മണരോടായി ‘നിങ്ങള്‍ എന്റെ ഭൃത്യരെ ഭയപ്പെട്ടതെന്തിന്? എന്റെ ഭൃത്യര്‍ വിഷ്ണുവിന്റെ കാവല്‍ക്കാരേപോലെ വിവരമില്ലാത്തവരല്ല‘ എന്നു പറഞ്ഞുകൊണ്ട് വിഷ്ണുഭൃത്യരായ ജയവിജയന്മാര്‍ക്ക് സ്പ്തര്‍ഷികളില്‍ നിന്നും ശാപമേറ്റ കഥയും, ബ്രാഹ്മണന്‍ ദാനം ആവശ്യപ്പെടുന്നവേളയില്‍ പണ്ട് ബ്രാഹ്മണന് ദാനംചെയ്യാമെന്ന് സത്യം ചെയ്‌ത് അബദ്ധം പിണഞ്ഞ മഹാബലിയുടെ കഥയും, ഇദ്ദേഹം സവിസ്തരം ആടുകയുണ്ടായി. ഇങ്ങനെ അദ്യംതന്നെ ധാരാളം ആടിയതിനാലുള്ള ക്ഷീണം നിമിത്തമാണെന്നുതോന്നുന്നു ഇദ്ദേഹം അന്ത്യത്തിലെ യുദ്ധവട്ടവും മറ്റും വളരെ വേഗത്തില്‍ കഴിക്കുന്നതായാണ് കണ്ടത്.
.
ശ്രീ വെള്ളിനേഴി ഹരിദാസന്‍, ശ്രി കലാമണ്ഡലം ഹരി.ആര്‍. നായര്‍, ശ്രീ കലാമണ്ഡലം വൈശാഖ് എന്നിവര്‍ ബ്രാഹ്മണരായി വേഷമിട്ടു. ഭീമന്‍, ധര്‍മ്മപുത്രര്‍ എന്നീ വേഷങ്ങളിലെത്തിയ ശ്രീ സദനം ഭാസി നല്ല പ്രകടനം കാഴ്ച്ചവെയ്ച്ചു. എന്നാല്‍ കൃഷ്ണന്‍, അര്‍ജ്ജുനന്‍, തുടങ്ങിയ വേഷങ്ങള്‍ കൈകാര്യം ചെയ്ത കലാമണ്ഡലം വിദ്യാര്‍ത്ഥികളുടെ പ്രവൃത്തികണ്ടിട്ട് അവര്‍ ഇതിനുമുന്‍പ് ഈ കഥ അവതരിപ്പിച്ചു കണ്ടിട്ടുപോലും ഇല്ല എന്നുതോന്നി. രംഗത്ത് ചെന്നാല്‍ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് ഇവര്‍ മനസ്സിലാക്കികൊണ്ടുപോന്നില്ല എന്നത് കുട്ടികളുടെ പിഴവ്. എന്നാല്‍ ഇതൊന്നും പറഞ്ഞുകൊടുക്കാതെ ഇവരെ വേഷംകെട്ടിച്ച് അരങ്ങിലേക്കയച്ച ആശാന്മാരുടെ പിഴവാണ് അതിലും വലുതെന്നുതോന്നുന്നു.
.
ആദ്യഭാഗത്തില്‍ ചെണ്ട കൈകാര്യംചെയ്തിരുന്നത് ശ്രീ കലാനിലയം കുഞ്ചുണ്ണി, കലാമണ്ഡലം ശിവദാസന്‍, കലാമണ്ഡലം ബാലസുന്ദരന്‍ എന്നിവരായിരുന്നു. പരസ്പരം ഒരുചേര്‍ച്ചയുമില്ലാതെ കൊട്ടിയിരുന്ന ഇവര്‍ മുദ്രക്കുകൂടുന്നതോ പോകട്ടെ കലാശങ്ങള്‍ക്കുപോലും ശരിയായി കൊട്ടിയിരുന്നില്ല. ശ്രീ കലാമണ്ഡലം രാമന്‍‌കുട്ടി, ശ്രീ കലാമണ്ഡലം ഹരിദാസന്‍ എന്നിവരായിരുന്നു മദ്ദളത്തിന്.
.
.
ശ്രീ പത്മഭൂഷണ്‍ കലാമണ്ഡലം രാമന്‍‌കുട്ടിനായരാണ് ശിശുപാലവേഷമിട്ടത്. തന്റെ വാര്‍ദ്ധ്യക്യകാലത്തിന്റെ അവശതകളിലും അദ്ദേഹം ആത്മാര്‍ത്ഥമായ പ്രകടനമാണ് അരങ്ങില്‍ കാഴ്ച്ചവെച്ചത്. ശിശുപാലന്റെ ഇരുന്നാട്ടം ഇവിടെ ആടിയില്ല. രാമന്‍‌കുട്ടിനായരാശാന്റെ സമ്പൃദായത്തില്‍ ഇത് പതിവുമില്ലല്ലോ. പതിവുപോലെ ഹസ്തിനപുരിയിലെ യാഗശാലയിലെത്തിയ ശിശുപാലന്‍, യാഗശാല കണ്ട്, ഉള്ളില്‍ പ്രവേശിക്കുന്നതും. ശ്രീകൃഷ്ണനെ അഗ്രപൂജക്കിരുത്തിയിരിക്കുന്നതു കണ്ട്, കൃഷ്ണനെ കളിയാക്കുകയും ചെയ്യുന്ന ആട്ടങ്ങളാണ് ഇദ്ദേഹം ചെയ്തത്.
.
.
ശ്രീ കലാമണ്ഡലം ഉണ്ണികൃഷ്ണനും(ചെണ്ട), ശ്രീ കോട്ടക്കല്‍ രവിയും ചേര്‍ന്ന് ഈ ഭാഗത്തെ മേളം ഭംഗിയായി കൈകാര്യം ചെയ്തിരുന്നു.
.
ഈ കളിക്ക് ശ്രീ കലാമണ്ഡലം മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരി, ശ്രീ കലാമണ്ഡലം മോഹനകൃഷ്ണന്‍, ശ്രീ സദനം ശ്യാമളന്‍ എന്നിവരായിരുന്നു പാടിയിരുന്നത്. ശ്രീ കലാമണ്ഡലം ശിവരാമന്‍, ശ്രീ കലാമണ്ഡലം ശിവദാസന്‍ എന്നിവരായിരുന്നു ചുട്ടിക്ക്. മഞ്ജുതര, മാങ്ങോടിന്റെ ചമയങ്ങളുപയോഗിച്ച് അണിയറകൈകാര്യം ചെയ്തിരുന്നത് ശ്രീ അപ്പുണ്ണിതരകന്‍, ശ്രീ ബാലന്‍, ശ്രീ കുഞ്ചന്‍, ശ്രീ മുരളി, ശ്രീ കുട്ടന്‍ എന്നിവരായിരുന്നു.

20 അഭിപ്രായങ്ങൾ:

nair പറഞ്ഞു...

മണീ. നങ്ങൾ ൈധര്യമായി വിമർശിക്കുന്നു. ചില ഭ്റാന്തർ താങ്കെള ശത്റുവായി കാണും.

കപ്ലിങ്ങാട്‌ പറഞ്ഞു...

പ്രിയപ്പെട്ട മണീ, ത്രികാലത്തിന്‌ ഈയുള്ളവനും വന്നിരുന്നു. മണിയുണ്ടെന്ന് (മണിയാണെന്നും :-) ) അറിഞ്ഞിരുന്നെങ്കിൽ തീർച്ചയായും പരിചയപ്പെടാമായിരുന്നു. ഒന്നും മൂന്നും ദിവസങ്ങളിലാണ്‌ ഞാൻ വന്നത്‌. മുൻ നിരയിൽ ഒരു Handicam-ഉം പിടിച്ച്‌ കളി കാണുന്ന ഒരാളെ മണി ശ്രദ്ധിച്ചുവോ? ഉണ്ടെങ്കിൽ - അത്‌ ഞാനായിരുന്നു !

കലാകാരന്മാർ അരങ്ങ്‌ നിറയ്ക്കുന്നത്‌ പല കാരണങ്ങൾ കൊണ്ടാകാം:
(1) ചില കൂട്ടർ സ്വന്തം പുരാണ ജ്ഞാനം പ്രദർശിപ്പിക്കാൻ വേണ്ടി അരങ്ങ്‌ നിറയ്ക്കും.
(2) ചിലർ ആത്മാർത്ഥമായി കഥയും ഉപകഥകളും വിസ്തരിച്ച്‌ പറയാൻ ശ്രമിക്കും. ഇവർക്ക്‌ കൂത്തിന്റേയും സംബന്ധ കലാരൂപങ്ങളായ പാഠകം, കൂടിയാട്ടം എന്നിവയുടേയും സ്വാധീനം കുറച്ചു കൂടിയതു കൊണ്ടാണോ ഇങ്ങനെ ചെയ്യുന്നതു എന്ന് തോന്നിപ്പോകും.
(3) ഉന്നതനായ കലാകാരൻ സദസ്സിന്റെ മുഖം നോക്കാതെയാണ്‌ ആടുക. അവർ അവനവനു വേണ്ടിത്തന്നെയാണ്‌ വേഷമാടുക. പട്ടിക്കാംതൊടി ഉൽഭവത്തിലെ തപസ്സാട്ടത്തിൽ പത്ത്‌ തലയും ഹോമിക്കുന്നത്‌ വിസ്തരിച്ചാടിയിരുന്നത്രെ.

ഇതിലേതു വിഭാഗത്തിലാണ്‌ നെല്ലിയോട്‌ എന്നു മാത്രം അറിയില്ല.

ജരാസന്ധന്റെ അവസാന ഭാഗങ്ങൾ ഇത്തിരി ധൃതി കൂട്ടിയത്‌ ക്ഷീണം കൊണ്ട്‌ മാത്രമല്ല. രാമൻകുട്ടി നായരാശാൻ കുറച്ചു നേരമായി വേഷം കെട്ടി തയ്യാറായി നിൽക്കുകയായിരുന്നല്ലൊ. അണിയറയിൽ നിന്ന് അരങ്ങത്തേക്ക്‌ ഈ സന്ദേശം വന്നിരുന്നു :-)

വടക്കൻ രാജസൂയത്തിന്റെ സാഹിത്യം വളരെ മോശമാണ്‌. കൂടാതെ തെക്കൻ രാജസൂയത്തിലുള്ളതു പോലെ ജരാസന്ധന്‌ കത്തിയും ശിശുപാലന്‌ ചുവന്നാടിയും ആണ്‌ കൂടുതൽ ചേരുക. കുട്ടിരാമപണിക്കർ, കവളപ്പാറ, നാണു നായർ, രാമൻകുട്ടി നായർ, തുടങ്ങിയ പ്രഗൽഭ നടന്മാരുടെ ശോഭയിൽ ഈ ന്യൂനതകൾ അത്ര പുറത്തു കണ്ടിരുന്നില്ലെന്നു മാത്രം. ഇനിയുള്ള വേഷക്കാർ തെക്കൻ രാജസൂയം കൂടി അഭ്യസിച്ച്‌ ആടേണ്ടതാണെന്ന്‌ തോന്നാറുണ്ട്‌.

എന്റെ ഇനിയുമുള്ള ത്രികാല ചിന്തകളും മറ്റു കഥകളി ചിന്തകളും പങ്കു വെക്കാൻ ഒരു കഥകളി ബ്ലോഗ്‌ ഞാനും തുടങ്ങിയാലോ എന്നാലോചിക്കുകയാണ്‌. പൂർവ്വസൂരികളായ നിങ്ങളുടെയെല്ലാം അനുഗ്രഹം വേണം :-)

മണി,വാതുക്കോടം. പറഞ്ഞു...

@ nair ,
കാണട്ടെ......എനിക്ക് ആരോടും ശത്രുതയില്ല.

@ കപ്ലിങ്ങാട്,
Handicam-ഉം പിടിച്ച്‌ കളി കാണുന്ന ഒരാളെ ഞാനും അവിടെ കണ്ടതായി ഓര്‍ക്കുന്നു. അറിഞ്ഞിരുന്നെങ്കിൽ തീർച്ചയായും പരിചയപ്പെടാമായിരുന്നു.
*
താങ്കള്‍ പറഞ്ഞതില്‍ രണ്ടാമത്തെ വിഭാഗത്തിലാണ് നെല്ലിയോടിനെ വരുന്നതെന്നാണ് തോന്നുന്നത്. ഇദ്ദേഹം പാഠകവും മറ്റും വശമാക്കിയിട്ടുണ്ട്. അരങ്ങിലവതരിപ്പിക്കുന്നില്ലായെങ്കിലും ഈ വകയൊക്കെ അദ്ദേഹം ഇപ്പോഴും കുട്ടികളെ പഠിപ്പിച്ചുവരുന്നുമുണ്ട്. തെക്കന്‍ തിരുവിതാകൂറിലെ അരങ്ങുകളില്‍ അധികകാലം കഴിച്ചുകൂട്ടിയതും ഇദ്ദേഹത്തില്‍ ഈ ശീലം വരുവാന്‍ കാരണമായിട്ടുണ്ടെന്നു തോന്നുന്നു. അവിടങ്ങളിലെ ആസ്വാദകര്‍ ചൊല്ലിയാട്ടത്തിലും അധികമായി ആട്ടത്തില്‍ കമ്പമുള്ളവരാണെന്ന് തോന്നുന്നു. കഥകളി കാണാന്‍ പോകുന്നു എന്നതിന്റെ സ്ഥാനത്ത് ‘ആട്ടം’ കാണാന്‍ പോകുന്നു എന്നാണ് അവര്‍ പറയുകതന്നെ.
*
ശരിയാണ്, അണിയറയിൽ നിന്ന് അരങ്ങത്തേക്ക്‌ ആ സന്ദേശം വന്നതും ജരാസന്ധന്റെ അവസാന ഭാഗങ്ങൾ ധൃതി കൂട്ടിയതിന് ഒരു കാരണമാണ്.
*
ഹേയ്....ഇത് അലോചിക്കാനെന്തിരിക്കുന്നു? തുടങ്യാ വേഗം. താങ്കളേപോലെ ഉള്ളവര്‍ എന്തേ ഇതുവരെ ബ്ലോഗ് രംഗത്തേക്ക് വരാത്തതെന്തെ അന്നാണ് ഞാന്‍ ആലോചിക്കുന്നത്.
താങ്ങളുടെ ഉദ്യമത്തിന് എല്ലാവിധ ശുഭാശംസകളും നേരുന്നു.

വികടശിരോമണി പറഞ്ഞു...

മണീ,നന്നായി എഴുതിയിരിക്കുന്നു.ത്രികാലത്തിൽ ഞാനുമുണ്ടായിരുന്നു.
രാമൻ‌കുട്ടിയാശാൻ ശിശുപാലൻ നന്നായി ചെയ്തു.പക്ഷേ,അതു കഴിഞ്ഞ് അദ്ദേഹം ക്ഷീണിച്ചുകിടക്കുന്ന അണിയറയിലെ ദൃശ്യം കണ്ടപ്പോൾ ആ സന്തോഷം പോയിക്കിട്ടി.
രാജസൂയത്തിന്റെ രണ്ടു പാഠങ്ങൾക്കും അതൈന്റേതായ മനോഹാരിതയുണ്ടെന്നുതോന്നുന്നു.
കപ്ലിങ്ങാട്,ബ്ലോഗ് തുടങ്ങിയല്ലോ...പോസ്റ്റുകൾ വരട്ടെ...

വികടശിരോമണി പറഞ്ഞു...

പട്ടിക്കാംതൊടി ശിരസ്സുഹോമിക്കുന്നത് വിസ്തരിച്ചാടിയിരുന്നു എന്ന കപ്ലിങ്ങാടിന്റെ പരാമർശം മനസ്സിലായില്ല.ത്രിപുട നാലാം കാലത്തിലാണല്ലോ ശിരസ്സുകൾ രാവണൻ ഹോമിക്കുന്നത്.ആ തപസ്സാട്ടത്തിന്റെ ഘടനാശിൽ‌പ്പം കപ്ലിങ്ങാടിന്റെ കാലത്ത് രൂപം കൊണ്ടതാണു താനും.രാവുണ്ണിമേനോനാശാനിലെത്തുമ്പോഴേക്കും അതിന് നിയതമായ രൂപം വന്നിരുന്നു താനും.പിന്നെയെങ്ങനെയാണ് വിസ്തരിക്കാനവസരം?മനസ്സിലാകുന്നില്ല.

മണി,വാതുക്കോടം. പറഞ്ഞു...

@ വികടശിരോമണി,
താങ്കളുടെ സ്ഥലം പാലക്കാടായതുകൊണ്ട് ത്രികാലത്തിന് ഉണ്ടാകും എന്ന് ഞാനും കരുതി. എന്നിട്ടെന്തേ ബ്ലോഗില്‍ പോസ്റ്റോന്നും കാണാഞ്ഞത്? കളികഴിഞ്ഞ് ക്ഷീണിതനായി ആശാന്‍ അണിയറയില്‍ കിടക്കുന്നത് ഞാനും കണ്ടിരുന്നു. ഒരുതരത്തില്‍ ആലോചിച്ചാല്‍, വിശ്രമജീവിതം നയിക്കേണ്ട ഈ ജീവിതസായാഹ്നത്തില്‍ അദ്ദേഹത്തെകൊണ്ട് വേഷം കെട്ടിക്കുന്നത് ദ്രോഹമാണെന്ന് തോന്നുകയും ചെയ്തു.

കപ്ലിങ്ങാട്‌ പറഞ്ഞു...

വികടാ, കേട്ടറിവാണ്‌. ഇപ്പോഴത്തെ രാവണന്മാർ 3 തലയോ മറ്റോ വിസ്തരിച്ചു ഹോമിക്കുന്നതു കാണിച്ച ശേഷം 10 വരെയുള്ള തലകൾ ഝടു-പിടും എന്ന് ഹോമിച്ചു തീർക്കുമല്ലൊ. പട്ടിക്കാംതൊടി 10 തലയും വിസ്തരിച്ചു ഹോമിക്കുന്നതു ആടിയിരുന്നത്രെ. ചിലർക്കത്‌ വിരസമായും തോന്നിയിരുന്നു, പക്ഷേ ആശാൻ അത്‌ കാര്യമാക്കിയിരുന്നില്ല.

കീഴ്പടത്തിന്റെ തപസ്സാട്ടത്തിനാണെന്നാണെന്റെ ഓർമ്മ (ഞാൻ കണ്ടിട്ടില്ല, കേട്ടു കേൾവി മാത്രം - വി.ശി. കണ്ടിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന്റെ തപസ്സാട്ടത്തിനെപ്പറ്റി ഒന്നു വിശദീകരിക്കാമോ?) - പത്തു തലയും ഹോമിക്കുന്നതു പത്ത്‌ താളക്രമത്തിലായിരുന്നത്രെ !

രാമൻ കുട്ടി ആശാന്റെ കളി കഴിഞ്ഞ്‌ അണിയറയിൽ വന്ന് നോക്കിയപ്പോൾ കുറേ പേർ ചുറ്റും കൂടി നിൽക്കുന്നത്‌ കണ്ടു, അതു കൊണ്ട്‌ ഞാൻ അടുത്ത്‌ പോയി നോക്കിയില്ല.അദ്ദേഹം ക്ഷീണിച്ച്‌ കിടക്കുകയായിരുന്നെന്ന്‌ അറിഞ്ഞില്ല. കഷ്ടം ! ആശാന്‌ ഇപ്പോഴും ആടാൻ നല്ല ഉത്സാഹമാണ്‌, അത്‌ നമ്മൾ ചൂഷണം ചെയ്യുകയാണോ?

വി.ശി.യേയും പരിചയപ്പെടാൻ സാധിക്കാഞ്ഞതിൽ ദു:ഖമുണ്ട്‌. അപ്പോഴേക്കും ബ്ലോഗ്‌ ഉണ്ടാക്കിയ കാര്യം കണ്ടുപിടിച്ചു അല്ലേ? മിടുക്കൻ ! അതേ, ബ്ലോഗ്‌ ഉണ്ടാക്കി, നല്ല മുഹൂർത്തം നോക്കി പേരും ഇട്ടു. പോസ്റ്റ്‌ വരാൻ സമയമെടുക്കും. പണിത്തിരക്കൊഴിഞ്ഞ സമയമില്ല :-(

വികടശിരോമണി പറഞ്ഞു...

കപ്ലിങ്ങാട്,
ത്രിപുട മൂന്നാംകാലത്തിന്റെ അവസാനത്തിൽ ആദ്യശിരസ്സ് ഹോമിച്ച്,ബാക്കി എട്ടുശിരസ്സുകൾ ത്രിപുടനാലാം കാലത്തിൽ ഹോമിക്കുക എന്നതാണ് തപസ്സാട്ടത്തിന്റെ കളരിപ്രകാരം.അടിസ്ഥാനപരമായി,തപസ്സാട്ടത്തിന്റെ ചാരുത തന്നെ,പിരമിഡിക്കലായി കൂർത്തുവരുന്ന താളപ്രരോഹത്തിലധിഷ്ഠിതമായി ചിട്ടപ്പെടുത്തപ്പെട്ട ഘടനയിലാണല്ലോ.നാലാം കാലം ത്രിപുടയുടെ തീഷ്ണസൌന്ദര്യത്തിലാണ് ആ ശിരസ്സുഹോമിക്കലിന് ഭംഗിലഭിക്കുന്നത്.ഇതു വ്യക്തമായി അറിയാവുന്ന ആളുകളിൽ പ്രഥമഗണനീയൻ തന്നെ പട്ടിക്കാംതൊടിയായിരിക്കും.അദ്ദേഹം അവിടെ ‘വിസ്തരിച്ചു’എന്ന് വിശ്വസിക്കാനാവുന്നില്ല.അതിനൊരു സാധ്യതയുമില്ല.
കീഴ്പ്പടം ചെയ്തിരുന്ന ശിരസ്സുഹോമിക്കലിനുണ്ടായിരുന്ന സവിശേഷത,താളമിടഞ്ഞുചെയ്യുന്ന ശിരസ്സറുക്കലായിരുന്നു.ജന്മനാ താളമൂർത്തിയായതിനാൽ അതിന് ഒരു രസവുമുണ്ടായിരുന്നു. “തത്തധീം തത്തധീം തത്തത്തത്തധീം”എന്നു വരുന്ന ത്രിപുടയുടെ രണ്ടാം ഇടയിൽ ഒരു ശിരസ്സ്,അടുത്ത ശിരസ്സ് മൂന്നാം ഇടയിൽ-അങ്ങനെ.അനുകരിക്കാൻ ബുദ്ധിമുട്ടാണത്.ഒരു രസം എന്നതിലപ്പുറം വലിയ അർത്ഥം അതിനുണ്ടെന്ന് എനിക്കഭിപ്രായമില്ല.
“അമ്മയുടെ കണ്ണുനീർമാല്യങ്ങൾ എന്റെ മനസ്സിൽ വന്നു വീണു”തുടങ്ങിയ കാവ്യാത്മക ആട്ടങ്ങൾ തപസ്സാട്ടത്തിൽ കൂട്ടിച്ചേർക്കലും ആശാന്റെ പതിവായിരുന്നല്ലോ.അതൊരു അനുഭവം നൽകുന്നതായി തോന്നിയിട്ടില്ല.അതേ കീഴ്പ്പടം തന്നെ,രണ്ടു പേരെ ഒന്നിച്ച് തപസ്സാട്ടമാടിക്കുക എന്ന സാഹസത്തിനും മുൻ‌കൈയെടുത്തു എന്നോർക്കുക.നൃത്തശിൽ‌പ്പമെന്ന നിലക്കും നൃത്യശിൽ‌പ്പമെന്ന നിലക്കും തപസ്സാട്ടത്തിനുള്ള സാധ്യതകളെ ആശാൻ ചിന്തിച്ചിട്ടുണ്ടെന്നർത്ഥം.
എന്റെ ആദ്യ പോസ്റ്റുകൾ കീഴ്പ്പടത്തെക്കുറിച്ചാണ്,വായിച്ചുവോ?

കപ്ലിങ്ങാട്‌ പറഞ്ഞു...

വി.ശി., അങ്ങു പറയുന്നതിൽ - അതായത്‌ പട്ടിക്കാംതൊടിയ്ക്ക്‌ പകർന്ന് കിട്ടിയ കളരി പാഠവും അദ്ദേഹം ശിഷ്യർക്ക്‌ നൽകിയ പാഠവും തമ്മിൽ വ്യത്യാസമില്ല എന്നതിൽ - കഴമ്പുണ്ടാകാം. ഇതിനെപ്പറ്റി കൂടുതൽ വിവരങ്ങൾ ചോദിച്ച്‌ മനസ്സിലാക്കാൻ ഇതെന്നോടു പറഞ്ഞ എന്റെ മുത്തശ്ശൻ ഇന്നില്ല. അദ്ദേഹം മേനോന്റെ വേഷം കൊടുങ്ങല്ലൂർ ഭാഗവതർ കുഞ്ഞുണ്ണി തമ്പുരാന്റെ ഒപ്പം മുതൽ കണ്ടിട്ടുള്ളയാളായിരുന്നു.

കീഴ്പടത്തെക്കുറിച്ചങ്ങെഴുതിയ ലേഖനം ഞാൻ വായിച്ചിരുന്നു, അതാണല്ലൊ അങ്ങയോട്‌ തന്നെ വിശദീകരിക്കാൻ അപേക്ഷിച്ചത്‌ :-)

വികടശിരോമണി പറഞ്ഞു...

കപ്ലിങ്ങാട്,
പട്ടിക്കാംതൊടിക്കു ലഭിച്ച കളരിപാഠവും ശിഷ്യർക്കദ്ദേഹം പകർന്നു നൽകിയ കളരിപാഠവും തമ്മിൽ വ്യത്യാസങ്ങളില്ല എന്നു ഞാൻ പറഞ്ഞില്ല.കൊടുങ്ങല്ലൂർ കളരിക്കു ശേഷമുള്ള രാവുണ്ണിമേനോന്റെ സമൂലമായ,രസാധിഷ്ഠിതമായ മാറ്റം,തീർച്ചയായും കളരിയിലും സ്വാധീനിച്ചിരിക്കണം.തപസ്സാട്ടത്തിന്റെ കാര്യത്തിൽ,ആ താളപ്രരോഹഘടന അതിനു മുൻപും അങ്ങനെത്തന്നെയായിരുന്നു എന്നതിനു തെളിവായി എനിക്കാകെ നൽകാനാവുക വി.പി.രാമകൃഷ്ണന്റെ ഉൽഭവമാണ്.കൊടുങ്ങല്ലൂർ കളരിക്കു മുൻപുള്ള പട്ടിക്കാംതൊടിക്കളരിയുടെ അവശേഷിച്ചിരുന്ന രൂപം അദ്ദേഹത്തിന്റേതുമാത്രമാണല്ലോ.സമാരോഹത്തിലുണ്ട്,രാമകൃഷ്ണന്റെ ഉൽഭവം-കണ്ടുനോക്കുക.അടിസ്ഥാനപരമായ താളവ്യവസ്ഥയിലോ,കാലം മാറുന്ന സ്ഥലങ്ങളിലോ മാറ്റമൊന്നുമില്ല,എന്നാൽ ഭാവപ്രധാനമായ സ്ഥലങ്ങളിൽ സൂക്ഷ്മമായ മാറ്റങ്ങളുണ്ടുതാനും.അതുസൂചിപ്പിക്കുന്നത്,ത്രിപുടയുടെ നാലുകാലങ്ങളിലൂടെ സഞ്ചരിച്ച് ചെമ്പടയിലേക്ക് അഭിസംക്രമിക്കുന്ന തപസ്സാട്ടത്തിന്റെ രൂപശിൽ‌പ്പത്തിന് മുൻപുതന്നെ ഈ ഘടന വന്നിരുന്നു എന്നാണല്ലോ.ഇതേ താളശിൽ‌പ്പത്തിലുള്ള,അഴകിയ രാവണന്റെ ‘ഹിമകരഹിമഗർഭാ’എന്ന ശ്ലോകത്തിന്റെ ആട്ടക്രമവും നോക്കുക.
ഇവയെല്ലാം പ്രത്യക്ഷമാക്കുന്നത്,കപ്ലിങ്ങാടിന്റെ പരിഷ്കരണങ്ങളിൽ നിന്നുതന്നെയാണ് ഈ ആട്ടങ്ങളുടേയും അവയുടെ ആരോഹണക്രമത്തിന്റെയും ഉദയം എന്നുതന്നെയല്ലേ?
പിന്നെ,കീഴ്പ്പടം ചെയ്തതും കുറുപ്പുപാടിയതുമൊക്കെ പലപ്പോഴും പൊതുനിയമവ്യവസ്ഥകൾക്കനുസരിച്ചായിരുന്നില്ലല്ലോ.എന്നിട്ടും നാം അവയിൽ വ്യാമുഗ്ധരാകുന്നത് അവരുടെ ഉന്നതോഷ്മാവിലുള്ള പ്രതിഭാവിലാസം കൊണ്ടുതന്നെ.

കപ്ലിങ്ങാട്‌ പറഞ്ഞു...

വി.ശി., കളരി പാഠത്തിലെ വ്യത്യാസത്തെക്കുറിച്ച്‌ ഞാൻ പരാമർശിച്ചത്‌ തപസ്സാട്ടത്തിന്റെ കാര്യത്തിൽ മാത്രമാണ്‌ (രസാധിഷ്ഠിതമായ മാറ്റമല്ല, ആട്ടക്രമത്തിലെ മാറ്റമാണ്‌ ഞാൻ ഉദ്ദേശിച്ചതും). എന്തായാലും കൂടുതൽ വിശദീകരണം നൽകാൻ അദ്ദേഹം - എന്റെ മുത്തശ്ശൻ - ഇല്ലാതെ പോയി :-(

തേക്കിങ്കാട്ടിൽ രാവുണ്ണി നായർ (വി.പി. രാമകൃഷ്ണന്റെ ഗുരു) കൊടുങ്ങല്ലൂർ പരിഷ്കാരങ്ങൾ സ്വീകരിച്ചിരുന്നില്ലെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. അദ്ദേഹവും രാവുണ്ണി മേനോന്റെ കൂടെ കൊടുങ്ങല്ലൂരിലെ പഠനത്തിന്റെ അവസാന സമയത്തുണ്ടായിരുന്നല്ലൊ.

ഞാൻ പറയാനുദ്ദേശിച്ചതിതാണ്‌. തപസ്സാട്ടമായാലും മറ്റു ചില വേഷമായാലും രാവുണ്ണി മേനോന്റെ വേഷം ചിലർക്ക്‌ വിരസമായി തോന്നിയിരുന്നു. എങ്കിലും അദ്ദേഹം അത്‌ ലവലേശം കാര്യമാക്കിയിരുന്നില്ല. നാട്യയോഗിയായിരുന്ന അദ്ദേഹം അവനവനു വേണ്ടിത്തന്നെയാണ്‌ ആടിയിരുന്നത്‌.

വികടശിരോമണി പറഞ്ഞു...

ഇതു കറക്റ്റ്,കപ്ലിങ്ങാട്.

VAIDYANATHAN, Chennai പറഞ്ഞു...

എത്രയും പ്രിയപെട്ട മണിക്ക്, നമസ്കാരം.നമ്മൾ ഒരുമിച്ചു ഇരുന്നാണല്ലോ ത്രികാലം മുഴുവൻ കണ്ട്ത്. As usual, ആ അനുഭവവും മറക്കാൻ ആവാത്തതായി. വികടശിരോമണിയും കപ്ലിങ്ങാടും ഒക്കെ അവിടെ ഉണ്ടായിട്ടും ഒന്നു കാണാനോ പരിചയപ്പെടാനോ കഴിയാത്തതിൾ എനിക്കും വളരെയെറെ നിരാശയും ദുഖവും ഉണ്ട്. ‘ആ‍ ഹാൺണ്ടികാം’ പിടിച്ച ആൾ‌ മുൺ നിരയിൽ എൻ‌റ്റെ ഇടതു വശത്തു തന്നെ ‘ധനാശി’ വരെ ഇരിപ്പ് ഉണ്ടായിരുന്നു.
ഇനി കളിയെ കുറിച്ച്...... കേരളീയ അടിസ്ഥാന താളങ്ങളായ ചെമ്പട, പഞ്ചാരി, അടന്ത, ചമ്പ, ത്രിപുട എന്നിവയുടെ വിളമ്പ, മദ്ധ്യ, ദ്രുത കാലങ്ങളേയും സോദാഹരിച്ചു കൊണ്ട് പ്രത്യേകം പ്രത്യേകമായി നടന്ന വിശകലന ചര്‍ച്ചകളും, ത്രിദിനങ്ങളിലായി നടന്ന ത്രികാലത്തെ ആസ്വാദ്യമാക്കി. “തെക്കന്‍ തിരുവിതാകൂറിലെ ആസ്വാദകര്‍ ചൊല്ലിയാട്ടത്തിലും അധികമായി ആട്ടത്തില്‍ കമ്പമുള്ളവരാണെന്ന് തോന്നുന്നു. കഥകളി കാണാന്‍ പോകുന്നു എന്നതിന്റെ സ്ഥാനത്ത് ‘ആട്ടം’ കാണാന്‍ പോകുന്നു എന്നാണ് അവര്‍ പറയുകതന്നെ“....എന്നാണല്ലോ മണിയുടെ വൈക്ലബ്ബ്യം. ‘ആട്ടം’ കാണാത്തതിന്റെ കുഴപ്പം മണിയുടെ ഈ ‘രാജസൂയം’ ബ്ലോഗിൾ‌ തന്നെ ഉണ്ടല്ലോ! “ഇന്ദ്രപ്രസ്ഥത്തില് രാജസൂയം നടത്തുന്നതിന്റെ ഭാഗമായി പാണ്ഡവര് ശത്രുരാജാക്കന്മാരേ നശിപ്പിക്കുവാന് തീരുമാനിച്ചു“. രാജസൂയം നടത്തുന്നതു ശത്രുരാജാക്കന്മാരേ നശിപ്പിക്കുവാൺ വേണ്ടിയല്ല, മറിച്ച് ‘തന്നെ’ ചക്രവർത്തിയായി മറ്റു സാമന്ത രാജാക്കന്മാരെ കൊണ്ട് അങ്ങീകരിപ്പിക്കുകയാൺ. “മഗഥരാജാവും ദുഷ്ടനുമായ ജരാസന്ധനെ വകവരുത്തുവാനായി ശ്രീകൃഷ്ണനിര്‍ദ്ദേശാനുസ്സരണം ഭീമാര്‍ജ്ജുനന്മാര്‍ ശ്രീകൃഷ്ണനോടോപ്പം ബ്രാഹ്മണവേഷധാരികളായി ജരാസന്ധസമീപം എത്തുന്നു“. വകവരുത്തുക മാത്രം അല്ല....... ജരാസന്ധൺ കാരാഗ്രഹത്തിലാക്കീട്ടുള്ള 900ഓളം രാജാക്കന്മാരെ മോചിപ്പികാനും വെണ്ടിയാണു.പിന്നെ.........”ശ്രീ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി ജരാസന്ധനെ നന്നായി അവതരിപ്പിച്ചു. എന്നാല്‍ ഇദ്ദേഹത്തില്‍ സ്വതേ കാണുന്ന അരങ്ങില്‍ ആടിനിറയ്ക്കുന്ന സ്വഭാവം ഇവിടെയും കണ്ടു. ജരാസന്ധന്റെ തന്റേടാട്ടത്തില്‍ ജരാസന്ധന്റെ പൂര്‍വ്വകഥയും, ഗോപുരദ്വാരത്തില്‍ വെച്ചിരിക്കുന്ന മൂന്ന് പെരുമ്പറകളുടെ കഥയും, ബ്രാഹ്മണരോടായി ‘നിങ്ങള്‍ എന്റെ ഭൃത്യരെ ഭയപ്പെട്ടതെന്തിന്? എന്റെ ഭൃത്യര്‍ വിഷ്ണുവിന്റെ കാവല്‍ക്കാരേപോലെ വിവരമില്ലാത്തവരല്ല‘ എന്നു പറഞ്ഞുകൊണ്ട് വിഷ്ണുഭൃത്യരായ ജയവിജയന്മാര്‍ക്ക് സ്പ്തര്‍ഷികളില്‍ നിന്നും ശാപമേറ്റ കഥയും, ബ്രാഹ്മണന്‍ ദാനം ആവശ്യപ്പെടുന്നവേളയില്‍ പണ്ട് ബ്രാഹ്മണന് ദാനംചെയ്യാമെന്ന് സത്യം ചെയ്‌ത് അബദ്ധം പിണഞ്ഞ മഹാബലിയുടെ കഥയും, ഇദ്ദേഹം സവിസ്തരം ആടുകയുണ്ടായി“. ഈ കഥകളിൾ എവിടെയാണു, എന്താണു, എങ്ങിനെയാണ് ‘കുറക്കേണ്ടത്’ എന്നു മണി മനസ്സിലാക്കി തന്നാൾ കൊള്ളാം. പിന്നെ...... വിഷ്ണുഭൃത്യരായ ജയവിജയന്മാര്‍ക്ക് സ്പ്തര്‍ഷികളില്‍ നിന്നും ശാപമേറ്റ കഥയും.... മണി.... ജയവിജയന്മാര്‍ക്ക് ശാപമേറ്റത് സ്പ്തര്‍ഷികളില്‍ നിന്ന് അല്ല...... ബ്രമാവിന്റെ മാനസപുതന്മാരായ സനകാദി-നാലു മുനികുമാരൻ‌മാരിൾ നിന്നും ആണ്. (വെറുതെ ‘ആടക്കയും’ ‘തേങ്ങയും’ ..... ‘കൈ ഇടലും’ ‘കാൾ ഇടലും’ മാത്രം കണ്ടുകൊണ്ടിരുന്നാൾ പോരാ,.... മണി.... കുറെ ‘ആട്ടവും’ കാണണം). “ശ്രീ വെള്ളിനേഴി ഹരിദാസന്‍, ശ്രി കലാമണ്ഡലം ഹരി.ആര്‍. നായര്‍, ശ്രീ കലാമണ്ഡലം രവികുമാര്‍ എന്നിവര്‍ ബ്രാഹ്മണരായി വേഷമിട്ടു“. ശ്രീ കലാമണ്ഡലം രവികുമാര്‍ അല്ല....... ശ്രീ കലാമണ്ഡലം വൈശാഖ് ആണ് ‘അർജുനബ്രാമണനായി എത്തിയത്. (ശ്രീ കലാമണ്ഡലം വൈശാഖ്..... ശ്രീ കലാമണ്ഡലം രാജശേഖരന്റെ മകൺ ആണ്). എന്നാല്‍ കൃഷ്ണന്‍, അര്‍ജ്ജുനന്‍, തുടങ്ങിയ വേഷങ്ങള്‍ കൈകാര്യം ചെയ്ത കലാമണ്ഡലം വിദ്യാര്‍ത്ഥികളുടെ പ്രവൃത്തികണ്ടിട്ട് അവര്‍ ഇതിനുമുന്‍പ് ഈ കഥ അവതരിപ്പിച്ചു കണ്ടിട്ടുപോലും ഇല്ല എന്നുതോന്നി. രംഗത്ത് ചെന്നാല്‍ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് ഇവര്‍ മനസ്സിലാക്കികൊണ്ടുപോന്നില്ല എന്നത് കുട്ടികളുടെ പിഴവ്. എന്നാല്‍ ഇതൊന്നും പറഞ്ഞുകൊടുക്കാതെ ഇവരെ വേഷംകെട്ടിച്ച് അരങ്ങിലേക്കയച്ച ആശാന്മാരുടെ പിഴവാണ് അതിലും വലുതെന്നുതോന്നുന്നു......... മണി, വളരെ ശരി. കലാകാരന്മാർ അരങ്ങ്‌ നിറയ്ക്കുന്നത്‌ പല കാരണങ്ങൾ കൊണ്ടാകാം: തിരുമേനിയുടെ ഭാഷ്യം.....ഉന്നതനായ കലാകാരൻ സദസ്സിന്റെ മുഖം നോക്കാതെയാണ്‌ ആടുക. അവർ അവനവനു വേണ്ടിത്തന്നെയാണ്‌ വേഷമാടുക..... ഇതു തന്നെ ആകും .. തീർച. “തെക്കന്‍ തിരുവിതാകൂറിലെ അരങ്ങുകളില്‍ അധികകാലം കഴിച്ചുകൂട്ടിയതും ഇദ്ദേഹത്തില്‍ ഈ ശീലം വരുവാന്‍ കാരണമായിട്ടുണ്ടെന്നു തോന്നുന്നു. ” വടക്കർക്ക് ‘തിരുമേനിയെ’ പഥ്യം അല്ലാതാക്കി തീർതതും ഇതു തന്നെ. കളികഴിഞ്ഞ് ക്ഷീണിതനായി ആശാന്‍ അണിയറയില്‍ കിടക്കുന്നത് ഞാനും കണ്ടിരുന്നു. ഒരുതരത്തില്‍ ആലോചിച്ചാല്‍, വിശ്രമജീവിതം നയിക്കേണ്ട ഈ ജീവിതസായാഹ്നത്തില്‍ അദ്ദേഹത്തെകൊണ്ട് വേഷം കെട്ടിക്കുന്നത് ദ്രോഹമാണെന്ന് തോന്നുകയും ചെയ്തു. Correct. പക്ഷെ ‘പരവതാനി വിരിച്ച’ആ ‘വിദ്വാന്റെ’ കഴുത്തിൾ ആരു ‘മണി’ കെട്ടും. .......... എല്ലാവിധ ആശംസകളും നേർന്നുകൊണ്ട്...........

വികടശിരോമണി പറഞ്ഞു...

പ്രിയ വൈദ്യനാഥൻ,
താങ്കൾ കമന്റിന്റെ അവസാനഭാഗത്തെഴുതിയ കാര്യമൊന്നും മനസ്സിലായതേയില്ല.അത്യന്താധുനികകവിത പോലെയുണ്ട്.എന്താണീ ‘പരവതാനി’?ഏതാണാ ‘വിദ്വാൻ’?അയാൾക്കു മണികെട്ടിയാൽ പിന്നെ രാമൻ‌കുട്ടിയാശാനു ക്ഷീണമുണ്ടാകില്ലേ?
ഇനി മണിക്കു മാത്രം മനസ്സിലാവുന്ന എന്തെങ്കിലും കോഡായിരിക്കുമോ?
എന്തായാലും “ആട്ട”ത്തെപ്പറ്റിയുള്ള മണിയുടെ പരാമർശത്തിൽ പ്രകോപിതനായതുകൊണ്ട് തെക്കുള്ള കഥകളിപ്രേമിയാണോ?നെല്ലിയോട് ജരാസന്ധൻ ചെയ്യുമ്പോൾ ആടിനിറക്കുന്ന ആ കഥകളെല്ലാം വേണമെന്നില്ല,പാത്രസ്ഥായി ലഭിക്കുവാൻ.കൃത്യമായി ഒരു താളവട്ടത്തിനും മുദ്രകൾ തുടങ്ങുകയോ പൂർത്തിയാക്കുകയോ ചെയ്യാതെ,അരക്കെട്ടിനഭിമുഖമായി വികലമായ വിധത്തിൽ,മുദ്രകൾ കാണിക്കുന്നത് ഒരു വേഷത്തിനും ഭൂഷണമല്ല.അദ്ദേഹത്തിനു പ്രായത്തിന്റെ ക്ഷീണം പ്രകടമാണ്,മറ്റാരെക്കാളും തിരുമേനിക്കത് നന്നായറിയുകയും ചെയ്യാം.അപ്പോൾ മാന്യമായി ചെയ്യാവുന്നത്,ചെയ്യുന്ന വേഷങ്ങളിൽ ആവശ്യമായ ആട്ടങ്ങൾ മാത്രം ചെയ്ത്,ചെയ്യുന്നതിന് ഭംഗിയുണ്ടാക്കുകയാണ്.അതിനദ്ദേഹത്തെ സമ്മതിക്കാതിരിക്കുന്നത് കഷ്ടമാണ്.
ചെന്നെയിലായിട്ടും കഥകളി കാണാനായി കേരളത്തിൽ വരുന്നു,ല്ലേ?താങ്കളെപ്പറ്റി നായർ എനിക്കെഴുതിയിരുന്നു.പരിചയപ്പെടാനാവാത്തതിൽ എനിക്കും ഖേദമുണ്ട്.
(ഫോട്ടോ പഴയ മലയാളസിനിമയിലെ ഉമ്മറിനെപ്പോലെയുണ്ടല്ലോ:)

വികടശിരോമണി പറഞ്ഞു...

എന്റെ ബ്ലോഗിൽ കാക്കശ്ശേരിയെന്നൊരു അനോനി പണ്ടെഴുതിയ ശൈലിയാണല്ലോ ദൈവമേ ഈ “അടക്കയും തേങ്ങയും”.ഇനി ഈ വൈദ്യനാഥനോ ആ അനോനിപ്പുലി!!?

മണി,വാതുക്കോടം. പറഞ്ഞു...

@ VAIDYANATHAN,
മുന്‍പ് നമ്മള്‍ ഒരുമിച്ച് തലയോലപ്പറമ്പില്‍ കണ്ട രാജസൂയത്തിനെ കുറിച്ച് ഉള്ള പോസ്റ്റിലും ഏതാണ്ട് ഇതുപോലെ എഴുതിയിരുന്നു. അന്ന് സ്വാമി ഒന്നും പറഞ്ഞില്ല. ഇപ്പോള്‍ ‍തെക്കന്‍ തിരുവിതാകൂറിലെ ആസ്വാദകരെക്കുറിച്ച് പറഞ്ഞതുകാരണം സ്വാമി സജ്ജീവമായി മന്റിട്ടതിലും, തെറ്റുകള്‍ ചൂണ്ടികാട്ടിയതിലും സന്തോഷം. സ്വാമിപറഞ്ഞതുപോലെ ആട്ടം കാണാത്തതിന്റെ കുറവുകള്‍ എന്നില്‍ ഉണ്ടാവാം.

തിരുമേനിക്കു് കുറച്ചുകൂടെ മിതത്വം പാലിക്കാം. ആടിനിറക്കുന്നതിലല്ലല്ലോ കാര്യം ആടിയത് നിറയുന്നതുകൊണ്ട്(അനുഭവം വരുത്തുന്നതുകൊണ്ട്) അല്ലെ കാര്യം?

അതു രവികുമാറല്ലായിരുന്നു അല്ലെ? എനിക്ക് അറിയില്ലായിരുന്നു. ഞാന്‍ പ്രോഗാം നോക്കി പേര്‍ എഴുതിവിട്ടതാണ്.:)

അതു ശരിതന്നെ കുറേ ആട്ടവും കാണണം. എന്നാല്‍ അന്നു ഭരതന്‍ കെട്ടിയിരുന്ന ആളെപ്പോലെ അടക്കയും തേങ്ങയും ഇല്ലാതെ അരങ്ങില്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് ആടുന്നത് കഥകളിയോ? ആ കഥകളിത്തമില്ലാത്ത ആട്ടം ഇഷ്ടമില്ലായെന്നെ പറഞ്ഞുള്ളു. ആട്ടമേഇഷ്ടമില്ല എന്നു പറഞ്ഞില്ല.

പരവതാനി വിരിച്ച വിദ്വാന്റെ കാര്യം അയാള്‍ തന്നെ അന്നു പറഞ്ഞിരുന്നല്ലൊ.....‘ഒരു തലയുമില്ലാതെ’ ആണ് ഇതൊക്കെ പറയുന്നത് എന്ന്......
സ്വാമിക്ക് കെട്ടാന്‍ പറ്റുമെങ്കില്‍ “ഇനീ മണികെട്ടുക --------കുട്ടന്‍ മുദ്ര” (തന്നെ) എന്ന് മുദ്രകാണിക്കു. അല്ലെങ്കില്‍ കലാമണ്ഡലം മുദ്രകാണിച്ച് (എന്തെങ്കിലും ആയിക്കോട്ടെ) വിട്ടുകളയൂ.:-)

@വികടശിരോമണി,

കഥകളിക്ക് കമന്റ്രി പറയുന്ന ഒരു വിദ്വാനെ സഹിച്ച കഥയാണ് സ്വാമി പറഞ്ഞത്. ‘കൈകസി മധുവനത്തില്‍ പരവതാനിവിരിച്ച് രാവണനെ കിടത്തി’ എന്നും ‘രാവണന്‍ ഒരുതലയുമില്ലാതെ അറുത്ത് ഹോമിച്ചു എന്നും’ ഒക്കെ കംന്ററി പറയുന്ന ആ വിദ്വാനെ പാലക്കാട്ടുകാരനായ താങ്കള്‍ക്ക് അറിയാതിരിക്കാന്‍ കാര്യമില്ല.

പിന്നെ ആ‍ അനോനി കാക്കശ്ശേരി സ്വാമിയാണേന്ന് എനിക്ക് തോന്നുന്നില്ല. ‘അടക്കയും തേങ്ങയും’ പ്രയോഗം അവിടെ നിന്നും സ്വാമിക്കു കിട്ടിയതാകാനെ വഴീയുള്ളു.

അജ്ഞാതന്‍ പറഞ്ഞു...

eee vaidyanathan neelam kalakkiya vellathil veena kurukkan thanne. Chayam thelinju Swaroopam veliyil vannallo !

വികടശിരോമണി പറഞ്ഞു...

ഓഹോ!അങ്ങനെയാണല്ലേ!സംഘാടകനെ എനിക്കു മനസ്സിലായി,മണീ.
മണ്ണാർക്കാട് നടന്ന ഉൽഭവത്തിന്റെ കാര്യം സുഹൃത്തുക്കൾ പറഞ്ഞറിഞ്ഞിരുന്നു.അവിടേയും കളി കാണാൻ പോയോ?ത്രികാലത്തിന്റെ ദിവസങ്ങളിൽ തന്നെയായിരുന്നല്ലോ അതും.അവിടെപ്പിന്നെ എങ്ങനെയെത്തി?
ഈ വൈദ്യനാഥൻ ആളൊരു വി.കെ.എൻ.ആണല്ലേ!
അതിനിടയിൽ ഒരനോനി കയറിക്കളിക്കുന്നത് കണ്ടോ?

മണി,വാതുക്കോടം. പറഞ്ഞു...

മണ്ണാര്‍കാട്ട് ഒരു സുഹൃത്തിനൊപ്പം ഞാനും സ്വാമിയും പോയി. അന്ന് തൃകാലത്തിനുകൂടിയില്ല. കളിയെപറ്റി ഞാന്‍ ബ്ലോഗില്‍ ഇടുകയും ചെയ്തിരുന്നല്ലൊ. കമന്റ്രിയെ കുറിച്ച് അതില്‍ എഴുതിയില്ലായെന്നെയുള്ളു. വൈദ്യനാഥന്‍ സ്വാമി എത്രയോകാലമായി കളികണ്ടുനടക്കുന്ന ഒരു കളിഭ്രാന്തനാണ്. ശരിയാണല്ലൊ അനോകള്‍ എന്റെ ബ്ലോഗിലും!

Karuthedam പറഞ്ഞു...

ത്രികാലത്തെ പറ്റി TV യില്‍ നിന്നറിഞ്ഞു. വിദേശത്തായതിനാല്‍ വരാന്‍ പറ്റിയില്ല. എങ്കിലും താങ്കളുടെയും വികടശിരോമണി, കപ്ലിങ്ങാട്‌ തുടങ്ങിയവരുടെ മറുപടികളിലൂടെയും ത്രികാലത്തില്‍ വന്ന ഒരു പ്രതീതി ഉണ്ടായി.