സന്ദര്‍ശ്ശനിലെ കഥകളി അരങ്ങ്

‘ബാലേ വരിക’
2010 ജൂലൈ 2ന് അമ്പലപ്പുഴ സന്ദര്‍ശ്ശന്‍ കഥകളി വിദ്യാലയത്തിന്റെ 
ആഭിമുഖ്യത്തില്‍ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്ര നാടകശാലയില്‍ ഒരു പ്രത്യേക കളിയരങ്ങ് സംഘടിപ്പിക്കപ്പെട്ടു. ഈ കളിയുടെ പ്രായോജക രഞ്ജിനി നായര്‍,ദുബായ് ആയിരുന്നു. കോട്ടയത്തു തമ്പുരാന്റെ ബകവധം ആട്ടകഥയിലെ ഭീമനും ലളിത(ഹിഡിംബി)യുമായുള്ള രംഗമാണ്(ശൃഗാരപദം) ഇവിടെ ആദ്യം അവതരിപ്പിക്കപ്പെട്ടത്.
‘കോകിലാംഗനമാരുടെ’

‘കാലോചിതമായുള്ളതു കാന്താ കല്പിച്ചാലും‘
ഇതില്‍ ഭീമനായി വേഷമിട്ട കലാമണ്ഡലം ഷണ്മുഖനും 
ലളിതയായെത്തിയ കലാമണ്ഡലം വിജയകുമാറും നല്ല പ്രകടനം കാഴ്ച്ചവെച്ചിരുന്നു.
‘ചേവടി പണിയും നിന്റെ’
 കോട്ടയത്തു തമ്പുരാന്റെ കിര്‍മ്മീരവധം ആട്ടകഥയിലെ 
ലളിതയുടെ ഭാഗമാണ് തുടര്‍ന്ന് അവതരിപ്പിച്ചത്. തന്റെ ഭര്‍ത്താവിനെ വധിച്ച പാണ്ഡവരോട് പകരം വീട്ടുവാനായി, പാഞ്ചാലിയെ അപായപ്പെടുത്തണം എന്നുള്ള ലക്ഷ്യത്തോടെ സിംഹിക എന്ന രാക്ഷസി സുന്ദരീവേഷം ധരിച്ച് വരുന്നതാണ് ലളിത. സ്ഥായി, സഞ്ചാരി രസങ്ങള്‍ക്കുപുറമെ ഈ പ്രകടനമെല്ലാം കാപട്യമാണ് എന്ന് വെളിവാക്കുന്ന രീതിയിലുള്ള സൂക്ഷ്മാഭിനയവും ചെയ്യണം എന്നുള്ളതാണ് ലളിത വേഷത്തിന്റെ പ്രത്യേകത. ഇവിടെ ലളിതവേഷം കൈകാര്യം ചെയ്ത മാര്‍ഗ്ഗി വിജയകുമാര്‍ പ്രവേശം,നോക്കിക്കാണല്‍ മുതല്‍ തന്നെ സൂക്ഷ്മാഭിനയത്തോടുകൂടി തന്റെ വേഷം ഭംഗിയായി ചെയ്തിരുന്നു. എന്നാല്‍ പാഞ്ചാലിയുടെ നേരേനിന്ന് സംസാരിക്കുന്നവേളയിലും, അഭിസംഭോധന ചെയ്യുമ്പോളും മറ്റും  വരുത്തുന്ന ഭാവമാറ്റം ഉചിതമാണോ എന്നൊരു സംശയം ജനിച്ചു. പാഞ്ചാലിയുടെ ദൃഷ്ടിപെടാതെ-മറവില്‍- മാത്രമല്ലെ ലളിതയില്‍ ഈ ഭാവമാറ്റം പ്രകടമാകാവു. ചിട്ടപ്രധാനമായ ‘നല്ലാര്‍കുലമണിയും’ എന്ന പതിഞ്ഞപദവും നൃത്താഭിനയ പ്രധാനമായ ‘കണ്ടാലതിമോദം’ എന്ന ഇടക്കാലപദവും വിജയകുമാര്‍ ഭംഗിയായി തന്നെ അവതരിപ്പിച്ചിരുന്നു. ലളിതയില്‍ നിന്നും സിംഹികയിലേയ്ക്ക് ഭാവമാറ്റം വരുന്ന അന്ത്യഭാഗവും ഗംഭീരമായിതന്നെ അവതരിപ്പിച്ചിരുന്നു. ഈഭാഗത്ത് പെണ്‍‌കരിയുടെ സമ്പൃദായത്തിലുള്ള അലര്‍ച്ചയോടുകൂടി പാഞ്ചാലിയേ സമീപിക്കുന്ന രീതി വിജയകുമാറിന്റെ ഒരു സവിശേഷതയാണ്. ചുവപ്പ് തീരെ കുറച്ച് വെളുപ്പ് കൂടിയരീതിയിലായിരുന്നു വിജയന്റെ മുഖത്തുതേപ്പ്.
‘ലളിതയുടെ പ്രവേശം’
പാഞ്ചാലിയായെത്തിയ കലാനിലയം വിനോദ് 
പാത്രോചിതമായ രീതിയില്‍ തന്നെ അരങ്ങില്‍ വര്‍ത്തിച്ചിരുന്നു. വിനോദിന്റെ മുഖംതേപ്പും മനോഹരമായിരുന്നു.
‘നല്ല മൊഴികള്‍ കേള്‍ക്ക’

‘ഗതിജിത കളഭേ’
പത്തിയൂര്‍ ശങ്കരന്‍‌കുട്ടിയും കലാമണ്ഡലം ജയപ്രകാശും 
ചേര്‍ന്നായിരുന്നു പാട്ട്. ചിട്ടപ്രധാനവും പതിഞ്ഞതുമായ പദങ്ങള്‍ നന്നായിതന്നെ ഇവര്‍ ആലപിച്ചിരുന്നു. ലളിതയുടെ ഇടക്കാലത്തിലുള്ള ‘കണ്ടാലതിമോദം’ എന്ന പദം ഇവര്‍ കൂടുതല്‍ സംഗീതപ്രയോഗങ്ങളോടെയാണ് പാടാന്‍ ശ്രമിച്ചിരുന്നത്. എന്നാല്‍ നൃത്തത്തോടു കൂടിയുള്ള അഭിനയം അധികമായി വരുന്ന ഈ പദം താളാത്മകമായ പ്രയോഗങ്ങളോടെ പാടുന്നതാവും അരങ്ങില്‍ കൂടുതല്‍ യോജിപ്പാവുക. ഈ പദത്തിന്റെ അന്ത്യചരണം കാമ്പോജിയില്‍ നിന്നും അഠാണരാഗത്തിലേയ്ക്ക് മാറ്റിയാണ് ആലപിച്ചിരുന്നത്. ഈ ചരണം മുതലുള്ള അന്ത്യഭാഗത്തെ പാട്ടും ഏറ്റവും ഭംഗിയായിരുന്നു.
‘കണ്ടാലതിമോദം’
ചെണ്ടയും ഇടയ്ക്കയും കൈകാര്യം ചെയ്തിരുന്നത് കലാമണ്ഡലം 
ശ്രീകാന്ത് വര്‍മ്മ യായിരുന്നു.
‘കണ്ടു കണ്ടു ബത! മണ്ടീടുന്നു’
മദ്ദളം വായിച്ച കലാനിലയം മനോജ് മികച്ച പ്രകടനം തന്നെ 
കാഴ്ച്ചവെച്ചിരുന്നു. സ്ത്രീവേഷപ്രധാനമായ രംഗങ്ങളില്‍ മുദ്രകള്‍ക്ക് കൂടിക്കൊണ്ടുതന്നെ ചോര്‍ച്ചയില്ലാത്ത മേളം ശൃഷ്ടിക്കുന്ന മനോജിന്റെ മദ്ദളവാദനം യുവമദ്ദളവാദകരില്‍ അദ്ദേഹത്തിന്റെ സ്ഥാനം പ്രഥമമാക്കുന്നു.
‘പികഗീത വിശേഷമോടിട ചേര്‍ന്നു’
ചേര്‍ത്തല വിശ്വന്‍ ചുട്ടി കുത്തിയിരുന്ന ഈ കളിക്ക് 
സന്ദര്‍ശ്ശന്റെ ചമയങ്ങള്‍ ഉപയോഗിച്ച് അണിയറ സഹായികളായി വര്‍ത്തിച്ചിരുന്നത് പള്ളിപ്പുറം ഉണ്ണികൃഷ്ണന്‍, കണ്ണന്‍ എന്നിവരായിരുന്നു.


ഈ കളിയുടെ മറ്റൊരു ആസ്വാദനം ഇവിടെ വായിക്കാം>