കെ.പി.സി.മാഷിന്റെ അശീതി

കെ.പി.സി.ഭട്ടതിരിപ്പാടിന്റെ അശീതി 05/06/10ന് 
തൃശ്ശൂര്‍ ചേര്‍പ്പ് പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളില്‍ വെച്ച് സമുചിതമായി ആഘോഷിക്കപ്പെട്ടു. കഥകളി ഉള്‍പ്പെടെയുള്ള കലാപരിപാടികളും ഇതിനോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ടിരുന്നു. ഉച്ചയ്ക്ക് 2മുതല്‍ ആരംഭിച്ച പരിപാടികളില്‍ അക്ഷരശ്ലോകസദസായിരുന്നു ആദ്യം. തുടര്‍ന്ന് മാസ്റ്റര്‍ യദു.എസ്സ്.മാരാരുടെ തായമ്പക, വി.ആര്‍.ദിലീപ്‌കുമാറിന്റെ സംഗീതകച്ചേരി, പെരുവനം ശങ്കരനാരായണമാരാരുടെ അഷ്ടപദി, കലാമണ്ഡലം രാമചാക്ക്യാരുടെ പുരുഷാര്‍ത്ഥകൂത്ത്(രാജസേവ) എന്നിവയും നടന്നു. രാത്രി 11മുതലാണ് കഥകളി ആരംഭിച്ചത്. 
പുറപ്പാട്
കലാമണ്ഡലം ചിനോഷ്(ശ്രീകൃഷ്ണവേഷം) 
കലാമണ്ഡലം കാശിനാഥന്‍(രുഗ്മിണിവേഷം) എന്നിവര്‍ചേര്‍ന്ന് പുറപ്പാട് അവതരിപ്പിച്ചു. അഭിജിത്ത് വര്‍മ്മ, ശ്രീരാഗ് വര്‍മ്മ എന്നിവര്‍ ചേര്‍ന്നാണ് പുറപ്പാടിന് പാടിയത്.
‘ഉപായം വദ’
കാലകേയവധം കഥയാണ്(ഉര്‍വ്വശിമുതല്‍ അര്‍ജ്ജുനന്റെ പോരുവിളിവരെ) 
ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. കലാമണ്ഡലം ഷണ്മുഖന്‍ ഉര്‍വ്വശിയെ കളരിചിട്ടയനുസ്സരിച്ച് ഭംഗിയായി അവതരിപ്പിച്ചിരുന്നു.
‘സുന്ദരീ തവ’
സഖിയായെത്തിയത് കലാ:കാശിനാഥന്‍ ആയിരുന്നു.
‘സ്മരസായക’
കലാമണ്ഡലം മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരിയും 
നെടുമ്പുള്ളി രാം‌മോഹനും ചേര്‍ന്ന് ചിട്ടപ്രധാനമായ ഉര്‍വ്വശിയുടെ ഭാഗം മനോഹരമായിതന്നെ പാടിയിരുന്നു.  എന്നാല്‍ ഉര്‍വ്വശിയുടെ പദത്തിലെ ‘പണ്ടുകാമനെ’ എന്ന ആദ്യചരണം ഉപേക്ഷിക്കപ്പെട്ടിരുന്നു.
‘സൌഖ്യമല്ലെതുമഹൊ’
ഈ ഭാഗത്ത് കലാമണ്ഡലം നാരായണന്‍ നമ്പീശന്‍ മദ്ദളത്തില്‍ 
നല്ലമേളവും ഉതിര്‍ത്തിരുന്നു.
ഉര്‍വ്വശീശാപം

ഉര്‍വ്വശീശാപം
അര്‍ജ്ജുനവേഷത്തിലെത്തിയ കലാമണ്ഡലം മയ്യനാട് രാജീവന്‍ 
തരക്കേടില്ലാത്ത ഭാവാഭിനയത്തോടുകൂടി ഭംഗിയായി തന്റെ വേഷം അവതരിപ്പിച്ചു.
‘ദൈവമേ ഹാ ഹാ’
കലാമണ്ഡലം വിപിനാണ് ഇന്ദ്രനായി വേഷമിട്ടിരുന്നത്.
ഈ ഭാഗത്ത് മേളം കൈകാര്യം ചെയ്തത് കലാമണ്ഡലം 
ഹരീഷും(ചെണ്ട) കലാനിലയം പ്രകാശനും(മദ്ദളം) ചേര്‍ന്നായിരുന്നു. നല്ല ഈടും വ്യക്തതയും തോന്നിച്ചിരുന്നു ഹരീഷിന്റെ കൊട്ടിന്.
രാജസൂയം കഥയാണ് രണ്ടാമതായി ഇവിടെ അവതരിപ്പിച്ചിരുന്നത്. 
ഇതില്‍ ജരാസന്ധനായെത്തിയ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി ഔചിത്യമാര്‍ന്ന ആട്ടങ്ങളിലൂടെയും അഭിനയത്തിലൂടെയും തന്റെ വേഷം ഭംഗിയാക്കി.
‘ദ്വന്ദ്വയുദ്ധം ദേഹി’
കൃഷ്ണബ്രാഹ്മണവേഷത്തിലെത്തിയ കലാ:ഷണ്മുഖന്‍ 
തരക്കേടില്ലാത്ത പ്രകടനം കാഴ്ച്ചവെച്ചു. എന്നാല്‍  ബ്രാഹ്മണവേഷമിട്ട കലാ:കാശിനാഥന്‍, കലാ:ബാജിയോ, കൃഷ്ണവേഷമിട്ട കലാ:ചിനോഷ്, അര്‍ജ്ജുനനായെത്തിയ കലാ:വിപിന്‍ എന്നിവരൊന്നും കഥാസന്ദര്‍ഭമോ കഥാപാത്രത്തേയോ വേണ്ടത്ര ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്നതായി കണ്ടില്ല.
‘ഭവതാമതി ചിത്രമഹോ’
കലാമണ്ഡലം നീരജാണ് ഭീമന്‍, ധര്‍മ്മപുത്രന്‍ എന്നീവേഷങ്ങള്‍ കൈകാര്യം ചെയ്തത്.
ശിശുപാലവേഷത്തിലെത്തിയ കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍ 
നല്ല പ്രകടനമാണ് കാഴ്ച്ചവെച്ചിരുന്നതെങ്കിലും കെട്ടിപഴക്കകുറവിന്റേതായ ചില പ്രശ്നങ്ങളും തോന്നിച്ചിരുന്നു.
കാലകേയവധത്തില്‍ ഉര്‍വ്വശിക്കുശേഷമുള്ള രംഗങ്ങളിലും 
രാജസൂയത്തിനും പൊന്നാനിയായി പാടിയ നെടുമ്പുള്ളി രാം‌മോഹന്‍ മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ച്ചവെച്ചിരുന്നത്. കത്തിയുടെയും താടിയുടെയും പദങ്ങളിലും‍, പോരുവിളി-യുദ്ധപദങ്ങളിലും അമിതസംഗീതപ്രയോഗങ്ങള്‍ ചെലുത്താതെ തുറന്നുപാടുന്ന നല്ലഅരങ്ങുപാട്ടിന്റെ പഴയരീതിതന്നെയാണ് രാം‌മോഹന്‍ അനുവര്‍ത്തിക്കുന്നതായി കണ്ടത്. പുതുതലമുറ ഗായകരില്‍ ഈരീതിയിലുള്ള അരങ്ങുപാട്ട് പിന്തുടരുന്നവര്‍ വിരളമാണ്. കലാമണ്ഡലം സുധീഷ്, കോട്ടക്കല്‍ സന്തോഷ് എന്നിവരായിരുന്നു സഹഗായകര്‍.
മേളപ്രധാനമായ രാജസൂയത്തിന് കലാമണ്ഡലം ഉണ്ണികൃഷ്ണന്‍, 
കോട്ടക്കല്‍ പ്രസാദ്, കലാ:ഹരീഷ് എന്നിവര്‍ ചെണ്ടയിലും കലാമണ്ഡലം ഹരിദാസ്, കലാനി:പ്രകാശന്‍ എന്നിവര്‍ മദ്ദളത്തിലും മികച്ച് മേളവും ഒരുക്കിയിരുന്നു.
‘ഇത്തരം മത്സ്വാമിതന്നെ...’
മൂന്നാമത് കഥയായി അവതരിപ്പിക്കപ്പെട്ട കിരാതം കഥയില്‍ 
അര്‍ജ്ജുനനായി വേഷമിട്ട കലാമണ്ഡലം അരുണ്‍ വാര്യര്‍ നല്ല പ്രകടനം കാഴ്ച്ചവെച്ചു. പൊക്കമുള്ളതും തടികുറഞ്ഞതുമായ ശരീരപ്രകൃതിയും മുഖവും നീണ്ടവിരലുകളോടുകൂടിയ കൈകളും ഉള്ള അരുണിന്റെ പച്ചവേഷം കാണുമ്പോള്‍ ഗോപിയാശാന്റെ പഴയകാലത്തെ പച്ചവേഷത്തിന്റെ സ്മരണയുണര്‍ത്തുന്നു. സദനം കൃഷ്ണദാസ് കാട്ടാളനായി അരങ്ങിലെത്തി.
‘ഗൌരീശം മമ കാണാകേണം’
ഈ കഥയ്ക്ക് പൊന്നാനി പാടിയത് കലാ:സുധീഷും 
കോട്ട:സന്തോഷും ആയിരുന്നു. അഭിജിത്ത് വര്‍മ്മ, ശ്രീരാഗ് വര്‍മ്മ, നവീന്‍ രുദ്രന്‍ എന്നിവരായിരുന്നു സഹഗായകര്‍.
ഈ കഥയ്ക്ക് കോട്ടക്കല്‍ പ്രസാദ്, കലാ:ഹരീഷ് എന്നിവര്‍ 
ചെണ്ടയും കലാമണ്ഡലം ഹരിദാസ്, കലാനി:പ്രകാശന്‍ എന്നിവര്‍ മദ്ദളവും കൈകാര്യം ചെയ്തു.
‘ദുഷ്ടാ കാട്ടാളാ.....’
കലാമണ്ഡലം സതീശനും കലാമണ്ഡലം സുകുമാരനും 
ചുട്ടികുത്തിയിരുന്ന ഈ കളിക്ക് കലാതരഗിണി,ചെറുതുരുത്തിയുടേതായിരുന്നു കളിയോഗം.
‘കര്‍മ്മണാ മനസാ വാചാ...’

സന്ദര്‍ശനിലെ കോട്ടയം കഥകളുടെ അവതരണം (ഭാഗം-5)

അമ്പലപ്പുഴ സന്ദര്‍ശന്‍ കഥകളി വിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ 
സംഘടിപ്പിക്കപ്പെട്ട കോട്ടയം കഥകളുടെ രംഗാവതരണത്തിന്റെ അവസാന ദിവസമായിരുന്ന മെയ് 30ന് വൈകിട്ട് 6:30മുതല്‍ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ നാടകശാലയില്‍ കല്യാണസൌഗന്ധികം കഥ അവതരിപ്പിക്കപ്പെട്ടു. ‘ശൌര്യഗുണം’ എന്നറിപ്പെടുന്ന ആദ്യരംഗവും സാധാരണയായി പതിവുള്ള 10,11രംഗങ്ങളുമാണ് അവതരിപ്പിച്ചത്. പതിനൊന്നാം രംഗത്തിലെ ഭീമനും ഹനുമാനുമായുള്ള സംവാദമായി വരുന്ന പദഭാഗങ്ങള്‍ പൂര്‍ണ്ണമായും ഇവിടെ അവതരിപ്പിക്കുകയുണ്ടായി.
‘പരിഘദത്താദിരൂക്ഷാക്ഷികോണേ......’
ആദ്യരംഗത്തിലും പതിനൊന്നാം രംഗത്തിലും ഭീമനായെത്തിയ 
കലാമണ്ഡലം അരുണ്‍ വാര്യര്‍ നല്ല പ്രകടനം കാഴ്ച്ചവെച്ചു. അഷ്ടകലാശം ഉള്‍പ്പെടെയുള്ള കലാശങ്ങള്‍ ഭംഗിയായി അവതരിപ്പിച്ച ഇദ്ദേഹം തരക്കേടില്ലാത്ത ഭാവപ്രകടനവും കാഴ്ച്ചവെച്ചിരുന്നു.
‘ആശ്വാസമോടു ബഹു പീത്വാ കരേണമുഹു’
കലാമണ്ഡലം സുദീപാണ് ധര്‍മ്മപുത്രവേഷമണിഞ്ഞിരുന്നത്.
 പത്താം രംഗത്തില്‍ ഭീമനായെത്തിയ ഏറ്റുമാനൂര്‍ കണ്ണനും 
മികച്ചപ്രകടനമാണ് കഴ്ച്ചവെച്ചിരുന്നത്. ഇരട്ടിനൃത്തത്തോടുകൂടിയ ‘പാഞ്ചാലരാജതനയെ’ എന്ന പതിഞ്ഞപദവും ‘മാഞ്ചേല്‍മിഴിയാളെ’ എന്ന പദവും മനോഹരമായിതന്നെ അവതരിപ്പിച്ച ഇദ്ദേഹം തുടര്‍ന്ന് ചെയ്ത് ആട്ടങ്ങളും ഭംഗിയാക്കി. പാഞ്ചാലിയോടുള്ള മറുപടിയായി കാര്യസാദ്ധ്യം വരെ വിശപ്പും ദാഹവും തന്നെ അലട്ടുകയില്ല എന്നു പ്രസ്ഥാപിച്ച് തന്റെ ജേഷ്ഠനായ ഹനുമാന്‍ ശ്രീരാമകാര്യം സാധിക്കാന്‍ പോയ കഥ സാധാരണയായി ഭീമന്‍ ഉദാഹരിക്കാറുണ്ട്. ഇവിടെ തോരണയുദ്ധം ഹനുമാന്റെ പകര്‍ന്നാട്ടം എന്ന രീതിയില്‍ വിസ്തരിച്ചാണ് കണ്ണന്‍ ഇത് അവതരിപ്പിച്ചത്. ഇത് ഇത്ര വിസ്തരിക്കേണ്ട കാര്യമില്ല എന്ന് തോന്നിയിരുന്നു. വനവര്‍ണ്ണനയില്‍ പര്‍വ്വതരാജനായ ഗന്ധമാദനത്തെ കാണുന്നഭാഗം ആലങ്കാരീകമായിത്തന്നെ അവതരിപ്പിച്ചിരുന്നെങ്കിലും തുടര്‍ന്ന് വന്യമൃഗങ്ങളെ കാണുന്ന ആട്ടവും ‘അജഗരകബളിതം’ ആട്ടവും ഇവിടെ ചെയ്തിരുന്നില്ല.
‘സാരസ സൌഗന്ധികങ്ങള്‍’

‘ശൈലമുകളിലെന്നാലും’
കലാമണ്ഡലം ചെമ്പക്കര വിജയന്‍ പാഞ്ചാലിവേഷം ഭംഗിയായി 
കൈകാര്യം ചെയ്തു.
‘വഴിയില്‍നിന്നു പോക’
 ഹനുമാനായെത്തിയ കലാമണ്ഡലം ഷണ്മുഖന്‍ പാത്രബോധത്തോടെയും 
ഔചിത്യമാര്‍ന്ന ആട്ടങ്ങളിലൂടെയും തന്റെ വേഷം ഭംഗിയായി അവതരിപ്പിച്ചു. ‘മനസിമമ കിമപി’ എന്ന ഭാഗത്ത് അഷ്ടകലാശവും ഇവിടെ അവതരിപ്പിക്കുകയുണ്ടായി. ഷണ്മുഖന്‍ ഹനുമാന്റെ ആദ്യഭാഗത്തെ ആട്ടസമയത്ത് തനിക്കൊത്ത മേളം ലഭിക്കുന്നില്ല എന്ന രീതിയില്‍ പലവട്ടം ചെണ്ടക്കാരനെ തിരിഞ്ഞു നോക്കുകയും കൈക്രിയകള്‍ കാട്ടുകയും ചെയ്യുന്നതായി കണ്ടു. ഒരു നടന്‍ രംഗത്തുവെച്ച് സഹകലാകരന്മാരെ തിരിഞ്ഞു നോക്കുന്നത്, കൊട്ടുപോരാ, പാട്ടുപോരാ എന്ന് വരുത്തുതീര്‍ക്കുവാനാണെങ്കിലും, അവര്‍ക്കൊത്ത് സഹകരിച്ചു പോകുവാന്‍ സാധിക്കാതെ വരുന്ന നടന്‍ തന്നെയാണ് ഇവിടെ മോശക്കാരനാകുന്നത്. പ്രത്യേകിച്ച് ഒരേസ്ഥാപനത്തിലുള്ള സഹകലാകാരനോട് സഹകരിച്ച് പോകുവാന്‍ സാധിക്കാതെ വന്നാല്‍ അത് നടന്റേകൂടി കഴിവുകേടാണന്നെ പറയേണ്ടൂ.
‘വിരവോടു പുരമേവ ഗമിച്ചാലും’
കലാ:ജയപ്രകാശും കലാമണ്ഡലം അജേഷും ചേര്‍ന്നായിരുന്നു 
ഈ ദിവസം പദങ്ങള്‍ പാടിയിരുന്നത്.
‘രാവണാന്തകനായീടും......’
കലാമണ്ഡലം ശ്രീകാന്ത് വര്‍മ്മ, കലാനിലയം രതീഷ് എന്നിവര്‍ 
ചെണ്ടയും കലാനിലയം മനോജ്, കലാമണ്ഡലം വിനീത് എന്നിവര്‍ മദ്ദളവും കൈകാര്യം ചെയ്തു.
‘കാലിണ കൈവണങ്ങുന്നേന്‍’
കലാമണ്ഡലം സുകുമാരനായിരുന്നു ഈ ദിവസവും ചുട്ടികുത്തിയിരുന്നത്‍.
‘ശൂന്യമാക്കുവന്‍ അരികളെ’
സന്ദര്‍ശ്ശന്‍ കഥകളി വിദ്യാലയത്തിന്റെ ചമയങ്ങള്‍ ഉപയോഗിച്ചിരുന്ന 
കളിക്ക് പള്ളിപ്പുറം ഉണ്ണികൃഷ്ണന്‍, കണ്ണന്‍ എന്നിവരായിരുന്നു അണിയറസഹായികളായി വര്‍ത്തിച്ചിരുന്നത്.

സന്ദര്‍ശനിലെ കോട്ടയം കഥകളുടെ അവതരണം (ഭാഗം-4)

അമ്പലപ്പുഴ സന്ദര്‍ശന്‍ കഥകളി വിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ 
സംഘടിപ്പിക്കപ്പെട്ട കോട്ടയം കഥകളുടെ രംഗാവതരണത്തിന്റെ നാലാം ദിവസമായിരുന്ന മെയ് 29ന് വൈകിട്ട് 6:30മുതല്‍ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ നാടകശാലയില്‍ കാലകേയവധം(രണ്ടാം ഭാഗം) അവതരിപ്പിക്കപ്പെട്ടു. ഉര്‍വ്വയുടെ രംഗം മുതല്‍ അര്‍ജ്ജുനന്റെ പോരുവിളി വരെയുള്ള ഭാഗങ്ങളാണ് ഈ ദിവസം അവതരിപ്പിച്ചത്.

കഥകളിയിലെ സ്ത്രീവേഷക്കാരെ സംബന്ധിച്ച് എക്കാലത്തും 
അവരുടെ മാറ്റുരച്ചുനോക്കാന്‍പോന്ന ഒരു വേഷമാണ് ഉര്‍വ്വശി. പതികാലത്തിലുള്ളതും ചിട്ടക്കും ഭാവത്തിനും ഒരുപോലെ പ്രധാന്യമുള്ളതുമാണ് ഉര്‍വ്വശിയുടെ പദങ്ങള്‍. കലാമണ്ഡലം ചമ്പക്കര വിജയനാണ് ഇവിടെ ഉര്‍വ്വശിയെ അവതരിപ്പിച്ചത്. കെട്ടിതഴക്കം വരാത്തതിന്റേതായ ചില കുറവുകള്‍ തോന്നിച്ചിരുന്നുവെങ്കിലും വിജയന്‍ ഭംഗിയായിതന്നെ ആ വേഷം കൈകാര്യം ചെയ്തിരുന്നു. സാങ്കേതികതികവുണ്ടായിരുന്ന വിജയന്റെ അവതരണത്തില്‍ ‘പാണ്ഡവന്റെ രൂപം കണ്ടാല്‍’ എന്ന ആദ്യരംഗത്തിലെ പദത്തിനേക്കാള്‍ അനുഭവവത്തായത് രണ്ടാം രംഗത്തിലെ ‘സ്മരസായകദൂനാം’ എന്നപദമായിരുന്നു. ഈ പദത്തിന്റെ സമയത്ത് ഉര്‍വ്വശിയിലെ കാമവികാരത്തിനു അവലംബമായ അര്‍ജ്ജുനന്‍ രംഗത്തുണ്ട്. എന്നാല്‍ പാണ്ഡവന്റെ രൂപം അഭിനയിക്കുന്ന സമയത്ത് അവലംബമായ അര്‍ജ്ജുനന്‍  രംഗത്തില്ല. സ്മൃതിയില്‍ അര്‍ജ്ജുനരൂപം നിലനിര്‍ത്തിക്കൊണ്ടാണ് ഇവിടെ അഭിനക്കേണ്ടത്. ഇതുതന്നെയാണ് ഈ പദത്തിന്റെ അവതരണത്തിലുള്ള ഒരു പ്രത്യേകതയും.
‘പണ്ടു കാമനെ’

‘തൊണ്ടി പവിഴമിവമണ്ടു’


           

കലാമണ്ഡലം സുദീപാണ് സഖിയായി വേഷമിട്ടിരുന്നത്.
കലാനിലയം വിനോദ് അര്‍ജ്ജുനനേയും കലാമണ്ഡലം മുകുന്ദന്‍ ഇന്ദ്രനേയും ഭംഗിയായി അവതരിപ്പിച്ചു.
‘തരിക തവാധരബിംബം’

‘അഹോ! വൃധാവലേ’

‘ഇല്ലയോ കരുണ തെല്ലുമേ’

പത്തിയൂര്‍ ശങ്കരന്‍ കുട്ടിയും കലാമണ്ഡലം ജയപ്രകാശും 
ചേര്‍ന്ന് ആദ്യരംഗവും തുടന്ന് കലാ:ജയപ്രകാശും കലാമണ്ഡലം അജേഷും ചേര്‍ന്നുമാണ് പാടിയിരുന്നത്. കലാമണ്ഡലം ശ്രീകാന്ത് വര്‍മ്മ, കലാനിലയം രതീഷ് എന്നിവര്‍ ഇടയ്ക്കയും ചെണ്ടയും കൈകാര്യം ചെയ്തു. കലാനിലയം മനോജിന്റെ മദ്ദളത്തിലെ മേളം എടുത്തുപറയത്തക്ക രീതിയില്‍ കേമമായിരുന്നു. കലാമണ്ഡലം വിനീതായിരുന്നു മറ്റൊരു മദ്ദളക്കാരന്‍.


ഉര്‍വ്വശീശാപം
കലാമണ്ഡലം സുകുമാരനായിരുന്നു ചുട്ടി കലാകാരന്‍. 
സന്ദര്‍ശ്ശന്‍ കഥകളി വിദ്യാലയത്തിന്റെ ചമയങ്ങള്‍ ഉപയോഗിച്ചിരുന്ന കളിക്ക് പള്ളിപ്പുറം ഉണ്ണികൃഷ്ണന്‍, കണ്ണന്‍ എന്നിവരായിരുന്നു അണിയറസഹായികളായി വര്‍ത്തിച്ചിരുന്നത്.
‘ദൈവമേ ഹാ ഹാ..’

സന്ദര്‍ശനിലെ കോട്ടയം കഥകളുടെ അവതരണം (ഭാഗം-3)

‘ധന്യശീലനായീടും’
അമ്പലപ്പുഴ സന്ദര്‍ശന്‍ കഥകളി വിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ 
സംഘടിപ്പിക്കപ്പെട്ട കോട്ടയം കഥകളുടെ രംഗാവതരണത്തിന്റെ മൂന്നാം ദിവസമായിരുന്ന മെയ് 28ന് വൈകിട്ട് 6:30മുതല്‍ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ നാടകശാലയില്‍ കാലകേയവധം കഥ അവതരിപ്പിക്കപ്പെട്ടു. കഥയില്‍ ആദ്യാവസാന അര്‍ജ്ജുനന്‍ രംഗത്തുവരുന്ന ആദ്യഖണ്ഡമാണ് ഈ ദിവസം അവതരിപ്പിക്കപ്പെട്ടത്.
‘വിടകൊള്ളാമടിയനും’
കലാമണ്ഡലം സുദീപാണ് ഇന്ദ്രനെ അവതരിപ്പിച്ചത്. 
ആദ്യരംഗത്തിലെ മാതലിയോടുള്ള ഇന്ദ്രന്റെ പദം ചിട്ടപ്രധാനമായ ഒന്നാണ്. എന്നാല്‍ കലാമണ്ഡലം തെക്കന്‍ കളരിക്കാരനായ സുദീപിന്റെ പദാവതരണം അത്ര അനുഭവവത്തായില്ല. കാലമുയര്‍ത്തിയെന്നു മാത്രമല്ല പദാഭിനയത്തിലെ ചില മുദ്രകളില്‍ കൂടി മാറ്റം കണ്ടു. ‘പാര്‍ത്ഥന്‍ വാണീടുന്നു’ എന്നയിടത്ത് ‘വാഴുന്നു’ എന്ന സാധാരണമുദ്രതന്നെയാണ് ഇദ്ദേഹം കാട്ടിയത്. എന്നാല്‍ ഇവിടെ ഈ മുദ്രകാട്ടുകയല്ല, അര്‍ജ്ജുനന്‍ വീര്യത്തോടെ ഇരിക്കുന്നവിധം അഭിനയിക്കുകയാണ് സാധാരണ പതിവ്. അതുപോലെ ‘അലസനല്ലവന്‍’ എന്നിടത്ത് ‘വിവശനല്ല’ എന്നാണ് കാട്ടിയിരുന്നത്. ‘നിസാരനല്ല’ എന്നാണ് വേണ്ടത്. 
‘അമര്‍ത്യവര്യസാരഥീ........’
 കലാമണ്ഡലം അരുണ്‍ വാര്യര്‍ മാതലിയെ ഭംഗിയായി അവതരിപ്പിച്ചു.
‘സലജ്ജോഹം’
 കലാമണ്ഡലം ഷണ്മുഖന്‍ അര്‍ജ്ജുനവേഷം ഭംഗിയായി 
കൈകാര്യം ചെയ്തിരുന്നു. എന്നാല്‍ മുന്‍പ് പലപ്പോഴും തോന്നിയിട്ടുള്ളതുപോലെ തന്നെ മുഖാഭിനയത്തില്‍ ഇനിയുമൊരുപാട് മെച്ചപ്പെടേണ്ടതായുണ്ട് എന്നും തോന്നിച്ചു. കാലകേയവധം അര്‍ജ്ജുനനെ സംബന്ധിച്ച് സ്ഥായിയായ വീരം, മാതലിയുടെ വരവുകാണുന്നിടത്തെ നേരിയ അത്ഭുതം, പാഞ്ചാലിസ്വയംവരകഥ മാതലി പറയുന്നിടത്തെ നേരിയ ശൃഗാരം, തുടര്‍ന്ന് ഇന്ദ്രന്റെ അര്‍ത്ഥാസനം ലഭിക്കവെയുള്ള സന്തോഷം, ഇന്ദ്രാണീസമീപമെത്തുമ്പോഴുള്ള ആനന്ദം, സ്വര്‍ഗ്ഗം നടന്നുകാണവേയുള്ള അത്ഭുതാദരങ്ങള്‍ എന്നിങ്ങനെ രസാഭിനപ്രധാനമായ ഒരുപാട് സന്ദര്‍ഭങ്ങളുണ്ട്. അര്‍ജ്ജുനന്റെ ആനന്ദനൃത്തം എന്നു പറയപ്പെടുന്ന അഷ്ടകാലശം യാതൊരു വികാരവുമില്ലാതെ വെറുമൊരു ചടങ്ങുപോലെയാണ് ഇദ്ദേഹം എടുക്കുന്നത് കണ്ടത്. ആനന്ദഭാവം പ്രകടമാവുന്നില്ലെങ്കില്‍ ഈ അഷ്ടകലാശം ചവുട്ടുന്നതില്‍ യാതൊരു കാര്യവുമുണ്ടെന്നു തോന്നുന്നില്ല.
‘വഹിച്ചാലും’
‘മഹാമതേ...’
ഇന്ദാണിയായി അരങ്ങിലെത്തിയത് കലാമണ്ഡലം യശ്വന്ത് ആയിരുന്നു.
‘സഭാം പ്രവിശ്യാഥ’
അഞ്ചുദിവസത്തെ കോട്ടയം കഥകളുടെ അവതരണത്തില്‍ വച്ച് 
ഏറ്റവും മികച്ചുനിന്ന അരങ്ങുപാട്ട് ഈ ദിവസത്തേതായിരുന്നു. പത്തിയൂര്‍ ശങ്കരന്‍ കുട്ടിയും കലാമണ്ഡലം ജയപ്രകാശുമായിരുന്നു ഈ ദിവസവും ഗായകര്‍‍. കലാമണ്ഡലം ശ്രീകാന്ത് വര്‍മ്മ, കലാനിലയം രതീഷ് എന്നിവര്‍ക്കുപുറമെ കലാമണ്ഡലം കൃഷ്ണദാസും ചെണ്ടയ്ക്ക് പങ്കെടുത്ത ഈദിവസത്തെ മേളവും മികച്ചതായിരുന്നു. കലാനിലയം മനോജും കലാമണ്ഡലം വിനീതും തന്നെയായിരുന്നു ഈ ദിവസവും മദ്ദളത്തിന്ന്.
‘അടിമലര്‍ തൊഴുതീടും...’
കലാമണ്ഡലം സുകുമാരനായിരുന്നു ചുട്ടി കലാകാരന്‍. 
സന്ദര്‍ശ്ശന്‍ കഥകളി വിദ്യാലയത്തിന്റെ ചമയങ്ങള്‍ ഉപയോഗിച്ചിരുന്ന കളിക്ക് പള്ളിപ്പുറം ഉണ്ണികൃഷ്ണന്‍, കണ്ണന്‍ എന്നിവരായിരുന്നു അണിയറസഹായികളായി വര്‍ത്തിച്ചിരുന്നത്.
‘തനയാ ധനഞ്ജയ.....’

സന്ദര്‍ശനിലെ കോട്ടയം കഥകളുടെ അവതരണം (ഭാഗം-2)

‘മാര്‍ഗ്ഗേതത്ര നഖംപചോഷ്മളരജ: പുഞ്ചേ......’
അമ്പലപ്പുഴ സന്ദര്‍ശന്‍ കഥകളി വിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ 
സംഘടിപ്പിക്കപ്പെട്ട കോട്ടയം കഥകളുടെ രംഗാവതരണത്തിന്റെ രണ്ടാം ദിവസമായിരുന്ന മെയ് 27ന് വൈകിട്ട് 6:30മുതല്‍ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ നാടകശാലയില്‍ കിര്‍മ്മീരവധം കഥ അവതരിപ്പിക്കപ്പെട്ടു. ആദ്യാവസാന ധര്‍മ്മപുത്രര്‍ രംഗത്തുവരുന്ന കിര്‍മ്മീരവധത്തിന്റെ ആദ്യഖണ്ഡമാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടത്.
‘വാഴുന്നെങ്ങിനെ വിപിനെ’
കലാമണ്ഡലം മുകുന്ദന്‍ ധര്‍മ്മപുത്രരെ അവതരിപ്പിച്ചു. കിര്‍മ്മീരവധത്തിലെ 
ധര്‍മ്മപുത്രരെന്ന പ്രധാന കഥാപാത്രം ആദ്യമായി കൈകാര്യചെയ്യുന്നതിന്റേതായ പരിഭ്രമവും ആയാസതയും ഉണ്ടായിരുന്നുവെങ്കിലും ആത്മാര്‍ത്ഥമായ പ്രകടനമാണ് ഇദ്ദേഹം കാഴ്ച്ചവെയ്ച്ചിരുന്നത്. ചിട്ടപ്രധാനമായ പദങ്ങളെല്ലാംതന്നെ ഭംഗിയായി അവതരിപ്പിച്ചിരുന്ന മുകുന്ദന്‍ ആദ്യ രംഗത്തിലെ ശോകസ്ഥായി ഉള്‍പ്പെടെയുള്ള രസാഭിനയത്തില്‍ ഒന്നുകൂടി ശ്രദ്ധവെച്ചാല്‍ ധര്‍മ്മപുത്രര്‍ കൂടുതല്‍ മികച്ചതാക്കാന്‍ സാധിക്കും.
‘അകതാരിലൊരുഖേദം’
കലാമണ്ഡലം ചമ്പക്കര വിജയനാണ് പാഞ്ചാലിയായി വേഷമിട്ടത്. 

‘മൂര്‍ത്തികള്‍ മൂവരാലും’

ധൌമ്യനായി കലാമണ്ഡലം അരുണ്‍ വാര്യരും 
സൂര്യനായി കലാമണ്ഡലം അരുണ്‍ കുമാറും അരങ്ങിലെത്തി.
‘നരവരശിഖാമണേ’
 ശ്രീകൃഷ്ണനായെത്തിയ കലാമണ്ഡലം ഷണ്മുഖന്‍ മികച്ച പ്രകടനം
കാഴ്ച്ചവെച്ചു. കലാമണ്ഡലം സുദീപായിരുന്നു സുദര്‍ശ്ശനവേഷമണിഞ്ഞെത്തിയിരുന്നത്.
പ്രയാതുമഭിമാ‍ധവം’
‘പ്രസഭമുത്സുകാശ്ചഭവന്‍’
 പൊന്നാനി പാടിയിരുന്ന പത്തിയൂര്‍ ശങ്കരന്‍ കുട്ടിയുടെ ആലാപനം 
സമ്പൃദായാനുഷ്ടിതമായതും മികച്ചതുമായിരുന്നു. കലാമണ്ഡലം ജയപ്രകാശായിരുന്നു സഹഗായകന്‍. കലാമണ്ഡലം ശ്രീകാന്ത് വര്‍മ്മ, കലാനിലയം രതീഷ് എന്നിവര്‍ ചെണ്ടയിലും കലാനിലയം മനോജും കലാമണ്ഡലം വിനീതും മദ്ദളത്തിലും നല്ല മേളവുമൊരുക്കിയിരുന്നു.
‘ചക്രായുധസവിധമുപേത്യാശൂ’
കലാമണ്ഡലം സുകുമാരനായിരുന്നു ചുട്ടി കലാകാരന്‍. 
സന്ദര്‍ശ്ശന്‍ കഥകളി വിദ്യാലയത്തിന്റെ ചമയങ്ങള്‍ ഉപയോഗിച്ചിരുന്ന കളിക്ക് പള്ളിപ്പുറം ഉണ്ണികൃഷ്ണന്‍, കണ്ണന്‍ എന്നിവരായിരുന്നു അണിയറസഹായികളായി വര്‍ത്തിച്ചിരുന്നത്.
‘കൊണ്ടല്വര്‍ണ്ണ പഴുതേ’