സന്ദര്‍ശനിലെ കോട്ടയം കഥകളുടെ അവതരണം (ഭാഗം-1)

അമ്പലപ്പുഴ സന്ദര്‍ശന്‍ കഥകളി വിദ്യാലയത്തിന്റെ 
ആഭിമുഖ്യത്തില്‍ ഇക്കഴിഞ്ഞ മെയ് 26 മുതല്‍ 30 വരെ കോട്ടയം കഥകളുടെ രംഗാവതരണവും വിശകലനക്ലാസുകളും നടത്തുകയുണ്ടായി. 5ദിവസങ്ങളിലും വൈകിട്ട് 6:30മുതല്‍ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ നാടകശാലയില്‍ വെച്ച് കഥകളി നടന്നു. 27മുതല്‍ 30 വരെ ദിവസങ്ങളില്‍ രാവിലെ 10മുതല്‍ സന്ദര്‍ശന്‍ കഥകളി വിദ്യാലയത്തില്‍ വയ്ച്ച് വിശകലനക്ലാസുകളും നടത്തപ്പെട്ടു. കലാമണ്ഡലം വാസുപ്പിഷാരടി, പ്രൊഫ:അമ്പലപ്പുഴ വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസുകള്‍ നടന്നത്. യുവകലാകാരന്മാരെ ഉള്‍പ്പെടുത്തിക്കൊണ്ടു നടന്ന ഈ പരിപാടി കലാകാരന്മാര്‍ക്കും ആസ്വാദകര്‍ക്കും അറിവുപകരുന്നതും വളരെ ഉപകാരപ്രദവുമായിരുന്നു. യുവകലാകാര്‍ന്മാര്‍ക്ക് കോട്ടയം കഥകളിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുവാനുള്ള അവസരം നല്‍കുകയും, അതിലുപരിയായി സംഭവിക്കുന്ന തെറ്റുകുറ്റങ്ങള്‍ തിരുത്തുന്നതിനും സംശയനിവാരണത്തിനുമുള്ള സാഹചര്യമൊരുക്കുകയും ചെയ്ത സന്ദര്‍ശന്റെ ഈ ഉദ്യമം ശ്ലാഘനീയം തന്നെ. ഇത്തരം പരിപാടികള്‍ ഇക്കാലത്ത് നടക്കേണ്ടത് വളരെ ആവശ്യമാണന്ന് തോന്നുന്നു. എന്നാല്‍ ഇതിലും നല്ല സാഹചര്യങ്ങള്‍ ലഭ്യമായുള്ള മറ്റു പ്രമുഖ കഥകളിസ്ഥാപനങ്ങള്‍ പോലും ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ ശ്രമിച്ചുകാണുന്നില്ല. 
ബകവധം പുറപ്പാട്
26ന് വൈകിട്ട് പഞ്ചപാണ്ഡവര്‍ അരങ്ങിലെത്തുന്ന 
ബകവധം കഥയുടെ പുറപ്പാടോടെയാണ് പരിപാടിയുടെ ആരംഭം കുറിച്ചത്. ഇതില്‍ ധര്‍മ്മപുത്രരായി കലാനിലയം വിനോദും ഭീമനായി കലാമണ്ഡലം അരുണ്‍ വാര്യരും അര്‍ജ്ജുനനായി കലാമണ്ഡലം അരുണ്‍ കുമാറും നകുലനായി കലാമണ്ഡലം അരുണ്‍ രാജും സഹദേവനായി കലാമണ്ഡലം വിപിനും വേഷമിട്ടു.
ലളിതയുടെ പ്രവേശം
തുടര്‍ന്ന് കോട്ടയത്ത് തമ്പുരാന്റെ ആദ്യ ആട്ടകഥയായ 
ബകവധം അവതരിപ്പിക്കപ്പെട്ടു. ഇതില്‍ ഒന്നാതരം സ്ത്രീവേഷമായ ലളിത അരങ്ങില്‍ വരുന്നതുമുതല്‍ ഘടോത്കചന്റേതുവരെയുള്ള രംഗങ്ങളാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടത്. ആദ്യാവസാന ഭീമവേഷവും ഈ ഭാഗത്തുതന്നെയാണ് അരങ്ങിലെത്തുന്നത്. എന്നാല്‍ ഇതിനിടയ്ക്കുള്ളതും, ഭീമന്റെ വ്യാസനോടുള്ള ‘താപസകുല തിലക’ എന്ന ചിട്ടപ്രധാനവും പതിഞ്ഞകാലത്തിലുള്ളതുമായ പദം ഉള്‍ക്കോള്ളുന്നതുമായ ഒരു രംഗം ഒഴിവാക്കിയിരുന്നു.

കലാനി: വിനോദാണ് ഭീമനായി അരങ്ങിലെത്തിയത്. 
ആദ്യാവസാനവേഷത്തില്‍ തുടക്കക്കാരന്റേതായ പരിഭ്രമവും പോരായ്കകളും ഉണ്ടായിരുന്നുവെങ്കിലും ഒരു വിധം നന്നായിതന്നെ ഇദ്ദേഹം തന്റെ വേഷം അവതരിപ്പിച്ചിരുന്നു.
ഹിഡംബന്റെ പ്രവേശം
കലാമണ്ഡലം ചമ്പക്കര വിജയനാണ് ലളിത(ഹിഡിംബി) 
വേഷമിട്ടത്. മുന്‍പ് പലതവണ വിജയന്‍ ഈ വേഷം വളരെ ഭംഗിയായി അവതരിപ്പിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ എന്തോ ഈ ദിവസത്തെ ഇദ്ദേഹത്തിന്റെ പ്രകടനം ശരാശരിയിലും താഴെയായിരുന്നു.
ഹിഡംബവധം


ഹിഡിംബനായെത്തിയത് കലാമണ്ഡലം സുദീപ് ആയിരുന്നു.
പതിഞ്ഞപദത്തിന്റെ പ്രവേശം
‘ബാലേ വരിക നീ ചാരുശീലേ’
ഒരു പ്രധാന കുട്ടിത്തരം കത്തിവേഷമായ ഘടോത്കചനെ 
കലാ:അരുണ്‍ വാര്യര്‍ ഭംഗിയായി അവതരിപ്പിച്ചു.
‘കാലോചിതമായതു കാന്താ കല്പിച്ചാലും‘

‘ചെന്താര്‍ബാണ മണിച്ചെപ്പും ചേവടി പണിയും നിന്റെ’

പത്തിയൂര്‍ ശങ്കരന്‍ കുട്ടിയും കലാമണ്ഡലം ജയപ്രകാശും 
ചേര്‍ന്നാണ് പദങ്ങള്‍ പാടിയത്. കലാമണ്ഡലം ശ്രീകാന്ത് വര്‍മ്മ, കലാനിലയം രതീഷ് എന്നിവര്‍ ചെണ്ടയിലും കലാനിലയം മനോജും കലാമണ്ഡലം വിനീതും മദ്ദളത്തിലും മേളമൊരുക്കി.

കലാമണ്ഡലം സുകുമാരനായിരുന്നു ചുട്ടി കലാകാരന്‍. സന്ദര്‍ശ്ശന്‍ കഥകളി വിദ്യാലയത്തിന്റെ ചമയങ്ങള്‍ ഉപയോഗിച്ചിരുന്ന കളിക്ക് പള്ളിപ്പുറം ഉണ്ണികൃഷ്ണന്‍, കണ്ണന്‍ എന്നിവരായിരുന്നു അണിയറസഹായികളായി വര്‍ത്തിച്ചിരുന്നത്.

1 അഭിപ്രായം:

VAIDYANATHAN, Chennai പറഞ്ഞു...

മണീ, നമസ്കാരം. താൻ എങ്കിലും അമ്പലപ്പുഴയിൽ എത്തിയല്ലോ! വളരെ സന്തോഷം.