ഗോപിയാശാന്റെ സപ്തതി ആഘോഷം


സര്‍ഗ്ഗസിദ്ധിയാലും സാധനയാലും ഈ കാലഘട്ടത്തിലെ അതുല്ല്യനടനായി വളര്‍ന്ന്, കഴിഞ്ഞ അരനൂറ്റാണ്ടായി കളിയരങ്ങില്‍ നിറഞ്ഞുനില്‍ക്കുന്ന നാട്യപ്രതിഭയായ ശ്രീ കലാമണ്ഡലം ഗോപിക്ക് ഇക്കഴിഞ്ഞ 27ന്(മെയ്) 70 വയസ്സ് തികഞ്ഞു. മെയ് 26,27 തീയതികളിലായി ബന്ധുക്കളും സുഹ്യത്തുക്കളും ശിഷ്യരും സഹപ്രവര്‍ത്തകരും ആസ്വാദകരും ചേര്‍ന്ന് സമുന്നതമായി ആഘോഷിക്കപ്പെട്ടു.കലാ:പത്മനാഭന്‍ നായര്‍ നഗരിയില്‍ (ഗുരുവായൂര്‍ മുനിസിപ്പല്‍ ടൌണ്‍ഹാള്‍) ആയിരുന്നു ഇതു നടന്നത്.48മണിക്കൂര്‍ നീണ്ടുനിന്ന ഈ മഹോത്സവത്തില്‍ കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള കലാ-സാംസ്ക്കാരീക പ്രവര്‍ത്തകരും ആസ്വാദകരും പങ്കെടുത്തു.2 രാത്രികളിലായി 24മണിക്കൂര്‍ നീണ്ടുനിന്നതും 70വേഷങ്ങള്‍അരങ്ങിലെത്തിയതുമായ കഥകളി തന്നെ ആയിരുന്നു പ്രധാനപരിപാടി.നഗരിയില്‍ ശ്രീ രാധാക്യഷ്ണവാര്യര്‍ ഒരുക്കിയ ചിത്രപ്രദര്‍ശനംജനശ്രദ്ധപിടിച്ചുപറ്റി. ഗോപിയാശാന്റെ വിവിധവേഷങ്ങളുംഭാവങ്ങളും ഇദ്ദേഹം വിദഗ്ദ്ധമായി തന്റെ ക്യാമറയില്‍ പകര്‍ത്തിഎടുത്തിരിക്കുന്നു.എതുകൂടാതെ മാത്യഭൂമി,വേദിക തുടങ്ങിയവരുടെ പുസ്തക-സി.ഡി സ്റ്റാളുകളും ഇവിടെ ഒരുക്കിയിരുന്നു.26ന് കാലത്ത് ‘കേരളീയ നാട്യ കലക്ക് കലാ:ഗോപിയുടെ സംഭാവന’ എന്ന വിഷയത്തിലുള്ള സെമിനാര്‍ നടന്നു.കേരള സംഗീതനാടക അക്കാദമി ചെയര്‍മാന്‍ ശ്രീ ഭരത് മുരളി ഉദ്ഘാടനം ചെയ്ത സെമിനാറില്‍ കലാമണ്ഡലം സെക്രട്ടറി ശ്രീഎന്‍.ആര്‍.ഗ്രാമപ്രകാശ് മോഡുലേറ്റര്‍ ആയിരുന്നു.സര്‍വ്വശ്രീ നെടുമുടിവേണു, വേണൂജി, ഡോ:പി.വേണുഗോപാല്‍ എന്നിവര്‍പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.ശ്രീ കെ.ബി.ആനന്ദ് സ്വാഗതവുംശ്രീ എം.കെ.അനിയന്‍ നന്ദിയും പറഞ്ഞു.വൈകിട്ട് കഥകളിയാരംഭിക്കുന്നതിനു മുന്‍പായി നളവേഷധാരിയായ കലാ:ഗോപിയെ മുത്തുക്കുട,ആലവട്ട,പഞ്ചവാദ്യ സഹിതം വേദിയിലേക്കാനയിച്ച് ‘നാട്യരത്നം’ എന്നകീര്‍ത്തിമുദ്ര ശ്രീ കാവാലം നാരായണപ്പണിക്കരാല്‍ സമ്മാനിക്കപ്പെട്ടു.സപ്തതിദിനത്തില്‍ രാവിലെ ഗോപിയെ ഗജവീരന്മാരുടേയും സര്‍വശ്രീ അന്നമനട പരമേശ്വര മാരാര്‍,പെരുവനം കുട്ടന്‍ മാരാര്‍ തുടങ്ങിയവര്‍ നയിച്ച പഞ്ചവാദ്യത്തിന്റേയും അകന്വടിയോടുകൂടി ആഘോഷനഗരിയിലേക്കാനയിച്ചു.വേദിയില്‍ എത്തിയ ഗോപി തന്റെ ഗുരുക്കന്മാരായ പത്മഭൂഷണ്‍രാമന്‍കുട്ടി നായര്‍,ശ്രീ കുറൂര്‍ വാസുദേവന്‍ നന്വൂതിരി തുടങ്ങിയവര്‍ക്ക് ഗുരുപൂജ ചെയ്തു. തുടന്ന് ഗോപിയാശാന് ശിഷ്യരും സഹപ്രവര്‍ത്തകരും ആസ്വാദകരായ വ്യക്തികളും സംഘടനകളും ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.ഉച്ചയോടെ നടന്ന അനുമോദന സമ്മേളനം ബഹു:സാംസ്ക്കാരീകവകുപ്പുമന്ത്രി ശ്രീ എം.എ.ബേബി ഉത്ഘാടനം ചെയ്തു. കലാമണ്ഡലം ചെയര്‍മാന്‍ പ്രൊഫ:ഒ.എന്‍.വി.കുറുപ്പ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ശ്രീ ചൊവ്വല്ലൂര്‍ ക്യഷ്ണന്‍കുട്ടി സ്വാഗതമാശംസിച്ചു.സ്തലം എം.എല്‍.എ ശ്രീ കെ.വി.അബ്ദ്ദുള്‍ഖാദര്‍ ഗോപിയെ പൊന്നാടയണിയിച്ചു.യോഗത്തില്‍ വച്ച് സംഘാടകരുടെ സമ്മാനമായി ഒരു ഓടില്‍ തീര്‍ത്ത കളിവിളക്ക് ഗോപിക്ക് നല്‍കി.ഉച്ചതിരിഞ്ഞു നട്ന്ന സുഹ്യത്ത് സ്മ്മേളനത്തിന് ശ്രീ കെ.പി.സി.നാരായണന്‍ ഭട്ടതിരിപ്പാട് അദ്ധ്യക്ഷതവഹിച്ചു. സി.മോഹന്‍ദാസ് സ്വാഗതമാശംസിച്ച യോഗം ആര്‍ട്ടിസ്റ്റ് നന്വൂതിരി ഉത്ഘാടനം ചെയ്തു. ഈ യോഗത്തില്‍ സുഹ്യത്തുക്കളും സഹപ്രവര്‍ത്തകരും ആസ്വാദക പ്രമുഖരും ഗോപിയേക്കുറിച്ചുള്ള സ്മരണകള്‍ പങ്കിട്ടു.


ശ്രീ ഗുരുവായൂര്‍ ജനാര്‍ദ്ദനന്‍ നെടുങ്ങാടിയുടെ അഷ്ടപദി, ശ്രീ പൂക്കാട്ടിരി ദിവാകരപ്പൊതുവാള്‍,ശ്രീ ചേര്‍പ്പുളശ്ശേരി ശിവന്‍ എന്നിവര്‍ ചേര്‍ന്നവതരിപ്പിച്ച കേളി,കലാ:ഗീതാനന്ദന്റെ ഓട്ടന്‍തുള്ളല്‍,ശ്രീ കല്ലൂര്‍ രാമന്‍കുട്ടി മാരാരും ശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും കൂടി ഇരട്ടത്തായന്വക എന്നിങ്ങനെ വിപുലമായ കലാസദ്യക്കുപുറമെ പിറന്നാള്‍ സദ്യയും സംഘാടകര്‍ ഒരുക്കിയിരുന്നു.26ന് സന്ധ്യക്ക് 6മണിക്ക് പഞ്ചപാണ്ഡവരും പാഞ്ചാലിയുമായുള്ള പുറപ്പാടോടുകൂടി കളി ആരംഭിച്ചു.
നളചരിതം രണ്ടാം ദിവസത്തില്‍ ആദ്യരംഗത്തില്‍ ഗോപിയാശാന്‍ നളനായും മാര്‍ഗ്ഗി വിജയന്‍ ദമയന്തിയായും എത്തി പ്രേക്ഷകരേ സ്യഗാരഭാവത്തിന്റെ സൌന്ദര്യത്തില്‍ രഞ്ജിപ്പിച്ചു. കലാനിലയം ഉണ്ണിക്യഷ്ണന്‍,കലാ:രാജീവന്‍(പാട്ട്),കലാ:ഉണ്ണിക്യഷ്ണന്(ചെണ്ട), കലാ:നാരായണന്‍(മദ്ദളം) എന്നിവരായിരുന്നു ഈ രംഗത്തിലെ സഹപ്രവര്‍ത്തകര്‍.രണ്ടാംദിവസത്തിലെ ബാക്കിഭാഗങ്ങളിലെ നളനെ കോട്ടക്കല്‍ചന്ദ്രശേഖരവാര്യരും ദമയന്തിയെ മാത്തൂര്‍ ഗോവിന്ദന്‍കുട്ടിയുംഅവതരിപ്പിച്ചു.കലിയായി നെല്ലിയോട് വാസുദേവന്‍ നന്വൂതിരിയും ദ്വാപരനായി കൊട്ടാരക്കര ഗംഗയും പുഷക്കരനായി കലാ:ക്യഷ്ണകുമാറും കാട്ടാളനായി മടവൂര്‍ വാസുദേവന്‍ നായരും രംഗത്തെത്തി.രണ്ടാമത്തെ കഥയായ ദുര്യോദ്ധനവധത്തില്‍ ദുര്യോധനനായിഇഞ്ചക്കാട്ട് രാമചന്ദ്രന്‍ പിള്ളയും ദുശ്ശാസനനായി മാര്‍ഗ്ഗി മുരളീധരന്‍ പിള്ളയും വേഷമിട്ടു.രണ്ടാംദുര്യോധനനായി വന്ന കലാ:ശ്രീകുമാറിന്റെ ആട്ടം-വിശേഷിച്ചും കഥാപാത്രത്തേയും സന്ദേഭത്തേയും അറിഞ്ഞുള്ള അഭിനയം-അഭിന്ദനാര്‍ഹമായിരുന്നു.ക്യഷ്ണനായി എത്തിയ കലാ:വിനോദ കുമാറിന്റെ പ്രകടനവും നന്നായി.ഇവരിരുവരും ചേര്‍ന്ന ദൂത് രംഗം വളരെ രസമായി അനുഭവപ്പെട്ടു.അതുപോലെ സദനം ബാലക്യഷ്ണന്റെ രൌദ്രഭീമനും തിളങ്ങി.ഈദിവസത്തെ സംഗീതവിഭാഗം മാടന്വ് സുബ്രഹ്മണ്യന്‍ നന്വൂതിരി,വേങ്ങേരി നാരായണന്‍ നന്വൂതിരി,പത്തിയൂര്‍ ശങ്കരന്‍കുട്ടി, കലാ:വിനോദ്,കോട്ടക്കല്‍ പി.ഡി.നന്വൂതിരി,കലാ:ബാബു നന്വൂതിരീ എന്നിവരും ചെണ്ട കുറൂര്‍ വാസുദേവന്‍ നന്വൂതിരി,കലാ:ക്യഷ്ണദാസ് തുടങ്ങിയവരും മദ്ദളം കലാ:ശങ്കരവാര്യര്‍, കലാ:ഹരിനാരായണന്‍, കലാ:ഗോപിക്കുട്ടന്‍,കലാ:ശശി തുടങ്ങിയവരും കൈകാര്യം ചെയ്തു.

27നും സന്ധ്യക്ക് 6നുതന്നെ കളിയാരംഭിച്ചു. അന്ന് നാലുമുടി പുറപ്പാടായിരുന്നു. ആദ്യകഥയായിരുന്ന ലവണാസുരവധത്തില്‍ ലവനായി കലാ:ബാലസുബ്രഹ്മണ്യനും കുശനായി കോട്ടക്കല്‍ കേശവന്‍ കുണ്ഡലായരും നന്നായി പ്രവര്‍ത്തിച്ചു. സീതവേഷത്തില്‍ കോട്ടക്കല്‍ ശിവരാമനും ഹനൂമാനായി പത്മഭൂഷണ്‍ കലാ:രാമന്‍കുട്ടി നായരും ചേര്‍ന്നുള്ള അഭിനയ മുഹൂര്‍ത്തങ്ങള്‍ ആസ്വാദകര്‍ക്ക് ഹ്യദ്യമായി.അടുത്തകഥയായ ഉത്തരാസ്വയംവരത്തില്‍ ദുര്യോദ്ധനവേഷമിട്ട്കത്തിവേഷവും തനിക്കിണങ്ങുമെന്ന് ഗോപിയാശാന്‍ തെളിയിച്ചു. എന്നാല്‍ ചിട്ടയിലുള്ളആട്ടങ്ങളല്ലാതെ, കൂടുതല്‍ കൈകാര്യം ചെയ്യുന്ന പച്ചവേഷങ്ങളിലേപ്പോലെ കൂടുതല്‍ ആട്ടങ്ങള്‍ ഒന്നും ഇതില്‍ കണ്ടില്ല. കലാ:ഷണ്മുഖദാസ് ഭാനുമതിയായും കലാ:ഹരീ.ആര്‍.നായര്‍ദൂതനായും വേഷമിട്ടു. യുവകലാകാരന്മാരില്‍ എടുത്തു പറയത്തക്ക പ്രകടനമാണ് ഇരുവരും കാഴ്ച്ചവെച്ചത്.

ത്രിഗര്‍ത്തനായി വന്ന കോട്ടക്കല്‍ ദേവദാസന്‍ വളരെ ആടി എങ്കിലും ആട്ടത്തില്‍ ആഴത്തില്‍ കൂടുതല്‍ പരപ്പാണു തോന്നിയത്. ത്രിഗര്‍ത്തപ്രഭു ഉത്തരന്റെ മണിയറയില്‍ ഉളിഞ്ഞുനോക്കുന്നതായും മറ്റുമൂള്ള ആട്ടങ്ങള്‍ കഥാപാത്രസ്വഭാത്തിന് അനുസ്യതമല്ലാത്തതും സന്വ്യദായരഹിതവുമായി തോന്നി.കൂടാതെ വിരാട രാജധാനിയിലെത്തിയ ത്രിഗര്‍ത്തന്‍,വിരാടന്റെഏറ്റവും വലിയ സ്വത്തായ പശുക്കളേത്തേടി(സമുദ്രം പോലെ പശുക്കള്‍ വിരാടപുരിയിലുണ്ടെന്നാണ് നെല്ലിയോടുതിരുമേനിയും മറ്റും ഈഭാഗത്ത് ആടാറുള്ളത്) വളരെ അലയുന്നതായി ആടിയതും അത്ര ശരിയായി തോന്നിയില്ല.
ഈ രംഗങ്ങളില്‍ പാടിയത് കോട്ടക്കല്‍ നാരായണനും നെടുന്വുള്ളി രാമമോഹനനും ആണ്.
ഈ കഥകളി സമാരോഹത്തിലെ ഏറ്റവും ആസ്വാദ്യമായ വിഭവമായിരുന്നു ഈ പദങ്ങള്‍.ഇവര്‍ ചേര്‍ന്നു പാടുന്നതു കേട്ടപ്പോള്‍ പണ്ട് കുറുപ്പാശാനും ഹരിദാസേട്ടനും ചേര്‍ന്ന് പാടിയിരുന്നതാണ് ഓര്‍മ്മവന്നത്.
ഉത്തരനായി ബാലക്യഷ്ണനും ബ്യഹന്ദളയായി സദനം ക്യഷ്ണന്‍കുട്ടിയും വേഷമിട്ടു.ഈ രംഗങ്ങളിലെ പാട്ട് പാലനാട്ദിവാകരന്‍ നന്വൂതിരിയും കലാ:രാജേഷ് മേനോനും ആയിരുന്നു.

മൂന്നാമത്തെ കഥയായിരുന്ന ദക്ഷയാഗത്തില്‍ ദക്ഷന്‍ കോട്ടക്കല്‍ നന്ദകുമാറും ശിവന്‍ കലാനിലയം ഗോപിഥനും സതി ചവറപ്പാറുക്കുട്ടിയും വീരഭദ്രന്‍ കാവുങ്കല്‍ ദിവാകരപ്പണിക്കരും ആയിരുന്നു.ഈ കഥക്ക് പാടിയത് നെടുന്വുള്ളി രാമമോഹനന്‍,കലാ: രാജേഷ് തുടങ്ങിയവരാണ്.

ഈ ദിവസം ചെണ്ടകൊട്ടിയത് കലാ:ഉണ്ണിക്യഷ്ണന്‍,കലാ:വിജയ ക്യഷ്ണന്‍‍,കോട്ടക്കല്‍ പ്രസാദ്,പനമണ്ണ ശശി,കലാ:പ്രഭാകര പൊതുവാള്‍ തുടങ്ങിയവരാണ്.മദ്ദളം വായിച്ചത് കലാ:നാരായണന്‍ നന്വീശന്‍,കലാ:രാമന്‍കുട്ടി,കോട്ടക്കല്‍ രവി,കലാ:രാജനാരായണന്‍,സദനംദേവദാന്‍,കലാ:വേണു മുതല്‍പ്പേരാണ്.

ഇന്നത്തെ വയോധികരായ ആശാന്‍തലമുറക്കു ശേഷവും കഥകളിയെന്ന കേരളകലയെ സന്വുഷ്ടമാക്കാന്‍പോന്നഒരു യുവതലമുറ ഉണ്ടെന്ന് ഈ കഥകളി സമാരോഹത്തില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നു.എന്നാല്‍ ഇവര്‍ക്ക് വേണ്ടരീതിയില്‍ പ്രോത്സാഹനവും അവസരങ്ങളും നല്‍കണം.


സന്ദര്‍ശിക്കാവുന്ന മറ്റിടങ്ങള്‍:http://grahanam.blogspot.com/2007/05/blog-post_30.htmlസപ്തതി-കലമണ്ഡലം ഗോപി-ഗ്രഹണം.

കലാകേന്ദ്രം വാര്‍ഷികം(2)

തുടര്‍ന്ന് കഥകളി നടന്നു.കഥ ഉത്തരാസ്വയംവരം(ത്രിഗര്‍ത്ത വട്ടം വരെ). ശ്രീ രാമന്‍കുട്ടി നായരുടെ അഭാവത്തില്‍ ദുര്യോധനനായി ശ്രീ കോട്ടക്കല്‍ ചന്ദ്രശേഖരവാര്യര്‍ അരങ്ങില്‍എത്തി.ചിട്ടയാര്‍ന്ന രീതിയില്‍ നന്നായി അദ്ദേഹം ഈ വേഷംകൈകാര്യം ചെയ്തു.ഭാനുമതി ശ്രീ കലാ:വിജയനായിരുന്നു.നല്ലരീതിയില്‍ രസാവിഷ്ക്കരണമുണ്ടെങ്കിലും എദ്ദേഹത്തിന്റെമുദ്രകള്‍ കുറച്ച് ഓടിപോകുന്നില്ലേ എന്നു സംശയം തോന്നും.ത്രിപ്പൂണിത്തുറ ഉണ്ണിക്യഷ്ണന്‍ ദൂതവേഷം നന്നായി കൈകാര്യംചെയ്തു.
ത്രിഗര്‍ത്തനായി ശ്രീ കലാ:നെല്ലിയോട് വാസുദേവന്‍ നന്വൂതിരി വേഷമിട്ടു. അഭ്യാസത്തികവിനാലും പുരാണപരിചയത്താലും കഥാപാത്രമായി മാറി അഭിനയിക്കും എന്നതാണ് ചുവന്നതാടി വേഷക്കാരില്‍ അഗ്രഗണ്യനായ ഇദ്ദേഹത്തിന്റെ പ്രത്യേകത.വ്യക്തമായ മുദ്രകളും ഇദ്ദേഹത്തിന്റെ പ്രത്യേകതയാണ്. അദ്ദേഹം ഒറ്റകൈകൊണ്ടു മുദ്രകാണിച്ചാല്‍പ്പോലും ആസ്വാദകര്‍ക്ക് അനായാസം അതു മലസ്സിലാക്കാന്‍ സാധിക്കുന്നു. ഇദ്ദേഹം അഭിനയത്തില്‍ നല്ലരീതിയില്‍ ഹാസ്യം കലര്‍ത്തും. ശ്രീ കലാ:രാധാക്യഷണന്‍ വിരാടനായും ശ്രീ ആര്‍.എല്‍.വി.ഗോപി വലലനായും രംഗത്തെത്തി. ശ്രീ കലാ: ഗംഗാധരനും ശ്രീ കലാ:ബാബു നന്വൂതിരിയുമായിരുന്നുപാട്ട്. പഴയതുപോലെ പാടാനാവുന്നില്ലെങ്കിലും ഗംഗാധരനാശാന്‍ ഈ 70തിനടുത്തപ്രായത്തിലും ചിട്ടയാര്‍ന്നരീതിയില്‍പാടി. ശാരീരസുഖമില്ലങ്കില്‍ കൂടി അക്ഷരതസ്പുടതയായും വേണ്ട സ്തലങ്ങളില്‍ ചില അക്ഷരങ്ങള്‍ക്ക് ഊന്നല്‍ നല്‍കി പാടുന്നരീതിയാണ് ഇദ്ദേഹത്തിന്റേത്. ഇത് നന്വീശനാശാന്റെ വഴിയാണ്.മേളവിഭാഗം ശ്രീ കലാ:രാമന്‍ നന്വൂതിരി(ചെണ്ട) ശ്രീ കലാ:നന്വീശന്‍കുട്ടി,കലാനിലയം പ്രശാന്ത്(മദ്ദളം) എന്നിവര്‍ നന്നായി കൈകാര്യം ചെയ്തു.
20ന് വൈകിട്ട് 6ന് ഉത്തരാസ്വയംവരം ബാക്കിഭാഗം കളി നടന്നു. അന്ന് ശ്രീ കലാ:ഗോപിയെ പ്രൊഫ:എം.കെ.സാനുപൊന്നാടചാര്‍ത്തി ആദരിച്ചു.ഉത്തരവേഷം ശ്രീ കലാ:ശ്രീകുമാര്‍ നന്നായികൈകാര്യം ചെയ്തു.അഭിനയത്തില്‍ ഗോപിയാശാന്റെ അതേ വഴികളാണ് ശ്രീകുമാറിനും എന്നാല്‍ മറ്റുചില ശിഷ്യരേപ്പോലെ അമിതമായഅനുകരണമില്ലാതാനും.എദ്ദേഹത്തിന് ഒരു ആദ്യാവസാനവേഷം സുഗമമായി കൈകാര്യം ചെയ്യാനവും എന്ന് അഭിനയം കണ്ടപ്പോള്‍ തോന്നി.കലാ:ഗോപി ബ്യഹന്നളവേഷത്തില്‍ തന്റെ തനത് അഭിനയചാരുത പ്രകടിപ്പിച്ചു. കലാ:ഷണ്മുഖദാസ് സൈരന്ധ്രി വേഷമിട്ടു.
പാലനാട് ദിവാകരന്‍ നന്വൂതിരിയും കല:ഹരീഷ് മനയത്താടുംപാട്ടും, കലാ:ഉണ്ണിക്യഷ്ണന്‍ ചെണ്ടയും, കലാ:ശശി മദ്ദളവും നന്നായി കൈകാര്യം ചെയ്തു.

കലാകേന്ദ്രം വാര്‍ഷികം (1)

ത്യപ്പൂണിത്തുറ കഥകളി കലാകേന്ദ്രത്തിന്റെ 35 മത് വാര്‍ഷികം2007മെയ് 19,20 തിയതികളില്‍ ത്യപ്പൂണിത്തുറ കളിക്കോട്ട കൊട്ടാരത്തില്‍ വച്ച് ആഘോഷിച്ചു.19ന് വൈകിട്ട് 6മണിക്ക് വാഷികപൊതുയോഗം നടന്നു. യോഗത്തില്‍ വച്ച് ശ്രീ കലാ:കരുണാകരന്‍ നായര്‍ സ്മാരകട്രസ്റ്റ് വക ‘കലാ:കരുണാകരന്‍ നായര്‍ സ്മാരക പുരസ്ക്കാരം‘ ശ്രീ കലാ: രാജന്‍ മാസ്റ്റര്‍ക്ക് സമ്മാനിച്ചു.

യുവകലാകാരന്മാര്‍ക്കുള്ള ശ്രീ കെ.വി.കൊച്ചനുജന്‍ സ്മാരക പുരസ്ക്കാരം കഥകളി ഗായകനായ ശ്രീ ഹരീഷ് മനയത്താടിന് മന്ത്രി എസ്സ്.ശര്‍മ്മ സമ്മാനിച്ചു.സുവര്‍ണ്ണമുദ്രയും പ്രശസ്തിപത്രവുംഫലകവും അടങ്ങിയതാണ് കൊച്ചനുജന്‍ സ്മാരക പുരസ്ക്കാരം.

കൂടാതെ കേന്ദ്ര സംഗീത നാടക അക്കാടമി അവാര്‍ഡ് നേടിയ ശ്രീ കലാ:ഗംഗാധരന്‍,ശ്രീ കൊട്ടക്കല്‍ ചന്ദ്രശേഖര വാര്യര്‍ എന്നിവരെ ആദരിച്ചു.ഒരു കഥകളി ഗായകന് ആദ്യമായി അക്കാഡമി അവാര്‍ഡ് കിട്ടുന്നത് ഇപ്പോള്‍ തനിക്കാണെന്നും എന്നാല്‍ തന്റെ ഗുരുവായശ്രീ കലാ:നീലകണ്ഠന്‍ നന്വീശന്‍,തനിക്കുമുന്‍പേ വന്ന ശ്രീകലാ:ഉണ്ണിക്യഷ്ണക്കുറുപ്പ്, ചേര്‍ത്തല കുട്ടപ്പക്കുറുപ്പ് തുടങ്ങിയവരെല്ലാം ഇതിന് അര്‍ഹതപ്പെട്ടവരായിരുന്നു എന്നും എന്നാല്‍ എന്തോ അവര്‍ക്കൊന്നും അതിനു യോഗം ഉണ്ടായില്ല എന്നും മറുപടിപ്രസംഗത്തില്‍ ശ്രീ ഗംഗാധരന്‍ പറഞ്ഞു.പതമഭൂഷണ്‍ ശ്രീ കലാ: രാമന്‍കുട്ടി നായര്‍ക്കും സ്വീകരണം നിശച്ചയിച്ചിരുന്നു എങ്കിലും അദ്ദേഹം എത്തിയിരുന്നില്ല.

ആലപ്പുഴ ക്ലബ്ബ് വാര്‍ഷികം

ആലപ്പുഴജില്ലാ കഥകളിക്ലബ്ബിന്റെ 42മത് വാര്‍ഷികം30-04-2007ല്‍ ആലപ്പുഴ എസ്.ഡി.വിബസ്സന്ത്ഹാളില്‍വച്ച് ആഘോഷിച്ചു.
വൈകിട്ട് 6ന് നടന്ന വാഷീകസമ്മേളനത്തില്‍ വെച്ച്
‘ കലാ:ഹരിദാസ് സ്മാരക പുരസ്ക്കാരം’ ശ്രീ കലാ:ബാബു നന്വൂതിരിക്ക് സമ്മാനിച്ചു.ശ്രീ പത്മഭുഷണ്‍ രാമന്‍കുട്ടിനായര്‍ വെക്തിപരമായ കാരണങ്ങളാല്‍ എത്താന്‍ സാധിക്കില്ലാ എന്നറിയിച്ചതിനാല്‍ അന്നേദിവസം അദ്ദേഹത്തിനു നിശ്ചയിച്ചിരുന്ന ‘പൌരസ്വീകരണം’ മറ്റോരവസരത്തിലേക്കു മാറ്റിവച്ചു. അക്കാഡമി ഫെല്ലോഷിപ്പ് നേടിയ ശ്രീ കലാ:ഗോപിയെ പൊന്നാടയണിയിച്ചാദരിച്ചു.
തുടന്ന് സര്‍വ്വശ്രീ കോട്ടക്കല്‍ മധു,കലാ:ബാബു നന്വൂതിരി(പാട്ട്), കുറൂര്‍ വാസുദേവന്‍ നന്വൂതിരി, കലാ:ക്യഷ്ണദാസ്(ചെണ്ട),കലാ:ശശി,കലാ:അച്ചുതവാര്യര്‍(മദ്ദളം) എന്നിവര്‍ പങ്കെടുത്ത ഡബിള്‍ മേളപ്പദത്തോടെ കഥകളി നടന്നു.
ആദ്യ കഥ മാലിയുടെ ‘കര്‍ണ്ണശപഥം’ ആയിരുന്നു.ഗോപിയാശാന്‍ സ്വതസിദ്ധമായ ഭാവാവിഷ്ക്കാരങ്ങളോടെ കര്‍ണ്ണനെ അവതരിപ്പിച്ചു. കുന്തിയായി ശ്രീ മാത്തൂര്‍ ഗോവിന്ദന്‍കുട്ടി രംഗത്തെത്തി.മനോധര്‍മ്മാവിഷക്കാര സമയത്തും മറ്റും കൂട്ടുവേഷക്കാരനോട് നല്ല ചോദ്യശരങ്ങള്‍ തോടുക്കുന്ന ഗോപിയാശാന്റെ കൂട്ടുവേഷത്തിനു മാത്തൂര്‍ പോരാ എന്നു തോന്നി.ഈ കഥയുടെ സംഗീതം ശ്രീ പത്തിയൂര്‍ ശങ്കരന്‍ കുട്ടിയും മധുവും കോട്ടക്കല്‍ സന്തോഷും ചെണ്ട ക്യഷ്ണദാസും മദ്ദളം ശശിയും കൈകാര്യം ചെയ്തു.
രണ്ടാം കഥ ഇരയിമ്മന്‍ തന്വി രചിച്ച ‘ദക്ഷയാഗം’ആയിരുന്നു. ഒന്നാം ദക്ഷനായി ശ്രീ കോട്ടക്കല്‍ ചന്ദ്രശേഖര വാര്യര്‍ വേഷമിട്ടു.’പതിഞ്ഞ പദവും’ ‘കണ്ണിണക്കാന്ദവും‘ ‘അനന്തജന്മാര്‍ജിതവും’ എല്ലാം ഇദ്ദേഹം തികഞ്ഞചിട്ടയില്‍ ഭംഗിയായി അവതരിപ്പിച്ചു. വേഷത്തിന്റെ നിറവും വേഷപകര്‍ച്ചയും ചിട്ടയും ഇദ്ദേഹത്തിന്റെ പ്രത്യേകതകളാണ്.വേദവല്ലിയായി മുരളീധരന്‍ നന്വൂതിരി നന്നായി എങ്കിലും ചില സമയങ്ങളില്‍ ലേശം ഓവറായി പോകുന്നില്ലെ എന്നു സംശയം തോന്നി.നായകന്‍ ‘ഇതു കാണുന്നില്ലെ‘ എന്നു ചോദിക്കുന്വോള്‍ ഇദ്ദേഹം അതു കാണുന്നതായി നടിക്കുക കൂടാതെ,’മനോഹരമായ ഹംസങ്ങള്‍ ഓരോരൊ ചേഷ്ടകള്‍ കാട്ടി പറന്നു നടക്കുന്നു’എന്നു മറുപടിയും പറയുന്നു.ഇത് ‘പുളിനങ്ങളില്‍ നല്ല കളഹംസലീല കണ്ടു’എന്ന് പിന്നീട് നായകന്‍ വിസ്തരിച്ചാടുന്നതിനു രസക്കുറവാകുകയില്ലേ. ഈ ഭാഗം മധുവും ബാബുവും ചേര്‍ന്നു നന്നായി പാടി.
മാര്‍ഗ്ഗി വിജയകുമാറായിരുന്നു സതി.

രണ്ടാം ദക്ഷനായി ശ്രീ കലാ:ബാലസുബ്രഹ്മണ്യന്‍ തകര്‍ത്താടി. ഉഴപ്പാതെ ആത്മാര്‍ത്ഥമായി അഭിനയിക്കും എന്നുള്ളതാണ് പ്രധമമായും പ്രധാനമായും ഗോപിയാശാന്റെ ശിഷ്യനായ ഇദ്ദേഹത്തിന്റെ പ്രധാന ഗുണം.കറതീര്‍ന്നരീതിയില്‍ വെടിപ്പായെടുക്കുന്ന കലാശങ്ങള്‍ ഇദ്ദേഹത്തിന്റെ വേഷത്തിന്റെ മുഖമുദ്രയാണ്. ഈ രംഗങ്ങളിലെ സംഗീതം പത്തിയൂരും സന്തോഷും കൈകാര്യം ചെയ്തു.നല്ല ശബ്ദസൌകുമാര്യവും സംഗീതവും ഉണ്ടെങ്കിലും ശബ്ദമെടുത്തുപാടേണ്ട ഭാഗങ്ങളില്‍ പത്തിയൂര്‍ അത്രശോഭിക്കുന്നില്ല. മുറുകിയ മേളത്തില്‍ മുങ്ങിപോകുന്നു അദ്ദേഹത്തിന്റെ പാട്ട്.

തുടര്‍ന്നുള്ള നന്ദികേശ്വരന്റെ ഭാഗം ഉണ്ടായിരുന്നില്ലങ്കിലും ദധീചിയുടെ ഭാഗം ഉണ്ടായിരുന്നു.കലാ:രാമചന്ദ്രന്‍ ഉണ്ണിത്താന്‍ ദധീചീമുനിയായി രംഗത്തെത്തി.
വീരഭദ്രന്‍ ശ്രീ കോട്ടക്കല്‍ ദേവദാസായിരുന്നു.ചുവന്നതാടിവേഷങ്ങളില്‍ കഴിവുതെളിയിച്ച് ഉയര്‍ന്നുവരുന്ന നടനാണ് ദേവദാസ്.ഭദ്രകാളിയായും ഉണ്ണിത്താന്‍ വേഷമിട്ടു. സാധാരണയായി വീരഭദ്രവേഷത്തില്‍ വരുന്ന ഉണ്ണിത്താന്റെ ഭദ്രകാളീവേഷം ഇങ്ങനെ കാണാനായി.ഇദ്ദേഹത്തിന്റെ മുഖം തേപ്പിലും മറ്റും വിത്യാസമുണ്ട്.സാധാരണയായി കറുപ്പില്‍ വെള്ളക്കുത്തുകളാണ് ഭദ്രകാളീവേഷത്തിന് മുഖത്തു തേയ്ക്കാറ്.ഇദ്ദേഹം നീലകലര്‍ന്ന പച്ച നിറത്തില്‍ മുഖം തേച്ച് ചുവന്ന കുത്തുകളാണ് നല്‍കിയിരുന്നത്.കൂടാതെ പ്രത്യേകരീതിയില്‍ കണ്ണുകള്‍ വരക്കുകയും ശൂലാക്യതിയില്‍നെറ്റിപൊട്ട് വരക്കുകയും ചെയതിരുന്നു.
യുധരംഗവും മറ്റും ബാലസുബ്രഹ്മണ്യനും ദേവദാസും ഉണ്ണിത്താനും ചേര്‍ന്ന് വിസ്തരിച്ച് അവതരിപ്പിച്ചു. ഈ ഭാഗങ്ങളിലെ സംഗീതം മധുവും ബാബുവും ചേര്‍ന്നും മേളം കുറൂര്‍,അച്ചുതവാര്യര്‍ തുടങ്ങിയവര്‍ ചേര്‍ന്നും ഭംഗിയായി അവതരിപ്പിച്ചു. സമയത്തു പിടിക്കാതിരിക്കുക,സമയത്തു മാറ്റാതിരിക്കുക തുടങ്ങിയ, ചില തിരശീലക്കാരുടെ അശ്രദ്ധകള്‍ ഒഴിച്ചാല്‍ ഇങ്ങനെ കഥകളി ഗംഭീരമായി.

Posted by Picasa

‘കഥകളിരംഗം’

ഇനി ഒരു പുസ്തകപരിചയമാണ്.‘കഥകളിരംഗം‘ എന്നത്
ശ്രീകെ.പി.സ്.മേന്നോന്‍രചിച്ച് 1958ല്‍ മാത്യഭൂമി പുറത്തിറക്കിയ ഒരു പുസ്തകമാണ്.കഥകളി ആസ്വാദകരും കഥകളിയേക്കുറിച്ച് അറിയാനാഗ്രഹിക്കുന്നവരും അവശ്യം വായിച്ചിരിക്കേണ്ടതും ഗവേഷകര്‍ക്ക് പാഠ്യവിധേയവുമാണീപുസ്തകം.കഥകളിയുടെ ഉത്ഭവം,വികാസം ഇങ്ങനെചരിത്രത്തെ കുറിച്ചും കഥകളി കലാകാരന്മാരേക്കുറിച്ചും കഥകളിയുടെ വളര്‍ച്ചയില്‍ പങ്കുവഹിച്ച മഹാത്മാക്കളെക്കുറിച്ചും പ്രതിപാദിക്കുന്നതാണീ പുസ്തകം.
കുട്ടികാലം മുതല്‍ തൊണ്ണൂറാം വയസ്സുവരെ കേരളത്തി ല്‍തെക്കുവടക്കു സഞ്ചരിച്ചു കളികണ്ടു വിശകലനം ചെയത,തികഞ്ഞകളിഭ്രാന്തനായ ശ്രീ കെ.പി.സ്.മേനോന്‍ കഥകളിയുടെ ചരിത്രം എഴുതാന്‍ സര്‍വ്വധാ യോഗ്യന്‍ തന്നെ എന്നു പുസ്തകത്തിന്റെ അവതാരികയില്‍ മഹാകവി വള്ളത്തോള്‍ സമര്‍ദ്ധിക്കുന്നു. മഹാകവി വള്ളത്തോളിന്റെ അവതാരികയില്‍ നിന്നും-“വള്ളത്തോളിന്റെ പഴഞ്ചന്‍ കണ്ണുകളെ ഈ ‘കഥകളിരംഗം’ അന്ന കമനീയഗ്രന്ധം ആഹ്ലാദവികസ്വരങ്ങളാക്കി.ഒരിടത്തു ചടഞ്ഞിരുന്നു,കേവലം ഇതിഹാസങ്ങളെ പ്രമാണിച്ചൊ,ഊഹിച്ചുണ്ടാക്കിയോഎഴുതി വീര്‍പ്പിച്ചതല്ല ഈ മഹാപ്രബന്ധം.ഇതിന്റെ നിര്‍മ്മാതാവ് നീലേശ്വരം മുതല്‍പത്മനാഭപുരം വരെ പണിപ്പെട്ടു സഞ്ചരിച്ച് അതിനിപുണമായ അന്വേഷണം അനുഷ്ടിച്ചിരിക്കുന്നു. വളരേ വളരേ സഹ്യദയന്മാരുമായി നേരിട്ടും കത്തുകള്‍ വഴിയും സംസാരിച്ചിരുന്നു.“
ഈ പുസ്തകത്തില്‍ 8അദ്ധായങ്ങളിലായി കഥകളിയുടെ പൂര്‍വ്വരൂപമായ രാമനാട്ടം മുതല്‍ കഥകളിയുടെ ആധുനീക കാലം വരെയുള്ള ചരിത്രം പറയുന്നു.
ശ്രീമാന്‍ കെ.പി.സ്.മേനൊന്‍ ഈ പുസ്തകം കഥകളിഭ്രാന്തന്‍ മാര്‍ക്കാണു സമര്‍പ്പിച്ചിട്ടുള്ളത്.ഈ സമര്‍പ്പണത്തിലൂടെ കളിഭ്രാന്തന്‍ എന്നുള്ളതിന്റെ നിര്‍വചനവും അദ്ദേഹം നല്‍കിയിരിക്കുന്നു.കൂടാതെ കളി കാണുന്നതിന്റെ പ്രയോജനവും അദ്ദേഹം ഇതിലൂടെ വ്യക്തമാക്കുന്നു.
സമര്‍പ്പണത്തില്‍ നിന്നും-“ഇഷ്ടദേവത വിളയാടുന്ന ക്ഷേത്രത്തിലെത്തുന്ന ഭക്ത്തിപരവശനേപ്പോലെ തിരശീലയുടെ മുന്വില്‍ വന്നിരിക്കുന്നതാരാണൊ; യഥാവിധി പൂജകഴിഞ്ഞ് നടതുറക്കുന്ന വേളയില്‍ വിഗ്രഹദെര്‍ശനത്താല്‍ ഭക്തിയില്‍ മുഴുകുന്നതു പോലെ ശംഖമദ്ദളധ്വനികളോടെ തിരശീലനീക്കുന്വോള്‍ വേഷം കണ്ട് ആത്മവിസ്മ്രിതിയേപ്പോലും പ്രാപിച്ക് ആന്ദസാഗരത്തില്‍ നിമഗ്നനാകുന്നത് ആരാണൊ;
സ്വപ്രേയസിയുടെ അടുത്തേക്ക് മര്‍ഗ്ഗക്ലേശങ്ങളൊന്നും വകവെയക്കാതെ സോത്സാഹമണയുന്ന കമുകനേപ്പോലെ ‘കാടു തോടു കുണ്ടു കുഴി കല്ലു കരടു കാഞ്ഞിരക്കുറ്റി മുള്ളു മുരടു മൂര്‍ഖന്‍പാന്വ്’ ഇവയൊന്നും കൂസാതെ കളിസ്ഥലത്തേക്കെത്താന്‍ വെന്വുന്നതാരാണൊ;
കഥകളിയിലെ ഓരോ രസനിര്‍ഭര സന്ദര്‍ഭം ആടുന്വോഴും ആരാണോ രോമാഞ്ചമണിയുന്നത്;
കളി കാണുന്നതില്‍ നിന്നും ദൈനംദിനജീവിതത്തിന്റെ വ്യഗ്രതകളില്‍ നിന്നും ക്ലേശഭാരങ്ങളില്‍ നിന്നും താല്‍ക്കലീകമായ മോചനം മാത്രമല്ല,പിന്നീട് അവയെ സഹിക്കുവാനുള്ള ധീരതയും തന്നിമിത്തമായുള്ള മന:ശാന്തിയും ബുദ്ധിവിവര്‍ദ്ധനവും ആര്‍ക്കാണോ ലഭിക്കുന്നത്;
അങ്ങിനെ ഉള്ള കഥകളി പ്രണയികള്‍ക്ക്-കളിഭ്രാന്തന്‍ മാര്‍ക്ക്-അവരിലേറ്റവുമെളിയനായ ഗ്രന്ധകര്‍ത്താവ് ഈ പുസ്തകം സാദരം സമര്‍പ്പിക്കുന്നു.”

കഥകളിയിലെ ചില കീഴ്വഴക്കങ്ങള്‍

കഥ തുടങ്ങുമ്പോഴും ഓരോ രംഗത്തിനു ശേഷവും തിരശ്ശീല പിടിക്കുന്നു. ചിലപ്പോള്‍ തിരശ്ശീല പിടിക്കാതെതന്നെ ഒരു രംഗം മറ്റൊന്നിലേക്കു സംങ്ക്രമിക്കുകയൊ ലയിക്കുകയൊ ചെയ്യും. ഒരേരംഗത്തില്‍ തന്നെ മറ്റുചില ആവശ്യങ്ങള്‍ക്കു് തിരശ്ശീല ഉപയോഗിക്കേണ്ടിവരുന്നുണ്ട്. ദേവന്മാര്‍ പ്രത്യക്ഷമാവുകയും അപ്രത്യക്ഷമാവുകയും ചെയ്യുമ്പോള്‍, പോര്‍വിളിക്ക്, സൂതികാകര്‍മ്മാദികള്‍ക്ക് ഇങ്ങനെ പലതിനും തിരശ്ശീല ഉപയോഗിക്കുന്നു.
.
കത്തി,താടി,കരി,ഭീരു തുടങ്ങിയ വേഷങ്ങള്‍ ആദ്യമായി രംഗത്തുവരുന്നതിനു മുപായി ‘തിരനോക്ക്’എന്നോരു ചടങ്ങു നടത്തുന്നു. തിരനോക്കില്‍ കത്തിക്ക് ശൃഗാരവീരങ്ങളും താടിക്ക് വീരരൌദ്രാദികളും കരിക്ക് രൌദ്രബീഭത്സാദികളും ഭീരുവിന് ഹാസ്യവുമാണ് സ്ഥായീഭാവങ്ങള്‍.

.
പല രംഗങ്ങളിലും കഥയിലുള്ളതും ശ്ലോകത്തിലുംമറ്റും കവി സൂചിപ്പിക്കുന്നതുമായ കഥാപാത്രങ്ങള്‍ ‍അവര്‍ക്ക് ആടുവാന്‍ ഒന്നുമില്ലെങ്കില്‍ രംഗത്തു വരാറില്ല. ഉദാ:ഉത്തരാസ്വയംവരം,ദുര്യോധനവധം തുടങ്ങിയ കഥകളില്‍ സഭാരംഗത്ത് ധ്യതരാഷ്ട്രര്‍, ഭീഷ്മര്‍, ക്യപര്‍,കര്‍ണ്ണന്‍ തുടങ്ങി കൌരവസഭയിലെ എല്ലാവരും വേണ്ടതാണെങ്കിലും കളിയില്‍ അതുണ്ടാവില്ല. എന്നാല്‍ ആടാനൊന്നുമില്ലെങ്കിലും ചില കഥാപാത്രങ്ങള്‍ ആവശ്യമായതിനാല്‍ ഉണ്ടാവുകയും ചെയ്യും.
.
രംഗത്തുള്ള കഥാപാത്രം മറ്റൊരു സ്ഥലത്തേക്കുപോയി മറ്റൊരു കഥാപാത്രത്തെ കാണുന്ന പലസന്ദര്‍ഭങ്ങളിലും മറിച്ചാണ് രംഗത്ത് കാണുക. രണ്ടു കഥാപാത്രങ്ങള്‍ ഒരേസമയം രംഗത്തുണ്ടായിരുന്നാലും അവര്‍ തമ്മില്‍ കാണണമെന്നില്ല. ശ്ലോകമോ പദമൊ ചൊല്ലി കഴിഞ്ഞ് ചടങ്ങനുസ്സരിച്ചേ തമ്മില്‍ കാണുകയുള്ളു.
.
നടന്‍ സാധാരണയായി ഇടതുവശത്തുനിന്നുമാണ്(കാണികളുടെ വലത്) രംഗത്ത് പ്രവേശിക്കുക. പ്രവേശിച്ച് പരസ്പ്പരം കണ്ടുകഴിഞ്ഞാല്‍-വലതുവശത്തിരിക്കുന്ന കഥാപാത്രം ദേവത്വത്താലൊ,ഗുരുത്വത്താലൊ പ്രായത്താലൊ ഉയര്‍ന്നവരായാല്‍-അദ്ദേഹത്തെ വന്ദിക്കുന്നു. മറിച്ചായാല്‍ വലത്തുവശത്തുള്ളയാള്‍ വന്നയാളെ വലത്തുവശത്തുള്ള ഇരിപ്പിടം നല്‍കി ആദരിച്ച് പ്രണമിക്കുന്നു. കഥകളിയില്‍ വലത്തുവശം മാന്യസ്താനമായി നിശ്ചയിച്ചിരിക്കുന്നു. കഥാപാത്രങ്ങളില്‍ദേവത്വം,ഗുരുത്വം,പ്രായം ഇവയാല്‍ ഉപരിസ്താനമുള്ളവര്‍ വലതുവശം നില്‍ക്കുന്നു.

ഉദാ:1 കല്യാണസൌഗന്ധികത്തില്‍ ജേഷ്ടനായഹനൂമാനെ തിരിച്ചറിഞ്ഞ ഉടന്‍ ഭീമന്‍ ഹനൂമാന് വലതുവശം നല്‍കി എടത്തുവശത്തേക്കു മാറും.
2 ദുര്യോധനവധത്തില്‍ പാണ്ഡവരെ ചൂതില്‍ തോറ്റ് സ്ഥാന നഷ്ടം വന്നാല്‍ എടതുവശത്തേക്കു നീക്കും.

കഥകളി സംഗീതം

കേരളത്തിന്റെ തനതു സംഗീതം എന്നവകാശപ്പെടാവുന്ന ‘സോപാന സംഗീത’ രീതിയാണ് കഥകളിയില്‍ ഉപയോഗിക്കുന്നത്. ‘അ’കാരത്തില്‍ മാത്രമുള്ള രാഗാലാപനം, വിളമ്പകാലത്തിലുള്ള പാടല്‍, ‘ആന്തോളികാ ഗമക’ പ്രയോഗങ്ങള്‍, വലുതായി അറഞ്ഞുള്ള ‘ബ്യഗ’ കള്‍ ഉപയോഗിക്കായ്ക എന്നിവ ഈ സംഗീത ശൈലിയുടെ പ്രത്യേകതകള്‍ ‍ആണ്. പഴയതില്‍ നിന്നും വെത്യസ്തമായി എന്ന് കഥകളി സംഗീതം കുറെയൊക്കെ ദേശസംഗീതരീതിയിലേക്ക് മാറിയിട്ടുമുണ്ട്. കര്‍ണ്ണാടക സംഗീതത്തിലെ പലരാഗങ്ങളും കഥകളി-സോപാന സംഗീതങ്ങളിലും ഉപയോഗിച്ചു വരുന്നു. എന്നാല്‍ കര്‍ണ്ണാടകസംഗീതത്തില്‍ അദ്യശ്യങ്ങളായ, ദ്രാവിടസംഗീതത്തിന്റെ പൊതുസ്വത്തുക്കള്‍ എന്നു പറയാവുന്ന ‘കണ്ഠാരം’,‘പുറനീര’ തുടങ്ങിയ രാഗങ്ങളും, തനി കേരളീയങ്ങള്‍ എന്നു പറയാവുന്ന ‘കാനക്കുറിഞ്ഞി’, ‘സാമന്തമലഹരി’, ’മാരധനാശി’, ’പാടി’ എന്നീരാഗങ്ങളും കഥകളി-സോപാന സംഗീതങ്ങളില്‍ ധാരാളമായി ഉപയോഗിച്ചു വരുന്നു. ഇതില്‍ പാടി പോലുള്ള രാഗങ്ങള്‍ പ്രത്യേകമായ ചിട്ടയോടും ആലാപനക്രമത്തോടും കൂടി ആലപിക്കേണ്ടവയാണ്. എങ്കില്‍ മാത്രമെ ഇവയുടെ സ്തായീഭാവങ്ങള്‍ പ്രകാശിപ്പിക്കുവാനാകു. കത്തിവേഷങ്ങളുടെ ശ്യഗാരപദങ്ങള്‍ക്കണ് പാടി കഥകളിയില്‍ ഉപയോഗിച്ചു വരുന്നത്.
മറ്റുകലകളിലെ ഗായകരേയും ഭാഗവതര്‍മാരേയും അപേക്ഷിച്ച് ദുഷ്ക്കരമാണ് കഥകളിഗായകന്റെ ജോലി. രാത്രിയിലെ ഉറക്കമിളപ്പും ഒരേനിലയില്‍ നിന്നുകൊണ്ടുള്ള പാട്ടും ശ്രമകരമാണ്. ശ്രുതിചേരാത്ത പരുഷവാദ്യങ്ങളായ ചെണ്ടയുടേയും മദ്ദളത്തിന്റേയും പക്കത്തിലാണ് പാടേണ്ടതും. കൂടാതെ സംഗീതത്തിനൊപ്പം കഥകളിയിലെ ഇതര ഘടകങ്ങളായ വാദ്യ,നാട്യങ്ങളിലും അവഗാഹമുള്ളയാള്‍ക്കെ പൊന്നാനി പാട്ടുകാരനായി വിജയിക്കാനാകു. കാരണം വ്യക്തിമിടുക്കുനോക്കാതെ ന്യത്ത,വാദ്യ,ഗീതങ്ങള്‍ഒരേലക്ഷ്യത്തിലേക്ക് പുരോഗമിച്ചാലെ കളി നന്നാവുകയുള്ളു. ഇതിന് പൊന്നാനിഗായകന്‍ പരസ്പരധാരണയോടെ വാദ്യ,നാട്യ കലാകരന്മാരുമായി സംയുക്തപ്രവര്‍ത്തനം നടത്തുകയും ചില അവസരങ്ങളില്‍ അവരെ നിയന്ത്രിക്കുകയും ചെയ്യണം. ഇതിന് പൊന്നാനിക്ക് കയ്യിലുളള ചേങ്കിലകോലാല്‍ ‍സാധിക്കണം.

കഥകളിയില്‍ ന്യത്യന്യത്തനാട്യാഭിനയങ്ങള്‍.


കഥയുടെ ആരംഭത്തില്‍ പ്രായേണ 
പതിഞ്ഞ കാലത്തിലുള്ള പദമായിരിക്കും. പദത്തിലെ ഖണ്ഡങ്ങളായ പല്ലവി,അനുപല്ലവി,ചരണങ്ങള്‍ എന്നിവ ക്രമത്തില്‍ പൊന്നാനിയും ശിങ്കിടിയും ഓരോരുത്തരായും(ചിലപ്പോള്‍ ഒന്നു ചേര്‍ന്നും)മാറി മാറി പാടുന്നു. നടന്‍ മുദ്രയിലൂടെ പദം അഭിനയിക്കുന്നു. ഇതാണ് കഥകളിയിലെ നൃത്യഭാഗം. 
വാചികമായി നാം പറയുന്നതുപോലെ 
എല്ലാവിധത്തിലും ആശയവിനിമയം ചെയ്യുവാന്‍ സാധിക്കുന്ന ഒരു പൂര്‍ണ്ണമായ തനതു മുദ്രാഭാഷ കഥകളിക്കുണ്ട്. ഭാഷയിൽ അക്ഷരങ്ങൾ ചേർന്ന് വാക്കുകളും, വാക്കുകൾചേർന്ന് വാചകങ്ങളും രൂപീകൃതമാകുന്നതുപോലെ തന്നെ മുദ്രാഭാഷയിലും; 24അടിസ്താനമുദ്രകളാകുന്ന അക്ഷരങ്ങൾ ചേത്തുണ്ടാക്കുന്ന വാക്കുകൾ കോർത്തിണക്കി വാചകങ്ങളും രൂപീകൃതമാവുന്നു. കൈകൊണ്ട് മുദ്രകൾ കാട്ടുന്നതിനൊപ്പം നേത്രാഭിനയവും മെയ്യിന്റെ അനുസൃതമായ വിനിയോഗവും കൂടിച്ചേരുമ്പോഴേ മുദ്രകൾക്ക് പൂർണ്ണതയുണ്ടാകുന്നുള്ളു.  പദാഭിനയത്തെകൂടാതെ പദമില്ലാതെയുള്ള 'ആട്ടം' എന്ന് വിവക്ഷിക്കുന്ന അഭിനയങ്ങളിലും ഈ മുദ്രാഭിനയത്തിലൂടെയാണ് നടൻ വ്യവഹരിക്കുന്നത്.

 
പദത്തിന്റെ ഖണ്ഡം തികയുമ്പോള്‍ നടന്‍ കലാശം എടുക്കണം. അതാതു താളത്തില്‍ വിളമ്പം,മദ്ധ്യമം,ദ്രുതം എന്ന മൂന്നുലയങ്ങളോടെ ഹസ്തവിക്ഷേപം ചെയ്ത് കാല്‍‌പ്രയോഗം ചെയ്തു കാണിക്കുന്നതിനാണ് കലാശം എന്നു പറയുന്നത്. ഇത് നൃത്ത ഭാഗം. അതാതുസന്ദർഭങ്ങളിലെ ഭാവങ്ങളെ തീവൃതയിലേയ്ക്ക് എത്തിക്കുക എന്നതാണ് ഈ നൃത്തങ്ങളുടെ ഉദ്ദേശ്യം.

ഈ നൃത്യനൃത്താഭിനയത്തിനെല്ലാം ഒപ്പം നടന്‍ കഥാപാത്രത്തിനും സന്ദർഭത്തിനും അനുസൃതമായരീതിയിൽ മുഖത്തെ അംഗങ്ങള്‍കൊണ്ട് ഭാവം അഥവാ രസം പ്രകാശിപ്പിക്കുന്നു. ഇതാണു നാട്യാഭിനയം.

കഥകളിയിലെ വേഷങ്ങള്‍(ഭാഗം1)

കഥകളിയില്‍ സാധാരണയായി പച്ച,കത്തി,കരി,താടി,പഴുപ്പ്,മിനുക്ക്,ഭീരു എന്നി വിഭാഗങ്ങളിലുള്ള വേഷങ്ങളാണ് ഉള്ളത്. കഥാപാത്രത്തിന്റെ ആന്തരീക സ്വഭാവവിശേഷങ്ങള്‍ക്കനുശ്രിതമായിട്ടാണ് അവരുടെവേഷങ്ങള്‍
നിര്‍ണയിക്കപ്പെട്ടിട്ടുള്ളത്. സ്വാത്തിക സ്വഭാവക്കാരായവര്‍ക്ക് പച്ചവേഷം(ഉദാ;നളന്‍,ധര്‍മ്മപുത്രര്‍,അര്‍ജ്ജുനന്‍,കൃഷ്ണന്‍). രാജസ സ്വഭാവക്കാര്‍ക്കാണ് കത്തി വേഷം(ഉദാ:രാവണന്‍,ദുര്യോധനന്‍). താമസ സ്വഭാവക്കാര്‍ക്കാണ് ചുവന്നതാടിവേഷം(ഉദാ:ദു:ശാസനന്‍,ബാലി). എന്നാല്‍വെള്ളതാടിവേഷം ഹനുമാനും നന്ദികേശ്വരനും ഉള്ളതാണ്. കാട്ടാളന്‍,കലി,രാക്ഷസന്‍ ഇവര്‍ക്കു്കരിവേഷം. രാക്ഷസിമാര്‍ പെണ്‍ കരി. സൂര്യദേവന്‍,ശിവന്‍ തുടങ്ങിയവര്‍ക്ക് പഴുപ്പ്. ബ്രാഹ്മണര്‍,സ്ത്രീവേഷങ്ങള്‍, മഹര്‍ഷിമാര്‍ ഇവക്ക് മിനുക്കുവേഷം. ചില കഥകളില്‍ നായകന്റെ സഹായിയായി ഭീരുവും വിഢിയുമായ കഥാപത്രം ഉണ്ട്, ഈവേഷമാണ് ഭീരു.

കഥകളിയുടെ പ്രാരംഭ ചടങ്ങുകള്‍

ആദ്യം കളിയുള്ള ദിവസം വൈകുന്നേരം ചെണ്ട,
മദ്ദളം,ചേങ്കില, ഇലത്താളം എന്നിവ ചെര്‍ന്ന്  കേളികൊട്ട് നടത്തുന്നു. ഇതിന്   ഇതു കളിയുടെ അറിയിപ്പാണ്. 
രാത്രി കളിതുടങ്ങുന്നതിനു മുന്‍പായി 
വലിയ ആട്ടവിളക്ക് തെളിയിക്കുന്നു. പണ്ട് വൈദ്യുത വിളക്കുകള്‍ ഇല്ലാതിരുന്ന കാലത്ത് ഈ വിളക്കായിരുന്നു വെളിച്ചം, എന്നാല്‍ എന്ന് വൈദ്യുതവിളക്കുകള്‍ ഉപയോഗിക്കുന്നു.
തുടര്‍ന്ന് മദ്ദളം കൊട്ടുന്നു. ചേങ്ങില, ഇലത്താളം
ഇന്നിവയാല്‍ താളം പിടിക്കുന്നു. ഇതിന് ‘ശുദ്ധമദ്ദളം’ അഥവാ ‘കെളികൈ’ എന്നു പറയുന്നു.
തുടര്‍ന്ന് തോടയം. നാടകത്തിലെ നാന്ദി പോലെ
കഥകളിയിലെ പൂര്‍വരംഗമാണ് തോടയം. ഇതു കളരിയിലും(കഥകളി പഠിക്കുന്ന ക്ലാസ്റൂം) അരങ്ങതും വരുന്ന തെറ്റുകുറ്റങ്ങളില്‍ നിന്നും രക്ഷിച്ചു നല്ലരീതിയില്‍ കളിക്കാന്‍ ദൈവത്തോടുള്ള പ്രാര്‍ദ്ധനയാണ്. കിരീടം,ഉടുത്തുകെട്ട് പോലുള്ള ഭാരിച്ച വേഷവിധാനങ്ങള്‍ എല്ലാതെ രണ്ടോ നാലോ വേഷക്കാര്‍രംഗത്തു വന്നു കളിക്കുന്നു. ഇവര്‍ ‘താ തെയ്യത്തോം’ തുടങ്ങിയ വായ്ത്താരികള്‍ ചൊല്ലും. പാട്ടുകാര്‍ ആദ്യം ചെമ്പട താളത്തില്‍ ഒന്നാം കാലത്തില്‍ രണ്ടു താളവട്ടങ്ങളിലും, തുടര്‍ന്ന് ചെമ്പ താളത്തില്‍ 2, 3, 4 കാലങ്ങളിലായി മൂന്ന്‍ താളവട്ടങ്ങളിലും, മുറിയടന്ത താളത്തില്‍ 1, 2കാലങ്ങളിലായി രണ്ട് താളവട്ടങ്ങളിലും അകാരമായി രാഗം ആലപിക്കും.‘ആനന്ദാ’ എന്ന്  പാടി നിര്‍ത്തുന്ന ഈ ഭാഗത്തിന് ‘മുഖജാളം’ എന്നു പറയുന്നു. മുഖജാളത്തില്‍ ആലപിക്കുന്നത് ‘മലമ’ രാഗമാണ്. ‘ദ്വിജാവന്തി’, ‘മദ്ധ്യമാവതി’ ‘ഇന്ദളം’ എന്നീരാഗങ്ങളുടെ കലര്‍പ്പുള്ള ഒരു രാഗമാണിത്. തുടര്‍ന്ന് നാട്ട രാഗാലാപനത്തിനുശേഷം തോടയത്തിന്റെ പദം ആലപിക്കുന്നു.

തോടയത്തിനു പാടുന്ന പദം-,രാഗം:നാട്ട, ചമ്പട താളം(രണ്ടാം കാലം)

ചരണം1:
“ഹരിഹരവിധിനുത അമരപൂജിത ഹേ വാമനരൂപ
 ഏകദന്ത ചതുരാത്ഭുതബല ലംബോദര രേ!
 സകലസിദ്ധിഫലദായക രേ രേ പാശാംങ്കുശധര രജനീശധര രേ
 വാരണാനന നാഗാഭരണ കാമിതഫലദസിദ്ധക രേ”
(“ഹരിഹരവിധിനുത.........ലംബോദര രേ”)
 

ചരണം2:താളം:ചമ്പ(രണ്ടാം കാലം)-
“ജയ ബാലഗോപാല ജയ ഗോപികാലോല!
 ജയ മ്യദുലസുകപോല ജയ രുചിരഫാല!”
(“ഹരിഹരവിധിനുത.........ലംബോദര രേ”)
 

ചരണം3:താളം:ചമ്പ(രണ്ടാം കാലത്തില്‍നിനും ലേശം തള്ളി)
“പരിണതവയോധരണ പാലയ രമാരമണ!
 ഭൂരിപൂരിതകരുണ പുരളീന്ദ്രശരണ!
 ജയ കനകനിഭചേല ജയജയ സുശീല!”
 

ചരണം4:താളം:ചമ്പ(മൂന്നാം കാലം)
“ജഹ്നുസുതാശ്രിതമൌലേ ജനനീ മമ ജഗതീശ്വരി!
 ഖിന്നജനേ കിന്ന ദയാ‍ കിന്നരസന്നുത തേ?
 സിന്ധുരവരചര്‍മ്മാംബര ബന്ധുരതരകന്ധര ജയ
 ചിന്തിതഫലവിശ്രാണനചിന്താമണേ ശംഭോ!”
 

ചരണം5:താളം:ചമ്പ(നാലാം കാലം)
“ജയ വിധൃതവനമാല ജയ നമിതസുരജാല!
 സകലജഗദാധാര സജലജലദാകാരാ!
 വ്രജവിഹിതസഞ്ചാര വല്ലവീജാരാ!”(ജയ........)
 

ചരണം6:താളം:പഞ്ചാരി(രണ്ടാം കാലം)-
“പാലയ പാലയ ദേവീ പാലയ പാലിത മായേ
 പാലയമാം നായികേ ജഗന്നായികേ മുകാബികേ
 സന്തതം നിന്‍ പദാംബുജം ചിന്മയരൂപിണി നിത്യം
 ഹന്ത നാവില്‍ തോന്നീടേണം സന്തതം മൂകാബികേ!”
 

ചരണം7:താളം:പഞ്ചാരി(മൂന്നാം കാലം)-
"അംബ ദേവി മഹാമായേ കോല്ലൂരദ്രിനിവാസിനി!
 മുല്ലബാണരിപുജായേ പാഹി മാം മൂകാബികേ!”
 

ചരണം8:താളം:ചെമ്പട(മൂന്നാം കാലം)
“പത്മാവല്ലഭ പാലയ ഭഗവാന്‍
 ചിത്പ്പുരുഷവിഭോ മുരമദന കൃഷ്ണ
 മത്ക്കലിമോചന മയികുരുസതതം
 കില്‍ബിഷനാശനശുഭചരിത ദേവാ
 ജയ ജയ പങ്കജനാഭ ഹരേ കൃഷ്ണ”

പണ്ട് തോടയം തിരശ്ശീലയ്ക്കകത്താണ്
ചെയ്തുകൊണ്ടിരുന്നത്. ഇപ്പോള്‍ തിര്‍ശ്ശീലപിടിക്കാതെ, പ്രേക്ഷകര്‍ക്ക് കാണാനാകും വിധമാണ് അവതരിപ്പിച്ചുവരുന്നത്. എന്നാല്‍ തോടയം ഇന്ന് സാധാരണയായി എല്ലായിടത്തും അവതരിപ്പിച്ചുവരുന്നില്ല.
തോടയം അവസാനിച്ചാല്‍ രംഗത്ത്
തിരശ്ശീല(കര്‍ട്ടന്‍) പിടിക്കുന്നു. അപ്പോള്‍ പാട്ടുകാര്‍ കേദാരഗൌളരാഗം പാടും. പാട്ടുകാര്‍ രണ്ടു പേര്‍ കണും പ്രധാനഗായകന്‍ ചേങ്കിലയില്‍ താളം പിടിക്കും ഇയാളെ പൊന്നാനിപാട്ടുകാരന്‍ അന്നു വിളിക്കുന്നു. മറ്റേയാളെ ശിങ്കിടി പാട്ടുകാരന്‍ എന്നും വിളിക്കും. ഇയാള്‍ ഇലത്താളത്തില്‍ താളം പിടിക്കും. രാഗത്തിനു ശേഷം ഇവര്‍ മംഗളശ്ലോകം പാടും. സാധാരണയായി പാടുന്ന വന്ദനശ്ലോകങ്ങൾ ഇവയാണ്-

“മാതംഗാനനം അബ്ജവാസ രമണീം ഗോവിന്ദമാദ്യം ഗുരൂം
 പാണിനിഗര്‍ഗ്ഗനാരദ കണാതാദ്യാന്‍ മുനീന്ദ്രാന്‍ ബുധാന്‍
 ദുര്‍ഗ്ഗാഞ്ചാപി മൃദംഗശൈലനിലയാം ശ്രീപോര്‍ക്കലിം ഇഷ്ടദാം
 ഭക്ത്യാ നിത്യമുപാസ്മഹേ സപദിന: കുര്‍വ്വന്ദമീ മംഗളം”

കഥകളിയുടെ ഉപജ്ഞാതാവായ കോട്ടയത്തുതമ്പുരാന്‍ രചിച്ച ഇതുകൂടാതെ  മറ്റുചില ശ്ലോകങ്ങളും പാടാറുണ്ട്.


“കല്യാണി’ഖലുയത്ക്കഥാത്രിജഗതാം പാപൌഘവിധ്വംസിനി
 യല്ലാവണ്യമശേഷ ഗോപകമനീ നേത്രൈക സം‘മോഹനം’
 ‘സാരംഗം’വദ നക്രഭീതമഗതിയോ പാലയത് സത്വരം
 ബാഹുര്യസ്യ ച ‘ശങ്കരാഭരണ’ജിത് പായാത് സ:കേശവ:”

കാര്‍ത്തികതിരുനാള്‍ മഹാരാജാവു രചിച്ച ഈ ശ്ലോകവും കഥകളിക്ക് വന്ദനശ്ലോകമായി പാടാറുണ്ട്. ഈ ശ്ലോകത്തിന്റെ ഓരോ വരികളും വ്യത്യസ്ത രാഗങ്ങളിലായിട്ടാണ് ആലപിക്കാറ്. ഇവ യധാക്രമം കല്യാണി,മോഹനം,സാരംഗം,ശങ്കരാഭരണം എന്നിവയാണ്.


അടുത്തത് പുറപ്പാട്

പുറപ്പാടിന്റെ ശ്ലോകം ചൊല്ലി തിരശ്ശീലനീക്കുന്നു. അതാതു ദിവസം അവതരിപ്പിക്കുന്ന കഥയുടെ പുറപ്പാട്(നായകനും സഹനായകരോ നായികയോ ഉണ്ടെങ്കില്‍ അവരും ചേര്‍ന്ന്) ആണ് യഥാര്‍ത്ഥത്തില്‍ അവതരിപ്പിക്കേണ്ടത്. ഇതിനായി അതാതു ആട്ടകഥാകൃത്തുക്കള്‍ പുറപ്പാടും എഴുതിയിട്ടുണ്ട്. എന്നാല്‍ എന്ന് സാധാരണയായി സന്ദാനഗോപാലം കഥയുടെ പുറപ്പാടാണ് എല്ലായിടത്തും അവതരിപ്പിച്ചു വരുന്നത്.

സന്ദാനഗോപാലത്തിന്റെ പുറപ്പാട്-
(കര്‍ത്താവ്:മണ്ഡവപ്പിള്ളി ഇട്ടിരാരിശ്ശമേനോന്‍)
 
ശ്ലോകം-രാഗം:ശങ്കരാഭരണം
“സാന്ദ്രാനന്ദാകുലാത്മാ ഹരിരഥ ഭഗവാന്‍ ഭക്തവാത്സല്യശാലീ
 ദേവക്യാ നന്ദനസ്സന്നിഹ ഭുവി ജഗതാം രക്ഷണായാവതീര്‍ണ്ണ:
 ഹത്വാ കംസം സമല്ലം യുധി സഹ ഹലിനാ സര്‍വ്വലോകൈകനാഥ:
 ശ്രീമത്യാം ദ്വാരവത്യാം പുരി സുഖമവസദ്ദാരതത്യാ സമേത:”
{ആനന്ദമയനും ഭക്തവത്സലനും സര്‍വ്വലോകനാഥനുമായ ശ്രീ വിഷ്ണു ഭഗവാന്‍ ജഗത്‌രക്ഷക്കായി ഭൂമിയില്‍ ദേവകീസുതനായി അവതരിച്ച് ബലഭദ്രനോടുകൂടി യുദ്ധത്തില്‍ മല്ലന്മാരേയും കംസനേയും വധിച്ചിട്ട് പത്നിമാരോടും കൂടി ദ്വാരകാപുരിയില്‍ വസിച്ചു.}

പദം-രാഗം:ശങ്കരാഭരണം,താളം:ചെമ്പട
“ദേവദേവന്‍ വാസുദേവന്‍ ദേവകിതനയന്‍
 സേവചെയ്യും ജനങ്ങളെ കേവലം പാലിപ്പാന്‍”


“രേവതീ രമണനാകും രാമനോടും കൂടി
 ഉത്തമോത്തമനാകും ഉദ്ധവരോടും കൂടി
 വാരിജ ലോചനമാരാം നാരിമാരുമായി
 വാരിധിയില്‍ വിലസീടും ദ്വാരകയില്‍ വാണു”
{ദേവദേവനും ദേവകീതനയനുമായ വാസുദേവന്‍ ഭക്തജനങ്ങളെ പരിപാലിക്കുവാനായി രേവതീരമണനായ ബലഭദ്രനോടും, ഉത്തമബുദ്ധിമാനും കൃഷ്ണഭക്തരില്‍ ഉത്തമോത്തനുമായ ഉദ്ധവരോടും, താമരമിഴിമാരായ പത്നിമാരോടും കൂടി സമുദ്രത്തില്‍ പരിലസിക്കുന്ന ദ്വാരകാപുരിയില്‍ വാണു.}

“ദേവദേവന്‍ വാസുദേവന്‍”
നിലപദം-
“രാമ പാലയ മാം ഹരേ സീതാരാമ പാലയ മാം
 രാമ രവികുലസോമാ, ജഗദഭിരാമ, നീരദശ്യാമ
 ദശരഥരാമ, ശാരദശശി വദന, സാധൂജനാവന”

പുറപ്പാടിന് നാലുനോക്കുകള്‍ ആണ് ഉള്ളത്. എന്നാല്‍ മിക്കപ്പോഴും ഇതില്‍ രണ്ടു നോക്കുകളെ രംഗത്ത് അവതരിപ്പിക്കപ്പെടാറുള്ളു.
“രാമ പാലയ മാം”
പകുതി പുറപ്പാട്(അരപ്പുറപ്പാട്)

ഏതു കളിക്കും അവതരിപ്പിക്കാവുന്ന രീതിയില്‍
കലാമണ്ഡലത്തില്‍ ചിട്ടചെയ്തിട്ടുള്ള പുറപ്പാടാണ് പകുതിപ്പുറപ്പാട്. ഇതിന് രണ്ടുനോക്കുകള്‍ മാത്രമെ ഉള്ളു. രണ്ടോ (കൃഷ്ണന്‍, ബലഭദ്രന്‍) നാലോ (രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്ണന്‍) വേഷങ്ങള്‍ ചേര്‍ന്ന് ഇത് അവതരിപ്പിക്കാറുണ്ട്. ഇതിന്റെ പ്രാരംഭശ്ലോകമായി സന്ദാനഗോപാലം പുറപ്പാടിന്റെ ശ്ലോകമോ നരകാസുരവധം പുറപ്പാടിന്റെ ശ്ലോകമോ ആണ് ചൊല്ലാറുള്ളത്.

നരകാസുരവധം പുറപ്പാടിന്റെ ശ്ലോകം-രാഗം:ശങ്കരാഭരണം (കര്‍ത്താവ്:കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ മഹാരാജാവ്)
“സജലജലദനീലസ്സര്‍വ്വലോകൈകനാഥോ
 നിജസുതവനിതാഭിസ്സാകമാനന്ദമൂര്‍ത്തി:
 അരമതപുരവര്യ ദ്വാരകാനാമധേയേ
 നതജനസുഖദായീ വാസുദേവോ മഹാത്മാ”

കല്യാണസൌഗന്ധികം കഥയില്‍ ശ്രീകൃഷ്ണബലഭദ്രാദികള്‍ പാണ്ഡവരെ കാണുവാനായി വനത്തിലേക്ക് എഴുന്നള്ളുന്നതിനെ വണ്ണിച്ചിട്ടുള്ള പദമാണ് പകുതിപ്പുറപ്പാടിന് ആലപിക്കുന്ന പദം.

നിലപ്പദം-രാഗം:ശങ്കരാഭരണം,താളം:ചെമ്പട(കര്‍ത്താവ്:കോട്ടയത്തു തമ്പുരാന്‍)
“ഭൂഭാരം തീര്‍പ്പതിനായ് ഭൂമിയില്‍ വന്നവതരിച്ച
 ഭൂവനൈകനായകന്മാര്‍ ഭൂരികൃപാസാഗരന്മാര്‍
 വിണ്ണവര്‍നാഥാര്‍ത്ഥിതന്മാർ ഉണ്ണികളായായര്‍കുലേ
 പുണ്യവധൂഭവനന്തോറും വെണ്ണകവര്‍ന്നുണ്ണുന്നോര്‍
 അവനീതന്മാരാകും അവനീശന്മാരെ വെന്നു
 അവനീതലം അഴകോടെ അവനംചെയ്തീടുന്നോർ
 കാലികളും മേച്ചു വനേ ബാലകന്മാരായ് നടപ്പോര്‍
 കാലിണകൈതൊഴുന്നവരെ കാലഭയാല്‍ വേര്‍പ്പെടുപ്പോര്‍
 മാനിനിമാർ മനമലിയും മോഹനമെയ്ശോഭയുള്ളോർ
 വാരിധിയില്‍ വിലസീടും ദ്വാരകയാം പുരിതന്നില്‍
 പൌരജനങ്ങളുമായി സ്വൈരമോടെ വാഴുംകാലം
 അന്തികമാഗതരാകും കുന്തീതനൂജന്മാരെ
 ഹന്ത തദാ കാണ്മതിനായി ചന്തമോടങ്ങെഴുന്നള്ളി”
ദുര്യോധനവധം കഥയുടെ പുറപ്പാട് (പഞ്ചപാണ്ഡവരും പാഞ്ചാലിയും)
ദുര്യോധനവധം കഥയുടെ പുറപ്പാട്
അടുത്ത ചടങ്ങ് മേളപ്പദമാണ്. ഇത് കളിയില്‍ 
പങ്കെടുക്കുന്നഗായകര്‍ക്കും വാദ്യക്കാര്‍ക്കും അവരവരുടെ കഴിവ് തെളിയിക്കാനുള്ള അവസരമാണ്. മോഹനരാഗത്തില്‍ തുടങ്ങി മധ്യമാവതീരാഗത്തില്‍ തീരുന്ന രാഗമാലികയായി(ഒരു പദത്തിന്റെ പല ഭാഗങ്ങള്‍ പല രാഗത്തില്‍ പാടുന്നതാണ് രാഗമാലിക) ജയദേവ വിരചിതമായ “മഞ്ജൂതര കുഞ്ചതല കേളിസദനേ” എന്നു തുടങ്ങുന്നഅഷ്ടപദിയാണ് മേളപ്പദത്തില്‍ പാടാറുള്ളത്. ഗായകര്‍ ഓരോ ചരണവും ചൊല്ലി അവസാനിക്കുമ്പോള്‍ മേളക്കാര്‍ മാറി മാറി അവരുടെ വൈദഗ്ദ്ധ്യം പ്രകടിപ്പിക്കുന്നു. ഓരോ ചരണത്തിന്റേയും ആരംഭത്തില്‍ ചെണ്ടയിലും, ചരണവും പല്ലവി ആവര്‍ത്തനവും കഴിഞ്ഞാല്‍ മദ്ദളത്തിലും ഓരോ എണ്ണങ്ങള്‍ കൊട്ടും. ഈ എണ്ണങ്ങള്‍ തായമ്പകയില്‍ നിന്നും കേളിയില്‍ നിന്നും എടുത്തിട്ടുള്ളവയാണ്. മേളപ്പദം അവസാനിക്കുന്നതുവരെ ചെണ്ടക്കാരന്‍ ഇടങ്കയ്യില്‍ കോലുകൂടാതെയാണ് കൊട്ടുക.

അഷ്ടപദി പാടി അവസാനിപ്പിചാല്‍ രംഗത്തിന്റെ 
വശങ്ങളില്‍ നിന്നിരുന്ന ചെണ്ട മദ്ദള കലാകാര്‍ന്‍മാര്‍ നടുവിലേക്കു നീങ്ങി നിന്നു ചെമ്പടവട്ടം കൊട്ടിതുടങ്ങും. മേളപ്പദം ഒരു ചെണ്ടയും മദ്ദളവുമായും, രണ്ട് ചെണ്ടയും രണ്ടു മദ്ദളവുമായും(ഡബിള്‍ മേളപ്പദം) പതിവുണ്ട്. മേളം കൊട്ടി കാലം കയറ്റി(കാലം=കൊട്ടുന്ന സ്പീട്. പതികാലം മുതല്‍അതിദ്രുതം വരെ 6കാലങ്ങള്‍ ഉണ്ട്.) മേളപ്പദം അവസാനിപ്പിക്കുന്നു.
മേളപ്പദം
മേളപ്പദത്തില്‍ പാടുന്ന ജയദേവരുടെ ഗീതാഗോവിന്ദ മഹാകാവ്യത്തിലെ ഇരുപത്തിഒന്നാം അഷ്ടപദി-രാഗമാലിക, താളം:ചമ്പ
അനുപല്ലവി:(രാഗം:മോഹനം)
“മഞ്ജൂതരകുഞ്ജതലകേളിസദനേ
 ഇഹവിലസ രതിരഭസഹസിതവദനേ! ”
പല്ലവി:
“പ്രവിശ രാധേ മാധവസമീപമിഹ"
ചരണം1:
“നവഭവദശോകദളശയനസാരേ”
 ഇഹവിലസകുചകലശതരളഹാരേ! ”
(“പ്രവിശ രാധേ മാധവസമീപമിഹ”)
ചര‍ണം2:
“കുസുമചയരചിതശുചിവാസഗേഹേ,
 ഇഹവിലസ കുസുമസുകുമാരദേഹേ! ”
(“പ്രവിശ രാധേ മാധവസമീപമിഹ”)
ചരണം3:
“വിനതബഹുവല്ലിനവപല്ലവഘനേ
 ഇഹവിലസ ചിരമലസപീനജഘനേ”
(“പ്രവിശ രാധേ മാധവസമീപമിഹ”)
ചരണം4:
“മൃദുചലമലയപവനസുരഭിഗീതേ
 വിലസ മദനശരനികരഭീതേ ”
ചരണം5:(രാഗം:മദ്ധ്യമാവതി)
"വിഹിത പത്മാവതീ സുഖസമാചേ ഫണതിജയദേവ-
 കവി രാജരാജേ  കുരുമുരാരേ മംഗളശതാനിം"
മേളപ്പദം(ചെമ്പടവട്ടം)
മേളപ്പദത്തിന്റെ ആവിര്‍ഭാവത്തെക്കുറിച്ചും 
അതിന് ഗീതാഗോവിന്ദത്തിലെ ‘മഞ്ജുതര’ എന്നാരംഭിക്കുന്ന ഗീതം പാടിവരുന്നതിനുണ്ടായ കാരണത്തെക്കുറിച്ചും ഇങ്ങിനെ ഒരു ഐതീഹ്യകഥയുണ്ട്.

കഥകളിയുടെതന്നെ ഉപജ്ഞാതാവായ കോട്ടയത്തുതമ്പുരാന്‍ 
ഓരോ ആട്ടകഥയും പൂര്‍ണ്ണമാക്കിയാലുടന്‍ തന്റെ ഗുരുനാഥനായ ഗോവിന്ദസ്വാമികള്‍ക്ക് അയച്ചുകൊടുക്കുകയും അരങ്ങേറ്റത്തിന് അദ്ദേഹത്തെ ക്ഷണിക്കുകയും പതിവായിരുന്നു. എന്നാല്‍ സ്വാമികള്‍ ആട്ടകഥകളെ പറ്റി നല്ല അഭിപ്രായം പറയുകയോ, കളികാണാന്‍ പോവുകയോ ചെയ്യാറില്ല. താന്‍ മനസ്സിരുത്തി പഠിപ്പിച്ച് പണ്ഡിതനാക്കിതീര്‍ത്തിട്ടും തമ്പുരാന്‍ നല്ല മഹാകാവ്യങ്ങളൊന്നും രചിക്കാന്‍ ശ്രമിക്കാതെ ഈ ആട്ടകഥകള്‍ ചമച്ച് അവ ആടിക്കണ്ട് രസിക്കുകയാണല്ലൊ ചെയ്യുന്നത് എന്നു ചിന്തിച്ച്, തമ്പുരാനോട് നീരസം തോന്നിയതിനാലാണ് സ്വാമികള്‍ ഇങ്ങിനെ പ്രവര്‍ത്തിച്ചിരുന്നത്. തമ്പുരാന്‍ പതിവുപോലെ കിര്‍മ്മീരവധം ആട്ടകഥയും പൂര്‍ത്തീകരിച്ചപ്പോള്‍ ഗുരുവിന് അയച്ചുകൊടുക്കുകയും, അരങ്ങേറ്റം നിശ്ചയിച്ചപ്പോള്‍ അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു. തമ്പുരാന്റെ മുഷിച്ചില്‍ ഒഴിവാക്കാനായി മാത്രം സ്വാമികള്‍ അന്ന് അരങ്ങേറ്റത്തിന് പോയി. ആചാര്യാഗമനത്താല്‍ ആനന്ദതുന്ദിലനായിതീര്‍ന്ന അരചന്‍ അദ്ദേഹത്തെ വിധിയാംവണ്ണം സ്വീകരിച്ചിരുത്തി കുശലപ്രശ്നങ്ങള്‍ ചെയ്തു. മാത്രമല്ല അന്ന് ധര്‍മ്മപുത്രവേഷം താന്‍ തന്നെ ചെയ്യാനും തീരുമാനിച്ചു. അതിനായി ഗുരുവിനെകണ്ട് ദക്ഷിണചെയ്ത് നമസ്ക്കരിച്ച് അനുവാദവും ആശിര്‍വ്വാദവും ചോദിച്ച തമ്പുരാനോട് ഗോവിന്ദസ്വാമികളാകട്ടെ; ‘ഉറക്കമൊഴിക്കാന്‍ വയ്യ, ഞാന്‍ കിടക്കട്ടെ’ എന്ന് അറിയിക്കുകയാണുണ്ടായത്. തമ്പുരാന്‍ വിനയപൂര്‍വ്വം അത് അനുവദിച്ചു.

യഥാസമയം കളിയ്ക്കുവിളക്കുവെച്ചു. അരങ്ങുകേളിയും തോടയവും കഴിഞ്ഞ് മംഗളശ്ലോകം തുടങ്ങി.
“മാതംഗാനനമബ്ജവാസരമണീം
 ഗോവിന്ദമാദ്യം ഗുരു..................”
‘ഗോവിന്ദമാദ്യം ഗുരൂം’ എന്നു കേട്ടപ്പോള്‍ സ്വാമികള്‍ രോമാഞ്ചമണിഞ്ഞു. തന്നെക്കുറിച്ചു തമ്പുരാനുള്ള ഭക്തിയും ബഹുമാനവുമോര്‍ത്തപ്പോള്‍ ആ ശുദ്ധബ്രാഹ്മണന്റെ കണ്ണില്‍ സന്തോഷാശ്രു പൊഴിഞ്ഞു. ഉടനെ അദ്ദേഹം എഴുന്നേറ്റ് ആട്ടം കാണാനുറച്ച് അരങ്ങത്ത് ചെന്നിരുന്നു. പുറപ്പാട് കഴിഞ്ഞു. കഥ തുടങ്ങേണ്ട നേരമായി. എന്നിട്ടും വേഷം തീര്‍ന്നിരുന്നില്ല. അരങ്ങ് മുഴിയാന്‍ തുടങ്ങി.

ഗോവിന്ദസ്വാമികള്‍ക്ക് ഗീതാഗോവിന്ദം പരിവൃത്തി പതിവുണ്ട്. 
മുറപ്രകാരം അന്ന് ചൊല്ലേണ്ടത് ഇരുപത്തൊന്നാമത്തെ അഷ്ടപദിയായിരുന്നു. അരങ്ങുമുഷിച്ചില്‍ ഒഴിവാകട്ടെ എന്നു കരുതി അദ്ദേഹം അരങ്ങത്തുചെന്ന് ചേങ്കിലയെടുത്ത് ‘കുഞ്ജരി രാഗേണ ഗീയതേ; ചെമ്പതാളേന വാദ്യതേ’ എന്ന ജയദേവകല്പിതമനുസ്സരിച്ച് ‘മഞ്ജുതര’ എന്നാരംഭിക്കുന്ന ഗീതം ആലപിക്കുവാന്‍ തുടങ്ങി. ഈ സമയത്ത് അരങ്ങത്തുണ്ടായിരുന്ന വാദ്യക്കാര്‍ ആദ്യം സംഭ്രമിച്ചു. കൊട്ടികൂടണമോ? വെച്ചിട്ട് പോകണമോ? ചരണാന്ത്യങ്ങളില്‍ ഓരോ കലാശങ്ങള്‍ കൊട്ടാന്‍ സ്വാമികള്‍ ആഗ്യം കാട്ടിയതിനാല്‍ അതനുസ്സരിച്ച് അവര്‍ കൊട്ടിക്കൊണ്ടിരുന്നു. അഷ്ടപദി പൂര്‍ണ്ണമായപ്പോള്‍ ഒരു ഇരട്ടിവട്ടവും അതോടുകൂടി ഒരു നാലാമിരട്ടിയും മേളക്കാര്‍ മനോധര്‍മ്മമായി അങ്ങ് കൊട്ടി. അത് ‘ക്ഷ’ പിടിച്ച സ്വാമികള്‍ അവര്‍ക്ക് താളം പിടിച്ചുകൊടുക്കുകയും ചെയ്തു.

അപ്പോഴേക്കും വേഷംതീര്‍ന്ന് അരങ്ങിലെത്തിയ 
തമ്പുരാന്‍ ഗുരുനാഥന്റെ ഉത്സാഹവും അവസരോചിതമായ പ്രയോഗവും കണ്ട് സന്തോഷിച്ച്, അദ്ദേഹത്തെ നമിച്ച് വഴിപോലെ കഥ ആടാന്‍ ആരംഭിച്ചു. ആട്ടം തീരും വരെ അവിടെയിരുന്ന കണ്ട ഗോവിന്ദസ്വാമികള്‍ അവിടുത്തെ ആട്ടത്തേയും ആട്ടകഥയേയും അത്യന്തം പ്രശംസിക്കുകയും ചെയ്തു. ‘ഈ കോട്ടയം കഥകള്‍ നിസ്തുലങ്ങളായി ഭവിക്കട്ടെ’ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുകയും തമ്പുരാനെ അനുഗ്രഹിക്കുകയും ചെയ്താണ് ഗുരുനാഥന്‍ മടങ്ങിയത്.

അതിനുശേഷം ഗോവിന്ദസ്വാമികളുടെ സ്മരണയ്ക്കയി, 
പുറപ്പാട് കഴിഞ്ഞാല്‍ ‘മഞ്ജുതര’ പാടിക്കൊള്ളണം എന്ന് തമ്പുരാന്‍ കല്‍പ്പിക്കുകയും, അതിന് ഒരു ചിട്ടയും മട്ടും നിശ്ചയിക്കുകയും ചെയ്തു. ആട്ടമില്ലാതെ മേളവും പദവും മാത്രമുള്ള ഈ ചടങ്ങിന് ‘മേളപ്പദം’ എന്ന് നാമകരണവും ചെയ്തു. ഇങ്ങിനെയാണ് മേളപ്പദത്തിന്റെ ആവിര്‍ഭാവം.

മേളപ്പദവും കഴിഞ്ഞാല്‍ കഥ ആരംഭിക്കുകയായി.
ഇപ്പൊള്‍ സാധാരണയായി എല്ലായിടവും കഥതുടങ്ങുന്നതിനുമുന്‍പ് അന്ന് അവതരിപ്പിക്കുന്ന കഥകള്‍,നടന്മാര്‍ അണിയറയിലും(മേക്ക്പ്പ് റൂം) അരങ്ങത്തുംപങ്കെടുക്കുന്ന മറ്റു കലാകാരന്മാര്‍ എന്നിവയുടെ പേരുവിവരങ്ങള്‍ എന്നിവ അറിയിക്കാറുണ്ട്. കഥകളിയുടെ സാഹിത്യത്തെ ആട്ടകഥ എന്നു പറയുന്നു. ഏതണ്ട് 125ഓളം ആട്ടകഥകള്‍ എഴുതപെട്ടിട്ടുണ്ട്. എന്നാല്‍ ഇന്നു് എതാണ്ട് 30ഓളം കഥകളെ സാധാരണയായി രംഗത്ത് അവതരിപ്പിച്ചുവരുന്നുള്ളു. കഥകളിയുടേതായ തനി ക്ലാസിക്കല്‍ ചിട്ടവട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന 8കഥകളാണ് ഉള്ളതെന്നാണ് പഴമക്കാര്‍ പറയുന്നത്.

“കോട്ടം തീര്‍ന്നൊരു കോട്ടയം കഥകള്‍ നാലും
  തമ്പിയുടെ മൂന്നും ഒന്നാ കരീന്ദ്രന്റെയും”
കഥകളിയുടെ ഉപജ്ഞാതാവയ കണ്ണൂര്‍ കോട്ടയം രാജ്യത്തെ രാജാവ് രചിച്ചവയാണ് കോട്ടയം കഥകള്‍. ‘ബകവധം’, ‘കിര്‍മ്മീരവധം’, 'കാലകേയവധം’, 'കല്യാണസൌഗന്ധികം’ എന്നിവയാണ് അദ്ദേഹത്തിന്റെ നാല് ആട്ടകഥകള്‍. തമ്പി എന്നു പറയുന്നത് ഇരയിമ്മന്‍ തമ്പി. ‘ദക്ഷയാഗം’, 'ഉത്തരാസ്വയംവരം’, 'കീചക വധം’ എന്നിവയാണ് ഇദ്ദേഹത്തിന്റെ ആട്ടകഥകള്‍. കരീന്ദ്രന്‍ എന്നത് കിളിമാനൂര്‍ കോയിതമ്പുരാനാണ്. ‘രാവണവിജയം’ ആണ് അദ്ദേഹം രചിച്ച ആട്ടകഥ.

 ഉണ്ണായി വാര്യര്‍ രചിച്ച നളചരിതമാണ് എറ്റവും
ജനപ്രിയതയാര്‍ജ്ജിച്ച മറ്റൊരൂ ആട്ടകഥ.

എല്ലാആട്ടകഥകളും തന്നെ ഒരു രാത്രി മുഴുവന്‍
ആടാന്‍ പാകത്തിനാണ് രചിച്ചിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഇങ്ങിനെ അവതരിപ്പിക്കുന്നത് അപൂര്‍വ്വമാണ്. ഓരോ കഥയുടേയും പ്രധാനപ്പെട്ടതും അഭിനയിക്കാന്‍ വകുപ്പുള്ളതുമായ ഭാഗങ്ങള്‍ മാത്രമെ അരങ്ങത്ത് ആടാറുള്ളു. ഇതിനാല്‍ ഒരു രാത്രി തന്നെ 2മുതല്‍ 4 വരെ കഥകള്‍ അവതരിപ്പിക്കുവാന്‍ സാധിക്കും.

കഥകള്‍ അവതരിപ്പിച്ചു തീരുമ്പോള്‍ ഗായകര്‍
മംഗളശ്ലോകം ആലപിച്ച്, നടന്‍ ധനാശികലാശം എടുത്ത് ആണ് കഥകളി അവസാനിപ്പിക്കുന്നത്.