കലാമണ്ഡലം നീലകണ്ഠന്‍ നന്വീശന്‍കഥകളിസംഗീതലോകത്ത് ഒരു വടവ്യക്ഷം പോലെ വിളങ്ങിനിന്നിരുന്ന മഹാഗായകനായിരുന്നു ശ്രീ കലാ:നീലകണ്ഠന്‍ നന്വീശന്‍. ഇന്ന് കഥകളി സംഗീതലോകത്തുള്ള ഗായകരില്‍ മഹാഭൂരിപക്ഷവും അദ്ദേഹത്തിന്റെ ശിഷ്യ-പ്രശിഷ്യന്മാരാണ്. നന്വീശനാശാന്റെ 23മത് ചരമവാര്‍ഷികമാണ് ഇന്ന്(മാര്‍ച്ച്29).

1095തുലാമാസത്തില്‍ പൊന്നാനിതാലൂക്കില്‍ കോതച്ചിറ‌അംശത്തില്‍ ജനിച്ച നീലകണ്ഠന്‍നന്വീശന്‍, ബാല്യത്തില്‍ത്തന്നെ വെള്ളാറ്റഞ്ഞൂര്‍ രാമന്‍‌നന്വീശന്റെ കൂടെ അഷ്ടപദിപ്പാട്ടും മേളക്കൊട്ടും പരിശീലിച്ചു. പിന്നീട് ഒരു പിഷാരോടിയുടെ അടുക്കല്‍നിന്നും തുള്ളലും വശമാക്കി. ജേഷ്ടന്‍ പരമേശ്വരന്‍ നന്വീശനുമായിചേര്‍ന്ന് തുള്ളല്‍ അവതരിപ്പിച്ചുനടന്നിരുന്നകാലത്ത് ഒരിക്കല്‍ കുന്നംകുളത്ത് മണപ്പാട്ട് എത്തുകയും, കക്കാട് കാര്‍ണപ്പാട് തന്വുരാന്‍ നീലകണ്ഠനെ സംഗീതം അഭ്യസിപ്പിക്കുകയുമുണ്ടായിട്ടുണ്ട്. പിന്നീട് കലാമണ്ഡലത്തിലെ ആദ്യബാച്ച്

വിദ്യാര്‍ത്ഥികളിലൊരാളായി ചേര്‍ന്ന ഇദ്ദേഹത്തിനെ അവിടെവെച്ച് സ്വാമിക്കുട്ടി ഭാഗവതര്‍,കുട്ടന്‍(രാമഗുപ്തന്‍)ഭാഗവതരും കഥകളിപ്പാട്ട് പഠിപ്പിച്ചു. പിന്നീട് വെങ്കിടക്യഷ്ണഭാഗവതര്‍, പൂമുള്ളി കേശവന്‍നായര്‍, നീലകണ്ഠനുണ്ണിത്താന്‍, പനമണ്ണ കുഞ്ചുപ്പോതുവാള്‍ തുടങ്ങിയ ആക്കാലത്തെ പ്രധാനഗായകരോടോപ്പം പാടി നന്വീശന്‍ രംഗപരിചയം നേടി.

പൊന്നാനിപ്പാട്ടുകാരനായശേഷം തന്റെ ആലാപനത്തിലെ ചില സംഗീതപരമായ പിശകുകളെപറ്റിയുള്ള വിമര്‍ശനങ്ങള്‍ കേട്ടിട്ട് നന്വീശന്‍, ശാസ്ത്രീയസംഗീത അടിത്തറനേടുവാനായി കൊല്ലംങ്കോട് ഗോവിന്ദസ്വാമിയെ ഗുരുവാക്കി പഠനം നടത്തി. ‘കഥകളിപ്പാട്ട് പഠിക്കുന്നവര്‍ വെറും വാസനക്കാരായാല്‍പ്പോരാ, അവരെ ആദ്യം ശാസ്ത്രീയസംഗീതം പഠിപ്പിക്കണം’ എന്ന് നന്വീശനാശാന്‍ പിന്നീട് കലാമണ്ഡലത്തിന് നിര്‍ദ്ദേശം നല്‍കിയത് തന്റെ ഈ അനുഭവത്തിന്റെ വെളിച്ചത്തിലാണ്.

പിന്നീട് കലാമണ്ഡലത്തില്‍ കഥകളിസംഗീതാദ്ധ്യാപകനായി പ്രവര്‍ത്തിച്ച ഇദ്ദേഹം, അവിടെനിന്നും പ്രിന്‍സിപ്പാള്‍ ആയിട്ടാണ് വിരമിച്ചത്. പിന്നീട് അദ്ദേഹം കോട്ടക്കല്‍ നാട്യസംഘത്തിലെ
പ്രധാനഗായകനും അദ്ധ്യാപകനുമായി സേവനമനുഷ്ടിച്ചു.

ഉറച്ച ചിട്ടയും താളവും,ശുദ്ധമായ സാഹിത്യോച്ചാരണം,അരങ്ങുനിയന്ത്രണം, സര്‍വ്വോപരി ഘനഗംഭീരമായ ശാരീരം എന്നിവയാണ് നന്വീശന്റെ അരങ്ങുപാട്ടിന്റെ പ്രധാന ഗുണങ്ങള്‍.
കഥകളിപ്പാട്ടിനെ കര്‍ണ്ണാടകസംഗീതത്തിന്റെ സാങ്കേതികോപാധികളാല്‍ പുന:സംവിധാനം ചെയ്ത വെങ്കിടക്യഷ്ണഭാഗവതരുടെ ശൈലിയാണ് ഇദ്ദേഹത്തെ ഏറ്റവും സ്വാധീനിച്ചത്. ഭാഗവതര്‍ക്കുശേഷം ആ ദൌത്യം നന്വീശന്‍ ഏറ്റെടുത്തു. എന്നാല്‍ ഭാഗവതരുടെ ശൈലി അതുപോലെ പിന്തുടരുകയായിരുന്നില്ല അദ്ദേഹം ചെയ്തത് മറിച്ച്, ആശൈലിയില്‍ അവശ്യം മാറ്റങ്ങള്‍ വരുത്തി പുതിയ ഭാവുകത്വം നല്‍കി അവതരിപ്പിക്കുകയാണുണ്ടായത്. എന്നാല്‍ കോട്ടയം കഥകള്‍ തുടങ്ങിയ ചിട്ടപ്രധാനമായ കഥകള്‍ പാടുവാന്‍ പ്രധമഗുരുവായ സ്വാമിക്കുട്ടി ഭാഗവതരുടെ ശൈലിതന്നെയായിരുന്നു നന്വീശനാശാന്‍ സ്വീകരിച്ചിരുന്നത്.

അദ്ധ്യാപനപടുത്വവും ശിഷ്യവാത്സല്യവും ഉള്ള ഗുരുവായിരുന്നു കലാ:നീലകണ്ഠന്‍ നന്വീശന്‍. അതിനാല്‍തന്നെ ഇദ്ദേഹത്തിന് വളരെയധികം ശിഷ്യരുമുണ്ടായി. ഇത്രയധികം ശിഷ്യസന്വത്തുള്ള(ഒന്നാകിടക്കാരായ) ഒരു കഥകളിസംഗീതജ്ഞന്‍ വേറെ ഇല്ലതന്നെ എന്നു പറയാം. കലാ:ഉണ്ണിക്യഷ്ണക്കുറുപ്പ്,കലാ:എബ്രാന്തിരി,കലാ:ഹൈദ്രാലി തുടങ്ങിയവര്‍ എല്ലാം അരങ്ങുപാട്ടിന്റെ മാധുര്യത്താല്‍ ജനപ്രീതി നേടിയ ശിഷ്യരാണ്. ഇവരില്‍ കുറുപ്പാണ് നന്വീശന്‍ശൈലിയിടെ പ്രധാന പിന്തുടര്‍ച്ചക്കാരന്‍. മറ്റുചില ശിഷ്യരായ കലാ:ഗംഗാധരന്‍,കലാ:മാടന്വി സുബ്രഹ്മണ്യന്‍ നന്വൂതിരി,കോട്ടക്കല്‍ നാരായണന്‍ മുതലായവര്‍ ചൊല്ലിയാടിക്കുവാനുള്ള നന്വീശനാശാന്റെ കഴിവുസിദ്ധിച്ചിട്ടുള്ളവരാണ്.

1985 മാര്‍ച്ച് 29ന് ഈ കല്യഗായകന്‍ ജീവിതമാകുന്ന അരങ്ങില്‍ നിന്നും ചേങ്കിലവെച്ച് വിടവാങ്ങി. എന്നാല്‍ ഇന്നും സഹ്യദയമനസ്സുകളില്‍ ആഗാനങ്ങള്‍ മായാതെ നില്‍ക്കുന്നു.

ആലുവാമണപ്പുറം ഉത്സവം


ആലുവാമണപ്പുറം ശിവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് 19/0308ന് കഥകളി നടന്നു.കോട്ടക്കല്‍ പി.എസ്സ്.വി.നാട്യസഘം ആണ് കഥകളി അവതരിപ്പിച്ചത്.രാത്രി9മണിക്ക് പഞ്ചപാണ്ഡവന്മാരുടെ പുറപ്പാടോടെ കളി ആരംഭിച്ചു. തുടര്‍ന്ന് മേളപ്പദവും അവതരിപ്പിക്കപ്പെട്ടു. ഇതില്‍ ശ്രീ സുരേഷ്‌കുമാര്‍,ശ്രീ സന്തോഷ്‌കുമാര്‍(പാട്ട്), ശ്രീ വിജയരാഘവന്‍, ശ്രീ മനീഷ് രാമനാധന്‍(ചെണ്ട),പ്രതീഷ്,ഹരി(മദ്ദളം) എന്നിവര്‍ പങ്കെടുത്തു.

ദുര്യോദ്ധനവധം ആയിരുന്നു ആദ്യകഥ. വയസ്ക്കരമൂസിനാല്‍ വിരചിതമായ ഈ ആട്ടക്കഥ ഈയിടെയായി ധാരാളമായി അവതരിപ്പിക്കപ്പെടാറുണ്ട്. ഇത് സന്വൂര്‍ണ്ണമായി അവതരിപ്പിക്കാന്‍ ഒരു രാത്രിമുഴുവന്‍ വേണം.പലയിടത്തും ദുര്യോദ്ധനവധംസന്വൂര്‍ണ്ണം എന്ന് പറഞ്ഞ് കളി നടത്താറുണ്ടെങ്കിലും മുഴുവനായി അവതരിപ്പിക്കപ്പെടാറില്ല. ചില രംഗങ്ങളും ചില പദങ്ങളും ഒഴിവാക്കുന്നതായി കാണാം. ഇവിടെയും ഇതുപോലെ തന്നെ ആയിരുന്നു. സന്വൂര്‍ണ്ണം എന്നു പറഞ്ഞു എങ്കിലും ആദ്യരംഗത്തിലെ പാടിപ്പദവും, ധര്‍മ്മപുത്രര്‍ ശ്രീക്യഷ്ണനോട് പാണ്ഡവദൂതനായി കൌരവന്മാരേ പോയ്‌കാണാന്‍ അഭ്യര്‍ത്ഥിക്കുന്ന രംഗവും, ദുര്യോദ്ധനനെ ഭീമന്‍ വധിക്കുന്ന രംഗവും (ഇത് വളരെ അപൂര്‍വ്വമായി മാത്രമെ അവതരിപ്പിച്ചുകാണാറുള്ളു) ഒഴിവാക്കിയിരുന്നു.

ശ്രീ ചന്ദ്രശേഘരവാര്യര്‍ ആദ്യഭാഗത്തെ ദുര്യോദ്ധനനായും ശ്രീ രാജുമോഹന്‍ ഭാനുമതിയായും വേഷമിട്ടു. ദൌപതിയുടെ ഭാഗ്യങ്ങളില്‍ അസൂയകൊണ്ട് കോപവും താപവും അനുഭവിക്കുന്ന ഭാനുമതിയെ രാജു നന്നായി അവതരിപ്പിച്ചു.

ശ്രീ ദേവദാസാണ് ആദ്യഭാഗത്തെ ദുശ്ശാസനനായി വന്നത്.

ദുര്യോദ്ധനാദികള്‍ ഇന്ദ്രപ്രസ്ഥത്തിലേക്ക് പുറപ്പെടുന്നതായ രംഗം വാര്യരും ദേവദാസും ചേര്‍ന്ന് വളരെ സരസമായാണ് അവതരിപ്പിച്ചത്. വീരരസപ്രധാനമായ ദുര്യോദ്ധന്‍ ഇത്ര സരസത കാട്ടുന്നത് ശരിയായി തോന്നിയില്ല.

ശ്രീ ഹരികുമാര്‍ ധര്‍മ്മപുത്രരായും ശ്രീ വാസുദേവന്‍ കുണ്ടലായര്‍ പാഞ്ചാലിയായും രംഗത്തെത്തി.വേഷസൌദര്യം ലേശം കുറവാണെങ്കിലും നന്നായി ഭാവാഭിനയത്തിന് കഴിയുന്ന മുഖവും കണ്ണുകളും വാസുദേവന്‍ കുണ്ടലായര്‍ക്കുണ്ട്. ‘ബഹുചതിയാലേ’,’പരിപാഹി’ എന്നീപദങ്ങള്‍ ഇദ്ദേഹം വളരേ ഭഗിയായി അവതരിപ്പിച്ചു.

ശകുനി ശ്രീ സുനില്‍ക്കുമാറായിരുന്നു. ഒരുകാലില്‍ മുടന്തുള്ള ശകുനിയെയാണ് ഇദ്ദേഹം അവതരിപ്പിച്ചത്. കാലിന്റെ മുടന്ത് കലാശം എടുക്കോന്വോള്‍ ഉള്‍പ്പെടെ പ്രകടമാക്കുന്നതില്‍ സുനില്‍ ശ്രദ്ധിച്ചിരുന്നു.

ദുര്യോദ്ധനന്‍ ശകുനിയെ ചെന്നുകാണുന്ന രംഗം വളരെവേഗത്തില്‍ തീര്‍ക്കുന്നതായാണ് കണ്ടത്.ഈ രംഗം വരേപാടിയത് ശ്രീ കെ.നാരായണനും വി.നാരായണനും ചേര്‍ന്നായിരുന്നു. നാരായണന്മാരുടെ പാട്ട് ശരാശരി നിലവാരം മാത്രമെ പുലര്‍ത്തിക്കണ്ടുള്ളു. കഴിവുകള്‍ കൂടുതല്‍ പുറത്തെടുത്തുകൊണ്ടുള്ള പ്രകടനം ഈ ദിവസം കെ.നാരായണനില്‍ നിന്നും കണ്ടില്ല.ചെണ്ടയില്‍ ശ്രീ പ്രസാദും മദ്ദളത്തില്‍ ശ്രീ രവിന്ദ്രനും നന്നായി പ്രവര്‍ത്തിച്ചുകണ്ടു. ഇടയ്ക്ക ശ്രീ മനീഷ് രാമനാധനാണ് കൈകാര്യം ചെയ്തത്.

സാധാരണ രണ്ടാമത്തെ സഭമുതലാണ് രണ്ടാം ദുര്യോദ്ധനന്‍ അരങ്ങത്തെത്തുക പതിവ്. എന്നാല്‍ ഇവിടെ ചൂതിന്റെ രംഗംമുതല്‍ തന്നെ ദുര്യോദ്ധനന്‍ മാറികണ്ടു. ആയതിനാല്‍ രണ്ടാം ദുര്യോദ്ധനന് തിരനോക്ക് ഉണ്ടായതുമില്ല.ശ്രീ കേശവന്‍ കുണ്ടലായര്‍ ആയിരുന്നു രണ്ടാം ദുര്യോദ്ധനന്‍. പ്രധാന കത്തിവേഷങ്ങളിലെല്ലാംതന്നെ കഴിവുതെളിയിച്ചിട്ടുള്ള ഇദ്ദേഹം ദുര്യോദ്ധനവേഷം നന്നായി കൈകാര്യം ചെയ്തു.

ശ്രീക്യഷ്ണവേഷമിട്ടത് ശ്രീ സി.എം.ഉണ്ണിക്യഷ്ണനായിരുന്നു.

സാധാരണ ധ്യതരാഷ്ട്രര്‍ മിനുക്കിതാടികെട്ടിയാണ് കാണാറ്. ഇവിടെ കറുപ്പ് താടികെട്ടിയ പച്ചവേഷമായാണ് കണ്ടത്.

പാഞ്ചാലിയുടെ ‘പരിപാഹി’ പദത്തിലെ ‘പരനോടു പറഞ്ഞീടാന്‍’ എന്ന ചരണം, ധ്യതരാഷ്ട്രരുടെ പദത്തിന്റെ‘വ്യഷ്ണികുല തിലകാ ജയ’ എന്ന പല്ലവി,തുടങ്ങി പദങ്ങളുടെ പല ഭാഗങ്ങളും പാടാതെ വിടുന്നതായി കണ്ടു.ദൂതില്‍ ‘പാണ്ഡുനന്ദനരല്ല വൈരികള്‍’,’ചിത്രമത്ര വിചിത്രവീര്യജനല്ലനിന്നുടെ’ എന്നിവിടങ്ങളില്‍ ചൊല്ലിവട്ടംതട്ടിയതുമില്ല.ഇതൊന്നും ഉചിതമായില്ല.

ദൂത് രംഗം വരേയുള്ള ഭാഗത്തെ പാട്ട് ശ്രീ മധുവും സുരേഷ്‌കുമാറും ചേര്‍ന്നും മേളം ശ്രീ ശശി(ചെണ്ട), ശ്രീ രാധാക്യഷ്ണന്‍‍(മദ്ദളം), മനീഷ്‌രാമനാധന്‍(ഇടയ്ക) തുടങ്ങിയവരും ആയിരുന്നു.

ഗീതോപദേശ രംഗത്തില്‍ ശ്രീ എ ഉണ്ണിക്യഷ്ണന്‍ അര്‍ജ്ജുനനായെത്തി. ഈ ഗീതോപദേശരംഗം വയസ്ക്കരമൂസ് എഴുതിയതല്ല. പില്‍ക്കാലത്ത് കൂട്ടിചേര്‍ക്കപ്പെട്ടതാണ്. അതിന്റേതായ യോജിപ്പുകുറവ് ഇതിനുണ്ടുതാനും. എന്റെ അഭിപ്രായം ഈ രംഗം ആവശ്യമില്ലാത്തതാണ് എന്നാണ്. ഇവിടെകണ്ടതുപോലെ ഈ രംഗം വിസ്തരിക്കാനായി മുന്‍പുള്ള രംഗങ്ങള്‍ ചുരുക്കുന്നതും ശരിയായനടപടിയായി തോന്നുന്നില്ല.

ശ്രീ ഹരിദാസനായിരുന്നു രൌദ്രഭീമനായി എത്തിയിരുന്നത്.

കിരാതം ആയിരുന്നു രണ്ടാമത് അവതരിപ്പിച്ച കഥ.കട്ടാളനായി ശ്രീ സുധീറും കാട്ടാളസ്ത്രീയായി ശ്രീ രാജുമോഹനനും അര്‍ജ്ജുനനായി ശ്രീ ഹരീശ്വരനും വേഷമിട്ടു.പരിചയകുറവുകൊണ്ടാണോ എന്തൊ കിരാതനായി സുധീറിന്റെ പ്രകടനം തീരെ പോരായെന്നു തോന്നി. പലഭാഗങ്ങളിലും രാജുമോഹന്‍ ആട്ടങ്ങള്‍ കാട്ടിക്കൊടുക്കുന്നതായും നിയന്ത്രിക്കുന്നതായും കണ്ടു.

ഈ കഥക്ക് പാടിയത് വി.നാരായണനും സന്തോഷ്‌കുമാറും ചേര്‍ന്നായിരുന്നു. ചെണ്ടകൊട്ടിയത് വിജയരാഘവനും മനീഷും ചേര്‍ന്നായിരുന്നു.സര്‍വ്വശ്രീ ബാലക്യഷ്ണന്‍,രാമചന്ദ്രന്‍,സതീഷ് എന്നിവര്‍ ചുട്ടികുത്തിയ ഈ കളിക്ക് സര്‍വ്വശ്രീ കുഞ്ഞിരാമന്‍,വാസു,ഉണ്ണിക്യഷ്ണന്‍,അനൂപ് എന്നിവര്‍ അണിയറ കൈകാര്യം ചെയ്തതു.

തിരുനക്കര ഉത്സവം(3)


തിരുനക്കരയില്‍ ആദിവസം(17/03/08) രണ്ടാമതായി അവതരിപ്പിച്ച കഥ സീതാസ്വയംവരം(പരശുരാമന്റെ ഘട്ടം) ആയിരുന്നു. ഇതില്‍ പരശുരാമന്റെ വേഷം വതരിപ്പിച്ചത് ശ്രീ കേശവന്‍ കുണ്ഡലായര്‍ ആണ്. അദ്ദേഹത്തിന്റെ പ്രകടനം നന്നായിരുന്നു.

പരശുരാമന്റെ ഇളകിയാട്ടത്തോടെ ആണ് കഥ ആരംഭിച്ചത്. തന്റെ ഗുരുവായ ശ്രീപരമേശ്വരന്റെ ദിവ്യമായ ‘ശൈവചാപം‘ ദശരഥപുത്രനായ രാമന്‍ മുറിച്ചു എന്നറിഞ്ഞ് പരശുരാമന്‍ ക്രോധവാനായി തീരുന്നതും,തന്റെ പക്കലുള്ള ‘വൈഷ്ണവചാപവും’എടുത്ത് രാമനെകാണാന്‍ പുറപ്പടുന്നതുമായ ഭാഗമാണ് ഈ രംഗത്തില്‍ ആടിയത്.ഈ ആട്ടം കുഞ്ചുനായരാശാന്‍ ചിട്ടപ്പെടുത്തിയതാണ്. കലാമണ്ഡലം ചിട്ടയില്‍(കലാ:രാമന്‍‌കുട്ടി നായര്‍ ചിട്ടപ്പെടുത്തിയത്) ഈ രംഗം പതിവില്ല.

ശ്രീ ഹരിദാസന്റെ ആയിരുന്നു ശ്രീരാമവേഷം. ഇദ്ദേഹത്തിന് വേഷഭംഗി കുറവാണെന്നു തോന്നി. പ്രത്യേകിച്ച് ശ്രീരാമന്‍,ശ്രീക്യഷ്ണന്‍ തുടങ്ങിയവേഷങ്ങള്‍ക്ക് വേണ്ട പ്രസന്നമായസ്തായിഭാവം ഇദ്ദേഹത്തിനു കണ്ടില്ല.

സാധാരണയില്‍ നിന്നും വെത്യസ്തമായാണ് ഹരിദാസന്‍ ശ്രീരാമനെ അവതരിപ്പിച്ചുകണ്ടത്. ആദ്യം മുതല്‍ തന്നെ പരശുരാമന്റെ ചോദ്യങ്ങള്‍ക്ക് ഉരുളക്കുപ്പേരി കണക്കെ ഉത്തരങ്ങള്‍ നല്‍കുകയും ചില മറുചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുന്ന രാമനെയാണിവിടെ കണ്ടത്. ഇത്ര വീര്യം ഇവിടെ രാമന്‍ കാണിക്കേണ്ടതുണ്ടെന്നു തോന്നുന്നില്ല.മറുപടികള്‍ നല്‍കാമെങ്കിലും അവ കുറച്ചുകൂടി സൌമ്യമായി പറയുന്നതാണ് നല്ലത്. പിന്നീട് ദശരഥനെ പരശുരാമന്‍ അപമാനിക്കുന്നതിനു ശേഷംമാത്രം രാമന്‍ കുറച്ചുദേഷ്യം കാണിക്കാം. ആദ്യം മുതല്‍തന്നെ ദെഷ്യം പിടിച്ചുനിന്നാല്‍ അച്ഛനെ അപമാനിച്ചതുകണ്ടീട്ടു രാമനില്‍ ഉണ്ടാകുന്ന മാറ്റം പ്രകടമാക്കാനാകാതെയും വരും.

ഈ കഥക്ക് പാടിയത് മധുവും വി.നാരായണനും ചേര്‍ന്നായിരുന്നു. പ്രധാനചെണ്ടക്കാരനായിരുന്ന ശശി ആക്ഷന്‍ കാണിക്കുകയും ചിരിക്കുകയും ചെയ്യുന്നതല്ലാതെ ചെണ്ടയില്‍ വേണ്ടവണ്ണം പ്രവര്‍ത്തിക്കുന്നതായി കണ്ടില്ല. മേളപ്രധാനമായ ഇതുപോലുള്ള കഥകളില്‍ മേളംകൊഴുത്തില്ലെങ്കില്‍ നട്യത്തിന്റെ വീര്യത വേണ്ടത്ര അനുഭവപ്പെടില്ല. എന്നാല്‍ രണ്ടാം ചെണ്ടക്കാരനായ ശ്രീ മനീഷ് രാമനാധന്‍ അവസരത്തിനൊത്ത് ഉയര്‍ന്ന് പ്രവര്‍ത്തിച്ചതിനാല്‍ മേളം പൊളിഞ്ഞില്ല.മദ്ദളം കൊട്ടിയത് ശ്രീ രവീന്ദ്രനും ഹരിയും ആയിരുന്നു.

കിരാതം ആയിരുന്നു മൂന്നാം കഥ. ഇതില്‍ ശ്രീ എ.ഉണ്ണിക്യഷ്ണന്‍ അര്‍ജ്ജുന വേഷമിട്ടു.ദേവദാസ് കാട്ടാളനായും ശ്രീ വാസുദേവന്‍ കുണ്ഡലായര്‍ കാട്ടാളസ്ത്രിയായും അരങ്ങിലെത്തി. കാട്ടാളവേഷം ധരിച്ച ശിവപാര്‍വ്വതിമാര്‍ ‘വേട്ടക്ക് വട്ടമിട്ട്’ പുറപ്പെടുന്ന രംഗം വിസ്തരിച്ച്തന്നെ ഇവര്‍ ആടി. ഇതില്‍ ‘വേട്ടയ്ക്കൊരുമകന്റെ ഉത്പത്തി‘ ആടിയതു ശ്രദ്ധേയമായി. വേടനാരിയായിതീര്‍ന്ന തന്റെ വല്ലഭ പാര്‍വ്വതിയെ കണ്ട്, കാമബാണമേറ്റ് കിരാതമൂര്‍ത്തിക്ക് മന്മധാര്‍ത്തിപെരുകുന്നു. അങ്ങിനെ പാ‍ര്‍വ്വതിയെ പ്രാപിച്ചതിന്റെ ഭലമായി ദേവി ഗര്‍ഭംധരിക്കുകയും, പ്രസവിച്ച് ഒരു ബാലന്‍ ഉണ്ടാവുകയും ചെയ്യുന്നു. ആ ദിവ്യബാലന്‍ ഉടനെതന്നെ വളര്‍ന്ന് കൌമാരദശയെ പ്രാപിക്കുന്നു. വീര്യവാനായ തന്റെ പുത്രന് ശിവന്‍ ഒരു വാള്‍ ആയുധമായി നല്‍കി അനുഗ്രഹിച്ച് അയക്കുന്നു.
തുടര്‍ന്നുള്ള ഭാഗങ്ങളും ദേവദാസനും ഉണ്ണിക്യഷ്ണനും വിസ്തരിച്ചുതന്നെ അവതരിപ്പിച്ചു.അതിനാല്‍ കളികഴിയാന്‍ രാവിലെ ഏഴുമണിയോളമായി.

ഈ കഥക്കുപാടിയത് ശ്രീ സുരേഷ് കുമാറും ശ്രീ സന്തോഷ് കുമാറും ചേന്നാണ്. മേളം വിജയരാഘവന്‍,മനീഷ് രാമനാധന്‍ തുടങ്ങിവരായിരുന്നു.

തിരുനക്കര ഉത്സവം(2)


കോട്ടയം തിരുനക്കര മഹാദേവക്ഷേത്രോത്സവത്തോട് അനുബന്ധിച്ചു 17/03/08ല്‍ നടന്നകഥകളിയും കോട്ടക്കല്‍ പി.എസ്സ്.വി.നാട്ട്യസംഘം ആണ് അവതരിപ്പിച്ചത്. രാത്രി 10മണിക്ക് നാലുവേഷങ്ങളുള്ള പുറപ്പാടോടെ (ബലഭദ്രര്‍,രോഹിണി,ക്യഷ്ണന്‍,രുഗ്മിണി) കളി ആരംഭിച്ചു.തുടര്‍ന്ന് നടന്ന മേളപ്പദത്തില്‍ ശ്രീമധു,ശ്രീ സുരേഷ്‌കുമാര്‍ എന്നിവര്‍ സംഗീതവും ശ്രീ ശശി,ശ്രീ മനീഷ് രാമനാധന്‍(ചെണ്ട),ശ്രീ രാധാക്യഷ്ണന്‍തുടങ്ങിയവര്‍ മേളവും കൈകാര്യം ചെയ്തു.

കല്യാണസൌഗന്ധികം ആയിരുന്നു ആദ്യകഥ.ഈ ദിവസത്തെ പ്രത്യേകക്ഷണിതാവായ ശ്രീ കലാ:ക്യഷ്ണകുമാര്‍ഭീമസേനനായും ശ്രീ രാജ്‌മോഹന്‍ പാഞ്ചാലിയായും വേഷമിട്ടു. പതിഞ്ഞപദത്തിലുടനീളം ക്യഷ്ണകുമാര്‍ വല്ലാതെ ആയാസപ്പെടുന്നതായി തോന്നി.അവസാനത്തെ ‘ഇരട്ടി’ എടുത്തത് അത്ര വെടിപ്പായതുമില്ല.
“വനത്തിലെ യാത്രയില്‍ അങ്ങേക്ക് പൈദാഹങ്ങള്‍ ഉണ്ടാവില്ലെ?”എന്ന് സാധാരണ ഭീമനെ യാത്രയയക്കുന്നവേളയില്‍ പാഞ്ചാലി ചോദിക്കാറുണ്ട്. ഇവിടെ പാഞ്ചാലി ചോദിക്കുന്നതിനു മുന്പുതന്നെ, ഭീമന്‍ ഇതിനുള്ളമറുപടി നല്‍കുന്നതായി കണ്ടു. ഇതുപോലെ തന്നെ പുറപ്പെടുന്ന സമയം ഭീമന്‍ പാഞ്ചാലിയോട് സാധാരണ പറയാറുണ്ട് “അര്‍ജ്ജുനനുംകൂടി സ്തലത്തില്ലാത്ത സമയമാകയാല്‍ ഞാന്‍ ഇങ്ങിനെ ഒരുവഴിക്കു പോയി എന്നുളള വിവരം ജേഷ്ടനോട് തത്ക്കാലം പറയണ്ട.” എന്ന്. ഇവിടെ ഭീമന്‍ ഇങ്ങിനെ പറഞ്ഞിട്ട് ഒന്നുകൂടി പറഞ്ഞു.”ജേഷ്ടന്‍ പേടിക്കും” എന്ന്. ഇത് ആസ്വാദകനില്‍ ചില ചോദ്യങ്ങള്‍ ഉണര്‍ത്തുന്നു.ഭീമന്‍ ഒറ്റക്ക് പോയതിലാണോ പേടിക്കുക? അതൊ ഭീമനും അര്‍ജ്ജുനനും ഇല്ലാതെ കഴിയുന്നതിലാണോ പേടി? അത്ര പേടിത്തൊണ്ടനാണോ ധര്‍മ്മപുത്രര്‍? തുടര്‍ന്നുള്ള ഭീമന്റെ വനവര്‍ണ്ണനയും അത്ര സുഖകരമായില്ല.പാറകള്‍ക്കിടയില്‍ നിന്നും ചായില്യം,മനയോല തുടങ്ങിയ ധാതുദ്രവ്യങ്ങള്‍ പൊട്ടി ഒലിക്കുന്നതു കാണിച്ചതു കണ്ടാപ്പോള്‍ വലിയവേള്ളച്ചാട്ടം പോലെയാണു തോന്നിയത്.ഒരിടത്ത് പരസ്പ്പരം നക്കിക്കൊണ്ട് നില്‍ക്കുന്ന 2 സിംഹക്കുട്ടികളെ കണ്ട ഭീമന്‍ പതുങ്ങിചെന്ന് അവയെ പിടിച്ച് ദൂരെ എറിയുന്നു. ഈ ആട്ടം ഇങ്ങിനെഅല്ല സാധാരണ അവതരിപ്പിക്കാറ്. സിംഹ കുട്ടികള്‍ ഭീമനു നേരേ ഗര്‍ജിച്ചു വരുന്നതായി ആണ് ആടാറ്. അങ്ങിനെ ആയാലേ അതിനു ഭഗിഉള്ളു. തുടര്‍ന്ന് കാട്ടിന്റെ ഒരുഭാഗത്ത് നില്‍ക്കുന്ന സിംഹം,ആന,മാന്‍ തുടങ്ങിയ ജന്തുക്കളെ ഭീമന്‍ ശംഖുവിളിച്ച് ഭീതിപ്പെടുത്തി ഓടിക്കുന്നു.ഇവിടെ പരസ്പ്പര ശത്രുക്കളായ ഈ ജന്തുക്കള്‍ എല്ലാം ഒരുസ്തലത്ത് കൂടിനില്‍ക്കുകയായിരുന്നൊ എന്നൊരു സംശയം ആസ്വാദക മനസ്സില്‍ ബാക്കിയാവുന്നു.തുടര്‍ന്ന് പ്രശസ്തമായ ‘അജഗരകവളിതം’ എന്ന പ്രശസ്തമായ ഇളകിയാട്ടവും ക്യഷ്ണകുമാര്‍ അവതരിപ്പിച്ചു. ഈ ആട്ടത്തില്‍ ഒരു അടുക്കും ചിട്ടയും ഇല്ലായിരുന്നതിനാല്‍ നന്നായി ആസ്വദിക്കാനായില്ല. ഈ ആട്ടത്തില്‍ തോന്നിയ ചില പോരായ്കകള്‍- ആനകരയുന്നതു കേട്ടാണ് ഭീമന്‍ ആ ഭാഗത്തേക്ക് ശ്രദ്ധിക്കുന്നത്,എന്നാല്‍ നോക്കുന്വോള്‍ കാണുന്നത് ആന ഉറങ്ങുന്നതാണ്.(സാധാരണ, ആനയുടെ ചിന്നം വിളികേട്ട് നോക്കുന്വോള്‍ ആനമദപ്പാടിന്റെ വൈഷമ്മ്യത്തില്‍ കാട്ടുന്ന ചേഷ്ടകള്‍ കാണുകയും,തുടര്‍ന്ന് ആന ഉറങ്ങുന്നതുമായി ആണ് ആടാറ്.) ഈ കഥയിലെ ആനക്കു മദപ്പാടുള്ളതായേ ഇവിടെ ആടിക്കണ്ടില്ല.അതു പോലെ ഇവിടെ എത്തുന്ന സിംഹം ‘വിശന്നുവലഞ്ഞ്’ആണ്‌ വരുന്നത് എന്ന് സാധാരണ പ്രത്യേകം കാണിക്കാറുണ്ട്,ഇവിടെ ഇങ്ങിനെ കാണിച്ചില്ല.വനവര്‍ണ്ണനക്കൊടുവില്‍ തിങ്ങിനിറഞ്ഞകാട് കാണുന്നു ഇനി അത് ഗദകൊണ്ട് തകര്‍ത്ത് മുന്നോട്ട് നീങ്ങാം എന്ന് ആടാറുണ്ട്.ഇതും ഇവിടെ ആടിക്കണ്ടില്ല.
ഈ രംഗംവരെ പാട്ട് ശ്രീ കെ.നാരായണനും ശ്രീ വി.നാരായണനും ചേര്‍ന്നായിരുന്നു. ഇതുപോലെയുള്ള ചിട്ടപ്രധാനമായ കഥകള്‍ക്ക് പാടുന്നതില്‍ കെ.നാരായണന് നല്ല കഴിവാണ്. വി.നാരായണന്‍ നന്നായിത്തന്നെ പാടി.മേളം ശ്രീ പ്രസാദും(ചെണ്ട),ശ്രീ രവീന്ദ്രനും(മദ്ദളം) ചേര്‍ന്നായിരുന്നു.
ചന്ദ്രശേഘരവാര്യര്‍ ഹനൂമാനെ നന്നായി അവതരിപ്പിച്ചു. തുടര്‍ന്നുള്ള രംഗത്തിലെ “വഴിയില്‍ നിന്നുപോക” എന്ന പദത്തിന്റെ ചരണങ്ങളൊ അതിനുള്ള ഹനുമാന്റെ മറുപടി പദമൊ അവതരിപ്പിക്കുകയുണ്ടായില്ല.
കൌരവന്മാരോടു യുദ്ധത്തിനു മുതിരുബോള്‍ ഞങ്ങളുടെ ചാരവെ വന്നു സഹായിക്കണം എന്നു ഭീമന്‍ ജേഷ്ടനോട് അപേക്ഷിക്കുന്വോള്‍ ഹനൂമാന്‍ സോദരനായ അര്‍ജ്ജുനനെ പറ്റി ചോദിച്ചു. വിജയന്‍ ദിവ്യാസ്ത്രസമ്പാദനാര്‍ദ്ധം തപസ്സിന് പോയിരിക്കുകയാണേന്ന് ഭീമന്‍ അറിയിച്ചു. അപ്പോള്‍ ഹനൂമാന്‍ പറഞ്ഞു-“ഞാന്‍,അര്‍ജ്ജുനന്റെ തീര്‍ത്ഥാടന വേളയില്‍ ക്യഷ്ണനോടും കൂടി കണ്ടിരുന്നു. കൌരവരുമായി യുദ്ധം ചെയ്യുന്ന വേളയില്‍ ഞാന്‍ അര്‍ജ്ജുനന്റെ രഥകേതുവില്‍ കുടികൊണ്ട് സഹായിക്കാം എന്ന് വാക്കുനല്‍കിയിട്ടുണ്ട്.”
ഈ ഭാഗത്തെ പാട്ട് ശ്രീ കെ.നാരായണനും ശ്രീ സുരേഷ് കുമാറും ചേര്‍ന്നും,മേളം ശ്രീ പി വിജയരാഘവനും(ചേണ്ട), ശ്രീ രാധാക്യഷ്ണനും(മദ്ദളം) ചേര്‍ന്നും ആയിരുന്നു.

തിരുനക്കര ഉത്സവം(1)

കോട്ടയം തിരുനക്കര ശ്രീമഹാദേവക്ഷേത്ര ഉത്സവത്തോടുനുബന്ധിച്ച് മാര്‍ച്ച്15,16,17തീയതികളില്‍ കഥകളികള്‍ നടന്നു.16,17തീയതികളില്‍ കോട്ടക്കല്‍ പി.എസ്സ്.വി.നാട്യസംഘംട്രൂപ്പാണ് കഥകളി അവതരിപ്പിച്ചത്.
17ന് രാത്രി10മുതല്‍ സന്വൂര്‍ണ്ണചടങ്ങുകളോടുകൂടിയുള്ള കഥകളിയായിരുന്നു.കേളി,മദ്ദളകേളി,തോടയം,
നാലുനോക്കോടുകൂടിയ(നാലുമുടി)പുറപ്പാട്,ഇരട്ടമേളപ്പദം ഇങ്ങിനെ എല്ലാ പ്രാരംഭചടങ്ങുകളോടും കൂടി വിസ്തരിച്ചുള്ള കളി ആയിരുന്നു. ഈ പ്രാരംഭചടങ്ങുകള്‍ പുസ്തകത്തില്‍ മാത്രം പരിചിതമായിതീര്‍ന്നിട്ടുള്ള ഇക്കാലത്ത് ഇത് നല്ലൊരു അനുഭവമായിരുന്നു.

മേളപ്പദത്തില്‍ ശ്രീ പ്രസാദ്,ശ്രീ വിജയരാഘവന്‍(ചെണ്ട),ശ്രീ രവീന്ദ്രന്‍ തുടങ്ങിയവര്‍ മേളം നന്നായി അവതരിപ്പിച്ചു.ശ്രീ കെ.നാരായണന്‍,ശ്രീ വി.നാരായണന്‍ എന്നിവരായിരുന്നു പാടിയത്.സംഗീതപരമായി ഉയര്‍ന്നതും അതേസമയം സംന്വ്യദായശുദ്ധിയോടുകൂടിയതുമായിരുന്നു ഇവരുടെ പാട്ട്. ഈ കാലത്ത് പലപാട്ടുകാരും,‘നിരവല്‍‘,രാഗമാലികയായി പല്ലവി പാടുക തുടങ്ങി ശാസ്ത്രീയസംഗീതകച്ചേരികളുടെ പല സംന്വ്യദായങ്ങളും മേളപ്പദത്തില്‍ സന്നിവേശിപ്പിച്ചുകാണാറുണ്ട്. എന്നുമാത്രമല്ല ഇതൊക്കെ മേളപ്പദത്തിന്റെ അവ്യശ്യഘടകങ്ങളാണെന്ന് ചില ആസ്വാദകരും ഇന്ന് കരുതിപോരുന്നു. ഈ രീതിയില്‍ പോയാല്‍ സമീപകാലഭാവിയില്‍ കുറച്ചുസ്വരപ്രസ്താരം കൂടികൂട്ടി മേളപ്പദത്തെ തനി കച്ചേരിയാക്കിമാറ്റിയാലും അത്ഭുതപ്പെടാനില്ല.മേളപ്പദത്തില്‍ പാട്ടുകാര്‍ക്ക് അവരുടെ കഴിവുകള്‍പ്രകടിപ്പിക്കുവാനുള്ള സ്വാതന്ത്യം ഉണ്ടെങ്കിലും ഈ രീതിയില്‍ തനതുസംഗീതരീതിയില്‍ നിന്നും വിട്ട് ശാസ്ത്രീയസംഗീതരീതികളില്‍ അമിതപ്രതിപത്തി പുലര്‍ത്തുന്നത് കഥകളിസംഗീതത്തിന് ഗുണകരമാണോ എന്ന് ഗായകരും ആസ്വാദകരും ചിന്തിച്ചാല്‍ നന്ന്.ഒരു കലാകാരന്‍ എന്നരീതിയില്‍ ഈ കാലഘത്തിലെ സമര്‍ദ്ദങ്ങളെ അതിജിവിച്ചുകൊണ്ട് കഥകളിസംഗീതത്തില്‍ തനതുസന്വ്യദായത്തിന്റെ ശുദ്ധി കാത്തുസൂക്ഷിക്കുന്നതില്‍ കോട്ടക്കല്‍ നാരായണന് സാധിക്കുന്നുണ്ട്,ഇത് എക്കാലത്തും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
തുടര്‍ന്ന് ശ്രീ ചന്ദ്രശേഘരവാര്യര്‍ കര്‍ണ്ണനായും ശ്രീ കേശവന്‍ കുണ്ഡലായര്‍ ദുര്യോദ്ധനനായും ശ്രീ വാസുദേവന്‍ കുണ്ഡലായര്‍ കുന്തിയായും അഭിനയിച്ച കര്‍ണ്ണശപധം,ശ്രീ ദേവദാസ് ബാലിയായും ശ്രീ ഹരിദാസ് സുഗ്രീവനായും വേഷമിട്ട ബാലിവധം, എന്നി കഥകളികള്‍ നടന്നു.