സന്ദര്‍ശ്ശന്റെ പ്രതിമാസമാസപരിപാടി


അമ്പലപ്പുഴ സന്ദര്‍ശ്ശന്‍ കഥകളിവിദ്യാലയത്തിന്റെ മാസപരിപാടി 31/05/09ന് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ നാടകശാലയില്‍ വെച്ച് നടന്നു. വൈകിട്ട് 7ന് ആരംഭിച്ച് കഥകളിയില്‍ നളചരിതം രണ്ടാംദിവസത്തെ കഥയാണ്(കലി മുതല്‍ ‘അലസത’ വരെ) അവതരിപ്പിക്കപ്പെട്ടത്.

കലിയായി ശ്രീ കലാമണ്ഡലം ഹരി.ആര്‍.നായരാണ് അരങ്ങിലെത്തിയത്. കലി ഇന്ദ്രനെ കണ്ട് പിരിഞ്ഞശേഷം ദ്വാപരനെ കണ്ടുമുട്ടുന്ന രീതിയിലാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടത്. ദ്വാപരന്റെ വേഷം കത്തിയോ താടിയോ അല്ലാത്ത ഒരു രൂപത്തിലാണ് ഇവിടെ കണ്ടത്. ചുട്ടിക്ക് ഒരാള്‍ മാത്രമെ ഉണ്ടായിരുന്നുള്ളുവെന്നും, സൌകര്യാര്‍ദ്ധം ദ്വാപരവേഷം ഈ രീതിയില്‍ ചെയ്യുകയായിരുന്നു എന്നുമാണ് ഇതിനെപറ്റി ചോദിച്ചപ്പോള്‍ സംഘാടകരുടെ വിശദീകരണം ലഭിച്ചത്. ശ്രീ തിരുവഞ്ചൂര്‍
സുഭാഷാണ് ദ്വാപരവേഷം ചെയ്തത്.

പുഷ്കരനായി വേഷമിട്ടത് ശ്രീ കലാനിലയം വിനോദായിരുന്നു. നളനായെത്തിയ ശ്രീ കലാമണ്ഡലം ഷണ്മുഖദാസും ദമയന്തിയായെത്തിയ ശ്രീ കലാമണ്ഡലം വിജയനും നല്ല പ്രകടനം കാഴ്ച്ചവെയ്ച്ചു.


രാജ്യധനാധികള്‍ നഷ്ടപ്പെട്ട് കാട്ടിലെത്തിയ നളന്‍ തന്റെ വസ്ത്രം ഉപയോഗിച്ച് ഭക്ഷണാര്‍ത്ഥം പക്ഷികളെ പിടിക്കാന്‍ ശ്രമിക്കുന്നതും, പക്ഷിരൂപത്തിലെത്തിയ കലിദ്വാപരന്മാര്‍ നളന്റെ വസ്ത്രം കൊത്തിക്കൊണ്ട് പറന്നുപോകുന്നതുമായ രംഗവും ഇവിടെ അവതരിപ്പിച്ചിരുന്നു. സാധാരണ പതിവില്ലാത്തതാണ് ഈ രംഗം. ഇന്ദ്രന്‍, പക്ഷി വേഷങ്ങള്‍ ശ്രീ ആര്‍.എല്‍.വി.പ്രമോദ് ഭംഗിയായി കൈകാര്യം ചെയ്തു.

ശ്രീ പത്തിയൂര്‍ ശങ്കരന്‍‌കുട്ടിയും ശ്രീ കലാമണ്ഡലം ജയപ്രകാശും ചേര്‍ന്നായിരുന്നു പാട്ട്.


ശ്രീ കലാനിലയം രതീഷ് ചെണ്ടയും ശ്രീ കലാനിലയം മനോജ് മദ്ദളവും കൈകാര്യം ചെയ്തു.


ശ്രീ കലാമണ്ഡലം സുകുമാരന്‍ ചുട്ടികുത്തിയ ഈ കളിക്ക് സന്ദര്‍ശ്ശന്‍ കഥകളിവിദ്യാലത്തിന്റെ കോപ്പുകള്‍ ഉപയോഗിച്ച് അണിയറ കൈകാര്യം ചെയ്തിരുന്നത് ശ്രീ പള്ളിപ്പുറം ഉണ്ണികൃഷ്ണനും സംഘവും ആയിരുന്നു.

കലാ:കൃഷ്ണന്‍‌കുട്ടിപൊതുവാളിന്റെ 85മത് ജന്മവാര്‍ഷികം

ശ്രീ കലാമണ്ഡലം കൃഷ്ണന്‍‌കുട്ടിപൊതുവാളിന്റെ 85മത് ജന്മവാഷികം 28/05/09ന് കലാമണ്ഡലം കൂത്തമ്പലത്തില്‍ വെച്ച് നടന്നു. കലാമണ്ഡലത്തിന്റെ സഹകരണത്തോടെ ജന്മവാഷിക അനുസ്മരണ ദിനാചരണസമിതിയാണ് പരിപാടി സംഘടിപ്പിച്ചത്. ഇതിനോടനുബന്ധിച്ച് കോട്ടക്കല്‍ കൃഷ്ണന്‍‌കുട്ടിനായര്‍, കലാമണ്ഡലം കേശവന്‍ എന്നിവരുടെ അനുസ്മരണവും നടന്നു. ശ്രീ കലാമണ്ഡലം വാസുപിഷാരോടി, ശ്രീ സദനം കൃഷ്ണന്‍‌കുട്ടി, ശ്രീ കലാമണ്ഡലം ഗോപിനാഥ പ്രഭ എന്നീ കലാകാരന്മാരെ ചടങ്ങില്‍ ആദരിച്ചു. രാവിലെ 11മുതല്‍ ‘സമകാലീന കഥകളിമേളം’ എന്ന വിഷയത്തിലുള്ള ചര്‍ച്ചയും വൈകിട്ട് 3മുതല്‍ ശ്രീ കലാമണ്ഡലം രാമചാക്യാരുടെ ചാക്യാര്‍കൂത്തും നടന്നു.വൈകിട്ട് 5ന് ശ്രീ ഇയ്യങ്കോട് ശ്രീധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് പൊതുസമ്മേളനത്തില്‍ വെച്ച്
കേരളകലാമണ്ഡലം പ്രസിദ്ധീകരിക്കുന്ന ‘ശൌര്യഗുണം’(കൃഷ്ണന്‍‌കുട്ടി പൊതുവാളിന്റെ ജീവചരിത്രം) എന്ന പുസ്തകം കലാമണ്ഡലം വൈസ്‌ചാന്‍സിലര്‍ ശ്രീ കെ.ജി.പൈലോസ് പ്രകാശനം ചെയ്തു. ശ്രീ മാടമ്പ് കുഞ്ഞുക്കുട്ടനാണ് പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങിയത്. ശ്രീ കെ.ബി. രാജ് ആനന്ദ് കലാ:കൃഷ്ണന്‍‌കുട്ടിപൊതുവാള്‍ അനുസ്മരണപ്രഭാഷണം നടത്തിയ യോഗത്തില്‍ ശ്രീമതി വാസന്തി മേനോന്‍ ആശംസാപ്രസംഗവും നടത്തി. യോഗത്തെ തുടര്‍ന്ന് കൃഷ്ണന്‍‌കുട്ടിപൊതുവാളാശാനെ കുറിച്ചുള്ള ഒരു ഡോക്യുമെന്ററി പ്രദര്‍ശ്ശനവും നടന്നു.
.

രാത്രി 9:30മുതല്‍ പുലരുംവരെ കഥകളിയും നടന്നു. ശ്രീ കലാമണ്ഡലം വിപിനും(കൃഷ്ണവേഷം) ശ്രീ കലാമണ്ഡലം ശുചീന്ദ്രനാഥനും(രുഗ്മിണി) ചേര്‍ന്നാണ് പുറപ്പാട് അവതരിപ്പിച്ചത്. ആദ്യമായി അവതരിപ്പിച്ച സുഭദ്രാഹരണം കഥയില്‍ അര്‍ജ്ജുനനായെത്തിയത് കലാ: വാസുപിഷാരോടി ആയിരുന്നു. തന്റെ അസുഖവും വേദനയും മറന്നുകൊണ്ട് അദ്ദേഹം ഭംഗിയായി ഈ വേഷം അവതരിപ്പിച്ചു. കലാ:വിപിന്‍ കൃഷ്ണനായും ശ്രീ കലാമണ്ഡലം കാശീനാഥന്‍ ഇന്ദ്രനായും കലാ: ശുചീന്ദ്രനാഥന്‍ സുഭദ്രയായും വേഷമിട്ടിരുന്നു. വിവാഹരംഗവും തുടര്‍ന്ന് പതിഞ്ഞപദവും ആണ് ഇവിടെ
അവതരിപ്പിക്കപ്പെട്ടത്.

.



വിവാഹാനന്തരം സുഭ്രയുമായി പ്രേമസല്ലാപത്തിലേര്‍പ്പെടുന്ന അര്‍ജ്ജുനന്‍, സുഭദ്രയുടെ നടപ്പ് അരയന്നങ്ങളുടെ അഹങ്കാരംതീര്‍ക്കുന്നതാണെന്നും ശബ്ദം കേട്ടാല്‍ കുയിലുകള്‍ നാണിച്ച് മണ്ടിക്കളയുമെന്നും പറഞ്ഞ് അവളുടെ സൌന്ദര്യത്തെ വര്‍ണ്ണിക്കുന്നു. ‘എന്തിനേറേ പറയുന്നു, ഇവളുടെ രൂപസൌദ്യര്യത്തെ കണ്ടാല്‍ സാക്ഷാല്‍ ലാക്ഷീദേവി കാഷായവേഷമുടുത്ത് കാട്ടില്‍ പോയി തപം ചെയ്യും! ഇങ്ങിനെയുള്ള കൃഷ്ണസോദരിയെ എനിക്കുലഭിച്ചത് എന്റെ മഹാഭാഗ്യം തന്നെ’ എന്നു വിചാരിച്ച് ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക് പോകാനൊരുങ്ങുന്ന അര്‍ജ്ജുനന്‍ തേരുതെളിക്കുന്നതാര് എന്ന് കുണ്ഡിതപ്പെടുന്നു. ‘തെരുതെളിക്കുവാന്‍ എന്നെ കുട്ടിക്കാലത്തുതന്നെ കൃഷ്ണന്‍ പഠിപ്പിച്ചിട്ടുണ്ട്. അതിനാല്‍
തേര്‍ ഞാന്‍ തെളിച്ചുകൊള്ളാം’ എന്ന് സുഭദ്ര അറിയിക്കുന്നു. എല്ലാം കൃഷ്ണന്റെ അനുഗ്രഹം തന്നെ എന്നുകരുതി സസന്തോഷം അര്‍ജ്ജുനനും സുഭദ്രയും തേരില്‍ കയറി യാത്രയാവുന്നു.

ഈ ഭാഗത്തെ സംഗീതം ശ്രീ കലാമണ്ഡലം മോഹനകൃഷ്ണനും ശ്രീ കലാമണ്ഡലം അച്ചുതനും ചേര്‍ന്നും മേളം ശ്രീ കലാമണ്ഡലം ഉണ്ണികൃഷ്ണനും(ചെണ്ട) ശ്രീ കലാമണ്ഡലം ശശി കുമാറും ചേര്‍ന്നും കൈകാര്യം ചെയ്തിരുന്നു. ഉണ്ണികൃഷ്ണന്‍ നന്നായി ചെണ്ടകൈകാര്യം ചെയ്തിരുന്നുവെങ്കിലും ഗോപിയാശാനും മറ്റും കൈക്കുകൂടി കൊട്ടിക്കൊടുക്കുന്ന അത്രയും ശ്രദ്ധ ഇവിടെ പുലര്‍ത്തികണ്ടില്ല.


തുടര്‍ന്നുള്ള ഭാഗത്ത് സദനം കൃഷ്ണന്‍‌കുട്ടി ബലഭദ്രനായും ശ്രീ കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍ കൃഷ്ണനായും രംഗത്തെത്തി. ആട്ടത്തിലും കലാശങ്ങളിലും പതിവ് കുസൃതികള്‍ കൃഷ്ണന്‍‌കുട്ടിയുടെ വേഷത്തില്‍ ഉണ്ടായിരുന്നുവെങ്കിലും, ഉചിതമായ മനോധര്‍മ്മാട്ടങ്ങളോടുകൂടി ഇരുവരും ചേര്‍ന്ന് ഈ രംഗം നന്നായി അവതരിപ്പിച്ചു.


ശ്രീ കലാമണ്ഡലം ഭവദാസനും ശ്രീ കലാമണ്ഡലം ഹരീഷ് മനയത്താറ്റും ചേര്‍ന്നാണ് ഈ ഭാഗത്ത് പാടിയിരുന്നത്. ശ്രീ കലാമണ്ഡലം വാരണാസി നാരായണന്‍ നമ്പൂതിരി ചെണ്ടയും ശ്രീ കലാമണ്ഡലം രാമദാസ് മദ്ദളവും കൊട്ടി.

വടക്കന്‍ രാജസൂയമാണ്(ശിശുപാലന്റെ രംഗം മാത്രം) തുടര്‍ന്നവതരിപ്പിക്കപ്പെട്ടത്. ഇതില്‍ കൃഷ്ണനായി കലാ: വിപിനും ധര്‍മ്മപുത്രരായി കലാ: കാശീനാഥനും അര്‍ജ്ജുനനായി ശ്രീ കലാമണ്ഡലം തുളസീകുമാറും അരങ്ങിലെത്തി. ശ്രീ കോട്ടക്കല്‍ ദേവദാസനായിരുന്നു ശിശുപാലവേഷമിട്ടത്. സാധാരണ താടിവേഷങ്ങള്‍ കെട്ടുന്ന ഇദ്ദേഹത്തിന് കത്തിവേഷവും നന്നയി ഇണങ്ങുന്നുണ്ട്. നല്ല വേഷഭംഗിയും ഉണ്ട്. യാഗശാലകാണല്‍, കൃഷ്ണനെ ഇരുത്തി അഗ്രപൂജചെയ്യുന്നതു കണ്ട് ആദ്യം ധര്‍മ്മപുത്രരോടും പിന്നീട് ഭീഷ്മര്‍, ദ്രേണര്‍ തുടങ്ങിയവരോടുമായി ഇത് ചോദ്യം ചെയല്‍, കൃഷ്ണന്റെ കൊള്ളരുതായ്കകള്‍ ഇവരോട് പറയുന്നതായി തുടര്‍ന്നുള്ള ആട്ടം ഇങ്ങിനെ വളരെ നല്ല ക്രമത്തിലാണ്
ആട്ടങ്ങള്‍ അവതരിപ്പിച്ചിരുന്നത്. എന്നാല്‍ ആട്ടത്തില്‍ വല്ലാതെ പരപ്പ് അനുഭവപ്പെട്ടിരുന്നു. ആടിപരത്തുന്നതിലൂടെയല്ല ആടിക്കുറുക്കുന്നതിലൂടെയാണല്ലോ പ്രേക്ഷകര്‍ക്ക് കൂടുതല്‍ അനുഭവമുണ്ടാകുന്നത്. വെളുപ്പാങ്കാലസമയത്ത് അരങ്ങിലെത്തുന്ന ശിശുപാലന്‍ പോലെയുള്ള വേഷങ്ങള്‍ അധികമായി വിസ്തരിക്കുന്നത് പ്രേക്ഷകരില്‍ വല്ലാതെ വിരസതയുണര്‍ത്തും. കൃഷ്ണനെ ദുഷിച്ചുകൊണ്ടുള്ള ശിശുപാലന്റെ ആട്ടത്തില്‍ ഗോപസ്ത്രീകളുടെ സൌന്ദര്യവും സൌന്ദര്യക്കുറവും, അതുപറഞ്ഞ് അവര്‍ പരസ്പരം പുകഴ്ത്തുകയും ഇകഴ്ത്തുകയും ചെയ്യുന്നതായും ഒക്കെ ആടി കാടുകയറുന്നതായും കണ്ടു. വസ്ത്രം അപഹരിച്ച കൃഷ്ണനുനേരെ ഒരു ഗോപസ്ത്രീ വെള്ളം കവിള്‍ക്കൊണ്ട് തുപ്പിയിട്ട് പോകുന്നതായി! ദേവദാസന്‍ ആടുന്നതുകണ്ടപ്പോള്‍ ഇദ്ദേഹത്തിന്റെ തൃഗര്‍ത്തന്‍ വലലനെ കല്ലെറിഞ്ഞിട്ട് ഓടിപോകുന്നതാണ്! ഓര്‍മ്മവന്നത്. നല്ല മെയ്യും അഭ്യാസബലവും പ്രവൃത്തിക്കുവാനുള്ള കഴിവും ആത്മാര്‍ദ്ധതയും ഉള്ള ഇദ്ദേഹത്തിന് ആട്ടത്തില്‍ മിതത്വവും കൂടിപാലിക്കാനായാല്‍ തന്റെ വേഷങ്ങള്‍ ഉജ്ജ്വലങ്ങളാക്കി തീര്‍ക്കുവാനാകും.


ഈ ഭാഗത്തെ പാട്ട് ശ്രീ കലാമണ്ഡലം ബാബു നമ്പൂതിരിയും ശ്രീ കലാമണ്ഡലം രാജേഷ് മേനോനും ചേര്‍ന്നായിരുന്നു. ശ്രീ കലാമണ്ഡലം വിജയകൃഷ്ണനാണ് ചെണ്ട കൈകാര്യം ചെയ്തത്.


തുടര്‍ന്ന് ശ്രീ കലാമണ്ഡലം ഹരിനാരായണന്‍(കൃഷ്ണന്‍), കലാ:ശുചീന്ദ്രന്‍(പാഞ്ചാലി) ശ്രീ കലാമണ്ഡലം രാമദാസ്(ദുര്യോദ്ധനന്‍) ശ്രീ കലാമണ്ഡലം നീരജ്ജ്(ദുശ്ശാസനന്‍) ശ്രീ കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍(രൌദ്രഭീമന്‍) എന്നിവര്‍ പങ്കെടുത്ത ദുര്യോദ്ധനവധവും നടന്നു.



ശ്രീ കലാമണ്ഡലം ശിവരാമന്‍, ശ്രീ കലാമണ്ഡലം ബാലന്‍, ശ്രീ കലാമണ്ഡലം ശിവദാസ് എന്നിവര്‍ ചുട്ടികുത്തിയിരുന്ന ഈ കളിക്ക് കേരളകലാമണ്ഡലത്തിന്റെ കോപ്പുകള്‍ ഉപയോഗിച്ച് അണിയറ കൈകാര്യം ചെയ്തിരുന്നത് ശ്രീ കുഞ്ചന്‍, ശ്രീ ബാലന്‍ തുടങ്ങിയവരാണ്.