സന്ദര്‍ശ്ശന്റെ പ്രതിമാസമാസപരിപാടി


അമ്പലപ്പുഴ സന്ദര്‍ശ്ശന്‍ കഥകളിവിദ്യാലയത്തിന്റെ മാസപരിപാടി 31/05/09ന് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ നാടകശാലയില്‍ വെച്ച് നടന്നു. വൈകിട്ട് 7ന് ആരംഭിച്ച് കഥകളിയില്‍ നളചരിതം രണ്ടാംദിവസത്തെ കഥയാണ്(കലി മുതല്‍ ‘അലസത’ വരെ) അവതരിപ്പിക്കപ്പെട്ടത്.

കലിയായി ശ്രീ കലാമണ്ഡലം ഹരി.ആര്‍.നായരാണ് അരങ്ങിലെത്തിയത്. കലി ഇന്ദ്രനെ കണ്ട് പിരിഞ്ഞശേഷം ദ്വാപരനെ കണ്ടുമുട്ടുന്ന രീതിയിലാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടത്. ദ്വാപരന്റെ വേഷം കത്തിയോ താടിയോ അല്ലാത്ത ഒരു രൂപത്തിലാണ് ഇവിടെ കണ്ടത്. ചുട്ടിക്ക് ഒരാള്‍ മാത്രമെ ഉണ്ടായിരുന്നുള്ളുവെന്നും, സൌകര്യാര്‍ദ്ധം ദ്വാപരവേഷം ഈ രീതിയില്‍ ചെയ്യുകയായിരുന്നു എന്നുമാണ് ഇതിനെപറ്റി ചോദിച്ചപ്പോള്‍ സംഘാടകരുടെ വിശദീകരണം ലഭിച്ചത്. ശ്രീ തിരുവഞ്ചൂര്‍
സുഭാഷാണ് ദ്വാപരവേഷം ചെയ്തത്.

പുഷ്കരനായി വേഷമിട്ടത് ശ്രീ കലാനിലയം വിനോദായിരുന്നു. നളനായെത്തിയ ശ്രീ കലാമണ്ഡലം ഷണ്മുഖദാസും ദമയന്തിയായെത്തിയ ശ്രീ കലാമണ്ഡലം വിജയനും നല്ല പ്രകടനം കാഴ്ച്ചവെയ്ച്ചു.


രാജ്യധനാധികള്‍ നഷ്ടപ്പെട്ട് കാട്ടിലെത്തിയ നളന്‍ തന്റെ വസ്ത്രം ഉപയോഗിച്ച് ഭക്ഷണാര്‍ത്ഥം പക്ഷികളെ പിടിക്കാന്‍ ശ്രമിക്കുന്നതും, പക്ഷിരൂപത്തിലെത്തിയ കലിദ്വാപരന്മാര്‍ നളന്റെ വസ്ത്രം കൊത്തിക്കൊണ്ട് പറന്നുപോകുന്നതുമായ രംഗവും ഇവിടെ അവതരിപ്പിച്ചിരുന്നു. സാധാരണ പതിവില്ലാത്തതാണ് ഈ രംഗം. ഇന്ദ്രന്‍, പക്ഷി വേഷങ്ങള്‍ ശ്രീ ആര്‍.എല്‍.വി.പ്രമോദ് ഭംഗിയായി കൈകാര്യം ചെയ്തു.

ശ്രീ പത്തിയൂര്‍ ശങ്കരന്‍‌കുട്ടിയും ശ്രീ കലാമണ്ഡലം ജയപ്രകാശും ചേര്‍ന്നായിരുന്നു പാട്ട്.


ശ്രീ കലാനിലയം രതീഷ് ചെണ്ടയും ശ്രീ കലാനിലയം മനോജ് മദ്ദളവും കൈകാര്യം ചെയ്തു.


ശ്രീ കലാമണ്ഡലം സുകുമാരന്‍ ചുട്ടികുത്തിയ ഈ കളിക്ക് സന്ദര്‍ശ്ശന്‍ കഥകളിവിദ്യാലത്തിന്റെ കോപ്പുകള്‍ ഉപയോഗിച്ച് അണിയറ കൈകാര്യം ചെയ്തിരുന്നത് ശ്രീ പള്ളിപ്പുറം ഉണ്ണികൃഷ്ണനും സംഘവും ആയിരുന്നു.

6 അഭിപ്രായങ്ങൾ:

ചാണക്യന്‍ പറഞ്ഞു...

ചിത്രങ്ങളും വിവരണങ്ങളും നന്നായി..ആശംസകള്‍...

Haree | ഹരീ പറഞ്ഞു...

• കലിക്ക് ചുവപ്പ് കുപ്പായം?
• അങ്ങിനെ പക്ഷിയുടെ വേഷം കഥയിലുണ്ടോ! ആ ശ്ലോക സമയത്തേക്ക് മാത്രമായി പക്ഷിയെത്തുമോ? ആട്ടം മാത്രമേയുള്ളൂ? അവിടെ പദമൊന്നുമില്ലല്ലോ, അല്ലേ?
• ദ്വാപരനെ ഇങ്ങിനെ കാണുവാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം. പാത്രസ്വഭാവത്തിനു യോജിക്കുന്ന വേഷം.

മണിയുടെ ആസ്വാദനങ്ങള്‍ കേവലം വാര്‍ത്ത പങ്കുവെയ്ക്കലായി പോവുന്നു എന്നൊരു പരാതിയുണ്ടേ... :‌-) തിരക്കു പിടിച്ചെഴുതുന്നതുപോലെ...
--

nair പറഞ്ഞു...

അമ്പലപ്പുഴ കഥകളിക്ക് അധികം ചുട്ടിക്കാർ ഇല്ലാഞ്ഞത്തു ഭാഗ്യം. അതിനാൽ ചുവന്നതാടി, കത്തി വേഷത്തിൽ നിന്നും ദ്വാപരൻ എന്ന കഥാപാത്രം താൽക്കാലികമായി എങ്കിലും രക്ഷപെട്ടല്ലോ. കലാകാരന്മാരുടെ ഇഷ്ടത്തിന് അനുസരിച്ചുള്ള വേഷവിധാനമല്ലാ വേണ്ടത് കഥാപാത്രത്തിന് അനുസരിച്ച് ആവുന്നതാണ് ഉചിതം. ആട്ടത്തിലും ഇതേപോലെയുള്ള യുക്തി നില നിർത്താൻ കലാകാരന്മാർ ശ്രദ്ധിച്ചാൽ കഥകളിക്കു നന്ന്.

Haree | ഹരീ പറഞ്ഞു...

കലി ഇന്ദ്രനെക്കണ്ട് പിരിഞ്ഞതിനു ശേഷം ദ്വാപരനെ കാണുക; ആ ഭാഗങ്ങളില്‍ ദ്വാപരന് പദമില്ലാത്തതിനാല്‍ അങ്ങിനെയാവുന്നതില്‍ സാങ്കേതികമായി കുഴപ്പമുണ്ടാവില്ല. പക്ഷെ, അതു ശരിയാണോ?

ശ്രുത്വാ സുരേന്ദ്രവാചാ
സദ്വാപരമസഹനഃ കലിഃ പ്രോചേ

എന്നു ശ്ലോകത്തില്‍ പറയുമ്പോള്‍, ദ്വാപരനും കലിയും ഒരുമിച്ചു സുരേന്ദ്രവചനങ്ങള്‍ കേട്ടു എന്നല്ലേ അര്‍ത്ഥം? കലിയുടെ അടുത്ത പദം തുടങ്ങുന്നത്,
വഴിയേതുമേ പിഴയാതെയവനോടു ചെല്ലണം നാമധുനാ...” എന്നാണല്ലോ! ഇങ്ങിനെ പദം തുടങ്ങണമെങ്കില്‍ ദ്വാപരന് സംഗതികളെല്ലാം അറിവുണ്ടായിരിക്കേണ്ടേ? അല്ലെങ്കില്‍ കലി ഇന്ദ്രനെ കണ്ടതും, ഈ കാര്യങ്ങളെല്ലാം അറിഞ്ഞതുമൊക്കെ ആട്ടത്തില്‍ കാട്ടേണ്ടി വരും. തൊട്ടു മുന്‍പ് നടന്നത് പിന്നെയും ആടുന്നത് വിരസമാണല്ലോ!

വേഷം തീരാത്തതിനാല്‍, ദ്വാപരനില്ലാതെയങ്ങ് തുടങ്ങിയതാവുമോ?
--

മണി,വാതുക്കോടം. പറഞ്ഞു...

@ചാണക്യന്‍, സന്തോഷം.

@ നായര്‍, ദ്വാപരന് ഈ വേഷമാണ് വേണ്ടതെന്നാണോ ചേട്ടന്റെ അഭിപ്രായം? തീര്‍ച്ചയായും വെഷക്കാരനു തോന്നുമ്പോലെ അല്ല, പാത്രാനുശ്രിതമായാണ് വേഷം ഒരുങ്ങേണ്ടത്.

@ഹരീ, കലിക്ക് ചുവന്ന ചകലാസുകുപ്പായംതന്നെയല്ലെ പതിവ്?

പക്ഷികളുടെവേഷം മാത്രമല്ല ഒരു രംഗവും ഇവിടെ ശരിക്കും ഉണ്ട്. എന്നാല്‍ സാധാരണയായി പതിവില്ല എന്നേയുള്ളു. കലിദ്വാപരന്മാര്‍ പക്ഷിവേഷത്തില്‍ വരുന്നുവെന്നാണ് കഥയില്‍ ഉള്ളത്. ‘കല്യാവേശാപശോപി’
ശ്ലോകംചൊല്ലി തിരനീക്കിയാല്‍ നളന്റെ ‘എന്തുപോല്‍ ഞാനിനി ചെയ്‌വൂ?” എന്ന വിചാരപ്പദം. പക്ഷിയെപിടിക്കുവാന്‍ തീരുമാനിച്ച് വസ്ത്രം വിരിച്ച് മറഞ്ഞിരിക്കുന്നതോടെ അടുത്തശ്ലോകം. ഈ സമയത്ത് പക്ഷിയെത്തി വസ്ത്രം കൊത്തിയെടുത്ത് പീഠത്തില്‍ കയറിനില്‍ക്കും. തുടര്‍ന്നു പക്ഷിയുടെ ‘വിഹൃതഹൃദയ ഞങ്ങള്‍ മിഹിരങ്ങളല്ല’ എന്ന പദം. പക്ഷി വസ്ത്രവുംകൊത്തി പറന്നുകൊണ്ട് പറയുന്നതായിട്ടാണ് കഥയില്‍. പദശേഷം പക്ഷികള്‍ നിഷ്ക്രമിച്ചാല്‍ ‘വസ്ത്രം പത്രികള്‍ കൊണ്ടുപോയ്’ എന്ന ശ്ലോകം ചൊല്ലും.

കലി ഇന്ദ്രനെ കണ്ടതും, ഈ കാര്യങ്ങളെല്ലാം അറിഞ്ഞതുമൊക്കെ ആട്ടത്തില്‍ കാട്ടുകയായിരുന്നു. ഇത് ലഘുവായി വേഗം കഴിച്ചിരുന്നതിനാല്‍ വിരസമായി തോന്നിയതുമില്ല.
വേഷം തീരാഞ്ഞതുകൊണ്ടല്ല, സന്ദര്‍ശ്ശന്റെ രീതി ഇതായതുകൊണ്ടുതന്നെയാണ് ഇങ്ങിനെ ചെയ്തിരുന്നത്. നളചരിതത്തില്‍ പലഭാഗങ്ങളിലും ഇവര്‍ ചിലമാറ്റങ്ങളോടെയാണല്ലോ അവതരിപ്പിക്കാറ്.

nair പറഞ്ഞു...

മണി,
എന്റെ ചെറുപ്പകാലം മുതൽ ദ്വാപരന് ചുട്ടി ഇല്ലാത്ത, പ്രായം തോന്നുന്ന വേഷമാണ് എനിക്ക് കണ്ടുശീലം. ആട്ടത്തിലും കലി, ദ്വാപരനോട് ദ്വാപരന്റെ പ്രായത്തെ പറ്റി സൂചിപ്പിക്കും. വഴികളേ ( style) മാറിയിട്ടുള്ളൂ. കഥാപാത്രം മാറിയിട്ടില്ലല്ലോ. ചുവന്നതാടി, കത്തി വേഷത്തിലുള്ള ദ്വാപരനെ ഉൾക്കൊള്ളുക വിഷമം തന്നെയാണ്