വാഴേങ്കട വിജയാശാന്റെ സപ്തതിയാഘോഷം (ഭാഗം 2)

പത്മശ്രീ വാഴേങ്കട കുഞ്ചുനായരുടെ പുത്രനും 
കലാമണ്ഡലം മുന്‍പ്രിന്‍സിപ്പാളുമായ ശ്രീ വാഴേങ്കട വിജന്റെ സപ്തതിയാഘോഷങ്ങള്‍ 2010 ആഗസ്റ്റ് 25,26 തീയതികളിലായി കാറല്‍മണ്ണയിലെ കുഞ്ചുനായര്‍ സ്മാരകമന്ദിരത്തില്‍ വച്ച് നടത്തപ്പെട്ടു. ആഘോഷത്തിന്റെ ഭാഗമായി കേളി, ഇരട്ടമദ്ദളകേളി, തായമ്പക, ചാക്ക്യാര്‍കൂത്ത്, ചൊല്ലിയാട്ടം, കഥകളിപ്പദകച്ചേരി, കഥകളി, ഉത്ഘാടന സൌഹൃദ സമാപന സമ്മേളനങ്ങള്‍ എന്നിവ നടന്നു.
രണ്ടാം ദിവസം വൈകിട്ട് ചേര്‍ന്ന 
സമാപനസമ്മേളനത്തില്‍ വച്ച് പത്മഭൂഷണന്‍ കലാ:രാമന്‍‌കുട്ടിനായര്‍ കലാജീവിതത്തില്‍ കര്‍മ്മനിരതമായ അഞ്ചുപതിറ്റാണ്ട് പൂര്‍ത്തീകരിച്ച് സപ്തതിയുടെ നിറവില്‍ നില്‍ക്കുന്ന വാഴേങ്കട വിജയാശാന് വീരശൃംഖല സമര്‍പ്പിച്ചു. കെ.ബി.രാജ് ആനന്ദ് വിജയാശാനെ പരിചയപ്പെടുത്തിക്കൊണ്ട് സംസാരിച്ച ചടങ്ങില്‍ മടവൂര്‍ വാസുദേവന്‍ നായര്‍ വാഴേങ്കട വിജയന് കീര്‍ത്തിപത്രവും സമര്‍പ്പിച്ചു. വിജയന്‍ വാര്യര്‍, ഡോ:എന്‍.പി.വിജയകൃഷ്ണന്‍, പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍‌കുട്ടി തുടങ്ങിയവര്‍ വിജയാശാന് ഭാവുകങ്ങള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു.

രാത്രി 8:30ഓടെ കലാ:അരുണ്‍ വാര്യര്‍, 
കലാ:നീരജ്, കലാ:കാശിനാഥന്‍, കലാ:ചിനോഷ് ബാലന്‍ എന്നിവര്‍ അവതരിപ്പിച്ച പകുതിപ്പുറപ്പാടോടെ കഥകളി ആരംഭിച്ചു.ഈ ദിവസം ആദ്യമായി അവതരിപ്പിച്ചത് നളചരിതം 
നാലാം ദിവസത്തെ കഥ ആയിരുന്നു. ഇതില്‍ ദമയന്തിയായി വേഷമിട്ടത് കല്ലുവഴി വാസു ആയിരുന്നു. കഥകളിക്കുചേരാത്ത രീതിയിലുള്ള അമിതാഭിനയവും ആയാസവും ഇദ്ദേഹത്തിന്റെ പ്രവര്‍ത്തിയില്‍ തോന്നി. അതിനാല്‍ തന്നെ ഒട്ടും സുഖകരമായി അനുഭവപ്പെട്ടുമില്ല ദമയന്തിയുടെ അവതരണം.കേശിനിയായി അഭിനയിച്ച മാര്‍ഗ്ഗി വിജയകുമാര്‍ 
പാത്രബോധത്തോടെയുള്ള രംഗപ്രവര്‍ത്തികളാലും പതിവുപോലെ ഭംഗിയാര്‍ന്ന ചൊല്ലിയാട്ടത്താലും തന്റെ ഭാഗം ഭംഗിയാക്കി. മാത്രമല്ല, ഈ പ്രകടനത്തിനു മുന്നില്‍ ദമയന്തി നിഷ്പ്രഭമായിപ്പോയി എന്നും പറയാം.

 “അവ മര്‍ദ്ദനം തുടങ്ങീ...”
കലാ:വാസുപ്പിഷാരടി, കുഞ്ചുനായരാശാന്റെ 
ഔചിത്യമാര്‍ന്ന വഴിയില്‍ തന്നെ ബാഹുകനെ അവതരിപ്പിച്ച് മികച്ച അനുഭവമാക്കി മാറ്റി. ജീവിതത്തിലെ വിവിധങ്ങളായ ഘട്ടങ്ങളിലൂടെ കടന്നുവന്ന് പക്വതയാര്‍ജ്ജിച്ച ഒരു ബാഹുകനെയാണ് ഇദ്ദേഹത്തിന്റെ അവതരണത്തില്‍ കാണാന്‍ കഴിയുന്നത്. കലി ഇനിയും നളനെ വിട്ടുപോയിട്ടില്ല എന്നു തോന്നിപ്പിക്കുന്ന തരത്തില്‍ വളരെ ചടുലമായി, ഇന്ന് അധികമായി കാണുന്ന ബാഹുക അവതരണങ്ങളേക്കാള്‍ എന്തുകൊണ്ടും മികച്ചത് ഇതുതന്നെയാണന്ന് തോന്നുന്നു.


ആദ്യ രംഗങ്ങള്‍ കോട്ടക്കല്‍ മധുവും തുടര്‍ന്ന് കോട്ട:നാരായണനും 
ആയിരുന്നു പൊന്നാനി ഗായകര്‍. കോട്ട:വെങ്ങേരി നാരായണനാണ് ശിങ്കിടിയായി പാടിയത്. അധികമായി ബൃഗാപ്രയോഗങ്ങള്‍ നിറഞ്ഞതും സംഗീതാത്മകവുമായ ഒരു രീതിയാണ് കോട്ട:നാരായണന്റെ പാട്ടിന്റേത്. സംഗീതമെന്മയുള്ളതെങ്കിലും ഇത് കളിയരങ്ങിന് എത്രകണ്ട് യോജിപ്പാണ് എന്നത് ചിന്തനീയവുമാണ്.
“അണക നീ അവനോടു’നാലാം ദിവസത്തിന് കലാ:ഉണ്ണികൃഷ്ണന്‍ 
ചെണ്ടയിലും കലാ:ഹരിനാരായണന്‍, കോട്ട:രവി എന്നിവര്‍ മദ്ദളത്തിലും നല്ല മേളം ഉതിര്‍ത്തിരുന്നു.


സുഭദ്രാഹരണം ആട്ടകഥ യിലെ ബലഭദ്രര്‍-കൃഷ്ണന്‍ രംഗമാണ് 
തുടര്‍ന്ന് ഇവിടെ അവതരിപ്പിക്കപ്പെട്ടത്. ഇതില്‍ ബലഭദ്രരായി സദനം കൃഷ്ണന്‍‌കുട്ടിയും കൃഷ്ണനായി സദനം ഭാസിയും അരങ്ങിലെത്തി. ഇരുവരും ചേര്‍ന്ന് കഥാപാത്രത്തിനും സന്ദര്‍ഭത്തിനും ചേര്‍ന്ന ആട്ടങ്ങളോടെയും എന്നാല്‍ അധികമായി ആട്ടങ്ങള്‍ വിസ്ത്രിതമാകാതെയും ഈ രംഗം ചെയ്തു തീര്‍ത്തു.
“അത്രയും അതെല്ലെടോ“-അഷ്ടകലാശം

ഈ ഭാഗത്ത് കോട്ട:നാരായണനും സദനം ശിവദാസും 
ചേര്‍ന്നായിരുന്നു സംഗീതം. പനമണ്ണ ശശിയും കലാ:രവിശങ്കര്‍ എന്നിവര്‍ ചെണ്ട കൈകാര്യം ചെയ്തപ്പോള്‍ കലാ:ഹരിനാരായണനാണ് മദ്ദളം കൈകാര്യം ചെയ്ത്.
“സോദരിയെ വികൃതയാക്കി....”

മൂന്നാമതായി ബാലിവധം കഥയാണ് ഇവിടെ 
അവതരിപ്പിക്കപ്പെട്ടത്. ആദ്യാവസാന വേഷമായ രാവണന്റെ പ്രധാന ആട്ടങ്ങളടങ്ങുന്ന ആദ്യഖണ്ഡം ഒഴിവാക്കിക്കൊണ്ട് ബാലി-സുഗ്രീവ യുദ്ധം അടങ്ങുന്ന ഭാഗം മാത്രമായാണ് ഇപ്പോള്‍ അധികമായും ബാലിവധം അവതരിപ്പിച്ചു കാണുന്നത്. എന്നാല്‍ ഇവിടെ ആദ്യരംഗം മുതല്‍തന്നെ അവതരിപ്പിക്കപ്പെട്ടിരുന്നു. ചിട്ടപ്രധാനമായ ആട്ടങ്ങളോടുകൂടി പഞ്ചരാവണന്മാരില്‍ ഒന്നായ ബാലിവധം രാവണനെ കലാ:കൃഷ്ണകുമാര്‍ നന്നായായി രംഗത്തവതരിപ്പിച്ചു.

കലാ:അരുണ്‍ രമേശ് തന്നെയാണ് അകമ്പനേയും 
മാരീചനേയും അവതരിപ്പിച്ചത്. ഒരു പ്രധാന കുട്ടിത്തരം കത്തിവേഷമായ അകമ്പനെ നല്ല ചൊല്ലിയാട്ടത്തോടെ അരുണ്‍ അവതരിപ്പിച്ചു. കുറച്ചുകൂടി കഥാപാത്രത്തെ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കേണ്ട മാരീചവേഷവും ചടങ്ങുകള്‍ മാത്രമായിക്കൊണ്ടാണ് ഇദ്ദേഹം അവതരിപ്പിച്ചത്. രാവണനൊപ്പം ചെല്ലാന്‍ രാവണന്‍ കല്‍പ്പിക്കുമ്പോള്‍ ‘പോയില്ലെങ്കില്‍ ദുഷ്ടനായ രാവണന്റെ കൈകൊണ്ടായിരിക്കും അന്ത്യം, പോവുകതന്നെ നല്ലത്. മരണം രാമന്റെ കൈകൊണ്ടായാല്‍ മോക്ഷം കൈവരും’ എന്നിത്യാദി ചിന്തിച്ചിട്ടാണ് മാരീചന്‍ തുടര്‍ന്നുള്ള ചരണം ആടേണ്ടത്. ഇവിടെ ഇതൊന്നും കണ്ടില്ല.
“എന്നാണേ നീ പോക”-ഇരട്ടി

മണ്ഡോദരിയായി കലാ:വൈശാഖാണ് അരങ്ങിലെത്തിയത്.

“മര്‍ത്യനല്ല രാമന്‍”

ബാലിവധത്തിലെ ആദ്യത്തേയും അവസാനത്തേയും 
ഈരണ്ടു രംഗങ്ങളിലും പാടിയ കോട്ട:മധു നല്ല ഒരു അരങ്ങുപാട്ടാണ് കാഴ്ച്ചവെച്ചത്. ആദ്യ ഭാഗത്ത് സദനം ശിവദാസും അന്ത്യത്തില്‍ കോട്ട:സന്തോഷും ആയിരുന്നു ഇദ്ദേഹത്തിന്റെ കൂടെ പാടിയിരുന്നത്.

ആദ്യ രണ്ടു രംഗങ്ങളിലും മേളം പനമണ്ണ ശശിയും(ചെണ്ട) 
കലാ:ഹരിദാസും ചേര്‍ന്നായിരുന്നു.
“നല്ലാരില്‍ മണിമൌലെ”

ശ്രീരാമനായി കലാ:ശങ്കരനാരായണനും 
ലക്ഷ്മണനായി കലാ:മയ്യനാട് രാജീവനും സന്യാസിരാവണനായി കലാ:സാജനും ജടായുവായി കലാ:പ്രശാന്തും വേഷമിട്ടു.
“അവനാകുന്നതു ഞാനെന്നറിക”

ഈ ഭാഗത്ത് പാടിയത് കോട്ട:വെങ്ങേരി നാരായണനും 
കോട്ട:സന്തോഷും ചേര്‍ന്നായിരുന്നു. കലാ:വേണു ചെണ്ടയും കലാ: ഹരിഹരന്‍ മദ്ദളവും കൊട്ടിയിരുന്നു.


നല്ല ആട്ടങ്ങളോടും ചൊല്ലിയാട്ടത്തോടും കൂടി 
സുഗ്രീവനെ അവതരിപ്പിച്ചത് കലാ:സോമനായിരുന്നു. മികച്ച അഭ്യാസബലമുള്ള ഇദ്ദേഹം നന്നായി ഊര്‍ജ്ജം വിനിയോഗിച്ചുകൊണ്ടുതന്നെ യുദ്ധം ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ അവതരിപ്പിച്ചു.


ബാലിയായെത്തിയ കലാ:രാമചന്ദ്രന്‍ ഉണ്ണിത്താന്‍ 
നല്ല പ്രകടനം തന്നെ കാഴ്ച്ചവെച്ചു. ‘കിടന്നുചവുട്ടല്‍’ ഉള്‍പ്പെടെയുള്ള എല്ലാ ചടങ്ങുകളോടും കൂടിയും അനൌചിത്യങ്ങളില്ലാതെയുമാണ് ഇദ്ദേഹം ഇവിടെ അഭിനയിച്ചത്. താടിവേഷങ്ങളില്‍ തന്റെ കഴിവുതെളിയിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ സമീപകാലത്തുകണ്ട ബാലികളില്‍ ഏറ്റവും മികച്ചതായിരുന്നു ഇവിടത്തേത്. മികച്ച മേളത്തിന്റെ പിന്തുണ ഇദ്ദേഹത്തിന്റെ പ്രകടനത്തിന്റെ മാറ്റുകൂട്ടിയ ഒരു ഘടകമായിരുന്നു. കലാ:ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള ഉജ്ജ്വലമായ ഒരു മേളമായിരുന്നു ഈ ഭാഗത്തേത്. പനമണ്ണ ശശി, സദനം രാമകൃഷ്ണന്‍, കലാ:രവിശങ്കര്‍ എന്നിവരായിരുന്നു മറ്റു ചെണ്ടക്കാര്‍. കോട്ട:രവി, കലാ:ഹരിഹരന്‍ എന്നിവര്‍ മദ്ദളം പ്രയോഗിച്ചു. ആദ്യ ദിവസത്തെ കളിക്ക് പ്രധാന കുറവ് മേളവിഭാഗത്തിന്റേതായിരുന്നെങ്കില്‍ രണ്ടാം ദിവസം ഏറ്റവും മികച്ചു നിന്നത് മേളവിഭാഗം ആയിരുന്നു.
“യുവനൃപത മമ തരിക”

കലാ:ശിവരാമന്‍, കയ്യണ്ടം നീലകണ്ഠന്‍ നമ്പൂതിരി, 
കലാ:ബാലന്‍, കലാ:സതീശന്‍, കലാനി:പത്മനാഭന്‍, കലാ:രാജീവ്, കലാ:രവികുമാര്‍, കലാ:ദേവദാസ്, കലാ:സതീശ് കുമാര്‍ എന്നിവരായിരുന്നു ഇരു ദിവസങ്ങളിലേയും ചുട്ടി കലാകാന്മാര്‍.
‘ഇരുന്നു കൂക്കല്‍’
ഇരു ദിവസത്തെ കളികളിലും മഞ്ജുതര, മാങ്ങോടിന്റെ 
ചമയങ്ങള്‍ ഉപയോഗിച്ച് അരങ്ങിലും അണിയറയിലും സഹായികളായി വര്‍ത്തിച്ചിരുന്നത് അപ്പുണ്ണിത്തരകന്‍, കുഞ്ഞിരാമന്‍, മുരളി, ബാലന്‍, കുഞ്ചന്‍, മോഹന്‍, കുട്ടന്‍ എന്നിവരായിരുന്നു.


ഇരു ദിവസങ്ങളിലായി നടന്ന സപ്തതിയാഘോഷം 
തികച്ചും സ്മരണീയമായ ഒന്നായിരുന്നു. കണിശമായ ചിട്ടകളോടെ കല്ലുവഴി ചിട്ടയുടെ കാവലാളായി വര്‍ത്തിക്കുന്ന വാഴേങ്കിട വിജയാശാന് ഇനിയും വളരെക്കാലം തന്റെ കലാജീവിതം ഭംഗിയായി തുടരാനുള്ള ആയുരാരോഗ്യസൌഖ്യങ്ങള്‍ പ്രദാനം ചെയ്യാന്‍ സര്‍വ്വേശ്വരനോട് പ്രാര്‍ത്ഥിച്ചുകൊള്ളുന്നു.

വാഴേങ്കട വിജയാശാന്റെ സപ്തതിയാഘോഷം (ഭാഗം 1)

പത്മശ്രീ വാഴേങ്കട കുഞ്ചുനായരുടെ പുത്രനും കലാമണ്ഡലം 
മുന്‍പ്രിന്‍സിപ്പാളുമായ ശ്രീ വാഴേങ്കട വിജന്റെ സപ്തതിയാഘോഷങ്ങള്‍ 2010 ആഗസ്റ്റ് 25,26 തീയതികളിലായി കാറല്‍മണ്ണയിലെ കുഞ്ചുനായര്‍ സ്മാരകമന്ദിരത്തില്‍ വച്ച് നടത്തപ്പെട്ടു. ആഘോഷത്തിന്റെ ഭാഗമായി കേളി, ഇരട്ടമദ്ദളകേളി, തായമ്പക, ചാക്ക്യാര്‍കൂത്ത്, ചൊല്ലിയാട്ടം, കഥകളിപ്പദകച്ചേരി, കഥകളി, ഉത്ഘാടന സൌഹൃദ സമാപന സമ്മേളനങ്ങള്‍ എന്നിവ നടന്നു.
ആദ്യദിവസം വൈകിട്ട് 7:30മുതല്‍ കലാ:ശുചീന്ദ്രനാഥ്, 
കലാ:വിപിന്‍ എന്നിവരുടെ തോടയത്തോടെ കഥകളി ആരംഭിച്ചു.

തുടര്‍ന്ന് കലാ:വെങ്കിട്ട്(കൊല്‍ക്കത്ത) പൂതനാമോക്ഷം 
ലളിതയുടെ ഭാഗം അവതരിപ്പിച്ചു. കലാ:സുബ്രഹ്മണ്യന്‍, നെടുമ്പിള്ളി രാം‌മോഹന്‍ എന്നിവര്‍ പദങ്ങള്‍ പാടിയപ്പോള്‍ തൃപ്പലമുണ്ട നടരാജവാര്യര്‍ മദ്ദളം കൊട്ടി.

തോരണയുദ്ധം ആട്ടകഥയാണ് രണ്ടാമതായി അവതരിപ്പിക്കപ്പെട്ടത്. 
ഇതില്‍ ഹനുമാനായി മടവൂര്‍ വാസുദേവന്‍ നായരാണ് അഭിനയിച്ചത്. തെക്കന്‍ ചിട്ടയിലെ പ്രമുഖനായ ഇദ്ദേഹം, സീതാന്വേഷകരായ വാനരസംഘം സഞ്ചരിച്ച് സമുദ്രതീരം വന്നിട്ടും ഒരു വിവരുമറിയാതെ ദു:ഖിതരായതും, പിന്നീട് പക്ഷിശ്രേഷ്ഠനായ സമ്പാതിയെ കണ്ട് വിവരങ്ങള്‍ അറിഞ്ഞതും, ജാബവാന്റെ പൂര്‍വ്വകഥാകഥനം കേട്ട് ഹനുമാന്റെ ആത്മവിശ്വാസം വര്‍ദ്ധിച്ചതായുമുള്ള അവസ്ഥകള്‍ ചുരുക്കി അവതരിപ്പിച്ചുകൊണ്ടാണ് ഹനുമാന്റെ ആട്ടം ആരംഭിച്ചത്. തുടര്‍ന്ന് സമുദ്രവര്‍ണ്ണന, സമുദ്രലംഘനം ആട്ടങ്ങള്‍ അവതരിപ്പിച്ചു. ലങ്കയിലെത്തിയ ഹനുമാന്‍ അനേകം കോട്ടകളും ദുഷ്ടജന്തുക്കളാല്‍ നിറഞ്ഞ കിടങ്ങുകളും ചാടിക്കടന്ന് ഗോപുരദ്വാരിയിലെത്തി ലങ്കാലക്ഷ്മിയെ കാണുന്നതോടെയാണ് ആദ്യരംഗം അവസാനിപ്പിച്ചത്.  ആദ്യരംഗത്തിലെ ഇദ്ദേഹത്തിന്റെ പ്രകടനം വേണ്ടത്ര ശോഭിച്ചില്ല. ഇതിനുകാരണം അദ്ദേഹത്തിന്റെ പാകത്തിനുള്ള മേളം ലഭിക്കാഞ്ഞതാണ്. നോക്കിനിന്ന് കൊട്ടിക്കൊടുക്കുവാന്‍ പോയിട്ട് അടയാളങ്ങള്‍ കാട്ടിക്കൊടുത്തിട്ടുപോലും അദ്ദേഹത്തിന്റെ പാകത്തിന് കൊട്ടിക്കൊടുക്കുവാന്‍ മേളക്കാര്‍ക്കായിരുന്നില്ല. കലാ:പ്രഭാകരപൊതുവാളിന്റെ(ചെണ്ട) നേതൃത്വത്തിലായിരുന്നു ഈ ഭാഗത്തെ മേളം. കോട്ട:പ്രസാദ് ആയിരുന്നു മറ്റൊരു ചെണ്ടക്കാരന്‍.

കലാ:ഹരി.ആര്‍.നായര്‍ ലങ്കാലക്ഷ്മി, പ്രഹസ്തന്‍ വേഷങ്ങളില്‍ അരങ്ങിലെത്തി.ലങ്കാശ്രീ, മണ്ഡോദരി വേഷങ്ങള്‍ അവതരിപ്പിച്ചത് 
കലാ:ചെമ്പക്കര വിജയന്‍ ആയിരുന്നു.


കുറൂര്‍ വാസുദേവന്‍ നമ്പൂതിരി(ചെണ്ട) ഈ ഭാഗത്തെ മേളത്തിന്റെ 
നേതൃത്തമേറ്റെടുത്ത് ഭംഗിയാക്കി.


വാഴേങ്കട വിജയനാണ് പഞ്ചരാവണന്മാരില്‍ ഒന്നും 
ചിട്ടപ്രധാനവുമായ അഴകുരാവണനെ അവതരിപ്പിച്ചത്. അഴകുരാവണന്റെ പുറപ്പാട്, ‘ഹിമകരം’ തുടങ്ങിയ ശ്ലോകങ്ങളുടെ ആട്ടം, സീതാസമീപമെത്തിയുള്ള ആട്ടവും ചൊല്ലിയാട്ടവും ഇവയെല്ലാം ഭംഗിയായിചെയ്തുകൊണ്ട് ഈ അരങ്ങിനെ അവിസ്മരണീയ അനുഭവമാക്കിമാറ്റി വിജയാശാന്‍.


സീതയായി വേഷമിട്ടത് വെള്ളിനേഴി ഹരിദാസ് ആയിരുന്നു.


കിങ്കരരായി കലാ:ശുചീന്ദ്രനാഥും കലാ:വിപിനുമാണ് അരങ്ങിലെത്തിയത്.


ഇതുവരെയുള്ള രംഗങ്ങളില്‍ പാടിയത് 
കലാ:മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരിയും കലാ:മോഹനകൃഷ്ണനും ചേര്‍ന്നായിരുന്നു.


ചിട്ടപ്രകാരമുള്ള ആട്ടങ്ങളടങ്ങിയ ഈ ഭാഗത്ത് 
ചെണ്ട കൈകാര്യം ചെയ്ത കലാ:വിജയകൃഷ്ണന്‍ ശരാശരിയിലും താഴ്ന്ന നിലവാരമെ പുലര്‍ത്തിയിരുന്നുള്ളു. ആട്ടത്തിനനുസ്സരിച്ച് കൊട്ടുന്നതല്ലാതെ ഓരോ മുദ്രകള്‍ക്കുമനുസ്സരിച്ച് നാദവത്യാസങ്ങള്‍ നല്‍കുന്നതിന് ശ്രമിച്ചു കണ്ടില്ല.


തോരണയുദ്ധംത്തിന്റെ തുടര്‍ന്നുള്ള ഭാഗങ്ങളില്‍ 
കലാ:സുബ്രഹ്മണ്യനും നെടുമ്പിള്ളി രാം‌മോഹനും ചേര്‍ന്നായിരുന്നു സംഗീതം. ചെണ്ട കുറൂരും കലാ:വേണുവും കൈകാര്യം ചെയ്തപ്പോള്‍ മദ്ദളത്തിന് കലാ:രാജ്‌ നാരായണനും കലാ:വേണുവുമായിരുന്നു.

ദുര്യോധനവധം ആട്ടക്കഥ(‘സോദരന്മാരേ’മുതല്‍)യായിരുന്നു 
തുടര്‍ന്ന് അവതരിപ്പിക്കപ്പെട്ടത്. ഇതില്‍ ഒന്നാം ദുര്യോധനനായി കോട്ട:ചന്ദ്രശേഖരവാര്യരാണ് വേഷമിട്ടിരുന്നത്. പദശേഷം ദുര്യോധനന്റെ പുറപ്പാടിന് വട്ടം കൂട്ടുന്ന ആട്ടം ദുശ്ശാസനന് വിട്ടുകൊടുത്ത് ദുര്യോധനന്‍ മാറിയെങ്കിലും പിന്നീട് എത്തി, മദ്ദളത്തിന് ശിവനെ തന്നെ ഏര്‍പ്പാടാക്കണമെന്നും ചെണ്ടയ്ക്ക് ശങ്കരന്‍‌കുട്ടിതന്നെ വേണമെന്നുമൊക്കെ നിര്‍ദ്ദേശിക്കുന്നതുകണ്ടു!

പഴയകണക്കിന് രണ്ടാമതായി എത്തുന്ന(യുദ്ധ രംഗത്തില്‍) 
ദുശ്ശാസനനാണ് ഒന്നാം താടിക്കാരന്‍ കൈകാര്യം ചെയ്യാറ്. എന്നാല്‍ ഇവിടെ മുതിര്‍ന്ന നടനായ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി ഒന്നാം ദുശ്ശാസനനായാണ് എത്തിയത്.

കലാ:കൃഷ്ണപ്രസാദ് ധര്‍മ്മപുത്രരായും കലാ:ഷണ്മുഖന്‍ കുട്ടിഭീമനായും 
കലാ:രാജശേഖരന്‍ പാഞ്ചാലിയായും കലാ:ശിബി ചക്രവര്‍ത്തി നകുലനായും കലാ:ബാജിയോ സഹദേവനായും അരങ്ങിലെത്തിയപ്പോള്‍ ശകുനിയായി വേഷമിട്ടത് കലാ:വെങ്കിട്ടരാമനായിരുന്നു.

കലാ:ശ്രീകുമാര്‍ ശ്രീകൃഷ്ണനെ മൊത്തതില്‍ നന്നായി 
അവതരിപ്പിച്ചിരുന്നുവെങ്കിലും ‘പരിപാഹി’ രംഗത്തിലെ സ്ഥായി ശോകമായി അവതരിപ്പിച്ചത് ഉചിതമായി തോന്നിയില്ല. കരഞ്ഞപേക്ഷിക്കുന്ന പാഞ്ചാലിയേക്കാള്‍ ശോകഭാവത്തിലായിരുന്നു ഇവിടെ ശ്രീകൃഷ്ണന്റെ ഇരിപ്പ്.

രണ്ടാം ദുര്യോധനനായെത്തിയ കലാ:ജോണിന്റെ പ്രകടനം 
അത്ര മെച്ചമായി തോന്നിയില്ല. കലാശങ്ങളിലെ ഭംഗിക്കുറവും കാലംകയറിയുള്ള പദഭാഗങ്ങളുടെ അവതരണത്തില്‍ വേണ്ടത്ര ചടുലതപോരായ്കയും അനുഭവപ്പെട്ടു.

സഭ,ദൂത് തുടങ്ങിയ രംഗങ്ങളില്‍ ദുശ്ശാസനനോ, 
ധൃതരാഷ്ട്രര്‍, ഭീഷ്മര്‍, മുമുക്ഷു തുടങ്ങിയ വേഷങ്ങളൊ അരങ്ങിലുണ്ടായിരുന്നില്ല!

രണ്ടാം ദുശ്ശാ‍സനനായെത്തിയ കോട്ട:ദേവദാസ് 
മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചപ്പോള്‍ രൌദ്രഭീനെ കലാ:രാമകൃഷ്ണനും നന്നായി അവതരിപ്പിച്ചു.

പാലനാട് ദിവാകരന്‍ നമ്പൂതിരി, നെടുമ്പിള്ളി രാം‌മോഹന്‍, 
ശ്രീരാഗ് വര്‍മ്മ, നവീന്‍ രുദ്രന്‍ എന്നിവരായിരുന്നു ഈ കഥയ്ക്ക് പാടിയത്.

കലാ:പ്രഭാകരപൊതുവാള്‍, കോട്ട:പ്രസാദ്, കലാ:വേണു, 
കലാ:രവിശങ്കര്‍ എന്നിവര്‍ ചെണ്ടയിലും കലാ:രാമന്‍‌കുട്ടി‍, തൃപ്പലമുണ്ട നടരാജവാര്യര്‍, കലാ:രാജ് നാരായണന്‍, കലാ:വേണു, സദനം പ്രസാദ് എന്നിവര്‍ മദ്ദളത്തിലും മേളമുതിര്‍ത്തു. പൊതുവേ ചെണ്ടവിഭാഗം വേണ്ടത്ര ശോഭിക്കാതിരിന്ന ദിവസമായിരുന്നുവെങ്കിലും യുവകലാകാരന്മാരായ കലാ:വേണു, കലാ:രവിശങ്കര്‍ എന്നിവരുടെ പ്രകടനം പ്രശംസനീയമായി തോന്നി.നേരം പുലരും മുന്‍പുതന്നെ(4:40ഓടെ) കളി അവസാനിച്ചിരുന്നു. 
ദുര്യോധനവധത്തിലെ ഉപേക്ഷിക്കപ്പെട്ട രംഗങ്ങളില്‍(ദുര്യോധനന്റെ പാടിപ്പദം, ധര്‍മ്മപുത്രര്‍-കൃഷ്ണന്‍ രംഗം, ധൃതരാഷ്ടരുടെ രംഗം, ദുര്യോധനവധം) ഏതെങ്കിലും കൂടി അവതരിപ്പിക്കുവാന്‍ സമയം ഉണ്ടായിരുന്നു. ഇതും, മേളത്തിന്റെപോരായ്കയും, ചില കഥാപാത്രങ്ങള്‍ രംഗത്തില്‍ ഇല്ലാതെ വന്നതിന്റേയും ഒക്കെ കാരണം അവിടുത്തെ സംഘാടകരുടെ അറിവില്ലായ്മയാണന്ന് ഒരിക്കലും വിചാരിക്കാനാവുന്നില്ല. ശ്രദ്ധക്കുറവുതന്നെ.