കഥകളി ആസ്വാദനസദസിലെ മാസപരിപാടി

ഇടപ്പള്ളി കഥകളി ആസ്വാദനസദസിന്റെ 
മെയ് മാസത്തെ പരിപാടി 20/05/2011ന് വൈകിട്ട് 6മുതൽ ഇടപ്പള്ളി ചെങ്ങമ്പുഴ പാർക്കിൽ നടന്നു. തിരുവരങ്ങ്, ദുബായ് അവതരിപ്പിച്ച കാലകേയവധം കഥകളിയായിരുന്നു പരിപാടി.
അർജ്ജുനന്റെ സ്വർഗ്ഗലോകഗമനകഥ പ്രമേയമാക്കി 
കോട്ടയത്തുതമ്പുരാനാൽ രചിക്കപ്പെട്ട 'നിവാതകവചകാലകേയവധം' ആട്ടക്കഥയിലെ അർജ്ജുനന്റെ പോരുവിളി(ഒൻപതാം രംഗം) വരെയുള്ള ഭാഗങ്ങളാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടത്. സാധാരണയായി പതിവില്ലാത്ത അഞ്ചാം രംഗം ഒഴിവാക്കപ്പെട്ടിരുന്നു.
'പാർവ്വതീശനോടാശു....'
ഇന്ദ്രനായി അരങ്ങിലെത്തിയ കലാനിലയം വിനോദ് 
തരക്കേടില്ലാത്ത പ്രകടനം നടത്തിയെങ്കിലും ചൊല്ലിയാട്ടത്തിലും അഭിനയത്തിലും ഭംഗിവരുത്തുവാൻ ഇദ്ദേഹം ഇനിയും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
'പാണിഗ്രഹണം ചെയ്തൊരു വീരാ'

'അലംഭാവം മനസി......'










മാതലിവേഷമിട്ട കലാമണ്ഡലം ഹരി.ആർ.നായർ 
ചൊല്ലിയാട്ടഭാഗം ഭംഗിയായി ചെയ്തിരുന്നു എങ്കിലും തേർ കൂട്ടിക്കെട്ടുന്നഭാഗത്തിന് പൂർണ്ണതയൊ ഭംഗിയോ ഉണ്ടായില്ല. ചക്രങ്ങങ്ങളും തേർത്തട്ടും ഉറപ്പിച്ചശേഷം നേരെ കൊടിമരവും അതിൽ കൊടിക്കൂറയും ഉയർത്തുന്നതായാണ് ഇവിടെ കണ്ടത്. നാലുഭാങ്ങളിലും തൂണുകളും മേൽത്തട്ടും തോരണങ്ങളും ഉറപ്പിക്കുന്നതായി കാട്ടിയില്ല. തേർത്തട്ടുറപ്പിക്കുന്നതുതന്നെ നാലുവശങ്ങളിലേയ്ക്ക് കാട്ടാതെ ഇരുഭാഗങ്ങളിലേയ്ക്ക് മാത്രമാണ് കാട്ടിയത്.
'ഭുവി ജളന്മാരെന്നതു....'


ആദ്യഭാഗത്തെ അർജ്ജുനനായി അഭിനയിച്ചത് 
ഏറ്റുമാനൂർ കണ്ണൻ ആയിരുന്നു. വളരെ ചിട്ടപ്രധാമായവയും, സവിശേഷ ഇരട്ടിയും അഷ്ടകലാശം ഉൾപ്പെടെയുള്ള കലാശങ്ങളും നിബന്ധിച്ചിട്ടുള്ളവയുമായ പതികാലപദങ്ങളും, 'സ്വർഗ്ഗവർണ്ണന' എന്ന ആട്ടവും ഉൾപ്പെടുന്ന ആദ്യഭാഗത്തെ അർജ്ജുനനെ ഇദ്ദേഹം ഭംഗിയായിതന്നെ അരങ്ങിൽ അവതരിപ്പിച്ചു.
'മമ ജനനം സഫലമായ്....'
ഇന്ദ്രാണി, സഖി വേഷങ്ങൾ കലാമണ്ഡലം ശുചീന്ദ്രൻ ഭംഗിയായി അവതരിപ്പിച്ചു.
'വിജയനഹമിതാ....'

'നല്ലതുഭവിക്കുമിനി...'

തുടർന്നു നടന്ന മാർഗ്ഗി വിജയകുമാറിന്റെ ഉർവ്വശി 
അവതരണമായിരുന്നു പരിപാടിയുടെ മുഖ്യമായ ഒരു ആകർഷണം. ചിട്ടപ്രധാനവും അഭിനയപ്രധാനവുമായ ഉർവ്വശി എന്ന കോട്ടയത്തുതമ്പുരാന്റെ ഉജ്ജ്വല കഥാപാത്രത്തെ ഇദ്ദേഹം ഉജ്ജ്വലമായിതന്നെ അവതരിപ്പിച്ചു.
'അവന്റെ രൂപം....'
ഉത്തരഭാഗത്ത് അർജ്ജുനനായി എത്തിയത് 
കലാമണ്ഡലം ഷണ്മുഖൻ ആയിരുന്നു. മാതലികാണാനെത്തുന്ന രണ്ടാം രംഗത്തും, ഉർവ്വശി കാണാനെത്തുന്ന ഏഴാം രംഗത്തും വിജയശ്രീലാളിതനായി, വീരസ്ഥായിയിൽ ഇരിക്കുന്ന അർജ്ജുനൻ ഒരുകാൽ മടക്കി ഉയർത്തിവെയ്ച്ച് ഇരിക്കുമ്പോൾ കിട്ടുന്ന ഒരു ഗംഭീരമായ നില ഇരുകാലുകളും തൂക്കിയിട്ട് ഇരിക്കുമ്പോൾ ലഭിക്കുന്നില്ല. ഇവിടെ രണ്ട് അർജ്ജുനന്മാരും കാൽകൾ തൂക്കിയിട്ട് ഇരിക്കുന്നതായാണ് കണ്ടത്. കാൽമടക്കിവെയ്ച്ചുള്ള ഇരിപ്പ് ബുദ്ധിമുട്ടുള്ളതാണ്. എങ്കിലും ഈ രംഗങ്ങളുടെ ആരംഭത്തിൽ കുറച്ചുസമയമെങ്കിലും കാലുയർത്തിവെച്ച് ഇരിക്കുവാൻ ശ്രമിച്ചാൽ നന്നായിരുന്നു.
ഉർവ്വശിശാപത്താൽ പരവശനായ അർജ്ജുനനെ സമാധാനിപ്പിച്ചുകൊണ്ടുള്ള ഇന്ദ്രന്റെ പദസമയത്ത് അർജ്ജുനൻ കാലവിരൾകൊണ്ട് കളംവരച്ചുകൊണ്ടും ഉത്തരീയത്താൽ മാറുമറച്ചുകൊണ്ടും സ്ത്രൈണഭാവത്തിൽ നിന്നിരുന്നു!. ഒരു മുലക്കൊല്ലാരം കൂടി ഈ സമയത്ത് എടുത്തണിയാമായിരുന്നു അർജ്ജുനന് :-)
'മഹിതതമേ....'
ഇന്ദ്രനെത്തി പുത്രനെ സ്വാന്തനിപ്പിക്കുന്ന രംഗത്തെതുടർന്ന് 
ഇടശ്ലോകങ്ങളും അടുത്തരംഗത്തിന്റെ അവതരണശ്ലോകവും ചൊല്ലി, തിരശീലപിടിക്കാതെതന്നെ ഏഴാം രംഗം എട്ടാം രംഗത്തിലേയ്ക്ക് സംങ്ക്രമിക്കുന്ന പഴയ അവതരണരീതിയാണ് ഇവിടെ അവലമ്പിച്ചു കണ്ടത്. ഉർവ്വശീശാപത്തിനുശേഷം അർജ്ജുനൻ വളരെക്കാലം സ്വർഗ്ഗത്തിൽ വസിച്ച് പിതാവിൽനിന്ന് വിദ്യകൾ പഠിക്കുന്നു. അത് പൂർത്തിയായശേഷം അർജ്ജുനനനോട് ഗുരുദക്ഷിണ ആവശ്യപ്പെടുന്നത്തായ ഏട്ടാംരംഗം തിരശീലപിടിച്ച് ശ്ലോകം ചൊല്ലിയശേഷം അവതരിപ്പിക്കുന്നതാണ് ഔചിത്യം.
'തരിക തവാധരബിംബം'

'യോഗ്യമല്ലെന്നറിക നീ'
ആദ്യാവസാന അർജ്ജുനന്റേയും ഉർവ്വശിയുടേയും ഭാഗങ്ങൾ 
പൊന്നാനിപാടിയത് കലാമണ്ഡലം ബാബു നമ്പൂതിരി ആയിരുന്നു. ശരാശരി നിലവാരം പുലർത്തിയിരുന്നു ആലാപനം എങ്കിലും അദ്ദേഹത്തെപോലെ ഒരാൾക്ക് ഇതിലും മെച്ചമാക്കാമായിരുന്നു എന്ന് തോന്നി. കച്ചേരിക്കാരെപ്പോലെ താളം പിടിക്കാതെയും കണ്ണടച്ചുനിന്നുമുള്ള പാട്ട് കഥകളി അരങ്ങിൽ ഒട്ടും ചേരുന്നതല്ലെന്ന് ഇനിയെങ്കിലും അദ്ദേഹം മനസ്സിലാക്കിയാൽ നന്ന്. ഇദ്ദേഹം "വല്ലതെന്നാലുമിതു" എന്നാരംഭിക്കുന്ന ഉർവ്വശിയുടെ അവസാനത്തെ പദം ലേശം തുറന്നുപാടുകയുണ്ടായി. അതിനാൽതന്നെ അത് അരങ്ങിൽ ശോഭിക്കുകയും ചെയ്തു. ഇതുപോലെതന്നെ മറ്റുഭാഗങ്ങളും തുറന്നുപാടിയിരുന്നെങ്കിൽ അവയും കൂടുതൽ അനുഭവേദ്യമായേനെ. കാലകേയവധം പോലെ ചിട്ടപ്രധാനമായ കഥ പാടുമ്പോൾ സംഗീതപ്രയോഗങ്ങൾക്കു ശ്രമിക്കുന്നതിനേക്കാൾ അരങ്ങിൽ അനുഭവമുണ്ടാക്കുക കൂടുതൽ ഊർജ്ജം കൊടുത്തുകൊണ്ട് തുറന്നുപാടുമ്പോഴാണ്. മാതലിയുടെ 'ചന്ദ്രവംശമൗലീ' എന്ന പദാരംഭത്തിൽ ഗായകൻ ചൊല്ലിവട്ടംതട്ടുകയൊ നടൻ അടക്കം എടുക്കുകയൊ ചെയ്തിരുന്നില്ല. ഉർവ്വശിയുടെ ആദ്യ പദ('പാണ്ഡവന്റെ രൂപം')ത്തിലെ 'പണ്ടു കാമനെ നീലകണ്ഠൻ' എന്ന ആദ്യചരണവും, "സ്മരസായക" എന്നുതുടങ്ങുന്ന പദത്തിലെ 'വില്ലൊടുസമരുചി' എന്ന രണ്ടാം ചരണവും "വല്ലതെന്നാലും" എന്ന അവസാനപദത്തിലെ 'ദിനകരേണ' എന്ന മൂന്നാം ചരണവും ഇവിടെ ഒഴിവാക്കിയിരുന്നു. കലാനിലയം രാജീവൻ, നെടുമ്പുള്ളി രാംമോഹൻ എന്നിവരായിരുന്നു സഹഗായകർ.
'കല്ലിനോടു തവ തുല്ല്യ......'



ആദ്യ രംഗത്തും ഉർവ്വശിയെ തുടർന്നുള്ള ഭാഗത്തും 
കലാനിലയം രാജീവനും നെടുമ്പുള്ളി രാംമോഹനും ചേർന്നായിരുന്നു പാടിയത്.
'ഹാ! ഹാ! ദൈവമേ'
ആദ്യാവസാന അർജ്ജുനന്റെ ഭാഗത്ത് 
ചെണ്ട കൈകാര്യം ചെയ്തിരുന്ന കലാമണ്ഡലം കൃഷ്ണദാസ് ശരാശരിനിലവാരം മാത്രമാണ് പുലർത്തിയിരുന്നത്. ആദ്യരംഗത്തിൽ ചെണ്ടയിൽ നന്നായി ചൊല്ലിയാട്ടത്തിനു കൂടിയ കലാമണ്ഡലം രവിശങ്കർ അന്ത്യഭാഗങ്ങളിലും തരക്കേടില്ലാത്ത പ്രകടനം കാഴ്ച്ചവെച്ചു.
'മാ കുരു വിഷാദ.....'
പ്രധാന മദ്ദളക്കാരനായിരുന്ന കലാനിലയം മനോജ് 
മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. കലാകാരന്റെ കൈക്കും കാലിനും കണ്ണിനും കൂടാൻ മിടുക്കുള്ള മനോജിന്റെ മദ്ദളത്തിന്റെ സാന്നിദ്ധ്യം ഉർവ്വശിയുടെ അരങ്ങുവിജയത്തിൽ ചെറുതല്ലാത്ത പങ്കുവഹിച്ചിരുന്നു.
കലാമണ്ഡലം സുകുമാരന്റെ ചുട്ടികുത്തലും, 
സന്ദർശ്ശൻ, അമ്പലപ്പുഴയുടെ ചമയങ്ങളുപയോഗിച്ച് അരങ്ങിലും അണിയറയിലും സഹായികളായിവർത്തിച്ച പള്ളിപ്പുറം ഉണ്ണികൃഷ്ണൻ, കണ്ണൻ എന്നിവരുടെ പ്രവർത്തനവും കളിയുടെ വിജയത്തിൽ അവരുടേതായ പങ്ക് വഹിച്ച ഘടകങ്ങളാണ്. പ്രത്യേകിച്ച് പ്രധാന നടനായിരുന്ന കണ്ണന്റെ ചുട്ടി വളരെ മനോഹരമായിരുന്നു.
ഇരുകോലുകളിൽ ഉയത്തുന്ന രീതിയിലുള്ള 
മേൽക്കട്ടിയാണ് ഇവിടെ ഉപയോഗിച്ചിരുന്നത്. ഇരിക്കുന്ന അർജ്ജുനന് പിടിക്കുമ്പോൾ വളരെ ഉയരത്തിലായാണ് ഈ മേൽക്കട്ടി നിൽക്കുന്നത്. ഇവിടെ കൈകൾകൊണ്ട് മേൽക്കട്ടി പിടിക്കുന്നതാണ് കൂടുതൽ ഭംഗിയാവുക എന്ന് തോന്നി. മുൻ കാലങ്ങളിൽ മേൽക്കട്ടിയോടുചേർന്ന് പിൻഭാഗത്ത് താഴേയ്ക്ക് തൂങ്ങുന്ന ഒരു ശീല(പിൻശീല) കാണാമായിരുന്നു. ഇപ്പോൾ ചില തക്കൻ കളിയോഗങ്ങളിലേതൊഴിച്ച് മറ്റിടങ്ങളിൽ ഇത് ഒഴിവാക്കിയതായി കാണുന്നു.