തിരുനക്കര ഉത്സവം(1)

കോട്ടയം തിരുനക്കര ശ്രീമഹാദേവക്ഷേത്ര ഉത്സവത്തോടുനുബന്ധിച്ച് മാര്‍ച്ച്15,16,17തീയതികളില്‍ കഥകളികള്‍ നടന്നു.16,17തീയതികളില്‍ കോട്ടക്കല്‍ പി.എസ്സ്.വി.നാട്യസംഘംട്രൂപ്പാണ് കഥകളി അവതരിപ്പിച്ചത്.
17ന് രാത്രി10മുതല്‍ സന്വൂര്‍ണ്ണചടങ്ങുകളോടുകൂടിയുള്ള കഥകളിയായിരുന്നു.കേളി,മദ്ദളകേളി,തോടയം,
നാലുനോക്കോടുകൂടിയ(നാലുമുടി)പുറപ്പാട്,ഇരട്ടമേളപ്പദം ഇങ്ങിനെ എല്ലാ പ്രാരംഭചടങ്ങുകളോടും കൂടി വിസ്തരിച്ചുള്ള കളി ആയിരുന്നു. ഈ പ്രാരംഭചടങ്ങുകള്‍ പുസ്തകത്തില്‍ മാത്രം പരിചിതമായിതീര്‍ന്നിട്ടുള്ള ഇക്കാലത്ത് ഇത് നല്ലൊരു അനുഭവമായിരുന്നു.

മേളപ്പദത്തില്‍ ശ്രീ പ്രസാദ്,ശ്രീ വിജയരാഘവന്‍(ചെണ്ട),ശ്രീ രവീന്ദ്രന്‍ തുടങ്ങിയവര്‍ മേളം നന്നായി അവതരിപ്പിച്ചു.ശ്രീ കെ.നാരായണന്‍,ശ്രീ വി.നാരായണന്‍ എന്നിവരായിരുന്നു പാടിയത്.സംഗീതപരമായി ഉയര്‍ന്നതും അതേസമയം സംന്വ്യദായശുദ്ധിയോടുകൂടിയതുമായിരുന്നു ഇവരുടെ പാട്ട്. ഈ കാലത്ത് പലപാട്ടുകാരും,‘നിരവല്‍‘,രാഗമാലികയായി പല്ലവി പാടുക തുടങ്ങി ശാസ്ത്രീയസംഗീതകച്ചേരികളുടെ പല സംന്വ്യദായങ്ങളും മേളപ്പദത്തില്‍ സന്നിവേശിപ്പിച്ചുകാണാറുണ്ട്. എന്നുമാത്രമല്ല ഇതൊക്കെ മേളപ്പദത്തിന്റെ അവ്യശ്യഘടകങ്ങളാണെന്ന് ചില ആസ്വാദകരും ഇന്ന് കരുതിപോരുന്നു. ഈ രീതിയില്‍ പോയാല്‍ സമീപകാലഭാവിയില്‍ കുറച്ചുസ്വരപ്രസ്താരം കൂടികൂട്ടി മേളപ്പദത്തെ തനി കച്ചേരിയാക്കിമാറ്റിയാലും അത്ഭുതപ്പെടാനില്ല.മേളപ്പദത്തില്‍ പാട്ടുകാര്‍ക്ക് അവരുടെ കഴിവുകള്‍പ്രകടിപ്പിക്കുവാനുള്ള സ്വാതന്ത്യം ഉണ്ടെങ്കിലും ഈ രീതിയില്‍ തനതുസംഗീതരീതിയില്‍ നിന്നും വിട്ട് ശാസ്ത്രീയസംഗീതരീതികളില്‍ അമിതപ്രതിപത്തി പുലര്‍ത്തുന്നത് കഥകളിസംഗീതത്തിന് ഗുണകരമാണോ എന്ന് ഗായകരും ആസ്വാദകരും ചിന്തിച്ചാല്‍ നന്ന്.ഒരു കലാകാരന്‍ എന്നരീതിയില്‍ ഈ കാലഘത്തിലെ സമര്‍ദ്ദങ്ങളെ അതിജിവിച്ചുകൊണ്ട് കഥകളിസംഗീതത്തില്‍ തനതുസന്വ്യദായത്തിന്റെ ശുദ്ധി കാത്തുസൂക്ഷിക്കുന്നതില്‍ കോട്ടക്കല്‍ നാരായണന് സാധിക്കുന്നുണ്ട്,ഇത് എക്കാലത്തും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
തുടര്‍ന്ന് ശ്രീ ചന്ദ്രശേഘരവാര്യര്‍ കര്‍ണ്ണനായും ശ്രീ കേശവന്‍ കുണ്ഡലായര്‍ ദുര്യോദ്ധനനായും ശ്രീ വാസുദേവന്‍ കുണ്ഡലായര്‍ കുന്തിയായും അഭിനയിച്ച കര്‍ണ്ണശപധം,ശ്രീ ദേവദാസ് ബാലിയായും ശ്രീ ഹരിദാസ് സുഗ്രീവനായും വേഷമിട്ട ബാലിവധം, എന്നി കഥകളികള്‍ നടന്നു.

11 അഭിപ്രായങ്ങൾ:

മണി പറഞ്ഞു...

കോട്ടയം തിരുനക്കര ശ്രീമഹാദേവക്ഷേത്ര ഉത്സവത്തോടുനുബന്ധിച്ച് മാര്‍ച്ച്15,16,17തീയതികളില്‍ കഥകളികള്‍ നടന്നു.16,17തീയതികളില്‍ കോട്ടക്കല്‍ പി.എസ്സ്.വി.നാട്യസംഘംട്രൂപ്പാണ് കഥകളി അവതരിപ്പിച്ചത്.17ന് രാത്രി10മുതല്‍ സന്വൂര്‍ണ്ണചടങ്ങുകളോടുകൂടിയുള്ള കഥകളിയായിരുന്നു. മേളപ്പദത്തില്‍ ശ്രീ പ്രസാദ്,ശ്രീ വിജയരാഘവന്‍(ചെണ്ട),ശ്രീ രവീന്ദ്രന്‍ തുടങ്ങിയവര്‍ മേളം നന്നായി അവതരിപ്പിച്ചു.ശ്രീ കെ.നാരായണന്‍,ശ്രീ വി.നാരായണന്‍ എന്നിവരായിരുന്നു പാടിയത്.തുടര്‍ന്ന് ശ്രീ ചന്ദ്രശേഘരവാര്യര്‍ കര്‍ണ്ണനായും ശ്രീ കേശവന്‍ കുണ്ഡലായര്‍ ദുര്യോദ്ധനനായും ശ്രീ വാസുദേവന്‍ കുണ്ഡലായര്‍ കുന്തിയായും അഭിനയിച്ച കര്‍ണ്ണശപധം,ശ്രീ ദേവദാസ് ബാലിയായും ശ്രീ ഹരിദാസ് സുഗ്രീവനായും വേഷമിട്ട ബാലിവധം എന്നി കഥകളികള്‍ നടന്നു.

-സു‍-|Sunil പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
-സു‍-|Sunil പറഞ്ഞു...

മണി കഥകളി സംഗീതത്തെ പറ്റി പറഞ്ഞതിനോട് 100% യോജിക്കുന്നു.

ഓ.ടോ:: അമൃത ടിവിയിലെ രാഗരത്നം പരിപാടിയില്‍ ഇനി വരുന്ന റൌണ്ടുകള്‍ കഥകളി സംഗീതമാണെന്ന് ഒരു സൂചന ഉണ്ട്‌. കേള്‍‌‌ക്കണം അവരെങ്ങനെ പാടുന്നുവെന്ന്.
സ്നേഹപൂര്‍വ്വം,
-സു-

Haree | ഹരീ പറഞ്ഞു...

ഞാന്‍ അറിഞ്ഞിരുന്നു, തോടയമുള്‍പ്പടെയുള്ള കഥകളിയരങ്ങിനെക്കുറിച്ച്. നന്നായെന്നറിഞ്ഞതില്‍ വളരെ സന്തോഷം. :)

കഥകളി സംഗീതത്തെക്കുറിച്ചു പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നതേയില്ല. കോട്ടയ്ക്കല്‍ മധു, പത്തിയൂര്‍ ശങ്കരന്‍‌കുട്ടി എന്നിവരാണല്ലോ പുതിയ തലമുറയില്‍ പുറപ്പാട് പദങ്ങള്‍ മനോഹരമാ‍യി പാടാറുള്ളത്. അവസാന ചരണങ്ങളായ ‘കുസുമജയ രജിതശുചി’, ‘ചലമാലയ മൃദുപവന’ എന്നിവയാണ് കൂടുതല്‍ സംഗീതാത്മകമാക്കുവാറുള്ളത്. അതിനു മുന്‍പുള്ളതുവരെ ആരും കാര്യമായ പരീക്ഷണങ്ങള്‍ക്കൊന്നും മുതിരാറില്ല. ഈ ഭാഗങ്ങളില്‍ ഇവര്‍ പാടുന്ന കൂടുതല്‍ സംഗീതാത്മകമായ ശൈലി കൂടുതല്‍ പേരേ ഇതിലേക്ക് ആകര്‍ഷിക്കുകയേയുള്ളൂ. പാരമ്പര്യത്തില്‍ അധികം കടിച്ചു തൂങ്ങി നില്‍ക്കേണ്ട ഒരു കാര്യവുമില്ല. എനിക്കു തന്നെ പുറപ്പാടും മേളപ്പദവും കൂടുതല്‍ ആസ്വാദ്യകരമായി അനുഭവപ്പെട്ടത് ഇവരുടെ ആലാപനം ശ്രദ്ധിച്ചു തുടങ്ങിയതില്‍ പിന്നെയാണ്. കാലാനുസൃതമായ മാറ്റങ്ങള്‍ ഏതു കലയിലും ആവശ്യമാണ്. കഥകളിയും വിഭിന്നമല്ല. പണ്ടത്തെ ‘നിലവിളിയായി’ (ചിട്ട സൂക്ഷിക്കുന്ന ചിലരൊക്കെ ഇപ്പോഴും തുടരുന്നത്) കഥകളിസംഗീതം നിലനില്‍ക്കണമെന്നു ശഠിക്കുന്നത് അത്ര നന്നല്ല. കൂടുതല്‍ ജനകീയമാവട്ടെ കഥകളിസംഗീതം, അത് നിലവാരം കുറച്ചാവരുത്, ചിട്ട മാറ്റിയാവാം.

@ -സു-|sunil
ശരിതന്നെ. പക്ഷെ ഒറ്റയ്ക്ക്, ചൊല്ലിയാടി പരിചയമില്ലാത്ത അവരെങ്ങിനെ ഇത് കൈകാര്യം ചെയ്തു (ആട്ടവുമുണ്ട്) എന്ന് കണ്ടുതന്നെയറിയണം. ഇത്ര പ്രാവശ്യം ഓരോ വരിയും പാടുക എന്നു ബോധിച്ച് പാടിയതാവും. :) പിന്നെ, അതിലൊരു കുട്ടിപോലും ‘ചിട്ട’ പാലിച്ച് പഴയശൈലിയില്‍ പാടുന്നുണ്ടാവില്ല! :D


മണിയോട്,
ചോദിക്കുവാന്‍ വിട്ടു, വിശേഷം ഇത്രയുമേയുള്ളോ? :(
--

മണി പറഞ്ഞു...

@സു, രാഗര്ത്നം കാണണം എന്നു വിചാരിക്കുന്നു.
@ഹരി,ആ ദിവസത്തെ വിശേഷം ഇത്രയേ ഉള്ളു.കാരണം ആദിവസം മുഴുവന്‍ കളികാണുവാന്‍ എനിക്കായില്ല.
അടുത്തദിവസത്തെ വിശേഷങ്ങള്‍ അടുത്തുതന്നെ പോസ്സ്റ്റുന്നതായിരിക്കും.
പിന്നെ കഥകളിപോലുള്ള ഒരു ക്ലാസിക്കല്‍ കലയില്‍ ചിട്ടവിട്ട് ഒന്നും ചെയ്യരുത് എന്നാണ് എന്റെ അഭിപ്രായം.

മണി പറഞ്ഞു...

കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തണം പക്ഷെ അതു തനതു ശൈലിയേയും ചിട്ടകളേയും ഹനിച്ചിട്ടാവരുത്.ആരീതിയില്‍ മാറ്റങ്ങള്‍ വരുത്തി വിജയിച്ചവരാണ് കലാ:ഉണ്ണിക്യഷ്ണക്കുറുപ്പും കലാ:വെണ്മണിഹരിദാസും.

Haree | ഹരീ പറഞ്ഞു...

‘തനതുശൈലി’, ‘ചിട്ട’ എന്നിവയ്ക്ക് ആ രണ്ട് ചരണങ്ങളിലെ കൂടുതല്‍ സംഗീതാത്മകമായ പ്രയോഗം കൊണ്ട് യാതോരു കുഴപ്പവും സംഭവിക്കുന്നില്ല എന്നേ പറഞ്ഞുള്ളൂ. അവിടെയൊന്നും സംഗീതത്തില്‍ ഭാഗവതര്‍ക്കുള്ള (അവരുടെ കര്‍ണ്ണാടിക് സംഗീതത്തിലുള്ള പരിജ്ഞാനം കാണിക്കുവാന്‍ തക്കവണ്ണമുള്ള സംഗതികളും ആവാം) കഴിവ് പ്രകടിപ്പിക്കുവാന്‍ കഴിയില്ല, അങ്ങിനെ ചെയ്താല്‍ എല്ലാമങ്ങ് പൊയ്പ്പോവും എന്നുള്ള വാദഗതിയോട് യോജിക്കുവാനാവില്ല...
--

Haree | ഹരീ പറഞ്ഞു...

രാഗരത്നത്തിലെ കഥകളി ഉപാധ്യായം കണ്ടു. എന്റെ തോന്നലുകള്‍:
• ആദ്യം ജഡ്ജിനെക്കുറിച്ച്; ജഗന്നാഥവര്‍മ്മ ആയിരുന്നില്ല അവിടെ വരേണ്ടിയിരുന്നത്. അദ്ദേഹം കഥകളി പഠിച്ചയാളാണ്, അരങ്ങില്‍ അവതരിപ്പിച്ചിട്ടുണ്ട്, നല്ല ആസ്വാദകനാണ്... എല്ലാം സമ്മതിച്ചു. പക്ഷെ കഥകളിരംഗത്ത് പ്രവര്‍ത്തിക്കുന്ന ധാരാളം കലാകാരന്മാരില്‍ ഒരാളെ കൊണ്ടുവരികയായിരുന്നു ഉചിതം.
• ആദ്യ ഭാഗത്ത് പാടിയവരില്‍ രണ്ടുപേരും നല്ല രീതിയില്‍ കഥകളി സംഗീതം അവതരിപ്പിച്ചുവെന്ന് ഞാന്‍ കരുതുന്നില്ല. പിന്നെ, കഥകളി സംഗീതം പഠിച്ചിട്ടില്ലെന്നതുകൊണ്ടും, പ്രായം കണക്കിലെടുത്തും ജഡ്ജസ് നല്‍കിയത്രയും മാര്‍ക്ക് നല്‍കാമെന്നു മാത്രം.
--

മണി പറഞ്ഞു...

രാഗരത്നത്തിലെ കഥകളി ഉപാധ്യായം ഇന്ന് മുശഴുവന് ‍കണാനായില്ല.ശരിയാണുഹരീ,ജഡ്ജ് കഥകളി സംഗീതകര്‍ ആരേങ്കിലും ആയെങ്കില്‍ നന്നായിരുന്നു.

-സു‍-|Sunil പറഞ്ഞു...

കഥകളിയില്‍ വാചികാഭിനയമല്ലെ പാട്ട്. അതിനൊത്ത രീതിയിലേ അകാവൂ. കര്‍ണ്ണാടകസംഗീത പ്രാവീണ്യം അവിടെ ആവശ്യമില്ല ഹരീ. അഭിനയിക്കുന്നതിനായിരിക്കണം പ്രാധാന്യം. ടോട്ടല്‍ തീയറ്റര്‍ എന്ന ഘടനാരീതിക്ക് ഭംഗം വരുത്തരുത്.

രാഗരത്നം കാണാന്‍ പറ്റിയില്ല. നല്ല പണിയായിരുന്നു. മഹാദേവന്റെ അവസാനഭാഗങ്ങള്‍ കുറച്ച് കേട്ടു. അവന് അക്ഷരസ്ഫുടത കുറച്ച് കമ്മി ആണെന്നു തോന്നുന്നു.

Haree | ഹരീ പറഞ്ഞു...

കഥകളിയില്‍ വാചികാഭിനയമല്ലെ പാട്ട്. അതിനൊത്ത രീതിയിലേ അകാവൂ. കര്‍ണ്ണാടകസംഗീത പ്രാവീണ്യം അവിടെ ആവശ്യമില്ല ഹരീ. അഭിനയിക്കുന്നതിനായിരിക്കണം പ്രാധാന്യം. ടോട്ടല്‍ തീയറ്റര്‍ എന്ന ഘടനാരീതിക്ക് ഭംഗം വരുത്തരുത്. - ഇത് രാഗരത്നത്തിലെ സംഗീതത്തെക്കുറിച്ചാണോ, മേളപ്പദത്തിലെ സംഗീതത്തെക്കുറിച്ചാണോ?

ശാസ്ത്രീയസംഗീത പ്രാവീണ്യം ഇന്നത്തെ കാലത്ത് ആവശ്യമാണ്. ഭാവത്തിനാണ് കഥകളിസംഗീതത്തില്‍ മുന്‍‌തൂക്കം, എന്നാലിത് ശാസ്ത്രീയസംഗീത പാടവം ആര്‍ജ്ജിക്കാതിരിക്കുവാനുള്ള ഒഴിവുകഴിവാവരുത്. എനിക്കറിയാവുന്ന പല കഥകളി ആസ്വാദകരും എമ്പ്രാന്തിരി-ഹരിദാസ്-ഹൈദരാലി എന്നിവരുടെ സംഗീതത്തില്‍ ആകൃഷ്ടരായെത്തിയവരാണ്. അതുകൊണ്ട് സംഗീതവും ഗുണമാവണം; ശാസ്ത്രീയമായി നോക്കിയാലും, അഭിനയത്തിനു പിന്നണിയായി നോക്കിയാലും, ചിട്ടവേണ്ടയിടത്ത് ആ രീതിയില്‍ നോക്കിയാലും. മേളപ്പദത്തില്‍ പിന്നെ ഇതിന്റെ ചോദ്യമേ വരുന്നില്ല. അവിടെ അഭിനയവുമില്ല, ഭാവപ്രധാനവുമല്ല. കൂടുതല്‍ സംഗീതാത്മകമായ പുറപ്പാടും മേളപ്പദവും ഇനിയും ഉണ്ടാവണം എന്നുതന്നെയാണ് എന്റെ ആഗ്രഹം. :)
--