സന്ദര്‍ശനിലെ കോട്ടയം കഥകളുടെ അവതരണം (ഭാഗം-4)

അമ്പലപ്പുഴ സന്ദര്‍ശന്‍ കഥകളി വിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ 
സംഘടിപ്പിക്കപ്പെട്ട കോട്ടയം കഥകളുടെ രംഗാവതരണത്തിന്റെ നാലാം ദിവസമായിരുന്ന മെയ് 29ന് വൈകിട്ട് 6:30മുതല്‍ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ നാടകശാലയില്‍ കാലകേയവധം(രണ്ടാം ഭാഗം) അവതരിപ്പിക്കപ്പെട്ടു. ഉര്‍വ്വയുടെ രംഗം മുതല്‍ അര്‍ജ്ജുനന്റെ പോരുവിളി വരെയുള്ള ഭാഗങ്ങളാണ് ഈ ദിവസം അവതരിപ്പിച്ചത്.

കഥകളിയിലെ സ്ത്രീവേഷക്കാരെ സംബന്ധിച്ച് എക്കാലത്തും 
അവരുടെ മാറ്റുരച്ചുനോക്കാന്‍പോന്ന ഒരു വേഷമാണ് ഉര്‍വ്വശി. പതികാലത്തിലുള്ളതും ചിട്ടക്കും ഭാവത്തിനും ഒരുപോലെ പ്രധാന്യമുള്ളതുമാണ് ഉര്‍വ്വശിയുടെ പദങ്ങള്‍. കലാമണ്ഡലം ചമ്പക്കര വിജയനാണ് ഇവിടെ ഉര്‍വ്വശിയെ അവതരിപ്പിച്ചത്. കെട്ടിതഴക്കം വരാത്തതിന്റേതായ ചില കുറവുകള്‍ തോന്നിച്ചിരുന്നുവെങ്കിലും വിജയന്‍ ഭംഗിയായിതന്നെ ആ വേഷം കൈകാര്യം ചെയ്തിരുന്നു. സാങ്കേതികതികവുണ്ടായിരുന്ന വിജയന്റെ അവതരണത്തില്‍ ‘പാണ്ഡവന്റെ രൂപം കണ്ടാല്‍’ എന്ന ആദ്യരംഗത്തിലെ പദത്തിനേക്കാള്‍ അനുഭവവത്തായത് രണ്ടാം രംഗത്തിലെ ‘സ്മരസായകദൂനാം’ എന്നപദമായിരുന്നു. ഈ പദത്തിന്റെ സമയത്ത് ഉര്‍വ്വശിയിലെ കാമവികാരത്തിനു അവലംബമായ അര്‍ജ്ജുനന്‍ രംഗത്തുണ്ട്. എന്നാല്‍ പാണ്ഡവന്റെ രൂപം അഭിനയിക്കുന്ന സമയത്ത് അവലംബമായ അര്‍ജ്ജുനന്‍  രംഗത്തില്ല. സ്മൃതിയില്‍ അര്‍ജ്ജുനരൂപം നിലനിര്‍ത്തിക്കൊണ്ടാണ് ഇവിടെ അഭിനക്കേണ്ടത്. ഇതുതന്നെയാണ് ഈ പദത്തിന്റെ അവതരണത്തിലുള്ള ഒരു പ്രത്യേകതയും.
‘പണ്ടു കാമനെ’

‘തൊണ്ടി പവിഴമിവമണ്ടു’














           

കലാമണ്ഡലം സുദീപാണ് സഖിയായി വേഷമിട്ടിരുന്നത്.
കലാനിലയം വിനോദ് അര്‍ജ്ജുനനേയും കലാമണ്ഡലം മുകുന്ദന്‍ ഇന്ദ്രനേയും ഭംഗിയായി അവതരിപ്പിച്ചു.
‘തരിക തവാധരബിംബം’

‘അഹോ! വൃധാവലേ’

‘ഇല്ലയോ കരുണ തെല്ലുമേ’

















പത്തിയൂര്‍ ശങ്കരന്‍ കുട്ടിയും കലാമണ്ഡലം ജയപ്രകാശും 
ചേര്‍ന്ന് ആദ്യരംഗവും തുടന്ന് കലാ:ജയപ്രകാശും കലാമണ്ഡലം അജേഷും ചേര്‍ന്നുമാണ് പാടിയിരുന്നത്. കലാമണ്ഡലം ശ്രീകാന്ത് വര്‍മ്മ, കലാനിലയം രതീഷ് എന്നിവര്‍ ഇടയ്ക്കയും ചെണ്ടയും കൈകാര്യം ചെയ്തു. കലാനിലയം മനോജിന്റെ മദ്ദളത്തിലെ മേളം എടുത്തുപറയത്തക്ക രീതിയില്‍ കേമമായിരുന്നു. കലാമണ്ഡലം വിനീതായിരുന്നു മറ്റൊരു മദ്ദളക്കാരന്‍.


ഉര്‍വ്വശീശാപം
കലാമണ്ഡലം സുകുമാരനായിരുന്നു ചുട്ടി കലാകാരന്‍. 
സന്ദര്‍ശ്ശന്‍ കഥകളി വിദ്യാലയത്തിന്റെ ചമയങ്ങള്‍ ഉപയോഗിച്ചിരുന്ന കളിക്ക് പള്ളിപ്പുറം ഉണ്ണികൃഷ്ണന്‍, കണ്ണന്‍ എന്നിവരായിരുന്നു അണിയറസഹായികളായി വര്‍ത്തിച്ചിരുന്നത്.
‘ദൈവമേ ഹാ ഹാ..’