സന്ദര്‍ശനിലെ കോട്ടയം കഥകളുടെ അവതരണം (ഭാഗം-5)

അമ്പലപ്പുഴ സന്ദര്‍ശന്‍ കഥകളി വിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ 
സംഘടിപ്പിക്കപ്പെട്ട കോട്ടയം കഥകളുടെ രംഗാവതരണത്തിന്റെ അവസാന ദിവസമായിരുന്ന മെയ് 30ന് വൈകിട്ട് 6:30മുതല്‍ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ നാടകശാലയില്‍ കല്യാണസൌഗന്ധികം കഥ അവതരിപ്പിക്കപ്പെട്ടു. ‘ശൌര്യഗുണം’ എന്നറിപ്പെടുന്ന ആദ്യരംഗവും സാധാരണയായി പതിവുള്ള 10,11രംഗങ്ങളുമാണ് അവതരിപ്പിച്ചത്. പതിനൊന്നാം രംഗത്തിലെ ഭീമനും ഹനുമാനുമായുള്ള സംവാദമായി വരുന്ന പദഭാഗങ്ങള്‍ പൂര്‍ണ്ണമായും ഇവിടെ അവതരിപ്പിക്കുകയുണ്ടായി.
‘പരിഘദത്താദിരൂക്ഷാക്ഷികോണേ......’
ആദ്യരംഗത്തിലും പതിനൊന്നാം രംഗത്തിലും ഭീമനായെത്തിയ 
കലാമണ്ഡലം അരുണ്‍ വാര്യര്‍ നല്ല പ്രകടനം കാഴ്ച്ചവെച്ചു. അഷ്ടകലാശം ഉള്‍പ്പെടെയുള്ള കലാശങ്ങള്‍ ഭംഗിയായി അവതരിപ്പിച്ച ഇദ്ദേഹം തരക്കേടില്ലാത്ത ഭാവപ്രകടനവും കാഴ്ച്ചവെച്ചിരുന്നു.
‘ആശ്വാസമോടു ബഹു പീത്വാ കരേണമുഹു’
കലാമണ്ഡലം സുദീപാണ് ധര്‍മ്മപുത്രവേഷമണിഞ്ഞിരുന്നത്.
 പത്താം രംഗത്തില്‍ ഭീമനായെത്തിയ ഏറ്റുമാനൂര്‍ കണ്ണനും 
മികച്ചപ്രകടനമാണ് കഴ്ച്ചവെച്ചിരുന്നത്. ഇരട്ടിനൃത്തത്തോടുകൂടിയ ‘പാഞ്ചാലരാജതനയെ’ എന്ന പതിഞ്ഞപദവും ‘മാഞ്ചേല്‍മിഴിയാളെ’ എന്ന പദവും മനോഹരമായിതന്നെ അവതരിപ്പിച്ച ഇദ്ദേഹം തുടര്‍ന്ന് ചെയ്ത് ആട്ടങ്ങളും ഭംഗിയാക്കി. പാഞ്ചാലിയോടുള്ള മറുപടിയായി കാര്യസാദ്ധ്യം വരെ വിശപ്പും ദാഹവും തന്നെ അലട്ടുകയില്ല എന്നു പ്രസ്ഥാപിച്ച് തന്റെ ജേഷ്ഠനായ ഹനുമാന്‍ ശ്രീരാമകാര്യം സാധിക്കാന്‍ പോയ കഥ സാധാരണയായി ഭീമന്‍ ഉദാഹരിക്കാറുണ്ട്. ഇവിടെ തോരണയുദ്ധം ഹനുമാന്റെ പകര്‍ന്നാട്ടം എന്ന രീതിയില്‍ വിസ്തരിച്ചാണ് കണ്ണന്‍ ഇത് അവതരിപ്പിച്ചത്. ഇത് ഇത്ര വിസ്തരിക്കേണ്ട കാര്യമില്ല എന്ന് തോന്നിയിരുന്നു. വനവര്‍ണ്ണനയില്‍ പര്‍വ്വതരാജനായ ഗന്ധമാദനത്തെ കാണുന്നഭാഗം ആലങ്കാരീകമായിത്തന്നെ അവതരിപ്പിച്ചിരുന്നെങ്കിലും തുടര്‍ന്ന് വന്യമൃഗങ്ങളെ കാണുന്ന ആട്ടവും ‘അജഗരകബളിതം’ ആട്ടവും ഇവിടെ ചെയ്തിരുന്നില്ല.
‘സാരസ സൌഗന്ധികങ്ങള്‍’

‘ശൈലമുകളിലെന്നാലും’
കലാമണ്ഡലം ചെമ്പക്കര വിജയന്‍ പാഞ്ചാലിവേഷം ഭംഗിയായി 
കൈകാര്യം ചെയ്തു.
‘വഴിയില്‍നിന്നു പോക’
 ഹനുമാനായെത്തിയ കലാമണ്ഡലം ഷണ്മുഖന്‍ പാത്രബോധത്തോടെയും 
ഔചിത്യമാര്‍ന്ന ആട്ടങ്ങളിലൂടെയും തന്റെ വേഷം ഭംഗിയായി അവതരിപ്പിച്ചു. ‘മനസിമമ കിമപി’ എന്ന ഭാഗത്ത് അഷ്ടകലാശവും ഇവിടെ അവതരിപ്പിക്കുകയുണ്ടായി. ഷണ്മുഖന്‍ ഹനുമാന്റെ ആദ്യഭാഗത്തെ ആട്ടസമയത്ത് തനിക്കൊത്ത മേളം ലഭിക്കുന്നില്ല എന്ന രീതിയില്‍ പലവട്ടം ചെണ്ടക്കാരനെ തിരിഞ്ഞു നോക്കുകയും കൈക്രിയകള്‍ കാട്ടുകയും ചെയ്യുന്നതായി കണ്ടു. ഒരു നടന്‍ രംഗത്തുവെച്ച് സഹകലാകരന്മാരെ തിരിഞ്ഞു നോക്കുന്നത്, കൊട്ടുപോരാ, പാട്ടുപോരാ എന്ന് വരുത്തുതീര്‍ക്കുവാനാണെങ്കിലും, അവര്‍ക്കൊത്ത് സഹകരിച്ചു പോകുവാന്‍ സാധിക്കാതെ വരുന്ന നടന്‍ തന്നെയാണ് ഇവിടെ മോശക്കാരനാകുന്നത്. പ്രത്യേകിച്ച് ഒരേസ്ഥാപനത്തിലുള്ള സഹകലാകാരനോട് സഹകരിച്ച് പോകുവാന്‍ സാധിക്കാതെ വന്നാല്‍ അത് നടന്റേകൂടി കഴിവുകേടാണന്നെ പറയേണ്ടൂ.
‘വിരവോടു പുരമേവ ഗമിച്ചാലും’
കലാ:ജയപ്രകാശും കലാമണ്ഡലം അജേഷും ചേര്‍ന്നായിരുന്നു 
ഈ ദിവസം പദങ്ങള്‍ പാടിയിരുന്നത്.
‘രാവണാന്തകനായീടും......’
കലാമണ്ഡലം ശ്രീകാന്ത് വര്‍മ്മ, കലാനിലയം രതീഷ് എന്നിവര്‍ 
ചെണ്ടയും കലാനിലയം മനോജ്, കലാമണ്ഡലം വിനീത് എന്നിവര്‍ മദ്ദളവും കൈകാര്യം ചെയ്തു.
‘കാലിണ കൈവണങ്ങുന്നേന്‍’
കലാമണ്ഡലം സുകുമാരനായിരുന്നു ഈ ദിവസവും ചുട്ടികുത്തിയിരുന്നത്‍.
‘ശൂന്യമാക്കുവന്‍ അരികളെ’
സന്ദര്‍ശ്ശന്‍ കഥകളി വിദ്യാലയത്തിന്റെ ചമയങ്ങള്‍ ഉപയോഗിച്ചിരുന്ന 
കളിക്ക് പള്ളിപ്പുറം ഉണ്ണികൃഷ്ണന്‍, കണ്ണന്‍ എന്നിവരായിരുന്നു അണിയറസഹായികളായി വര്‍ത്തിച്ചിരുന്നത്.

4 അഭിപ്രായങ്ങൾ:

-സു‍-|Sunil പറഞ്ഞു...

അവിടെ നടന്ന ചര്‍ച്ചകള്‍ ഒന്നും എഴുതി കാണുന്നില്ലല്ലൊ മണി. അതും കൂടെ ഉണ്ടായെങ്കില്‍...
-സു-

AMBUJAKSHAN NAIR പറഞ്ഞു...

ഷണ്മുഖന്‍ ഹനുമാന്റെ ആദ്യഭാഗത്തെ ആട്ടസമയത്ത് തനിക്കൊത്ത മേളം ലഭിക്കുന്നില്ല എന്ന രീതിയില്‍ പലവട്ടം ചെണ്ടക്കാരനെ തിരിഞ്ഞു നോക്കുകയും കൈക്രിയകള്‍ കാട്ടുകയും ചെയ്യുന്നതായി കണ്ടു. ഒരു നടന്‍ രംഗത്തുവെച്ച് സഹകലാകരന്മാരെ തിരിഞ്ഞു നോക്കുന്നത്, കൊട്ടുപോരാ, പാട്ടുപോരാ എന്ന് വരുത്തുതീര്‍ക്കുവാനാണെങ്കിലും, അവര്‍ക്കൊത്ത് സഹകരിച്ചു പോകുവാന്‍ സാധിക്കാതെ വരുന്ന നടന്‍ തന്നെയാണ് ഇവിടെ മോശക്കാരനാകുന്നത്.

മണി,
വളരെ ശരിയാണ്. ഇത്തരം വിഷയങ്ങൾ വളരെ ഗൗരവമായി കണക്കിലെടുക്കേണ്ടതാണ്. വലിയ ചിലകലാകാരന്മാർ ഇത്തരത്തിൽ ചെയ്യുമ്പോൾ ആരും പ്രതികരിക്കാതിരുന്നു. അതുകൊണ്ടുതന്നെ അടുത്ത തലമുറ അത് ആവർത്തിക്കുന്നു.

അജ്ഞാതന്‍ പറഞ്ഞു...

അവർക്കൊത്ത് സഹകരിച്ച് പോകാൻ സാധിക്കാതെ വരുമ്പോളല്ലേ തിരിഞ്ഞൂ നോക്കുന്നത്? അല്ലെങ്കിലും അവർ സഹകരിക്കാതിരിക്കുമ്പോളല്ലേ തിരിഞ്ഞു നോക്കുന്നത്?
കളിയിൽ നടനല്ലേ പ്രാധാന്യം? അപ്പോ നടന്റെ ഒപ്പം ചേരുകയല്ലെ മറ്റുള്ളവർ ചെയ്യേണ്ടത്? അതില്ലാത്തപ്പോഴല്ലേ നടൻ തിരിഞ്ഞു നോക്കുന്നത്?
നടൻ കാണിക്കുന്നതിനെ കൂടുതൽ സ്ഫുരിപ്പിക്കാനാണ് പക്കമേളവും പാട്ടുകാരും എല്ലാം. അത് ആണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.
-സു-

chandran പറഞ്ഞു...

This type of incident is very rare in Kathakali. if the main actor cannot perform well he may show his
uneasyness. But, these type of behaviour has to be discouraged. if the actors are from different institutions it may occur. Better avoid. We used to comment the performance then and there, straight away go to the green room and say our opnion, then they will understand people are watching properly. There are chances of skipping certain "padams" also.
o.k. thank u