തലയോലപ്പറമ്പ് തിരുപുരംക്ഷേത്ര ഉത്സവം

“സോദരന്മാരേ”
തലയോലപ്പറമ്പ് മേജര്‍ തിരുപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ഈ
വര്‍ഷത്തെ ഉത്സവം നവബര്‍ 16മുതല്‍ 23വരെ നടന്നു. ഇതിന്റെ ഭാഗമായി 21ന് രാത്രി 7മുതല്‍ കഥകളി അവതരിപ്പിക്കപ്പെട്ടു.

“ചാടിയോ ജലത്തിലധുനാ”
കുടമാളൂര്‍ ദേവീവിലാസം കളിയോഗത്തിന്റെ കോപ്പുകള്‍ ഉപയോഗിച്ചിരുന്ന
ഈ കളിയുടെ സംഘാടകന്‍ കോട്ടയം കളിയരങ്ങിന്റെ സെക്രട്രി ആയ പള്ളം ചന്ദ്രന്‍ ആയിരുന്നു.

“ശാസിച്ചീടുക ദുശ്ശാസനാ നീ”
കേളിയോടെ ആരംഭിച്ച കളിയില്‍ തുടര്‍ന്ന് ദുര്യോധനവധം കഥയാണ്
അവതരിപ്പിക്കപ്പെട്ടത്. രാജസൂയാന്തരം ദുര്യോധനവധം വരേയുള്ള മഹാഭാരതകഥയാണ് ഈ ആട്ടകഥയിലുള്ളത്. പ്രധാനമായ രംഗങ്ങള്‍ മാത്രമാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടത്.

“വല്ലഭീ വല്ലഭാ പാഹി”
ദുര്യോധനനായി അഭിനയിച്ച കോട്ടക്കല്‍ ചന്ദ്രശേഘര വാര്യര്‍
മികച്ചപ്രകടനം കാഴ്ച്ചവെച്ചു. കോട്ടക്കല്‍ ദേവദാസനായിരുന്നു ദുശ്ശാസനന്‍. ആദ്യമായി അവതരിപ്പിക്കപ്പെട്ട രംഗത്തിലെ ‘സോദരന്മാരെ‘ തുടങ്ങിയ പദങ്ങള്‍ മനോഹരമായിതന്നെ ഇവര്‍ അവതരിപ്പിച്ചു. സഭാപ്രവേശത്തിനായുള്ള ആലോചനയായുള്ള ആട്ടത്തില്‍ വാദ്യഘോഷങ്ങളും, പഞ്ചാരി,ശിങ്കാരി മേളങ്ങളും, കരകാട്ടം, കാവടിയാട്ടം, താലപ്പൊലി, എന്നിവയെല്ലാം ദുര്യോധനന്റെ പുറപ്പാടിനുണ്ടാകണം എന്ന രീതിയില്‍ ജനരഞ്ജകമായാണ് അവതരിപ്പിച്ചത്. ആട്ടങ്ങള്‍ വിസ്തരിക്കാന്‍ ശ്രമിക്കുന്ന ദേവദാസനെ അതിനു വിടാതെ പലഭാഗത്തും വാര്യരാശാന്‍ ഇടപെട്ടിരുന്നു.

“ചോരന്‍ തന്നുടെ മാറുപിളര്‍ന്നിഹ”
ധര്‍മ്മപുത്രനായി കലാകേന്ദ്രം മുരളീധരന്‍ നമ്പൂതിരി എത്തിയപ്പോള്‍ ശകുനി,
മുമുക്ഷു വേഷങ്ങള്‍ തിരുവഞ്ചൂര്‍ സുഭാഷ് കൈകാര്യം ചെയ്തു.

“യാഹി ജവേന വനേ”
പാഞ്ചാലിയായെത്തിയ മാര്‍ഗ്ഗി വിജയകുമാറിന്റെ പ്രകടനം ഒട്ടും
തൃപ്തികരമായി തോന്നിയില്ല. ചൂത് രംഗത്തിലും ‘പരിപാഹി’ രംഗത്തിലും കഥാപാത്രത്തെ ഉള്‍ക്കൊണ്ടുകൊണ്ട് നല്ല ഭാവപ്രകാശനത്തിലൂടെ തിളങ്ങാമായിരുന്ന വേഷമായിരുന്നു പാഞ്ചാലിയുടേത്. എന്നാല്‍ ഇദ്ദേഹം ഈ കളിയെ വേണ്ടത്ര പ്രാധാന്യത്തോടെ അല്ല സമീപിച്ചത് എന്ന് തോന്നുന്നു. ചൂത് രംഗത്തിലെ ശാപപദങ്ങളൊക്കെ സ്ത്രീവേഷത്തിന്റെ നിലവിട്ട് ചടുലതയോടെയും അമര്‍ത്തിചവിട്ടിയും ആണ് ഇദ്ദേഹം അവതരിപ്പിച്ചിരുന്നത്. ചില സുഹൃത്തുക്കളുമായി ഇതിനെ പറ്റി ചര്‍ച്ച ചെയ്തപ്പോള്‍ ‘മാര്‍ഗ്ഗിക്ക് പാഞ്ചാലി പോലെയുള്ള നിസ്സാര വേഷങ്ങള്‍ നല്‍കിയതേ ഉചിതമായില്ല’ എന്ന് പലരും അഭിപ്രായപ്പെട്ടു. ദുര്യോധനവധം പാഞ്ചാലി അത്ര കോപ്പില്ലാത്ത ഒരു വേഷമാണോ? ആണെങ്കില്‍ തന്നെ തനിക്കുകിട്ടിയ വേഷത്തോട് പൂര്‍ണ്ണ ആത്മാര്‍ത്ഥത പുലര്‍ത്തിക്കൊണ്ടും അതിന്റെ സാദ്ധ്യതകള്‍ പരമാവധി വിനിയോഗിച്ചുകൊണ്ടും അരങ്ങില്‍ വര്‍ത്തിക്കുകയല്ലെ ഉത്തമകലാകാരന്‍ ചെയ്യേണ്ടത്?

‘പരിപാഹി’
ശ്രീകൃഷ്ണ വേഷമിട്ട മാത്തൂര്‍ ഗോവിന്ദന്‍‌കുട്ടി നല്ല പ്രകടനം നടത്തിയെങ്കിലും
ചില ഭാഗങ്ങളില്‍ പാത്രസ്വഭാവത്തെ മറന്നുകൊണ്ടുള്ള വൃത്തികളും ദര്‍ശ്ശിച്ചിരുന്നു.

‘ദൂത്’
രൌദ്രഭീമനായെത്തിയ സദനം കൃഷ്ണന്‍കുട്ടി നല്ല പ്രകടനം കാഴ്ച്ചവെച്ചു.

‘ദുശ്ശാസനഭീമ യുദ്ധം’
പത്തിയൂര്‍ ശങ്കരന്‍‌കുട്ടി, കലാമണ്ഡലം ബാബു നമ്പൂതിരി, കലാമണ്ഡലം
ഹരീഷ് മനയത്താറ്റ് എന്നിവരുടെ പാട്ടും നന്നായിരുന്നു. ശങ്കരന്‍‌കുട്ടിയും ബാബുവും ചേര്‍ന്നുള്ള ആദ്യരംഗത്തിലെ ‘സോദരന്മാരേ’ തുടങ്ങിയ പദങ്ങളുടെ ആലാപനം നടന്മാരുടെ അഭിനയത്തിനനുഗുണമായതും മികച്ചതുമായിരുന്നു.

‘രൌദ്രഭീമദര്‍ശ്ശനം’
കലാമണ്ഡലം കൃഷ്ണദാസ് ചെണ്ടയില്‍ മികച്ച മേളമൊരുക്കിയപ്പോള്‍
കിടങ്ങൂര്‍ രാജേഷ് ശരാശരി നിലവാരം മാത്രമെ പുലര്‍ത്തിയിരുന്നുള്ളു.

‘കൃഷ്ണദര്‍ശ്ശനം’
കലാമണ്ഡലം അച്ചുതവാര്യരും കലാനിലയം മനോജും ചേര്‍ന്ന്
നല്ലരീതിയില്‍ മദ്ദളവും കൈകാര്യം ചെയ്തു.

2 അഭിപ്രായങ്ങൾ:

Sajeesh പറഞ്ഞു...

മണി,

ദുര്യോധനവധം പാഞ്ചാലി അത്ര കോപ്പില്ലാത്ത ഒരു വേഷമാണോ? ആണെങ്കില്‍ തന്നെ തനിക്കുകിട്ടിയ വേഷത്തോട് പൂര്‍ണ്ണ ആത്മാര്‍ത്ഥത പുലര്‍ത്തിക്കൊണ്ടും അതിന്റെ സാദ്ധ്യതകള്‍ പരമാവധി വിനിയോഗിച്ചുകൊണ്ടും അരങ്ങില്‍ വര്‍ത്തിക്കുകയല്ലെ ഉത്തമകലാകാരന്‍ ചെയ്യേണ്ടത്?

------------------------

മണി പറഞ്ഞത് വളരെ ശരിയാണ് ഏത് കഥാപാത്രമായാലും അത് ഭംഗിയായി തന്നെ ചെയ്യണം. എപ്പോഴും വളരെ സാധ്യത ഉള്ള കഥാപാത്രം വേണം എന്ന് വിചാരിച്ചാല്‍ നടക്കുമോ എന്ന് അറിയില്ല. ഞാന്‍ മണിയുടെ അഭിപ്രായത്തിനോട് നൂറു ശതമാനം യോജിക്കുന്നു.

സജീഷ്

Haree പറഞ്ഞു...

പാഞ്ചാലി ഒരു നിസാര വേഷമല്ല. ഇനി അങ്ങിനെയാണെങ്കില്‍ കൂടിയും മാര്‍ഗി വിജയകുമാര്‍, അതുകൊണ്ട് അത് ഉഴപ്പും എന്നു കരുതുന്നില്ല. (മൂന്നാം ദിവസം ദമയന്തിയും, കുചേലവൃത്തം രുഗ്മിണിയുമൊക്കെ ഇപ്പോഴും ഉണ്ടാവാറുണ്ട്.) പിന്നെ, മാര്‍ഗി വിജയകുമാറിന്റെ അവതരണ ശൈലി മണിയുടെ മനസിലുള്ള പാഞ്ചാലിയുമായി ചേര്‍ന്നു പോവുന്നില്ല എന്നേ വായിച്ചിട്ടു മനസിലാക്കുവാനുള്ളൂ. ശാപവേളയില്‍ പാഞ്ചാലി അല്പം ചടുലമാവുന്നതില്‍ തെറ്റുണ്ടെന്നു തോന്നുന്നില്ല; തന്നെ അപമാനിച്ചവരോടുള്ള പകയോടെയാണല്ലോ പാഞ്ചാലി ശപിക്കുന്നത്. എന്നാലത് ലളിതമാരുടെ അവസാന ഘട്ടം പോലെ അത്രത്തോളം ശക്തിമത്താവരുത് എന്നും ഞാന്‍ കരുതുന്നു. കളി കാണാത്തതിനാല്‍ കൂടുതലായി പറയുവാന്‍ കഴിയുന്നില്ല.

മണി പറഞ്ഞതുപോലെ; വേഷമേതായാലും, ആരായാലും ഭംഗിയാക്കുവാന്‍ തന്നെ ശ്രമിക്കണം. അതിനോട് യോജിപ്പേയുള്ളൂ... :-)
--