തീരനോട്ടം-കഥകളി

ദുബായ് ആസ്താനമായി പ്രവര്‍ത്തിക്കുന്ന ‘തിരനോട്ടം’ എന്ന കലാസാംസ്ക്കാരിക സംഘടന ഡോ:കെ.എന്‍.പിഷാരടി സ്മാരക കഥകളിക്ലബ്ബുമായി സഹകരിച്ച്, 06/08/07ല്‍ ഇരിങ്ങാലക്കുട ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയത്തില്‍ വച്ച് നളചരിതം കഥകളിയും സംവാദവും നടത്തി.
വൈകിട്ട് 4ന് കേളിയോടുകൂടി പരിപാടികള്‍ ആരംഭിച്ചു.തുടര്‍ന്ന് ‘നളചരിതം-ആട്ടകഥയിലും അരങ്ങിലും’എന്ന വിഷയത്തിലുള്ള ഒരു സഹ്യദയസംവാദം നടന്നു.പ്രശസ്ത കാലാകാരന്മാരും, നിരൂപകരും, ആസ്വാദകരും പങ്കെടുത്തു.
രാത്രി കഥകളിയും നടന്നു.ശ്രീ കലാനിലയം വിനോദ്കുമാറാണ് പുറപ്പാടിന് വേഷമിട്ടത്. സംഗീതം ശ്രീ കോട്ടക്കല്‍ മധുവും കലാ:വിനോദും ആയിരുന്നു.കേളിക്കും മേളപ്പദത്തിനും ചെണ്ട ശ്രീ പൂക്കാട്ടിരി ദിവാകരപ്പൊതുവാളും മദ്ദളം ശ്രീ ചേര്‍പ്പുളശ്ശേരി ശിവനുമാണ് കൊട്ടിയത്.
തുടര്‍ന്ന് നളചരിതം രണ്ടാംദിവസം കളി നടന്നു. തന്റെ സ്വതസിധമായ ശൈലിയില്‍ ഭാവാഭിനയത്തികവിലൂടെ ശ്രീ കലാ:ഗോപി നളവേഷം അവതരിപ്പിച്ച് സഹ്യദയരെ രസിപ്പിച്ചു.ദമയന്തിയായിവന്ന കലാ:ഷണ്മുഖദാസും മികച്ച അഭിനയമാണ് കാഴ്ച്ചവെച്ചത്.ആദ്യരംഗത്തില്‍ പാടിയത് ശ്രീ കോട്ടക്കല്‍ നാരായണനും ശ്രീ കോട്ടക്കല്‍ മധുവും ചേര്‍ന്നാണ്.നാരായണന്‍ മറ്റു ചിട്ടപ്രധാന കഥകള്‍ പാടുന്വോള്‍ കിട്ടുന്നതുപോലുള്ള ഒരു സുഖാനുഭവം നളചരിതാലാപനത്തില്‍ കിട്ടുന്നില്ല.എദ്ദേഹം ‘സാമ്യമകന്നോരുദ്യാന‘ത്തിന്റെ അവസാനചരണം ‘ഖരഹരപ്രിയ’യിലേക്ക് മാറ്റിയാണ് പാടിയത്.അത് അത്ര സുഖകരമായിതോന്നിയില്ല.പൂര്‍വികര്‍ ചിട്ടപ്പെടുത്തിയിട്ടുള്ളതും കാലങ്ങളായിപാടി ഉറപ്പിച്ചിരിക്കുന്നതുമായ രാഗങ്ങളെ-പ്രത്യേകിച്ച് പൂര്‍വിയില്‍ നിബന്ധിച്ചിട്ടുള്ള സാമ്യമകനോരുദ്യാനം പോലെയുള്ള പ്രധാനപദങ്ങള്‍-മറ്റോരുരാഗത്തില്‍ മാറ്റിപ്പാടി വിജയിപ്പിക്കുകയെന്നുള്ളത് ദുഷ്ക്കരമാണ്.ആദ്യരംഗത്തില്‍ ചെണ്ട ശ്രീ കലാ:ഉണ്ണിക്യഷ്ണനും മദ്ദളം ശ്രീ കോട്ടക്കല്‍ രവിയുമാണ് കൈകാര്യം ചെയ്തത്.

കലിയായി വന്ന ശ്രീ കോട്ടക്കല്‍ ദേവദാസന്‍ വളരെവാരിവലിച്ചുള്ള ആട്ടമാണ് ചെയ്യുന്നതുകണ്ടത്. ആട്ടങ്ങള്‍ നേരത്തേതന്നെ ചിട്ടപ്പെടുത്തി അരങ്ങിലെത്താതതിനാലാണ് ഈ‘വാരിവലിച്ചില്‍‘ ഉണ്ടാവുന്നത്.ഇങ്ങിനെ ആടി പ്രേക്ഷകരെ ബോറഡിപ്പിക്കാതെ കാര്യമാത്രപ്രസ്ക്ക്തമായ ആട്ടം സരസതയോടെ നടത്തുന്നതാണ് നല്ലത്. ശ്രീ കോട്ടക്കല്‍ സുനില്‍ കുമാര്‍ ദ്വാപരവേഷവും, കലാനിലയം വിനോദ് കുമാര്‍ ഇന്ദ്രവേഷവും കെട്ടി.ഈഭാഗത്തെ സംഗീതം ശ്രീ കോട്ടക്കല്‍ മധുവും കലാ:വിനോദും ആലപിച്ചു. ചെണ്ടകൊട്ടിയത് ശ്രീ കോട്ടക്കല്‍ പ്രസാദും ശ്രീ കലാനിലയം രജീഷും ചേര്‍ന്നും മദ്ദളം കൊട്ടീയത് ശ്രീ കലാ:രാജനാരായണനും കലാനിലയം ഉണ്ണിക്യഷ്ണനും ചേര്‍ന്നുമാണ്.

പുഷക്കരവേഷത്തില്‍ ശ്രീ സദനം ക്യഷ്ണന്‍ കുട്ടി നല്ല അഭിനയം കാഴ്ച്ചവെച്ചു.കലിദ്വാപരന്മാര്‍ പുഷ്ക്കരനെക്കാണുന്ന രംഗത്തിലെ സംഗീതം ശ്രീ കോട്ടക്കല്‍ നാരായണനും ശ്രീ കലാ:വിനോദും ചേര്‍ന്നും മേളം ശ്രീ കോട്ടക്കല്‍ പ്രസാദും ശ്രീ കലാ:രാജനാരായണനും ചേര്‍ന്നും അവതരിപ്പിച്ചു.


ചൂതുരംഗത്തില്‍ മന്ത്രിയായി ശ്രീ കലാനിലയം സന്ദീപും കാളയായി ശ്രീ കലാനിലയം അര്‍ജ്ജുണനും വേഷമിട്ടു.ചൂതിനുവിളിമുതല്‍ വേര്‍പാട് വരേയുള്ള ഭാഗങ്ങള്‍ പാടിയത് ശ്രീ കോട്ടക്കല്‍ മധുവും നെടുന്വുള്ളി രാമമോഹനനും ചേര്‍ന്നാണ്.മേളംവിഭാഗം ശ്രീ കലാ:ഉണ്ണിക്യഷ്ണനും ശ്രീ കോട്ടക്കല്‍ രവിയും കൈകാര്യം ചെയ്തു.

കാട്ടാളവേഷംകെട്ടാന്‍ നിശ്ചയിച്ചിരുന്ന നെല്ലിയോട് വാസുദേവന്‍ നന്വൂതിരി പനിബാധിച്ച് കിടപ്പിലായതിനാല്‍ വന്നില്ല.പകരം നരിപ്പറ്റയാണ് വേഷംകെട്ടിയത്.‘അലസത’മുതലുള്ള ഭാഗത്ത് പാടിയത് കോട്ടക്കല്‍ നാരായണനും നെടുന്വുള്ളിയും ചേര്‍ന്നാണ്.ഈരംഗത്തില്‍ ചെണ്ടകൊട്ടിയ പ്രസാദ് മുദ്രക്കുകൂടാതെ നിശബ്ദത പാലിച്ചിരുന്നു. മദ്ദളംകൊട്ടിയ കലാ:രാജനാരായണന്‍ മുദ്രക്കുകൂടുന്നതിനു പകരം പാട്ടിനുപക്കം വായിക്കുകയാണുണ്ടായത്. ഇങ്ങനെ ഈ ഭാഗത്തെ മേളം അത്രസുഖകരമായി തോന്നിയില്ല.

ഈ കളിക്ക് ചുട്ടികുത്തിയത് കലാ:ശിവരാമനും കലാ:രവികുമാറും ചേര്‍ന്നാണ്.ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയത്തിന്റേ തായിരുന്നു ചമയങ്ങള്‍.

അഭിപ്രായങ്ങളൊന്നുമില്ല: