തൃപ്പൂണിത്തുറ ശ്രീപൂര്‍ണ്ണത്രയീശക്ഷേത്ര വൃശ്ചികോത്സവം (ഭാഗം 1)

തൃപ്പൂണിത്തുറ ശ്രീപൂര്‍ണ്ണത്രയീശക്ഷേത്രത്തിലെ ഈവര്‍ഷത്തെ വൃശ്ചികോത്സവം നവമ്പര്‍26മുതല്‍ ഡിസബര്‍3 വരെ നടക്കുകയാണ്. പതിവുപോലെ ശാസ്ത്രീയസംഗീതകച്ചേരികളും കഥകളി തുടങ്ങിയ ക്ഷേത്രകലകളും ഇതിനോടനുബന്ധിച്ച് നടത്തപ്പെടുന്നു. ഉത്സവത്തിന്റെ അവസാനദിവസം ഒഴിച്ച് ബാക്കി എല്ലാ നാളുകളിലും ഇവിടെ കഥകളി നടത്തപ്പെടുന്നുണ്ട്. ആദ്യദിവസമായ 26/11/08ന് രാത്രി 12മണിക്ക് കളിവിളക്കില്‍ തിരിതെളിഞ്ഞു. ശ്രീ മിധുന്‍ മുരളിയുടെ പുറപ്പാടോടേ കളി ആരംഭിച്ചു. തുടര്‍ന്ന് കോട്ടയത്തുതമ്പുരാന്‍ രചിച്ച കിര്‍മ്മീരവധം കഥയാണ് അവതരിപ്പിക്കപ്പെട്ടത്. കിര്‍മ്മീരവധം ആട്ടകഥയും അതിന്റെ അവതരണരീതികളും ഇവിടെ വായിക്കാം.

ശ്രീ സദനം കൃഷ്ണന്‍‌കുട്ടിയാണ് ധര്‍മ്മപുത്രനെ അവതരിപ്പിച്ചത്. ആദ്യരംഗത്തിലെ ‘ബാലേകേള്‍ നീ’ എന്ന പദത്തില്‍, പല്ലവിയുടെ അവതരണം ഇദ്ദേഹം ചിട്ടയായിതന്നെ ചെയ്തിരുന്നുവെങ്കിലും തുടര്‍ന്നുള്ള ഭാഗങ്ങള്‍ അത്ര നിഷ്കര്‍ഷയോടെചെയ്തുകണ്ടില്ല. എങ്കിലും സാധാരണപോലെയുള്ള കുസൃതികളും ചടുലതയുമൊന്നും പ്രകടമാകാതെ ഇദ്ദേഹം തന്റെ വേഷം ചെയ്ത് ഒപ്പിച്ചു എന്നു പറയാം. എന്നാല്‍ ആദ്യരംഗത്തില്‍ പരമപ്രധാനമായി വേണ്ട ശോകരസം ഇദ്ദേഹത്തില്‍ വേണ്ടവിധം സ്ഫുരിച്ചുകണ്ടില്ല. പാഞ്ചാലിയായിവേഷമിട്ട ശ്രീ സദനം വിജയന്റെ പ്രകടനം ശരാശരി നിലവാരം പുലര്‍ത്തി.
ശ്രീ ആര്‍.എല്‍.വി.ദാമോദരപിഷാരടി ധൌമ്യനായും, ശ്രീ ആര്‍.എല്‍.വി.സുനില്‍ സൂര്യനായും അരങ്ങിലെത്തി.

ആദ്യഭാഗത്തില്‍ ശ്രീ കോട്ടക്കല്‍ നാരായണനും ശ്രീ കലാമണ്ഡലം വിനോദും ചേര്‍ന്നായിരുന്നു പാട്ട്. ശ്രീ കലാമണ്ഡലം കേശവപൊതുവാളായിരുന്നു ചെണ്ട കൊട്ടിയത്. ഇദ്ദേഹം പതിവുപോലെതന്നെ നല്ലരീതിയില്‍ ‘കൈക്കുകൂടിക്കൊണ്ട്’ കൊട്ടിയിരുന്നു. മദ്ദളം കൈകാര്യംചെയ്ത ശ്രീ കലാമണ്ഡലം നമ്പീശന്‍‌കുട്ടിയും നല്ല പ്രകടനമാണ് കാഴ്ച്ചവെച്ചത്.
ശ്രീ കലാമണ്ഡലം പ്രദീപാണ് കൃഷ്ണനായെത്തിയിരുന്നത്. ‘കഷ്ടമഹോ’ എന്ന പദത്തിന് വളരെ കാലം കയറ്റിയാണ് ഇദ്ദേഹം മുദ്രകള്‍ കാട്ടിയത്. ഇദ്ദേഹം കലാശങ്ങളും മറ്റും വേണ്ടതിലധികം ആയാസപ്പെട്ട് ചവുട്ടുന്നുണ്ടെന്നു തോന്നി. ശ്രീ ആര്‍.എല്‍.വി.രാജുവാണ് സുദര്‍ശ്ശനവേഷമിട്ടിരുന്നത്.
കൃഷ്ണന്റെ പ്രവേശനം മുതല്‍ കോട്ട:നരായണനൊപ്പം ശിങ്കിടിപാടിയത് ശ്രീ കോട്ട:വെങ്ങേരി നാരായണന്‍ നമ്പൂതിരിയായിരുന്നു. പൊതുവേ കോട്ട:നാരായണന്റെ ഈദിവസത്തെ പാട്ട് അത്ര മെച്ചമായില്ലായെങ്കിലും വെങ്ങേരി കൂടെ പാടിയ ഈ ഭാഗത്തേ പാട്ടായിരുന്നു ഭേദപ്പെട്ടത്. ഈ ഭാഗത്ത് ചെണ്ട ശ്രീ കലാ: രാധാകൃഷ്ണനും, മദ്ദളം ശ്രീ കലാ:പ്രകാശനും കൈകാര്യം ചെയ്തു.
ശ്രീ ചെങ്ങാരപ്പിള്ളി അനുജന്‍ രണ്ടാമത്തെ ധര്‍മ്മപുത്രനായും ശ്രീ കലാ:ഇ.വാസു ദുര്‍വ്വാസാവായും വേഷമിട്ടു.ഈ രംഗം മുതല്‍ സംഗീതം കലാ:വിനോദും വേങ്ങേരി നാരായണനും ചേര്‍ന്നായിരുന്നു. തുടര്‍ന്നുള്ള മേളം ശ്രീ കലാ:ശ്രീകാന്ത് വര്‍മ്മയും(ചെണ്ട) ശ്രീ കലാ:വിനീതും ചേര്‍ന്നായിരുന്നു. കിര്‍മ്മീരവധത്തിലെ ‘പാത്രചരിതം’ എന്ന ആദ്യഭാഗത്തിനുശേഷം, കിര്‍മ്മീരന്റെ തിരനോക്ക് മുതലുള്ള ഭാഗമാണ് അവതരിപ്പിക്കപ്പെട്ടത്. കരി,ലളിത-പാഞ്ചാലി തുടങ്ങിയ രംഗങ്ങള്‍ ഇവിടെ അവതരിപ്പിക്കപ്പെട്ടുകയുണ്ടായില്ല. ശ്രീ കലാ:ശങ്കരനാരായണന്‍ കിര്‍മ്മീരനായും ശ്രീ കലാ:രാധാകൃഷ്ണന്‍ ഭീമനായും വേഷമിട്ടു.
ശ്രീ കലാനിലയം ജനാര്‍ദ്ദനനും ശ്രീ എരൂര്‍ മനോജും ചേര്‍ന്നാണ് ഈ ദിവസം ചുട്ടികുത്തിയിരുന്നത്. തൃപ്പൂണിത്തുറ കഥകളികേന്ദ്രത്തിന്റേതായിരുന്നു കളിയോഗം. ശ്രീ ഏരൂര്‍ ശശി, ശ്രീ ഏരൂര്‍ സുരേന്ദ്രന്‍, ശ്രീ എം. നാരായണന്‍, ശ്രീ തൃപ്പൂണിത്തുറ ശശിധരന്‍ എന്നിവരാണ് അണിയറപ്രവര്‍ത്തകര്‍.

6 അഭിപ്രായങ്ങൾ:

-സു‍-|Sunil പറഞ്ഞു...

മണ്യേ, ചുരുക്കത്തിൽ കഴിച്ചുവോ?
-സു-

Haree | ഹരീ പറഞ്ഞു...

• സദനം കൃഷ്ണന്‍‌കുട്ടി നന്നായി എന്നു കേള്‍ക്കുന്നതില്‍ സന്തോഷം. :-)
• ആര്‍.എല്‍.വി. സുനില്‍ എന്താണ് സൂര്യന്‍ സ്പെഷ്യലിസ്റ്റോ, എല്ലായിടത്തും അദ്ദേഹം സൂര്യനാണല്ലോ!!! :-D
• രണ്ടാമത്തെ ധര്‍മ്മപുത്രരോ? അതെവിടം മുതല്‍ക്കാണ്?

ഇതവിടെ എവിടെയിരുന്നു പോസ്റ്റി? :-) കുറേപ്പേര്‍ ഉണ്ടായിരിക്കുമല്ലോ അവിടെ... എല്ലാവരോടും എന്റെ അന്വേഷണം...
--

മണി,വാതുക്കോടം. പറഞ്ഞു...

@ സൂ-
വിസ്തരിച്ചില്ലെങ്കിലും കാര്യങ്ങള്‍ മനസിലാക്കാനായീ എന്നു കരുതുന്നു.

@ ഹരീ-
ദുര്‍വ്വാസാവിന്റെ രംഗം മുതല്‍ക്ക് ധര്‍മ്മപുത്രര്‍ മാറാറുണ്ടല്ലൊ സാധാരണ.

ഞാന്‍ തൃപ്പൂണിത്തുറക്ക് പോയ് വരികയാണ് ദിവസവും. അന്യൂഷണം പറയാം. ഇക്കുറി പൊതുവേ ആള് കുറവാണ്.

Haree | ഹരീ പറഞ്ഞു...

:-) ദുര്‍വ്വാസാവിന്റെ രംഗമൊക്കെ ഉണ്ടായിരുന്നു എന്ന് പോസ്റ്റില്‍ നിന്നും മനസിലായില്ല. ‘പാത്രചരിതം’ പലപ്പോഴും, പാഞ്ചാലിക്ക് പാത്രം നല്‍കുന്നതു വരെക്കൊണ്ട് നിര്‍ത്താറുണ്ടല്ലോ... അതാണ് അങ്ങിനെയൊരു ചോദ്യം വന്നത്.
--

മണി,വാതുക്കോടം. പറഞ്ഞു...

@ ഹരീ
"ശ്രീ ചെങ്ങാരപ്പിള്ളി അനുജന്‍ രണ്ടാമത്തെ ധര്‍മ്മപുത്രനായും ശ്രീ കലാ:ഇ.വാസു ദുര്‍വ്വാസാവായും വേഷമിട്ടു." എന്ന് എഴുതിയിട്ടുണല്ലോ, ചിത്രവും കൊടുത്തിട്ടുണ്ട്. അതിനാല്‍ മനസ്സിലാകുമെന്ന് കരുതി.....

Haree | ഹരീ പറഞ്ഞു...

:-) അശ്രദ്ധ! ക്ഷമിക്കൂ...
--