കോട്ടക്കല്‍ ഉത്സവം (ഭാഗം 3)

‘നല്ലാര്‍ കുല
കോട്ടക്കല്‍ വിശ്വംഭരക്ഷേത്രത്തിലെ ഈവര്‍ഷത്തെ 
തിരുഉത്സവത്തിന്റെ നാലാം ദിവസമായ 11/04/2010ന് രാത്രി 12ന്  കളിക്ക് വിളക്കുവെച്ചു.
 ‘മടങ്ങുകയല്ലല്ലീ സഖീ’
ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. ഇതില്‍ ലളിതയായി കലാമണ്ഡലം രാജശേഘരനും പാഞ്ചാലിയായി കലാമണ്ഡലം വൈശാഘും വേഷമിട്ടു. രാജശേഘരന്റെ ലളിതയ്ക്ക് എടുത്തുപറയത്തക്ക പ്രത്യേകതകളോന്നും ഇല്ലെങ്കിലും നല്ല നിലവാരം പുലര്‍ത്തുന്നതായിരുന്നു.
‘ശരീരമിതു മമ കണ്ടായോ
ഈ രംഗത്തില്‍ പത്തിയൂര്‍ ശങ്കരന്‍‌കുട്ടിയും
കോട്ടക്കല്‍ വെങ്ങേരി നാരായണനും ചേര്‍ന്നായിരുന്നു പാടിയത്. ചെണ്ടയും ഇടയ്ക്കയും കോട്ടക്കല്‍ വിജയരാഘവന്‍ കൈകാര്യം ചെയ്തപ്പോള്‍ മദ്ദളം വായിച്ചത് കലാമണ്ഡലം ഹരിനാരായണന്‍ ആയിരുന്നു.
‘പാഞ്ചാലരാജ തനയേ’
കൈല്യാണസൌഗന്ധികം ആയിരുന്നു രണ്ടാമതായി അവതരിപ്പിച്ച കഥ. 
ഇതില്‍ ഭീമനായി കലാമണ്ഡലം ബാലസുബ്രഹ്മണ്യനും പാഞ്ചാലിയായി വെള്ളിനേഴി ഹരിദാസും അരങ്ങിലെത്തി. ബാലസുബ്രഹ്മണ്യന്‍ ആദ്യരംഗത്തിലെ പതിഞ്ഞപദം ഉള്‍പ്പെടെയുള്ള ചൊല്ലിയാട്ടങ്ങള്‍ നന്നായി ചെയ്തിരുന്നു. തുടര്‍ന്നുള്ള ആട്ടത്തില്‍, പ്രാധാന്യം അര്‍ഹിക്കുന്ന വനവര്‍ണ്ണനയും ഗന്ധമാദനപര്‍വ്വതത്തിന്റെ വര്‍ണ്ണനയും ഉപേക്ഷിച്ച ഇദ്ദേഹം അജഗരകബളിതം ആടിയിരുന്നു എങ്കിലും ഇത് അത്ര അനുഭവവേദ്യമായതുമില്ല. ഭീമന്റെ ആട്ടത്തില്‍ അജഗരകബളിതം വിട്ടാലും വനവര്‍ണ്ണനയാണ് അവശ്യം ചെയ്യേണ്ടത്.
‘ഗുഹാന്തരേ മേവുന്നു’
കല്യാണസൌഗന്ധികം ആദ്യരംഗത്തിലും പാട്ട് പത്തിയൂരും 
വേങ്ങേരിയും ചേര്‍ന്നായിരുന്നു. സദനം വാസുദേവനും(ചെണ്ട) കലാമണ്ഡലം ശശിയും(മദ്ദളം) ആയിരുന്നു മേളത്തിന്

ഹനുമാനായി വേഷമിട്ട മടവൂര്‍ വാസുദേവന്‍ നായര്‍ 
മികച്ച പ്രകടനം കാഴ്ച്ചവെയ്ച്ചു. പദത്തിനിടയിലെ അഷ്ടകലാശവും പാത്രോചിതമായ ചെറു ആട്ടങ്ങളും ഭാവങ്ങളും മടവൂരിന്റെ ഹനുമാനെ വത്യസ്തനാക്കുന്നു. ‘മാന്യനായ തവ സോദരന്‍’ എന്ന് ചൊല്ലിവട്ടം തട്ടിയപ്പോള്‍ അര്‍ജ്ജുനന്റെ കൊടിയില്‍ വസിച്ചുകൊള്ളാം എന്ന് ഉറപ്പിക്കുവാന്‍ കാരണമായ കഥ ചുരുക്കി ആടുകയുമുണ്ടായി ഇദ്ദേഹം.
ഹനുമാന്‍ പറയുന്നത് ശ്രദ്ധിക്കാതെ തന്റെ ആട്ടങ്ങള്‍ നടത്തുകയും, 
ഹനുമാന്‍ ആടുമ്പോള്‍ അതില്‍ അനാവശ്യമായി ഇടപെട്ടുകൊണ്ടുമാണ് ഭീമന്‍ അരങ്ങില്‍ വര്‍ത്തിച്ചിരുന്നത്. ഹനുമാനും ഭീമനും എന്ന നിലക്കും അതല്ല; മടവൂരും ബാലസുബ്രഹ്മണ്യനും എന്ന നിലയ്ക്കുനോക്കിയാലും ഇത് ഉചിതമായ പ്രവൃത്തിയായില്ല.ഹനുമാന്റെ രംഗങ്ങളില്‍ കലാമണ്ഡലം ഹരീഷും 
കോട്ടക്കല്‍ സുരേഷും ചേര്‍ന്നാണ് പദങ്ങള്‍ പാടിയത്. കുറൂര്‍ വാസുദേവന്‍ നമ്പൂതിരി ചെണ്ടയിലും കലാ:ഹരിനാരായണന്‍ മദ്ദളത്തിലും മേളമൊരുക്കി.ബാലിവധം കഥയാണ് ഈ ദിവസം തുടര്‍ന്നവതരിപ്പിച്ചത്. 
ഇതില്‍ സുഗ്രീവവേഷമിട്ടിരുന്നത് കോട്ടക്കല്‍ ദേവദാസ് ആയിരുന്നു. ഇദ്ദേഹം തന്റേടാട്ടം നന്നായി ചെയ്തിരുന്നുവെങ്കിലും ആട്ടങ്ങളില്‍ പൂര്‍ണ്ണതവരുത്തുവാന്‍ ശ്രദ്ധിച്ചിരുന്നില്ല. ആകാശത്തിലൂടെ ചാടിപോകവേ ബാലി ഋഷ്യമൂകാചലത്തിലിരിക്കുന്ന സുഗ്രീവന്റെ തലയില്‍ ചവുട്ടിയെന്നും ഇതുകണ്ട ഹനുമാന്‍ ബാലിയുടെ കാലില്‍ പിടിച്ച് വലിച്ചു എന്നും സുഗ്രീവന്‍ ആടിയിരുന്നു. എന്നാല്‍ ഇനി മേലില്‍ സുഗ്രീവനെ ചവിട്ടില്ല എന്ന് സത്യം ചെയ്യിച്ചിട്ടാണ് ബാലിയുടെ കാല്‍ വിട്ടത് എന്ന് ആടി ആട്ടം പൂര്‍ത്തിയാക്കിയതായി കണ്ടില്ല. ഇതു പോലെ അകലെനിന്നും വരുന്നവര്‍ ശത്രുക്കളെങ്കില്‍ വധിച്ചുകളയുവാന്‍ ഹനുമാനോട് നിര്‍ദ്ദേശിച്ച സുഗ്രീവന്‍ മിത്രങ്ങളെങ്കില്‍ കൂട്ടിക്കൊണ്ടു വരുവാന്‍ നിര്‍ദ്ദേശിക്കുന്നതും കണ്ടില്ല. സീതയുടെ ആഭരണങ്ങള്‍ രാമനു നല്‍കുന്ന ഭാഗവും ഇവിടെ ചെയ്തുകണ്ടില്ല. കഥാന്ത്യത്തില്‍ രാജ്യാഭിഷിക്തനാകുന്ന സമയത്ത് അംഗദനെ മടിയിലിരുത്തിക്കൊണ്ടാണ് സുഗ്രീവന്‍ ഇരുന്നിരുന്നത്.
 


കലാമണ്ഡലം അരുണ്‍ വാര്യരാണ് രാമനായി വേഷമിട്ടിരുന്നത്.
ബാലിയായി എത്തിയ കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍ 
നല്ല പ്രകടനം കാഴ്ച്ചവെച്ചിരുന്നു. കോങ്ങാട്ടെ ബാലിവധത്തിലെപോലെ തന്നെ ഇവിടയും, ഇരുന്നുകൂക്കല്‍ പീഠത്തിലിരുന്നുകൊണ്ട് ചെയ്യുകയും അതിനെ തുടര്‍ന്നുള്ള കിടന്നുചവുട്ടല്‍ എന്ന ഇനം ഒഴിവാക്കുകയും ചെയ്തിരുന്നു. ബാലിയുടെ അന്ത്യഭാഗം അതായത് ‘താരയാം വാനരസ്ത്രീ’ എന്ന ശ്ലോകത്തിനുശേഷമുള്ള ഭാഗത്തിന്റെ അവതരണം ഔചിത്യപരമായി തോന്നിയില്ല. ഇവിടെയുള്ള ‘ബാധിതസ്യ സായകേന’ എന്ന ബാലിയുടെ പദത്തിന് പൂര്‍ണ്ണമായി മുദ്രകള്‍ കാട്ടേണ്ടതില്ല. ‘ഒരു മൊഴി പറയാനും പണിയായി’ എന്നാണല്ലൊ പദത്തില്‍ പറയുന്നത്. എന്നാല്‍ ഇപ്പോഴത്തെ ബാലികള്‍ ഇവിടെ മുദ്ര വടിവായിതന്നെ കാണിക്കും. മുദ്രപൂര്‍ത്തിയായി കാണാതെ പാട്ടുകാര്‍ തുടര്‍ന്നു പാടുകയുമില്ല. ഒരു മൊഴി പറയാനും പണിയായ ശേഷവും ഉണ്ണിത്താന്റെ ബാലി മുട്ടില്‍കുത്തി നില്‍ക്കുകയും ‘രാമ’, ‘സ്വാമീ’, ‘താരെ’, ‘അംഗദ’ എന്നൊക്കെ വിളിക്കുന്നുണ്ടായിരുന്നു. സാക്ഷാല്‍ വിഷ്ണുഭഗനെ ദര്‍ശ്ശിക്കുകയും തന്നെ വധിച്ചിരിക്കുന്നതെന്ന് അദ്ദേഹമാണന്നും തനിക്ക് മോക്ഷമാണ് ലഭിച്ചിരിക്കുന്നതെന്നും ഒക്കെ അറിഞ്ഞ് ശേഷം ബാലി താരയ്ക്കും അംഗദനും ആരുമില്ലെന്ന് രോദനം ചെയ്യുന്നതും പച്ചമരുന്ന് ഞെരടി മുറിവില്‍ വെയ്ക്കുന്നതും, കുടിക്കാന്‍ ജലം കൊണ്ടുവാ എന്ന് രാമനോട് പറയുന്നതും ഒക്കെ ഉള്‍ക്കൊള്ളുവാന്‍ ആകുന്നില്ല. ഈ ഭാഗത്ത് വേദന, ഭക്തി എന്നീഭാവങ്ങള്‍ പ്രകടിപ്പിച്ചുകൊണ്ട് മരണത്തിലേയ്ക്ക് നീങ്ങുന്നതാണ് നന്നെന്നു തോന്നുന്നു.

കലാ:ഹരീഷ് ആയിരുന്നു ബാലിവധത്തിന് പൊന്നാനി പാടിയത്. 
പൊതുവേ നന്നായി പാടിയിരുന്നുവെങ്കിലും ഇദ്ദേഹം ബാലിയുടെ പദത്തിന്റെ കാലം താഴ്ത്തിയത് ഉചിതമായി തോന്നിയില്ല. ക്രുദ്ധഭാവത്തിലുള്ള ബാലിയുടെ പദം ഉയര്‍ന്ന കാലത്തില്‍ തന്നെ പാടുന്നതാണ് ചേര്‍ച്ച. കോട്ട: സുരേഷും കോട്ടക്കല്‍ സന്തോഷും ആയിരുന്നു ശിങ്കിടിയ്ക്ക്. കലാനിലയം കുഞ്ചുണ്ണിയും കോട്ട:വിജയരാഘവനും ചേര്‍ന്ന് ബാലിവധം ആദ്യഭാഗത്തും തുടര്‍ന്ന് കുറൂര്‍ വാസുദേവന്‍ നമ്പൂതിരിയും കോട്ടക്കല്‍ മനീഷ് രാമനാഥനും ചേര്‍ന്നും ചെണ്ടയില്‍ നല്ല മേളമാണ് ഒരുക്കിയിരുന്നത്.

ബാര്‍ബറ വിജയ കുമാര്‍, കോട്ടക്കല്‍ രാമചന്ദ്രന്‍ 
തുടങ്ങിയവരായിരുന്നു ഈ ദിവസത്തെ ചുട്ടിക്കാര്‍. ഹനുമാന്റെ ചുട്ടി വേണ്ടത്ര നന്നായിരുന്നില്ല.
ഈ ദിവസവും കോട്ടക്കല്‍ പി.എസ്സ്.വി.നാട്ട്യസംഘത്തിന്റെ ചമയങ്ങളുപയോഗിച്ച് അണിയറസഹായികളായി വര്‍ത്തിച്ചിരുന്നത് അപ്പുണ്ണിതരകന്‍, കുഞ്ഞിരാമന്‍, വാസു മുതല്പേരായിരുന്നു.

1 അഭിപ്രായം:

AMBUJAKSHAN NAIR പറഞ്ഞു...

(ഹനുമാനായി വേഷമിട്ട മടവൂര്‍ വാസുദേവന്‍ നായര്‍ മികച്ച പ്രകടനം കാഴ്ച്ചവെയ്ച്ചു. പദത്തിനിടയിലെ അഷ്ടകലാശവും പാത്രോചിതമായ ചെറു ആട്ടങ്ങളും ഭാവങ്ങളും മടവൂരിന്റെ ഹനുമാനെ വത്യസ്തനാക്കുന്നു. ‘മാന്യനായ തവ സോദരന്‍’ എന്ന് ചൊല്ലിവട്ടം തട്ടിയപ്പോള്‍ അര്ജ്ജുംനന്റെ കൊടിയില്‍ വസിച്ചുകൊള്ളാം എന്ന് ഉറപ്പിക്കുവാന്‍ കാരണമായ കഥ ചുരുക്കി ആടുകയുമുണ്ടായി ഇദ്ദേഹം.)

സഹായം ചോദിച്ചത് സഹോദരനായ ഞാൻ. അങ്ങ് എന്തിനാണ് അര്ജ്ജുദനന്റെ കൊടിയില്‍ വസിച്ചു കൊണ്ട് കൗരവരെ ഭയപ്പെടുത്തും എന്ന് പറയുന്നത് എന്ന് പണ്ട് ഭീമൻ ചോദിക്കുന്ന രീതി കഥകളിയിൽ ഉണ്ടായിരുന്നു. ഔചിത്യവും കഥയ്ക്കനുസൃതവുമായ ആട്ടം തന്നെയാണ് അത്. ഭീമനായെത്തുന്ന എത്ര കലാകാരന്മാർക്ക് ഈ കഥ അറിയും എന്നതിലാണ് സശയം അധികവും. മിതത്വം എന്ന ഒറ്റവാക്ക് ഉപയോഗിച്ച് കഥയ്ക്ക് അനുയോജ്യമായ ചെറു ചെറു ആട്ടങ്ങൾ അരങ്ങിൽ നിന്നും അപ്രത്യക്ഷമായി കൊണ്ടിരിക്കയാണ്.

(ഹനുമാന്‍ പറയുന്നത് ശ്രദ്ധിക്കാതെ തന്റെ ആട്ടങ്ങള്‍ നടത്തുകയും, ഹനുമാന്‍ ആടുമ്പോള്‍ അതില്‍ അനാവശ്യമായി ഇടപെട്ടുകൊണ്ടുമാണ് ഭീമന്‍ അരങ്ങില്‍ വര്ത്തിാച്ചിരുന്നത്. ഹനുമാനും ഭീമനും എന്ന നിലക്കും അതല്ല; മടവൂരും ബാലസുബ്രഹ്മണ്യനും എന്ന നിലയ്ക്കു നോക്കിയാലും ഇത് ഉചിതമായ പ്രവൃത്തിയായില്ല.)

ബാലസുബ്രഹ്മണ്യനിൽ ഇങ്ങിനെ ഒരു പ്രവർത്തി ഉണ്ടാവുകയോ ? വിശ്വസിക്കാനാവില്ല.