അമ്പലപ്പുഴ ഉത്സവം (ഭാഗം-2)

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിലെ ഉത്സകളിയുടെ 
രണ്ടാംദിവസമായ 03/04/2010ന് രാത്രി 10മണിയോടെ വിളക്കുവെച്ചു. ഉണ്ണായിവാര്യര്‍ രചിച്ച നളചരിതം ഒന്നാംദിവസത്തെ കഥയായിരുന്നു അന്ന് അവതരിപ്പിക്കപ്പെട്ടത്. ഇതിലെ ഹംസത്തിന്റെ മടങ്ങിവരവിനുശേഷമുള്ള നാരദന്റെ രംഗങ്ങളും രാക്ഷസരുടെ രംഗങ്ങളുമൊഴിച്ച് ബാക്കിഭാഗങ്ങളെല്ലാം ഇവിടെ അവതരിപ്പിച്ചിരുന്നു.
പൂര്‍വ്വഭാഗത്തില്‍ നളനായി അഭിനയിച്ചത് കലാമണ്ഡലം 
ഗോപി ആയിരുന്നു. നാരദനോടുള്ള പദവും ‘കുണ്ഡിനനായക’ എന്ന വിചാരപദവുമൊക്കെ മികച്ച ഭാവത്തോടെ പദം വ്യാഘ്യാനിച്ചുള്ള ഇദ്ദേഹത്തിന്റെ അഭിനയം എത്ര കണ്ടാലും മതിവരാത്തതാണ്. കഥകളിയുടെ ചിട്ടവട്ടങ്ങള്‍ വിടാതയും കഥാപാത്രത്തെ ഉള്‍കൊണ്ടുകൊണ്ട് സന്ദര്‍ഭോചിതമായ ഭാവപ്രകാശനത്തോടെയുമുള്ള അഭിനയം പതിവുപോലെ ഗോപിയാശാന്‍ കാഴ്ച്ചവെയ്ച്ചു. 
“ഹരിമന്ദിരത്തില്‍ നിന്നോ“


നാരദനായി വേഷമിട്ടിരുന്നത് തകഴി കരുണാകരകുറുപ്പായിരുന്നു.
“ഊര്‍ജ്ജിതാശയാ”
കലാമണ്ഡലം മുകുന്ദനാണ് ഹംസവേഷമണിഞ്ഞത്. 
നെറ്റിയിലെ നാമം സാധാരണയില്‍ നിന്നും വത്യസ്ഥമായാണ് വരച്ചിരുന്നത്. ആദ്യഭാഗങ്ങളില്‍ ശരാശരി നിലവാരം പുലര്‍ത്തിയ ഇദ്ദേഹത്തിന്റെ ഹംസം മടങ്ങിവരവു രംഗത്തില്‍ വേണ്ടത്ര ശോഭിച്ചില്ല. കഥാപാത്രത്തെ മുഴുവാനായി ഉള്‍കൊണ്ട് പ്രവര്‍ത്തിക്കുകയാണെങ്കില്‍ മുകുന്ദന് പ്രകടനം കൂടുതല്‍ മെച്ചമാക്കാവുന്നതേയുള്ളു.
“ഇന്ദ്രനും ഇന്ദ്രാണിതാനും”
കലാമണ്ഡലം വിജയന്‍ നല്ല രസാഭിനയത്തോടെ ദമയന്തിവേഷം 
കൈകാര്യം ചെയ്തിരുന്നു. സഖിമാരായി അരങ്ങിനെത്തിയത് കലാമണ്ഡലം ശുചീന്ദ്രനും മധു വാരണാസിയും ആയിരുന്നു.
“അരയന്ന മന്നവാ”
ആദ്യഭാഗത്ത് പൊന്നാനി പാടിയത് പത്തിയൂര്‍ ശങ്കരന്‍‌കുട്ടി 
ആയിരുന്നു. കലാമണ്ഡലം ജയപ്രകാശും കലാനിലയം ബാബുവും ആയിരുന്നു ശിങ്കിടിക്ക്. ഇവരുടെ സംഗീതം കളിക്കുതകുന്നതായിരുന്നു.
“നരപതേ തവ”
ഉത്തരഭാഗത്തില്‍ നളനായെത്തിയത് കലാമണ്ഡലം 
ഷണ്മുഖനായിരുന്നു. ഹംസത്തിനെ അയച്ചശേഷം നളന്‍ തേരുവരുത്തിയാണ് ഉദ്യാനത്തില്‍ നിന്നും പുരത്തിലേയ്ക്ക് പോകുന്നത് കണ്ടത്. ഇങ്ങോട്ട് തേരില്ലാതെ വന്ന നളന്‍ എന്തിന് മടങ്ങിപോകാന്‍ തേരുവരുത്തി? ദൂരെ ദേശത്തുന്നുമല്ലല്ലോ നളന്‍ പോയ് വസിച്ചത്. സ്വന്തം ഉദ്യാനത്തിലല്ലെ. അതിനാല്‍ ഇവിടെ തേരിന്റെ ആവശ്യമുണ്ടന്ന് തോന്നുന്നില്ല. ഭാവാഭിനയത്തിലെ കുറവും ഷണ്മുഖന്റെ നളന്റെ പൊലിമകുറച്ചു.
“അറിവനഹം നളനല്ലയോ നീ”
കലാനിലയം വിനോദ് ഇന്ദ്രനായും തകഴി കരുണാകരക്കുറുപ്പ് 
യമനായും അരങ്ങിലെത്തി. യമന്‍ ആടേണ്ട ‘ചെയ്‌വനെന്നു മുന്നേ ചൊന്ന’ എന്ന ചരണത്തിനു പകരം ‘പാല്‍‌പൊഴിയും മൊഴി’ എന്ന ചരണമാണ് യമന്‍ ഇവിടെ ആടിയത്.
“ഭൈമീകാമുകനല്ലൊ ഞാനും”
നളന്റെ ദൂത് രംഗത്തിലെ ‘ഹേ മഹാനുഭാവ’ എന്ന ദമയന്തിയുടെ പദം 
വിജയന്‍ കാലംവലിച്ച് പതിഞ്ഞപദത്തിന്റെ ഛായയിലാണ് ആരംഭിച്ചത്. ഈ പദം ഇത്ര താഴ്ത്തേണ്ടതില്ല എന്ന് തോന്നി.
“ഹേ മഹാനുഭാവാ”

“ശ്രീമാനമരപതീ”


 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
സരസ്വതിയായി കലാ:ശുചീന്ദ്രന്‍ വേഷമിട്ടു.
“അന്വയം ഗുണവും എല്ലാം”

“ബാലേ തനയേ ദമയന്തീ”
 
 
 
 
 
 
 
 
 
 
 
 
 
ഉത്തരഭാഗത്ത് പൊന്നാനി പാടിയ കലാമണ്ഡലം ബാബു നമ്പൂതിരി 
മികച്ചപ്രകടനം കാഴ്ച്ചവെച്ചു. അടുത്തകാലത്ത് ഇത്രനന്നായി ഒരു ഉത്തരഭാഗം പാടി കേട്ടിട്ടില്ല. കലാനി: ബാബുവും കലാ: ജയപ്രകാശും ആയിരുന്നു ശിങ്കിഗായകര്‍.
“മാലിയിട്ടൊരുവനെ വരിക്ക നീ”
ഈ കളിക്ക് കുറൂര്‍ വാസുദേവന്‍ നമ്പൂതിരിയും, കലാനിലയം രതീഷും 
ചെണ്ടയിലും കലാനിലയം മനോജ്, കലാമണ്ഡലം വിനീത് എന്നിവര്‍ മദ്ദളത്തിലും നല്ല മേളം പകര്‍ന്നിരുന്നു.
“എങ്കലൊരപരാധം വരികിലും”
 അമ്പലപ്പുഴ സന്ദര്‍ശ്ശന്‍ കഥകളിവിദ്യാലയത്തിന്റെ 
ചമയങ്ങളുപയോഗിച്ച് ഈ കളിയ്ക്ക് അണിയറസഹായികളായി വര്‍ത്തിച്ചിരുന്നത് പള്ളിപ്പുറം ഉണ്ണികൃഷ്ണന്‍, കണ്ണന്‍ തുടങ്ങിയവരായിരുന്നു.
“ശൂരാ നൈഷധാ”

3 അഭിപ്രായങ്ങൾ:

AMBUJAKSHAN NAIR പറഞ്ഞു...

മി. മണി,
ഒന്നിലെ നളൻ ദമയന്തിയെ പറ്റിയുളള ചിന്തയാൽ അസ്വസ്ഥനായി രാജ്യഭാരം മന്ത്രിയെ ഏൽപ്പിച്ചു. പിന്നീട് കുതിരയെ കൊണ്ടുവരാൻ ആജ്ഞാപിച്ചു. കുതിരപ്പുറത്തു കയറി നളൻ യാത്രയായി. ഇന്നത്തെ പ്രശസ്ഥനായ ചെണ്ട കലാകാരൻ കുതിരയുടെ കുളമ്പടി ശബ്ദം ചെണ്ടയിൽ വരുത്തി. സ്ററേജിൽ രണ്ടു തവണ കറങ്ങി അണിയറയിലേക്ക് പോയി. അടുത്ത രംഗം ഉദ്യാനം. ഇത് ചെന്നൈയിൽ ഒരു പ്രശസ്ത സദനം ഗുരുനാഥന്റെ നളന്റെ അവതരണത്തിൽ ഞാൻ കണ്ടതാണ്.
അമ്പലപ്പുഴ കളിക്ക് (ഹംസത്തിനെ അയച്ചശേഷം നളന്‍ തേരുവരുത്തിയാണ് ഉദ്യാനത്തില്‍ നിന്നും പുരത്തിലേയ്ക്ക് പോകുന്നത് കണ്ടത്. ഇങ്ങോട്ട് തേരില്ലാതെ വന്ന നളന്‍ എന്തിന് മടങ്ങിപോകാന്‍ തേരുവരുത്തി? ദൂരെ ദേശത്തുന്നുമല്ലല്ലോ നളന്‍ പോയ് വസിച്ചത്. സ്വന്തം ഉദ്യാനത്തിലല്ലെ. അതിനാല്‍ ഇവിടെ തേരിന്റെ ആവശ്യമുണ്ടന്ന് തോന്നുന്നില്ല.) നളൻ ഹംസത്തിന്റെ തിരിച്ചു വരവും മറ്റും മനസ്സിന്റെ അസ്വസ്ഥത നീക്കി. ഉദ്യാനത്തിൽ നിന്നും സന്തോഷത്തോടെ മടങ്ങുമ്പോൾ തേരുവരുത്തി എന്ന് ആശ്വസിക്കാം. ഇതെല്ലാം ഓരോ നമ്പരുകൾ അല്ലേ.

AMBUJAKSHAN NAIR പറഞ്ഞു...

തകഴി കരുണാകരക്കുറുപ്പ് എന്നാണോ (ഈ നാരദ) നടനെ അറിയപ്പെടുന്നത് ? കലാനിയം കരുണാകരക്കുറുപ്പ് എന്നാണ് അറിയപ്പെടുന്നത്. തിരുവല്ലായിലെ കളികൾക്ക് കാണാറുള്ള നടനാണ്.

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

@ അബുചേട്ടാ,
അപ്പോള്‍ സാധാരണ രാജാക്കന്മാര്‍ മനസ്സുഖം ഇല്ലാത്തപ്പോള്‍ നടന്നും സുഖം വന്നാല്‍ തേരിലുമാണോ സഞ്ചരിക്കാറ്?

നളനായി ഭൈനയിക്കുന്ന നടന്‍ മാറിയാലും നമ്മള്‍ കാണികള്‍ മാറുന്നില്ലല്ലൊ.....

കരുണാകരകുറുപ്പ് തകഴിക്കാരനാണ്. കലാനിലയത്തിലാണോ പഠിച്ചത്? എനിക്കറിയില്ലായിരുന്നു. ഇദ്ദേഹത്തിന്റെ അടുത്തുനിന്നാണ് ഷ്ണ്മുഖന്‍ കച്ചയും മെഴുക്കും വാങ്ങി അഭ്യാസം തുടങ്ങിയത്.