കോട്ടക്കല്‍ ഉത്സവം (ഭാഗം 4)

കോട്ടക്കല്‍ വിശ്വംഭരക്ഷേത്രത്തിലെ ഈവര്‍ഷത്തെ 
തിരുഉത്സവത്തിന്റെ അഞ്ചാം ദിവസമായ 12/04/2010ന് രാത്രി 11:30ന്  കളിക്ക് വിളക്കുവെച്ചു. 
കൊട്ടാരക്കരതമ്പുരാന്റെ സീതാസ്വയംവരം കഥയിലെ 
പരശുരാമന്റെ രംഗമാണ് ഈദിവസം ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. ഇതില്‍ പരശുരാമനായെത്തിയ കോട്ടക്കല്‍ കേശവന്‍ കുണ്ഡലായര്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചു. കുഞ്ചുനായരാശാന്‍ ചിട്ടപ്പെടുത്തിയ രീതിയില്‍-തപസ്സുണരുന്നതും ശ്രീമാന്‍ ശൈവചാപം ഖണ്ഡിച്ചതായി അറിയുന്നതുമായ ആട്ടത്തോടെയാണ് രംഗം ആരംഭിച്ചത്.  പദങ്ങള്‍ക്കിടയില്‍ വരുന്ന പത്തോളം കലാശങ്ങളും ചൊല്ലിവട്ടംതട്ടുന്നിടത്തുള്ള ആട്ടങ്ങളുമാണ് പരശുരാന്റെ അവതരണത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നത്. ഇവയെല്ലാംതന്നെ കുണ്ഡലായര്‍ നന്നായി ചെയ്തിരുന്നു.
രാമനായെത്തിയ കോട്ടക്കല്‍ സുധീറും നല്ല പ്രകടനമാണ് 
കാഴ്ച്ചവെച്ചിരുന്നത്. ദശരഥനായി ആര്‍.എല്‍.വി.സുനിലും ലക്ഷ്മണനായി കോട്ടക്കല്‍ ബാലനാരായണനുമാണ് അരങ്ങിലെത്തിയത്.
ഈ കഥയ്ക്ക് കലാമണ്ഡലം മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരിയും 
കലാമണ്ഡലം വിനോദും ചേന്ന് കഥകളിത്തമുള്ള പാട്ടും, കോട്ടക്കല്‍ പ്രസാദും കോട്ടക്കല്‍ വിജയരാഘവനും ചേര്‍ന്ന് ചെണ്ടയിലും, തൃപ്പലമുണ്ട  നടരാജവാര്യരും കോട്ടക്കല്‍ ശബരീഷും ചേര്‍ന്ന് മദ്ദളത്തിലും മികച്ച മേളവും ഒരുക്കിയതോടെ സീതാസ്വയംവരം കാണികള്‍ക്ക് ഏറെ ആസ്വാദ്യമായി തീര്‍ന്നു.
ഇരയിമ്മന്‍ തമ്പിയുടെ കീചകവധം കഥയാണ് 
ഈ ദിവസം രണ്ടാമതായി അവതരിപ്പിച്ചത്. ഇതില്‍ സുദേഷ്ണയായി കലാമണ്ഡലം പത്മനാഭനും സൈരന്ധ്രിയായി കോട്ടക്കല്‍ രാജുമോഹനും വേഷമിട്ടു. അമിതാഭിനയവും അനാവശ്യമായ ആട്ടങ്ങളും നിറഞ്ഞ രാജുമോഹന്റെ സൈരന്ധ്രി പലപ്പോഴും സന്ദര്‍ഭത്തിനു യോജിക്കാതെ പെരുമാറുന്നതായി തോന്നി. ‘കേകയഭൂപതി കന്യേ’ എന്നപദം പതിഞ്ഞകാലത്തില്‍  തുടങ്ങിയപ്പോള്‍ ഇദ്ദേഹം ലേശം ആയാസപ്പെടുന്നുണ്ടായിരുന്നു. പല്ലവികഴിഞ്ഞ് കാലം തള്ളികിട്ടിയതോടെ ആയാസം വിട്ടു. കീചകന്റെ പതിഞ്ഞപദസമയത്ത് പാത്രസ്വഭാവത്തിനു വിരുദ്ധമായി സൈരന്ധ്രി ശൃഗാരഭാവത്തിലാണ് നിന്നിരുന്നത്. 
കീചകവേഷത്തിലെത്തിയ കലാമണ്ഡലം കൃഷ്ണകുമാര്‍ വിടത്തമാര്‍ന്ന 
പ്രവൃത്തികളോടെയും ഭാവാഭിനയത്തോടെയും നന്നായി അഭിനയിച്ചു. 
വലലനായി അഭിനയിച്ച കോട്ടക്കല്‍ എ.ഉണ്ണികൃഷ്ണന്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചു.
















കീചകവധാനന്തരമുള്ളതും സാധാരണപതിവില്ലാത്തതുമായ 
ഉപകീചകവധവും ഇവിടെ അവതരിപ്പിക്കുകയുണ്ടായി. കോട്ടക്കല്‍ മുരളീധരനാണ് ഉപകീചകനായെത്തിയത്. ഭീരുവായി കോട്ടക്കല്‍ മനോജും വേഷമിട്ടു.
കീചകവധം ആദ്യഭാഗം കലാ:വിനോദും 
കോട്ടക്കല്‍ സുരേഷും ചേര്‍ന്നും തുടര്‍ന്ന് കോട്ടക്കല്‍ വെങ്ങേരി നാരായണനും കോട്ടക്കല്‍ സന്തോഷും ചേര്‍ന്നുമാണ് പാടിയത്.
വാഴേങ്കിട കൃഷ്ണദാസ്, കോട്ടക്കല്‍ മനീഷ് രാമനാഥന്‍ 
എന്നിവരായിരുന്നു ചെണ്ടകൊട്ടിയത്. കലാമണ്ഡലം ഈശ്വരവാര്യര്‍, തൃപ്പലമുണ്ട നടരാജവാര്യര്‍ തുടങ്ങിയവരായിരുന്നു മദ്ദളത്തിന്
കലാനിലയം പരമേശ്വരന്‍‍, കോട്ടക്കല്‍ രാമചന്ദ്രന്‍, 
സദനം ശ്രീനിവാസന്‍ തുടങ്ങിയവരായിരുന്നു ഈ ദിവസത്തെ ചുട്ടിക്കാര്‍. ഈ ദിവസവും കോട്ടക്കല്‍ പി.എസ്സ്.വി.നാട്ട്യസംഘത്തിന്റെ ചമയങ്ങളുപയോഗിച്ച് അണിയറസഹായികളായി വര്‍ത്തിച്ചിരുന്നത് അപ്പുണ്ണിതരകന്‍, കുഞ്ഞിരാമന്‍, വാസു മുതല്പേരായിരുന്നു.

3 അഭിപ്രായങ്ങൾ:

Sajeesh പറഞ്ഞു...

മണി,

ഞാന്‍ കളി കാണാന്‍ വരണം എന്ന് വിചാരിച്ചു നടന്നില്ല. മണിയുടെ ബ്ലോഗില്‍ എല്ലാ കളികളേയും പറ്റി വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു സമാധാനം ആയി. വളരെ നന്ദി.

സത്യം പറഞ്ഞാല്‍ മണിയെ ഒന്ന് പരിചയപെടണം എന്നും ഉണ്ടായിരുന്നു.

രൌദ്ര ഭീമന്റെ ഒരു ഫോട്ടോ ബ്ലോഗില്‍ ഇടാമായിരുന്നു. മണി എഴുതി കണ്ടു തേപ്പും എല്ലാം ഒരു വെത്യാസമായിരുന്നു എന്ന്, അപ്പൊ ഒന്ന് കാണാന്‍ തോന്നുന്നുണ്ട്.

സജീഷ്

AMBUJAKSHAN NAIR പറഞ്ഞു...

very good.

Tinylogo പറഞ്ഞു...

Support Sree Lakshmi (Youngest Web Designer) : Create a link to tiny logo from your blog

for more info visit: http://tinylogo.blogspot.com/