കോട്ടക്കല്‍ ഉത്സവം (ഭാഗം 5)

കോട്ടക്കല്‍ വിശ്വംഭരക്ഷേത്രത്തിലെ ഈവര്‍ഷത്തെ 
തിരുഉത്സവത്തിന്റെ ആറാം ദിവസമായ 13/04/2010ന് രാത്രി 12മണിയോടെ കഥകളി ആരംഭിച്ചു. 
സുഭ്രാഹരണം ഉത്തരഭാഗമായിരുന്നു ആദ്യം അവതരിപ്പിച്ചത്. 
ഇതില്‍ ബലഭദ്രനായി സദനം രാമന്‍‌കുട്ടിയാണ് വേഷമിട്ടിരുന്നത്. വത്യസ്തമായ കുറെ കലാശങ്ങളും അതിന്റെ നൃത്തഭംഗിയും മാത്രമായിരുന്നു ഇദ്ദേഹത്തിന്റെ വേഷത്തിന്റെ പ്രത്യേകത. എന്നാല്‍ കഥാപാത്രത്തെ ഉള്‍ക്കൊണ്ടുള്ള രസാഭിനയമോ സന്ദര്‍ഭോചിതമായ ആട്ടങ്ങളൊ ഒന്നും ഉണ്ടായിരുന്നില്ല. ബലഭദ്രരുടെ അവതരണത്തില്‍ അഷ്ടകലാശം ഉള്‍പ്പെടെയുള്ള കലാശങ്ങള്‍ക്ക് പ്രാധാന്യമുണ്ടെങ്കിലും അതേപോലെ തന്നെ പ്രധാനമാണ് ആട്ടങ്ങളും. രംഗാദ്യത്തില്‍ ദ്വീപില്‍നിന്നും നൌകയില്‍ വരുന്നതും, ചരണാദ്യങ്ങളില്‍ ചൊല്ലിവട്ടംതട്ടിയാലുള്ള ആട്ടങ്ങളും അവതരിപ്പിക്കുന്നതിലാണ് രംഗം കൊഴുക്കുന്നത്. ഈവക ആട്ടങ്ങളൊന്നും ഇവിടെ ചെയ്തുകണ്ടില്ല.
ശ്രീകൃഷ്ണനായെത്തിയ കലാനിലയം ബാലകൃഷ്ണന്‍ 
ആട്ടങ്ങളിലേയ്ക്ക് കടക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ബലഭദ്രര്‍ ഒന്നും ചോദിക്കാഞ്ഞതിനാല്‍ കൃഷ്ണനും കൂടുതലൊന്നും പ്രവര്‍ത്തിക്കാനായില്ല. വേഷത്തിലും പ്രവൃത്തിയിലും ഭംഗിയുള്ള ഇദ്ദേഹം നല്ല ഭാവപ്രകാശനത്തോടെ ഭംഗിയായിതന്നെ കൃഷ്ണനെ രംഗത്ത് അവതരിപ്പിച്ചിരുന്നു. ബലഭദ്രരെ അമിതമായി ഭയന്ന് കൈകാല്‍ വിറവലോടെ ദൂരെമാറി നില്‍ക്കുന്ന രീതിയിലാണ് പലരും സുഭദ്രാഹരണം കൃഷ്ണനെ അവതരിപ്പിക്കാറ്. എന്നാല്‍ ജേഷ്ഠന്‍ കോപിച്ചതില്‍ ഭയമുണ്ടെങ്കില്‍കൂടി സാവധാനം ബലഭദ്രന്റെ അടുത്തുകൂടി അദ്ദേഹത്തെ അനുനയിപ്പിക്കുവാന്‍ ശ്രമിക്കുന്നരീതിയിലാണ് ബാലാശാന്‍ കൃഷ്ണനെ ഇവിടെ അവതരിപ്പിച്ചത്.
കലാമണ്ഡലം രാജേന്ദ്രന്‍ ആയിരുന്നു സുഭദ്രാഹരണത്തിന്  
പൊന്നാനിയായി പാടിയിരുന്നത്. കുപിതനായ ബലഭദ്രരുടെ ‘കുത്രവദ കുത്രവദ’ തുടങ്ങിയ പദങ്ങള്‍ക്ക് വേണ്ടത്ര ശക്തിയുള്ള പാട്ടായിരുന്നില്ല ഇദ്ദേഹത്തിന്റേത്. കലാമണ്ഡലം ബാബു നമ്പൂതിരിയായിരുന്നു ശിങ്കിടി ഗായകന്‍. കലാമണ്ഡലം രാമന്‍ നമ്പൂതിരിയും കോട്ടക്കല്‍ മനീഷ് രാമനാഥനും ചേര്‍ന്ന് ചെണ്ടയില്‍ നല്ല മേളം ഒരുക്കിയിരുന്നു.
‘ജയ ജയ രാവണാ’
ബാലിവിജയം കഥയാണ് രണ്ടാമതായി അവതരിപ്പിച്ചത്. 
സമയം കുറവുമൂലം രാവണന്റെ പതിഞ്ഞപദം ഒഴിവാക്കി നാരദന്റെ വരവുമുതലാണ് ബാലിവിജയം ആരംഭിച്ചത്. നാരദനായി അഭിനയിച്ച കലാമണ്ഡലം കുട്ടന്‍ വളരെ നല്ല പ്രകടനമാണ് കാഴ്ച്ചവെച്ചത്. 
സദനം ബാലകൃഷ്ണനാണ് രാവണനായെത്തിയത്. 
ഭസ്മക്കുറിക്കു സമാനമായ രീതിയിലുള്ള നാമത്തോടുകൂടിയ ഇദ്ദേഹത്തിന്റെ മുഖത്തുതേയ്പ്പ് മനോഹരമായിരുന്നു. പ്രസിദ്ധമായ ‘കൈലാസോദ്ധാരണം‘ ആട്ടം ഉള്‍പ്പെടെ അദ്ദേഹം രാവണനെ നന്നായി അവതരിപ്പിച്ചിരുന്നു. സമയക്കുറവുമൂലം ‘പാര്‍വ്വതീവിരഹം’ ആട്ടം ചുരുക്കത്തില്‍ കഴിച്ചതെയുള്ളു. എന്നാല്‍ അന്ത്യഭാഗത്തെ പ്രകടനം സാധാരണയില്‍ നിന്നും വത്യസ്തമായ രീതിയിലായിരുന്നു. തൈലോക്യവിജയിയായി അഹങ്കാരത്തോടെ നടന്ന രാവണന്‍ ബാലിയുടെ വാലില്‍ കുടുങ്ങിയതോടെ ഇളിഭ്യനായിതീരുകയാണല്ലൊ. പോരാത്തതിന് ബാലിയുടെ കുത്തുവാക്കുകളും കൂടി കേള്‍ക്കുമ്പോള്‍ രാവണന്‍ തലകുമ്പിട്ട് നില്‍ക്കുകയാണ് പതിവ്. പിന്നെ ബാലിയുമായി പിരിഞ്ഞശേഷം മാത്രമെ രാവണന്‍ തന്റെ പൂര്‍വ്വഭാവത്തിലേയ്ക്ക് വരുന്നുള്ളു. എന്നാല്‍ ഇവിടെ രാവണന്റെ ഈ ഭാവമാറ്റം പ്രത്യക്ഷത്തില്‍ കണ്ടില്ല. ബാലകൃഷ്ണന്റെ രാവണന്‍ ബാലിയുടെ മുന്നിലും വീരഭാവത്തില്‍ തന്നെയാണ് നിന്നിരുന്നത്. എന്നുമാത്രമല്ല. ‘അത്രഭയം മുണ്ടന്നാകില്‍’ എന്ന് ബാലി പറയുമ്പോള്‍ ‘ഭയമില്ല, പ്രിയമെ ഉള്ളു’ എന്ന് രാവണന്‍ പ്രതിവചിക്കുകയും ചെയ്യുന്നതുകണ്ടു.
ബാലിയായി വേഷമിട്ടിരുന്നത് കോട്ടക്കല്‍ 
സുനിലായിരുന്നു. ബാലിവിജയം കഥ പാടിയത് കലാമണ്ഡലം മോഹനകൃഷ്ണനും കോട്ടക്കല്‍ സുരേഷും ചേര്‍ന്നാണ്. പി.എസ്സ്.വി.നാട്ട്യസംഘം കലാകാരന്മാര്‍ അവതരിപ്പിച്ച ദക്ഷയാഗം കഥയും ഇതിനെതുടര്‍ന്ന് ഇവിടെ അവതരിപ്പിച്ചിരുന്നു. കലാനിലയം ജനാര്‍ദ്ദനന്‍‍, കോട്ടക്കല്‍ രാമചന്ദ്രന്‍, സദനം ശ്രീനിവാസന്‍, കോട്ടക്കല്‍ സതീശ്, സദനം അനില്‍ എന്നിവരായിരുന്നു ഈ ദിവസത്തെ ചുട്ടിക്കാര്‍. ബാലിയുടെ ചുട്ടി പുതുമയുള്ളതും മനോഹരവുമായിരുന്നു.
ഈ ദിവസവും കോട്ടക്കല്‍ പി.എസ്സ്.വി.നാട്ട്യസംഘത്തിന്റെ ചമയങ്ങളുപയോഗിച്ച് അണിയറസഹായികളായി വര്‍ത്തിച്ചിരുന്നത് അപ്പുണ്ണിതരകന്‍, കുഞ്ഞിരാമന്‍, വാസു മുതല്പേരായിരുന്നു.

5 അഭിപ്രായങ്ങൾ:

-സു‍-|Sunil പറഞ്ഞു...

"ഭസ്മക്കുറിക്കു സമാനമായ രീതിയിലുള്ള നാമത്തോടുകൂടിയ ഇദ്ദേഹത്തിന്റെ മുഖത്തുതേയ്പ്പ് മനോഹരമായിരുന്നു."

ഫോട്ടോ എവിടേ, ഫോട്ടോ? ഫോട്ടോ ഇടാതെ ഇങ്ങനെ പ്രസ്താവിച്ചാല്‍ കാര്യം നടക്കില്ല മണീ. തെളിവില്ലാതെ ആരോപണം ഉന്നയിയ്ക്കേ? :):):)
-സു-

AMBUJAKSHAN NAIR പറഞ്ഞു...

സദനം രാമൻകുട്ടി നായരുടെ ബലഭദ്രൻ ബഹു കേമമാണ് എന്ന് പലരും പറഞ്ഞിട്ടുണ്ട്. ഒരു പക്ഷേ ഭംഗിയുള്ള കലാശം തന്നെയാവാം ഈ അഭിപ്രായത്തിന്റെ പിന്നിലെ രഹസ്യം.

കപ്ലിങ്ങാട്‌ പറഞ്ഞു...

മണീ, കോട്ടയ്ക്കല്‍ ഉല്‍സവക്കളികളുടെ ആസ്വാദനം കസറി. കഥകളി കൊട്ടാരക്കര നിന്ന് പുറപ്പെട്ട് കോട്ടയം വഴി ഇപ്പോള്‍ കോട്ടയ്ക്കല്‍ എത്തി നില്‍ക്കുന്നു എന്ന് പറയാം, അല്ലേ? :-)

മൊതലകൊട്ടം പറഞ്ഞു...

ആദ്യമായി ബാക്ക് ഗ്രൌണ്ട് മാറ്റിയതിനു ഒരു പ്രത്യേകം നന്ദി പ്രകാശിപ്പിക്കട്ടെ. കോട്ടക്കല്‍ ഉത്സവത്തിന്റെ എല്ലാ കളികളേയും കുറിച്ചുള്ള ആസ്വാദനം നന്നായി. അതിനു തീര്‍ച്ചയായും ഒരു അഭിനന്ദനം അര്‍ഹിക്കുന്നു.
"ഹരിദാസന്റെ ദുശ്ശാസനന്‍ കണ്ടപ്പോള്‍ ............. ആലവട്ടം പിടിക്കലും മറ്റും പലേ അരങ്ങുകളിലും കാണുന്നത്" വളരെ ശരിയാണ്. കുറച്ചു കഴിഞ്ഞാല്‍ അത് ചിട്ടയും ആവും. ഇങ്ങനെയൊക്കെ കാട്ടി കൂട്ടി ഒരു കലാകാരനും എവിടെയും എത്തിയിട്ടില്ല. സ്വന്തം പ്രയത്നത്താല്‍ പ്രവര്‍ത്തി നന്നാക്കി പേര് എടുത്താലെ കാര്യമുള്ളൂ എന്ന് എന്നാണ് മനസ്സിലാവുക. രാജശേഖരന്റെ നിലവാരമുള്ള വേഷമായി എന്ന് കേട്ടതില്‍ സന്തോഷം. ബാലസുബ്രമ്ഹണ്യന്‍ നിലവിട്ടു പെരുമാറാന്‍ തുടങ്ങിയോ?? കഷ്ടം തന്നെ. ഒട്ടും വിശ്വാസം വരുന്നില്ല. കോട്ടക്കല്‍ ദേവദാസ് "അട്ടങ്ങളില്‍ പൂര്‍ണ്ണത വരുതുവം ശ്രമിച്ചിരുന്നില്ല" കാര്യം മുഴുവന്‍ ഗ്രഹിക്കാതെ പലപ്പോഴും കോപ്പിയടിച്ചു അടുമ്പോളാണ് ഇങ്ങനെയൊക്കെ വന്നു കൂടുന്നത്. ഉണ്ണിത്താന്‍ ചിട്ടയും ആട്ടവും പ്രത്യേകിച്ച് ആത്മാര്‍ത്ഥതയും ഉണ്ടെങ്കിലും പലപ്പോഴും പാത്രത്തിന്റെ ഉന്നതമായ വ്യക്തിവിശേഷങ്ങളിലേക്ക് എത്താന്‍ ആവുന്നില്ല അല്ലെ?? സദനം ബാലകൃഷ്ണന്റെ രാവണന്‍ " അന്ത്യ ഭാഗത്തെ പ്രകടനം സാധാരണയില്‍ നിന്നും വ്യത്യസ്തമായ രീതിയിലായിരുന്നു " ഇപ്പോള്‍ എനിക്ക് അനവധി കാലം മുമ്പ് കണ്ട ബാലിവിജയത്തിലെ കീഴ്പ്പടവും നെല്ല്യോടും കൂടിയുള്ള അവസാന രംഗം ആണ് ഓര്മ വരുന്നത്. രണ്ടുപേരും തമ്മില്‍ തമ്മില്‍ പരസ്പര ബഹുമാനത്തോടുകൂടി ധാര്ഷ്ട്യമോ കേമതമോ ഒന്ന് കാണിക്കാതെ ചെയ്ത ചില ആട്ടങ്ങള്‍ !! അതൊന്നും നമ്മള്‍ ഒരിക്കലും മറക്കുകയുമില്ലല്ലോ.....
ചുരുക്കത്തില്‍ ചില നല്ല കളിയുണ്ടയിരുന്നെങ്കിലും ശരാശരി നിലവാരം മാത്രമായിരുന്നു കോട്ടക്കല്‍ ഉത്സവക്കളി അല്ലെ. ചിലത് അതില്‍ താഴെയും.... കോട്ടക്കലിലെ പണ്ടുണ്ടായിരുന്ന മിനിമം ഗാരന്റിയും പോയി തുടങ്ങി എന്നര്‍ത്ഥം.
മണിക്ക് എല്ലാവിധ ഭാവുകങ്ങളും നേര്‍ന്നുകൊണ്ട്...
മൊതലകൊട്ടം നാരായണന്‍

മണി,വാതുക്കോടം. പറഞ്ഞു...

@സൂ-
ചിത്രം ഇട്ടിരുന്നല്ലൊ. പിന്നെ മൊബ്.ക്യാം ആയതുകൊണ്ട് ക്ലോസ്-അപ്പ് ഒന്നും എടുക്കാനായില്ല.

@അംബുജാക്ഷന്‍ നായര്‍,
കേമത്തം നൃത്തത്തില്‍ മാത്രം പോരല്ലൊ...

@കപ്ലിങ്ങാട്,
നന്ദി. കഥകളി അവിടെയും നില്‍ക്കാതെ ഇനിയും അതിന്റെ പ്രയാണം തുടരട്ടെ.....

@ മൊതലകൊട്ടം,
നന്ദി. അഞ്ച് പോസ്റ്റുകളുടെയും ചുരുക്കം എന്ന രീതിയില്‍ ഒരു മറുമൊഴി എഴുതിയതിനും നന്ദി. എഴുത്തിലൂടെ ഇത്രയുമൊക്കെ കാര്യങ്ങള്‍ നിങ്ങളിലെത്തിക്കാന്‍ സാധിക്കുന്നു എന്നറിയുന്നതില്‍ എനിക്ക് കൃതാര്‍ത്ഥത തോന്നുന്നു.

ഹരിദാസ്ന്റെ ദുശ്ശാസനന്‍ അല്ല ‘രൌദ്രഭീമന്‍’ :)

കോട്ടക്കലെ കളിയുടെ മിനിം ഗ്യാരന്റിയൊന്നും ഇപ്പോള്‍ ഇല്ല. ചിലത് നന്നാകും അത്രതന്നെ. കുറച്ചുകൂടി ശ്രദ്ധിച്ച് അറേജ്ഞ്ചെയ്താല്‍ കുറച്ചുകൂടി നന്നായി കളി നടത്തുവാന്‍ സാധിക്കുമായിരുന്നു എന്ന് തോന്നുന്നു.