സന്ദര്‍ശനിലെ കോട്ടയം കഥകളുടെ അവതരണം (ഭാഗം-3)

‘ധന്യശീലനായീടും’
അമ്പലപ്പുഴ സന്ദര്‍ശന്‍ കഥകളി വിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ 
സംഘടിപ്പിക്കപ്പെട്ട കോട്ടയം കഥകളുടെ രംഗാവതരണത്തിന്റെ മൂന്നാം ദിവസമായിരുന്ന മെയ് 28ന് വൈകിട്ട് 6:30മുതല്‍ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ നാടകശാലയില്‍ കാലകേയവധം കഥ അവതരിപ്പിക്കപ്പെട്ടു. കഥയില്‍ ആദ്യാവസാന അര്‍ജ്ജുനന്‍ രംഗത്തുവരുന്ന ആദ്യഖണ്ഡമാണ് ഈ ദിവസം അവതരിപ്പിക്കപ്പെട്ടത്.
‘വിടകൊള്ളാമടിയനും’
കലാമണ്ഡലം സുദീപാണ് ഇന്ദ്രനെ അവതരിപ്പിച്ചത്. 
ആദ്യരംഗത്തിലെ മാതലിയോടുള്ള ഇന്ദ്രന്റെ പദം ചിട്ടപ്രധാനമായ ഒന്നാണ്. എന്നാല്‍ കലാമണ്ഡലം തെക്കന്‍ കളരിക്കാരനായ സുദീപിന്റെ പദാവതരണം അത്ര അനുഭവവത്തായില്ല. കാലമുയര്‍ത്തിയെന്നു മാത്രമല്ല പദാഭിനയത്തിലെ ചില മുദ്രകളില്‍ കൂടി മാറ്റം കണ്ടു. ‘പാര്‍ത്ഥന്‍ വാണീടുന്നു’ എന്നയിടത്ത് ‘വാഴുന്നു’ എന്ന സാധാരണമുദ്രതന്നെയാണ് ഇദ്ദേഹം കാട്ടിയത്. എന്നാല്‍ ഇവിടെ ഈ മുദ്രകാട്ടുകയല്ല, അര്‍ജ്ജുനന്‍ വീര്യത്തോടെ ഇരിക്കുന്നവിധം അഭിനയിക്കുകയാണ് സാധാരണ പതിവ്. അതുപോലെ ‘അലസനല്ലവന്‍’ എന്നിടത്ത് ‘വിവശനല്ല’ എന്നാണ് കാട്ടിയിരുന്നത്. ‘നിസാരനല്ല’ എന്നാണ് വേണ്ടത്. 
‘അമര്‍ത്യവര്യസാരഥീ........’
 കലാമണ്ഡലം അരുണ്‍ വാര്യര്‍ മാതലിയെ ഭംഗിയായി അവതരിപ്പിച്ചു.
‘സലജ്ജോഹം’
 കലാമണ്ഡലം ഷണ്മുഖന്‍ അര്‍ജ്ജുനവേഷം ഭംഗിയായി 
കൈകാര്യം ചെയ്തിരുന്നു. എന്നാല്‍ മുന്‍പ് പലപ്പോഴും തോന്നിയിട്ടുള്ളതുപോലെ തന്നെ മുഖാഭിനയത്തില്‍ ഇനിയുമൊരുപാട് മെച്ചപ്പെടേണ്ടതായുണ്ട് എന്നും തോന്നിച്ചു. കാലകേയവധം അര്‍ജ്ജുനനെ സംബന്ധിച്ച് സ്ഥായിയായ വീരം, മാതലിയുടെ വരവുകാണുന്നിടത്തെ നേരിയ അത്ഭുതം, പാഞ്ചാലിസ്വയംവരകഥ മാതലി പറയുന്നിടത്തെ നേരിയ ശൃഗാരം, തുടര്‍ന്ന് ഇന്ദ്രന്റെ അര്‍ത്ഥാസനം ലഭിക്കവെയുള്ള സന്തോഷം, ഇന്ദ്രാണീസമീപമെത്തുമ്പോഴുള്ള ആനന്ദം, സ്വര്‍ഗ്ഗം നടന്നുകാണവേയുള്ള അത്ഭുതാദരങ്ങള്‍ എന്നിങ്ങനെ രസാഭിനപ്രധാനമായ ഒരുപാട് സന്ദര്‍ഭങ്ങളുണ്ട്. അര്‍ജ്ജുനന്റെ ആനന്ദനൃത്തം എന്നു പറയപ്പെടുന്ന അഷ്ടകാലശം യാതൊരു വികാരവുമില്ലാതെ വെറുമൊരു ചടങ്ങുപോലെയാണ് ഇദ്ദേഹം എടുക്കുന്നത് കണ്ടത്. ആനന്ദഭാവം പ്രകടമാവുന്നില്ലെങ്കില്‍ ഈ അഷ്ടകലാശം ചവുട്ടുന്നതില്‍ യാതൊരു കാര്യവുമുണ്ടെന്നു തോന്നുന്നില്ല.
‘വഹിച്ചാലും’
‘മഹാമതേ...’
ഇന്ദാണിയായി അരങ്ങിലെത്തിയത് കലാമണ്ഡലം യശ്വന്ത് ആയിരുന്നു.
‘സഭാം പ്രവിശ്യാഥ’
അഞ്ചുദിവസത്തെ കോട്ടയം കഥകളുടെ അവതരണത്തില്‍ വച്ച് 
ഏറ്റവും മികച്ചുനിന്ന അരങ്ങുപാട്ട് ഈ ദിവസത്തേതായിരുന്നു. പത്തിയൂര്‍ ശങ്കരന്‍ കുട്ടിയും കലാമണ്ഡലം ജയപ്രകാശുമായിരുന്നു ഈ ദിവസവും ഗായകര്‍‍. കലാമണ്ഡലം ശ്രീകാന്ത് വര്‍മ്മ, കലാനിലയം രതീഷ് എന്നിവര്‍ക്കുപുറമെ കലാമണ്ഡലം കൃഷ്ണദാസും ചെണ്ടയ്ക്ക് പങ്കെടുത്ത ഈദിവസത്തെ മേളവും മികച്ചതായിരുന്നു. കലാനിലയം മനോജും കലാമണ്ഡലം വിനീതും തന്നെയായിരുന്നു ഈ ദിവസവും മദ്ദളത്തിന്ന്.
‘അടിമലര്‍ തൊഴുതീടും...’
കലാമണ്ഡലം സുകുമാരനായിരുന്നു ചുട്ടി കലാകാരന്‍. 
സന്ദര്‍ശ്ശന്‍ കഥകളി വിദ്യാലയത്തിന്റെ ചമയങ്ങള്‍ ഉപയോഗിച്ചിരുന്ന കളിക്ക് പള്ളിപ്പുറം ഉണ്ണികൃഷ്ണന്‍, കണ്ണന്‍ എന്നിവരായിരുന്നു അണിയറസഹായികളായി വര്‍ത്തിച്ചിരുന്നത്.
‘തനയാ ധനഞ്ജയ.....’