ദ്യശ്യവേദി ‘നളചരിതോത്സവം’(രണ്ടാംദിവസം)

ദ്യശ്യവേദി അവതരിപ്പിക്കുന്ന ‘നളചരിതോത്സവം’ കഥകളിമേള തിരുവന്തപുരത്ത് 26-12-2007മുതല്‍ നടന്നുവരികയാണ്.
27-12-07ന് രണ്ടാംദിവസം കഥയിലെ ‘വേര്‍പാട്’ വരേയുള്ള ഭാഗങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്.അന്ന് വൈകിട്ട് 6:30ന് കാര്‍ത്തികതിരുനാള്‍ തീയേറ്ററില്‍ കളി ആരംഭിച്ചു.

ആദ്യരംഗത്തില്‍ ശ്രീ കലാ:ഗോപിയാണ് നളനായി എത്തിയത്. ശ്രീ മാര്‍ഗ്ഗി വിജയകുമാര്‍ ആയിരുന്നു ദമയന്തി. ഇരുവരും ചേര്‍ന്നുള്ള പദാഭിനയവും മനോധര്‍മ്മാട്ടവും ഭംഗിയായി.
‘സ്വയംവരമണ്ഡപത്തില്‍ എത്തിയ നീ എന്റെ രൂപത്തില്‍ മറ്റുനാലുപേരേക്കൂടി കണ്ടു,അല്ലെ? അപ്പോള്‍ അതില്‍ നിന്നും എന്നെ കണ്ടെത്തി വരിച്ചതെങ്ങിനെ?’ എന്ന് നളന്‍ ചോദിച്ചു. അതിന് ദമയന്തി ഇപ്രകാരം മറുപടി പറഞ്ഞു.’അപ്പോള്‍ ഞാന്‍ കുട്ടിക്കാലം മുതല്‍ മനസാഭര്‍ത്താവായി വരിച്ചുകഴിഞ്ഞ നളരാജാവിനെ കാട്ടിത്തരുവാന്‍ സരസ്വതീദേവിയേ പ്രാര്‍ത്ഥിച്ചു. അനന്തരം ദേവി വന്ന് കാട്ടിത്തന്നു. ഞാന്‍ ദേവന്മാരേ വണങ്ങി അങ്ങയേ വരിച്ചു.’‘അപ്പോള്‍ കുട്ടിക്കാലത്തുതന്നെ നീ എന്നേ മനസ്സില്‍ ഉറപ്പിച്ചിരുന്നു അല്ലെ?’ എന്ന് നളന്‍. ‘സത്യമായും അങ്ങിനേ തന്നെ‘ എന്ന് ദമയന്തിയും പറഞ്ഞു.തുടര്‍ന്ന് നളദമയന്തിമാര്‍ ഉദ്യാനം ചുറ്റികാണുന്നു. വല്ലികളില്‍ നിന്നും പൂവുകള്‍ ധാരാളമായി വീണുകിടക്കുന്നതുകണ്ട നളന്‍ ‘നിന്നേ വരവേല്‍ക്കാന്‍ വീഥിയില്‍ പൂവിരിച്ചിരിക്കുകയാണ് ലതകള്‍’ എന്ന് ദമയന്തൊയോട് പറഞ്ഞുകൊണ്ട് ഒരു പൂവ് താഴേനിന്നും എടുത്തു.ഉടനെ ആ വാടിയ പൂവ് വിടര്‍ന്ന് ശോഭിക്കുന്നു. അപ്പോള്‍ ദേവേന്ദ്രന്റെ അനുഗ്രഹത്തെ സ്മരിക്കുന്നു.

ശ്രീ നെല്ലിയോട് നന്വൂതിരി കലിയായും ശ്രീ മാര്‍ഗ്ഗി സുരേഷ് ദ്വാപനായും ശ്രീ മാര്‍ഗ്ഗി സുകുമാരന്‍ ഇന്ദ്രനായും അരങ്ങിലെത്തി.
കലി ദ്വാപരന്മാരുടെ രംഗത്തിലെ ‘നരപതി നളനവന്‍‘ എന്നദ്വാപരന്റെ ആദ്യചരണം സമീപകാലത്തില്‍ പലഗായകരും ഒഴിവാക്കുന്നതായാണ് കാണുന്നത്. ‘നളന്‍ നിരവധി ഗുണനിധിയാണ്, സുരപതിയുടെ വരത്താലും അജയ്യ്യനാണ്, അതിനാല്‍ ഒരുത്തനും അവനെ ജയിക്കാമെന്ന മോഹം വേണ്ടാ. പിന്നെ ചൂതുപൊരുതുകിലേ ജയവരുകയുള്ളു’ എന്ന് ആശയം വരുന്ന ഈ ചരണം ഉപേക്ഷിക്കാന്‍ പാടില്ലാത്തതാണെന്നാണ് എന്റെ അഭിപ്രായം. ഇവിടെ ഈ ചരണം പാടുകയുണ്ടായി.
നളനില്‍ ആവേശിക്കുവാനായി തീരുമാനിച്ച് കലി, കാര്യസാധ്യം വരെ ഭക്ഷണമൊ ഉറക്കമൊ പോലും ഉപേക്ഷിക്കാം എന്നുറച്ച് അതിനായുള്ള ഉപായം പാര്‍ത്ത് നടക്കുന്നു. നദീതീരത്ത് ശബ്ദബഹളം കേട്ട് എന്തോ ശണ്ഠയാണെന്നു കരുതി കലി അവിടേക്കു ചെല്ലുന്നു. എന്നാല്‍ കുളിയും ജപവും കഴിഞ്ഞ് ബ്രാഹ്മണബാലര്‍ ഗുരുവിന്റെ ശിക്ഷണത്തില്‍ വേദപഠനം നടത്തുന്ന ശബ്ദമായിരുന്നു അത്. ഒരിടത്തു പുക കണ്ടു ചെന്നപ്പോള്‍ അവിടെ ഗണപതിഹോമം നടത്തുന്നതാണ് കാണുന്നത്. മറ്റൊരിടത്ത് കൊട്ടും കുരവയും കേട്ടുചെന്നുനോക്കിയപ്പോള്‍ അവിടെ വിവാഹം നടക്കുന്നതായി കാണുന്നു. അപ്പോള്‍ താന്‍ ഒരു പെണ്ണിനെ കല്യാണം കഴിക്കാന്‍ ഇറങ്ങിതിരിച്ചിട്ട് അതു സാധിച്ചില്ലല്ലൊ എന്ന് ഓര്‍ത്ത് ദു:ഖവും, നളനിലുള്ള വൈരാഗ്യവും വര്‍ദ്ധിക്കുന്നു. ഇനി ഇങ്ങിനെ നടന്നിട്ടു കാര്യമില്ല എന്നു നിനച്ച് ഒരു താന്നി മരത്തില്‍ കയറി ഇരിക്കുന്ന കലിയുടെ ഉള്ള് ദേഷ്യത്താലും പുറം വേനല്‍ ചൂടിനാലും നീറുന്നു.വേനല്‍ മാറി മഴ വരുന്നു. മഴശക്തിയായപ്പോള്‍ കലി മരത്തില്‍ നിന്നും ഇറങ്ങി ഒരു ഗുഹയില്‍ പോയ് പാര്‍ക്കുന്നു. മഴക്കാലം കഴിഞ്ഞ് തിരിച്ച് മരത്തില്‍ കേറുവാന്‍ ശ്രമിക്കുന്ന കലിയുടെ കാല്‍ വഴുക്കുന്നു.അങ്ങിനെ പല വേനലും മഴയും മഞ്ഞും വസന്തവും കഴിയുന്നു. ഒരിക്കല്‍ ദൂരെ ഉദ്യാനത്തില്‍ നളന്‍ ദമയന്തിയോടും 2കുട്ടികളോടും സഞ്ചരിക്കുന്നതുകണ്ട കലി, താന്‍ ഈ കാത്തിരിപ്പ് തുടങ്ങിയിട്ട് 12സംവത്സരങ്ങള്‍ കഴിഞ്ഞു എന്ന് കണക്കുകൂട്ടി കണ്ടെത്തുന്നു. അപ്പോള്‍ സമയം സന്ധ്യയായതിനാല്‍ നളന്‍ തിടുക്കത്തില്‍ സന്ധ്യാവന്ദനാര്‍ദ്ധം ജലാശയത്തിലെക്കു പോകുന്നു. ദ്യതിയില്‍ കാല്‍കഴുകിയപ്പോള്‍ കാലിന്റെ പിന്‍ഭാഗം നനയുന്നില്ല. അതുകണ്ട കലി ഇതുതന്നെ താന്‍ കാത്തിരുന്ന സമയം എന്നു കണക്കാക്കി നളനിലാവേശിക്കാനായി പോകുന്നു.ശ്രീ കലാ:മുകുന്ദന്‍ ആണ് പുഷ്ക്കരനായെത്തിയത്. വടിവാര്‍ന്ന മുദ്രയും കലാശങ്ങളും ചേര്‍ന്ന നല്ല പ്രകടനമായിരുന്നു മുകുന്ദന്റേത്. കലിദ്വാപരന്മാരുടെ വാക്കുകളില്‍ വിശ്വസിച്ച് പുഷ്ക്കരന്‍ നളനെ ചൂതിനു വിളിക്കുവാനായി സഭാതലത്തില്‍ എത്തുന്നു. എന്നാല്‍ അന്നേദിവസത്തെ സഭപിരിഞ്ഞ് എല്ലാവരും പോയ്ക്കഴിഞ്ഞിരിക്കുന്നു എന്നറിഞ്ഞ്, നളന്‍ എവിടെ എന്ന് അന്യൂഷിക്കുന്നു. ദമയന്തിയുമൊത്ത് ഉദ്യാനത്തിലാണ് എന്നറിഞ്ഞ് അവിടേക്കെത്തി ചൂതിനുവിളിക്കുന്നു.
ശ്രീ ഏറ്റുമാനൂര്‍ കണ്ണനാണ് തുടര്‍ന്നുള്ള രംഗങ്ങളില്‍ നളനെ അവതരിപ്പിച്ചത്.‘നീ ഇന്ന് പെട്ടന്ന് വന്ന് എന്നെ ചൂതിനു വിളിക്കാന്‍ കാരണം എന്ത്?’ എന്ന നളന്റെ ചോദ്യത്തിനു ‘എന്റെ മനസ്സില്‍ അങ്ങിനെ തോന്നി,അതിനാല്‍ തന്നെ’എന്ന് പുഷ്ക്കരന്‍ മറുപടി പറഞ്ഞു.ചൂതുകളിക്കാനുറച്ച് ഇരുവരും ഇരുന്ന്,‘ആവിഷ്ട കലിനാ’എന്ന ശ്ലോവവും, തുടര്‍ന്ന് ‘ദേവനം വിനോദനായ’ എന്ന പല്ലവിയും, അനുപല്ലവിയും ആടിക്കഴിഞ്ഞാണ് നളന്‍ ഭ്യത്യനേകൊണ്ട് ചൂതുപടവും കരുക്കളും വരുത്തി കളി തുടങ്ങുന്നതായി ആടിയത്.
സമീപകാലത്തായി പുഷ്ക്കരന്റെ ‘ഉണ്ടാകേണ്ടാ’ എന്ന പദത്തിലെ ‘ധരിത്രിയെച്ചെറിയെന്നെ ജയിച്ചതും’എന്നു തുടങ്ങുന്ന ആദ്യ ചരണം ഉപേക്ഷിക്കുന്നതായും, ‘നിനക്കില്ലിനി രാജ്യമിതൊരിക്കിലും’ എന്നു തുടങ്ങുന്ന് രണ്ടാംചരണം പാടുന്നതായുമാണ് കാണുന്നത്. പുഷ്ക്കരന് ഭൂമിയിലല്ലാതെ ഭൈമിയില്‍ കന്വമില്ലെന്നിരിക്കയാല്‍(നളദമയന്തിമാരിരുവരേയും രാജ്യത്തില്‍ നിന്നകറ്റുക എന്നാണ് കലിയുടെ ലക്ഷ്യമെന്നതിനാല്‍ കന്വമുണ്ടാകാതെ കലി ശ്രദ്ധിക്കുന്നുമുണ്ടല്ലൊ),‘ഭൂമിയെന്നതുപോലെ ഭൈമിയും ചേരുമെന്നില്‍’ എന്നവസാനിക്കുന്ന ഈ ചരണം ഉപേക്ഷിക്കയാണ് നല്ലതെന്നു തോന്നുന്നു.മറിച്ച്, ‘കുട്ടിക്കാലത്തില്‍ തന്നെ എന്നെ തഴഞ്ഞ് നീ അധികാരിയായി ഭരിച്ചതും, സാര്‍വഭൌമനെന്നു നീ ഭാവിച്ചതും എനിക്കറിയാം.നി വിസ്തരിപ്പിച്ച ഭൂമിയും സന്വാദിച്ച ധനവും എല്ലാം ഇനി എനിക്കു സ്വന്തം. ഞാന്‍ ഇനി ഉല്ലസിക്കട്ടെ. നീയിനി നാട്ടിലൊ ചവിട്ടായ്ക, കാട്ടില്‍ പോയ് തപം ചെയ്ക.’ എന്ന് ആശയം വരുന്ന ആദ്യ ചരണം പാടുന്നതാണ് നല്ലതെന്നാണ് എന്റെ അഭിപ്രായം.ഉണ്ണിക്യഷ്ണക്കുറുപ്പിനേപ്പോലെയുള്ള പഴയകാല ഗായകര്‍ അങ്ങിനെയാണ് ചെയ്തിരുന്നതും.
ഇതുപോലെതന്നെ ഈ പദത്തിന്റെ മൂനാമത്തെ ചരണവും പലപ്പോഴും ഉപേക്ഷിക്കുന്നതായി കാണാറുണ്ട്. ഇതും നന്നല്ല. ‘പുരത്തില്‍ മരുവും മഹാജനങ്ങളും’ എന്നു തുടങ്ങുന്ന ഈ ചരണം ഇവിടെ പാടുകയുണ്ടായി.നളന്റെ വേര്‍പാട് അഭിനയവും നന്നായിരുന്നു.
ശ്രീ കലാ:സുബ്രഹ്മണ്യനും കലാ: ഹരീഷ് നന്വൂതിരിയും ചേര്‍ന്നായിരുന്നു പാട്ട്. പാട്ട് ഗോപിയാശാന്റെ അഭിനയവുമായി പൊരുത്തകുറവ് ഉള്ളതായി തോന്നി. ഇത് ‘ദയിതേ’ എന്നുള്ള പദത്തില്‍ പലപ്പോഴും പ്രത്യഷമായി അനുഭവപ്പെട്ടു.കലി,പുഷ്ക്കരന്‍ തുടങ്ങിയവരുടെ പദങ്ങളുടെ ആലാപത്തില്‍ വേണ്ടത്ര ശക്തി തോന്നിയുമില്ല.എന്നാല്‍ അവസാനരംഗത്തിലെ ‘ഒരുനാളും’,പയ്യോ പൊറുക്കാമേ'ഇന്നീ പദങ്ങള്‍ നന്നാവുകയും ചെയ്തു.ചെണ്ട ശ്രീ കലാ:ക്യഷ്ണദാസ്,ശ്രീ കലാ:ശ്രീകാന്ത് വര്‍മ്മ എന്നിവരും മദ്ദളം ശ്രീ കോട്ടക്കല്‍ രാധാക്യഷ്ണനും ശ്രീ മാര്‍ഗ്ഗി ബേബി എന്നിവരുമായിരുന്നു കൊട്ടിയത്.

7 അഭിപ്രായങ്ങൾ:

മണി പറഞ്ഞു...

ദ്യശ്യവേദി അവതരിപ്പിക്കുന്ന ‘നളചരിതോത്സവം’ കഥകളിമേള തിരുവന്തപുരത്ത് 26-12-2007മുതല്‍
നടന്നുവരികയാണ്.27-12-07ന് രണ്ടാംദിവസം കഥയിലെ ‘വേര്‍പാട്’ വരേയുള്ള ഭാഗങ്ങളാണ്
അവതരിപ്പിക്കപ്പെട്ടത്.അന്ന് വൈകിട്ട് 6:30ന് കാര്‍ത്തികതിരുനാള്‍ തീയേറ്ററില്‍ കളി ആരംഭിച്ചു.
ആദ്യരംഗത്തില്‍ ശ്രീ കലാ:ഗോപിയാണ് നളനായി എത്തിയത്. ശ്രീ മാര്‍ഗ്ഗി വിജയകുമാര്‍ ആയിരുന്നു
ദമയന്തി. ശ്രീ നെല്ലിയോട് നന്വൂതിരി കലിയായും ശ്രീ മാര്‍ഗ്ഗി സുരേഷ് ദ്വാപനായും ശ്രീ മാര്‍ഗ്ഗി
സുകുമാരന്‍ ഇന്ദ്രനായും അരങ്ങിലെത്തി. ശ്രീ കലാ:മുകുന്ദന്‍ ആണ് പുഷ്ക്കരനായെത്തിയത്.
ശ്രീ ഏറ്റുമാനൂര്‍ കണ്ണനാണ് തുടര്‍ന്നുള്ള രംഗങ്ങളില്‍ നളനെ അവതരിപ്പിച്ചത്.ശ്രീ കലാ:സുബ്രഹ്മണ്യനും
കലാ: ഹരീഷ് നന്വൂതിരിയും ചേര്‍ന്നായിരുന്നു പാട്ട്. ചെണ്ട ശ്രീ കലാ:ക്യഷ്ണദാസ്,
ശ്രീ കലാ:ശ്രീകാന്ത് വര്‍മ്മ എന്നിവരും മദ്ദളം ശ്രീ കോട്ടക്കല്‍ രാധാക്യഷ്ണനും
ശ്രീ മാര്‍ഗ്ഗി ബേബി എന്നിവരുമായിരുന്നു കൊട്ടിയത്.

G.manu പറഞ്ഞു...

‘നിനക്കില്ലിനി രാജ്യമിതൊരിക്കിലും’

OrmmakaLil kaLiviLakku theLilchchu ee pOst

nair പറഞ്ഞു...

Hello,
Very nice. Keep it up.
C.Ambujakshan Nair

Haree | ഹരീ പറഞ്ഞു...

കാട്ടിത്തരുവാന്‍ സരസ്വതീദേവിയേ പ്രാര്‍ത്ഥിച്ചു. അനന്തരം ദേവി വന്ന് കാട്ടിത്തന്നു. സരസ്വതിയെ പ്രാര്‍ത്ഥിച്ചു എന്നല്ല... ദേവന്മാരോടു തന്നെയാണ് പ്രാര്‍ത്ഥിച്ചത്. അപ്പോളവര്‍ തന്താങ്ങളുടെ ചിഹ്നങ്ങള്‍ കാട്ടിത്തരുകയും അപ്പോള്‍ അവരാരൊക്കെയെന്ന് താന്‍ മനസിലാക്കുകയും ചെയ്തു എന്നാണ്.

• ‘നരപതി നളനവന്‍’ ഒഴിവാക്കുവാന്‍ പാടില്ലാത്തതാണ്.

• കലി പുഷ്കരന് ഭൈമിയില്‍ ഭ്രമം തോന്നാതിരിക്കുവാന്‍ യത്നിച്ചിരിക്കാം; പക്ഷെ, ഭൈമിയെ കാണുമ്പോള്‍ പുഷ്കരന് താത്പര്യം തോന്നിക്കൂടെന്നില്ലെല്ലോ? അതുകൊണ്ട് ‘ഭൂമിയെന്നതുപോലെ ഭൈമിയും ചേരുമെന്നില്‍’ എന്ന പദം പാടാവുന്നതുതന്നെ. എല്ലാ പദവും പാടുന്നതാണ് എനിക്കിഷ്ടം. :)
--

നിഷ്ക്കളങ്കന്‍ പറഞ്ഞു...

"ശ്രീ കലാ:മുകുന്ദന്‍ ആണ് പുഷ്ക്കരനായെത്തിയത്. വടിവാര്‍ന്ന മുദ്രയും കലാശങ്ങളും ചേര്‍ന്ന നല്ല പ്രകടനമായിരുന്നു മുകുന്ദന്റേത്."

"വടിവാര്‍ന്ന മുദ്രയും കലാശങ്ങളും" മാത്രമായിരുന്നു പുഷ്ക്കരന്റെ ഗുണ‌ങ്ങ‌ള്‍ എന്നു ഞാന്‍ പറയും. ശരാശരിയിലും വ‌ളരെ താഴ്ന്ന അഭിനയമാണ് ശ്രീ.കലാ: മുകുന്ദന്‍ അന്ന് പ്രകടിപ്പിച്ചു കണ്ടത്. “അരികില്‍ വന്നു നിന്നതാര്‍” എന്ന പദത്തില്‍ അഭിനയിയ്ക്കേണ്ടുന്ന നിരാശ,ന‌ളനോടുള്ള അസൂയ അതേ സമയം കലിദ്വാപരന്മാര്‍ ന‌ളനെതിരെ പറയുമ്പോ‌ള്‍ പ്രകടിപ്പിയ്ക്കേണ്ടുന്ന ഭയം ഒന്നും ലവലേശം അദ്ദേഹത്തിന്റെ അഭിനയത്തില്‍ അന്ന് കണ്ടില്ല. “ഇതൊന്ന് കഴിഞ്ഞുകിട്ടിയിരുന്നെങ്കില്‍” എന്ന ഭാവം സ്ഥായിയായി കാണപ്പെട്ടു. ചൂതിന്റെ രംഗത്തില്‍ മുകുന്ദന്റെ പുഷ്കരന്‍ ഒട്ടും ശോഭിച്ചില്ല എന്നു തന്നെ പറയാം.
ഊണിന്നാസ്ഥകുറഞ്ഞു എന്ന ശ്ലോകത്തില്‍
“തോല്‍ക്കും വാതുപറഞ്ഞു നേര്‍ക്കുമുടനെ ഭൂയോ നിരത്തും ന‌ളന്‍
നോക്കും പുഞ്ചിരിയിട്ടു പുഷ്കരനിരിയ്ക്ക്കുമ്പോ‌‌ള്‍ രസിയ്ക്കും വൃഷം
വായ്ക്കും ദൈവഗതിയ്ക്കു നീക്കമൊരുനാളുണ്ടോ ധനം രാജ്യവും
ശീഘ്രം തച്ചുപറിച്ചുകൊണ്ടു ന‌ളനോടിത്യൂചിവാന്‍ പുഷ്കരന്‍”
എന്ന ഭാഗം നടന്മാര്‍ക്ക് അഭിനയിയ്ക്കാനുള്ളതാണ് എന്ന് ശ്രീ. ഏറ്റുമാനൂര്‍ കണ്ണന്റെ ന‌ളനും ശ്രീ.മുകുന്ദന്റെ പുഷ്കരനും നിശ്ശേഷം മറന്നതായ്യി തോ‍ന്നി. പുഷ്കരന്‍ ഈ സമയത്ത് കാണിയ്ക്കേണ്ട അഹന്ത, അത്യാര്‍ത്തി, ചുറുചുറുക്ക് എന്നതൊന്നും മുകുന്ദന്‍ എന്ന നടനില്‍ തൊട്ടുതീണ്ടിക്കണ്ടില്ല.
ശ്രീ. നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിയ്ക്ക് എത്ര വയസ്സായി എന്നറിയില്ല. ആ മഹാനടന്‍ ഈ പ്രായത്തിലും താരതമ്യേന കനം കൂടിയ കുറ്റിച്ചാമരവും വെച്ച് മണിയ്ക്കൂറുക‌ളോളം അര്‍പ്പണമനോഭാവത്തോടെ കാഴ്ചവെയ്ക്കുന്ന അഭിനയം ഈ ചെറുപ്പക്കാരായ നടന്മാര്‍ കണ്ടുപഠിയ്ക്കേണ്ടതാകുന്നു. കലിയെ ഇത്ര മനോഹരമായി ആടി ഫലിപ്പിയ്ക്കാന്‍ കഴിവുള്ളവ‌ര്‍ വിര‌ളം.
അനവസരത്തിലുള്ള പ്രശംസ അതും അര്‍ഹിയ്ക്കാത്തത് വ‌ളര്‍ന്നുവരുന്ന കലാകാരന്മാരെ വഴിതെറ്റിയ്ക്കും.സംശയം ഇല്ല.

CresceNet പറഞ്ഞു...

Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my site, it is about the CresceNet, I hope you enjoy. The address is http://www.provedorcrescenet.com . A hug.

മണി പറഞ്ഞു...

ജി.മനു,അന്വുജക്ഷന്‍‌ചേട്ടാ,ഹരീ,നിഷ്ക്കളങ്കന്‍, CresceNet ,
നന്ദി,വായിച്ചതിനും കമന്റിയതിനും.