കഥകളിയുടെ പ്രാരംഭ ചടങ്ങുകള്‍

ആദ്യം കളിയുള്ള ദിവസം വൈകുന്നേരം ചെണ്ട,
മദ്ദളം,ചേങ്കില, ഇലത്താളം എന്നിവ ചെര്‍ന്ന്  കേളികൊട്ട് നടത്തുന്നു. ഇതിന്   ഇതു കളിയുടെ അറിയിപ്പാണ്. 
രാത്രി കളിതുടങ്ങുന്നതിനു മുന്‍പായി 
വലിയ ആട്ടവിളക്ക് തെളിയിക്കുന്നു. പണ്ട് വൈദ്യുത വിളക്കുകള്‍ ഇല്ലാതിരുന്ന കാലത്ത് ഈ വിളക്കായിരുന്നു വെളിച്ചം, എന്നാല്‍ എന്ന് വൈദ്യുതവിളക്കുകള്‍ ഉപയോഗിക്കുന്നു.
തുടര്‍ന്ന് മദ്ദളം കൊട്ടുന്നു. ചേങ്ങില, ഇലത്താളം
ഇന്നിവയാല്‍ താളം പിടിക്കുന്നു. ഇതിന് ‘ശുദ്ധമദ്ദളം’ അഥവാ ‘കെളികൈ’ എന്നു പറയുന്നു.
തുടര്‍ന്ന് തോടയം. നാടകത്തിലെ നാന്ദി പോലെ
കഥകളിയിലെ പൂര്‍വരംഗമാണ് തോടയം. ഇതു കളരിയിലും(കഥകളി പഠിക്കുന്ന ക്ലാസ്റൂം) അരങ്ങതും വരുന്ന തെറ്റുകുറ്റങ്ങളില്‍ നിന്നും രക്ഷിച്ചു നല്ലരീതിയില്‍ കളിക്കാന്‍ ദൈവത്തോടുള്ള പ്രാര്‍ദ്ധനയാണ്. കിരീടം,ഉടുത്തുകെട്ട് പോലുള്ള ഭാരിച്ച വേഷവിധാനങ്ങള്‍ എല്ലാതെ രണ്ടോ നാലോ വേഷക്കാര്‍രംഗത്തു വന്നു കളിക്കുന്നു. ഇവര്‍ ‘താ തെയ്യത്തോം’ തുടങ്ങിയ വായ്ത്താരികള്‍ ചൊല്ലും. പാട്ടുകാര്‍ ആദ്യം ചെമ്പട താളത്തില്‍ ഒന്നാം കാലത്തില്‍ രണ്ടു താളവട്ടങ്ങളിലും, തുടര്‍ന്ന് ചെമ്പ താളത്തില്‍ 2, 3, 4 കാലങ്ങളിലായി മൂന്ന്‍ താളവട്ടങ്ങളിലും, മുറിയടന്ത താളത്തില്‍ 1, 2കാലങ്ങളിലായി രണ്ട് താളവട്ടങ്ങളിലും അകാരമായി രാഗം ആലപിക്കും.‘ആനന്ദാ’ എന്ന്  പാടി നിര്‍ത്തുന്ന ഈ ഭാഗത്തിന് ‘മുഖജാളം’ എന്നു പറയുന്നു. മുഖജാളത്തില്‍ ആലപിക്കുന്നത് ‘മലമ’ രാഗമാണ്. ‘ദ്വിജാവന്തി’, ‘മദ്ധ്യമാവതി’ ‘ഇന്ദളം’ എന്നീരാഗങ്ങളുടെ കലര്‍പ്പുള്ള ഒരു രാഗമാണിത്. തുടര്‍ന്ന് നാട്ട രാഗാലാപനത്തിനുശേഷം തോടയത്തിന്റെ പദം ആലപിക്കുന്നു.

തോടയത്തിനു പാടുന്ന പദം-,രാഗം:നാട്ട, ചമ്പട താളം(രണ്ടാം കാലം)

ചരണം1:
“ഹരിഹരവിധിനുത അമരപൂജിത ഹേ വാമനരൂപ
 ഏകദന്ത ചതുരാത്ഭുതബല ലംബോദര രേ!
 സകലസിദ്ധിഫലദായക രേ രേ പാശാംങ്കുശധര രജനീശധര രേ
 വാരണാനന നാഗാഭരണ കാമിതഫലദസിദ്ധക രേ”
(“ഹരിഹരവിധിനുത.........ലംബോദര രേ”)
 

ചരണം2:താളം:ചമ്പ(രണ്ടാം കാലം)-
“ജയ ബാലഗോപാല ജയ ഗോപികാലോല!
 ജയ മ്യദുലസുകപോല ജയ രുചിരഫാല!”
(“ഹരിഹരവിധിനുത.........ലംബോദര രേ”)
 

ചരണം3:താളം:ചമ്പ(രണ്ടാം കാലത്തില്‍നിനും ലേശം തള്ളി)
“പരിണതവയോധരണ പാലയ രമാരമണ!
 ഭൂരിപൂരിതകരുണ പുരളീന്ദ്രശരണ!
 ജയ കനകനിഭചേല ജയജയ സുശീല!”
 

ചരണം4:താളം:ചമ്പ(മൂന്നാം കാലം)
“ജഹ്നുസുതാശ്രിതമൌലേ ജനനീ മമ ജഗതീശ്വരി!
 ഖിന്നജനേ കിന്ന ദയാ‍ കിന്നരസന്നുത തേ?
 സിന്ധുരവരചര്‍മ്മാംബര ബന്ധുരതരകന്ധര ജയ
 ചിന്തിതഫലവിശ്രാണനചിന്താമണേ ശംഭോ!”
 

ചരണം5:താളം:ചമ്പ(നാലാം കാലം)
“ജയ വിധൃതവനമാല ജയ നമിതസുരജാല!
 സകലജഗദാധാര സജലജലദാകാരാ!
 വ്രജവിഹിതസഞ്ചാര വല്ലവീജാരാ!”(ജയ........)
 

ചരണം6:താളം:പഞ്ചാരി(രണ്ടാം കാലം)-
“പാലയ പാലയ ദേവീ പാലയ പാലിത മായേ
 പാലയമാം നായികേ ജഗന്നായികേ മുകാബികേ
 സന്തതം നിന്‍ പദാംബുജം ചിന്മയരൂപിണി നിത്യം
 ഹന്ത നാവില്‍ തോന്നീടേണം സന്തതം മൂകാബികേ!”
 

ചരണം7:താളം:പഞ്ചാരി(മൂന്നാം കാലം)-
"അംബ ദേവി മഹാമായേ കോല്ലൂരദ്രിനിവാസിനി!
 മുല്ലബാണരിപുജായേ പാഹി മാം മൂകാബികേ!”
 

ചരണം8:താളം:ചെമ്പട(മൂന്നാം കാലം)
“പത്മാവല്ലഭ പാലയ ഭഗവാന്‍
 ചിത്പ്പുരുഷവിഭോ മുരമദന കൃഷ്ണ
 മത്ക്കലിമോചന മയികുരുസതതം
 കില്‍ബിഷനാശനശുഭചരിത ദേവാ
 ജയ ജയ പങ്കജനാഭ ഹരേ കൃഷ്ണ”

പണ്ട് തോടയം തിരശ്ശീലയ്ക്കകത്താണ്
ചെയ്തുകൊണ്ടിരുന്നത്. ഇപ്പോള്‍ തിര്‍ശ്ശീലപിടിക്കാതെ, പ്രേക്ഷകര്‍ക്ക് കാണാനാകും വിധമാണ് അവതരിപ്പിച്ചുവരുന്നത്. എന്നാല്‍ തോടയം ഇന്ന് സാധാരണയായി എല്ലായിടത്തും അവതരിപ്പിച്ചുവരുന്നില്ല.
തോടയം അവസാനിച്ചാല്‍ രംഗത്ത്
തിരശ്ശീല(കര്‍ട്ടന്‍) പിടിക്കുന്നു. അപ്പോള്‍ പാട്ടുകാര്‍ കേദാരഗൌളരാഗം പാടും. പാട്ടുകാര്‍ രണ്ടു പേര്‍ കണും പ്രധാനഗായകന്‍ ചേങ്കിലയില്‍ താളം പിടിക്കും ഇയാളെ പൊന്നാനിപാട്ടുകാരന്‍ അന്നു വിളിക്കുന്നു. മറ്റേയാളെ ശിങ്കിടി പാട്ടുകാരന്‍ എന്നും വിളിക്കും. ഇയാള്‍ ഇലത്താളത്തില്‍ താളം പിടിക്കും. രാഗത്തിനു ശേഷം ഇവര്‍ മംഗളശ്ലോകം പാടും. സാധാരണയായി പാടുന്ന വന്ദനശ്ലോകങ്ങൾ ഇവയാണ്-

“മാതംഗാനനം അബ്ജവാസ രമണീം ഗോവിന്ദമാദ്യം ഗുരൂം
 പാണിനിഗര്‍ഗ്ഗനാരദ കണാതാദ്യാന്‍ മുനീന്ദ്രാന്‍ ബുധാന്‍
 ദുര്‍ഗ്ഗാഞ്ചാപി മൃദംഗശൈലനിലയാം ശ്രീപോര്‍ക്കലിം ഇഷ്ടദാം
 ഭക്ത്യാ നിത്യമുപാസ്മഹേ സപദിന: കുര്‍വ്വന്ദമീ മംഗളം”

കഥകളിയുടെ ഉപജ്ഞാതാവായ കോട്ടയത്തുതമ്പുരാന്‍ രചിച്ച ഇതുകൂടാതെ  മറ്റുചില ശ്ലോകങ്ങളും പാടാറുണ്ട്.


“കല്യാണി’ഖലുയത്ക്കഥാത്രിജഗതാം പാപൌഘവിധ്വംസിനി
 യല്ലാവണ്യമശേഷ ഗോപകമനീ നേത്രൈക സം‘മോഹനം’
 ‘സാരംഗം’വദ നക്രഭീതമഗതിയോ പാലയത് സത്വരം
 ബാഹുര്യസ്യ ച ‘ശങ്കരാഭരണ’ജിത് പായാത് സ:കേശവ:”

കാര്‍ത്തികതിരുനാള്‍ മഹാരാജാവു രചിച്ച ഈ ശ്ലോകവും കഥകളിക്ക് വന്ദനശ്ലോകമായി പാടാറുണ്ട്. ഈ ശ്ലോകത്തിന്റെ ഓരോ വരികളും വ്യത്യസ്ത രാഗങ്ങളിലായിട്ടാണ് ആലപിക്കാറ്. ഇവ യധാക്രമം കല്യാണി,മോഹനം,സാരംഗം,ശങ്കരാഭരണം എന്നിവയാണ്.


അടുത്തത് പുറപ്പാട്

പുറപ്പാടിന്റെ ശ്ലോകം ചൊല്ലി തിരശ്ശീലനീക്കുന്നു. അതാതു ദിവസം അവതരിപ്പിക്കുന്ന കഥയുടെ പുറപ്പാട്(നായകനും സഹനായകരോ നായികയോ ഉണ്ടെങ്കില്‍ അവരും ചേര്‍ന്ന്) ആണ് യഥാര്‍ത്ഥത്തില്‍ അവതരിപ്പിക്കേണ്ടത്. ഇതിനായി അതാതു ആട്ടകഥാകൃത്തുക്കള്‍ പുറപ്പാടും എഴുതിയിട്ടുണ്ട്. എന്നാല്‍ എന്ന് സാധാരണയായി സന്ദാനഗോപാലം കഥയുടെ പുറപ്പാടാണ് എല്ലായിടത്തും അവതരിപ്പിച്ചു വരുന്നത്.

സന്ദാനഗോപാലത്തിന്റെ പുറപ്പാട്-
(കര്‍ത്താവ്:മണ്ഡവപ്പിള്ളി ഇട്ടിരാരിശ്ശമേനോന്‍)
 
ശ്ലോകം-രാഗം:ശങ്കരാഭരണം
“സാന്ദ്രാനന്ദാകുലാത്മാ ഹരിരഥ ഭഗവാന്‍ ഭക്തവാത്സല്യശാലീ
 ദേവക്യാ നന്ദനസ്സന്നിഹ ഭുവി ജഗതാം രക്ഷണായാവതീര്‍ണ്ണ:
 ഹത്വാ കംസം സമല്ലം യുധി സഹ ഹലിനാ സര്‍വ്വലോകൈകനാഥ:
 ശ്രീമത്യാം ദ്വാരവത്യാം പുരി സുഖമവസദ്ദാരതത്യാ സമേത:”
{ആനന്ദമയനും ഭക്തവത്സലനും സര്‍വ്വലോകനാഥനുമായ ശ്രീ വിഷ്ണു ഭഗവാന്‍ ജഗത്‌രക്ഷക്കായി ഭൂമിയില്‍ ദേവകീസുതനായി അവതരിച്ച് ബലഭദ്രനോടുകൂടി യുദ്ധത്തില്‍ മല്ലന്മാരേയും കംസനേയും വധിച്ചിട്ട് പത്നിമാരോടും കൂടി ദ്വാരകാപുരിയില്‍ വസിച്ചു.}

പദം-രാഗം:ശങ്കരാഭരണം,താളം:ചെമ്പട
“ദേവദേവന്‍ വാസുദേവന്‍ ദേവകിതനയന്‍
 സേവചെയ്യും ജനങ്ങളെ കേവലം പാലിപ്പാന്‍”


“രേവതീ രമണനാകും രാമനോടും കൂടി
 ഉത്തമോത്തമനാകും ഉദ്ധവരോടും കൂടി
 വാരിജ ലോചനമാരാം നാരിമാരുമായി
 വാരിധിയില്‍ വിലസീടും ദ്വാരകയില്‍ വാണു”
{ദേവദേവനും ദേവകീതനയനുമായ വാസുദേവന്‍ ഭക്തജനങ്ങളെ പരിപാലിക്കുവാനായി രേവതീരമണനായ ബലഭദ്രനോടും, ഉത്തമബുദ്ധിമാനും കൃഷ്ണഭക്തരില്‍ ഉത്തമോത്തനുമായ ഉദ്ധവരോടും, താമരമിഴിമാരായ പത്നിമാരോടും കൂടി സമുദ്രത്തില്‍ പരിലസിക്കുന്ന ദ്വാരകാപുരിയില്‍ വാണു.}

“ദേവദേവന്‍ വാസുദേവന്‍”
നിലപദം-
“രാമ പാലയ മാം ഹരേ സീതാരാമ പാലയ മാം
 രാമ രവികുലസോമാ, ജഗദഭിരാമ, നീരദശ്യാമ
 ദശരഥരാമ, ശാരദശശി വദന, സാധൂജനാവന”

പുറപ്പാടിന് നാലുനോക്കുകള്‍ ആണ് ഉള്ളത്. എന്നാല്‍ മിക്കപ്പോഴും ഇതില്‍ രണ്ടു നോക്കുകളെ രംഗത്ത് അവതരിപ്പിക്കപ്പെടാറുള്ളു.
“രാമ പാലയ മാം”
പകുതി പുറപ്പാട്(അരപ്പുറപ്പാട്)

ഏതു കളിക്കും അവതരിപ്പിക്കാവുന്ന രീതിയില്‍
കലാമണ്ഡലത്തില്‍ ചിട്ടചെയ്തിട്ടുള്ള പുറപ്പാടാണ് പകുതിപ്പുറപ്പാട്. ഇതിന് രണ്ടുനോക്കുകള്‍ മാത്രമെ ഉള്ളു. രണ്ടോ (കൃഷ്ണന്‍, ബലഭദ്രന്‍) നാലോ (രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്ണന്‍) വേഷങ്ങള്‍ ചേര്‍ന്ന് ഇത് അവതരിപ്പിക്കാറുണ്ട്. ഇതിന്റെ പ്രാരംഭശ്ലോകമായി സന്ദാനഗോപാലം പുറപ്പാടിന്റെ ശ്ലോകമോ നരകാസുരവധം പുറപ്പാടിന്റെ ശ്ലോകമോ ആണ് ചൊല്ലാറുള്ളത്.

നരകാസുരവധം പുറപ്പാടിന്റെ ശ്ലോകം-രാഗം:ശങ്കരാഭരണം (കര്‍ത്താവ്:കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ മഹാരാജാവ്)
“സജലജലദനീലസ്സര്‍വ്വലോകൈകനാഥോ
 നിജസുതവനിതാഭിസ്സാകമാനന്ദമൂര്‍ത്തി:
 അരമതപുരവര്യ ദ്വാരകാനാമധേയേ
 നതജനസുഖദായീ വാസുദേവോ മഹാത്മാ”

കല്യാണസൌഗന്ധികം കഥയില്‍ ശ്രീകൃഷ്ണബലഭദ്രാദികള്‍ പാണ്ഡവരെ കാണുവാനായി വനത്തിലേക്ക് എഴുന്നള്ളുന്നതിനെ വണ്ണിച്ചിട്ടുള്ള പദമാണ് പകുതിപ്പുറപ്പാടിന് ആലപിക്കുന്ന പദം.

നിലപ്പദം-രാഗം:ശങ്കരാഭരണം,താളം:ചെമ്പട(കര്‍ത്താവ്:കോട്ടയത്തു തമ്പുരാന്‍)
“ഭൂഭാരം തീര്‍പ്പതിനായ് ഭൂമിയില്‍ വന്നവതരിച്ച
 ഭൂവനൈകനായകന്മാര്‍ ഭൂരികൃപാസാഗരന്മാര്‍
 വിണ്ണവര്‍നാഥാര്‍ത്ഥിതന്മാർ ഉണ്ണികളായായര്‍കുലേ
 പുണ്യവധൂഭവനന്തോറും വെണ്ണകവര്‍ന്നുണ്ണുന്നോര്‍
 അവനീതന്മാരാകും അവനീശന്മാരെ വെന്നു
 അവനീതലം അഴകോടെ അവനംചെയ്തീടുന്നോർ
 കാലികളും മേച്ചു വനേ ബാലകന്മാരായ് നടപ്പോര്‍
 കാലിണകൈതൊഴുന്നവരെ കാലഭയാല്‍ വേര്‍പ്പെടുപ്പോര്‍
 മാനിനിമാർ മനമലിയും മോഹനമെയ്ശോഭയുള്ളോർ
 വാരിധിയില്‍ വിലസീടും ദ്വാരകയാം പുരിതന്നില്‍
 പൌരജനങ്ങളുമായി സ്വൈരമോടെ വാഴുംകാലം
 അന്തികമാഗതരാകും കുന്തീതനൂജന്മാരെ
 ഹന്ത തദാ കാണ്മതിനായി ചന്തമോടങ്ങെഴുന്നള്ളി”
ദുര്യോധനവധം കഥയുടെ പുറപ്പാട് (പഞ്ചപാണ്ഡവരും പാഞ്ചാലിയും)
ദുര്യോധനവധം കഥയുടെ പുറപ്പാട്
അടുത്ത ചടങ്ങ് മേളപ്പദമാണ്. ഇത് കളിയില്‍ 
പങ്കെടുക്കുന്നഗായകര്‍ക്കും വാദ്യക്കാര്‍ക്കും അവരവരുടെ കഴിവ് തെളിയിക്കാനുള്ള അവസരമാണ്. മോഹനരാഗത്തില്‍ തുടങ്ങി മധ്യമാവതീരാഗത്തില്‍ തീരുന്ന രാഗമാലികയായി(ഒരു പദത്തിന്റെ പല ഭാഗങ്ങള്‍ പല രാഗത്തില്‍ പാടുന്നതാണ് രാഗമാലിക) ജയദേവ വിരചിതമായ “മഞ്ജൂതര കുഞ്ചതല കേളിസദനേ” എന്നു തുടങ്ങുന്നഅഷ്ടപദിയാണ് മേളപ്പദത്തില്‍ പാടാറുള്ളത്. ഗായകര്‍ ഓരോ ചരണവും ചൊല്ലി അവസാനിക്കുമ്പോള്‍ മേളക്കാര്‍ മാറി മാറി അവരുടെ വൈദഗ്ദ്ധ്യം പ്രകടിപ്പിക്കുന്നു. ഓരോ ചരണത്തിന്റേയും ആരംഭത്തില്‍ ചെണ്ടയിലും, ചരണവും പല്ലവി ആവര്‍ത്തനവും കഴിഞ്ഞാല്‍ മദ്ദളത്തിലും ഓരോ എണ്ണങ്ങള്‍ കൊട്ടും. ഈ എണ്ണങ്ങള്‍ തായമ്പകയില്‍ നിന്നും കേളിയില്‍ നിന്നും എടുത്തിട്ടുള്ളവയാണ്. മേളപ്പദം അവസാനിക്കുന്നതുവരെ ചെണ്ടക്കാരന്‍ ഇടങ്കയ്യില്‍ കോലുകൂടാതെയാണ് കൊട്ടുക.

അഷ്ടപദി പാടി അവസാനിപ്പിചാല്‍ രംഗത്തിന്റെ 
വശങ്ങളില്‍ നിന്നിരുന്ന ചെണ്ട മദ്ദള കലാകാര്‍ന്‍മാര്‍ നടുവിലേക്കു നീങ്ങി നിന്നു ചെമ്പടവട്ടം കൊട്ടിതുടങ്ങും. മേളപ്പദം ഒരു ചെണ്ടയും മദ്ദളവുമായും, രണ്ട് ചെണ്ടയും രണ്ടു മദ്ദളവുമായും(ഡബിള്‍ മേളപ്പദം) പതിവുണ്ട്. മേളം കൊട്ടി കാലം കയറ്റി(കാലം=കൊട്ടുന്ന സ്പീട്. പതികാലം മുതല്‍അതിദ്രുതം വരെ 6കാലങ്ങള്‍ ഉണ്ട്.) മേളപ്പദം അവസാനിപ്പിക്കുന്നു.
മേളപ്പദം
മേളപ്പദത്തില്‍ പാടുന്ന ജയദേവരുടെ ഗീതാഗോവിന്ദ മഹാകാവ്യത്തിലെ ഇരുപത്തിഒന്നാം അഷ്ടപദി-രാഗമാലിക, താളം:ചമ്പ
അനുപല്ലവി:(രാഗം:മോഹനം)
“മഞ്ജൂതരകുഞ്ജതലകേളിസദനേ
 ഇഹവിലസ രതിരഭസഹസിതവദനേ! ”
പല്ലവി:
“പ്രവിശ രാധേ മാധവസമീപമിഹ"
ചരണം1:
“നവഭവദശോകദളശയനസാരേ”
 ഇഹവിലസകുചകലശതരളഹാരേ! ”
(“പ്രവിശ രാധേ മാധവസമീപമിഹ”)
ചര‍ണം2:
“കുസുമചയരചിതശുചിവാസഗേഹേ,
 ഇഹവിലസ കുസുമസുകുമാരദേഹേ! ”
(“പ്രവിശ രാധേ മാധവസമീപമിഹ”)
ചരണം3:
“വിനതബഹുവല്ലിനവപല്ലവഘനേ
 ഇഹവിലസ ചിരമലസപീനജഘനേ”
(“പ്രവിശ രാധേ മാധവസമീപമിഹ”)
ചരണം4:
“മൃദുചലമലയപവനസുരഭിഗീതേ
 വിലസ മദനശരനികരഭീതേ ”
ചരണം5:(രാഗം:മദ്ധ്യമാവതി)
"വിഹിത പത്മാവതീ സുഖസമാചേ ഫണതിജയദേവ-
 കവി രാജരാജേ  കുരുമുരാരേ മംഗളശതാനിം"
മേളപ്പദം(ചെമ്പടവട്ടം)
മേളപ്പദത്തിന്റെ ആവിര്‍ഭാവത്തെക്കുറിച്ചും 
അതിന് ഗീതാഗോവിന്ദത്തിലെ ‘മഞ്ജുതര’ എന്നാരംഭിക്കുന്ന ഗീതം പാടിവരുന്നതിനുണ്ടായ കാരണത്തെക്കുറിച്ചും ഇങ്ങിനെ ഒരു ഐതീഹ്യകഥയുണ്ട്.

കഥകളിയുടെതന്നെ ഉപജ്ഞാതാവായ കോട്ടയത്തുതമ്പുരാന്‍ 
ഓരോ ആട്ടകഥയും പൂര്‍ണ്ണമാക്കിയാലുടന്‍ തന്റെ ഗുരുനാഥനായ ഗോവിന്ദസ്വാമികള്‍ക്ക് അയച്ചുകൊടുക്കുകയും അരങ്ങേറ്റത്തിന് അദ്ദേഹത്തെ ക്ഷണിക്കുകയും പതിവായിരുന്നു. എന്നാല്‍ സ്വാമികള്‍ ആട്ടകഥകളെ പറ്റി നല്ല അഭിപ്രായം പറയുകയോ, കളികാണാന്‍ പോവുകയോ ചെയ്യാറില്ല. താന്‍ മനസ്സിരുത്തി പഠിപ്പിച്ച് പണ്ഡിതനാക്കിതീര്‍ത്തിട്ടും തമ്പുരാന്‍ നല്ല മഹാകാവ്യങ്ങളൊന്നും രചിക്കാന്‍ ശ്രമിക്കാതെ ഈ ആട്ടകഥകള്‍ ചമച്ച് അവ ആടിക്കണ്ട് രസിക്കുകയാണല്ലൊ ചെയ്യുന്നത് എന്നു ചിന്തിച്ച്, തമ്പുരാനോട് നീരസം തോന്നിയതിനാലാണ് സ്വാമികള്‍ ഇങ്ങിനെ പ്രവര്‍ത്തിച്ചിരുന്നത്. തമ്പുരാന്‍ പതിവുപോലെ കിര്‍മ്മീരവധം ആട്ടകഥയും പൂര്‍ത്തീകരിച്ചപ്പോള്‍ ഗുരുവിന് അയച്ചുകൊടുക്കുകയും, അരങ്ങേറ്റം നിശ്ചയിച്ചപ്പോള്‍ അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു. തമ്പുരാന്റെ മുഷിച്ചില്‍ ഒഴിവാക്കാനായി മാത്രം സ്വാമികള്‍ അന്ന് അരങ്ങേറ്റത്തിന് പോയി. ആചാര്യാഗമനത്താല്‍ ആനന്ദതുന്ദിലനായിതീര്‍ന്ന അരചന്‍ അദ്ദേഹത്തെ വിധിയാംവണ്ണം സ്വീകരിച്ചിരുത്തി കുശലപ്രശ്നങ്ങള്‍ ചെയ്തു. മാത്രമല്ല അന്ന് ധര്‍മ്മപുത്രവേഷം താന്‍ തന്നെ ചെയ്യാനും തീരുമാനിച്ചു. അതിനായി ഗുരുവിനെകണ്ട് ദക്ഷിണചെയ്ത് നമസ്ക്കരിച്ച് അനുവാദവും ആശിര്‍വ്വാദവും ചോദിച്ച തമ്പുരാനോട് ഗോവിന്ദസ്വാമികളാകട്ടെ; ‘ഉറക്കമൊഴിക്കാന്‍ വയ്യ, ഞാന്‍ കിടക്കട്ടെ’ എന്ന് അറിയിക്കുകയാണുണ്ടായത്. തമ്പുരാന്‍ വിനയപൂര്‍വ്വം അത് അനുവദിച്ചു.

യഥാസമയം കളിയ്ക്കുവിളക്കുവെച്ചു. അരങ്ങുകേളിയും തോടയവും കഴിഞ്ഞ് മംഗളശ്ലോകം തുടങ്ങി.
“മാതംഗാനനമബ്ജവാസരമണീം
 ഗോവിന്ദമാദ്യം ഗുരു..................”
‘ഗോവിന്ദമാദ്യം ഗുരൂം’ എന്നു കേട്ടപ്പോള്‍ സ്വാമികള്‍ രോമാഞ്ചമണിഞ്ഞു. തന്നെക്കുറിച്ചു തമ്പുരാനുള്ള ഭക്തിയും ബഹുമാനവുമോര്‍ത്തപ്പോള്‍ ആ ശുദ്ധബ്രാഹ്മണന്റെ കണ്ണില്‍ സന്തോഷാശ്രു പൊഴിഞ്ഞു. ഉടനെ അദ്ദേഹം എഴുന്നേറ്റ് ആട്ടം കാണാനുറച്ച് അരങ്ങത്ത് ചെന്നിരുന്നു. പുറപ്പാട് കഴിഞ്ഞു. കഥ തുടങ്ങേണ്ട നേരമായി. എന്നിട്ടും വേഷം തീര്‍ന്നിരുന്നില്ല. അരങ്ങ് മുഴിയാന്‍ തുടങ്ങി.

ഗോവിന്ദസ്വാമികള്‍ക്ക് ഗീതാഗോവിന്ദം പരിവൃത്തി പതിവുണ്ട്. 
മുറപ്രകാരം അന്ന് ചൊല്ലേണ്ടത് ഇരുപത്തൊന്നാമത്തെ അഷ്ടപദിയായിരുന്നു. അരങ്ങുമുഷിച്ചില്‍ ഒഴിവാകട്ടെ എന്നു കരുതി അദ്ദേഹം അരങ്ങത്തുചെന്ന് ചേങ്കിലയെടുത്ത് ‘കുഞ്ജരി രാഗേണ ഗീയതേ; ചെമ്പതാളേന വാദ്യതേ’ എന്ന ജയദേവകല്പിതമനുസ്സരിച്ച് ‘മഞ്ജുതര’ എന്നാരംഭിക്കുന്ന ഗീതം ആലപിക്കുവാന്‍ തുടങ്ങി. ഈ സമയത്ത് അരങ്ങത്തുണ്ടായിരുന്ന വാദ്യക്കാര്‍ ആദ്യം സംഭ്രമിച്ചു. കൊട്ടികൂടണമോ? വെച്ചിട്ട് പോകണമോ? ചരണാന്ത്യങ്ങളില്‍ ഓരോ കലാശങ്ങള്‍ കൊട്ടാന്‍ സ്വാമികള്‍ ആഗ്യം കാട്ടിയതിനാല്‍ അതനുസ്സരിച്ച് അവര്‍ കൊട്ടിക്കൊണ്ടിരുന്നു. അഷ്ടപദി പൂര്‍ണ്ണമായപ്പോള്‍ ഒരു ഇരട്ടിവട്ടവും അതോടുകൂടി ഒരു നാലാമിരട്ടിയും മേളക്കാര്‍ മനോധര്‍മ്മമായി അങ്ങ് കൊട്ടി. അത് ‘ക്ഷ’ പിടിച്ച സ്വാമികള്‍ അവര്‍ക്ക് താളം പിടിച്ചുകൊടുക്കുകയും ചെയ്തു.

അപ്പോഴേക്കും വേഷംതീര്‍ന്ന് അരങ്ങിലെത്തിയ 
തമ്പുരാന്‍ ഗുരുനാഥന്റെ ഉത്സാഹവും അവസരോചിതമായ പ്രയോഗവും കണ്ട് സന്തോഷിച്ച്, അദ്ദേഹത്തെ നമിച്ച് വഴിപോലെ കഥ ആടാന്‍ ആരംഭിച്ചു. ആട്ടം തീരും വരെ അവിടെയിരുന്ന കണ്ട ഗോവിന്ദസ്വാമികള്‍ അവിടുത്തെ ആട്ടത്തേയും ആട്ടകഥയേയും അത്യന്തം പ്രശംസിക്കുകയും ചെയ്തു. ‘ഈ കോട്ടയം കഥകള്‍ നിസ്തുലങ്ങളായി ഭവിക്കട്ടെ’ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുകയും തമ്പുരാനെ അനുഗ്രഹിക്കുകയും ചെയ്താണ് ഗുരുനാഥന്‍ മടങ്ങിയത്.

അതിനുശേഷം ഗോവിന്ദസ്വാമികളുടെ സ്മരണയ്ക്കയി, 
പുറപ്പാട് കഴിഞ്ഞാല്‍ ‘മഞ്ജുതര’ പാടിക്കൊള്ളണം എന്ന് തമ്പുരാന്‍ കല്‍പ്പിക്കുകയും, അതിന് ഒരു ചിട്ടയും മട്ടും നിശ്ചയിക്കുകയും ചെയ്തു. ആട്ടമില്ലാതെ മേളവും പദവും മാത്രമുള്ള ഈ ചടങ്ങിന് ‘മേളപ്പദം’ എന്ന് നാമകരണവും ചെയ്തു. ഇങ്ങിനെയാണ് മേളപ്പദത്തിന്റെ ആവിര്‍ഭാവം.

മേളപ്പദവും കഴിഞ്ഞാല്‍ കഥ ആരംഭിക്കുകയായി.
ഇപ്പൊള്‍ സാധാരണയായി എല്ലായിടവും കഥതുടങ്ങുന്നതിനുമുന്‍പ് അന്ന് അവതരിപ്പിക്കുന്ന കഥകള്‍,നടന്മാര്‍ അണിയറയിലും(മേക്ക്പ്പ് റൂം) അരങ്ങത്തുംപങ്കെടുക്കുന്ന മറ്റു കലാകാരന്മാര്‍ എന്നിവയുടെ പേരുവിവരങ്ങള്‍ എന്നിവ അറിയിക്കാറുണ്ട്. കഥകളിയുടെ സാഹിത്യത്തെ ആട്ടകഥ എന്നു പറയുന്നു. ഏതണ്ട് 125ഓളം ആട്ടകഥകള്‍ എഴുതപെട്ടിട്ടുണ്ട്. എന്നാല്‍ ഇന്നു് എതാണ്ട് 30ഓളം കഥകളെ സാധാരണയായി രംഗത്ത് അവതരിപ്പിച്ചുവരുന്നുള്ളു. കഥകളിയുടേതായ തനി ക്ലാസിക്കല്‍ ചിട്ടവട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന 8കഥകളാണ് ഉള്ളതെന്നാണ് പഴമക്കാര്‍ പറയുന്നത്.

“കോട്ടം തീര്‍ന്നൊരു കോട്ടയം കഥകള്‍ നാലും
  തമ്പിയുടെ മൂന്നും ഒന്നാ കരീന്ദ്രന്റെയും”
കഥകളിയുടെ ഉപജ്ഞാതാവയ കണ്ണൂര്‍ കോട്ടയം രാജ്യത്തെ രാജാവ് രചിച്ചവയാണ് കോട്ടയം കഥകള്‍. ‘ബകവധം’, ‘കിര്‍മ്മീരവധം’, 'കാലകേയവധം’, 'കല്യാണസൌഗന്ധികം’ എന്നിവയാണ് അദ്ദേഹത്തിന്റെ നാല് ആട്ടകഥകള്‍. തമ്പി എന്നു പറയുന്നത് ഇരയിമ്മന്‍ തമ്പി. ‘ദക്ഷയാഗം’, 'ഉത്തരാസ്വയംവരം’, 'കീചക വധം’ എന്നിവയാണ് ഇദ്ദേഹത്തിന്റെ ആട്ടകഥകള്‍. കരീന്ദ്രന്‍ എന്നത് കിളിമാനൂര്‍ കോയിതമ്പുരാനാണ്. ‘രാവണവിജയം’ ആണ് അദ്ദേഹം രചിച്ച ആട്ടകഥ.

 ഉണ്ണായി വാര്യര്‍ രചിച്ച നളചരിതമാണ് എറ്റവും
ജനപ്രിയതയാര്‍ജ്ജിച്ച മറ്റൊരൂ ആട്ടകഥ.

എല്ലാആട്ടകഥകളും തന്നെ ഒരു രാത്രി മുഴുവന്‍
ആടാന്‍ പാകത്തിനാണ് രചിച്ചിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഇങ്ങിനെ അവതരിപ്പിക്കുന്നത് അപൂര്‍വ്വമാണ്. ഓരോ കഥയുടേയും പ്രധാനപ്പെട്ടതും അഭിനയിക്കാന്‍ വകുപ്പുള്ളതുമായ ഭാഗങ്ങള്‍ മാത്രമെ അരങ്ങത്ത് ആടാറുള്ളു. ഇതിനാല്‍ ഒരു രാത്രി തന്നെ 2മുതല്‍ 4 വരെ കഥകള്‍ അവതരിപ്പിക്കുവാന്‍ സാധിക്കും.

കഥകള്‍ അവതരിപ്പിച്ചു തീരുമ്പോള്‍ ഗായകര്‍
മംഗളശ്ലോകം ആലപിച്ച്, നടന്‍ ധനാശികലാശം എടുത്ത് ആണ് കഥകളി അവസാനിപ്പിക്കുന്നത്.

3 അഭിപ്രായങ്ങൾ:

പൂച്ച സന്ന്യാസി പറഞ്ഞു...

മണിയണ്ണാ‍, വളരെ നന്നായിരിക്കുന്നു അവതരണം. കഥകളിയുടെ ബാലപാഠം അറിയാത്ത എനിക്ക് എന്തോ ഒരു ഇത്തിരി മനസ്സിലായിട്ടുണ്ട്. 6-)0 ക്ലാസ്സില്‍ പഠിച്ച ആ പാഠത്തീലെ എന്തൊക്കെയോ മനസ്സില്‍ കൂടി മിന്നിമറയുന്നു.
ആട്ടെ ഇനിയും വിവരിക്കുക..കാത്തിരിക്കുന്നു.

Dandy പറഞ്ഞു...

മണിയണ്ണാ, ബ്ലോഗ് കൊള്ളാം കേട്ടോ. കഥകളിയില്‍ താത്പര്യമുണര്‍ത്താന്‍ ഈ ബ്ലോഗ് സഹായിക്കും. കഥകളി കേരളത്തിന്റെ ഒരു കലാരൂപമാണെന്ന് പറഞ്ഞുനടക്കുന്നതല്ലാതെ കഥകളിയെ പറ്റി ഒരു വിവരവുമില്ലാത്തവര്‍ക്ക് ഈ ബ്ലോഗ് ഉപയോഗപ്രദമായിരിക്കും.

Unknown പറഞ്ഞു...

വളരെ വിജ്ഞാനപ്രദമായ അറിവുകൾ' അഭിനന്ദനം അറിയിക്കുന്നു.