ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രോത്സവം

ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ 
ഭാഗമായി മൂന്നാമുത്സവദിവസമായ 07/03/2011ന് രാത്രി 10മുതല്‍ കഥകളി അവതരിപ്പിക്കപ്പെട്ടു. ആര്‍.എല്‍.വി.സുനിലിന്റെ പുറപ്പാടോടെ ആരംഭിച്ച കളിക്ക് മുന്‍പായി ഏറ്റുമാനൂര്‍ കഥകളി ആസ്വാദകസംഘം നല്‍കുന്ന കലാമണ്ഡലം ഹൈദരാലി സ്മാരക പുരസ്ക്കാരം കലാനിലയം രാജീവന് സമര്‍പ്പിക്കപ്പെട്ടു. പുറപ്പാടിനെ തുടര്‍ന്ന് ഇരട്ടമേളപ്പദവും അവതരിപ്പിക്കപ്പെട്ടു. ഇതില്‍ പാലനാട് ദിവാകരനും കലാനി:രാജീവനും ചേര്‍ന്ന് പദം പാടുകയും കുറൂര്‍ വാസുദേവന്‍ നമ്പൂതിയും സദനം രാമകൃഷ്ണനും ചെണ്ടയും കലാമണ്ഡലം രാജ്‌നാരായണനും കലാനിലയം മനോജും മദ്ദളവും കൈകാര്യം ചെയ്യുകയും ചെയ്തു.
കോട്ടയത്തുതമ്പുരാന്റെ കല്യാണസൌഗന്ധികം 
ആട്ടകഥയാണ് ഇവിടെ ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. ഭീമസേനനായി അഭിനയിച്ച കലാമണ്ഡലം ശ്രീകുമാര്‍ മികച്ചപ്രകടനമാണ് കാഴ്ച്ചവെച്ചത്. സവിശേഷമായ ഇരട്ടിയുള്‍പ്പെടുന്ന ‘പാഞ്ചാലരാജതനയെ’ എന്ന പതിഞ്ഞപദവും ‘മാഞ്ചേല്‍ മിഴിയാളെ’ എന്ന് ഇടക്കാലപദവും ചിട്ടവിടാതെതന്നെ മനോഹരമായി ഇദ്ദേഹം അവതരിപ്പിച്ചു. മനോഹരമായ ചുട്ടിയും പാകത്തിനുള്ള ഉടുത്തുകെട്ടും കൂടെചേര്‍ന്നപ്പോള്‍ ശ്രീകുമാറിന്റെ വേഷത്തിന്റെ ഭംഗി പതിവിലും കൂടുതലായി തോന്നി. പാഞ്ചാലിയായി അരങ്ങിലെത്തിയ മധു വാരണാസിയും നല്ല പ്രകടനം കാഴ്ച്ചവെച്ചു.
‘പാഞ്ചാലരാജതനയേ.....’
ഭീമന്റെ ഗന്ധമാദനപര്‍വ്വതദര്‍ശ്ശനം ഉള്‍പ്പെടെയുള്ള 
വനവര്‍ണ്ണന ആട്ടങ്ങളും കൂട്ടിചേര്‍ക്കലുകള്‍ ഒന്നുമില്ലാതെ ഭംഗിയായി ശ്രീകുമാര്‍ അവതരിപ്പിച്ചു. പ്രസിദ്ധമായ ‘അജഗരകബളിതം’ ആട്ടവും മനോഹരമായിതന്നെ അവതരിപ്പിക്കപ്പെട്ടു. മരചില്ലകള്‍ ഒടിച്ച് ഭക്ഷിക്കുകയും ദേഹം ചൊറിയുകയും, മണ്ണുവാരി ദേഹത്തിടുകയും ഒക്കെ ചെയ്യുന്ന ആനയുടെ പ്രവര്‍ത്തികളും, വിശന്ന് ഇരതേടി വരുന്ന പെരുമ്പാമ്പ് തലയുയര്‍ത്തിനോക്കുകയും ഇരയെകണ്ട് പതുക്കെ തലതാഴ്ത്തി ഇഴഞ്ഞടുക്കുന്നതുമായ ഭാഗങ്ങളും അതിമനോഹരമായി അനുഭവപ്പെട്ടു.
കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താനായിരുന്നു 
ഹനുമാനായി വേഷമിട്ടത്. സ്തിരമായി കൈകാര്യം ചെയ്യാത്ത ഒരു വേഷമായതിനാല്‍ അതിന്റേതായ പോരായ്കകള്‍ തോന്നിച്ചിരുന്നു. ചുവന്നതാടിയുടെ രീതിയിലുള്ളതും അമിതവുമായ ഹനുമാന്റെ അലര്‍ച്ചകള്‍ തെല്ല് അരോചകമായി എനുഭവപ്പെട്ടു. തപസ്സില്‍ നിന്നും ഉണരുന്നഭാഗത്ത് ‘പര്‍വ്വതങ്ങള്‍ കൂട്ടിയിടിക്കുന്നതാണൊ?’, ‘ലോകനാശകാലം വന്നതാണോ?’ എന്നീ രണ്ട് ആട്ടങ്ങളും അവതരിപ്പിച്ച ഇദ്ദേഹം പദത്തിന്റെ ‘മനസിമമ കിമപി’ എന്നിടത്ത് അഷ്ടകലാശവും ചവുട്ടുകയുണ്ടായി. 
ഹനുമാനും ഭീമനുമായി സന്ധിക്കുന്ന രംഗവും 
ഭംഗിയായിതന്നെ ശ്രീകുമാറും ഉണ്ണിത്താനും ചേര്‍ന്ന് അവതരിപ്പിച്ചു. രംഗാന്ത്യത്തില്‍ ഹനുമാനും ഭീമനുമായുള്ള പതിവ് ആട്ടങ്ങള്‍ക്കുശേഷം, ശ്രീരാമനെയും സീതാദേവിയേയും മനസ്സില്‍ നന്നായി വിചാരിച്ചുകൊണ്ട് പൊയ്ക്കൊള്ളാന്‍ നിര്‍ദ്ദേശിച്ച ഹനുമാന്‍ നീ രാമസീതമാരെ കണ്ടിട്ടുണ്ടോ? എന്ന് ചോദിക്കുകയും തുടര്‍ന്ന് മാറ് പിളര്‍ന്ന് രാമനേയും സീതയേയും ഭീമന് കാട്ടിക്കൊടുക്കുകയും ചെയ്തു. 
ഈ കഥയ്ക്ക്  പാലനാട് ദിവാകരന്‍ നമ്പൂതിരിയും 
കലാനി:രാജീവനും ചേര്‍ന്ന് ഭംഗിയായി പദങ്ങള്‍ പാടി. കുറൂര്‍ വാസുദേവന്‍ നമ്പൂതിരി, സദനം രാമകൃഷ്ണന്‍, മനോജ് കുറൂര്‍ എന്നിവര്‍ ചെണ്ടയിലും കലാ:രാജ്‌നാരായണന്‍ മദ്ദളത്തിലും അനുയോജ്യമായ മേളവുംകൂടി പകര്‍ന്നപ്പോള്‍ കല്യാണസൌഗന്ധികം ഹൃദ്യമായ ഒരു അനുഭവമായി.
‘ആലോക്യ താപസവരം’











ബാലിവിജയം കഥയാണ് തുടര്‍ന്ന് ഇവിടെ 
അവതരിപ്പിക്കപ്പെട്ടത്. പതിഞ്ഞപദം ഒഴിവാക്കിയിയിരുന്നു എങ്കിലും തിരനോട്ടശേഷം തിരതാഴ്ത്തി ഉത്തരീയംവീശി ഇരുന്നശേഷം രാവണന്‍ നാരദന്റെ വരവ് കാണുന്നതായ ആട്ടത്തോടേയാണ് കഥ ആരംഭിച്ചത്. ഏറ്റുമാനൂര്‍ കണ്ണന്‍ രാവണനായി അരങ്ങിലെത്തിയപ്പോള്‍ മാത്തൂര്‍ ഗോവിന്ദന്‍ കുട്ടിയാണ് നാരദവേഷമിട്ടത്. രാവണന്റെ പദഭാഗവും സുപ്രധാനമായ ‘കൈലാസോദ്ധാരണം’, ‘പാര്‍വ്വതിവിരഹം’ ആട്ടങ്ങളും ചിട്ടയായും മനോഹരമായും കണ്ണന്‍ അവതരിപ്പിച്ചു. വിസ്തരിച്ചു തന്നെ അവതരിപ്പിച്ച ആരംഭത്തിലെ ‘ഗതം തിരശ്ചീന’ എന്ന ശ്ലോകത്തിന്റെ ആട്ടവും കൈലാസത്തെ നോക്കികാണുകയും ഉദ്ധാരണം ചെയ്യുന്നതുമായ ആട്ടങ്ങളും സ്മരണീയമായ അനുഭവങ്ങളായി.
‘കൈലാസദര്‍ശ്ശനം
പനമറ്റം സോമനാണ് ബാലിയായി വേഷമിട്ടത്.
ഈ കഥയ്ക്ക് പാടിയത് കലാനി:രാജീവനും 
കലാ:രാജേഷ് ബാബുവും ചേര്‍ന്നായിരുന്നു. സദനം രാമകൃഷ്ണന്‍, മനോജ് കുറൂര്‍ എന്നിവര്‍ ചെണ്ടയിലും കലാനി:മനോജ് മദ്ദളത്തിലും നല്ല മേളവും ഒരുക്കി.
‘ഇവനല്ലോ ബാലി...’
ഈ കളിക്ക് ചുട്ടികുത്തിയിരുന്നത് കലാനിലയം 
സജിയായിരുന്നു. നളനുണ്ണിസ്മാരക കലാക്ഷേത്രം, കിടങ്ങൂരിന്റേതായിരുന്നു കളിയോഗം.

1 അഭിപ്രായം:

AMBUJAKSHAN NAIR പറഞ്ഞു...

ഏറ്റുമാനൂര്‍ കഥകളിയുടെ വിവരങ്ങള്‍ വായിച്ചു. വളരെ സന്തോഷം.