ഡോ.കെ.എന്‍.പിഷാരടി സ്മാരക കഥകളിക്ലബ്ബ്,
ഇരിങ്ങാലക്കുടയുടെ മുപ്പത്തിയാറാമത് വാര്‍ഷികം 25/01/2011ന് ഇരിങ്ങാലക്കുട ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയം ഹാളില്‍വെച്ച് ആഘോഷിക്കപ്പെട്ടു. വൈകിട്ട് 6:30ന് അഗ്നിശര്‍മ്മന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനത്തോടെയാണ് ആഘോഷപരിപാടികള്‍ ആരംഭിച്ചത്. എം.എ.അരവിന്ദാക്ഷന് സ്വാഗതമാശംസിച്ച സമ്മേളനം കേരളകലാമണ്ഡലം വൈസ് ചാന്‍സിലര്‍ ജെ.പ്രസാദ് ഉത്ഘാടനം ചെയ്തു. ചടങ്ങില്‍ വെച്ച് ഡോ.ജെ.പ്രസാദ് ഈ വര്‍ഷത്തെ പുരസ്ക്കാരസമര്പ്പണങ്ങളും നിര്‍വഹിച്ചു. ക്ലബ്ബിന്റെ ഈ വര്‍ഷത്തെ ഡോ.കെ.എന്‍.പിഷാരടി സ്മാരക കഥകളിപുരസ്ക്കാരം പ്രശസ്തകഥകളി സംഗീതജ്ഞന് കലാമണ്ഡലം നാരായണന് നമ്പൂതിരിക്കും, പി.ബാലകൃഷ്ണന് സ്മാരക കഥകളി എന്‍ഡോവ്മെന്റ് കഥകളി വിദ്യാര്‍ത്ഥി കോട്ടക്കല്‍ കൃഷ്ണദാസിനും, എം.എസ്സ്.നമ്പൂതിരി ജന്മശദാബ്ദി പ്രമാണിച്ച് അദ്ദേഹത്തിന്റെ കുടുംബം ഏര്‍പ്പെടുത്തിയ എം.എസ്സ്.നമ്പൂതിരി ജന്മശദാബ്ദി കഥകളി പുരസ്ക്കാരം പ്രശസ്ത കഥകളിനടന് പെരിയാനമ്പറ്റ ദിവാകരനുമാണ് സമ്മാനിക്കപ്പെട്ടത്. പുരസ്ക്കാരജേതാക്കളെ അനുമോദിച്ചുകൊണ്ട് സദനം ബാലകൃഷ്ണന് സംസാരിച്ച ചടങ്ങില്‍ ഇ.ബാലഗംഗാധരന്‍ കൃതജ്ഞതയും പറഞ്ഞു.![]() |
| ഡോ.കെ.എന്‍.പിഷാരടി സ്മാരക കഥകളിപുരസ്ക്കാരം കലാമണ്ഡലം നാരായണന് നമ്പൂതിരി ഏറ്റുവാങ്ങുന്നു. |
![]() |
| പി.ബാലകൃഷ്ണന് സ്മാരക കഥകളി എന്‍ഡോവ്മെന്റ് കോട്ടക്കല്‍ കൃഷ്ണദാസ് ഏറ്റുവാങ്ങുന്നു |
![]() |
| എം.എസ്സ്.നമ്പൂതിരി ജന്മശദാബ്ദി കഥകളി പുരസ്ക്കാരം പെരിയാനമ്പറ്റ ദിവാകരന് എറ്റുവാങ്ങുന്നു |
തുടര്‍ന്ന് 9മണി മുതല്‍ കഥകളിയും അവതരിപ്പിക്കപ്പെട്ടു.
നാലുനോക്കുകളോടുകൂടിയ പുറപ്പാടോടെയാണ് കളി ആരംഭിച്ചത്. ഇന്ദ്രന്, അഗ്നി,യമന്‍, വരുണന് എന്നീ നാലുവേഷങ്ങള്‍ പങ്കെടുത്ത പുറപ്പാട് പതുമയാര്ന്നതായി. സന്ദാനഗോപാലം പുറപ്പാടിന്റെ പദങ്ങള്‍തന്നെയാണ് പാടിയിരുന്നത്. ഇന്ദ്രനായി കലാമണ്ഡലം ഷണ്മുഖദാസും, അഗ്നിയായി ആര്.എല്‍.വി.സിനില്‍കുമാറും, യമനായി കലാനിലയം സുന്ദരനും, വരുണനായി ആര്.എല്‍.വി.പ്രമോദുമാണ് അരങ്ങിലെത്തിയത്. കലാനിലയം രാജീവനും കലാനിലയം ബാബുവും ചേര്‍ന്ന് പദങ്ങള്‍ പാടിയ പുറപ്പാടിന് കലാനിലയം രതീഷ് ചെണ്ടയിലും കലാനിലയം മണികണ്ഠന് മദ്ദളത്തിലും മേളം പകര്‍ന്നു.![]() |
| പുറപ്പാട് |
നളചരിതം ഒന്നാംദിവസം കഥയുടെ
ഉത്തരഭാഗമാണ് ആദ്യമായി ഇവിടെ അവതരിപ്പിക്കപ്പെട്ടത്. ദമയന്തിയെ കണ്ട് ഹംസം നളന്റെ സമീപത്തില്‍ മടങ്ങിയെത്തുന്നതുമുതല് ദമയന്തീസ്വയംവരം വരെയുള്ള ഭാഗത്തെ പതിവുള്ള രംഗങ്ങളാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടത്.
![]() |
| ‘ത്വരിതം പറന്നു നിഷധേന്ദ്രസന്നിധൌ’ |
ഹംസമായി വേഷമിട്ടിരുന്നത് ഇ.കെ.വിനോദ് വാര്യര്‍ ആയിരുന്നു.
![]() |
| ‘ഡിംഭനാമെന്നോടോരോ ദംഭമരുതേ..’ |
നളവേഷത്തിലെത്തിയ കലാമണ്ഡലം ഗോപി
നല്ല പ്രകടനം കാഴ്ച്ചവെച്ചു. മടങ്ങിയെത്തിയ ഹംസത്തിനോട് വിവരങ്ങള്‍ ചോദിച്ചറിയുന്ന ഭാഗത്തെ തിടുക്കം, ദേവന്മാരോടുഭക്തിയുണ്ടെങ്കിലും അവര്‍ ദൂതനായി ദമയന്തീ സമീപത്തേയ്ക്ക് പോകാന്‍ ആവശ്യപ്പെടുമ്പോഴുള്ള ധര്‍മ്മസങ്കടം, ദമയന്തിയെ അടുത്തുകാണുമ്പോള്‍ കാമുകഭാവം വിരിയുന്നുവെങ്കിലും പെട്ടന്ന് മനസ്സ് നിയന്ത്രിച്ച് ദൂതഭാവം കൈവരിക്കുകയും സാമദാനഭേദ ഉപായങ്ങള്‍ പറഞ്ഞ് ദൂത്യം ഭംഗിയായി നിര്‍വ്വഹിക്കുകയും ചെയ്യുന്നത്, ദേവകള്‍ ഏല്‍പ്പിച്ച ദൌത്യം വിജയിച്ചില്ലായെങ്കിലും ദമയന്തിയുടെ ദൃഢമായ വാക്കുകളിലൂടെ അവളുടെ ഉള്ളിലിരിപ്പ് മനസ്സിലാക്കാനായതിനാല്‍ സന്തോഷവാനായുള്ള മടക്കം, ഇങ്ങിനെ നിരവധി അഭിനയ മുഹൂര്‍ത്തങ്ങള്‍ അടങ്ങുന്ന ഈ ഭാഗത്തെ നളനെ ഗോപിയാശാന് ഭംഗിയായിതന്നെ അവതരിപ്പിച്ചു. ഹംസത്തില്‍ നിന്നും ദമയന്തിയുടെ വിവരങ്ങള്‍ അറിഞ്ഞ നളന് ഉദ്യാനവാസം അവസാനിപ്പിച്ച് കൊട്ടാരത്തിലേയ്ക്ക് മടങ്ങുവാനായി സൂതനെ വിളിച്ച് തേര് വരുത്തി, അതില്‍ കയറിയാണ് മടങ്ങിപോകുന്നതായാണ് ആടി കണ്ടത്. രാജാവിന്റെ ഉദ്യാനം കൊട്ടാരത്തില്‍ നിന്നും വളരെ ദൂരത്ത് ആയിരിക്കുകയില്ലല്ലോ. എന്നതുകൊണ്ടുതന്നെ തേരിലേറി പോകേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. തന്നെയുമല്ല പൂര്‍വ്വഭാഗത്ത് മന്ത്രിയെ രാജ്യഭരണമേല്‍പ്പിച്ച് ഉദ്യാനത്തിലേയ്ക്ക് തേരില്‍ കയറി വരുന്നതായി ആടാറുമില്ലല്ലൊ.
![]() |
| ‘വാങ്ഛയൊടു നികടഭുവി കണ്ടു’ |
![]() |
| ‘ഹേ മഹാനുഭാവ...’ |
ദമയന്തിയായി അരങ്ങിലെത്തിയ മാര്‍ഗ്ഗി വിജയകുമാര്‍
പതിവുപോലെ ചൊല്ലിയാട്ടഭംഗി, അഭിനയം, പാത്രബോധം ഇവകളോടെതന്നെ ഈവേഷത്തെ ഭംഗിയായി അവതരിപ്പിച്ചിരുന്നു.
![]() |
| ‘ഈശന്മാരെന്തു വിചാരലേശം കൂടാതെ’ |
![]() |
| ‘ഞാനൊരു രാജഭാര്യയെന്നാശയെ ധരിപ്പതി....’ |
സരസ്വതിയായി അരങ്ങിലെത്തിയ കലാമണ്ഡലം
വിജയകുമാറും നല്ല പ്രകടനം തന്നെ കാഴ്ച്ചവെച്ചു.
![]() |
| ‘ബാലേ..സ്ദ്ഗുണലോലേ...’ |
പത്തിയൂര്‍ ശങ്കരന്‍കുട്ടിയും കലാനി:രാജീവനും
ചേര്‍ന്ന് സംഗീതവും കലാമണ്ഡലം ഉണ്ണികൃഷ്ണനും(ചെണ്ട) കലാമണ്ഡലം നാരായണന് നമ്പീശനും(മദ്ദളം) ചേര്‍ന്ന് മേളവും ഭംഗിയായി കൈകാര്യം ചെയ്തപ്പോള്‍ ഈ നളചരിതം ഉത്തരഭാഗം അവതരണം ഹൃദമായി.
![]() |
| ‘കനക്കുമര്‍ത്ഥവും...’ |
ലവണാസുരവധം കഥയാണ് രണ്ടാമതായി ഇവിടെ
കുശനായി സദനം കൃഷ്ണദാസും ലവനായി
സദനം സദാനന്ദനും വേഷമിട്ടു. ഹനുമാനുമായി ചേര്‍ന്നുള്ള അഷ്ടകലാശം ഉള്‍പ്പെടെ അനേകം കലാശങ്ങളും യുദ്ധവട്ടങ്ങളും ഉള്‍പ്പെടുന്ന ഈ കുട്ടിത്തരം വേഷങ്ങളുടെ അവതരണം പാത്രബോധത്തോടെ തന്നെ ഇരുവരും ഭംഗിയായി കൈകാര്യം ചെയ്തിരുന്നു. ബ്രാഹ്മണബാലന്മാരായി ആര്.എല്‍.വി.സുനില്‍കുമാറും
ആര്.എല്‍.വി.പ്രമോദുമാണ് അരങ്ങിലെത്തിയത്.ശത്രുഘ്നവേഷത്തിലെത്തിയ കോട്ട:കൃഷ്ണദാസും നല്ല പ്രകടനമാണ്
കാഴ്ച്ചവെച്ചത്. പ്രധാനവേഷമായ ഹനുമാനായെത്തിയത്
സദനം ബാലകൃഷ്ണനായിരുന്നു. കീഴ്പ്പടം ശൈലിയില്‍ ഭക്തിരസപ്രധാനമായി ഇദ്ദേഹം ഹനുമാനെ അവതരിപ്പിച്ചു. കലാ:നാരായണന് നമ്പൂതിരിയും സദനം ശിവദാസും
ചേര്‍ന്നാണ് ഈ കഥയിലെ പദങ്ങള്‍ പാടിയത്.![]() |
| ‘ഹന്ത ഹന്ത ഹനുമാനേ...’ |
മേളപ്രധാനമായ ലവണാസുരവധത്തിന് സദനം
രാമകൃഷ്ണന് ചെണ്ടയിലും സദനം ദേവദാസന് മദ്ദളത്തിലും മികച്ച മേളംകൂടി ഒരുക്കിയപ്പോള്‍ ഈ അവതരണം അവിസ്മരണീയമായിതീര്ന്നു.ഈ ദിവസം അവസാനമായി അവതരിപ്പിക്കപ്പെട്ടത്
കിരാതം കഥയായിരുന്നു. അര്‍ജ്ജുനന്റെ തപസ്സ് മുതല്‍ അവതരിപ്പിക്കപ്പെട്ട കിരാതത്തില്‍ അര്‍ജ്ജുനനായി വേഷമിട്ടത് കലാനിലയം ഗോപിനാഥനാണ്. കാട്ടാളവേഷത്തിലെത്തിയത് പെരിയാനമ്പറ്റ ദിവാകരനായിരുന്നു. വേട്ടക്കൊരുമകന്റെ ജനനം ഉള്‍പ്പെടെയുള്ള ആട്ടങ്ങളോടെ ഇദ്ദേഹം തന്റെ വേഷം ഭംഗിയായി അവതരിപ്പിച്ചു.കാട്ടാളസ്ത്രീയായി വേഷമിട്ട വെള്ളിനേഴി ഹരിദാസന്
നല്ല പാത്രബോധത്തോടെ അരങ്ങില്‍ വര്‍ത്തിച്ചിരുന്നു. യുദ്ധത്തിനിടയില്‍ ഇടപെടുന്ന കാട്ടാളസ്ത്രീയോട് അര്ജ്ജുനന് കയര്‍ത്തു ചെല്ലുമ്പോഴും പാര്‍ത്ഥനോടുള്ള വാത്സല്യഭാവം വിടാതെ വര്‍ത്തിച്ചിരുന്നു ഇദ്ദേഹം. മറ്റു പല കാട്ടാളസ്ത്രീകളും അര്ജ്ജുനന് കയര്‍ക്കുന്നതോടെ പേടിച്ചഅരണ്ട് കാട്ടാളന്റെ പിന്നില്‍ അഭയം തേടുന്നതായും തുടര്‍ന്ന് അര്‍ജ്ജുനനോട് യുദ്ധം ചെയ്യാന്‍ കാട്ടാളനെ പ്രേരിപ്പിക്കുന്നതായും ഇന്ന് അരങ്ങില്‍ കാണാറുണ്ട്. ആളറിയാതെ പറയുന്ന അര്‍ജ്ജുനന്റെ വാക്കുകള്‍ കേട്ട് വേടനാരീരൂപത്തിലുള്ള സര്‍വ്വലോകേശ്വരിയായ പാര്‍വ്വതി പേടിച്ചോടേണ്ട കാര്യമില്ലല്ലൊ.കുട്ടികാട്ടാളനായി ആര്.എല്‍.വി.സുനില്‍കുമാറും
ശിവനായി സദനം സദാനന്ദനും പാര്‍വ്വതിയായി ആര്.എല്‍.വി.പ്രമോദും അരങ്ങിലെത്തി. സദനം ശിവദാസനും കലാനി:ബാബുവും ചേര്‍ന്നായിരുന്നു കിരാതത്തിലെ പദങ്ങള്‍ ആലപിച്ചത്. കലാമണ്ഡലം ഹരീഷും കലാനി:രതീഷും ചെണ്ടയും കലാമണ്ഡലം വേണു മദ്ദളവും കൈകാര്യം ചെയ്തു.ഈ കളിക്ക് ചുട്ടികുത്തിയിരുന്നത് കലാമണ്ഡലം
ശിവരാമന്, കലാനിലയം സജി, കലാനിലയം രാജീവന് എന്നിവരായിരുന്നു. ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയത്തിലെ ചമയങ്ങള്‍ ഉപയോഗിച്ചിരുന്ന കളിക്ക് അണിയറസഹായികളായി വര്‍ത്തിച്ചിരുന്നത് എം.നാരായണന്, മുരളി, നാരായണന്, സേതു, വാസു എന്നിവരായിരുന്നു.























7 അഭിപ്രായങ്ങൾ:
വിവരണത്തിനു നന്ദി. :)
ഇന്ദ്രന്/യമന്‍/അഗ്നി/വരുണന് - അങ്ങിനെയൊരു പുറപ്പാട് പതിവുണ്ടോ? അതോ, ഇവരുടെ വേഷം തീര്‍ന്നിരിക്കുന്നു, അതുകൊണ്ട് അങ്ങിനെയാവാം എന്നു കരുതി എന്നേയുള്ളോ?
--
ഇങ്ങിനെയൊരു പുറപ്പാട് പതിവില്ല. ഇവിടെ സൌകര്യാത്ഥം ഇങ്ങിനെ ചെയ്തു എന്നേയുള്ളു.
മണീ, കാണാന്‍ വൈകി. പരിയാനമ്പറ്റ വേഷം കെട്ടികാണുന്നത് തന്നെ അനവധി കാലങ്ങള്‍ക്ക് ശേഷം ആണ്. :)
ഗോപ്യാശാന് അപ്പോ തോന്നി കാര്‍ (തേര്) പിടിച്ച് കൊട്ടാരത്തിലേക്ക് പോകാം എന്ന്. അതൊകൊണ്ട് ഒരു രസഭംഗം വരും എന്ന് എനിക്ക് തോന്നീല്യ. നമ്മള് അന്നന്നതെ കളിയല്ലെ കാണുന്നുള്ളൂ. അന്ന് പൂന്തോട്ടത്തിലേക്ക് വരുന്നത് ആടിയില്ലല്ലൊ. മുന്‍പ് നമ്മള് കണ്ട കളിയുടെ ഓര്‍മ്മകളല്ലെ ഉള്ളൂ. അത് സാരല്യ.
എന്റെ സംശയം, ലവണാസുരവധത്തിലെ ഹനൂമാനും ലവകുശന്മാരും ചേര്‍ന്ന് നടത്തുന്ന അഷ്ടകലാശം ആണ്. അതിന്റെ സാംഗത്യമെന്താ? ലവകുശന്മാര് ഹനൂമാനോട് യുദ്ധത്തിന് വരുകയ്ല്ലെ? ഹനൂമാന് അറിയാമെങ്കിലും ലവകുശന്മാര്ക്കറിയില്ലല്ലൊ. അപ്പോ യുദ്ധത്തിന് വരുമ്പോ എല്ലാരും കൂടി അഷ്ടകലാശം എടുക്കുമൊ? സന്തോഷസമയത്തല്ലെ അത് സാധാരണ ഉണ്ടാകറുള്ളത്? കീഴപ്പടം അങ്ങനെ ചെയ്യുന്നത് കണ്ടിട്ടുണ്ട്. അറിയുമെങ്കില്‍ പറഞുതരൂ.
അര്ജ്ജുനന് കയര്‍ക്കുന്നത് കണ്ട് കാട്ടാളസ്ത്രീ പെണ്‍സഹജമായ വാശിയാല്‍ കാട്ടാളനോട് അര്‍ജ്ജുനനുമായി യുദ്ധത്തിന് പോകാന്‍ പ്രേരിപ്പിക്കുന്നത് കണ്ടിട്ടുണ്ട്. അവിടെ പേടി ഒളിച്ചോടല്‍ ഒന്നുമല്ല, കഥകളിക്കാര്‍ പെണ് ബുദ്ധിയെ അവതരിപ്പിക്കുന്ന രീതിയാണ്. :):)
appO ആകപ്പാടെ നല്ല കളി ആയി അല്ലേ മണീ?
@ -സു-
അതെ ആകെപ്പാടെ നന്നായിരുന്നു.
പെരിയാനമ്പറ്റ ഇടക്കു കുറച്ചുനാൾ ആരൊഗ്യകാരണങ്ങളാൽ അധികം വേഷം കെട്ടാതെയിരുന്നു എങ്കിലും ഇപ്പോൾ ധരാളമായി വേഷങ്ങൾ കെട്ടുന്നുണ്ട്. സുനിലേട്ടൻ നാട്ടിലില്ലാത്തതുകൊണ്ടാണ് കാണാത്തത്.
മുൻപ് കണ്ടതോ ഇപ്പോൾ കണ്ടതോ അത്യത്തേതിന്റെ തുടർച്ചയാണല്ലോ ഇത്. അപ്പോൾ ഇത് ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെ. ഇത്ര മുതിർന്ന കലാകാരന്മാരാകുമ്പോൾ കൂടുതൽ ശ്രദ്ധവേണ്ടതല്ലെ? അല്ലെങ്കിൽ വരും തലമുറ ഇതുകണ്ടല്ലെ പഠിക്കുക. ‘ആശാനൊന്നുപിഴച്ചാൽ ശിഷ്യനു അമ്പത്തൊന്നും പിഴയ്ക്കും’ എന്നാണല്ലൊ....
അഷ്ടകലാശത്തിന്റെ സാംഗത്യം എന്താണോ?
ഇപ്പോൾ ഒരുകഥയിലുംതന്നെ സാംഗത്യം നോക്കിയല്ലല്ലൊ അഷ്ടകലാശം എടുക്കുന്നത്. സന്തോഷമായാലും സങ്കടമായാലും അടക്കാനാവാത്ത വികാരം ഉണ്ടാകുന്ന സമയത്തെ പണ്ടുള്ളവർ അഷ്ടകലാശം നിർദ്ദേശിച്ചിട്ടുള്ളു. കല്യാണസൌഗന്ധികം ഭീമനും(ശൌര്യഗുണം), കാലകേയവധം അർജ്ജുനനും മാത്രമെ യഥാർത്ഥത്തിൽ കല്ലുവഴിചിട്ടപ്രകാരം അഷ്ടകലാശമുള്ളു. എന്നാൽ ഇന്ന് ബാലിയും ഹനുമാനും ലവകുശരും ഒക്കെ അഷ്ടകലാശം ഏടുക്കുന്നു. നൃത്തഭംഗി ആസ്വദിക്കുക. സാംഗത്യം വിട്ടുകളയുക. ഇതൊക്കെയെ എന്ന് നടക്കു....
അതെ പല കളിക്കാരും പെൺ ബുദ്ധിയെ അവതരിപ്പിക്കുന്നത് ഇങ്ങിനെതന്നെയാണ്. പെണ്‍വേഷം കെട്ടിയ പുരുഷന്റെ കാഴ്ച്ചപ്പാട്...ഇവിടെയാണ് ശിവരാമാശാൻ വെത്യസ്തനാകുന്നത്. ഇവിടെ പെൺ സഹജമായ വാശിയേക്കാൾ അർജ്ജുനനോടുള്ള വാതസല്യഭാവത്തിനാണ് അദ്ദേഹം പ്രാധാന്യം കൊടുക്കാറ്. കാടാളസ്ത്രീ വെറുമൊരു പെൺ അല്ലല്ലൊ സാക്ഷാൽ ശ്രീപാർവ്വതിദേവി തന്നെയാണല്ലോ. തപസ്സനുഷ്ടിക്കുന്ന അർജ്ജുനനിൽ വാത്സല്യം തോന്നി വരം നൽകാനായാണാല്ലൊ ഇവർ വന്നിരിക്കുന്നതും.
ഇന്ദ്രാദികളുടെ വേഷത്തില്‍ കാണുന്ന പ്രത്യേകത വളരെ ആകര്‍ഷണീയം തന്നെ.
യുദ്ധത്തിനു പോകുവാന്‍ കിരാതത്തില്‍ കാട്ടളത്തി കാട്ടളനെ പ്രേരിപ്പിക്കാറില്ല. ശിവന്റെ (കാട്ടാളന്) താല്‍പ്പര്യങ്ങള്‍ക്കു കൂട്ടു നില്ക്കുന്നു എന്നാലും ഭക്തനെ യുദ്ധത്തില്‍ കൂടി വേണമോ പരീക്ഷിക്കുവാന്‍ എന്ന് പണ്ടൊക്കെ പല കാട്ടളത്തി നടന്മാരും ചോദിക്കുകയും അതിനു ആലോചിക്കാതെയും പരീക്ഷിക്കതെയും പെട്ടെന്ന് ഭാസ്മാസുരന് വരം നല്കി താന്‍ അനുഭവിച്ച സങ്കട കഥ കാട്ടാളന്, കാട്ടളത്തിയോട് ഇളകിയാട്ടത്തില്‍ കൂടി അവതരിപ്പിച്ചു കണ്ടിട്ടുണ്ട്.
ശ്രീ. സദനം ബാലകൃഷ്ണന് ആശാന്റെ നളചരിതം ഒന്നിലെ നളന് ഞാന്‍ ഒരിക്കല്‍ കണ്ടിരുന്നു. അദ്ദേഹം ഉദ്യാനത്തിലേക്ക് കുതിരപ്പുറത്തു കയറി പോകുന്നതായിട്ടാണ് അവതരിപ്പിച്ചത് . ശ്രീ. കലാമണ്ഡലം ഉണ്ണികൃഷ്ണന് തന്റെ ചെണ്ടയില്‍ കുതിരയുടെ കുളമ്പടി ശബ്ദം ഭംഗിയായി നല്‍കുകയും ചെയ്തിരുന്നതും സ്മരിക്കട്ടെ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ