കളിയരങ്ങിലെ ലാസ്യലാവണ്യം

[തിരനോട്ടം, ദുബായുടെ ഉത്സവം10 സ്മരണികയായ ‘കേളീരവത്തിൽ’ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനം]കഥകളിയില്‍ പൊതുവെ പുരുഷവേഷങ്ങളുടെ നൃത്തം
താണ്ടവവിഭാഗത്തിലും സ്ത്രീവേഷങ്ങളുടേത് ലാസ്യവിഭാഗത്തിലുമാണ് വരുന്നത്. സ്ത്രീവേഷങ്ങളില്‍ തന്നെ, ചിട്ടപ്രധാനമായതും വിളംബകാലത്തിലുമുള്ള അവതരണങ്ങള്‍ വരുന്ന ലളിതകളും ഉര്‍വ്വശിയും അടങ്ങുന്ന ഒരു വിഭാഗവും ദമയന്തി,മോഹിനി,ദേവയാനി തുടങ്ങിയ നായികമാരുടെ ഒരു വിഭാഗവും ഉണ്ട്. ദമയന്തിമുതലായവരെ അവതരിപ്പിക്കുമ്പോള്‍ നടന് കൂടുതല്‍ സ്വാതന്ത്യം ലഭിക്കുന്നുവെങ്കിലും ആദ്യവിഭാഗത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോഴാണ് ഒരു കഥകളികലാകാരന്റെ മാറ്റുരയ്ക്കപ്പെടുന്നത്. കഥാപാത്രത്തെ ഉള്‍ക്കൊണ്ട് സ്തായി സഞ്ചാരി രസാഭിനയങ്ങളോടെ പതിഞ്ഞകാലത്തിലുള്ള പദങ്ങള്‍ ചൊല്ലിയാടുകയും നൃത്തങ്ങള്‍ ചെയ്യുകയും വേണ്ടതായി വരുന്നു ഇവകളില്‍. ഈവേഷങ്ങളില്‍ തന്റെ വക്തിമുദ്ര പതിപ്പിച്ച അനുഗ്രഹീത നടനാണ് മാര്‍ഗ്ഗി വിജയകുമാര്‍. ഈ വിഭാഗത്തില്‍ തന്നെ ഏറ്റവും ശ്രേഷ്ഠമെന്നു കല്പിക്കപ്പെടുന്നത് കിര്‍മ്മീരവധത്തിലെ ലളിത(സിംഹിക)യും കാലകേയവധത്തിലെ ഉര്‍വ്വശിയുമാണ്. ഇതുരണ്ടും വിജയകുമാര്‍ ചിട്ടവിടാതെതന്നെ തന്റേതായ രീതിയില്‍ വത്യസ്തതപുലര്‍ത്തിക്കൊണ്ടാണ് അവതരിപ്പിക്കുന്നത്.
ആവശ്യമായ രസാവിഷ്ക്കരണത്തോടും മെയ്യിന്റെ ചലനങ്ങളോടും കൂടി
കാലപ്രമാണത്തിനനുശൃതമായി മുദ്രകളും ചലനങ്ങളും വിന്യസിച്ചുകൊണ്ടുള്ള മാര്‍ഗ്ഗിയുടെ ചൊല്ലിയാട്ടം നയനമനോഹരം തന്നെയാണ്. ലാസ്യനൃത്തത്തിന്റെ മനോഹരമായ ആവിഷ്ക്കാരങ്ങളായ ഉര്‍വ്വശിയുടെ ‘പാണ്ഡവന്റെ രൂപംകണ്ടാല്‍’ എന്ന പദത്തിലെ പതിഞ്ഞകാലത്തിലുള്ള ഇരട്ടിയും, കിര്‍മ്മീരവധം ലളിതയുടെ ‘കണ്ടാലതിമോദം’ എന്ന മദ്ധ്യകാലപദത്തിലെ വണ്ടുകളുടെ തിരിഞ്ഞോട്ടം, വള്ളികളുടെ നൃത്തം, എതിരേൽക്കൽ എന്നീഭാഗങ്ങളും ഇദ്ദേഹം അവിസ്മരണീയങ്ങളാക്കുന്നു. കളരിയിലെ പരിശീലനം കൊണ്ട് നേടിയെടുക്കാവുന്ന ഈ ഗുണങ്ങള്‍ക്കുപുറമെ, കഥാസന്ദര്‍ഭത്തേയും കഥാപാത്രത്തേയും നന്നായി മനസ്സിലാക്കി, ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുകകൂടെ ചെയ്യുന്നതുകൊണ്ടാണ് വിജയകുമാറിന്റെ അവതരണങ്ങള്‍ സാമ്യമകന്നവയാകുന്നത്. ഭീമനെ പ്രണയിക്കുന്ന ഹിഡിംബിയേയും, അര്‍ജ്ജുനനെ കാമിക്കുന്ന ഉര്‍വശിയേയും, ജയന്തനെകണ്ട് കാമപരവശയായ നക്രതുണ്ടിയേയും, കൃഷ്ണവധം എന്ന ദൌത്യവുമായി അമ്പാടിയിലെത്തുന്ന പൂതനയേയും അതിന്റേതായ നിലകളില്‍ ഇദ്ദേഹം അവതരിപ്പിച്ചു ഭലിപ്പിക്കുന്നു. എന്നാല്‍ വിജയകുമാറിന്റെ വത്യസ്തതപുലര്‍ത്തുന്നതും മികച്ചതുമായ അവതരണം കോട്ടയത്തുതമ്പുരാന്റെ ഉദാത്തസൃഷ്ടിയായ കിര്‍മ്മീരവധം ലളിതയുടേതാണ്. ഒരേ സമയം നടന്‍ സിംഹികയായും, സിംഹിക പാഞ്ചാലിയുടെ മുന്നില്‍ ഗണികയായും അഭിനയിക്കുന്നു എന്ന് ആസ്വാദകനില്‍ ബോധം ജനിപ്പിക്കുന്ന രീതിയിലാണ് ഇദ്ദേഹം ഈ ലളിതയെ അവതരിപ്പിക്കുന്നത്. ശൃഗാരഭാവത്തിലുള്ള പ്രവേശത്തിനിടയില്‍തന്നെ അതിലെ കാപട്യവും ധ്വനിപ്പിക്കുന്ന മാര്‍ഗ്ഗിയുടെ ലളിത, തുടര്‍ന്ന് ആ രംഗത്തിലുടനീളം തന്റെ യഥാര്‍ത്ഥമായ ഉള്ളിലിരിപ്പിനേയും ലക്ഷ്യത്തേയും പ്രേക്ഷകനിലെത്തിക്കുന്ന രീതിയിലുള്ള സൂക്ഷമഭാവങ്ങളും അവിടവിടെയായി പ്രകടിപ്പിക്കുന്നു. ലളിതയില്‍ നിന്നും കരിയിലേയ്ക്ക് സങ്ക്രമിക്കുന്ന ഭാഗങ്ങളിലെ ഇദ്ദേഹത്തിന്റെ അവതരണങ്ങളും ഈടുറ്റവയാണ്. ഇവിടങ്ങളില്‍ കരിയുടെ സമ്പ്രദായത്തിലുള്ള അലര്‍ച്ച പുറപ്പെടുവിക്കുന്നതിലൂടെ രാക്ഷസീയതയിലേയ്ക്കുള്ള ഭാവപകര്‍ച്ചയെ ജ്വലിപ്പിക്കുവാന്‍ ശ്രമിക്കുന്ന ഇദ്ദേഹം, സാധാരണയായി കരിവേഷം രംഗത്തുവരാറില്ലാത്ത പൂതനയുടെ അവതരണത്തിന്റെ അന്ത്യത്തില്‍ ദംഷ്ട്രങ്ങളും ഉപയോഗിക്കാറുണ്ട്. കിര്‍മ്മീരവധം ലളിതയുടെ ഭാവമാറ്റസമയത്ത് ചൊല്ലിവട്ടം തട്ടുന്നതോടെ ഊര്‍ജ്ജം ചിലവഴിച്ചുകൊണ്ട് കലാശമെടുക്കുമ്പോള്‍ ലാസ്യത്തില്‍ നിന്നും താണ്ടവത്തിലേയ്ക്കുള്ള ഭാവപകര്‍ച്ചയില്‍ ആസ്വാദകനെ ഹരംകൊള്ളിക്കുന്നു മാര്‍ഗ്ഗി.
താരതമ്യേന ചിട്ടകുറവുള്ള ദമയന്തി തുടങ്ങിയ നായികമാരുടെ അവതരണത്തിലും
ഇന്ന് വിജയന്‍ തന്നെ ഒന്നാമന്‍ എന്ന് പറയണം. ചേതോഹരമായ ചൊല്ലിയാട്ടങ്ങളിലൂടെ കഥകളിയുടെ കളരിസൌന്ദര്യത്തെ ഈ നായികമാരിലേയ്ക്കും എത്തിക്കുവാന്‍ സാധിക്കുന്നു എന്നുള്ളതാണ് ഇദ്ദേഹത്തിന്റെ പ്രത്യേകത. വിരഹത്തിന്റെ രണ്ടു ഭാവങ്ങളിലുള്ള നളചരിതം ഒന്നാം ദിവസത്തേയും നാലാം ദിവസത്തേയും ദമയന്തിമാരെ അവതരിപ്പിക്കുമ്പോള്‍ വികാരചാപല്യത്തില്‍ പെട്ട് ഉഴറുന്നുവെങ്കിലും സാഹചര്യങ്ങളെ സധൈര്യം നേരിടുന്ന ഒരു രാജവനിതയുടെ നില കൈവിടാതെയാണ് വിജയകുമാര്‍ അവതരിപ്പിക്കുന്നത് കണ്ടിട്ടുള്ളത്.

വേലായുധന്‍ നായരുടേയും ലളിതാമ്മയുടെയും പുത്രനായി
1960 മെയ് 31ന് ജനിച്ച വിജയകുമാര്‍ തോന്നക്കല്‍ സ്വദേശിയാണ്. 1970ല്‍ തോന്നക്കല്‍ പീതാമ്പരന്റെ കീഴില്‍ കഥകളിപഠനം ആരംഭിച്ച വിജയന്‍ സ്കൂള്‍ വിദ്യാഭാസം പൂര്‍ത്തിയാക്കിയ ശേഷം തിരുവനന്തപുരത്തെ മാര്‍ഗ്ഗിയില്‍ ചേര്‍ന്ന് കഥകളിപഠനം തുടര്‍ന്നു. അവിടെ കഥകളിയിലെ തെക്കന്‍ ചിട്ടയിലെ മുതിര്‍ന്ന കലാകാരന്മാരായ മാങ്കുളം വിഷ്ണു നമ്പൂതിരി, ഇഞ്ചക്കാട് രാമചന്ദ്രന്‍ പിള്ള എന്നിവരായിരുന്നു ഇദ്ദേഹത്തിന്റെ ഗുരുക്കന്മാര്‍. 1980 മുതല്‍ മാര്‍ഗ്ഗിയില്‍ അദ്ധ്യാപകനായെത്തിയ പത്മശ്രീ കലാമണ്ഡലം കൃഷ്ണന്‍ നായരുടെ സ്വാധീനം വിജയനിലെ നടന്റെ വളര്‍ച്ചയ്ക്ക് പ്രധാനകാരണമായി തിര്‍ന്നു.1982ല്‍ പഠനം പൂത്തിയാക്കിയതിനെ തുടര്‍ന്ന് മാര്‍ഗ്ഗിയില്‍ തന്നെ അദ്ധ്യാപകനായി പ്രവേശിച്ച എദ്ദേഹം ഇപ്പോഴും അവിടെ തന്റെ സേവനം തുടര്‍ന്നുവരുന്നു.

കേരള കലാമണ്ഡലത്തില്‍ നിന്നുള്ള 2005ലെ ‘വി.എസ്സ്.ശര്‍മ്മ
എന്റോമെന്റ് പുരസ്ക്കാരം‘, പ്രധമ ‘കുടമാളൂര്‍ കരുണാകരന്‍ നായര്‍ സ്മാരക പുരസ്ക്കാരം‘, മുംബയിലെ കേളിയുടെ ‘സുവര്‍ണ്ണശംഖ്‘, ഏറണാകുളം കഥകളിക്ലബ് നല്‍കുന്ന ‘കളഹംസ പുരസ്ക്കാരം’, ‘കെ.വി.കൊച്ചനിയന്‍ സ്മാരക പുരസ്ക്കാരം‘ തുടങ്ങി കഥകളിക്ലബ്ബുകളുടേയും അസ്വാദകരുടേയും നിരവധി പുരസ്കാരങ്ങള്‍ വിജയനെ തേടി എത്തിയിട്ടുണ്ട്. ഇന്ത്യയുടെ പലഭാഗങ്ങളിലും കൂടാതെ ഭൂട്ടാന്‍, ശ്രീലങ്ക,സിങ്കപ്പൂര്‍, മലേഷ്യ, തായ്‌ലാന്റ്, സ്വീഡന്‍, ജപ്പാന്‍, ജര്‍മ്മനി, സ്പെയ്ന്‍, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലും ഇദ്ദേഹം കഥകളി അവതരിപ്പിച്ചിട്ടുണ്ട്.
ഗുരുവായ പത്മശ്രീ കലാ:കൃഷ്ണന്‍ നായര്‍ക്കൊപ്പവും പത്മശ്രീ കലാ:ഗോപിക്കൊപ്പവും
നിരവധി അരങ്ങുകളില്‍ കൂട്ടുവേഷമായി അഭിനയിക്കാന്‍ സാധിച്ചിട്ടുള്ള ഈ കലാകാരന്‍ നിരന്തരമായ പരിശ്രമങ്ങളിലൂടെ പ്രവര്‍ത്തി മെച്ചപ്പെട്ടുത്തിക്കൊണ്ട് അരങ്ങിലെ ജൈത്രയാത്ര തുടരുന്നു. കലാകേരളത്തിന്റെ സൌഭാഗ്യമായ ഈ നടന്‍ ഇനിയും ഉയരങ്ങളിലേയ്ക്ക് എത്തട്ടെ എന്നും, അതിലൂടെ കഥകളിയെന്ന ക്ലാസിക്കല്‍ കലയും അതിന്റെ ആസ്വാദകരും ധന്യരായിതീരട്ടെ എന്നും ഈ എളിയ ആസ്വാദകന്‍ കാംക്ഷിക്കുന്നു.

6 അഭിപ്രായങ്ങൾ:

AMBUJAKSHAN NAIR പറഞ്ഞു...

1986-ല്‍ തിരുവനന്തപുരം കാര്‍ത്തിക തിരുനാള്‍ തിയേറ്ററില്‍ നളചരിതം ഒന്നാം ദിവസം അവതരിപ്പിക്കുക ഉണ്ടായി. ശ്രീ. മങ്കൊമ്പ് ആശാന്റെ നളന്‍, ശ്രീ. ചെന്നിത്തല ആശാന്റെ ഹംസം, ശ്രീ.മാത്തൂരിന്റെ ദമയന്തി, ശ്രീ. കലാനിലയം ഉണ്ണികൃഷ്ണന്‍ സംഗീതം, ശ്രീ. വാരണാസിമാര്‍ മേളവും. അന്ന് തോഴിയുടെ വേഷമിട്ടത് ശ്രീ. മാര്‍ഗി വിജയകുമാര്‍ ആയിരുന്നു. അന്നേ കഥകളിയില്‍ ഒരു നല്ല നിലയില്‍ വിജയന്‍ എത്തിച്ചേരും എന്ന് മനസിലാക്കി.

ദക്ഷിണ കേരളത്തില്‍ ഒരു കാലത്ത് കഥകളിക്ക് " കലാമണ്ഡലം" ഉണ്ടോ എന്ന് ആസ്വാദകര്‍ ചോദിച്ചിരുന്നു. കലാമണ്ഡലം എന്ന സ്ഥാപനത്തിന്റെ പേര് ഉച്ചരിക്കുമ്പോള്‍ അതു ശ്രീ. കലാമണ്ഡലം കൃഷ്ണന്‍ നായര്‍ എന്ന മഹാനായ കലാകാരനാണ് ആസ്വാദക മനസ്സില്‍ തെളിഞ്ഞിരുന്നത്. പിന്നീടു "സദനം" എന്ന പേര് പറഞ്ഞാല്‍ ശ്രീ. സദനം കൃഷ്ണന്‍കുട്ടിയെയായിരുന്നു ജനങ്ങള്‍ മനസ്സില്‍ കണ്ടിരുന്നത്‌. അതേ പോലെ "മാര്‍ഗി" എന്ന് പറഞ്ഞാല്‍ ശ്രീ. വിജയകുമാറിനെ ഉദ്ദേശിക്കുന്ന കാലം കൈവന്നിരിക്കുന്നു. ഒരു കലാ സ്ഥാപനം ഒരു കലാകാരനില്‍ കൂടി ലോകം അറിയപ്പെടുക എന്ന മഹാഭാഗ്യം സിദ്ധിച്ച കലാ പ്രതിഭയായി ശ്രീ. മാര്‍ഗിവിജയകുമാര്‍.

സുമാര്‍. അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് തമിഴ് നാട്ടില്‍ കാഞ്ചീപുരം ജില്ലയില്‍ കല്പാക്കം/ അണുപുരം അയ്യപ്പന്‍ ക്ഷേത്രത്തില്‍ ഒരു പൂതനാമോക്ഷം കഥകളി അവതരിപ്പിക്കുക ഉണ്ടായി. പ്രസിദ്ധ സിനിമ പിന്നണി ഗായകര്‍ ഉണ്ണിമേനോനും ചിത്രയും നടത്തിയ ഗാനമേള ക്ക് ശേഷം കഥകളി. കളി കാണുവാന്‍ ജനം ഉണ്ടാകുമോ എന്ന് ഞങ്ങള്‍ ഭയന്നു. വിവരം വിജകുമാറിനോട് സൂചിപ്പിച്ചു. മോഹന്‍ദാസ്‌ സാറും, വൈദ്യനാഥനും, ചേട്ടനും മുന്‍പില്‍ ഉണ്ടെങ്കില്‍ എനിക്ക് അതില്‍പ്പരം ഒരു സന്തോഷം വേറൊന്നും ഇല്ല എന്ന് മറുപടി അദ്ദേഹം പറഞ്ഞു. ശ്രീ. വിജയന്റെയും ഞങ്ങളുടെയും മഹാഭാഗ്യം എന്ന് പറയട്ടെ രാത്രി പതിനൊന്നു മണിക്ക് ഗാനമേള കഴിഞ്ഞ ശേഷവും ആ ജനം അങ്ങിനെ അവിടെ നിന്നു. വിജയന്റെ പൂതനാമോക്ഷത്തില്‍ ലളിത കണ്ട ശേഷമാണ് അവര്‍ പിരിഞ്ഞത്. കഥകളി എന്ന് പറഞ്ഞാല്‍ കല്പാക്കം / അണുപുരം ജനങ്ങളില്‍ മാര്‍ഗി വിജയകുമാറിനെയാണ് അവര്‍ക്ക് ഓര്‍മ്മയില്‍ എത്തുക.
ലളിതയെ അവിടുത്തെ ആസ്വാദകരില്‍ എത്തിക്കുവാന്‍ ശ്രീ. വിജയന് സാധിച്ചു എന്നതാണ് സത്യം. എല്ലാ സൌഭാഗ്യങ്ങളും ശ്രീ. വിജയകുമാറിന് നേര്‍ന്നുകൊള്ളുന്നു.

VAIDYANATHAN, Chennai പറഞ്ഞു...

നമസ്കാരം. മണീ, വളരെ നല്ല ലേഖനം. മാർഗ്ഗി വിജയകുമാറെ കുറിച്ച് പറയുകയാണെങ്കിൽ “സ്വന്തം പ്രയത്നം കൊണ്ട് മാത്രം കഥകളി രംഗത്ത് ഉയർന്ന് വന്ന പ്രതിഭാധനൻ ആയ കലാകാരൻ” എന്ന് സംശയലേശമന്യേ എല്ലാവരാലും അംഗീകരിക്കപ്പെട്ട സത്യമാണ്. മാങ്കുളം തിരുമേനിയുടെയും ഇഞ്ചക്കാട്ടു രാമചന്ദ്രൻ പിള്ളയുടെയും കൃഷ്ണൻ‌നായർ ആശാന്റെയും തോന്നക്കൽ പീതാംബരന്റെയും ശിക്ഷണത്തിൽ “ചെത്തിമിനുക്കിയ മാണിക്കകല്ലാണ്” മാർഗ്ഗി വിജയകുമാർ. എത്ര എത്ര വേഷങ്ങൾ കണ്ട് പുളകാഞ്ചിതനായീട്ടുണ്ട് എന്ന് എനിക്കുതന്നെ ഓർമ്മയില്ല. കൊട്ടാരം കളിയിൽ നിന്നും തുടങ്ങിയതാണ് ആ സൌഹൃദം. അംബുജാക്ഷൻ ചേട്ടൻ സൂചിപ്പിച്ചപോലെ തമിഴ് നാട്ടിൽ കാഞ്ചീപുരം ജില്ലയിൽ കല്പാക്കം/അണുപുരം അയ്യപ്പൻ ക്ഷേത്രത്തിലെ പ്രതിഷ്ടാമഹോത്സവത്തിന് നടന്ന പൂതനാമോക്ഷം കഥകളി, സംഘാടകരിൽ ഒരാൾ എന്ന നിലയിൽ, വലുതായ ആനന്ദനിർവൃതി നേടിത്തന്ന ഒരു അനുഭവം ആയിരുന്നു. എന്റെ സ്വന്തം പേരിലും ചെന്നയിലെ ഓരോ കഥകളി ആസ്വാദകരുടെയും പേരിലും കലാകേരളത്തിന്റെ സൌഭാഗ്യമായ ശ്രീ മാർഗ്ഗി വിജയകുമാർ ഇനിയും ഉയരങ്ങളിലേയ്ക്ക് എത്തട്ടെ എന്നും, അതിലൂടെ കഥകളിയെന്ന ക്ലാസിക്കൽ കലയും അതിന്റെ ആസ്വാദകരും ധന്യരായിതീരട്ടെ എന്നും സർവേശ്വരനോട് പ്രാർത്ഥിച്ചു കൊള്ളുന്നു.

RamanNambisanK പറഞ്ഞു...

An elaborate study of an actor second only to Kottakkal Sivaraman

KALIMANDALAM പറഞ്ഞു...

Iam remembering Vijayans words..
In life man, in vesham women that experience cannot explain...
thanks
sadu engoor
kalimandalam triprayar

അജ്ഞാതന്‍ പറഞ്ഞു...

ആശംസകള്‍

മണ്‍സൂണ്‍ നിലാവ് പറഞ്ഞു...

ആശംസകള്‍