മമ്മിയൂര്‍ മഹാരുദ്രയജ്ഞം

ഗുരുവായൂര്‍ മമ്മിയൂര്‍ശിവക്ഷേത്രത്തില്‍ 
2010ഡിസംബര്‍ 28മുതല്‍ 2011ജനുവരി 8വരെ മഹാരുദ്രയജ്ഞം നടന്നു. ഇതിന്റെ ഭാഗമായി വിവിധ കലാപരിപാടികളും ഇവിടെ സംഘടിക്കപ്പെട്ടിരുന്നു. 29/12/2010ന് വൈകിട്ട് 6:30 മുതല്‍ കഥകളി അവതരിപ്പിക്കപ്പെട്ടു. കലാമണ്ഡലം വിജയകൃഷ്ണപൊതുവാള്‍ നിര്‍മ്മിച്ച പുതിയ കഥയായ ‘ദശമുഖരാവണ‍’നാണ് അവതരിപ്പിക്കപ്പെട്ടത്. 


രാമനോട് പരാജയപ്പെട്ട് നിരായുധനായി 
മടങ്ങേണ്ടിവന്ന രാവണന്‍ ആ ദിവസം രാത്രി കിടക്കുമ്പോള്‍ ദുഃസ്വപ്നം കണ്ട് ഞെട്ടിയുണരുകയും, തന്റെ ജീവിതദശയിലെ വിവിധ സന്ദര്‍ഭങ്ങള്‍ ഓര്‍ക്കുകയും, ശിവനെ ഭജിച്ച് ആത്മവിശ്വാസം വീണ്ടെടുത്ത് വീണ്ടും യുദ്ധത്തിനു പുറപ്പെട്ട് രാമനെ പോരിനുവിളിക്കുന്നതും ആണ് ദശമുഖരാവണന്റെ കഥാപരമായ ഉള്ളടക്കം. രാവണന്റെ ചിന്തകളിലൂടെ നവരസങ്ങളും അവതരിപ്പിക്കപ്പെടുന്നു എന്നതാണ് ഭാവപരമായ പ്രാധാന്യം. ദു:സ്വപ്നങ്ങള്‍ കാണുന്ന ഭാഗത്ത് ഭയാനകവും, തന്റെ തപസ്സും ലോകജയവും ഓര്‍ക്കുന്നിടത്ത് വീരവും, ദേവസ്ത്രീകളെ അപഹരിക്കുന്നതായ ഓര്‍മ്മയില്‍ സൃഗാരവും, കാര്‍ത്യവീര്യാര്‍ജ്ജുനചരിതം ഓര്‍ക്കുന്നിടത്ത് ഹാസ്യവും, ശൂര്‍പ്പണഘയുടെ അവസ്ഥയോര്‍ക്കുന്നിടത്ത് ഭീഭത്സവും, മരണപ്പെട്ട പുത്രന്‍ മേഘനാഥനെ ഓര്‍ക്കുനിടത്ത് കരുണയും, എതിര്‍പക്ഷത്തേയ്ക്ക് കൂറുമാറിയ സ്വന്തം അനുജനായ വിഭീഷണന്റെ പ്രവര്‍ത്തിയോര്‍ക്കുന്നിടത്ത് രൌദ്രവും, മൃതസംജീവനി കൊണ്ടുവന്ന് രാമലക്ഷണന്മാരുടെ ജീവനെ രക്ഷിച്ച വാനരന്റെ പ്രവര്‍ത്തിയോര്‍ക്കുന്നിടത്ത് അത്ഭുതവും, ശിവനെ പ്രാര്‍ത്ഥിക്കുന്നിടത്ത് ശാന്തവും ഭാവങ്ങളായി വരുന്നു. ശിവഭജനത്താല്‍ ആത്മവിശ്വാസം വീണ്ടെടുത്ത രാവണന്‍ ‘പടപ്പുറപ്പാടോ’ടുകൂടി പുറപ്പെട്ടുചെന്ന് രാമനെ പോരിനുവിളിക്കുന്നു. പോരുവിളി പദത്തോടെ അവതരണം പൂര്‍ണ്ണമാകുന്നു. കഥകളിയിലെ മറ്റു രാവണന്മാരുടെ ആട്ടങ്ങളുടെ ഒരു സംയോജനം ആണ് ദശമുഖരാവണന്‍ എന്ന് പറയാം. ആട്ടത്തിനു മാത്രം പ്രാധാന്യമുള്ള ഈ കഥ ഒന്നരമണിക്കൂര്‍ സമയം കൊണ്ടാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടത്. കഥകളിയിലെ ‘പഞ്ചരാവണന്മാ‘രോട് കിടപിടിക്കത്തക്കതാണ് ദശമുഖരാവണന്‍ എന്ന് അവതാരകന്‍ പറഞ്ഞുകേട്ടു. എന്നാല്‍ ഒന്നും ഒന്നരയും മണിക്കൂറുകള്‍ ആട്ടത്തിനുതന്നെ വേണ്ടിവരുന്ന ബാലിവധം, ബാലിവിജയം, കാര്‍ത്ത്യവീരാര്‍ജ്ജുനവിജയം, രാവണോത്ഭവം, തോരണയുദ്ധം എന്നീ കഥകളിലെ രാവണന്മാരുടെയെല്ലാം ആട്ടങ്ങള്‍ ചേര്‍ത്ത് വെറും ഒന്നരമണിക്കൂറില്‍ അവതരിപ്പിക്കുന്ന ദശമുഖരാവണന്‍ ഇവയോട് എങ്ങിനെയാണ് കിടപിടിക്കുന്നത് എന്ന് മനസ്സിലായില്ല. ഈ പറഞ്ഞകഥകളിലൊക്കെ പതിഞ്ഞകാലത്തില്‍ തുടങ്ങി ക്രമമായി കാലമുയര്‍ത്തി വരുന്ന ചിട്ടപ്പെടുത്തിയിട്ടുള്ള ആട്ടക്രമമാണുള്ളത്. ദശമുഖനില്‍ ആദ്യന്തം ഇടക്കാലത്തില്‍ മാത്രമാണ് ആട്ടങ്ങള്‍ പോകുന്നത്. കൂടുതല്‍ സമയമെടുത്തും പതികാലത്തിലും ചിട്ടപ്പെടുത്തി അവതരിപ്പിച്ചാല്‍ ഇത് കൂടുതല്‍ ഭംഗിയാക്കാം. എന്നാല്‍ ഒന്നരമണിക്കൂറില്‍ കൂടുതല്‍ സമയം ആട്ടം മാത്രമായി അവതരിപ്പിക്കപ്പെട്ടാല്‍ വിരസതയുണര്‍ത്തുകയില്ലെ എന്നും ചിന്തിക്കേണ്ട വസ്തുതയാണ്.


കത്തിവേഷങ്ങളുടെയെല്ലാം രംഗപ്രവേശം 
തിരനോട്ടത്തോടെയാണ്. സൃഗാരം അല്ലെങ്കില്‍ വീരം സ്ഥായിയായിട്ടാണ് തിരനോട്ടങ്ങള്‍ പതിവ്. എന്നാല്‍ ദശമുഖന്റെ തിരനോട്ടം ഭയാനകം, കരുണം എന്നീ രസങ്ങളിലാണ്. ഇത് ഒരു പുതുമയാണ്. വീരനായ കഥാനായകനെ ഈ ഭാവങ്ങളില്‍ കഥാരംഭത്തില്‍തന്നെ അവതരിപ്പിക്കപ്പെടുന്നത് അത്ര സുഖമായി തോന്നിയില്ല. തിരനോട്ടശേഷം വീണ്ടും തിരനീക്കുമ്പോള്‍ തന്റെ മണിയറയില്‍ ശയിക്കുന്ന രാവണനെയാണ് കാണുന്നത്. ഇവിടെ മേലാപ്പ് പിടിച്ചിരുന്നു. ഗായകര്‍ ഈ സമയത്ത് കുറിഞ്ഞി രാഗം ആലപിച്ചിരുന്നു. ഇതും ഒരു പുതുമയായി അനുഭവപ്പെട്ടു. രാവണന്‍ ശിവനെ ഭജിക്കുന്ന ഭാഗത്ത് ഗായകര്‍ ‘വിഭും വിശ്വനാധം’ എന്നു തുടങ്ങുന്ന സ്തോത്രം താളമില്ലാതെ ആലപിക്കുന്നതും പുതുമതന്നെ. എന്തെങ്കിലുമൊക്കെ വത്യസ്തതകള്‍ വരുത്തി കേമമാക്കാനുള്ള നിര്‍മ്മാതാവിന്റെ സൂത്രങ്ങളായെ ഇവയൊക്കെ കണക്കാക്കേണ്ടതുള്ളു.

ഇവിടെ രാവണനെ അവതരിപ്പിച്ചത് കലാമണ്ഡലം സോമന്‍ ആയിരുന്നു. 
തരക്കേടില്ലാത്ത പ്രകടനമാണ് സോമന്‍ കാഴ്ച്ചവെച്ചത്. ആട്ടത്തിനനുസ്സരിച്ച് ഏറ്റക്കുറച്ചിലുള്ള ഒരു മേളംകൂടെ ലഭ്യമായിരുന്നെങ്കില്‍ ആട്ടം ഒന്നുകൂടെ പൊലിമയാര്‍ന്നതായേനെ എന്നു തോന്നി.

കലാമണ്ഡലം മോഹനകൃഷ്ണനും കലാമണ്ഡലം
അച്ചുതനും ചേര്‍ന്നായിരുന്നു പാട്ട്. കലാമണ്ഡലം വിജയകൃഷ്ണപ്പൊതുവാളും പുത്രനും ചേര്‍ന്ന് ചെണ്ടയിലും കലാമണ്ഡലം ഹരിനാരായണന്‍ മദ്ദളത്തിലും മേളമുതിര്‍ത്തു. 


പത്മനാഭന്‍ ചുട്ടികുത്തിയിരുന്ന ഈ 
കളിക്ക് മഞ്ചുതര,മാങ്ങോടിന്റെ കോപ്പുകള്‍ ഉപയോഗിച്ച് അണിയറ കൈകാര്യം ചെയ്തത് അപ്പുണ്ണിതരകന്‍, മോഹനന്‍ തുടങ്ങിയവരായിരുന്നു.

5 അഭിപ്രായങ്ങൾ:

AMBUJAKSHAN NAIR പറഞ്ഞു...

ദശമുഖരാവണന്‍ ചെന്നൈയില്‍ അവതരിപ്പിച്ചത് എന്റെ ബ്ലോഗില്‍ എഴുതിയിട്ടുണ്ട്.
ഗുരുസ്മരണാദിനവും കഥകളിയും
http://ilakiyattam.blogspot.com/2010_10_01_archive.html

SunilKumar Elamkulam Muthukurussi പറഞ്ഞു...

ഇതിന് എന്തെങ്കിലും പറഞ്ഞാല്‍ അധികമാവുമോ മണീ?
പരീക്ഷണങ്ങള്‍ നടക്കട്ടെ. ഞാനിപ്പോഴും കാത്തിരിക്കുന്നത് ഒരു കാതലായ പരീക്ഷണത്തെ ആണ്.
അത് ഇവരുടെ കയ്യില്‍ നിന്നും ആവില്ല വരുക.
ഹോപ്പ് ഫോര്‍ ദ ബെസ്റ്റ്. :):)

ഇദ്ദേഹം (ജയകൃഷ്ണന്‍) കൃഷ്ണന്‍ കുട്ടി പൊതുവാളുടെ മകനല്ലേ?
-സു-

Gireesh പറഞ്ഞു...

തിരനോക്കില്‍ കരുണവും ഭയാനകവും ഒക്കെ കാണിക്കുന്നതില്‍ എത്രത്തോളം അര്‍ത്ഥമുണ്ട്? തിരനോക്ക് എന്നാല്‍, exceptions ഉണ്ടെങ്കില്‍ കൂടി, പൊതുവെ കഥാപാത്രങ്ങളുടെ ഒരു അഹങ്കാര പ്രകടനമല്ലേ. അപ്പോള്‍ മേല്‍പ്പറഞ്ഞ ഭാവങ്ങളൊന്നും അവിടെ യോജിക്കുമെന്നു എനിക്കു തോന്നുന്നില്ല. പിന്നെ, രാമനോടു പരാജയപ്പെട്ടു മടങ്ങിയ അവസ്ഥയിലുള്ള രാവണന്, മേലാപ്പ് പിടിക്കുന്നതില്‍ എന്തു ഔചിത്യമാണാവോ ഉള്ളത്! എനിക്കു തോനുന്നതു ഈ ആട്ടങ്ങള്‍ക്കും ഭാവങ്ങള്‍ക്കും കൂടുതല്‍ യോജിക്കുന്നതു, കല്യാണസൗഗന്ധികത്തിലെ ഹനുമാന്റെ പോലെ തിരനോക്ക് ഒഴിവാക്കികൊണ്ടുള്ള ഒരു അവതരണമാണ് എന്നാണ്.

മണീ, ഇപ്പോള്‍ ബ്ലോഗ്ഗുകളൊന്നും അധികം കാണുന്നില്ലല്ലോ? തിരക്കാണോ? വൈക്കത്തു ചിറപ്പിനു സീതാസ്വയംവരം ഉണ്ടെന്നു കേട്ടു. ശരിയാണോ?

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

-സു-,
വിജയകൃഷ്ണന്‍ കൃഷ്ണന്‍‌കുട്ടിപൊതുവാളാശാന്റെ മകനാണ്.

Gireesh,
ലേശം തിരക്കുകള്‍ ഉണ്ട്. സീതാസ്വയംവരത്തിന്റെ കാര്യം അറിയില്ല...

AMBUJAKSHAN NAIR പറഞ്ഞു...

തിരക്കി നോട്ടത്തെ കുറിച്ച് പറയത്തക്ക അറിവ് എനിക്കില്ല എങ്കിലും ബാലിവിജയത്തില്‍ രാവണന്റെ തിരക്കിനോട്ടം അല്ല കീചകന് വേണ്ടിയത് എന്ന് എവിടെയോ വായിച്ചു കേട്ടിട്ടുണ്ട്. ഒരു കഥ ( പേര് ഓര്‍ക്കുന്നില്ല ) ചിട്ട ചെയ്തപ്പോള്‍ (കത്തി വേഷ കഥാപാത്രത്തിന്റെ തിരക്കി നോട്ടത്തിനു കഥയിലെ അവസ്ഥകളുടെ ഭാവം തിരക്കി നോട്ടത്തില്‍ സ്പുരിക്കണം എന്ന് അന്നത്തെ കളി ആശാന്‍ പറഞ്ഞതായി ഒരു ഓര്‍മ്മ.