തൃപ്പൂണിത്തുറ ഉത്സവം നാലാം ദിവസം

പുറപ്പാട്

വൃശ്ചികോത്സവത്തിന്റെ നാലാം ഉത്സവദിവസമായിരുന്ന 19/11/09ന് രാത്രി 12:15ന് മാസ്റ്റര്‍ മിഥുന്‍ മുരളിയുടെ പുറപ്പാടോടെ കഥകളി ആരംഭിച്ചു.



“ചാരേവന്ന തേരില്‍”
നളചരിതം നാലാംദിവസം കഥയാണ് അന്ന് ആദ്യം അവതരിപ്പിക്കപ്പെട്ടത്.

“വീരസേനസുതാ സാരഥി ഇല്ലാ”

“നീരസമായി”
ശ്രീ മാര്‍ഗ്ഗി വിജയകുമാറായിരുന്നു ദമയന്തി. പദാര്‍ത്ഥാഭിനയത്തില്‍
ചില പോരായ്കകള്‍ തോന്നിയെങ്കിലും കഥാപാത്രത്തെ ഉള്‍ക്കോണ്ട് നല്ല ഭാവപ്രകാശനത്തിലൂടെ മനോഹരമായിത്തന്നെ ഇദ്ദേഹം ദമയന്തീവേഷം കൈകാര്യം ചെയ്തിരുന്നു. താളാനുസാരിയും ചേതോഹരവുമായ മുദ്രകളും ചുവടുകളും ചേരുന്ന വിജയകുമാറിന്റെ ദമയന്തിയുടെ ചൊല്ലിയാട്ടം, ഉര്‍വ്വശി-ലളിതമാരൂടെന്നപോലെ തന്നെ തൃപ്തിദായകമാണ്.

“ഇന്നാ മൊഴികള്‍”

കേശിനിയായെത്തിയ ശ്രീ സദനം വിജയനും തരക്കേടില്ലാത്ത പ്രകടനം
കാഴ്ച്ചവെച്ചിരുന്നു.


“പൂനിര കണ്ടു മങ്ങീ”
ശ്രീ കലാമണ്ഡലം വാസുപ്പിഷാരടിയാണ് ബാഹുകവേഷമണിഞ്ഞത്.
ശരീരികമായ അവശതകള്‍ ഉണ്ടെങ്കിലും എദ്ദേഹം ആത്മാര്‍ത്ഥതയോടുകൂടി അഭിനയിച്ച് തന്റെ വേഷം ഭംഗിയാക്കി. ഇപ്പോള്‍ അധികമായി കാണുന്ന അതിചടുലമായ രീതിയിലല്ല നാലാംദിവസം ബാഹുകനെ എദ്ദേഹം അവതരിപ്പിച്ചത്, കുഞ്ചുനായരാശാന്റെ വഴിയിലൂടെയാണ്.


“വേഷമീവണ്ണമാകില്‍.......”


“എന്‍ കാന്തനെന്നോടൂണ്ടോ വൈരം”
സംഗീതം കൈകാര്യം ചെയ്ത ശ്രീ കലാനിലയം ഉണ്ണികൃഷ്ണന്‍, ശ്രീ കലാനിലയം
രാജീവന്‍, ചെണ്ട കൈകാര്യം ചെയ്ത ശ്രീ കലാമണ്ഡലം കൃഷ്ണദാസ്, മദ്ദളം വായിച്ച ശ്രീ കലാനിലയം മനോജ് എന്നിവരെല്ലാം സമ്പൃദായാനുശൃതമായി നടന്മാരുടെ പ്രവര്‍ത്തികള്‍ക്ക് അനുഗുണമായി വര്‍ത്തിച്ചിരുന്നു. പ്രധാനമദ്ദളവാദകനായിരുന്ന ശ്രീ കലാമണ്ഡലം ശശി നടന്മാരുടെ കൈക്കും കാലിനും കൂടിക്കൊണ്ടുതന്നെ മികച്ച പ്രകടനം കാഴ്ച്ചവെച്ചു.
“എങ്ങാനും ഉണ്ടോ കണ്ടു”
സുദേവന്‍ പറഞ്ഞ വൃത്താന്തം കേട്ട് പുറപ്പെട്ട ഋതുപര്‍ണ്ണരാജന്റെ തേരാളിയായി
ബാഹുകനും കുണ്ടിനത്തിലെത്തുന്നു. ഈ വരവ് പ്രതീക്ഷിച്ച് സഖിയോടൊപ്പം കൊട്ടാരത്തിന്റെ മട്ടുപ്പാവില്‍ വസിച്ചിരുന്ന ദമയന്തി തേരില്‍ നളനെ കാണാഞ്ഞ് നീരസപ്പെടുന്നു. എന്നാല്‍ തേരിന്റെ മാരുതമാനസവേഗം കണ്ട്, ഇങ്ങിനെ തേര്‍ തെളിക്കുവാന്‍ നളനെ സാധിക്കുകയുള്ളു എന്ന് ഉറപ്പിക്കുന്നു. തുടര്‍ന്ന് മട്ടുപ്പാവില്‍ നിന്നും ഇറങ്ങി അന്ത:പ്പുരത്തില്‍ വന്ന ദമയന്തി ഋതുപര്‍ണ്ണസാരധിയുടെ വാക്കും പ്രവര്‍ത്തികളും നിരീക്ഷിച്ച് വരുവാന്‍ ക്ലേശവിനാശനത്തിന് കൌശലമേറെയുള്ള സഖി കേശിനിയെ നിയോഗിക്കുന്നു. കുട്ടികളെ അയാളുടെ മുന്‍പിലേയ്ക്ക് പറഞ്ഞയച്ചാലോ എന്ന് ചിന്തിക്കുന്ന ദമയന്തി പെട്ടതന്നെ, ‘അതു വേണ്ട, അതു നളന്‍ തന്നെയാണെങ്കില്‍ അദ്ദേഹത്തിന് വലിയ വിഷമമുണ്ടാക്കും’ എന്ന് ഓര്‍ക്കുന്നു. എന്നാല്‍ മറ്റൊരു ഉപായം ചെയ്യാം എന്ന് തീരുമാനിക്കുന്ന ദമന്തി ഋതുപര്‍ണ്ണരാജാവിന് ആഹാരം പാചകം ചെയ്യാനുള്ള സാധനങ്ങള്‍ നല്‍കുമ്പോള്‍ വെള്ളവും വിറകും ഒഴിവാക്കുവാന്‍ ഏര്‍പ്പാടാക്കാം എന്ന് ഉറയ്ക്കുന്നു. ബാഹുകസമീപമെത്തിയ കേശിനി പേരും വിവരങ്ങളും ചോദിച്ചറിയുന്നു. നിനക്ക് അറിയേണ്ട കാര്യങ്ങളെല്ലാം അറിഞ്ഞുകഴിഞ്ഞുവല്ലൊ. ഇനി പോയാലും എന്നു പറഞ്ഞ് കേശിനിയെ യാത്രയാക്കിയ ബാഹുകന്‍ സ്വയംവരമായിട്ടും രാജധാനിയിലെങ്ങും യാതൊരുവിധ ഒരുക്കങ്ങളോ ബ്രാഹ്മണന്‍ പറഞ്ഞ പ്രകാരം രാജാക്കന്മാരും ബ്രാഹ്മണാദികളും വന്നു നിറഞ്ഞതോ കാണായ്കയാല്‍ ശങ്കിക്കുന്നു. ബ്രാഹ്മണര്‍ കള്ളം പറയില്ല, സ്വപുത്രിയുടെ രണ്ടാം സ്വയംവരമായതുകൊണ്ട് വലിയഘോഷങ്ങളൊന്നും വേണ്ടാ എന്ന് ഭീമരാജാവ് കരുതിക്കാണും എന്ന് ബാഹുകന്‍ വിചാരിക്കുന്നു. ഈ സമയം ഭൃത്യര്‍ പാചകത്തിനുള്ള സാധനങ്ങള്‍ കൊണ്ടുവെച്ച് പോകുന്നു. കൂട്ടത്തില്‍ വെള്ളവും വിറകും കാണാഞ്ഞ് ബാഹുകന്‍ ‘ഇത് ദമയന്തിയുടെ സൂത്രമാണ്’ എന്ന് മനസ്സിലാക്കുന്നു. തുടര്‍ന്ന് വരുണ-അഗ്നി ദേവന്മാരെ സ്മരിച്ച് ജലവും അഗ്നിയും ആവശ്യത്തിന് വരുത്തി നളന്‍ പാചകം ചെയ്യുന്നു. അതിനിടയില്‍ ചിന്തയിലേയ്ക്കു മുഴുകുന്ന ബാഹുകന്‍ താന്‍ ദമയന്തിയുടെ ആദ്യസ്വയം വരം നിശ്ചയിച്ച സമയത്ത് ദേവദൂതനായി ദേഹം മറച്ച് ഈ കൊട്ടാരത്തില്‍ വന്നത് ഓര്‍ത്തിട്ട്, ഇപ്പോ‍ള്‍ ഇതാ രണ്ടാം സ്വയംവരം നിശ്ചയിച്ച സമയത്തും മറ്റൊരാളുടെ ഭൃതനായി സ്വരൂപം മറച്ച് ഇവിടെ വരാനാണല്ലൊ എന്റെ ഗതീ എന്ന് ദു:ഖിക്കുന്നു. ചോറും കറികളും നല്‍കി ഋതുപര്‍ണ്ണസമീപത്തുനിന്നും പോന്ന് തേര്‍ത്തട്ടിലിരിക്കവെ തേരില്‍ ചാര്‍ത്തിയ പൂമാലകള്‍ വാടി കിടക്കുന്നതുകണ്ട് ബാഹുകന്‍ ‘സുന്ദരിമാരുടെ മുടിയില്‍ ചൂടാനോ അര്‍ച്ചനയായി ദേവപാദങ്ങളില്‍ ചേരാനോ സാധിക്കാതെ ചൂടും പൊടിപടലങ്ങളുമേറ്റ് വാടി തളരാനാണല്ലൊ ഈ പൂക്കള്‍ക്കു യോഗം എന്നു ചിന്തിച്ചുകൊണ്ട് അവയില്‍ തലോടുന്നു. നളസ്പര്‍ശ്ശനമേറ്റ് പൂക്കളെല്ലാം വിടര്‍ന്ന് ശോഭിക്കുന്നതുകണ്ട് ഇതുപോലെ എന്റെ മനോപുഷ്പവും വിടര്‍ന്ന് ശോഭിക്കുന്നത് എന്നാണ് എന്ന് ആകുലപ്പെടുന്നു. നളന്റെ വാക്കുകളും പ്രവര്‍ത്തികളുമെല്ലാം മനസ്സിലാക്കിയ കേശിനി സര്‍വ്വ വിവരങ്ങളും ദമയന്തിയേ അറിയിക്കുന്നു. വിരഹം ഇനി താങ്ങാനാകില്ല എന്ന് കരുതി ദമയന്തി ബാഹുകനെ നേരില്‍ കാണാന്‍ ഉറപ്പിക്കുന്നു. മാതാവിനോട് അനുമതിവാങ്ങി ബാഹുകസമീപമെത്തിയ ദമയന്തി തന്റെ ദു:ഖം അറിയിക്കുന്നു. ആപന്നന്നെങ്കിലും ആനന്ദതുന്തിലനായി വന്നിരിക്കുന്നു ഞാന്‍ എന്നുമൊഴിഞ്ഞ് ദമയന്തിയെ ആലിംഗനം ചെയ്യാന്‍ മുതിരുന്ന ബാഹുനില്‍ നിന്നും ദമയന്തി ഒഴിഞ്ഞുമാറുന്നു. തന്റെ ഈ രൂപം കാരണം ദമയന്തി തിരച്ചറിഞ്ഞിട്ടില്ല എന്നോര്‍ത്ത് ബാഹുകന്‍ നാഗ്രേന്ദ്രന്‍ നല്‍കിയ ദിവ്യവസ്ത്രം ധരിച്ച് സ്വരൂപം വെളിവാക്കുന്നു. നളദര്‍ശ്ശനാല്‍ സന്തോഷവതിയായി ആലിംഗനത്തിനു മുതിരുന്ന ദമയന്തിയെ നളന്‍ തടുക്കുന്നു. രണ്ടാസ്വയം വരം നിശ്ചയിച്ച്, അതിന് ഋതുപര്‍ണ്ണനെ വരുത്തിയ നീ അവനോടു പോയി ചേര്‍ന്നുകൊള്ളു എന്ന് ക്രുദ്ധനായി പുലമ്പുന്ന നളന്റെ മുന്നില്‍ ശോകാര്‍ത്തയായ ദമയന്തി ഇതെല്ലാം നാഥനെ കണ്ടെത്തുവാനുള്ള ഉപായം മാത്രമായിരുന്നു എന്ന സത്യം അറിയിച്ച് കുമ്പിടുന്നു. ശങ്കിതമാനസനായി നിന്ന നളന്‍ ‘പുനര്‍വിവാഹവാര്‍ത്ത ഒരു ഉപായം മാത്രമായിരുന്നു, ഹേ നളാ‍, നിന്റെ പത്നി നിരപരാധയാണ്’ എന്നുള്ള അശരീരികേട്ട് ശങ്കമാറുന്നതോടെ ദമയന്തിയേ സ്വീകരിച്ച് ആലിംഗനം ചെയ്യുന്നു. തുടര്‍ന്ന് താന്‍ കാട്ടില്‍ ഉപേക്ഷിച്ച് പോയതില്‍ പിന്നെ എന്തു സംഭവിച്ചു? എങ്ങിനെ നീ ഇവിടെ വന്നു? എന്ന് ദമയന്തിയോട് ചോദിച്ചറിയുന്നു. ഇത് വളരെ ഉചിതമായി തോന്നി. ഇപ്പോഴത്തെ നളന്മാരൊന്നും ഇതു ചെയ്യുന്നതായി കണ്ടിട്ടില്ല. ആദ്യം അറിയാനായി നളന് താല്‍പ്പര്യമുണ്ടാകുന്ന കാര്യം ഇതുതന്നെ ആകുമല്ലൊ. പണ്ടൊക്കെ ഈ ഭാഗത്ത് ഇരുവരും വിസ്തരിച്ച് കഥകള്‍ ആടുമായിരുന്നു എന്ന് കേട്ടിട്ടുണ്ട്. ഇങ്ങിനെ അധികം വിസ്തരിക്കുന്നതും ഔചിത്യമെന്നു തോന്നുന്നില്ല. എന്നാല്‍ ഇവിടെ ദമയന്തി വിസ്തരിക്കാതെ ഭംഗിയായി വേര്‍പാടിനുശേഷമുള്ള കാര്യങ്ങള്‍ അവതരിപ്പിച്ചു. ‘എനിക്കും കുറെ കഥകള്‍ പറയാനുണ്ട്, സമയം പോലെ വിസ്തരിച്ച് പറയാം. നമ്മുടെ കുട്ടികള്‍ എവിടെ? ഇനി നമ്മുടെ കുട്ടികളെ കാണുകയും മാതാപിതാക്കളെ കണ്ട് വന്ദിക്കുകയും ചെയ്യുകയാണ് വേണ്ടത്’ എന്നു പറഞ്ഞ് നളന്‍ ആട്ടം അവസാനിപ്പിച്ചു. ഇങ്ങിനെയുള്ള ഇരുവരുടേയും ഈ ആട്ടം ഉചിതപൂണ്ണമായി തോന്നി.

“ഗുണദോഷം വേദ്യമല്ല”
കലാകാരന്മാരുടെ വ്യക്തിപരമായ കഴിവിനുപരിയായി എല്ലാവരും
ഒത്തിണക്കത്തോടെ പങ്കെടുത്ത് വിജയിപ്പിച്ച ഈ കളി കഥകളിയുടെ സര്‍വ്വാഗണീയമായ മനോഹാരിത എന്തെന്ന് വെളിവാക്കുന്നതായിരുന്നു. ഇത്തരം അരങ്ങുകള്‍ ഇന്ന് ദുര്‍ലഭങ്ങളായി തീര്‍ന്നിരിക്കുന്നു. ഇത്തവണത്തെ തൃപ്പൂണിത്തുറ ഉത്സവകളികളില്‍ ഏറ്റവും മികച്ചത് ഈ നാലാം ദിവസം ആയിരുന്നു.

“ഞാന്‍ അഖേദ”
ബാലിവധം(സുഗ്രീവന്റെ തിരനോട്ടം-പന്ത്രണ്ടാം രംഗം-മുതല്‍) ആയിരുന്നു
ഈ ദിവസം അവതരിപ്പിക്കപ്പെട്ട മറ്റൊരു കഥ. ബാലിവധം ആട്ടകഥയും അവതരണരീതികളും ഇവിടെ വായിക്കാം. സുഗ്രീവനായി വേഷമിട്ട ശ്രീ പെരിയാനമ്പറ്റ ദിവാകരന്‍ നമ്പൂതിരി ചുരുക്കത്തിലും ഭംഗിയായും ആട്ടഭാഗങ്ങള്‍ ചെയ്തിരുന്നു. ശ്രീ രാമനായി ശ്രീ കലാമണ്ഡലം രാധാകൃഷ്ണനും, ലക്ഷ്മണനായി ശ്രീ ശ്രീകാന്ത് ശര്‍മ്മയും, താരയായി ശ്രീ ആര്‍.എല്‍.വി.അഖിലും വേഷമിട്ടിരുന്നു. അഗംദനായെത്തിയ ശ്രീ കലാമണ്ഡലം പ്രമോദിന്റെ പ്രത്യേകമായ മുഖംതേപ്പും, തലയിലും താടിയിലും ചുവന്നതാടികള്‍ വെച്ചുകെട്ടിയുള്ള വേഷമൊരുങ്ങലും നന്നെന്ന് തോന്നി. താതന്റെ സ്ഥിതികണ്ട് പ്രവേശിക്കുന്ന അംഗദന്‍ ഈ ചതിചെയ്ത സുഗ്രീവന്റെ നേരെ ക്രോധിച്ചടുക്കുകയും, വാനരസജമായ രീതിയില്‍ മാന്തിയും കടിച്ചും രോഷം പ്രകടിപ്പിക്കുന്നതും കാട്ടിക്കൊണ്ട് പ്രമോദ് ഈ ചെറിയ വേഷത്തിലെ സാധ്യതകള്‍ വെളിവാക്കുകയും ചെയ്തു.ബാലിയായെത്തിയ ശ്രീ കലാമണ്ഡലം രാമചന്ദ്രനുണ്ണിത്താന്‍ തരക്കേടില്ലാതെ ചെയ്തെങ്കിലും സമ്പൃദായദീക്ഷ ലേശവും ഇല്ലാത്തത് വലിയ കുറവുതന്നെയായി തോന്നി. യുദ്ധവട്ടത്തില്‍ ദമ്പൃദായനുഷ്ടിതമായ അടവുകളിലധികമായി ഇരുന്നുകൂക്കലിനും ഗോഷ്ടികള്‍ക്കുമാണ് ഇദ്ദേഹം പ്രാമുഖ്യം നല്‍കുന്നത്. “ബാധിതസ്യസായകേന” എന്ന പദത്തില്‍ “ഒരു മൊഴി” എന്ന ഭാഗം മുതല്‍ ബാലി മുദ്രമുഴുവനായി കാട്ടേണ്ടതില്ല എന്ന് ആചാര്യന്മാര്‍ നിദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഉണ്ണിത്താന്‍ ആ ഭാഗം വരെ മുദ്ര ഉഴപ്പുകയും ‘ഒരു മൊഴി’ മുതല്‍ നിഷ്ടയായി മുദ്രകാട്ടുകയാണുണ്ടായത്. രാമന്‍ സാക്ഷാല്‍ ജഗനാഥനായ വിഷ്ണുഭഗവാനാണെന്നു മനസ്സിലാക്കി, ആദ്ദേഹത്തില്‍ നിന്നും മുക്തി ലഭിക്കുന്ന വേളയില്‍ ‘തനിക്ക് വെള്ളം വേണം കുടിക്കാന്‍, കൊണ്ടുവാ, എന്റെ ഭാര്യയേയും കുട്ടികളേയും നീ കാത്തുകൊള്ളേണം’ തുടങ്ങിയ ചപലമൊഴികള്‍ ബാലിയില്‍ നിന്നും പുറപ്പെടുന്നതുകണ്ടു. ഇതൊന്നും ഇത്രകെട്ടിപഴക്കമുള്ള അദ്ദേഹം പാത്ര-കഥാപ്രകൃതബോധമില്ലാതെ ചെയ്യുന്നതോ? അതോ വേണമെന്നുവെച്ച് ചെയ്യുന്നതോ എന്തോ? ബാലിയുടെ തേപ്പില്‍ ചായത്തിന് ചുവപ്പുനിറം വല്ലാതെ കൂട്ടിയിട്ടുണ്ട്. നെറ്റിയിലെ ചുട്ടിത്തുണിയില്‍ മദ്ധ്യത്തിലുള്ള ചുട്ടിപ്പൂവ് കൂടാതെ ഇരുവശങ്ങളിലും കൂടി പൂവുകള്‍ ഒട്ടിച്ചിരുന്നു.
ഈ കഥയുടെ ആദ്യഭാഗത്ത് ശ്രീ കലാനി:ഉണ്ണികൃഷ്ണനും ശ്രീ കലാമണ്ഡലം
സുധീഷും ചേര്‍ന്നും, തുടര്‍ന്ന് കലാനി:രാജീവും കലാ:സുധീഷും ചേര്‍ന്നുമാണ് പാടിയത്. കലാ:കൃഷ്ണദാസ്, ശ്രീ ഗോപീകൃഷ്ണന്‍ തമ്പുരാന്‍, ശ്രീ കലാനിലയം രതീഷ് എന്നിവര്‍ ചേര്‍ന്ന ചെണ്ടയിലും, കലാ:ശശി, കലാനി:മനോജ്, ശ്രീ കലാമണ്ഡലം പ്രശാന്ത് എന്നിവര്‍ ചേര്‍ന്ന് മദ്ദളത്തിലും ബാലിവധത്തിന് നല്ല മേളമുതിര്‍ത്തിരുന്നു.

“ഭൂചക്രവാളം ഞെടുഞെടുയിളകിത്തുള്ളുമാറട്ടഹാസം”
ശ്രീ കലാനിലയം സജിയും സദനം അനിലും ഈ ദിവസത്തെ ചുട്ടി
മനോഹരമായി കൈകാര്യം ചെയ്തിരുന്നു.

“ബാധിതസ്യ സായകേന”
ശ്രീ എരൂര്‍ ശശി, ശ്രീ എരൂര്‍ സുരേന്ദ്രന്‍, ശ്രീ എം.നാരായണന്‍,
ശ്രീ മുരളി, ശ്രീ തൃപ്പൂണിത്തുറ ശശിധരന്‍ എന്നിവരാണ് ഉത്സവകളികളുടെ അണിയറപ്രവര്‍ത്തകര്‍.

“ഒരു മൊഴി...”
തൃപ്പൂണിത്തുറ കഥകളികേന്ദ്രത്തിന്റേതാണ് കളിയോഗം.

4 അഭിപ്രായങ്ങൾ:

Haree പറഞ്ഞു...

-- നളചരിതം നാലാം ദിവസം --
• "ശ്രീ മാര്‍ഗ്ഗി വിജയകുമാറായിരുന്നു പാഞ്ചാലി. പദാര്‍ത്ഥാഭിനയത്തില്‍
ചില പോരായ്കകള്‍ തോന്നിയെങ്കിലും കഥാപാത്രത്തെ ഉള്‍ക്കോണ്ട് നല്ലഭാവപ്രകാശനത്തിലൂടെ..." - പാഞ്ചാലി? :-O പദാര്‍ത്ഥാഭിനയത്തില്‍ എന്നു പറയുമ്പോള്‍ പദത്തിന്റെ അര്‍ത്ഥത്തിന് മുദ്രകാട്ടിയതില്‍ എന്നല്ലേ ഉദ്ദേശിക്കുന്നത്? മാര്‍ഗി വിജയകുമാറിന് അവിടെ പിഴവ് വന്നുവോ? :-! അതെവിടെയാണ്? അര്‍ത്ഥം വ്യാഖ്യാനിച്ചതിലെ വിയോജിപ്പാണോ ഉദ്ദേശിച്ചത്?
• “വിജയന്റെ ദമയന്തിയുടെ...” - (മാര്‍ഗി ചേര്‍ത്തോ ചേര്‍ക്കാതെയോ) വിജയകുമാര്‍ എന്ന് പൂര്‍ണരൂപത്തിലെഴുതുകയാണ് ഒരു മാധ്യമമെന്ന നിലയില്‍ ബ്ലോഗെഴുത്തില്‍ യോജിച്ചത്.
• കലാനിലയം ഉണ്ണികൃഷ്ണന്‍ വളരെയേറെ പിഴവുകള്‍ പദങ്ങളില്‍ വരുത്തി എന്നാണല്ലോ കേട്ടത്. കലാനിലയം രാജീവന്‍ അവ തിരുത്തിപ്പാടിയതുകൊണ്ട് അധികം പ്രശ്നങ്ങളില്ലാതെ കഴിച്ചു എന്നും കളി കാണുവാനുണ്ടായിരുന്ന ചില സുഹൃത്തുക്കള്‍ പറയുകയുണ്ടായി.

-- ബാലിവധം --
• അംഗദന്റെയൊരു ക്ലോസപ്പ് ചിത്രം കൂടി നല്‍കാമായിരുന്നു.
• ചിലയിടങ്ങളില്‍ ശ്രീ ഉപയോഗിക്കുകയും ചിലയിടങ്ങളില്‍ ഉപയോഗിക്കാതിരിക്കുകയും! - മാധ്യമമെന്ന നിലയില്‍ ബ്ലോഗെഴുത്തില്‍ ശ്രീ തുടങ്ങിയവ ഒഴിവാക്കാം എന്നാണ് എന്റെ അഭിപ്രായം.
• “ബാധിതസ്യസായകേന...” തുടക്കം മുതല്‍ക്ക് പദങ്ങളിലെ പ്രധാന വാക്കുകള്‍ മാത്രം മുദ്രയില്‍ കാട്ടിയാല്‍ മതിയാവും എന്നാണ് പറഞ്ഞിരിക്കുന്നത്. അങ്ങിനെവരുമ്പോള്‍ ഒരുമൊഴി വ്യക്തമായി കാട്ടുന്നതില്‍ തെറ്റുണ്ടെന്നു കരുതുവാന്‍ വയ്യ. ഒടുവിലെ സംസാരവും പാടില്ല എന്നു പറയുന്നില്ല, ഔചിത്യപൂര്‍ണമാവണം എന്നു മാത്രം.
• ബാലി വെള്ളം ആവശ്യപ്പെടുകയും, ശ്രീരാമന്‍ അമ്പയച്ച് വെള്ളം വരുത്തി നല്‍കുന്നതും ചെയ്തു കണ്ടിട്ടുണ്ട്.
--

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

@Haree,
.കുറെ ദിവസമായി ഉറക്കളപ്പല്ലെ....ഒരു പിഴവുപറ്റിപ്പോയി. അടുത്തദിവസം ഒരു പാഞ്ചാലിയും കണ്ടിരുന്നു വിജയകുമാറിന്റെ.....
പദത്തിന് പലഭാഗങ്ങളിലും കാട്ടിയ മുദ്രകള്‍ ഉചിതാമായി തോന്നിയില്ല എന്നാണ് ഉദ്ദേശിച്ചത്.
.ഉണ്ണികൃഷ്ണന് ചിലസ്തലങ്ങളില്‍ പദം മാറിപ്പ്പോവുകയും ഒക്കെ ഉണ്ടായി, രാജീവ് തിരുത്തുകയും ചെയ്തു. എന്നാല്‍ വലിയ സംഗീതമേന്മ ഇല്ലെങ്കിലും സമ്പൃദായം വിടാതെ പാടിയിരുന്നു അദ്ദേഹം.
. പിന്നെ ‘ഒരു മൊഴി പറയാനും പണിയായി’ എന്ന അവസ്ഥയിലുള്ള ബാലി ധാരളമായി സംസാരിക്കുന്നത് ഔചിത്യാണെന്നാണോ പറയുന്നത്?

nandakumar പറഞ്ഞു...

അഞ്ചു ദിവസം തുടര്‍ച്ചയായി കളി കാണാലോ? മൂന്നില്‍ കൂടുതല്‍ ത്രാണി ഉണ്ടായിട്ടില്ല. (ഉറക്കം തൂങ്ങി ഇരിക്കുന്നവര്‍ വേറെ ഉണ്ടാവാം) മൂന്നു കഴിഞ്ഞുള്ള പകലുരക്കത്തിലെ "കൂര്‍ക്കം" വലി അടുത്ത വീട്ടുകാര്‍ കൂടി മറന്നിരിക്കില്ല. ഏതായാലും ആസ്വാദന ത്തിനു നന്ദി. വാസു പിഷാരടിയുടെ രണ്ടാം വരവിലെ ആദ്യ കളി ഞാനും കണ്ടിരുന്നു.നാലാം ദിവസം തന്നെ . അദ്ദേഹം അന്നതെതിലും ആരോഗ്യം വീണ്ടെടുത്തിരിക്കുന്നു എന്ന് ഫോട്ടോ കണ്ടാല്‍ തോന്നുന്നു. ഇനിയും നല്ല വേഷംങള്‍ പ്രതീഷിക്കം. ബാലിവധം: "ഒരു മൊഴി" മാത്രമായാണോ മുദ്ര ചുരുക്കെടത്? ആ പദം മുഴുവന്‍ മുദ്ര ചുരുക്കാം എന്നല്ലേ. മുദ്ര ഒഴിവക്കളല്ല. വ്യാകരണം ഒഴിവാക്കി വാചകം ആയിട്ടല്ലാതെ വാക്കുക്കള്‍ മുറിച് മരണ വേദനയില്‍ എഗിനെ സംസാരിക്കുമോ അങിനെ അല്ലെ വേണ്ടത് . അതിനു സഹയമായീ ഗായകനും വേണം. അവസാനത്തിലെ "തണ്ണി അടി " ഒഴിവാക്കാം എന്ന് തോന്നുന്നു. "പുത്രാ ഭാര്യയെ .." എന്നാനേരത്ത് താര അവിടെ ഇരിക്കുന്നത് എന്താ അഭിപ്രായം ?... നന്ദകുമാര്‍

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

@nandakumar,
അഞ്ചു ദിവസമല്ല, പിറ്റേന്ന് തലയോലപ്പറമ്പിലും ഒരു കളി കണ്ടിരുന്നു(പുതിയ പോറ്റ് ഇട്ടിട്ടുണ്ട്).
ഷാരഡിയാശാന്റെ ആരോഗ്യം ലേശം മെച്ചപ്പെട്ടിട്ടുണ്ട്. ഇനിയും നല്ല കളികള്‍ പ്രതീക്ഷിക്കാം.
അതെ,പദം മുഴുവന്‍ തന്നെ പ്രധാനമുദ്രകള്‍ കാട്ടിയാല്‍ മതി.’ഒരു മൊഴി’ മുതല്‍ പോലും ഇത് പാലിക്കുന്നില്ല എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.
താര ഇരിക്കുന്നതില്‍ എന്താണ്?