വാഴേങ്കട കുഞ്ചുനായര്‍ ജന്മശതാബ്ദി ആഘോഷം

കഥകളിയിലെ അഭിനയസംസ്കൃതിക്ക് അമൂല്യമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള നാട്യാചാര്യന്‍ പത്മശ്രീ വാഴേങ്കട കുഞ്ചുനായരുടെ ജന്മശതാബ്ദി 2009 സെപ്തംബര്‍ 11,12,13 തീയതികളിലായി കാറല്‍മണ്ണയിലെ കുഞ്ചുനായര്‍ സ്മാരകത്തില്‍ വെച്ച് ആഘോഷിക്കപ്പെട്ടു. കല്പിതസര്‍വകലാശാലയായ കേരള കലാമണ്ഡലവും വാഴേങ്കട കുഞ്ചുനായര്‍ സ്മാരക ട്രസ്റ്റും സംയുക്തമായിട്ടാണ് ഈ ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചത്. മൂന്ന് ദിവസങ്ങളിലായി നടന്ന ആഘോഷങ്ങളുടെ ഭാഗമായി ഗഹനമായ ചര്‍ച്ചകളും അനുസ്മരങ്ങളും വിവിധ കലാപരിപാടികളും നടത്തപെട്ടിരുന്നു. ശ്രീ പി.വി.ശ്രീവത്സന്‍ എഴുതി കേരള കലാമണ്ഡലം പ്രസിദ്ധീകരിക്കുന്ന “മനയോലപ്പാടുകള്‍”(വാഴേങ്കട കുഞ്ചുനായരുടെ ജീവചരിത്രം) എന്ന പുസ്തകം ജന്മശതാബ്ദി സമ്മേളനത്തില്‍ വെച്ച് പ്രകാശനം ചെയ്യപ്പെട്ടു.
.
ആഘോഷങ്ങളുടെ മൂന്നാംദിനമായ 13/09/09ന് രാവിലെ 11മുതല്‍ ‘കലകളുടെ സ്ഥാപനവത്ക്കരണം’ എന്ന വിഷയത്തിലുള്ള സിമ്പോസിയം നടന്നു. ശ്രീ കെ.ബി.രാജ് ആനന്ദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ബഹു:കലാമണ്ഡലം വൈസ്ചാന്‍സിലര്‍ ശ്രീ കെ.ജി.പൌലോസ് വിഷയം അവതരിപ്പിച്ചുകൊണ്ട് പ്രഭാഷണം നടത്തി. പണ്ട് പ്രഭുക്കന്മാരും രാജാക്കന്മാരുമാണ് കേരളകലകളെ പരിപാലിച്ചും വളര്‍ത്തിയും പോന്നിരുന്നതെന്നും, പിന്നീട് നമ്മുടെ സാമൂഹീകസാമ്പത്തീ സ്ഥിതികളില്‍ വന്ന മാറ്റങ്ങള്‍ മൂലം കലകളുടെ സംരക്ഷണചുമതലയില്‍ നിന്നും ഇവര്‍ സ്വമേധയാ ഒഴിവായി എന്നും, ഈ സാഹചര്യത്തില്‍ കാലഘട്ടത്തിന്റെ അനിവാര്യതയായി കലകള്‍ സ്ഥാപനവത്കരിക്കപ്പെടുകായാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. പഴയ വിദ്യാഭ്യാസ സമ്പൃദായമായ ഗുരുകുലസമ്പൃദായത്തിന്റെ നല്ല വശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുതന്നെ ജനാധിപത്യപരമായ പുതിയ രീതി നടപ്പിലാക്കാനാണ് ഈ സ്ഥാപനങ്ങള്‍ ശ്രമിച്ചത്. അതായത് പഴയതും പുതിയതുമായ പഠനസമ്പൃദായങ്ങളുടെ നല്ല വശങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുപോകുവാനാണ് ഉദ്യമിച്ചത് എന്ന് പറഞ്ഞ പൌലോസ്‌ മാഷ്, എന്നാല്‍ നിര്‍ഭാഗ്യവശാല്‍ രണ്ടിലേയും നല്ലതല്ലാത്തവശങ്ങള്‍ ചേര്‍ന്നതല്ലെ നടപ്പിലുള്ള പാഠ്യസമ്പൃദായം എന്ന് ശങ്കിക്കുകയും ചെയ്തു. ഈ അവസ്ഥയില്‍ സ്ഥാപനവല്‍കൃതമായ കലാപഠനത്തെ മികച്ചതാക്കിതീര്‍ക്കുവാനായുള്ള നിര്‍ദ്ദേശങ്ങള്‍ എല്ലാ കലാപ്രേമികളില്‍നിന്നും ക്ഷണിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിച്ചത്. തുടര്‍ന്ന് പ്രസിദ്ധ ചിത്രകാരന്‍ ശ്രീ വിജയകുമാരമേനോന്‍ മുഖ്യപ്രഭാഷണം നടത്തി. ശ്രീ വി.കലാധരന്‍ മോഡറേറ്റു ചെയ്ത ഈ ചര്‍ച്ചയില്‍ ശ്രീ കോട്ട:ഗോപി നായര്‍, കലാ:ബാലസുബ്രഹ്മണ്യന്‍, കലാ:ഉണ്ണികൃഷ്ണന്‍ തുടങ്ങിയ കലാകാരന്മാരും പല കലാസ്നേഹികളും പങ്കെടുത്തിരുന്നു.
.
വൈകിട്ട് 3മുതല്‍ നടന്ന അടുത്ത സിമ്പോസിയത്തിന്റെ വിഷയം ‘വാഴേങ്കട കുഞ്ചുനായരുടെ രംഗാനുഭവങ്ങള്‍’ എന്നതായിരുന്നു. കെ.ബി.രാജ് ആനന്ദ് ആയിരുന്നു മോഡറേറ്റര്‍. സന്താനഗോപാലത്തിലെ ബ്രാഹ്മണവേഷം കുഞ്ചുനായരാശാന്‍ കൈകാര്യം ചെയ്തിരുന്നതിനെ മുന്‍‌നിര്‍ത്തി ശ്രീ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി സംസാരിച്ചു. ഏറ്റവും ലോകധര്‍മ്മിയായുള്ള വേഷവിധാനവും എന്നാല്‍ നാട്ട്യധര്‍മ്മിയായുള്ള അഭിനയവുമാണ് സന്താനഗോപാലത്തിലെ ബ്രാഹ്മണനുള്ളതെന്നും, ഉടുത്തുകെട്ടും മറ്റ് വേഷവിധാനങ്ങളും ഇല്ലാത്തതിനാല്‍ മെയ്യുടെ കോട്ടങ്ങള്‍ വേഗത്തില്‍ തിരിച്ചറിയപ്പെടാന്‍ സാധ്യതയുള്ളതുമായ ഒരു വേഷമാണിതെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് കുഞ്ചുനായരാശാന്‍ സ്വതസിദ്ധമായ ഔചിത്യദീക്ഷയോടെയും പ്രത്യേകമായ നാട്ട്യങ്ങളോടും നിലകളോടും കൂടി ബ്രാഹ്മണവേഷത്തെ അവതരിപ്പിച്ചിരുന്നതെങ്ങിനെ എന്ന് നെല്ലിയോട് വിശദീകരിച്ചു. അന്ത്യരംഗത്തില്‍ പത്തുകുട്ടികളെ ഒരുമിച്ച് കൊണ്ടേല്‍പ്പിച്ച് മടങ്ങുന്ന കൃഷ്ണനോട് ഇവരുടെ സംരക്ഷണഭാരവും അങ്ങേയ്ക്കാണ് എന്ന് ബ്രാഹ്മണന്‍ പറയാറുണ്ട്. ഈസമയത്ത് കുഞ്ചുനായരാശാന്റെ ബ്രാഹ്മണന്‍ ആടിയിരുന്നത് ഇങ്ങിനെയാണ്. ‘അല്ലയോ ഭക്തവത്സലനായ കൃഷ്ണാ, ഒരു ഉണ്ണിയുടെ മുഖം കാണുവാന്‍ കൊതിച്ച എനിക്ക് ഒരുമിച്ച് പത്തുകുട്ടികളെ തന്ന് എന്നെ ആനന്തസാഗരത്തില്‍ നിമഗനനാക്കിയിട്ട് അങ്ങ് പോയ്ക്കളയരുതേ. അങ്ങയുടെ പതിനായിരത്തിയെട്ട് ഭാര്യമാരിലുള്ള സന്താനങ്ങളെ സംരക്ഷിക്കുന്നതിനൊപ്പം ചെറിയൊരു കടാക്ഷം ഈ ഉണ്ണികളിലും ഉണ്ടാകേണമേ’ തുടര്‍ന്നുള്ള ചര്‍ച്ചയില്‍ സന്താനഗോപാലത്തിന്റെ ഇന്നത്തെ രംഗാവതരണത്തില്‍ സംഭവിച്ചിരിക്കുന്ന മൂല്യച്യുതിയെ പറ്റി രാജ് ആനന്ദ് ഓമ്മപ്പെടുത്തി. ഇന്ന് ബ്രാഹ്മണന്റേയും അര്‍ജ്ജുനന്റേയും വേഷമിടുന്ന നടന്മാരുടെ അനാരോഗ്യകരമായ മത്സരം മാത്രമാണ് സന്താനഗോപാലത്തില്‍ കാണുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കുഞ്ചുനായരാശാന്‍ നാലാംദിവസത്തിലെ ബാഹുകവേഷം കൈകാര്യം ചെയ്തിരുന്നതിനെപറ്റിയാണ് രണ്ടാമതായി ചര്‍ച്ചചെയ്യപ്പെട്ടത്. ശ്രീ പുളിങ്ങര കൃഷ്ണന്‍ നായര്‍ ആണ് ഈ വിഷയത്തില്‍ വിശദമായി സംസാരിച്ചത്. സ്വരാജ്യധനാദികള്‍ നഷ്ടപ്പെടുക, ഭൈമിയെ ഉപേക്ഷിച്ച് വനത്തില്‍ അലയുക, കാര്‍ക്കോടക ദംശനത്താല്‍ വൈരൂപ്യം സംഭവിക്കുക, മറ്റൊരു രാജാവിന്റെ ഭൃത്യനായി കഴിയേണ്ടിവരുക, സ്വന്തം പത്നിയുടെ രണ്ടാംസ്വയംവരവാര്‍ത്ത ശ്രവിച്ച് പോന്ന ഋതുപര്‍ണ്ണന്റെ സാരഥിയായി കുണ്ഡിനത്തിലെത്തുക ഇങ്ങിനെ തീഷ്ണമായ ജീവിതസാഹചര്യങ്ങളിലൂടെ കടന്നുവന്ന കഥാപാത്രമായിതന്നെയാണ് കുഞ്ചുനായരാശാന്റെ നാലാംദിവസം ബാഹുകന്‍ അരങ്ങത്ത് പ്രവര്‍ത്തിച്ചിരുന്നത്. ഈ ഒരു ഭാവമാണ് തിരശീലനീക്കുമ്പോള്‍ ഇരിക്കുന്ന ബാഹുകനില്‍ കണ്ടിരുന്നത്. ‘നേരേ ശോഭനവാണീ, മുദാ’ എന്നതിന് ‘സന്തോഷത്തോടെ ശ്രവിച്ചാലും’ എന്നാണ് കുഞ്ചുനായരാശാന്‍ മുദ്രകാട്ടിയിരുന്നത്. അല്ലാതെ ‘സന്തോഷത്തോടെ പറയാം’ എന്നല്ല. ‘പെരികെ വിദൂരാല്‍’ എന്നിടത്തെ അദ്ദേഹത്തിന്റെ നില വളരെ ദൂരം എന്ന് ദ്യോതിപ്പിക്കുന്നതായിരുന്നു. ‘കാര്യമെന്തുതവ?’ എന്ന് ആകാംഷനിറഞ്ഞ ചോദ്യഭാവത്തിലാണ് അദ്ദേഹം അവതരിപ്പിച്ചിരുന്നത്. കേശിനിയുമായുള്ള പദഭാഗം കഴിഞ്ഞാല്‍ അധികം ആട്ടങ്ങള്‍ക്കു നില്‍ക്കാതെ, ‘ഒരു രാജാവിന്റെ സൂതനാ‍യ ഞാനും രാജ്ഞിയുടെ തോഴിയായ നീയും അധികസമയം ഇങ്ങിനെ സംസാരിച്ച് നില്‍ക്കുന്നത് ശരിയല്ല’ എന്ന ഉപായം പറഞ്ഞ് കേശിനിയെ അയക്കുകയാണ് ചെയ്തിരുന്നത്. പാചകത്തിനായി കൊണ്ടുവന്ന സാധനങ്ങളുടെ കൂട്ടത്തില്‍ വെള്ളവും വിറകും മാത്രം ഇല്ലായെന്നറിയുന്ന ഭാഗത്ത് ‘ഇത് ഭൈമിയുടെ സൂത്രമാണ്’ എന്നൊരു ഭാവം കുഞ്ചുനായരാശാന്റെ ബാഹുകനില്‍ ദര്‍ശ്ശിച്ചിരുന്നു. ബാഹുകന്റെ പാചകവൃത്തി അനാവശ്യമായി വിസ്തരിക്കാതെ ചെയ്യുകയായിരുന്നു കുഞ്ചുനായരാശാന്റെ രീതി. പാചകത്തിനിടയിലുള്ള ആട്ടത്തില്‍ താന്‍ ആദ്യമായി ഇന്ദ്രാദികളുടെ ദൂതനായി ഇവിടെ വന്നതിനേയും, പിന്നീട് സ്വയംവരത്തിനായി വന്നതിനേയും സ്മരിക്കുന്ന ബാഹുകന്‍ ഇപ്പോള്‍ ഈവിധം മറ്റൊരു രാജാവിന്റെ ഭൃത്യനായി ഇവിടെ വരേണ്ടിവന്നതിനേയോര്‍ത്ത് ദു:ഖിക്കുന്നു. അന്ത്യരംഗത്തില്‍ സമീപമെത്തുന്ന ദമയന്തിയെ ആദ്യം ഒന്ന് നോക്കിയാല്‍ പിന്നെ സംഘര്‍ഷഭരിതമായ മുഖത്തോടെ നിലത്തുനോക്കി ഇരിക്കുകയാണ് കുഞ്ചുനായരാശാന്‍ ചെയ്തിരുന്നത്. ഈ രംഗത്തിലെ ചരണങ്ങളിലെ ‘ദൈവാലൊരുഗതി’, ‘വാചാ തവ’, ‘ഭൂമാവിഹ അണക’ എന്നീ ഭാഗങ്ങളില്‍ പ്രത്യേകശക്തിയോടെ ഊന്നല്‍ നല്‍കിയുള്ള അഭിനയം ഇദ്ദേഹം കാഴ്ച്ചവെച്ചിരുന്നു.
.
വൈകുന്നേരം 5:30ന് ആരംഭിച്ച സമാപനസമ്മേളനത്തില്‍ കെ.ജി.പൌലോസ് അദ്ധ്യക്ഷത വഹിച്ചു. സമ്മേളനം ആര്‍ട്ടിസ്റ്റ് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. കെ.ബി.രാജ് ആനന്ദ് സ്വാഗതം പറഞ്ഞ സമ്മേളനത്തിന് ശ്രീ എം.ബാലന്‍ നായര്‍, വി.കലാധരന്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിക്കുകയും ശ്രീ കലാമണ്ഡലം ഉണ്ണികൃഷ്ണന്‍ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. കേരള കലാമണ്ഡലം നിര്‍മ്മിച്ച കുഞ്ചുനായരാശാനെകുറിച്ചുള്ള ‘പ്രിയമാനസം’ എന്ന ഡോക്യുമന്റ്റി ചിത്രം ചടങ്ങില്‍ പ്രകാശനം ചെയ്യപ്പെട്ടു. ഇതിന്റെ സംവിധായകന്‍ ശ്രീ വിനു വാസുദേവന്‍ ചിത്രത്തിന്റെ നിര്‍മ്മാണാനുഭവങ്ങളെപറ്റി യോഗത്തില്‍ സംസാരിച്ചിരുന്നു. യോഗത്തിനുശേഷം 55മിനിറ്റോളം ദൈര്‍ഘ്യമുള്ള ‘പ്രിയമാനസം’ ഡോക്യുമന്റ്റി പ്രദര്‍ശ്ശിക്കപ്പെട്ടു.
.
ജന്മശദാബ്ദി ആഘോഷങ്ങളുടെ ഭാഗമായി മൂന്ന് രാത്രികളിലും കഥകളിയും അവതരിപ്പിക്കപ്പെട്ടിരുന്നു. അന്ത്യദിനത്തില്‍ കേരള കലാമണ്ഡലം ട്രൂപ്പാണ് കഥകളി അവതരിപ്പിച്ചിരുന്നത്. രാത്രി 9മുതല്‍ ശ്രീ വിപിന്‍, ശ്രീ കാശീനാഥ് എന്നിവര്‍ അവതരിപ്പിച്ച പുറപ്പാടോടെ ആരംഭിച്ച കളിയില്‍ കാലകേയവധം(സ്വര്‍ഗ്ഗവര്‍ണ്ണന വരെ), ഉത്തരാസ്വയംവരം(തൃഗര്‍ത്തവട്ടം വരെ), പ്രഹളാദചരിതം എന്നീ കഥകളാണ് അവതരിപ്പിക്കപ്പെട്ടിരുന്നത്. കാലകേയവധത്തില്‍ ഇന്ദ്രനായി വേഷമിട്ടിരുന്ന ശ്രീ കലാമണ്ഡലം ഹരിനാരായണന്റെ പ്രവൃത്തിയില്‍ വല്ലാത്ത ആയാസം അനുഭവപെട്ടിരുന്നു. ചുഴിപ്പുകളും കലാശങ്ങളും വെറും അഭ്യാസപ്രകടനങ്ങളായല്ലാതെ അതിലൊരു കലയുടെ അംശം തോന്നിച്ചിരുന്നില്ല. ഭാവപ്രകാശനത്തിലും ഇദ്ദേഹം ഒരുപാട് പഠിക്കേണ്ടതായുണ്ടെന്ന് തോന്നി.
അജ്ജുനനായെത്തിയ ശ്രീ കലാമണ്ഡലം ബാലസുബ്രഹ്മണ്യനില്‍ കെട്ടിപഴക്കമില്ലാമിയാല്‍ ആണെന്നുതോന്നുന്നു ലേശം ആയാസം തോന്നിച്ചിരുന്നു. എങ്കിലും അദ്ദേഹം നന്നായി തന്നെ അര്‍ജ്ജുനനെ അവതരിപ്പിച്ചു. മാതലിയായെത്തിയ ശ്രീ കലാമണ്ഡലം മുകുന്ദനും താരതമ്യേന നല്ല പ്രകടനമാണ് കാഴ്ച്ചവെച്ചിരുന്നത്. ഇന്ദ്രാണിയായി കാശിനാഥനാണ് അരങ്ങിലെത്തിയത്. അര്‍ജ്ജുനന്റെ സ്വര്‍ഗ്ഗവര്‍ണ്ണനയില്‍ നിന്ന് അമൃതകുംഭം സൂക്ഷിക്കുന്നസ്ഥലം, ഐരാവതം, ഉച്ചേശ്രവസ്സ്, കാമധേനു, സ്വര്‍ഗംഗ എന്നിവയെ കാണുന്ന ഭാഗങ്ങള്‍ ഒഴിവാക്കിയാണ് ആടിയിരുന്നത്.

ആദ്യരംഗത്തില്‍ ശ്രീ സദനം ശ്യാമളനും ശ്രീ കലാമണ്ഡലം ശ്രീകുമാറും ചേര്‍ന്നും, തുടര്‍ന്ന് ശ്രീ കലാമണ്ഡലം ഭവദാസനും സദനം ശ്യാമളനും ചേര്‍ന്നുമായിരുന്നു പാടിയിരുന്നത്. ഒരു ജീവനില്ലാത്ത പാട്ടായിരുന്നു ഇവരുടേത്. മാതലിയുടെ പദത്തിന്റെ ‘വിജയതെ ബാഹുവിക്രമം’ എന്ന ആദ്യഭാഗം പതിവിലും കാലം കയറ്റിയും ‘ചന്ദ്രവൈംശമൌലീ’ എന്ന രണ്ടാംഭാഗം കാലം താഴ്ത്തിയുമാണ് ഇവിടെ ആലപിച്ചിരുന്നത്.
ആദ്യരംഗത്തിന് ശ്രീ രവിശങ്കറും(ചെണ്ട), ശ്രീ ശ്രീകുമാറും(മദ്ദളം) ചേര്‍ന്നും തുടര്‍ന്ന് ശ്രീ കലാമണ്ഡലം ഉണ്ണികൃഷ്ണനും(ചെണ്ട), കലാമണ്ഡലം ഗോപികുട്ടന്‍, ശ്രീ‍ കലാമണ്ഡലം ശശി(മദ്ദളം) എന്നിവര്‍ ചേര്‍ന്നും നന്നായി മേളം പകര്‍ന്നിരുന്നു.
ഉത്തരാസ്വയംവരം കഥയില്‍ ശ്രീ കലാമണ്ഡലം കൃഷ്ണകുമാര്‍ ദുര്യോധനനായി അരങ്ങിലെത്തി. വെറുമൊരു ട്രൂപ്പ് കളി എന്ന ലാഘവത്തോടെയാണ് കൃഷ്ണകുമാര്‍ വേഷം തീര്‍ന്നിരുന്നത് എന്ന് തോന്നി. നെറ്റിയുടേയും ചുണ്ടിന്റേയും ഇരുവശങ്ങളിലേയും തേപ്പില്‍ വത്യസ്തതകള്‍ കണ്ടിരുന്നു. ഉടുത്തുകെട്ട് വേണ്ടത്ര ഉയര്‍ത്തിയല്ല ഉറപ്പിച്ചിരുന്നതെന്നും തോന്നി. തിരനോട്ടം മുതല്‍ തന്നെ പിടലി ഒരുഭാഗത്തേയ്ക്ക് ലേശം വെട്ടിച്ചുപിടിച്ചുകൊണ്ടും ആയാസത്തോടും ഉള്ള അഭിനയവും, വെടിപ്പാവാത്ത കലാശങ്ങളും ഇരട്ടികളും, ഗോപിയാശാനെ അനുകരിക്കാനുള്ള വികലമായ ശ്രമവും ഒക്കെ ചേര്‍ന്ന് വിരസയുണര്‍ത്തു പ്രകടനമായിരുന്നു ഇദ്ദേഹത്തിന്റെത്. ശൃഗാരപദത്തിനുശേഷം നായികാനായകന്മാര്‍ ചുബനം ചെയ്യുന്നതും അധരപാനം ചെയ്യുന്നതുമൊക്കെ നടിക്കുമ്പോള്‍ സാധാരണയായി നായികയുടെ ഉറുമാല്‍കൊണ്ട് ഒന്ന് മറച്ചുപിടിക്കാറുണ്ട്. എന്നാല്‍ ഇവിടെ ഇതുചെയ്തിരുന്നില്ല. ഇത് സാമാന്യ അരംങ്ങുവഴക്കത്തിനു മാത്രമല്ല നാട്ട്യശാസ്ത്രത്തിനും വിരുദ്ധമായ പ്രവൃത്തിയായി പോയി. കാശിനാഥനായിരുനു ഭാനുമതിയായും വേഷമിട്ടിരുന്നത്.
ഈ രംഗത്തിന് പാടിയിരുന്നത് കലാ:ശ്രീകുമാറും ശ്രീ കലാമണ്ഡലം ഹരീഷും ചേര്‍ന്നായിരുന്നു. ശ്രീ കലാമണ്ഡലം വിജയകൃഷ്ണനും(ചെണ്ട), ശ്രീ കലാമണ്ഡലം ഹരിദാസും(മദ്ദളം) ചേര്‍ന്നായിരുന്നു മേളം.

ശ്രീ കലാമണ്ഡലം ശിവരാമന്‍, ശ്രീ കലാമണ്ഡലം ബാലന്‍, ശ്രീ നിധിന്‍, ശ്രീ ആനന്ദ് എന്നിവരായിരുന്നു കളിക്ക് ചുട്ടികുത്തിയിരുന്നത്. ശ്രീ കുഞ്ചന്‍, ശ്രീ ബാലകൃഷ്ണന്‍ എന്നിവരായിരുന്നു അണിയറസഹായികള്‍.

5 അഭിപ്രായങ്ങൾ:

വികടശിരോമണി പറഞ്ഞു...

മണീ,
നന്നായി,റിപ്പോർട്ട്.
ചില അക്ഷരപ്പിശാചുകൾ പറയട്ടെ:
വാഴേങ്കിട-വാഴേങ്കട
പുളിങ്കര കൃഷ്ണൻ നായർ-പുളിങ്ങര കുട്ടികൃഷ്ണൻ നായർ
രാജ്യധനാധികൾ-രാജ്യധനാദികൾ...
നോക്കുമല്ലോ.
സസ്നേഹം...

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

വി.ശി,
നന്ദി. അക്ഷരപിശകുകള്‍ തിരുത്തിയിട്ടുണ്ട്.

VAIDYANATHAN, Chennai പറഞ്ഞു...

മണീ, "വാഴേങ്കട കുഞ്ചുനായർ ജന്മശതാബ്ദി ആഘോഷം" റിപ്പോർട്ട് പതിവുപോലെ നന്നായീട്ടുണ്ട്. മൂന്ന് ദിവസങ്ങളിലുമായി നടന്ന ആഘോഷങ്ങളുടെ ഭാഗമായ ഗഹനമായ ചര്‍ച്ചകളിലും അനുസ്മരങ്ങളിലും കളികളിലും പങ്കെടുക്കാൻ സാധിക്കാത്തതിൽ നിരാശയുണ്ട്. ശ്രീ പി.വി.ശ്രീവത്സൻ എഴുതി കേരള കലാമണ്ഡലം പ്രസിദ്ധീകരിക്കുന്ന “മനയോലപ്പാടുകൾ” (വാഴേങ്കട കുഞ്ചുനായരുടെ ജീവചരിത്രം) എന്ന പുസ്തകം തീർച്ചയായും കഥകളി ലോകത്തിനു ഒരു മുതൽക്കൂട്ടാകും. “നിര്‍ഭാഗ്യവശാൽ പഴയതും പുതിയതുമായ പഠനസമ്പൃദായങ്ങളുടെ നല്ലതല്ലാത്തവശങ്ങൾ ചേര്‍ന്നതല്ലെ നടപ്പിലുള്ള പാഠ്യസമ്പൃദായം“ എന്ന പൌലോസ് മാഷിന്റെ ആശങ്ക തിർച്ചയായും കഥകളിപ്രേമികളെ ചിന്തിപ്പിക്കും. ‘വാഴേങ്കട കുഞ്ചുനായരുടെ രംഗാനുഭവങ്ങൾ’ എന്ന സിമ്പോസിയത്തിന്റെ വിഷയത്തിൽ സന്താനഗോപാലത്തിലെ ബ്രാഹ്മണവേഷം കുഞ്ചുനായരാശാൻ കൈകാര്യം ചെയ്തിരുന്നതിനെ മുന്‍‌നിര്‍ത്തി ശ്രീ നെല്ലിയോട് വാസുദേവൻ നമ്പൂതിരിയുടെ അഭിപ്രായങ്ങൾ താൻ ബ്ലോഗിൽ പകർത്തിയത് വായനക്കു് നല്ല ഒരു അനുഭവമായിരുന്നു. “എന്നെ ആനന്തസാഗരത്തിൽ നിമഗ്നനാക്കിയിട്ട് അങ്ങ് പോയ്ക്കളയരുതെ” എന്ന ഗുരുനാഥനായ കുഞ്ചുനായരാശാന്റെ ആ‍ശയത്തെ കടത്തിവെട്ടി ശിഷ്യനായ നെല്ലിയോട് തിരുമേനി “എന്നെ സംസാരസാഗരത്തിൽ നിമഗ്നനാക്കിയിട്ട് അങ്ങ് പോയ്ക്കളയരുതെ” എന്ന് ആടി കണ്ടിട്ടുണ്ട്. സന്താനഗോപാലത്തിന്റെ ഇന്നത്തെ രംഗാവതരണത്തിൽ സംഭവിച്ചിരിക്കുന്ന മൂല്യച്യുതിയെ പറ്റി രാജ് ആനന്ദ് ഓർമിപ്പിച്ചത് ഉചിതമായി. ഇന്ന് ബ്രാഹ്മണന്റേയും അര്‍ജ്ജുനന്റേയും വേഷമിടുന്ന നടന്മാരുടെ അനാരോഗ്യകരമായ മത്സരം മാത്രമാണ് സന്താനഗോപാലത്തിൽ കാണുന്നതെന്ന് രാജ് ആനന്ദിന്റെ കുറ്റപ്പെടുത്തലുകൾക്കു് നമ്മൾ രണ്ടുപേരും തൃപ്പൂണിത്തുറ ഉത്സവകളി കണ്ടതിന് സാക്ഷികൾ ആണല്ലോ! ശ്രീ പുളിങ്കര മാഷിന്റെ വിഷയമായ “നാലാംദിവസത്തിലെ ബാഹുകവേഷം“ശരിക്കും ആസ്വാദകർക്കു് ഒരു വിരുന്നായി അനുഭവപ്പെട്ടിരിക്കണം! ………‘നേരേ ശോഭനവാണീ, മുദാ’ എന്നതിന് ‘സന്തോഷത്തോടെ ശ്രവിച്ചാലും’ എന്നാണ് കുഞ്ചുനായരാശാൻ മുദ്രകാട്ടിയിരുന്നത്, അല്ലാതെ ‘സന്തോഷത്തോടെ പറയാം’ എന്നല്ല.”……..എത്ര അർഥവത്തായ നിരിക്ഷണം! നമ്മുടെ ‘നവ-രസ-ഭാവ-ആ‍ട്ട-കലാകാരന്മാർ‘ കണ്ടും കേട്ടും പഠിക്കട്ടെ! വിനു വാസുദേവന്റെ ‘പ്രിയമാനസം’ എന്നാണിനി കാണാൻ കഴിയുക? ജന്മശദാബ്ദി ആഘോഷങ്ങളുടെ ഭാഗമായി അന്ത്യദിനത്തിൽ കേരള കലാമണ്ഡലം ട്രൂപ്പ് അവതരിപ്പിച്ച കഥകളിയെ കുറിച്ച് ഞാനായീട്ട് ഒന്നും പറയുന്നില്ല. താൻ വിസ്തരിച്ച് തന്നെ എഴുതീട്ടുണ്ടല്ലോ! “അമ്മാവാ……. എന്നെ തല്ലല്ലേ……ഞാൻ ‘ഒരിക്കലും’ നന്നാവില്ല” എന്നു തന്നെയാണ് ഇപ്പോഴും ‘ഭാവം’. “അര്‍ജ്ജുനന്റെ സ്വര്‍ഗ്ഗവര്‍ണ്ണനയിൽ” കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ വേറെ എന്താണ് കാട്ടിയത് എന്ന് അറിയാൻ ഒരു ‘മോഹം’! ശ്രീ കലാമണ്ഡലം കൃഷ്ണകുമാറിന്റെ ദുര്യോധനൻ “വെറുമൊരു ട്രൂപ്പ് കളി എന്ന ലാഘവത്തോടെ” അരങ്ങിലെത്തി എന്നു നമ്മൾ ആദ്യമായീട്ടൊന്നും കാണുക അല്ലല്ലോ!. നെറ്റിയുടേയും ചുണ്ടിന്റേയും ഇരുവശങ്ങളിലേയും തേപ്പിൽ വത്യസ്തതകൾ കണ്ടിരുന്നോ? (ഒരു ക്ലോസ്-അപ്പ് ഫോട്ടോ കിട്ടിയിരുന്നെങ്കിൽ……….. നടൻ ജയന്റെ ഡയലോഗ് ഓർമ വരുന്നു). ഉടുത്തുകെട്ട് ഉണ്ടായിരുന്നത് തന്നെ ഭാഗ്യം. ശൃഗാരപദത്തിനുശേഷം നായികാനായകന്മാർ ചുബനം ചെയ്യുന്നതും അധരപാനം ചെയ്യുന്നതുമൊക്കെ നടിക്കുമ്പോൾ സാധാരണയായി നായികയുടെ ഉറുമാല്‍കൊണ്ട് നായികാനായകന്മാർ മുഖം മറച്ചുപിടിക്കണം (ഈ ചുബനവും അധരപാനവും ഒക്കെ ചെയ്താലെ ‘സംഭോഗ-ശൃംഗാരം’ ആകുക ഒള്ളൂ എന്നാണ് ‘നവ-രസ-ഭാവ-ആ‍ട്ട-കലാകാരന്മാർ‘ വിചാരിച്ചു വെച്ചിരിക്കുന്നതു്). എന്നാൽ ‘അവിടെ‘ മാത്രമല്ല ഇപ്പോ ‘ഒരിടത്തും’ മറച്ചുപിടിക്കുക എന്ന പതിവ് ഇല്ലാതായി തീർന്നിട്ടുണ്ട്. അതൊക്കെ പോകട്ടെ……. ഇപ്പോ ഈ ‘കടന്നു-പിടിത്തം’ തന്നെ കുറെ കൂടുതയായീട്ടുണ്ട്. ഇത് സാമാന്യ അരങ്ങുവഴക്കത്തിനു മാത്രമല്ല നാട്യശാസ്ത്രത്തിനും വിരുദ്ധമായ പ്രവൃത്തി തന്നെയാണ്. (നാട്യശാസ്ത്രത്തിലെ ‘നിഷിദ്ധങ്ങളായ’ ചില പ്രവർത്തികളെ പറ്റി പറയാം. “ചുംബനം (അതിൽ താൻ പറഞ്ഞ ‘അധരപാനവും’ വരും), ചിരി (തിരുമേനി ചിരിക്കുമ്പോൾ കൈ കൊണ്ട് വായ് പൊത്തിപ്പിടിച്ചായിരുക്കും ചിരിക്കുക……ശ്രദ്ധിച്ചിട്ടുണ്ടോ?), സംഭോഗം (അതുകൊണ്ടാണ് “രംഭാപ്രവേശത്തിൽ” രംഭയേയും പിടിച്ചുകൊണ്ട് രാവണൻ സ്റ്റേജിന്റെ പിന്നിലുള്ള കർട്ടന്റെ പിറകിൽ പോയി മറയുന്നതു്). അലർച്ച (അതാണ് തിരശ്ശീലക്കു് ഉള്ളിൽ അലറുന്നതും ആ അലർച്ചയുടെ കൂടെ ശംഖ് വിളിക്കുന്നതും), സ്റ്റേജിനു നേരെ പുറം തിരിയുക…… തുടങ്ങിയവ നാട്യശാസ്ത്രത്തിൽ നിഷിദ്ധം എന്ന് പ്ര‌ത്യേകമായി പരാമർ‌ശിക്കപ്പെട്ടിരിക്കുന്നു). മണീ, ഇതൊക്കെ നമ്മൾ കഥകളി ആസ്വാദകർ തമ്മിൽ തമ്മിൽ പറഞ്ഞിട്ട് എന്തു കാര്യം? അറിയേണ്ടവർ അത് അറിയേണ്ടേ? ഈശ്വരോ രക്ഷതു……..കഥകളിയെ! അക്ഷരപിശാചുക്കളെ സഹിക്കാം, പക്ഷെ ഈ “ആട്ട-പിശാചുക്കളെ” എങ്ങിനെ സഹിക്കും? നന്ദി. നമസ്കാരം.

SunilKumar Elamkulam Muthukurussi പറഞ്ഞു...

“ഉടുത്തുകെട്ട് വേണ്ടത്ര ഉയര്‍ത്തിയല്ല ഉറപ്പിച്ചിരുന്നതെന്നും തോന്നി.” എന്നിടത്ത് ഒരു ചോദ്യം. വല്ലാതെ ഉയര്‍ന്ന ഉടുത്തുകെട്ട് വേണോ മണീ? സ്റ്റേജില്‍ വെച്ച ഫാനിന്റെ കാറ്റ് ആസനത്തില്‍ തട്ടുന്നത് സദസ്സിലിരിക്കുന്നവര്‍ക്ക് കാണണോ? അത് വീഡിയോ എടുത്താലുള്ള അനൌചിത്യം ഭീകരം തന്നെ ആണ്. ഉടുത്തുകെട്ട് ഇപ്പോഴുള്ളതുപോലെ അത്ര ഉയര്‍ത്തണ്ട എന്നു തന്നെയാണ് എന്റെ അഭിപ്രായം. 10-20 കൊല്ലം മുന്‍പത്തെ കളികളുടെ വീഡിയോ കാണുമ്പോഴാ‍്ണ് അതിന്റെ ഔചിത്യവും ഭംഗിയും അറിയുക.

വൈത്തിയുടെ ആ “ആട്ടപിശാചുക്കള്‍” എന്ന പ്രയോഗം കലക്കി. അങ്ങനെ പിശാചാക്കല്ലെ. സങ്കടാവും.

കൃഷ്ണകുമാറിനെ എനിക്കിഷ്ടമാണ് കണ്ടിടത്തോളം. അധികം കണ്ടിട്ടില്ല എന്നത് വാസ്തവം.

എന്തായാലും ഇക്കൂട്ടര്‍ പുതുതലമുറക്ക് നല്ല പ്രാമുഖ്യം നല്‍കുന്നുണ്ട്‌ എന്നതുതന്നെ ഒരു ആശ്വാസമാണ്. ബാക്കി പോരായ്മകളൊക്കെ നേരെയാവും എന്നുതന്നെ ആണ് എന്റെ പ്രതീക്ഷ.
സ്നേഹപൂര്‍വ്വം,
-സു-

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

സ്വാമി,
ആട്ടപിശാചുകളെ സഹിയാഞ്ഞ് ബാക്കിഭാഗം കണ്ടില്ല. കിടന്നുറങ്ങി :)

സുവേട്ടാ,
വല്ലാതെ ഉയര്‍ന്നതു വേണ്ടാ ഉടുത്തുകെട്ട്. എന്നാല്‍ ഏണ്ടത്ര ഉയര്‍ത്തി ഉറപ്പിച്ചെല്ലെങ്കിലും വൃത്തികേടല്ലെ?

പോരായ്മകള്‍ നേരെയാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. പ്രതീക്ഷ പ്രതീക്ഷമാത്രമായി തുടരുന്നു........