ത്രികാലം (ഭാഗം 2)

‘ത്രികാലം’ കലോത്സവത്തെ കുറിച്ചുള്ള ആദ്യപോസ്റ്റ് ഇവിടെ വായിക്കാം.
.
ത്രികാലത്തിന്റെ മൂന്നാം ദിവസമായിരുന്ന 24/12/08ന് രാവിലെ 9ന് ശ്രീ കലാമണ്ഡലം മുരുകന്റെ അഷ്ടപദിയോടെ പരിപാടികള്‍ ആരംഭിച്ചു. തുടര്‍ന്ന് മട്ടന്നൂര്‍ സംവിധാനം ചെയ്ത ‘മിശ്രമേളം’ അവതരിപ്പിക്കപ്പെട്ടു. ‘കേരളീയതാളങ്ങള്‍’ എന്നവിഷയത്തിലുള്ള വിശകലന ചര്‍ച്ചാപരമ്പരയുടെ അവസാനത്തേതായ ചര്‍ച്ച 10:30മുതല്‍ നടന്നു. ത്രിപുടതാളത്തെക്കുറിച്ചുള്ള ഇതില്‍ ശ്രീ വെള്ളിനേഴി ആനന്ദന്‍ സ്വാഗതം പറഞ്ഞു. ശ്രീ കലാമണ്ഡലം അരുണ്‍‌വാര്യരുടെ സഹായത്തോടെ ശ്രീ കലാമണ്ഡലം എം.പി.എസ്സ്.നമ്പൂതിരി കഥകളിയില്‍ ത്രിപുടതാളത്തിന്റെ പ്രയോഗങ്ങളേക്കുറിച്ച് സോദാഹരണപ്രഭാഷണം നടത്തിയ ഈ സെമിനാറില്‍ ശ്രീ കെ.സി.നാരായണന്‍, ശ്രീ എം.വി.നാരായണന്‍, ശ്രീ കലാമണ്ഡലം ഉണ്ണികൃഷ്ണന്‍, ശ്രീ കെ.ബി.രാജാനന്ദ് എന്നിവരും പങ്കെടുത്തിരുന്നു.
.
.
ഉച്ചക്ക് 1മുതല്‍ ശ്രീ കോട്ടക്കല്‍ മധു, ശ്രീ കലാമണ്ഡലം ബാബുനമ്പൂതിരി, ശ്രീമതി പാലനാട് ദീപ, കുമാരി ശ്രീരഞ്ജിനി എന്നിവര്‍ ചേര്‍ന്ന് കഥകളിപദകച്ചേരി അവതരിപ്പിച്ചു. ശ്രീ കലാമണ്ഡലം ദേവരാജന്‍(ചെണ്ട), ശ്രീ കലാമണ്ഡലം രാജ്‌നാരായണന്‍(മദ്ദളം), ശ്രീ കലാമണ്ഡലം അരുണ്‍‌ദാസ്(ഇടക്ക) എന്നിവരായിരുന്നു പക്കവാദ്യക്കാര്‍.
.
വൈകിട്ട് 4:30ഓടെ പഞ്ചവാദ്യം, ചെണ്ടമേളം തുടങ്ങിയവയുടെ അകമ്പടിയോടെ ശ്രീ കലാമണ്ഡലം ഉണ്ണികൃഷ്ണനെ ത്രികാലം വേദിയിലേക്ക് ആനയിച്ചു. തുടര്‍ന്ന് കുമാരി കാവ്യശ്രീയുടെ പ്രാര്‍ത്ഥനാഗീതത്തോടേ സ്ഥലം എം.എല്‍.എ ശ്രീ മഞ്ഞളാംകുഴി അലിയുടെ അധ്യക്ഷതയിലുള്ള സമാദരണസദസ് ആരംഭിച്ചു. സംഘാടകസമിതിചെയര്‍മാന്‍ ശ്രീ മട്ടന്നൂര്‍ ശങ്കരന്‍‌കുട്ടി സ്വാഗതം പറഞ്ഞ സദസ്സ് കേരളകലാമണ്ഡലം കല്പിതസര്‍വ്വകലാശാലയുടെ വൈസ്ചാന്‍സിലര്‍ ശ്രീ കെ.ജി.പൌലോസ് ഉത്ഘാടനം ചെയ്തു. വേദിയില്‍‌വെച്ച് കലാ:ഉണ്ണികൃഷ്ണന്‍ തന്റെ ഗുരുപത്നിമാരേയും മാതാവിനേയും പത്നീമാതാവിനേയും വന്ദിച്ചു. നാട്യരത്നം ശ്രീ കലാമണ്ഡലം ഗോപി കലാ:ഉണ്ണികൃഷ്ണനെ ‘വീരശൃംഖലയും’, കലാമണ്ഡലം രജിസ്ട്രാര്‍ ഡോ:എന്‍.ആര്‍.ഗ്രാമപ്രകാശ് പൊന്നാടയും അണിയിച്ചു.


ഗോപിയാശാന്‍ ഒരു വെള്ളിപൊതിഞ്ഞ ചെണ്ടക്കോലുംപൊന്നാടയും കലാ:ഉണ്ണികൃഷ്ണന് സമ്മാനമായി നല്‍കി. തുടര്‍ന്ന് സഹപ്രവര്‍ത്തകരും, ശിഷ്യരും, ആസ്വാദകരും സ്ഥാപനങ്ങളും കലാ:ഉണ്ണികൃഷ്ണന് സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു. ശ്രീ കെ.ബി.രാജ് ആനന്ദ് കലാ: ഉണ്ണികൃഷ്ണനെ പരിചയപ്പെടുത്തിയ ഈ ചടങ്ങില്‍ സംഘാടകസമിതി ജനറല്‍ കണ്‍‌വീനര്‍ ശ്രീ കെ.വി.സുരേഷ് കൃതഞ്ജത രേഖപ്പെടുത്തി.

.

രാത്രി 8മണിക്ക് ശ്രീ കലാമണലം ശുചീന്ദ്രനാഥ്, ശ്രീ കലാമണ്ഡലം കാശീനാഥ് എന്നിവരുടെ തോടയത്തോടേ കഥകളി ആരംഭിച്ചു. തുടര്‍ന്ന് പുറപ്പാടും അവതരിപ്പിക്കപ്പെട്ടു. തോടയത്തിനും പുറപ്പാടിനും ശ്രീ കലാമണ്ഡലം മോഹനകൃഷ്ണനും കലാമണ്ഡലം ഹരീഷും ചേര്‍ന്ന് സംഗീതവും, ശ്രീ കലാമണ്ഡലം ഹരീഷും(ചെണ്ട) ശ്രീ കലാമണ്ഡലം രാജനും(മദ്ദളം) ചേര്‍ന്ന് മേളവും കൈകാര്യം ചെയ്തു.
.
നളചരിതം മൂന്നാംദിവസമായിരുന്നു ഈ ദിവസം ആദ്യമായി അവതരിപ്പിച്ച കഥ. നളനായിവേഷമിട്ടിരുന്ന ശ്രീ കലാമണ്ഡലം ബാലസുബ്രഹ്മണ്യം ശോകസ്ഥായിനിലനിര്‍ത്തികൊണ്ട്, ‘ലോകപാലന്മാരേ’ എന്ന ആദ്യപദം മനോഹരമായി അവതരിപ്പിച്ചു. തുടര്‍ന്നുള്ള ഭാഗങ്ങളും ഇദ്ദേഹം ഭംഗിയായിതന്നെ അവതരിപ്പിച്ചു.
ഇനി കാട്ടിലുള്ള ഫലമൂലാദികള്‍ ഭക്ഷിച്ച്, മരവുരി വസ്ത്രമായി ഉപയോഗിച്ച്, മരത്തണലില്‍ കഴിയാം എന്ന് തീരുമാനിക്കുന്ന നളനില്‍ പൂങ്കുലകള്‍ നിറഞ്ഞ വള്ളികളും, അവയില്‍ തട്ടിവരുന്ന കാറ്റും, കുയില്‍ നാദവും ഒക്കെ സുഖമുണര്‍ത്തുന്നു. തുടര്‍ന്ന് വണ്ടുകളുടെ മുരള്‍ച്ച കേട്ട് അടുത്ത് തടാകമുണ്ടെന്നു മനസ്സിലാക്കുന്ന നളന്‍, അവിടെ ചെന്ന് പൊയ്കയില്‍ നിന്നും ജലം കൈക്കുമ്പിളില്‍ കോരി കുടിക്കുവാനായി തുടങ്ങുന്നു. പെട്ടന്ന് ദമയന്തിയേ ഓര്‍ത്ത നളന്‍ ജലമുപേക്ഷിച്ച് അവിടെ നിന്നും പെട്ടന്ന് നിഷ്ക്രമിച്ചു. പിന്നീട് നളന്‍ കാട്ടിലെ മരക്കൊമ്പില്‍ ഇരിക്കുന്ന ഇണക്കുരുവികളെ കാണുന്നു. പെട്ടന്ന് ഒരു കഴുകന്‍ കിളികളെ റാഞ്ചാനായി മുകളില്‍ വട്ടമിട്ട് പറക്കുന്നതുകണ്ട് കുരുവികള്‍ ഭയചികിതരാകുന്നു. ഈ സമയത്ത് ഭക്ഷണസമ്പാദനാര്‍ത്ഥം അതുവഴി വന്ന ഒരു വനചരന്‍, കുരുവികളെ കണ്ട് അവയ്ക്കുനേരേ അസ്ത്രമയക്കാനൊരുങ്ങുന്നു. ഇങ്ങിനെ ആപത്തില്‍ പെട്ട കിളികളെ ആര് രക്ഷിക്കും എന്ന് നളന്‍ വ്യാകുലപ്പെടുന്നു. പെട്ടന്ന് ഇഴഞ്ഞുവന്ന ഒരു പാമ്പ് വേടനെ ദംശിക്കുകയും വേടന്‍ ബോദ്ധമറ്റ് വീഴുകയും ചെയ്യുന്നു. സര്‍പ്പദംശനത്തോടെ വേടന്‍ അയച്ച അസ്ത്രം ഉന്നം പിഴച്ച് മുകളില്‍ പറന്നിരുന്ന കഴുകന്റെ ദേഹത്ത് തറക്കുകയും, കഴുകനും നിലം‌പതിക്കുകയും ചെയ്യുന്നു. ആപത്തുകള്‍ അകന്നതുകണ്ട് കുരുവികള്‍ സന്തോഷിക്കുന്നു. സാധുക്കളായ കിളികളെ ആപത്തില്‍ നിന്നും കരകയറ്റിയ ഈശ്വരന്റെ കൃപകണ്ട് നളന്‍ അത്ഭുതപ്പെടുന്നു.ദൂരെകാനനത്തില്‍ വലുതായുള്ള പുകയും വെളിച്ചവും ഉയരുന്നതു കണ്ട് ശ്രദ്ധിക്കുന്ന നളന്‍ അത് കാട്ടുതീ പടരുന്നതാണെന്ന് മനസ്സിലാക്കുന്നു. പക്ഷിമൃഗാദികള്‍ ആ കാട്ടുതീയില്‍ പെട്ട് മരിക്കുന്നതായും കാണുന്നു. ആ കാട്ടുതീയുടെ ഉള്ളില്‍ നിന്നും ആരോ തന്റെ പേരുവിളിച്ച് കരയുന്നതായി തോന്നിയിട്ട്, അത് ആരാണെന്ന് അറിയുകതന്നെ എന്നുറച്ച് നളന്‍ ആഭാഗത്തേക്ക് നടക്കുന്നു.ഈ ഭാഗത്ത് ചെണ്ട കൈകാര്യം ചെയ്തിരുന്ന ശ്രീ കലാമണ്ഡലം കൃഷ്ണദാസ് വളരേ മോശം പ്രകടമാണ് കാഴ്ച്ചവെച്ചിരുന്നത്. ശ്രീ കലാമണ്ഡലം നാരായണന്‍ നായര്‍ ആയിരുന്നു മദ്ദളം കൊട്ടിയിരുന്നത്.
ശ്രീ കലാമണ്ഡലം ഹരി ആര്‍.നായരായിരുന്നു കാര്‍കോടകനായെത്തിയത്. രൂപം പഴയപടി മാറ്റണം എന്ന് ആഗ്രഹിക്കുമ്പോള്‍ ഉടുക്കുവാനാഉള്ള ദിവ്യമായ ഒരു വസ്ത്രം കൂടാതെ, അര്‍ദ്ധനഗ്നനായ ബാഹുകന് ഇപ്പോള്‍ ഉടുക്കുവാനി ഒരു വസ്ത്രം കൂടി കാര്‍കോടാകന്‍ നല്‍കുന്നതായി സാധാരണ ആടാറുണ്ട്. എന്നാല്‍ ഇവിടെ ഇങ്ങിനെ ആടികണ്ടില്ല.
.

ബാഹുകനായെത്തിയ ശ്രീ കലാ:ഗോപി നല്ലപ്രകടനം കാഴ്ച്ചവെച്ചു. കാര്‍കോടകനുമായി പിരിഞ്ഞശേഷമുള്ള ബാഹുകന്റെ ആട്ടം പ്രധാനമായും മൂന്ന് ഘട്ടങ്ങളായി തിരിക്കാം.
ആദ്യഘട്ടത്തില്‍ നളന്‍ തന്റെ ഇതുവരേയുള്ള കഥകളെ സ്മരിച്ച് സങ്കടപ്പെടുന്നു. വനമദ്ധ്യത്തില്‍ ആരോരും തുണയില്ലാതെ കിടക്കുന്ന ദമയന്തി ഉണര്‍ന്ന്, തന്നെ കാണാതെ വിഷമിക്കുന്നുണ്ടാകും എന്ന് ചിന്തിക്കുന്ന നളന്‍, വൃതശുദ്ധിയും ദൈവഭക്തിയുമുള്ള അവള്‍ക്ക് ആപത്തുന്നും പിണയില്ല എന്ന് ആശ്വസിച്ച്, സാകേതത്തിലേക്ക് യാത്രയാരംഭിക്കുന്നു.
യാത്രക്കിടയിലുള്ള കാനനക്കാഴച്ചകളാണ് അടുത്തഘട്ടമായി വരുന്നത്. തുമ്പിക്കൈകള്‍ ചേര്‍ത്തുപിടിച്ച് സഞ്ചരിക്കുന്ന ഇണയാനകളെ കണ്ട് ബാഹുകന്‍ പണ്ട് ദമയന്തിയുടെ കരംഗ്രഹിച്ചുകൊണ്ട് താന്‍ ഉദ്യാനത്തില്‍ സഞ്ചരിച്ച കാലത്തെ ഓര്‍ക്കുന്നു. പ്രശസ്തമായ ‘മാന്‍പ്രസവം’ എന്ന ആട്ടമാണ് പിന്നീട് ആടിയത്. ദൈവകൃപയാല്‍ ദുര്‍ഘടങ്ങളോഴിവായശേഷം പേടമാന്‍, പ്രസവിച്ച് ഉണ്ടായ രണ്ടു കുട്ടികളേയും നക്കിതുടക്കുന്നു. മാന്‍‌കുട്ടികള്‍തള്ളയുടെ മുലകുടിക്കുന്നു. ഈ കാഴ്ച്ചകണ്ട് ബാഹുകന്‍ വിചാരിക്കുന്നു-“മാതാവും കുട്ടികളും തമ്മിലുള്ള മമതാബന്ധം എത്ര മഹത്തരമാണ്. എനിക്കും ഉണ്ടല്ലോ രണ്ടുകുട്ടികള്‍. അവര്‍ ഈ സമയം അമ്മയേയും അച്ഛനേയും കാണാതെ വിഷമിക്കുന്നുണ്ടാകും. എന്നാണ് ഇനി എനിക്കവരെ കാണാനാവുക?”
മാന്‍‌കുട്ടികള്‍ ഉത്സാഹത്തോടെ മുലകുടിക്കുന്നതും തുള്ളികളിക്കുന്നതും, തള്ളമാന്‍ കുട്ടികളെ നക്കിതുടക്കുകയും ചുരത്തികൊടുക്കുന്നതും ആയ ഭാഗമാണ് ഗോപിയാശാന്റെ ‘മാന്‍പ്രസവം’ ആട്ടത്തിലെ ഏറ്റവും മനോഹരമായ ഭാഗങ്ങള്‍. എന്നാല്‍ ഇവിടെ ഈ ഭാഗം അദ്ദേഹം അത്രവിസ്തരിച്ച് ആടുകയുണ്ടായില്ല.
അന്ത്യഘട്ടത്തില്‍ ബാഹുകന്‍ സഞ്ചരിച്ച് കാടുവിട്ട് നാട്ടിലെത്തുന്നതും, വഴിപോക്കരായ ബ്രാഹ്മണരോട് ചോദിച്ച് വഴി മനസ്സിലാക്കി ഋതുപര്‍ണ്ണ സമീപമെത്തുന്നതുവരേയുള്ള കാഴച്ചകളുമാണ് ആടിയത്. സാകേതരാജധാനിയിലെ കൊടിമരം വളരേ ദൂരത്തുനിന്നും കണ്ട ബാഹുകന്, ആ കൊടിമരത്തിലെ കൊടിക്കൂറ അശരണരേയും ആലമ്പഹീനരേയും മാടിവിളിക്കുന്നതായി തോന്നുന്നു. ആ കൊടിക്കൂറയുടെ ലക്ഷണം കണ്ടാല്‍തന്നെ രാജാവ് യോഗ്യനാണെന്ന് മനസ്സിലാക്കാം എന്ന് ബാഹുകന്‍ വിചാരിക്കുന്നു. തുടര്‍ന്ന് വലുതായ ഗോപുരങ്ങള്‍ കടന്ന്, നഗരത്തിലെ വലിയമാളികള്‍ക്കിടയിലൂടെ, രാജപാതയില്‍ സച്ചരിച്ച് ബാഹുകന്‍ ഋതുപര്‍ണ്ണന്റെ കൊട്ടാര വാതില്‍ക്കല്‍ എത്തുന്നു. അവിടെ നില്‍ക്കുന്ന കാവല്‍ക്കാരോട് അനുവാദം വാങ്ങി അകത്തേക്കുകടക്കുന്ന ബാഹുകന്‍, ഉദ്യാനത്തില്‍ സ്ത്രീകളുടെ വാദ്യവായനയും ന്യത്താദികളും കണ്ട് ഒരു നിമിഷംതന്റെ ഉദ്യാനത്തില്‍ സുഖമായി ഇരുന്ന കാലത്തെ സ്മരിക്കുന്നു. ‘അങ്ങിനെ ഇരുന്ന ഞാന്‍ ഇന്ന് മറ്റൊരു രാജാവിനെ സേവിക്കേണ്ടതായ അവസ്ത വന്നല്ലൊ! ഏതായാലും ദമയന്തി, നിന്നേ സന്ധിക്കാനായി ഞാനിതു ചെയ്യാം.’ എന്നുറപ്പിച്ച് ബാഹുകന്‍ ഋതുപര്‍ണ്ണ സഭയിലേക്ക് പോകുന്നു.

ഈ ഭാഗതെ മേളം കലാ:ഉണ്ണികൃഷ്ണനും(ചെണ്ട) ശ്രീ കലാമണ്ഡലം നാരായണന്‍ നമ്പീശനും ചേര്‍ന്നും, തുടര്‍ന്നുള്ള ഭാഗത്ത് ശ്രീ കുറൂര്‍ വാസുദേവന്‍ നമ്പൂതിരിയും(ചെണ്ട) ശ്രീ കലാമണ്ഡലം വേണുവും(മദ്ദളം) ചേര്‍ന്നും നന്നായി കൈകാര്യം ചെയ്തിരുന്നു.
.

ഋതുപര്‍ണ്ണനായി ശ്രീ കലാമണ്ഡലം ഹരിനാരായണനും ജീവലനായി കലാ: അരുണ്‍‌വാര്യരും വാഷ്ണേയനായി കലാ: കാശീനാഥും വേഷമിട്ടു.


ശ്രീ വെള്ളിനേഴി ഹരിദാസ് ദമയന്തിയായും കലാ:എം.പി.എസ്സ്.നമ്പൂതിരി സുദേവനായും അരങ്ങിനെത്തി.

ഈ കഥയ്ക്ക് പൊന്നാനിപാടിയ ശ്രീ കലാനിലയം ഉണ്ണികൃഷ്ണനും മികച്ച പ്രകടമാണ് കാഴ്ച്ചവെയ്ച്ചത്. ശ്രീ പാലനാട് ദിവാകരന്‍ നമ്പൂതിരി, കലാ:ഹരീഷ് എന്നിവരായിരുന്നു മറ്റുഗായകര്‍.

ബാലിവധം ആയിരുന്നു രണ്ടാമതായി ഇവിടെ അവതരിപ്പിക്കപ്പെട്ട കഥ.
ബാലിവധം ആട്ടകഥയും അതിന്റെ അവതരണരീതികളും ഇവിടെ വായിക്കാം.
.
സുഗ്രീവന്റെ തിരനോക്കുമുതലുള്ള(പത്താം രംഗം) ഭാഗങ്ങളാണ് ഇവിടെ അവതരിപ്പിക്കുകയുണ്ടായത്. ശ്രീ കാവുങ്കല്‍ ദിവാകരനാണ് സുഗ്രീവവേഷം ചെയ്തത്. സുഗ്രീവന്റെ ഇരുന്നാട്ടത്തെ തുടര്‍ന്ന് താപസവേഷധാരികളായ രാമലക്ഷ്മണന്മാര്‍ വരുന്നതുകണ്ട് സുഗ്രീവന്‍ അവരുടെ വൃത്താന്തമറിഞ്ഞുവരുവാന്‍ ഹനൂമാനെ നിയോഗിക്കുന്നതായും, രാമലക്ഷ്മണന്മാരേ സമീപിച്ച് ഹനൂമാന്‍ അവരാരെന്നറിഞ്ഞ് സുഗ്രീവസമീപത്തേക്ക് കൂട്ടിക്കൊണ്ടുവന്നതായും, ബാലിയെ നിഗ്രഹിച്ച് രാജ്യം നല്‍കാമെന്ന് രാഘവനും, സീതയെ അന്യൂഷിച്ച് കണ്ടുപിടിച്ച് തരാമെന്ന് സുഗ്രീവനും സത്യം ചെയ്തതായും, ദുന്ദുഭിയുടെ കായവിക്ഷേപം ശ്രീരാമന്‍ ചെയ്തതായും ഒക്കെ സുഗ്രീവന്‍ ആട്ടത്തില്‍ അവതരിപ്പിച്ചു. ഇതിനാല്‍ തന്നെ പന്ത്രണ്ടാം രംഗത്തില്‍ രാമനും സുഗ്രീവനുമായുള്ള ആട്ടങ്ങള്‍ ഇല്ലാതെ നേരേ പദാഭിനയത്തിലേക്ക് കടക്കുകയും ആണ് ഉണ്ടായത്. ശ്രീ സദനം ഭാസിയായിരുന്നു ശ്രീരാമന്‍.

ശ്രീ കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താനാണ് ബാലിയായി രംഗത്തുവന്നത്. ബാലി സുഗ്രീവന്മാരുടെ യുദ്ധത്തിന്റെ ഭാഗമായുള്ള വാനരചേഷ്ടകള്‍ കാട്ടിയും അലറിയും മത്സരിക്കുന്നഭാഗം നിലത്തിരുന്നും, കാലുകൊണ്ട് ചുവടുകള്‍ വെച്ച് മത്സരിക്കുന്നഭാഗം നിലത്ത് കിടന്നും(ഈഭാഗത്തിന് പറയുന്നതുതന്നെ ‘കിടന്നുചവുട്ടല്‍’ എന്നാണ്), ആണ് ചെയ്യാറ്. എന്നാല്‍ ഇവിടെ ഈ ഭാഗങ്ങളെല്ലാം സ്റ്റൂളിനുമുകളില്‍ ഇരുന്നാണ് ചെയ്യുന്നതു കണ്ടത്. ബാലിയുടെ രാമനോടുള്ള പദത്തിന്റെ അഭിനയത്തില്‍ ആദ്യനാലുചരണങ്ങള്‍ക്കും കൃത്യമായി മുദ്രകാട്ടുകയും ‘ഒരുമൊഴി പറവാനും’ എന്നു തുടങ്ങുന്ന ചരണം മുതല്‍ ഏതാനം ചില മുദ്രകള്‍ മാത്രം കാട്ടുകയുമാണ് സാധാരണ പതിവ്. എന്നാല്‍ ഇവിടെ നേരേ മറിച്ചാണ് കണ്ടത്. താരയായി എത്തിയിരുന്നത് കലാ: അരുണ്‍‌വാര്യര്‍ ആയിരുന്നു. താര മുടിമുന്നോട്ടേക്ക് ഇട്ടിക്കുന്നതുകണ്ടു. ഇത് ശരിയെന്നു തോന്നിയില്ല
.

ഈ കഥക്ക് പാടിയിരുന്നത് ശ്രീ അത്തിപറ്റ രവിയും ശ്രീ കലാമണ്ഡലം രാജേഷ് മേനോനും ചേര്‍ന്നായിരുന്നു. കലാ:ഉണ്ണികൃഷ്ണന്‍, സദനം രാമകൃഷ്ണന്‍, കലാ:ഹരീഷ്, കലാമണ്ഡലം അനീഷ് എന്നിവരും(ചെണ്ട), കലാ: നാരായണന്‍ നായര്‍, സദനം ദേവദാസ്, കലാമണ്ഡലം അനന്ദകൃഷ്ണന്‍ എന്നിവരും(മദ്ദളം) ചേര്‍ന്നാണ് മേളമൊരുക്കിയത്.
.

തുടര്‍ന്നുതടന്ന ‘ശ്രീരാമ പട്ടാഭിഷേകം’ കഥയോടുകൂടി ‘തൃകാല’ത്തിന് ധനാശിപാടി.

ഈ ദിവസത്തെ ഉടുത്തുകെട്ടുകളെല്ലാംതന്നെ വളരെഭംഗിയായുള്ളതും മിതമായ രീതിയിലുള്ളവയും ആയിരുന്നു. മഞ്ജുതര, മാങ്ങോടിന്റെ ചമയങ്ങളുപയോഗിച്ച് അണിയറകൈകാര്യം ചെയ്തിരുന്നത് ശ്രീ അപ്പുണ്ണിതരകന്‍, ശ്രീ ബാലന്‍, ശ്രീ കുഞ്ചന്‍, ശ്രീ മുരളി, ശ്രീ കുട്ടന്‍ എന്നിവരായിരുന്നു. ശ്രീ കലാമണ്ഡലം ശിവരാമന്‍, ശ്രീ കലാമണ്ഡലം ബാലന്‍, ശ്രീ കലാമണ്ഡലം ശിവദാസന്‍, ശ്രീ കലാമണ്ഡലം സതീശന്‍, ശ്രീ കലാമണ്ഡലം നിഖില്‍ എന്നിവരായിരുന്നു ചുട്ടികലാകാരന്മാര്‍.

8 അഭിപ്രായങ്ങൾ:

Haree പറഞ്ഞു...

"... ശ്രീ കലാമണ്ഡലം കൃഷ്ണദാസ് വളരേ മോശം പ്രകടമാണ് കാഴ്ച്ചവെച്ചിരുന്നത്." - എന്താണ് മോശമെന്നു പറയുവാന്‍ കാര്യം?

“ദുന്ദുഭി തന്നുടെ കായവിക്ഷേപണം...” ഇതൊക്കെ വരുന്ന പദഭാഗങ്ങളൊന്നുമുണ്ടായില്ല? ശെടാ! എങ്കില്‍ പിന്നെ മൊത്തമങ്ങ് പകര്‍ന്നാടിയാല്‍ മതിയല്ലോ! :-)

‘കിടന്നുചവുട്ടലി’ന്റെ ഭാഗങ്ങളെല്ലാം എങ്ങിനെയാണ് സ്റ്റൂളിന്റെ മുകളിലിരുന്ന് ചെയ്തത്? ആ ഭാഗങ്ങളൊക്കെ ഉപായത്തില്‍ കഴിക്കുകയാണോ ഉണ്ടായത്?

ശ്രീരാമപട്ടാഭിഷേകമാവുമ്പോള്‍ ശ്രീരാമന് കൃഷ്ണമുടി മാറി വട്ടക്കിരീടം ആവുമോ? ചിത്രത്തില്‍ അങ്ങിനെ കാണുന്നു.

മണിയുടെ എഴുത്ത് റിപ്പോര്‍ട്ടിംഗില്‍ നിന്നും വിടുകയും ചെയ്തു, ആസ്വാദനത്തിലൊട്ട് എത്തിയതുമില്ല; എന്ന രീതിയിലായി ഇതില്‍. :-)
--

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

@ ഹരീ,
കൃഷ്ണദാസ് ചെണ്ടയും തൂക്കി അരങ്ങത്ത് നിന്നതല്ലാതെ നടന്റെ മുദ്രക്കുകൂടുവാനായി ഒരു ശ്രമവും നടത്തുന്നതായി കണ്ടില്ല. ശ്രമിച്ചാല്‍ നന്നായി കൈക്കുകൂടുവാന്‍ കഴിവുള്ളയാളാണല്ലൊ ഇദ്ദേഹം.

കായവിഷേപം രാമന്‍ നടത്തുന്നതായി ആടികഴിഞ്ഞാണല്ലൊ "ദുന്ദുഭി തന്നുടെ കായവിക്ഷേപണം..." എന്ന പദഭാഗം വരുന്നത്. പദം ഉണ്ടായി. പദത്തിനുമുന്‍പായി ആട്ടങ്ങളൊന്നും ഉണ്ടായില്ല. ഇവിടെ ആടേണ്ട ആട്ടങ്ങള്‍ കൂടി സുഗ്രിവന്‍ ആദ്യം ആടുകയാണുണ്ടായത്.

സ്റ്റൂളിന്റെ മുകളിലിരുന്ന് ഒരൂട്ടം ചവിട്ടലൊക്കെ നടത്തി. ആ ഭാഗങ്ങളൊക്കെ ഉപായത്തില്‍ കഴിക്കുകയായിരുന്നു.

ശ്രീരാമപട്ടാഭിഷേകത്തില്‍ ശ്രീരാമന് കൃഷ്ണമുടി തന്നെയാണ് ആദ്യം. എന്നാല്‍ രാജഭരണം ഏറ്റെടുക്കുമ്പോള്‍ കിരീടധാരണം ചെയ്യും. ശ്രീരാമനെ പട്ടാഭിഷേകം ചെയ്യുന്ന അന്ത്യരംഗത്തില്‍ അഭിഷേകം ചെയ്യുന്നതിനുമുന്‍പായി രംഗത്തുവെച്ച് തന്നെ വസിഷ്ഠനുംമറ്റും ചേര്‍ന്ന് രാമന്റെ മുടി അഴിച്ച് വട്ടക്കിരീടം അണിയിക്കും. ഈ ചിത്രം കളിയുടെ അന്ത്യത്തില്‍ ധനാശിപാടുന്നവേളയില്‍ എടുത്തതാണ്.

അതായത് ഹരി പറയുന്നത് അമ്മാത്തുനിന്നും ഇറങ്ങുകയും ചെയ്തു, ഇല്ലത്തേയ്ക്കൊട്ട് എത്തിയതുമില്ലായെന്ന് അല്ലെ? :-)

കപ്ലിങ്ങാട്‌ പറഞ്ഞു...

എന്റെ Handicam-ൽ എടുത്ത ചില വീഡിയോകൾ:

http://in.youtube.com/watch?v=fc_arUdmDxQ

http://in.youtube.com/watch?v=m3LjkeanD8U

http://in.youtube.com/watch?v=huZyomw31hk

കൂടുതൽ വീഡിയോകൾ ഉടനെ ഇടുന്നതായിരിക്കും. യൂറ്റ്യൂബിലേക്ക്‌ മാറ്റുമ്പോൾ വീഡിയോകളുടെ തെളിമ കുറെയൊക്കെ നഷ്ടപ്പെടുന്നുണ്ട്‌.

C.Ambujakshan Nair പറഞ്ഞു...

വെളുത്ത നളന്റെ ഇളകിയാട്ടത്തിൽ വേടനെ ഉൾപ്പെടുത്തിയ വനകാഴ്ചകൾ അവതരിപ്പിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. (വെളുത്ത നളനും ബാഹുകനും വേടന്മാരെ കാണാൻ തുടങ്ങിയാൽ കാട്ടിൽ മുഴുവൻ വേടന്മാരാണോ എന്ന് സംശയിക്കേണ്ടതായി വരും)
ബാഹുകൻ വേടനെ ഉൾപ്പെടുത്തിയ മാൻ പ്രസവം അവതരിപ്പിക്കുന്നത് “ആരും ആശ്രയം ഇല്ലാത്തവർക്ക് ദൈവം തുണ ചെയ്യും” എന്ന ആശയത്തെ ഉൾക്കൊണ്ടാണ്. കാർക്കോടകന്റെ വാക്കുകളിൽ നിന്നും ദമയന്തിയുമൊത്തുള്ള
പഴയ ജീവിതം സാദ്ധ്യമാവും എന്ന ശുഭ സൂചന കിട്ടുന്ന ബാഹുകന് ദൈവം തുണ ചെയ്യും എന്ന ആത്മവിശ്വാസം ഉണ്ടാകുന്നതിനാൽ വേടനെ ഉൾപ്പെടുത്തിയ മാൻ പ്രസവമോ, വെളുത്ത നളൻ ആടിയതായി എഴുതിയ ആട്ടങ്ങളോ ബാഹുകന് യോജിച്ചതാണ്. എന്നാൽ വെളുത്ത നളന് ഇങ്ങിനെ ഒരു ശുഭ സൂചന കിട്ടുന്നില്ല എന്നു മാത്രമല്ലാ ദമയന്തിയെ ഘോരവനത്തിൽ ഉപേക്ഷിച്ചു വന്ന കുറ്റബോധം നിറഞ്ഞു നിൽക്കുന്ന ഇളകിയാട്ടമാകണം അവതരിപ്പിക്കേണ്ടത്. കളരി അഭ്യാസമില്ലാത്ത നടന്മാർ വെളുത്ത നളനായി അരങ്ങിൽ ശാകുന്തളത്തിലെ കവിതാശകലത്തെ ഉൾക്കൊണ്ട് ഒരു ഇളകിയാട്ടം അവതരിപ്പിച്ചിരുന്നു.
വനത്തിൽ വിശ്രമിക്കുന്ന കലമാനും പേടമാനും. കലമാൻ പേടമാന്റെ കൺ
പുരികം കൊമ്പുകൊണ്ട് ചൊറിയുന്നു. കലമാന് പേടമാന്റെ കൺ പുരികം കാണുവാൻ സാധിക്കാതെ ഒരു ലക്ഷ്യം വെച്ചുള്ള പ്രയോഗമാണ് ചെയ്യുന്നത്. പേടമാനോ, തന്റെ ഇണയുടെ ലക്ഷ്യം തെറ്റിയാൽ നഷ്ടമാവുന്നത് തന്റെ വിലപ്പെട്ട കണ്ണാണെന്ന് അറിഞ്ഞും ഇണയെ വിശ്വസിച്ച് ചലിക്കാതെ നിൽക്കുന്ന കാഴ്ച വെളുത്ത നളൻ കാണുന്നു. പേടമാന് കലമാൻ നൽകുന്ന ആത്മവിശ്വാസം ഒരു മനുഷ്യനായ തന്നാൽ തന്റെ പ്രാണപ്രിയക്ക് നൽകാൻ
കഴിഞ്ഞില്ലാ എന്നു മാത്രമല്ല വന്യമൃഗങ്ങൾ നിറഞ്ഞ കൊടും കാട്ടിൽ ഉപേക്ഷിച്ചു വന്നതോർക്കുന്നു. വളരെയധികം മനസിൽ സ്പർശിക്കുന്നതും ഉചിതവുമായ ഇത്തരം ആട്ടങ്ങൾ അരങ്ങിൽ പ്രയോഗിക്കാൻ കളരി ബലമുള്ള നടന്മാർ ഭയം കാട്ടുന്നതെന്തെന്ന് മനസിലാകുന്നില്ല.

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

@ nair ,
കളികണ്ടുകൊണ്ടിരുന്നപ്പോള്‍ തന്നെ സ്വാമിപറഞ്ഞിരുന്നു, ഇപ്പോള്‍ അബുജാക്ഷന്‍ ചേട്ടന്‍ ഉണ്ടായിരുന്നെങ്കില്‍ ‘കാട്ടിൽ മുഴുവൻ വേടന്മാരാണോ എന്ന് ’ ഇപ്പോള്‍ ചോദിച്ചേനേ എന്ന്. ശരിയാണ് മാനുകളുടെ ഈ ആട്ടം നല്ലതും ഔചിത്യമുള്ളതുമാണ്. എന്നാല്‍ ഇപ്പോള്‍ ആരും ആടിക്കാണാറില്ല.

വികടശിരോമണി പറഞ്ഞു...

മണീ,
തൌര്യത്രികത്തിലെ താടിയരങ്ങ് പോസ്റ്റിലെ കമന്റ് ചർച്ചകളിൽ ഒരു ഗ്രൂപ്പ് ബ്ലോഗിങ്ങിനെപ്പറ്റി ആലോചന നടക്കുന്നു.മണിയുടേയും സഹകരണം പ്രതീക്ഷിക്കൂന്നു.നമ്മളെല്ലാം ചേർന്നാൽ അത്തരമൊരു കഥകളിയിടം സാധ്യമാക്കാവുന്നതേയുള്ളൂ.അഭിപ്രായം അറിയിക്കുമല്ലോ.

വികടശിരോമണി പറഞ്ഞു...

മണീ,
തൌര്യത്രികത്തിലെ താടിയരങ്ങ് പോസ്റ്റിലെ കമന്റ് ചർച്ചകളിൽ ഒരു ഗ്രൂപ്പ് ബ്ലോഗിങ്ങിനെപ്പറ്റി ആലോചന നടക്കുന്നു.മണിയുടേയും സഹകരണം പ്രതീക്ഷിക്കൂന്നു.നമ്മളെല്ലാം ചേർന്നാൽ അത്തരമൊരു കഥകളിയിടം സാധ്യമാക്കാവുന്നതേയുള്ളൂ.അഭിപ്രായം അറിയിക്കുമല്ലോ.

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

@ വി.ശി,
അത്തരമൊരു കഥകളിയിടം (ഗ്രൂപ്പ് ബ്ലോഗ്) നല്ല ആശയമാണെന്നുള്ള എന്റെ അഭിപ്രായം ഞാന്‍ എന്റെ കമന്റില്‍ അറിയിച്ചിരുന്നല്ലൊ. അതിനായി എന്നാല്‍ കഴിയുന്ന സഹകരണങ്ങള്‍ തീര്‍ച്ചയായും പ്രതീക്ഷിക്കാം.