ചേര്‍പ്പിലെ ‘കഥകളി നൂറരങ്ങ് ’

കേരളകലാമണ്ഡലം കേരളത്തിന്റെ വിവിധഭാഗങ്ങളിലായി
സഘടിപ്പിച്ചുവരുന്ന ‘കഥകളി നൂറരങ്ങ്’ പദ്ധതിയുടെ ഭാഗമായുള്ള ഒരു അരങ്ങും ആസ്വാദനകളരിയും ഇക്കഴിഞ്ഞ ഒക്ടോബര്‍ 1ന് തൃശ്ശൂരിനടുത്ത് ചേര്‍പ്പ് സി.എന്‍.എന്‍.ഗേള്‍സ് സ്ക്കൂളില്‍ നടന്നു. ‘കുണ്ടൂര്‍ സ്മാരക സദസ് ’, പെരുവനത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു ഈ പരി‍പാടി നടത്തപ്പെട്ടത്.
.
രാവിലെ 8:30ന് രജിസ്ട്രേഷനോടെ പരിപാടി ആരംഭിച്ചു. തുടര്‍ന്ന് കുണ്ടൂര്‍ സ്മാരക സദസിന്റെ പ്രസിഡന്റ് ശ്രീ കെ.പി.സി.നാരായണന്‍ ഭട്ടതിരിപ്പാട് അദ്ധ്യക്ഷനായി നടന്ന യോഗത്തില്‍ ചേര്‍പ്പ് എം.എല്‍.എ ശ്രീ വി.എസ്.സുനില്‍കുമാര്‍ പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ വെച്ച് മേളകലാകാരനായ ശ്രീ പെരുവനം അനിയന്‍ മാരാരെ ആദരിക്കുകയും, ഈയിടെ അന്തരിച്ച പ്രസിദ്ധ മേളവിദഗ്ധന്‍ ശ്രീ ചക്കംകുളം അപ്പുമാരാരെ അനുസ്മരിക്കുകയും ചെയ്തു. ചെര്‍പ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി.വി.ഭരതന്‍, തൃശ്ശൂര്‍ ജില്ലാപഞ്ചായത്ത് മെമ്പര്‍ ശ്രീ പി.എസ്.ബാലന്‍, ചേര്‍പ്പ് ബ്ലോക്കപഞ്ചായത്ത് മെമ്പര്‍ ശ്രീ ഷിബു ജോര്‍ജ്ജ്, ചേര്‍പ്പ് ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീ ടോണി പുലിക്കോട്ടില്‍ എന്നിവര്‍ ഈ യോഗത്തില്‍ പങ്കെടുത്ത് ആശംസകള്‍ അര്‍പ്പിച്ചു.


യോഗത്തിനുശേഷം ആസ്വാദനകളരിയുടെ ആദ്യഘട്ടമായി കഥകളിയുടെ ചരിത്രം, വികാസം, സ്ഥാപനവല്‍ക്കരണം എന്നീവ വിശദ്ദീകരിച്ചുകൊണ്ടുള്ള ക്ലാസ് നടന്നു .
11മുതല്‍ ശ്രീ പുല്ലാനികാട്ട് നാരായണന്‍ നയിച്ച സോദാഹരണപ്രഭാഷണം നടന്നു. ഇതില്‍ ശ്രീ കലാമണ്ഡലം ഷണ്മുഖദാസ്, ശ്രീ കലാമണ്ഡലം പ്രദീപ്,(അഭിനയം) ശ്രീ നെടുമ്പുള്ളി രാം‌മോഹന്‍,ശ്രീ പനയൂര്‍ കുട്ടന്‍,(പാട്ട്) ശ്രീ കലാമണ്ഡലം വിജയകൃഷ്ണന്‍,(ചെണ്ട) ശ്രീ കലാമണ്ഡലം ശ്രീകുമാര്‍(മദ്ദളം) എന്നിവര്‍ പങ്കെടുത്തു.
ഉച്ചഭക്ഷണത്തിനുശേഷം 2മുതല്‍ സോദാഹരണപ്രഭാഷണം തുടര്‍ന്നു. ഇതിനെ തുടര്‍ന്ന് നടന്ന ക്ലാസുകളില്‍ കഥകളി സംഗീതത്തെ നെടുമ്പുള്ളി രാം‌മോഹനും, കഥകളിമേളത്തെ കലാ:വിജയകൃഷ്ണനും പരിചയപ്പെടുത്തി.

വൈകിട്ട് 7മുതല്‍ കഥകളി ആരംഭിച്ചു. കല്യാണസൌഗന്ധികം കഥയാണ് അവതരിപ്പിച്ചിരുന്നത്. കല്യാണസൌഗന്ധികം ആട്ടക്കഥയും അതിന്റെ അവതരണരീതികളും ഇവിടെ വായിക്കാം.


ഭീമനും പാഞ്ചാലിയും പതിഞ്ഞ‘കിടതകധിം,താ’മോടെ പ്രവേശിക്കുന്നു


ഭീമനായി രംഗത്തെത്തിയത് കലാ:ഷണ്മുഖദാസ് ആയിരുന്നു. ‘പാഞ്ചാലരാജതനയേ’ എന്ന പതിഞ്ഞ പദവും ‘മാഞ്ചേല്‍ മിഴിയാളേ’ എന്ന പദവും ഇദ്ദേഹം മനോഹരമായിതന്നെ അവതരിപ്പിച്ചു.

‘വല്ലതെന്നാകിലും നിജ വല്ലഭന്മാരോടല്ലാതെ’ എന്ന് പാഞ്ചാലി ആടികഴിഞ്ഞപ്പോള്‍ ഭീമന്‍ പാഞ്ചാലിയെ അടുത്തു‍വിളിച്ച്, ‘ഉത്തമയായ ഭാര്യമാര്‍ മറ്റാരോടും അഭിലാഷങ്ങള്‍ പറയില്ല’ എന്നാടുന്നതു കണ്ടു. ഇവിടെ പാഞ്ചാലിയുടെ പദാഭിനയം തടഞ്ഞുകൊണ്ട് ഭീമന്‍ ഇങ്ങിനെ ആടേണ്ടിയിരുന്നില്ല എന്നു തോന്നി. കാരണം ഇങ്ങിനെ ഭീമന്‍ പറഞ്ഞുകഴിഞ്ഞാല്‍ പിന്നെ പാഞ്ചാലി തുടര്‍ന്ന് ‘ചൊല്ലുമാറില്ലഭിലാഷം ചൊല്ലേറുന്ന തരുണിമാര്‍’ എന്ന് ആടുന്നതില്‍ അര്‍ത്ഥമില്ലാതെയാവുകയില്ലെ.

ശ്രീ കലാമണ്ഡലം നാരായണന്‍ ആണ് പാഞ്ചാലിയായെത്തിയിരുന്നത്.

“നിര്‍ണ്ണയമിനിയും മമ”

ഭീമന്റെ വനവര്‍ണ്ണനയും, ഗന്ധമാദനപര്‍വ്വതത്തിന്റെ കാഴ്ച്ചകളും, ‘അജഗരകബളിതം’ ആട്ടവും ഭംഗിയായിതന്നെ ഇവിടെ അവതരിപ്പിച്ചിരുന്നു. വനയാത്രയില്‍ മഹര്‍ഷിമാരെ കണ്ട് വന്ദിച്ച് യാത്രതുടരുന്ന ഭീമന്‍ ഇണയരങ്ങളെ കാണുന്നു. എന്നാല്‍ പെട്ടന്ന് അവ ഓടിമറയുന്നു. രഥത്തിലേറി ചുറ്റികൊണ്ടിരുന്ന സൂര്യദേവന്‍ ആ സമയത്ത് അസ്തമിച്ചുകൊണ്ടിരിക്കുകയാണെന്നും, അതാണ് അരയന്നപിടകള്‍ മറയാന്‍ കാരണമെന്നും ഭീമന്‍ മനസ്സിലാക്കുന്നു. ഈ സമയത്ത് കിഴക്കുഭാഗത്തുനിന്നും ചന്ദ്രന്‍ ഉദിച്ചുവരുന്നതും കൂടി കാണുന്ന ഭീമന്, സൂര്യചന്ദ്രന്മാര്‍ മലകളുടെ ഇരുഭാഗങ്ങളിലുമായി ഒളിച്ചുകളിക്കുകയാണോ എന്ന് തോന്നുന്നു.


ഹനുമാനായി രംഗത്തെത്തിയ കലാ:പ്രദീപും നല്ല പ്രകടനമാണ് കാഴ്ച്ചവെച്ചിരുന്നത്. നല്ലമെയ്യുള്ള ഇദ്ദേഹത്തിന്റെ ചൊല്ലിയാട്ടങ്ങള്‍ കണക്കൊത്തവയാണ്. എന്നാല്‍ ആട്ടങ്ങളില്‍ കുറച്ചുകൂടി ശ്രദ്ധിക്കണം എന്നും തോന്നി. തപസ്സില്‍ നിന്നും ഉണരുന്ന ഹനുമാന്‍ ശബ്ദവര്‍ണ്ണന(പര്‍വ്വതങ്ങള്‍ കൂട്ടിയിടിക്കുന്നതാണോ എന്നു തുടങ്ങുന്ന ആട്ടം), രാമനില്‍ നിന്നും പട്ടാഭിഷേകസമയത്ത് വരം കിട്ടിയകഥ, ലോകാവസാനമായോ എന്നുതുടങ്ങുന്ന ആട്ടം, ഇവ മൂന്നും ചുരുക്കി ആടുകയുണ്ടാ‍യി. ഇങ്ങിനെ ചുരുക്കിയപ്പോള്‍ ആട്ടങ്ങളുടെ മനോഹാരിത നഷ്ടപ്പെട്ടില്ലെ എന്നൊരു സംശയം. ഇതിനു പകരം വിസ്തരിച്ച് ഏതെങ്കിലും ഒരു ആട്ടം ആടുകയായിരുന്നു നല്ലത് എന്ന് തോന്നി. രംഗമദ്ധ്യത്തില്‍ കിടക്കുന്ന പീഠത്തിന് വലംവെയ്ച്ചുകൊണ്ടാണ് ശബ്ദവര്‍ണ്ണനതുടങ്ങിയ ആട്ടങ്ങള്‍ ആടുക പതിവ്. എന്നാല്‍ ഇവിടെ പലപ്പോഴും പ്രദീപ് പീഠത്തിന്റെ ഒരുഭാഗത്ത്കൂടി മുന്നിലേക്കും പിന്നിലേക്കും നീങ്ങിക്കൊണ്ടാണ് ആടുന്നതു കണ്ടത്.

“നൃപതേ ഞാനും”

.
തുടര്‍ന്നുള്ള ഭീമഹനുമത്ത്സംഗമം നടക്കുന്ന കഥാഭാഗവും പ്രദീപും ഷണ്മുഖനും ചേര്‍ന്ന് നന്നായി അവതരിപ്പിച്ചു. ഇതിന്റെ അവസാനത്തിലുള്ള ആട്ടത്തില്‍ ഹനുമാന്‍ ചില ചോദ്യങ്ങള്‍ ചോദിക്കുന്നതായി കണ്ടു. ‘നിങ്ങള്‍ക്ക് സുഖം തന്നെയല്ലെ?’, ‘കാട്ടില്‍ നിങ്ങള്‍ക്ക് ഭക്ഷണത്തിനുള്ള മാര്‍ഗ്ഗമെന്ത്?, ‘നീ ഇവിടെ വന്നതെന്തിന്?’ തുടങ്ങിയ ഹനുമാന്റെ ചോദ്യങ്ങള്‍ കലാമണ്ഡലം സമ്പൃദായത്തിലുള്ള ആട്ടത്തിന്റെ ഭാഗമാണ്. എന്നാല്‍ ജ്ഞാനദൃഷ്ടിയുള്ള ദിവ്യനായ ഹനുമാന്‍ ഈ വകചോദ്യങ്ങള്‍ ചോദിക്കുന്നത് ഔചിത്യത്തിനു ചേര്‍ന്നതാണെന്ന് തോന്നുന്നില്ല. തന്നയുമല്ല വരുന്നത് ഭീമനാണെന്നും, ഭാര്യയുടെ ആഗ്രഹപ്രകാരം പുഷ്പങ്ങള്‍ തേടിയാണ് വരുന്നതെന്നും ഹനുമാന്‍ മനസ്സിലാക്കിയതായി പറയുന്നുമുണ്ടല്ലോ. ‘പ്രാണവല്ലഭേടെ വാഞ്ചിതം ജഗത്പ്രാണനന്ദന ലഭിച്ചാലും’ എന്ന് പദത്തിലും ഉണ്ടല്ലോ.


‘ഇപ്രകാരം സോദരന്മാരായ നമ്മള്‍ സന്ധിച്ചത് അച്ഛനായ വായുദേവന്റെ കരുണയാലാണ് ’ എന്നുപറഞ്ഞ് സൌഗന്ധികങ്ങള്‍ ലഭിക്കാനുള്ള വഴി ചോദിക്കുന്ന ഭീമന്, കുബേരന്റെ സരസിലേക്കുള്ള വഴിനിര്‍ദ്ദേശിച്ചശേഷം ഹനുമാന്‍, അവിടെയുള്ള യക്ഷരേയും രാക്ഷസരേയും ജയിച്ച് പുഷ്പം ഇറുക്കുവാനായി ഒരു മന്ത്രവും ഉപദേശിച്ചു നലകി. തുടര്‍ന്ന് ‘നാം രണ്ടുശരീരമാണേങ്കിലും ഒരു ജീവനാണ്. അതിനാല്‍ നമ്മള്‍ പിരിയുന്നില്ല.’ എന്നു പറഞ്ഞ് അനുഗ്രഹിച്ച്, ആശ്ലേഷിച്ച് ഹനുമാന്‍ ഭീമനെ യാത്രയാക്കി.
“രാമണാന്തകനായിടും”
.
നെടുമ്പുള്ളി രാം‌മോഹനനും പനയൂര്‍ കുട്ടനും ചേര്‍ന്നാണ് കളിക്കും പാടിയിരുന്നത്. സംഗീതഗുണമുള്ളതും കഥകളിത്തമുള്ളതുമായ നല്ല പാട്ടാണ് രാം‌മോഹന്റേത്.
മേളം കൈകാര്യംചെയ്തത് കലാ: വിജകൃഷ്ണനും(ചെണ്ട) കലാ:ശ്രീകുമാറും(മദ്ദളം) ചേര്‍ന്നായിരുന്നു.
ശ്രീ കലാമണ്ഡലം സുകുമാരന്‍ ചുട്ടികുത്തിയ കളിക്ക് കേരളകലാമണ്ഡലത്തിന്റെ കോപ്പുകള്‍ ഉപയോഗിച്ച് ശ്രീ ബാലന്‍ തുടങ്ങിയവര്‍ അണിയറയും കൈകാര്യം ചെയ്തിരുന്നു.

ഈ കളിയുടെ മറ്റൊരു ആസ്വാദനം ഇവിടെവായിക്കാം.

5 അഭിപ്രായങ്ങൾ:

വികടശിരോമണി പറഞ്ഞു...

ആശംസകൾ...രണ്ടുപേരുടെയും രണ്ടു വേഷങ്ങളും കണ്ടിട്ടുണ്ട്..നന്നായിരിക്കുമെന്നറിയാം.രാമന്റെ പാട്ട് ആദ്യം നൽകിയ പ്രതീക്ഷകൾ ഇപ്പോൾ എനിക്കു നൽകുന്നില്ല.ഒരുതരം ഏകതാനത,എത്തിച്ചേർന്ന കളരിപാഠത്തിൽ നിന്ന് പൊങ്ങാത്ത അവസ്ഥയുണ്ടോ എന്നു സംശയം.
ഹനുമാന്റെ കലാമണ്ഡലം പാഠത്തിലെ പോരായ്മ എനിക്കും തോന്നിയിട്ടുള്ളതാണ്.ജിതേന്ദിയനായ ഹനുമാൻ എന്ന പാത്രവ്യാഖ്യാനം അതേപടി സ്വീകരിച്ചാൽ ആ പരസ്പരസ്നേഹത്തിന്റെ,സൌഭ്രാതൃകൽ‌പ്പനയുടെ രംഗസൌന്ദര്യം കുറയാതെ നോക്കുകയും വേണം.
ഭാവുകങ്ങൾ...

Haree | ഹരീ പറഞ്ഞു...

"‘നിങ്ങള്‍ക്ക് സുഖം തന്നെയല്ലെ?’, ‘കാട്ടില്‍ നിങ്ങള്‍ക്ക് ഭക്ഷണത്തിനുള്ള മാര്‍ഗ്ഗമെന്ത്?, ‘നീ ഇവിടെ വന്നതെന്തിന്?’" - ഹനുമാന്‍ അറിയുവാനായി ചോദിച്ചു എന്നര്‍ത്ഥം നല്‍കേണ്ടതില്ല... സഹോദരഭാവത്തില്‍ ചില കുശലങ്ങള്‍ ചോദിക്കുന്നു എന്നുമാത്രം. പിന്നെ, സര്‍വ്വജ്ഞാനിയാണ്, ഇതൊന്നും ചോദിച്ചറിയാതെ മനസിലാക്കുവാന്‍ തനിക്ക് കഴിയും എന്നത് ഹനുമാന്‍ ഓര്‍ക്കണമെന്നുമില്ലല്ലോ! ;-) (സ്വന്തം ശക്തി മറക്കുന്ന ശാപം...) ഈ ചോദ്യങ്ങളെല്ലാം ഭീമന് ആടുവാനുള്ള വക നല്‍കുന്നുമുണ്ട്; അതിനാല്‍ ഈ സമ്പ്രദായത്തില്‍ കുഴപ്പമുണ്ടെന്നു തോന്നുന്നില്ല.

അപ്പോള്‍, ഹനുമാന്റെ സമുദ്രലംഘനസമയത്തെ രൂപം കാണുവാനുള്ള ഭീമന്റെ ആഗ്രഹമൊന്നും ആടുകയുണ്ടായില്ല? അഷ്ടകലാശം?

നല്ല വിവരണം... ഹനുമാന്‍ സ്വരൂപം കാട്ടിയതിനു ശേഷമുള്ള ഭാഗങ്ങള്‍ വളരെ ചുരുങ്ങിപ്പോയെന്നു മാത്രം. നന്ദി. :-)
--

മണി,വാതുക്കോടം. പറഞ്ഞു...

@ വികടശിരോമണി,
രാമന്റെ പാട്ട്(പോന്നാനിയായി) അധികം ഞാന്‍ കേട്ടിട്ടില്ല.
@ ഹരീ,
ഹനുമാന് അറിയാനല്ലെങ്കില്‍ പിന്നെ എന്തിന് ചോദിക്കണം? കാണികള്‍ക്ക് അറിയാനോ?
അതോ ഭീമനെ കളിയാക്കാനോ? ഇങ്ങിനെ അറീഞ്ഞിട്ടും അറിയാത്തപോലെ ചോദിക്കുന്നതിന് നാടന്‍ ഭാഷയില്‍ കീണ്ണാണംചോദിക്കുക എന്നു പറയും. ഇവിടെ അങ്ങിനെ ചോദിക്കുന്നതിലൂടെ ജിതേന്ദ്രിയനായ ഹനുമാന്‍ വെറും സാധാരണക്കാരനായി മാറിപ്പോകും.ആടാന്‍ വകുപ്പുണ്ടന്നത് ശരിതന്നെ. എന്നാല്‍ പാത്രബോധം എന്നതും ശ്രദ്ധിക്കണമല്ലോ?
സമുദ്രലഘനരൂപം കാട്ടലും ഒക്കെ ഉണ്ടായി. എല്ലാം പതിവുപോലെ. പതിവുള്ള കാര്യങ്ങള്‍ വിസ്തരിച്ചില്ലാന്നെ ഉള്ളു. തന്നയുമല്ല പതിവുകാര്യങ്ങള്‍ ‘കഥയ്യറിഞ്ഞാട്ടം കാണൂ’വില്‍ ഇട്ടിട്ടുമുണ്ടല്ലൊ. ഇവിടെ ആവര്‍ത്തിച്ചില്ലാന്നെയുള്ളു.

Haree | ഹരീ പറഞ്ഞു...

@ മണി,വാതുക്കോടം.,
ദാ കിടക്കുന്നു. ജിതേന്ദ്രിയ ജ്ഞാനമുപയോഗിക്കണമോ സ്വന്തം അനുജന്റെ വിശേഷങ്ങളറിയുവാന്‍! ഒരു ഉദാഹരണം പറഞ്ഞാല്‍, തമ്മില്‍ കാണുമ്പോള്‍ ഉടനെ സുഖമാണോ എന്ന് സാധാരണയായി നമ്മളെല്ലാവരും ചോദിക്കാറുണ്ടല്ലോ, അടുത്ത ബന്ധുക്കള്‍/സുഹൃത്തുക്കള്‍ പോലും... അതെന്തിനാണ്? സുഖമാണ്, പ്രശ്നമൊന്നുമില്ല എന്ന് അറിയാവുന്നതല്ലേ... അസുഖമാണെങ്കില്‍ അത് ഉടനെ അറിയുമല്ലൊ! അതുപോലെ കരുതിയാല്‍ മതി. ഇവിടെ പാത്രബോധത്തിന് കോട്ടം വരുന്നില്ലെന്നു മാത്രമല്ല, ജേഷ്ഠനെന്ന സ്നേഹം ദ്യോതിപ്പിക്കുവാന്‍ നല്ലതുമാണ്.
--

MANOJ പറഞ്ഞു...

ആശംസകള്‍.വളരെ നല്ല വിവരണം.ഹനുമാനു‍ ഈ ആട്ടം യൊജിക്കുന്നില്ല.ശഅന്മുഖന്റെ കഴിവുകള്‍ പ്രകടമാകകുന്ന കളികള്‍ക്കആയി കാതിരിക്കുന്നു.
മനോജ് അംബലപുഴ