കഥകളിയുടെ കുറിച്ചി പാരമ്പര്യം (ഭാഗം 4)

നാട്ടകം വേലുപ്പിള്ള
.
കൊച്ചപ്പിരാമന്മാരുടെ അനുജനായ കൃഷ്ണപ്പണിക്കരുടേയും പത്നി ചാന്നാനിക്കാട്ടുകാലയില്‍ കുഞ്ഞുപെണ്ണമ്മയുടേയും ദ്വതീയപുത്രനായി 1074 കുംഭം 11ന് നാട്ടകം വേലുപ്പിള്ള ഭൂജാതനായി. സാമാന്യവിദ്യാഭ്യാസത്തിനു ശേഷം ഇദ്ദേഹം 1086ല്‍, തന്റെ പന്ത്രണ്ടാം വയസ്സില്‍ രാമപ്പണിക്കരുടെ കീഴില്‍ കച്ചകെട്ടി കഥകളിപഠനം ആരംഭിച്ചു. തുടര്‍ന്ന് വളരേക്കാലം വല്യച്ഛന്മാരായ കൊച്ചപ്പിരാമന്മാരുടെ ഏലൂരെ കളരിയില്‍ അദ്ദേഹം അഭ്യസനം തുടര്‍ന്നുപോന്നു. ഈ കാലത്ത് കൊച്ചപ്പിരാമന്മാരേക്കൂടാതെ അവരുടെ സതീര്‍ത്ഥ്യരായ കൊല്ലപ്പള്ളി മാധവപിള്ളയും കൊല്ലപ്പള്ളി ഗോവിന്ദപ്പിള്ളയും ആ കളരിയില്‍ ആശാന്മാരായി ഉണ്ടായിരുന്നു. വേലുപ്പിള്ളയുടെ മച്ചുനനായ(അച്ഛന്റെ അനന്തിരവന്‍) കുറിച്ചി കുഞ്ഞന്‍ പണിക്കരും ഈ കാലത്ത് ഏലൂര്‍ കളരിയില്‍ അഭ്യസിക്കുന്നുണ്ടായിരുന്നു. അതിനുശേഷം വടക്കുപോയി അപ്പുണ്ണിപൊതുവാളിന്റെയടുത്തും കൂട്ടില്‍ കുഞ്ഞന്‍‌മേനോന്റെയടുത്തും ശിഷ്യപ്പെട്ട് മടങ്ങിയെത്തിയ കുഞ്ഞന്‍ പണിക്കര്‍ വീണ്ടും ഏലൂര്‍കളരിയില്‍ ചേര്‍ന്നു. ഈ കാലത്തും വേലുപ്പിള്ള കളരിയഭ്യാസം തുടരുന്നുണ്ടായിരുന്നു. ആ സാഹചര്യം കൊണ്ട് വേലുപ്പിള്ളയ്ക്ക് കുഞ്ഞന്‍പണിക്കരുടെ ശിഷ്യത്വവും ഉണ്ടായി. ദീര്‍ഘകാലം അഭ്യസിച്ച തെക്കന്‍‌ചിട്ടയില്‍ കുഞ്ഞന്‍പണിക്കരില്‍ നിന്നും ലഭിച്ച വടക്കന്‍സമ്പൃദായങ്ങളും കലര്‍ത്തി ഒരു നൂതനശൈലി വേലിപ്പിള്ള രംഗത്ത് അവതരിപ്പിച്ചു. ഇത് സഹൃദയരുടെ മുക്തകണ്ഠമായ പ്രശംസക്ക് പാത്രമാവുകയും ചെയ്തു. സത്യത്തില്‍ വടക്കുപോയി പഠിച്ചത് കുഞ്ഞന്‍പണിക്കരായിരുന്നെങ്കിലും അതിന്റെ ഗുണഫലം ലഭ്യമായത് നാട്ടകത്തിനായിരുന്നു എന്നുപറയാം.
.
ആജാനബാഹുത്വവും, ആകാരസൌഷ്ഠവവും, ദൃഷ്ടിവൈശിഷ്ട്യവും ഉള്ള ആളായിരുന്നു വേലുപ്പിള്ള. തന്റെ ഇരുപത്തിനാലാംവയസ്സില്‍ തന്നെ ഏത് ആദ്യാവസാനവേഷവും കെട്ടി വിജയിപ്പിക്കുവാനുള്ള അഭ്യാസബലവും, മെയ്യും, പുരാണപരിചയവും നേടിയിരുന്നു ഇദ്ദേഹം. തികഞ്ഞ ഔചിത്യബോധവും നല്ല മനോധര്‍മ്മവിലാസവും നാട്ടകത്തിന്റെ പ്രത്യേകതകളായിരുന്നു.
.
.
പച്ചയും കത്തിയും കരിയും ഒരുപോലെ യോജിച്ചിരുന്നുവെങ്കിലും നാട്ടകത്തിന്റെ കത്തിവേഷങ്ങളാണ് കൂടുതല്‍ തിളങ്ങിയിരുന്നത്. വേഷം തീര്‍ന്നുവന്നാലുള്ള വടിവും തികവും, തിരനോക്കിന്റെ പ്രൌഢിയും ഗാഭീര്യവും, പാട്ടിന്റെ ശ്രുതിചേര്‍ത്ത് രാഗച്ഛായപിടിച്ചുള്ള അലര്‍ച്ച, ഔചിത്യദീക്ഷയോടേയുള്ള ആട്ടം ഇവയെല്ലാം ഇദ്ദേഹത്തിന്റെ കത്തിയുടെ സവിശേഷതകളായിരുന്നു. ആശാന്‍ രാമപ്പണിക്കരുടെ വേഷസൌഭാഗ്യത്തിന്റെ അസ്സല്‍ പകര്‍പ്പുതന്നെയാരുന്നു വേലുപ്പിള്ളയിലും കണ്ടിരുന്നത്. രാമപ്പണിക്കരുടെ പ്രധാനവേഷങ്ങളായിരുന്ന കാലകേയവധത്തില്‍ അര്‍ജ്ജുനന്‍, ബൃഹന്ദള, ദക്ഷന്‍, കീചകന്‍, വിജയത്തില്‍ രാവണന്‍ എന്നിവ അതേ ചിട്ടയില്‍തന്നെയാണ് നാട്ടകവും അവതരിപ്പിച്ചുവന്നിരുന്നത്.
.
ചെറിയനരകാസുരന്‍, കീചകന്‍, വിജയത്തില്‍ രാവണന്‍, ബാണന്‍, ഉത്തരാസ്വയംവരത്തില്‍ ദുര്യോധനന്‍, ഹിരണ്യകശുപു, രൌദ്രഭീമന്‍ എന്നിവയായിരുന്നു നാട്ടകത്തിന്റെ പ്രശസ്തമായ വേഷങ്ങള്‍. നാട്ടകത്തിന്റെ നളനും കുറിച്ചിയുടെ ഹംസവുമായുള്ള അരങ്ങുകള്‍ ധരാളമായി ജനപ്രീതി പിടിച്ചുപറ്റിയിരുന്നു. വേലുപ്പിള്ളയുടെ ഹംസവും കാണികള്‍ക്ക് ഹരമായിരുന്നു.
.
രാമപ്പണിക്കരാശാന്‍ പ്രായാധിക്യത്താല്‍ അരങ്ങില്‍നിന്നുംവിട്ട് കളരിയില്‍മാത്രം ഒതുങ്ങിയപ്പോള്‍ നാട്ടകം വേലുപ്പിള്ള ഏലൂര്‍ കളിയോഗത്തിലെ ആദ്യാവസാനവേഷക്കാരനായിതീര്‍ന്നു. കുറിച്ചി കുഞ്ഞന്‍പണിക്കരുടെ കളിയോഗത്തിലും, നീലമ്പേരൂര്‍ കളിയോഗത്തിലും വേലുപ്പിള്ള ആദ്യാവസാനക്കാരനായി പങ്കെടുത്തിരുന്നു. ഇന്നത്തെ ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളുള്‍പ്പെടുന്ന പഴയ വടക്കന്‍‌തിരുവിതാം‌കൂര്‍ പ്രദേശത്ത് നാട്ടകം അല്പകാലംകൊണ്ട് ജനസമ്മതിയും പ്രാമാണികത്വവും നേടിയെടുത്തു. കൂടാതെ ഇദ്ദേഹം തിരുവിതാം‌കൂര്‍, കൊച്ചി, മലബാര്‍ ദേശങ്ങളിലെല്ലാം പലകളികള്‍ക്ക് പങ്കെടുക്കുകയും അനവധി കഥകളിപ്രേമികളുടെ അനുമോദനങ്ങള്‍ ഏറ്റുവാങ്ങുകയും ഉണ്ടായിട്ടുണ്ട്. പില്‍ക്കലത്ത് ഏലൂര്‍ കളിയോഗം വെച്ചൂര്‍ ഗോപാലപിള്ളയ്ക്ക് കൈമാറിയപ്പോള്‍ അതിലും അദ്ദേഹം ആദ്യാവസാനക്കാരനായി തുടര്‍ന്നുപോന്നു.
.
ഏലൂര്‍കളിയോഗം വാങ്ങിയ വെച്ചൂര്‍ ഗോപാലപിള്ള വൈക്കത്തിനടുത്ത് തോട്ടകത്തുള്ള സ്വഭവനത്തില്‍ കുറച്ചുകാലം കളരിയും നടത്തുകയുണ്ടായിട്ടുണ്ട്. അതില്‍ കലാമണ്ഡലം കൃഷ്ണന്‍‌കുട്ടിപൊതുവാളായിരുന്നു ആശാന്‍. ആയിടയ്ക്ക് കലാമണ്ഡലത്തില്‍നിന്നും പഠനം പൂര്‍ത്തിയാക്കി വന്ന കൃഷ്ണന്‍‌കുട്ടിയും വൈക്കം കരുണാകരനും ആയിരുന്നു ഈ കളരിയില്‍ ചൊല്ലിയാടിയിരുന്നത്. ഈ കലാമണ്ഡലം കൃഷ്ണന്‍‌കുട്ടി കുറിച്ചികുഞ്ഞന്‍പണിക്കരുടെ പുത്രനും, വെച്ചൂര്‍ ഗോപാലപിള്ളയുടെ പുത്രിയുടെ ഭര്‍ത്താവും ആയിരുന്നു. സ്ത്രീവേഷങ്ങളാണ് ഇയാള്‍ പ്രധാനമായും കൈകാര്യം ചെയ്തിരുന്നത്. വൈക്കംബ്രദേഴ്സ്(പാട്ട്), ആയാം‌കുടി കുട്ടപ്പമാരാര്‍(ചെണ്ട), നീലകണ്ഠമാരാര്‍(മദ്ദളം), നീലമ്പേരൂര്‍ തങ്കപ്പന്‍(ചുട്ടി) തുടങ്ങിയവരായിരുന്നു ഈ കളിയോഗത്തില്‍ ആ കാലത്ത് അംഗങ്ങളായിരുന്ന മറ്റുകലാകാരന്മാര്‍. ഈ കളരിയില്‍ വെച്ച് കലാമണ്ഡലം കൃഷ്ണന്‍‌കുട്ടിപൊതുവാള്‍ കുറച്ചു പെണ്‍കുട്ടികളെ നൃത്തവും അഭ്യസിപ്പിക്കുകയുണ്ടായിട്ടുണ്ട്.
.

.
ആ കാലത്തെ മുതിര്‍ന്ന നടന്മാരായിരുന്ന നാട്യാചാര്യന്‍ മാത്തൂര്‍ കുഞ്ഞുപിള്ള പണിക്കര്‍, തോട്ടം ശങ്കരന്‍ പോറ്റി, ഗുരു കുഞ്ചുക്കുറുപ്പ്, എന്നിവര്‍ക്കൊപ്പവും, സമകാലീനരായിരുന്ന കുറിച്ചി കുഞ്ഞന്‍ പണിക്കര്‍, ഗുരു ചെങ്ങനൂര്‍ രാമന്‍ പിള്ള, കുറിച്ചി കൃഷ്ണപിള്ള തുടങ്ങിയവരോടോപ്പവും അനവധി അരങ്ങുകളില്‍ പയറ്റിതെളിഞ്ഞ നാട്ടകം വേലുപ്പിള്ള അടുത്തതലമുറക്കാരായ കലാമണ്ഡലം കൃഷ്ണന്‍ നായര്‍, ചമ്പക്കുളം പാച്ചുപിള്ള, മാങ്കുളം വിഷ്ണു നമ്പൂതിരി, പള്ളിപ്പുറം ഗോപാലന്‍ നായര്‍ തുടങ്ങിയവര്‍ക്കൊപ്പവും അനവധി അരങ്ങുകളില്‍ കൂട്ടുവേഷം കൈകാര്യം ചെയ്തിട്ടുണ്ട്. തോട്ടം ശങ്കരന്‍ പോറ്റിയും നാട്ടകവും ബാലിവധത്തില്‍ രാവണനായും നാരദനായും മാറിമാറിയുള്ള അരങ്ങുകള്‍ ഉണ്ടാകാറുണ്ട്. 1940കളോടെ തിരുവിതാം‌കൂറിലെ അരങ്ങുകളുടെ അവിഭാജ്യഘടകമായി മാറിയ കലാമണ്ഡലം കൃഷ്ണന്‍ നായരുമായി പലപ്പോഴും വേലുപ്പിള്ള കൂട്ടുവേഷം കെട്ടുകയുണ്ടായിട്ടുണ്ട്. പലപ്പോഴും അദ്യകഥയിലെ വേഷം കഴിഞ്ഞ് രണ്ടാം വേഷമായി വലലന്‍ കെട്ടി നാട്ടകത്തിന്റെ കീചകനൊപ്പം കൃഷ്ണന്‍ നായര്‍ അരങ്ങിലെത്തിയിട്ടുണ്ട്. പത്മശ്രീ കൃഷ്ണന്‍ നായര്‍ക്കു് വേലുപ്പിള്ളയുടെ വേഷസൌഭാഗ്യത്തില്‍ ആദരവും അസൂയയും തോന്നിയിട്ടുള്ളതായി പറയുന്നു. പില്‍ക്കാലത്ത് വെലുപ്പിള്ളക്ക് പക്ഷാഘാതം സംഭവിച്ചപ്പോള്‍ ‘കൃഷ്ണന്‍ നായരുടെ വലലന്‍ അസൂയമൂത്ത് ഞെക്കിഞെക്കിയാണ് നാട്ടകത്തിന് തളര്‍ച്ചയുണ്ടായത്’ എന്നൊരു തമാശക്കഥ നാട്ടകപ്രിയന്മാരായ കളികമ്പക്കാരുടെ ഇടയില്‍ കേട്ടിരുന്നുത്രെ!
.
നാട്ടകം വേലുപ്പിള്ളയുടെ കലാജീവിതത്തിന്റെ ജൈത്രയാത്ര അധികകാലം തുടരാന്‍ വിധി അനുവദിച്ചില്ല. തിരുവിതാം‌കൂറിലെ പ്രമുഖക്ഷേത്രമായ വൈക്കം മഹാദേവക്ഷേത്രത്തില്‍ അക്കാലത്ത് ഒരാണ്ടില്‍ 8ദിവസങ്ങളില്‍ കഥകളിയരങ്ങുകള്‍ ഉണ്ടായിരുന്നു. അഷ്ടമിയുത്സവക്കാലത്ത് 4ദിവസങ്ങളിലും, കല്പിച്ചകലശക്കാലത്ത് (തിരുവിതാം‌കൂര്‍ മഹാരാജാവ് കല്പിച്ച് വഴിപാടായി നടത്തുന്ന സഹസ്രകലശം) 2ദിവസങ്ങളിലും, ദേവസ്വം കലശാട്ടക്കാലത്ത് 2ദിവസങ്ങളിലും വൈക്കം പെരുംതൃക്കോവിലില്‍ കഥകളി നടത്തപ്പെട്ടിരുന്നു. അങ്ങിനെ കൊല്ലവര്‍ഷം 1127ലെ സഹസ്രകലശകാലത്തെ അരങ്ങില്‍ കീചകവേഷം കെട്ടിയാടിയ വേലുപ്പിള്ള, കളികഴിഞ്ഞ് അണിയറയിലെത്തി വേഷം അഴിച്ചുകൊണ്ടിരിക്കെ പക്ഷാഘാതം ബാധിച്ചു തളര്‍ന്നു വീണു.കുറച്ചുകാലത്തെ ചികിത്സകള്‍ക്കും വിശ്രമത്തിനും ശേഷം നാട്ടകം ഉയര്‍ത്തെഴുന്നേറ്റ് അരങ്ങിലെത്തി ആദ്യാവസാനവേഷങ്ങള്‍ കെട്ടിതുടങ്ങിയെങ്കിലും, പഴയപ്രതാപം വീണ്ടേടുക്കുവാന്‍ ഇദ്ദേഹത്തിന് പിന്നീടോരിക്കലും സാധ്യമായില്ല. പിന്നീട് മിനുക്കുകളും ഇടത്തരം വേഷങ്ങളുമൊക്കെയാണ് ഇദ്ദേഹം ധാരാളമായി കെട്ടിയിരുന്നത്.
.
പ്രായാധിക്യത്താലും രോഗബാധയാലും അവശനായിതീര്‍ന്ന നാട്ടകം വേലുപ്പിള്ള ഏതാണ്ട് 1153ഓടെ കളിയരങ്ങുകളില്‍ നിന്നും പൂര്‍ണ്ണമായി ഒഴിഞ്ഞ് വിശ്രമജീവിതം നയിച്ചുവന്നു. ഈ കാലത്ത് ഗവര്‍മ്മെന്റില്‍ നിന്നും ലഭിച്ചിരുന്ന അവശകലാകാരനുള്ള സാമ്പത്തിക സഹായം മാത്രമായിരുന്നു ഇദ്ദേഹത്തിന്റെ ആശ്രയം. 1160ല്‍, തന്റെ എണ്‍പത്തിയാറാം വയസ്സില്‍ ഈ നാട്യപ്രതിഭ ജീവിതമാകുന്ന ആട്ടം വസാനിപ്പിച്ച് ഇഹലോകമാകുന്ന അരങ്ങില്‍ നിന്നും എന്നെന്നെക്കുമായി വിടവാങ്ങി.
.
കളരിയാശാനായി അഭ്യസിപ്പിക്കുക ഉണ്ടായിട്ടില്ലാത്തതിനാല്‍ നാട്ടകം വേലുപ്പിള്ളയ്ക്ക് തനതുശിഷ്യന്മാരോന്നും ഉണ്ടായതുമില്ല. എന്നാല്‍ സാഹചര്യത്താല്‍ ശിഷ്യത്വമുണ്ടായിട്ടുള്ള ധരാളം നടന്മാരുണ്ട്. കുടമാളൂര്‍ കരുണാകരന്‍ നായരും വൈക്കം കരുണാകരനും ഇത്തരുണത്തില്‍ ചിലരാണ്. യുവകാലാകാരന്മാര്‍ക്ക് സംശയനിവാരണം ചെയ്തു നല്‍കുന്നതിലും അവരെ പ്രോത്സാഹിപ്പിക്കുന്നതിലും അതീവ തല്പരനായിരുന്നു നാട്ടകം.
.

.
വിശ്രമരഹിതമായ കലാസപര്യചെയ്ത്, പ്രേക്ഷകര്‍ക്ക് ആനന്താനുഭൂതി പകര്‍ന്നുനല്‍കി, കളിയരങ്ങുകളില്‍ ജീവിതം അര്‍പ്പിച്ച ഈ കലാപ്രതിഭയ്ക്ക് വേണ്ടവിധത്തിലുള്ള പ്രതിഫലമോ പ്രശസ്തിയോ നിഭാഗ്യവശാല്‍ ലഭിച്ചിരുന്നില്ല. ഒരിക്കലും ആരോടും അപ്രിയമായി ഒന്നും സംസാരിക്കുകയൊ പ്രവര്‍ത്തിക്കുകയൊ ചെയ്യാത്ത ഇദ്ദേഹം യാതൊരു കണക്കും പറയാതെ കിട്ടുന്ന പ്രതിഫലം വാങ്ങിപോയിരുന്നു. കലക്ക് വിലപേശുന്നത് അദ്ദേഹത്തിന് ഇഷ്ടമില്ലായിരുന്നു.
.
-------
.
കുറിച്ചി കൃഷ്ണപിള്ള, കുറിച്ചി കുഞ്ഞന്‍ പണിക്കര്‍, നാട്ടകം വേലുപ്പിള്ള എന്നിര്‍ കുറിച്ചിപാരമ്പര്യത്തിന്റെ അവസാനകണ്ണികളായിരുന്നു. ഇവരാരും തന്നെ അദ്ധ്യാപനത്തില്‍ അതീവശ്രദ്ധപുലര്‍ത്തിയിരുന്നില്ല. അതിനാല്‍ തന്നെ ഇവര്‍ക്കാര്‍ക്കും എണ്ണപ്പെട്ട ശിഷ്യര്‍ ഉണ്ടാ‍യതുമില്ല. പിന്നെ ഉണ്ടായ ചില ശിഷ്യര്‍ (കുടമാളൂരും,കുറൂരും മറ്റും) മറ്റുപല ശൈലിയിലുള്ള ആശാന്മാരുടെ കീഴില്‍ പോയി പഠിച്ചതിനാല്‍ ഇവരില്‍ കുറിച്ചിശൈലി നാമമാത്രമായിമാത്രമെ കണ്ടിരുന്നുമുള്ളു. ഇങ്ങിനെ രാമനാട്ടകാലം മുതല്‍ നിലനിന്നിരുന്ന കുറിച്ചി പാരമ്പര്യം അന്യം നിന്നുപോയി. കുറിച്ചിയിലുണ്ടായിരുന്ന കളിയോഗങ്ങളും കൈമാറ്റം ചെയ്തു പോയി.

1 അഭിപ്രായം:

AMBUJAKSHAN NAIR പറഞ്ഞു...

നീലംപേരൂരും (കുറിച്ചി ഉള്‍പ്പെടുന്ന ) കഥകളി പാരമ്പര്യവും എന്ന ഒരു വലിയ ലേഖനം വായിച്ചതായി ഓര്‍ക്കുന്നുണ്ട്. കഥകളിയില്‍ രണ്ടു ഗായകര്‍ (പൊന്നാനി ,ശിങ്കിടി ) എന്ന രീതിയുടെ തുടക്കം കുറിച്ചിയില്‍ ആയിരുന്നുവത്രേ. ശ്രീ. നാട്ടകം വേലുപ്പിള്ള ആശാന്റെ കുചേലവൃത്തം കഥയില്‍ കുചേലന്‍ ശ്രീ.കലാമണ്ഡലം ശേഖറിന്റെ കൃഷ്ണനുമായി കണ്ട് ഓര്‍മ്മയുണ്ട്.