കലാമണ്ഡലത്തിന്റെ ‘നൂറരങ്ങ്’ ഉദ്ഘാടനം


കേരളകലാമണ്ഡലത്തിന്റെ ‘കഥകളി നൂറരങ്ങി’ന്റെ ഉദ്ഘാടനവും കന്നിയരങ്ങും 2008 ആഗസ്റ്റ് 21ന് ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തില്‍ നടന്നു. ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിന്റെയും ഇടപ്പള്ളി കഥകളി ആസ്വാദനസദസ്സിന്റേയും പങ്കാളിത്തത്തോടേയാണ് ഇതിന്റെ ‘കന്നിയരങ്ങ്’ഇവിടെ നടത്തപ്പെട്ടത്. കഥകളിയുടെ ആസ്വാദനമണ്ഡലം വിപുലീകരിക്കുന്നതിനും യുവകലാകാരന്മാര്‍ക്ക് രംഗപരിചയത്തിന് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുന്നതിനും വേണ്ടി കല്പിതസര്‍വ്വകലാശാലയായ കേരള കലാമണ്ഡലം ആവിഷ്ക്കരിച്ചിട്ടുള്ള നൂതന പദ്ധതിയാണ് ‘കഥകളി നൂറരങ്ങ്’. രാവിലെ 9ന് ആരംഭിച്ച പരിപാടിയില്‍ ശ്രീ എം.കെ.സാനു കവി ചങ്ങമ്പുഴയേയും ശ്രീ പെരിങ്ങര രാമന്‍ നമ്പൂതിരി പത്മശ്രീ കലാമണ്ഡലം ക്യഷ്ണന്‍‌നായരേയും അനുസ്മരിച്ചു. തുടര്‍ന്ന് സോദാഹരണ പ്രഭാഷണവും നടന്നു. പരിപാടിയോടനുബന്ധിച്ച് കലാമണ്ഡലം പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകങ്ങളുടേയും സിഡികളുടേയും പ്രദര്‍ശനവും വില്‍പ്പനയും ഉണ്ടായിരുന്നു.ഉച്ചക്ക് 2മുതല്‍ നടന്ന ‘കഥകളി-സംവേദനത്തിന്റെ പ്രശ്നങ്ങള്‍’ എന്ന സംവാദം ശ്രീ കെ.ബി.രാജാന്ദ് നയിച്ചു. 3മുതല്‍ തോടയം,പുറപ്പാട്,മേളപ്പദം എന്നിവ നടന്നു. ശ്രീ കലാമണ്ഡലം അരുണ്‍‌ വാര്യര്‍, ശ്രീ കലാമണ്ഡലം പ്രജിത്ത് എന്നിവര്‍ തോടയവും ശ്രീ കലാമണ്ഡലം ശുചീന്ദ്രനാഥന്‍ കര്‍ത്താ, ശ്രീ കലാമണ്ഡലം വിപിന്‍ എന്നിവര്‍ പുറപ്പാടും അവതരിപ്പിച്ചു. ശ്രീ കലാമണ്ഡലം ബാബു നമ്പൂതിരിയും ശ്രീ കലാമണ്ഡലം വിനോദും ചേര്‍ന്നായിരുന്നു പാട്ട്. ഇത് വളരെ നന്നായതായി തോന്നി. വലുതായ സംഗീത കസര്‍ത്തുകള്‍ കൊണ്ടല്ല സമ്പൃദായ ശുദ്ധികൊണ്ടാണ് ഇങ്ങിനെ തോന്നിച്ചത്. ഇതുപോലെ ‘കഥകളിത്തം‘ഉള്ള മേളപ്പദങ്ങള്‍ ഇന്ന് കുറവായിട്ടാണ് കാണുന്നത്. ശാസ്ത്രീയ സംഗീതവഴികളിലുള്ളതും സംഗീതകസര്‍ത്തുകള്‍ നിറഞ്ഞതുമായ ‘നവീനമേളപ്പദ‘ങ്ങളാണ് ഇന്ന് അധികം കണ്ടുവരുന്നത്. നിര്‍ഭാഗ്യവശാല്‍ അവയ്ക്കാണ് ജനപിന്തുണയും! ശ്രീ സദനം വാസുദേവന്‍, ശ്രീ കലാമണ്ഡലം ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ചെണ്ടയിലും ശ്രീ ചേര്‍പ്പുളശ്ശേരി ശിവന്‍, ശ്രീ കലാമണ്ഡലം ശശി എന്നിവര്‍ മദ്ദളത്തിലും മേളം പകര്‍ന്നു. സദനം വാസുദേവനും ചേര്‍പ്പുളശ്ശേരി ശിവനും ചേര്‍ന്നുള്ള ചില നല്ല പ്രയോഗങ്ങള്‍ ആസ്വാദകരില്‍ മേളപ്പദങ്ങളുടെ പൊയ്പ്പോയ സുവര്‍ണ്ണകാലത്തെ ഓര്‍മ്മപ്പെടുത്തുന്നതായി. പദഭാഗം കഴിഞ്ഞുള്ള ‘ചെമ്പടവട്ടം’ കാലം മുറുകിയപ്പോഴേക്കും വലന്തലയിലും താളമിട്ടിരുന്നതുകൊണ്ട് മേളക്കൊഴുപ്പ് വര്‍ദ്ധിച്ചു.
വൈകിട്ട് അഞ്ചിനു നടന്ന ഉദ്ഘാടന സമ്മേളനത്തില്‍
ശ്രീ കെ.ബാലചന്ദ്രന്‍ സ്വാഗതം ആശംസിച്ചു. കേരളകലാമണ്ഡലം വൈസ് ചാന്‍സിലര്‍ ശ്രീ കെ.ജി.പൌലോസ് അധ്യക്ഷനായിരുന്നു. ‘കഥകളി നൂറരങ്ങ്’ പരിപാടിയേപറ്റി വിശദീകരിച്ച അദ്ദേഹം, ഇതിലൂടെ കഥകളിയെ ലളിതവല്‍ക്കരിച്ച് ജനങ്ങളിലേക്ക് ഇറക്കികൊണ്ടുവരലല്ല ഉദ്ദേശിക്കുന്നതെന്നും മറിച്ച് ജനങ്ങളെ കഥകളിആസ്വദിക്കാനാവുന്ന തലത്തിലേക്ക് ഉയര്‍ത്തികൊണ്ടുവരലാണേന്നും അറിയിച്ചു. ശ്രീ പത്മഭൂഷണ്‍ കലാമണ്ഡലം രാമന്‍‌കുട്ടിനായരും ശ്രീ കലാമണ്ഡലം ഗോപിയും ഈ പരിപാടിക്ക് ആശിസ് അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു. കഥകളി പഠനം ഇല്ലെങ്കിലും കഥകളി ആസ്വാദനത്തിനുതകുന്ന പഠനമെങ്കിലും സ്കൂള്‍ തലത്തില്‍ നല്കാന്‍ ഗവണ്മെന്റ് ശ്രമിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. ഇതിനായി ഇപ്പോള്‍ തന്നെ ശ്രമം തുടങ്ങികഴിഞ്ഞുവെന്നും ഇതിന്റെ ഭാഗമായി +1,+2ക്ലാസുകളില്‍ ഇതേര്‍പ്പെടുത്തുവാനും അതിനുള്ള അദ്ധ്യാപകരെ നിയമിക്കുവാനുമുള്ള തീരുമാനം കൈക്കൊണ്ടുകഴിഞ്ഞു എന്നും യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ച ബഹു:സാംസ്ക്കാരീക വിദ്യാഭ്യാസ മന്ത്രി ശ്രീ എം.എ.ബേബി അറിയിച്ചു. കലാമണ്ഡലത്തേയും പാരമ്പര്യകലകളേയും ആസ്പദമാക്കി കലാമണ്ഡലവും സിഡിറ്റും സംയുക്തമായി നിര്‍മ്മിച്ച എട്ട് സി.ഡികള്‍ യോഗത്തില്‍ വച്ച് മന്ത്രി രാമന്‍‌കുട്ടിയാശാനു നല്‍കികൊണ്ട് പ്രകാശനം ചെയ്തു. കലാമണ്ഡലത്തില്‍ പെണ്‍കുട്ടികള്‍ക്ക് കഥകളി പഠനം നടത്തുവാനുള്ള അവസരം ഇതുവരെ ലഭ്യമായിട്ടില്ലെന്നും, ഒരു കല്പിതസര്‍വകലാശാലയായി മാറിയിരിക്കുന്ന ഈ കാലത്തെങ്കിലും അഭിരുചിയുള്ള പെണ്‍കുട്ടികള്‍ക്കുംകൂടി കഥകളി പഠനത്തിനുള്ള സാഹചര്യം ഒരുക്കുവാന്‍ കലാമണ്ഡലംശ്രമിക്കണമെന്ന് തന്റെ ആശംസാപ്രസംഗത്തില്‍ തൃപ്പൂണിത്തുറനഗരസഭാ ചെയര്‍പേഴ്സണും കഥകളി കലാകാരിയുമായ ശ്രീമതി രഞ്ജിനി അഭിപ്രായപ്പെട്ടു. ശ്രീ കെ.വി.തോമസ് എം.എല്‍.എ, ശ്രീ കെ. ബാബു എം.എല്‍.എ, കൊച്ചി നഗരസഭാകൌണ്‍സിലര്‍ അഡ്വ:എന്‍.സി.ശശി എന്നിവരും ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. കലാമണ്ഡലം രജിസ്ട്രാര്‍ ഡോ:എന്‍.ആര്‍.ഗ്രാമപ്രകാശ് നന്ദി രേഖപ്പെടുത്തി.


യോഗത്തേതുടര്‍ന്ന് കഥകളിയും നടന്നു. ദുര്യോധനവധം(ചൂതു മുതല്‍) ആയിരുന്നു അവതരിപ്പിച്ച കഥ. പതിവുപോലെ തന്നെ വിപുലവും, ശ്രീ കലാ:കേശവന്‍,കലാ:ഗോപി തുടങ്ങിയ പ്രഗത്ഭര്‍ അടങ്ങുന്നതുമായ ആസ്വാദകസദസ്സ് ഈ ദിവസവും ഇടപ്പള്ളിയില്‍ ഉണ്ടായിരുന്നു.

ധര്‍മ്മപുത്രന്‍ ദുര്യോധനന്റെ ആഗ്രഹപ്രകാരം ശകുനിയുമായി
ചൂതുകളിക്കുന്നതായ രംഗം മുതല്‍ കളി ആരംഭിച്ചു. ദുര്യോധനന്നായി വേഷമിട്ട ശ്രീ കലാമണ്ഡലം കൃഷ്ണകുമാര്‍, ദുശ്ശാസനനായി വേഷമിട്ട ശ്രീ കലാമണ്ഡലം ഹരി ആര്‍.നായര്‍,ശകുനിയായി വേഷമിട്ട ശ്രീ കലാമണ്ഡലം എബിന്‍ ബാബു, ധര്‍മ്മപുത്രരായി വേഷമിട്ട ശ്രീ കലാമണ്ഡലം ശുചീന്ദ്രനാഥന്‍ കര്‍ത്താ എന്നിവരെല്ലാം തന്നെ കഥാപാത്രങ്ങളെ ഉള്‍കൊണ്ട് സമ്പൃദായതികവോടും എന്നാല്‍ അനൌചിത്യങ്ങള്‍ ഇല്ലാതെ മിതത്വം പാലിച്ചുകൊണ്ടും തങ്ങളവതരിപ്പിക്കുന്ന കഥാപാത്രങ്ങളെ തൃപ്തികരമായി അവതരിപ്പിച്ചു. ശ്രീ കലാമണ്ഡലം വിപിന്‍ ഭീമനായും, ശ്രീ കലാമണ്ഡലം ശബരീനാഥ് അര്‍ജ്ജുനനായും, ശ്രീ കലാമണ്ഡലം പ്രജിത്ത് നകുലനായും, ശ്രീ കലാമണ്ഡലം അനുരാഗ് സഹദേവനായും വേഷമിട്ടിരുന്നു. പാഞ്ചാലിയായി എത്തിയ ശ്രീ കലാമണ്ഡലം ചമ്പക്കര വിജയനും നല്ല പ്രകടനം കാഴ്ച്ചവെയ്ച്ചു.ഈ രംഗത്തില്‍ ചെണ്ട ശ്രീ കലാമണ്ഡലം വിജയകൃഷ്ണനും മദ്ദളം ശ്രീ കലാമണ്ഡലം ഗോപിക്കുട്ടനും കൈകാര്യം ചെയ്തു.തങ്ങള്‍ക്കുവേണ്ടി കൌരവരുടെ സമീപത്തേക്ക് ദൂത് പോകുവാന്‍ ശ്രീക്യഷ്ണനോട് ധര്‍മ്മപുത്രന്‍ അപേക്ഷിക്കുന്നതായ രംഗമാണ് തുടര്‍ന്നു വരുന്നതെങ്കിലും, ഇത് സാധാരണ അരങ്ങുകളില്‍ നിന്നും പുറംതള്ളപ്പെട്ടു കഴിഞ്ഞു! ഇവിടെയും ഈ രംഗം അവതരിപ്പിക്കപ്പെട്ടില്ല. പാഞ്ചാലി-ശ്രീകൃഷ്ണ സംവാദമായുള്ള അടുത്തരംഗമാണ് തുടര്‍ന്ന് അവതരിപ്പിക്കപ്പെട്ടത്. ശ്രീ കലാമണ്ഡലം ഷണ്മുഖദാസായിരുന്നു ശ്രീകൃഷന്‍. വിജയനും ഷണ്മുഖനും ചേര്‍ന്ന് ഈ രംഗവും നന്നായി അവതരിപ്പിച്ചു. എന്നാല്‍ ഈ രംഗത്ത് ചെണ്ടയില്‍ പ്രവര്‍ത്തിച്ച ശ്രീ കലാമണ്ഡലം രവിശങ്കറും മദ്ദളത്തില്‍ പ്രവര്‍ത്തിച്ച ശ്രീ കലാമണ്ഡലം രാമദാസും നിരാശാജനകമായ പ്രകടനമാണ് കാഴ്ച്ചവെയ്ച്ചത്.


ആദ്യരണ്ടുരംഗങ്ങളിലും ശ്രീ കലാമണ്ഡലം ഭവദാസന്‍ നമ്പൂതിരിയും ശ്രീ കലാമണ്ഡലം ഹരീഷ് നമ്പൂതിരിയും ചേര്‍ന്നായിരുന്നു പാടിയത്.


ശ്രീകൃഷ്ണന്‍ പാണ്ഡവദൂതനായി വരുന്നുവെന്നറിഞ്ഞ്
ദുര്യോധനന്‍ സഭയില്‍ പ്രസ്ഥാപിക്കുന്നതായ ‘പാര്‍ഥിവവീരരേ’ എന്ന പദത്തോടുകൂടിയ സഭാരംഗവും, ദൂതിന്റെ ആദ്യഭാഗമായ ശ്രീകൃഷ്ണന്‍ ധൃതരാഷ്ട്രരെ കാണുന്നതായ ഭാഗവും മേല്‍പ്പറഞ്ഞകൃഷ്ണ-ധര്‍മ്മപുത്രരംഗം പോലെതന്നെ അരങ്ങില്‍ നിന്നും ഒഴിവാക്കപ്പെട്ടുവരുന്ന രംഗങ്ങളാണ്. സമയപരിമിതി മൂലമാവാം ഇവിടെയും ഈ ഭാഗങ്ങള്‍ അവതരിപ്പിക്കപ്പെട്ടിരുന്നില്ല. തുടര്‍ന്ന് ശ്രീ കൃഷ്ണന്‍ ദുര്യോധനനെ ചെന്നുകാണുന്ന ‘ദൂത്’ രംഗമാണ് അവതരിപ്പിക്കപ്പെട്ടത്. ദൂതിന്റെ അന്ത്യത്തില്‍ ഭഗവാന്‍ വിശ്വരൂപം പ്രദര്‍ശ്ശിപ്പിക്കുന്നവേളയില്‍ മോക്ഷേഛുക്കളായ സത്പുരുഷന്മാര്‍ ഭവാനെ സ്തുതിക്കുകയും ദുര്യോധനനെ ഉപദേശിക്കുകയും ചെയ്യുന്നുണ്ട്. സാധാരണയായി ഈ മോഷേഛുക്കളുടെ പ്രതിനിധിയായി ഒരു ‘മുമുക്ഷു’ വന്ന്‍ ഇതുചെയ്യുന്നതായി ഈ രംഗത്തില്‍ കാണാറുണ്ട്. എന്നാല്‍ ഇവിടെ അങ്ങിനെയൊരു വേഷം ഉണ്ടായിരുന്നുല്ല! ദൂത് വിഭലമായി, ഇനി യുദ്ധം തന്നെ എന്ന് ഉറപ്പായവേളയില്‍ ദുര്യോധനന്‍, ദുശ്ശാസനനെ ഗധനല്‍കി അനുഗ്രഹിച്ച് യുദ്ധത്തിനയച്ചശേഷമാണ് ‘പടപ്പുറപ്പാട്’ ആടാറ്. എന്നാല്‍ ഇവിടെ ദുര്യോധനനും ദുശ്ശാസനനും ചേര്‍ന്ന് പടപ്പുറപ്പാട് ആടിയശേഷമാണ് ദുര്യോധനന്‍ ദുശ്ശാസനനെ അയച്ചത്. ഇരുവരുടേയും യോജിപ്പിനാല്‍ ഇത് നന്നാവുകയും ചെയ്തു. ഈ രംഗത്തില്‍ ശ്രീ കലാമണ്ഡലം വാരണാസിനാരായണന്‍ നമ്പൂതിരിയും(ചെണ്ട) ശ്രീ കലാമണ്ഡലം ശശിയും(മദ്ദളം) ചേര്‍ന്നായിരുന്നു മേളം.അന്ത്യരംഗത്തില്‍ ശ്രീ കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍ രൌദ്രഭീമനായി എത്തി. അന്ത്യഭാഗത്ത് രൌദ്രഭീമന്‍ കൃഷ്ണസമീപം പോകുന്നതിനു പകരം കൃഷ്ണന്‍ തേര്‍തെളിച്ച് ഭീമസമീപം വരുന്നതായാണ് ഇവിടെ കണ്ടത്. ഈ രംഗത്തില്‍ ശ്രീ കലാമണ്ഡലം ഉണ്ണികൃഷ്ണനും ശ്രീ കലാമണ്ഡലം നാരായണന്‍ നമ്പൂതിരിയും ചെണ്ടയിലും ശ്രീ കലാമണ്ഡലം രാംദാസും ശ്രീ കലാമണ്ഡലം ശ്രീജിത്തും ചേര്‍ന്ന് മദ്ദളത്തിലും നല്ല മേളം ഒരുക്കിയിരുന്നു. ഈ ഭാഗത്ത് ശ്രീ കലാമണ്ഡലം ഹരീഷ് നമ്പൂതിരിയും ശ്രീ കലാമണ്ഡലംസുരാജും ചേര്‍ന്നായിരുന്നു പാട്ട്.


ശ്രീ കലാമണ്ഡലം ശിവരാമന്‍,ശ്രീ കലാമണ്ഡലം ബാലന്‍,ശ്രീ കലാമണ്ഡലം ശിവദാസ്, ശ്രീ കലാമണ്ഡലം സതീഷ് എന്നിവരായിരുന്നു ചുട്ടി കലാകാരന്മാര്‍. കേരളകലാമണ്ഡലത്തിന്റെ കോപ്പുകള്‍ കൊണ്ട് അണിയറകൈകാര്യം ചെയ്തത് സര്‍വ്വശ്രീ കുഞ്ചന്‍,ബാലന്‍ തുടങ്ങിയവരായിരുന്നു.

5 അഭിപ്രായങ്ങൾ:

penny stock alert പറഞ്ഞു...

very cool.

mobile wife പറഞ്ഞു...

i think you add more info about it.

Haree | ഹരീ പറഞ്ഞു...

‘കഥകളി നൂറരങ്ങ്’ ഇവിടെ പരിചയപ്പെടുത്തിയതിന്‌ നന്ദി.

ശാസ്ത്രീയ സംഗീതവഴികളിലുള്ളതും സംഗീതകസര്‍ത്തുകള്‍ നിറഞ്ഞതുമായ ‘നവീനമേളപ്പദ‘ങ്ങളാണ് ഇന്ന് അധികം കണ്ടുവരുന്നത്. നിര്‍ഭാഗ്യവശാല്‍ അവയ്ക്കാണ് ജനപിന്തുണയും! - :-) കൊള്ളാം, അപ്പോൾ ഇവയ്ക്കായിരുന്നില്ല ജനപിന്തുണ ഉണ്ടാവേണ്ടിയിരുന്നത്. പക്ഷെ, ഈ ആസ്വാദകർക്കൊന്നും നല്ലതേതെന്ന് അറിയുവാനുള്ള വിവരമില്ലാതെ പോയി!!!

ഇതുപോലെ ‘കഥകളിത്തം‘ഉള്ള മേളപ്പദങ്ങള്‍ ഇന്ന് കുറവായിട്ടാണ് കാണുന്നത്. - ‘കഥകളിത്തം’ എന്നത് മാറ്റമില്ലാതെ നിലനിൽക്കുന്ന ഒന്നല്ല! കാലത്തിനനുസരിച്ച് കലയും മാറും, കലാസ്വാദനവും മാറും!
--

ആചാര്യന്‍... പറഞ്ഞു...

നിങ്ങളെ ഐയിടെ കാണാന്‍ല്യല്ലോന്നിപ്പെ ഓര്‍ത്തേയുള്ളൂ. നന്മയുണ്ടാകട്ടേ

keralainside.net പറഞ്ഞു...

ഈ പോസ്റ്റ് ലിസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു. കൂടുതൽ സമയം ഈ രചന ആളുകളുടെ ശ്രദ്ധയിൽ വരാനായി സൈറ്റിൽ വന്നു അനുയോജ്യ മായ വിഭാഗത്തിൽ ഈ പോസ്റ്റ് ഉൾപ്പെടുത്താൻ അപേക്ഷ.
സൈറ്റ് സന്ദർശിക്കാൻ ഇവിടെ www.keralainside.net.
കൂടുതൽ വിവരങൾക്ക് ഇവിടെkeralainsideblogaggregator.blogspot.com
Thank You