കഥകളിയുടെ കുറിച്ചി പാരമ്പര്യം (ഭാഗം 2)

കൊച്ചപ്പിരാമന്മാര്‍
.
കൊച്ചപ്പിരാമന്മാര്‍ എന്ന് പ്രസിദ്ധരായിതീര്‍ന്ന നീലമ്പേരൂര്‍ ഏലൂര്‍വീട്ടില്‍ കൊച്ചയ്യപ്പപണിക്കര്‍ കൊല്ലവര്‍ഷം 1039ലും അനുജനായ രാമപണിക്കര്‍ 1041ലും ജാതരായി. ഇവര്‍ നാട്യാചാര്യന്‍ കുറിച്ചി കിട്ടന്‍പിള്ളയാശാന്റെ കളരിയില്‍ ചേര്‍ന്ന് കഥകളി അഭ്യസിച്ചു.
.
പ്രധാനമായും സ്ത്രീവേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്ന കൊച്ചയ്യപ്പപണിക്കരുടെ പ്രശസ്തമായവേഷം രാവണവിജയത്തില്‍ രംഭ ആയിരുന്നു. വേഷഭംഗി കുറയുമെങ്കിലും അദ്ദേഹത്തിന്റെ ആട്ടം നല്ലതായിരുന്നു. ഇദ്ദേഹം സമകാലീനനും ശിഷ്യനുമായിരുന്ന വെച്ചൂര്‍ അയ്യപ്പക്കുറുപ്പിന്റെ സഹോദരിയേയാണ് വിവാഹം കഴിച്ചത്. കൊച്ചയ്യപ്പപണിക്കര്‍ 1123 ധനുവില്‍ നിര്യാതനായി.
.
അനുജനായ രാമപണിക്കരുടെ പ്രധാന വേഷങ്ങളായ കാലകേയവധത്തില്‍ അര്‍ജ്ജുനന്‍, ദക്ഷന്‍, ബൃഹന്ദള, കീചകന്‍, വിജയത്തിലെ രാവണന്മാര്‍ തുടങ്ങിയവ കാഴ്ച്ചയിലും ആട്ടത്തിലും കേമങ്ങളായിരുന്നു. അദ്ദേഹം 1106 കന്നിയില്‍ അന്തരിച്ചു.
.
കൊച്ചപ്പിരാമന്മാര്‍ക്ക് നടന്മാര്‍ എന്നനിലയിലുള്ളതിനേക്കാള്‍ സ്ഥാനവും പ്രശസ്തിയും കളരിയാശാന്മാരെന്ന നിലയിലായിരുന്നു ഉണ്ടായിരുന്നത്. ഇവര്‍ ഏലൂര്‍വീട്ടില്‍ ഒരു കളരിയും കളിയോഗവും നടത്തിവന്നിരുന്നു. ഇവരേക്കൂടാതെ സതീര്‍ത്ഥ്യരായിരുന്ന നീലമ്പേരൂര്‍ കൊല്ലപ്പള്ളിവീട്ടില്‍ മാധവപിള്ളയും ഗോവിന്ദപിള്ളയും ഈ കളരിയിലും കളിയോഗത്തിലും ആശാന്മാരായി പ്രവര്‍ത്തിച്ചിരുന്നു. കൊച്ചപ്പിരാമന്മാരുടെ സോദരന്‍ കൃഷ്ണപണിക്കര്‍ (കിട്ടപണിക്കര്‍) ആയിരുന്നു കളിയോഗത്തിലെ പ്രധാന ഗായകന്‍.
.
അഭിമാനകരമായ ശിഷ്യസമ്പത്തിന് ഉടമകളുമായിരുന്നു കൊച്ചപ്പിരാമന്മാര്‍. അനന്തിരവനായ കുറിച്ചി കുഞ്ഞന്‍പണിക്കര്‍, വെച്ചൂര്‍ അയ്യപ്പകുറുപ്പ്, കുടമാളൂര്‍ കരുണാകരന്‍‌നായര്‍ എന്നിവര്‍ ഇവരുടെ ശിഷ്യരില്‍ പ്രശസ്തരായ ചിലര്‍മാത്രമാണ്. നാട്ടകം വേലുപ്പിള്ള, പൂരത്തോട്ടു വേലുപ്പണിക്കര്‍, നീലമ്പേരൂര്‍ നാരായണപിളള, നീലമ്പേരൂര്‍ ഗോപാലപിള്ള തുടങ്ങിയ ശിഷ്യര്‍ പ്രഗത്ഭരെങ്കിലും പ്രാദേശികമായിമാത്രം പ്രശസ്തിയുണ്ടായിരുന്നവരാണ്. പില്‍ക്കാലത്ത് വടക്കന്‍‌ദേശങ്ങളില്‍ പോയി പഠിക്കുകയും വലിയനടനായി അരങ്ങുവാഴുകയും ചെയ്ത തകഴികുഞ്ചുക്കുറുപ്പ് കച്ചകെട്ടി കഥകളിഅഭ്യാസം ആരംഭിച്ചത് കൊച്ചപ്പിരാമന്മാരുടെ കളരിയില്‍‌വെച്ചായിരുന്നു.
.
വെച്ചൂര്‍ അയ്യപ്പക്കുറുപ്പ്
.
1044 ഇടവത്തില്‍ കുറിച്ചി തിരുവഞ്ചിക്കുളത്തുവീട്ടില്‍ ഭൂജാതനായ ഇദ്ദേഹം കുറിച്ചി കിട്ടന്‍പിള്ളയാശാനില്‍നിന്നും കച്ചയും മെഴുക്കും വാങ്ങി കഥകളിപഠനം ആരംഭിച്ചു. തുടര്‍ന്ന് അദ്ദേഹം കുറിച്ചി കുട്ടന്‍പിള്ളയുടെ കീഴിലും പഠനം നടത്തി. ഇകാലത്ത് ഈ കളരിയില്‍ കൊച്ചപ്പിരാമന്മാരും അഭ്യാസം നടത്തുന്നുണ്ടായിരുന്നു. കളരിയിലെ പ്രധാനശിഷ്യന്‍ എന്ന നിലയില്‍ കൊച്ചയ്യപ്പപണിക്കരും ആശാനുവേണ്ടി അദ്ധ്യാപനം നടത്തിവന്നിരുന്നു. ഇങ്ങിനെ സതീര്‍ത്ഥ്യനെങ്കിലും കുറുപ്പിന് കൊച്ചയ്യപ്പപണിക്കരുടെ ശിഷ്യത്വവും ഉണ്ടായി.
.
അയ്യപ്പക്കുറുപ്പ് ആദ്യാവസാനങ്ങളായ പച്ച, കത്തി, താടി വേഷങ്ങളാണ് കെട്ടുക പതിവ്. ഇദ്ദേഹത്തിന്റെ സൌഗന്ധികത്തില്‍ ഭീമന്‍, സൌഗന്ധികത്തില്‍ ഹനുമാന്‍‍, ചെറിയ നരകാസുരന്‍, ബാണന്‍, ബാലി, കുചേലന്‍, നരസിംഹം, എന്നീവേഷങ്ങളെല്ലാം സവിശേഷങ്ങളായിരുന്നു. ഇരുനിറത്തില്‍ ഒത്തദേഹപ്രകൃതിയും നല്ല നേത്രഗുണവുമുണ്ടായിരുന്ന അദ്ദേഹത്തിന്റെ അലര്‍ച്ച സവിശേഷഗുണമുള്ളതുമായിരുന്നു.
.
അയ്യപ്പകുറുപ്പ് വൈക്കംതാലൂക്കില്‍ വെച്ചൂര്‍ കുഴിപ്പള്ളിവീട്ടില്‍ കുഞ്ഞിക്കാവമ്മയെ വിവാഹംകഴിക്കുകയും, തുടര്‍ന്ന് വെച്ചൂരില്‍ താമസമാക്കുകയും ചെയ്തു. സ്തലത്തെ പ്രമാണിമാരുടെ സഹായത്തോടെ വെച്ചൂരില്‍ ഇദ്ദേഹം ഒരു കളരിയും കളിയോഗവും നടത്തിവന്നിരുന്നു.
.
വെച്ചൂര്‍ അയ്യപ്പക്കുറുപ്പ് തന്റെ കളിയോഗത്തോടുകൂടി വര്‍ഷംതോറും ഉത്തരകേരളത്തിലാകമാനം സഞ്ചരിച്ച്, പലസ്തലങ്ങളിലും അരങ്ങ് നടത്തിവന്നിരുന്നു. പ്രമുഖകഥകളികമ്പക്കാരും സ്വന്തമായി കളിയോഗങ്ങള്‍ ഉള്ളവരുമായ സ്വര്‍ണ്ണത്തുമന, പൂമുള്ളിമന, താഴേക്കാട്ടുമന, കൂടല്ലൂര്‍മന, കല്ലൂര്‍മന, മന്ത്രേടത്തുമന തുടങ്ങിയ ഇല്ലങ്ങളില്‍ കുറുപ്പിന്റെ കളിയോഗത്തിന് പ്രതിവര്‍ഷം ഒന്നിലധികം അരങ്ങുകള്‍ ലഭിച്ചിരുന്നു. 1077ല്‍ ഉത്തരകേരള പര്യടനം നടത്തിയപ്പോള്‍ കുറുപ്പിന്റെ കളിയോഗത്തില്‍ ആദ്യാവസാനം തിരുവല്ല കുഞ്ഞുപിള്ളയായിരുന്നു. അന്ന് തകഴി കുഞ്ചുക്കുറുപ്പ് രണ്ടാംതരം വേഷക്കാരനായി ഈ കളിയോഗത്തോടോപ്പം ഉണ്ടായിരുന്നു.
.
കുചേലവൃത്തം കഥ ആദ്യമായി ഉത്തരകേരളത്തില്‍ അവതരിപ്പിച്ചത് അയ്യപ്പകുറുപ്പിന്റെ കളിയോഗമായിരുന്നു. അയ്യപ്പകുറുപ്പായിരുന്നു കുചേലവേഷം കെട്ടിയിരുന്നത്. ഇദ്ദേഹം കുചേലനായി അരങ്ങിലെത്തുമ്പോള്‍ കൃത്രിമമായി ഉദരത്തിനുണ്ടാക്കുന്ന കൃശത ആരേയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഒരിക്കല്‍ പരീക്ഷിക്കാനായി ഒരു മനക്കാര്‍ കുചേലവേഷം കെട്ടുന്നതിനുമുന്‍പേ കുറുപ്പിനെ നിര്‍ബന്ധിച്ച് വയറുനിറയെ ഭക്ഷണം കഴിപ്പിച്ചു. എന്നാല്‍ അന്നും അരങ്ങിലെത്തിയപ്പോള്‍ കുചേലന്റെ വയര്‍ ഒട്ടിത്തന്നെ കിടന്നുവത്രേ!
.
ഇടപ്പള്ളി രാജാവ്, പൂമുള്ളി തമ്പുരാന്‍ തുടങ്ങിയ പ്രഭുക്കന്മാരില്‍നിന്നും പലപ്പോഴായി പലവിധ സമ്മാനങ്ങളും, ശ്രീമൂലംതിരുനാള്‍ മഹാരാജാവില്‍നിന്നും വീരശൃഘലയും വെച്ചൂര്‍ അയ്യപ്പക്കുറുപ്പിന് ലഭിച്ചിട്ടുണ്ട്.
.
വെച്ചൂര്‍ അയ്യപ്പക്കുറുപ്പിന്റെ സഹോദരനായിരുന്ന വേലുക്കുറുപ്പും കഥകളിനടനായിരുന്നു. ഇവര്‍ ബാലി-സുഗ്രീവ വേഷത്തില്‍ അരങ്ങിലെത്തുമ്പോള്‍ തിരിച്ചറിയുവാന്‍ പ്രയാസമായിരുന്നു എന്ന് കേട്ടിട്ടുണ്ട്. വെച്ചൂര്‍ രാമന്‍‌പിള്ള, പില്ലങ്ങാടി കേശവപിള്ള തുടങ്ങി പ്രശസ്തരും പ്രഗത്ഭരുമായ അനവധി ശിഷ്യരും അയ്യപ്പകുറുപ്പിന് ഉണ്ടായിരുന്നു. കൊല്ലവര്‍ഷം 1106ല്‍ വെച്ചൂര്‍ അയ്യപ്പക്കുറുപ്പ് ഇഹലോകവാസം വെടിഞ്ഞു.
.
വെച്ചൂര്‍ രാമന്‍‌പിള്ള
.
തിരുവന്തപുരം മുതല്‍ മലബാര്‍വരെ സമസ്തകേരളത്തിലേയും അരങ്ങുകളിലും സാനിധ്യമറിയിക്കുകയും, കഥകളിപ്രണയികളുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റുകയും ചെയ്ത ഒരു നടനായിരുന്നു വെച്ചൂര്‍ രാമന്‍പിള്ള. ഇദ്ദേഹം വൈക്കംതാലൂക്കില്‍ വെച്ചൂര്‍ദേശത്ത് തൊട്ടകംഗ്രാമത്തില്‍ വലിയപറമ്പ്‌വീട്ടില്‍ 1065 മിഥുനം 25ന് ഭൂജാതനായി. മൈലേക്കാട് കൃഷ്ണന്‍‌നമ്പൂതിരിയാണ് രാമന്റെ പിതാവ്. വെച്ചൂര്‍ അയ്യപ്പകുറുപ്പിന്റെ കളരിയില്‍ചെര്‍ന്ന് കഥകളി അഭ്യസിച്ചശേഷം അദ്ദേഹം, ആശാന്റെ കളിയോഗത്തില്‍ പ്രവര്‍ത്തിച്ചുവന്നു. കുറച്ചുകാലം ഇടപ്പള്ളികളിയോഗത്തിലും അംഗമായിരുന്ന രാമന്‍പിള്ള 1097മുതല്‍ തിരുവന്തപുരം വലിയകൊട്ടാരം കളിയോഗത്തിലും അംഗമായി.
.
വെച്ചൂര്‍ രാമന്‍പിള്ളയെസംബന്ധിച്ച് കഥകളി ഒരു ജീവിതോപാധിയെന്നതിലുപരിയായി മഹത്തായ ഒരു ലക്ഷ്യംകൂടിയായിരുന്നു. സാമന്യത്തിലേറെ വലിപ്പമുള്ള ശരീരപ്രകൃതമായിരുന്നു ഇദ്ദേഹത്തിന്റേത്. തറവാടിത്തം, സ്വഭാവശുദ്ധി, അഭ്യാസപാടവം, പാണ്ഡിത്യം, രസികത്തം എന്നിവയുള്ള വെച്ചൂരിന്റെ വേഷങ്ങള്‍ ഭംഗിയും, രസവാസനയുമുള്ളവയായിരുന്നു. താടിവേഷങ്ങള്‍ പ്രധാനമായി കൈകാര്യംചെയ്തിരുന്ന അദ്ദേഹത്തിന്റെ മറ്റൊരു പ്രത്യേകത ഉജ്വലവും കനത്തതുമായ അലര്‍ച്ചയായിരുന്നു. രാമന്‍പിള്ളയുടെ ബാലി, ബകന്‍, കാലകേയന്‍, വീരഭദ്രന്‍, ത്രിഗര്‍ത്തന്‍ എന്നീവേഷങ്ങള്‍ അന്യാദ്ദൃശ്യമായ പ്രഭാവമുള്ളവയായിരുന്നു. ഇദ്ദേഹത്തിന്റെ ദുശ്ശാസനന്‍, കലി, നരസിംഹം എന്നിവേഷങ്ങള്‍ അതിപ്രശസ്തങ്ങളായിരുന്നു. ഉത്തരകേരളത്തിലെത്തിയതോടെ വടക്കന്‍ സമ്പൃദായത്തിലുള്ള ജരാസന്ധന്‍ (തെക്കന്‍ സമ്പൃദായത്തില്‍ ജരാസന്ധന്‍ കത്തിവേഷവും വടക്കന്‍ സമ്പൃദായത്തില്‍ താടിവേഷവുമാണല്ലൊ) രാമന്‍പിള്ള വശമാക്കുകയും പ്രശംസനീയമായ രീതിയില്‍ രംഗത്ത് അവതരിപ്പിക്കുകയും ചെയ്തു വന്നു. ചില അവസരങ്ങളില്‍ അദ്ദേഹം വലലന്‍, യവനന്‍ തുടങ്ങിയ മിനുക്കുവേഷങ്ങളും കരിവേഷങ്ങളും കെട്ടിയിട്ടുണ്ട്.
.
മാത്തൂര്‍ കുഞ്ഞുപിള്ള പണിക്കര്‍ക്കുശേഷം ഉത്തരകേരളത്തില്‍ പേരെടുത്തിട്ടുള്ള ഒരു തെക്കന്‍നടന്‍ രാമന്‍പിള്ളയാണ്. വള്ളത്തോളിനും പട്ടിക്കാന്തൊടിക്കും സമ്മതനായിതീര്‍ന്ന വെച്ചൂര്‍ രാമന്‍പിള്ള 1103നുശേഷം കലാമണ്ഡലം അരങ്ങുകളില്‍ മിക്കപ്പോഴും ക്ഷണിക്കപ്പെട്ടിരുന്നു. കലാമണ്ഡലംസംഘത്തോടോപ്പം സഞ്ചരിച്ച് ഇദ്ദേഹം പലപ്പോഴും കേരളത്തിനു പുറത്തുള്ള അരങ്ങുകളിലും പങ്കെടുക്കുകയുണ്ടായിട്ടുണ്ട്. പ്രശസ്തനാട്യാചാര്യന്‍ പട്ടികാന്തൊടി രാവുണ്ണിമേനോന് അഭിനയം കൂടാതെ പാട്ട്, ചെണ്ട എന്നിവയും കൈക്കാര്യം ചെയ്യാന്‍ അറിയാമായിരുന്നു. എന്നാല്‍ പലപ്പോഴും, പലരും നിര്‍ബന്ധിച്ചിട്ടുപോലും ഇദ്ദേഹം അരങ്ങില്‍ പാടുകയുണ്ടായിട്ടില്ല. എന്നാല്‍ സ്വമേധയാ തീരുമാനിച്ച് പലപ്പോഴും പാടിയിട്ടുമുണ്ട്. ഇങ്ങിനെ നാട്യാചാര്യന്‍ ചില അവസരങ്ങളില്‍ തന്റെ ആദ്യകഥയിലെ വേഷംതീര്‍ന്ന്, തിടുക്കത്തില്‍ തുടച്ച്, രണ്ടാംകഥയിലെ വെച്ചൂരിന്റെ വേഷത്തിന് പൊന്നാനി പാടാനെത്തിയതായി കേട്ടിട്ടുണ്ട്.
.
1119 വൃശ്ചികത്തില്‍ രോഗംബാധിച്ച് ശയ്യാവലംബിയായിതീര്‍ന്ന വെച്ചൂര്‍ രാമന്‍പിള്ള ആ വര്‍ഷം മീനമാസത്തില്‍ ലോകമാകുന്ന അരങ്ങില്‍ നിന്നും നിഷ്ക്രമിച്ചു.
.

2 അഭിപ്രായങ്ങൾ:

വികടശിരോമണി പറഞ്ഞു...

മണീ,
ഇതൊരു നല്ല ശ്രമമാണ്.കഥകളിയുടെ ചരിത്രത്തെ ഇന്റർനെറ്റിലെത്തിക്കുന്നത് കഥകളിക്ക് ദൂരവ്യാപകമായ ഗുണം ചെയ്യും.
അഭിനന്ദനങ്ങൾ.

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

നന്ദി വികടശിരോമണി....