കഥകളി ആസ്വാദനസദസിലെ ‘മൂന്നാംദിവസം‘

ഇടപ്പള്ളി കഥകളി ആസ്വാദനസദസിന്റെ മെയ്‌മാസപരിപാടി 29/05/08ന് വൈകിട്ട് 6മുതല്‍ ഇടപ്പള്ളി ചെങ്ങന്വുഴസ്മാരകപാര്‍ക്കില്‍ നടന്നു. നളചരിതം മൂന്നാം ദിവസത്തിലെ‘അന്തീകേ വന്നീടേണം’(കാര്‍കോടകന്റെ വിലാപം)മുതലുള്ള ഭാഗങ്ങളാണിവിടെ അവതരിപ്പിക്കപ്പെട്ടത്.

ശ്രീ കടുങ്ങല്ലൂര്‍ നന്വീശനാണ് കാര്‍കോടകനായെത്തിയത്. വെളുത്തനളന്‍,ഋതുപര്‍ണ്ണന്‍ എന്നീവേഷങ്ങള്‍ ശ്രീ കലാ:ശ്രീകുമാറും കൈകാര്യം ചെയ്തു.ശ്രീ കലാ:ഗോപിയായിരുന്നു ബാഹുകന്‍.


കാര്‍കോടകനുമായി പിരിഞ്ഞശേഷമുള്ള ബാഹുകന്റെ ആട്ടം പ്രധാനമായും മൂന്ന് ഘട്ടങ്ങളായി തിരിക്കാം.ആദ്യഘട്ടത്തില്‍ നളന്‍ തന്റെ ഇതുവരേയുള്ള കഥകളെ സ്മരിച്ച് സങ്കടപ്പെടുന്നു.
അടുത്തഘട്ടമായി പ്രശസ്തമായ ‘മാന്‍പ്രസവം’ എന്ന ആട്ടമാണിവിടെ ആടിയത്. ദൈവക്യപയാല്‍ ദുര്‍ഘടങ്ങളോഴിവായശേഷം പേടമാന്‍, പ്രസവിച്ച് ഉണ്ടായ 2 കുട്ടികളേയും നക്കിതുടക്കുന്നു. മാന്‍‌കുട്ടികള്‍തള്ളയുടെ മുലകുടിക്കുന്നു. ഈ കാഴ്ച്ചകണ്ട് ബാഹുകന്‍ വിചാരിക്കുന്നു-“മാതാവും കുട്ടികളും തമ്മിലുള്ള മമതാബന്ധം എത്ര മഹത്തരമാണ്. എനിക്കും ഉണ്ട് 2 കുട്ടികള്‍. അവര്‍ ഈ സമയം അമ്മയേയും അച്ഛനേയും കാണാതെ വിഷമിക്കുന്നുണ്ടാകും. എന്നാണ് ഇനി തനീക്കവരെ കാണാനാവുക?”
അന്ത്യഘട്ടത്തില്‍ ബാഹുകന്‍ സഞ്ചരിച്ച് കാടുവിട്ട് നാട്ടിലെത്തുന്നതും,വഴിപോക്കരായ ബ്രാഹ്മണരോട് ചോദിച്ച് വഴി മനസ്സിലാക്കി ഋതുപര്‍ണ്ണ സമീപമെത്തുന്നതുവരേയുള്ള കാഴച്ചകളുമാണ് ആടിയത്. സാകേതരാജധാനിയിലെ കൊടിമരം വളരേ ദൂരത്തുനിന്നും കണ്ട ബാഹുകന്,ആ കൊടിമരത്തിലെ കൊടിക്കൂറ അശരണരേയും ആലന്വഹീനരേയും മാടിവിളിക്കുന്നതായി തോന്നുന്നു. ആ കൊടിക്കൂറയുടെ ലക്ഷണം കണ്ടാല്‍തന്നെ രാജാവ് യോഗ്യനാണെന്ന് മനസ്സിലാക്കാം എന്ന് ബാഹുകന്‍ വിചാരിക്കുന്നു. തുടര്‍ന്ന് വലുതായ ഗോപുരങ്ങള്‍ കടന്ന്,നഗരത്തിലെ വലിയമാളികള്‍ക്കിടയിലൂടെ,രാജപാതയില്‍ സച്ചരിച്ച് ബാഹുകന്‍ ഋതുപര്‍ണ്ണന്റെ കൊട്ടാര വാതില്‍ക്കല്‍ എത്തുന്നു. അവിടെ നില്‍ക്കുന്ന കാവല്‍ക്കാരോട് അനുവാദം വാങ്ങി അകത്തേക്കുകടക്കുന്ന ബാഹുകന്‍, ഉദ്യാനത്തില്‍ സ്ത്രീകളുടെ വാദ്യവായനയും ന്യത്താദികളും കണ്ട് ഒരു നിമിഷംതന്റെ ഉദ്യാനത്തില്‍ സുഖമായി ഇരുന്ന കാലത്തെ സ്മരിക്കുന്നു.‘അങ്ങിനെ ഇരുന്ന ഞാന്‍ ഇന്ന് മറ്റൊരു രാജാവിനെ സേവിക്കേണ്ടതായ അവസ്ത വന്നല്ലൊ! ഏതായാലും ദമയന്തി, നിന്നേ സന്ധിക്കാനായി ഞാനിതു ചെയ്യാം.’ എന്നുറപ്പിച്ച് ബാഹുകന്‍ ഋതുപര്‍ണ്ണ സഭയിലേക്ക് പോകുന്നു. ഈ ആട്ടങ്ങളുള്‍പ്പെടെ ബാഹുകവേഷംവളരേ ഭംഗിയായി ഗോപിയാശാന്‍ കൈകാര്യംചെയ്തു.


‘ദ്രുതതരഗതി മമ’എന്നുതുടങ്ങുന്ന ഋതുപര്‍ണ്ണന്റെ പദത്തിന്റെ(‘വസവസ സൂതാ’) അന്ത്യ ചരണവും‘നീയുംനിന്നുടെ തരുണിയൂമായി’ എന്നുതുടങ്ങുന്ന ജീവലന്റെ പദത്തിന്റെ രണ്ടാം ചരണവും ‘അക്യതകം പ്രണയമനുരാഗമാര്‍ദ്രഭാവവും’എന്നുതുടങ്ങുന്ന ഋതുപര്‍ണ്ണന്റെ പദത്തിന്റെ(‘വരികബാഹുക’) രണ്ടാം ചരണവും ഇവിടെ പാടിക്കണ്ടില്ല. ഇങ്ങിനെ ചരണങ്ങള്‍ പലതും ഉപേക്ഷിക്കുന്നത് നല്ല കീഴവഴക്കമായി തോന്നിയില്ല.


ശ്രീ കലാ:പ്രദീപ് ജീവലനായും ശ്രീ ആര്‍.എല്‍.വി.മനോജ് വാഷ്ണേയനായും രംഗത്തെത്തി.ദമയന്തിയായി വേഷമിട്ടത് ശ്രീ കോട്ട:വാസുദേവന്‍ കുണ്ഡലായരായിരുന്നു.’കരണീയം’എന്ന ദമയന്തിയുടെ പദം സാധാരണയിലും ലേശം കാലംവലിച്ചാണ് ഇവിടെ പാടിയത്. ശ്രീ കോട്ട:മധുവാണ് ഈ രംഗത്തില്‍പൊന്നാനി പാടിയിരുന്നത്.

വേണ്ടത്ര ചടുലതയൊന്നും തോന്നിയില്ലെങ്കിലും ശ്രീ മടവൂര്‍ വാസുദേവന്‍ നായരുടെ സുദേവനും നന്നായിരുന്നു.സാധാരണയായി ദമയന്തിയോടുള്ള മറുപടിപദത്തില്‍, ‘ആളകന്വടികളോടും മേളവാദ്യഘോഷത്തോടും’ എന്ന ഭാഗത്ത് ഓരോരോ വാദ്യങ്ങള്‍ വായിക്കുന്നത് വിസ്തരിച്ച് ആടിക്കാണാറുണ്ട്. എന്നാല്‍ ഇവിടെ അതുണ്ടായില്ല.എന്നാല്‍ ഋതുപര്‍ണ്ണനോടുള്ള പദത്തില്‍,’ശംഘമദ്ദള മംഗളധനി’ എന്ന ഭാഗത്ത് വാദ്യവിധാനപ്രയോഗങ്ങള്‍ ലേശം വിസ്തരിക്കുകയും ചെയ്തു. ഈ പദത്തിലെ ‘പന്തണീമുലമാര്‍മണി’ അങ്ങിനെ തന്നെ വിസ്തരിച്ചു ആടുകാണുണ്ടായത്.


ഈ പദത്തിനുശേഷം സുദേവന്‍ ഋതുപര്‍ണ്ണനെ വണങ്ങി പോകുന്വോള്‍ ബാഹുകന്‍ പിറകേചെന്ന് ഏന്തോചോദിക്കാന്‍ തുനിഞ്ഞു. എന്നാല്‍ ‘ഞാന്‍ ഭക്ഷണം കഴിക്കാനായി ഊട്ടുപുരയിലേക്ക് നീങ്ങട്ടെ‘ എന്നു പറഞ്ഞ് സുദേവന്‍ നടന്നു. എന്നിട്ടും പിന്നാലേ ചെന്ന ബാഹുകനെ തിരിഞ്ഞൊന്ന് നന്നായി നോക്കിയിട്ട് സുദേവന്‍ നടന്നുനീങ്ങി. ഈ സമയമത്രയും അടുത്ത പദം തുടങ്ങാതെ പാട്ടുകാര്‍ താളമിട്ടുനിന്നു. ഋതുപര്‍ണ്ണനും ഇതുനോക്കിക്കൊണ്ട് ഇരുന്നു! ബാഹുകന്റെ വരവിനുകാത്തിരിക്കാതെ ഋതുപര്‍ണ്ണന്‍,തന്റെ കര്‍ണ്ണികയില്‍ പതിച്ച സുദേവവാക്യങ്ങളാല്‍ ദമയന്തീചിന്തയിലിരിക്കുന്നതായി നടിച്ചിരുന്നെങ്കില്‍ നന്നായിരുന്നു എന്നു തോന്നി.


ശ്രീ കോട്ട:നാരായണന്‍,കോട്ട:മധു തുടങ്ങിയവരായിരുന്നു പാട്ട്. ഇവര്‍ നളചരിതം പോലെയുള്ള കഥകള്‍ കുറച്ചുകൂടി ഭാവാത്മകമായി ആലപിക്കാന്‍ ശ്രമിച്ചാല്‍ നന്നായിരുന്നു എന്നു തോന്നി.ചെണ്ട കൈകാര്യംചെയ്ത ശ്രീ കലാ:ക്യഷ്ണദാസും തരക്കേടില്ലാത്ത പ്രകടനമാണ് കാഴ്ച്ചവെയ്ച്ചത്.


ശ്രീ കലാനിലയം സജിയായിരുന്നു ചുട്ടിക്ക്. ഏരൂര്‍ ശ്രീ ഭവാനീശ്വരം കളിയോഗത്തിന്റെ കോപ്പുകള്‍ ഉപയോഗിച്ച് ശ്രീ ഏരൂര്‍ ശശിയും സംഘവുമാണ് അണിയറ കൈകാര്യം ചെയ്തിരുന്നത്.

3 അഭിപ്രായങ്ങൾ:

മണി പറഞ്ഞു...

ഇടപ്പള്ളി കഥകളി ആസ്വാദനസദസിന്റെ മെയ്‌മാസപരിപാടി 29/05/08ന് വൈകിട്ട് 6മുതല്‍ ഇടപ്പള്ളി ചെങ്ങന്വുഴസ്മാരകപാര്‍ക്കില്‍ നടന്നു. നളചരിതം മൂന്നാം ദിവസത്തിലെ‘അന്തീകേ വന്നീടേണം’(കാര്‍കോടകന്റെ വിലാപം)മുതലുള്ള ഭാഗങ്ങളാണിവിടെ അവതരിപ്പിക്കപ്പെട്ടത്.ശ്രീ കടുങ്ങല്ലൂര്‍ നന്വീശനാണ് കാര്‍കോടകനായെത്തിയത്. വെളുത്തനളന്‍,ഋതുപര്‍ണ്ണന്‍ എന്നീവേഷങ്ങള്‍ ശ്രീ കലാ:ശ്രീകുമാറും കൈകാര്യം ചെയ്തു.ശ്രീ കലാ:ഗോപിയായിരുന്നു ബാഹുകന്‍.ശ്രീ കലാ:പ്രദീപ് ജീവലനായും ശ്രീ ആര്‍.എല്‍.വി.മനോജ് വാഷ്ണേയനായും രംഗത്തെത്തി.ദമയന്തിയായി വേഷമിട്ടത് ശ്രീ കോട്ട:വാസുദേവന്‍ കുണ്ഡലായരായിരുന്നു.ശ്രീ മടവൂര്‍ വാസുദേവന്‍ നായരുടെ സുദേവനും നന്നായിരുന്നു.ശ്രീ കോട്ട:നാരായണന്‍,കോട്ട:മധു തുടങ്ങിയവരായിരുന്നു പാട്ട്.ചെണ്ട കൈകാര്യംചെയ്ത ശ്രീ കലാ:ക്യഷ്ണദാസും തരക്കേടില്ലാത്ത പ്രകടനമാണ് കാഴ്ച്ചവെയ്ച്ചത്.ശ്രീ കലാനിലയം സജിയായിരുന്നു ചുട്ടിക്ക്.ഏരൂര്‍ ശ്രീ ഭവാനീശ്വരം കളിയോഗത്തിന്റെ കോപ്പുകള്‍ ഉപയോഗിച്ച് ശ്രീ ഏരൂര്‍ ശശിയും സംഘവുമാണ് അണിയറ കൈകാര്യം ചെയ്തിരുന്നത്.

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

കഥകളിയെക്കുറിച്ചുള്ള ഈ ബ്ലോഗ് ക്കാണാന്‍ വൈകിപ്പോയി.

നല്ല ഉദ്യമം.

nair പറഞ്ഞു...

Mani,
I gone through your write up regarding the Nalacharitham-3 at edappally and Rugminiswayamvaram .
Really very nice to read.
C.Ambujakshan Nair