അന്വലപ്പുഴയിലെ രുഗ്മിണീസ്വയംവരം

25/05/08ന് അന്വലപ്പുഴ ശ്രീക്യഷ്ണക്ഷേത്ര നാടകശാലയില്‍ രുഗ്മിണീസ്വയംവരം കഥകളി അവതരിപ്പിക്കപ്പെട്ടു.കഥകളിസന്ദര്‍ശന്‍ വിദ്യാലയമാണ് കളി സംഘടിപ്പിച്ചത്.‘രുഗ്മിണീസ്വയംവരം’ ആയിരുന്നു കഥ.ഇത് ഇപ്പോള്‍ ധാരാളമായി അവതരിപ്പിക്കപ്പെടാറില്ല. അവതരിപ്പിച്ചാലും സുന്ദരബ്രാഹ്മണന്റെ ഭാഗം മാത്രമായെ പതിവുള്ളു.എന്നാലിവിടെ അതിനെ തുടര്‍ന്നുള്ള ശിശുപാലന്റെ ഭാഗവുമറ്റും അവതരിപ്പിക്കപ്പെട്ടു.

ബാല്യകാലം മുതല്‍ ശ്രീക്യഷ്ണന്‍ തന്റെ ഭര്‍ത്താവായി വരണമെന്ന് ആഗ്രഹിച്ചിരുന്ന രുഗ്മിണിയെ, സഹോദരന്‍ ശിശുപാലന് വിവാഹംകഴിച്ചു കൊടുക്കുവാന്‍ നിശ്ചയിച്ച വിവരം സഖിയില്‍നിന്നും അറിഞ്ഞ് ദു:ഖിക്കുന്ന രുഗ്മിണിയുടെ വിചാരപ്പദമാണ് ആദ്യരംഗത്തില്‍.ശ്രീ കലാ:മുകുന്ദന്‍ രുഗ്മിണിയായി വേഷമിട്ടു.

രുഗ്മിണി തന്റെ വിഷമാവസ്ത ഭഗവാനേ അറിയിക്കുവാനായി കൊട്ടാരത്തിലെ ആശ്രിതനും വിശ്വസ്തനുമായ ഒരു ബ്രാഹ്മണനെ(സുന്ദരബ്രാഹ്മണന്‍) നിയോഗിക്കന്ന രംഗമാണ് അടുത്തത്.’ഭൂമീസുരവരവന്ദേ’ എന്ന രുഗ്മിണിയുടെ പദമാണിതിലാദ്യം.


തുടര്‍ന്നാണ് ‘ചിത്തതാപം അരുതേ ചിരംജീവാ,മത്തവാരണഗതേ’ എന്ന പ്രസിദ്ധമായ ബ്രാഹ്മണന്റെ മറുപടിപദം. ഈ പദം അടന്ത താളത്തിലാണെങ്കിലും ഇതിലെ ‘ചേദിമഹീപതി ആദികളായുള്ള്’എന്ന ഖണ്ഡംമാത്രം മുറിയടന്തയിലാണ് ആലപിക്കുക.‘നീ ഒന്നുകൊണ്ടും ഖേദിക്കേണ്ടാ.നിന്റെ വിവരങ്ങള്‍ ഞാന്‍ പോയി ക്യഷ്ണനെ അറിയിച്ചുകൊള്ളാം. ആശ്രിതവത്സലനായ അവന്‍ നിന്നെ കൈവെടിയില്ല. ഭഗവാന്‍ ചേദിമഹീപതിആദിയായുള്ളവരെ സമരത്തില്‍ ഭേദിച്ചുടന്‍ നിന്നെ കൊണ്ടുപോകും എന്നതിന് സംശയം വേണ്ട.’ഇതാണീപദത്തിന്റെ ആശയം.

പദശേഷം ചെറിയൊരു ആട്ടവുമുണ്ട്-‘ക്യഷ്ണന്‍ തന്റെ ആഗ്രഹം സാധിച്ചുതരും എന്ന് അങ്ങേക്കുറപ്പാണോ?’എന്നുചോദിക്കുന്ന രുഗ്മിണിയോട് ബ്രാഹ്മണന്‍ പറയുന്നു-‘അതുറപ്പാണ് പണ്ട് ഗോപികമാരുടെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുത്ത കഥ നിനക്കറിയില്ലെ? പറഞ്ഞുതരാം.കുറേ ഗോപികമാര്‍ ക്യഷ്ണനെ ഭര്‍ത്യഭാവത്തില്‍ ഭജിച്ച് യമുനാനദീതീരത്ത് വസിച്ചിരുന്നു. ഒരു പൂനിലാവുള്ള രാത്രിയില്‍ അവരുടെ ഓരോരുത്തരുടേയും അരികില്‍ ഓരോ ക്യഷ്ണന്മാര്‍ എന്ന രീതിയില്‍ ഭഗവാന്‍ ആവിര്‍ഭവിച്ച് ഇവരുടെ എല്ലാം ആഗ്രഹങ്ങളെ സാധിപ്പിച്ച് സന്തോഷിപ്പിച്ചു. അങ്ങിനെയുള്ള ക്യഷ്ണന്‍ ലക്ഷ്മീദേവിക്കു തുല്യയായ ഭവതിയുടെ ആഗ്രഹം ഉറപ്പായും സാധിച്ചുതരും.‘ഇങ്ങിനെ പറഞ്ഞ് ബ്രാഹ്മണന്‍ ക്യഷ്ണനെ കാണാന്‍ പുറപ്പെടുന്നു. ശ്രീ കലാ:വിജയനായിരുന്നു സുന്ദരബ്രാഹ്മണനായെത്തിയത്. ബ്രാഹ്മണവേഷത്തിന് വേണ്ട ഒരു ചടുലതയും,പരിഭ്രമവും വേണ്ടപോലെ കണ്ടില്ലെങ്കിലും തെറ്റില്ലാത്ത പ്രകടനമായിരുന്നു വിജയന്റേത്.

അടുത്തരംഗത്തില്‍ ‘യാദവകുലാവതംസ’ എന്ന സ്തുതിയോടെ ബ്രാഹ്മണന്‍ ശ്രീക്യഷ്ണ സമീപത്തേക്കെത്തുന്നു.ബ്രാഹ്മണനെ സ്വീകരിച്ചിരുത്തി വണങ്ങിക്കൊണ്ട് ‘മേദിനീദേവാവിഭോ’എന്ന ക്യഷ്ണന്റെ പദമാണ് തുടര്‍ന്ന്.‘പങ്കജാക്ഷ നിന്നുടെയ’ എന്ന മറുപടിപദത്തില്‍ തന്റെ ആഗമനോദ്ദേശം ബ്രാഹ്മണന്‍ ക്യഷ്ണനെ ധരിപ്പിക്കുന്നു.രുഗ്മിണിയുടെ വിവരങ്ങള്‍ കേട്ട് സന്തുഷ്ടനായ ക്യഷ്ണന്‍ ‘തരുണീമണിയാമെന്നുടെ രമണിയെ തരസാ കൊണ്ടിഹ പോന്നീടുന്നേന്‍’ എന്ന് അറിയിക്കുന്നു.


താന്‍ രുഗ്മിണിയെ വേള്‍ക്കാന്‍ പോകുന്നു എന്നുള്ള വിവരം മാതാപിതാക്കളെ അറിയിക്കുവാന്‍ ക്യഷ്ണന്‍,ഭ്രിത്യരെ അയക്കുന്നു. തുടര്‍ന്ന് ക്യഷ്ണന്‍ യാത്രക്കായി തേര് വരുത്തുന്നു. ബ്രാഹ്മണനോട് തേരില്‍ ഒപ്പം പോരുവാന്‍ ആവശ്യപ്പെടുന്നു. എന്നാല്‍ തനിക്ക് ഇത് ശീലമില്ലെന്നും,ഭയമാണെന്നും അറിയിക്കുന്ന ബ്രാഹ്മണനോട് തേരിന്റെകൊടിമരത്തില്‍ പിടിച്ച് ഇരുന്നുകൊള്ളുവാന്‍ ക്യഷ്ണന്‍ പറയുന്നു.‘വേണ്ട,തേര് ഓടിപ്പോകുന്വോള്‍ വലുതായ കൊടിമരമെങ്ങാനും ഒടിഞ്ഞുപോയാല്‍ കുഴപ്പമാവും,എന്റെ കഥയും കഴിയും‘ എന്ന് പറഞ്ഞ് ബ്രാഹ്മണന്‍ തേരില്‍ കയറാന്‍ മടിക്കുന്നു. ഇതു പറയുന്നതിനു മുന്‍പായി വലുതായ കൊടിമരത്തെ ഒന്ന് നോക്കിക്കണ്ട് ഭീതി നടിക്കേണ്ടതായുണ്ട്. ഇത് ഇവിടെ വിജയന്‍ ചെയ്യുന്നതു കണ്ടില്ല.ബ്രാഹ്മണന്റെ ഭീതികണ്ട് ക്യഷ്ണന്‍ പറയുന്നു-‘തേര്‍ ഓടുന്വോള്‍ അങ്ങ് എന്നെ കെട്ടിപിടിച്ചുകൊണ്ട് പേടിക്കാതെ ഇരുന്നുകൊള്ളുക.’ ഇതുകേട്ട് അതിയായ സന്തോഷത്തോടെ ഇതു തന്റെ സുക്യതമായി കണക്കാക്കി ബ്രാഹ്മണന്‍ തേരിലേറാന്‍ സമ്മതിക്കുന്നു. പിന്നേയും ശങ്കിച്ചുനില്‍ക്കുന്ന ബ്രാഹ്മണനോട് ‘ഇനി എന്ത് ശങ്ക?’എന്ന് ക്യഷ്ണന്‍.ബ്രാഹ്മണന്‍ തെല്ലുജാള്യതയോടെ പറയുന്നു-‘ഞാന്‍ ഈ വിവരങ്ങള്‍ രുഗ്മിണിയോട് ചെന്ന് പറയുന്വോള്‍ അവള്‍ക്ക് ഉറപ്പുവരുത്തുവാനായി ഒരു നീട്ടെഴുതി നല്‍കിയാല്‍ നന്നായിരുന്നു.’ഉടനെ ക്യഷ്ണന്‍ ഒരു കുറിപ്പെഴുതി ശഖുമുദ്രയും വച്ച് ബ്രാഹ്മണനു നല്‍കുന്നു.തുടര്‍ന്ന് ഇരുവരും തേരിലേറി കുണ്ഡിനത്തിലേക്ക് പുറപ്പെടുന്നു.ശ്രീ കലാ:ഹരിനാരായണനായിരുന്നു ശ്രീക്യഷ്ണനായി അരങ്ങിലെത്തിയത്. നല്ലപ്രവ്യത്തിയാണിദ്ദേഹത്തിന്റേതെങ്കിലും വല്ലാതെ ആയാസപ്പെടുന്നതായി തോന്നി.

കുണ്ഡിനത്തിലെത്തിയ ബ്രാഹ്മണന്‍ രുഗ്മിണിയെ കണ്ട് വിവരങ്ങള്‍ ധരിപ്പിക്കുന്ന രംഗമാണ് അടുത്തത്.‘നിന്നെ കൊണ്ടുപോകാന്‍ ക്യഷ്ണന്‍ ഇവിടെ എത്തികഴിഞ്ഞു.ഇനി നീ സന്തോഷത്തോടെ ഇരിക്കുക.’എന്നറിയിച്ച് ക്യഷ്ണന്‍ തന്ന കുറിപ്പും നല്‍കിയിട്ട്,’എനിക്ക് പാചകശാലയില്‍ ജോലികളുണ്ട്,എന്നെ ഇത്രനേരം കാണാഞ്ഞ് അവിടെ അന്യൂഷിക്കുന്നുണ്ടാകും‘ എന്ന് പറഞ്ഞ് ബ്രാഹ്മണന്‍ പോകുന്നു.
ശിശുപാലന്റേയും(കത്തി) കലിംഗന്റേയും(ഭീരു) തിരനോട്ടമാണ് തുടര്‍ന്ന്.പാര്‍വ്വതീക്ഷേത്രത്തില്‍ ദര്‍ശനത്തിനായി രുഗ്മിണിഗമിക്കുന്നതാണ് അടുത്ത രംഗം.’ചഞ്ചലാക്ഷിമാരണിയും’എന്ന സാരിപദത്തിന് ചുവടുവെച്ചുകൊണ്ട് രുഗ്മിണി പ്രവേശിക്കുന്നു. ഒപ്പം ന്യത്തമെന്ന ഭാവേന ചില ഗോഷ്ടികള്‍ കാട്ടികൊണ്ട് ഭീരുവും.


സാരിപ്പദം കഴിയുന്നതോടെ രുഗ്മിണി ദേവീദര്‍ശനം കഴിച്ച് പൂജാരിയില്‍ നിന്നും പ്രസാദവും പൂജിച്ച വരണമാല്യവും വാങ്ങുന്നു. ഈ സമയം ക്യഷ്ണന്‍ അവിടെ ആഗതാനാകുന്നു. രുഗ്മിണി ശ്രീക്യഷ്ണനെ ഹാരമണിയിക്കുന്നു.

ക്യഷ്നന്‍ രുഗ്മിണിയെ പാണിഗ്രഹണം ചെയ്ത് തേരിലേറ്റി കൊണ്ടു പോകുന്നു.വരണമാല്യമണിയാന്‍ കഴുത്തുനീട്ടിനിന്നിരുന്ന ഭീരു, ഇതു കണ്ട് തലയില്‍ കൈവച്ച് നിലവിളിക്കുന്നു. അതു കേട്ട് ശിശുപാലന്‍ അവിടേക്കെത്തി ക്യഷ്ണനെ തടുത്ത് പോരിനു വിളിക്കുന്നു.അനന്തരം, ക്യഷ്ണന്‍ ശിശുപാലാദികളെ സമരത്തില്‍ തോല്‍പ്പിച്ച് ഓടിച്ചിട്ട്, രുഗ്മിണീസമേതനായി ദ്വാരകയിലേക്ക് ഗമിക്കുന്നതോടെ കഥ അവസാനിക്കുന്നു.

ഈ കളിക്ക് ശ്രീ പത്തിയൂര്‍ ശങ്കരന്‍‌കുട്ടിയും ശ്രീ കലാ:രാജേഷ് മേനോനും ചേര്‍ന്ന് സംഗീതവും, ശ്രീ ശ്രീകാന്ത് വര്‍മ്മയും(ചെണ്ട) ശ്രീ കലാനിലയം മനോജും(മദ്ദളം) ചേര്‍ന്ന് മേളവും ഒരുക്കി.
കെട്ടിപഴക്കം കുറവ് കൊണ്ടുള്ള പോരായ്കകള്‍ ഉണ്ടായിരുന്നെങ്കിലും ഈ കളിയില്‍ പങ്കെടുത്ത യുവകലാകാരന്മാരെല്ലാവരും നന്നായി പ്രവര്‍ത്തിച്ചുകണ്ടു. ഈ പോരായ്കകള്‍ മാറാന്‍ ഇവര്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കേണ്ടതായുണ്ട്. ഈ രീതിയില്‍ ഒള്ള കളികള്‍ സംഘടിപ്പിച്ച് യുവകാലാകാരമാര്‍ക്ക് പ്രോത്സാഹനം നല്‍കുന്ന സന്ദര്‍ശന്റെ ഉദ്യമം അഭിനന്തനാര്‍ഹമാണ്.

4 അഭിപ്രായങ്ങൾ:

മണി പറഞ്ഞു...

25/05/08ന് അന്വലപ്പുഴ ശ്രീക്യഷ്ണക്ഷേത്ര നാടകശാലയില്‍ രുഗ്മിണീസ്വയംവരം കഥകളി അവതരിപ്പിക്കപ്പെട്ടു.കഥകളിസന്ദര്‍ശന്‍ വിദ്യാലയമാണ് കളി സംഘടിപ്പിച്ചത്.‘രുഗ്മിണീസ്വയംവരം’ ആയിരുന്നു കഥ.ഇത് ഇപ്പോള്‍ ധാരാളമായി അവതരിപ്പിക്കപ്പെടാറില്ല. അവതരിപ്പിച്ചാലും സുന്ദരബ്രാഹ്മണന്റെ ഭാഗം മാത്രമായെ പതിവുള്ളു.എന്നാലിവിടെ അതിനെ തുടര്‍ന്നുള്ള ശിശുപാലന്റെ ഭാഗവുമറ്റും അവതരിപ്പിക്കപ്പെട്ടു.ശ്രീ കലാ:മുകുന്ദന്‍ രുഗ്മിണിയായി വേഷമിട്ടു.ശ്രീ കലാ:വിജയനായിരുന്നു സുന്ദരബ്രാഹ്മണനായെത്തിയത്. ശ്രീ കലാ:ഹരിനാരായണനായിരുന്നു ശ്രീക്യഷ്ണനായി അരങ്ങിലെത്തിയത്. ഈ കളിക്ക് ശ്രീ പത്തിയൂര്‍ ശങ്കരന്‍‌കുട്ടിയും ശ്രീ കലാ:രാജേഷ് മേനോനും ചേര്‍ന്ന് സംഗീതവും, ശ്രീ ശ്രീകാന്ത് വര്‍മ്മയും(ചെണ്ട) ശ്രീ കലാനിലയം മനോജും(മദ്ദളം) ചേര്‍ന്ന് മേളവും ഒരുക്കി.

ശിവ പറഞ്ഞു...

കലകളെ സ്നേഹിക്കുന്നു. എന്നാല്‍ ആധികാരികമായി പറയാന്‍ ഒന്നും തന്നെ അറിയില്ല...

അജ്ഞാതന്‍ പറഞ്ഞു...

Dear Moni,

Good Review. Keep it up

Regards

Rajasekhar.P

MANOJ പറഞ്ഞു...

Mony.Tremendous attempt from your side to upgrade kathakali is quite fantastic.I am also a kali bhranthan like u..Expecting fabulous reports about kathakali and artists from you

Manoj Ambalapuzha
RAK, U.A.E