പൂണ്ണത്രയീശക്ഷേത്രത്തിലെ വഴിപാട് കളി.

ത്യപ്പൂണിത്തുറ ശ്രീ പൂര്‍ണ്ണത്യയീശക്ഷേത്രത്തില്‍ 16/06/08ന് വഴിപാടി ഒരു കഥകളി നടന്നു. സന്താനഗോപാലമൂര്‍ത്തിയായ ശ്രീ പൂണ്ണത്രയീശന്റെ സന്നിധിയില്‍ നടന്ന കളിയില്‍ സന്താനഗോപാലമായിരുന്നു കഥ.
വൈകിട്ട് ഏഴിന് ആരംഭിച്ച കഥകളിയില്‍ ശ്രീ കലാ:ശങ്കരനാരായണനായിരുന്നു അര്‍ജ്ജുനനായി രംഗത്തെത്തിയത്. ഇദ്ദേഹത്തിന്റെ ഭാവാഭിനയം വളരേ നന്നായിരുന്നെങ്കിലും മുദ്രകള്‍ക്കും കലാശങ്ങള്‍ക്കും ഭംഗിപോരാ എന്നു തോന്നി. ശ്രീ സദനം വിജയന്‍ ശ്രീക്യഷ്ണനായും വേഷമിട്ടു. വളരേകാലത്തിനുശേഷം അര്‍ജ്ജുനന്‍ ദ്വാരകയിലെത്തി ക്യഷ്ണനെ കാണുന്നതായ ആദ്യരംഗത്തിലെ പദങ്ങള്‍ക്കുശേഷം, ‘ലോകനാഥനായ അവിടുന്ന് ഓരോരോ കാലങ്ങളില്‍ ഓരോരോ വേഷങ്ങള്‍ ധരിച്ച് ദുഷ്ടന്മാരേ നിഗ്രഹിച്ച് ഭക്തരക്ഷ ചെയ്യുന്നു. അങ്ങിനെയുള്ള അവിടുത്തെ ആശ്രിതനാകാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യം’ എന്ന് അര്‍ജ്ജുനനും, ‘വളരേകാലംകൂടി ഇന്നു നിന്നെ കണ്ടതില്‍ അതിയായ സന്തോഷം ഉണ്ട്. ഇനി കുറച്ചുകാലം നമുക്കിവിടെ ഒരുമിച്ച് വസിക്കാം’ എന്ന് ക്യഷ്ണനും പറയുന്നു.
ഈ പതിവ് ആട്ടത്തിന് ശേഷം, അര്‍ജ്ജുനന്‍ ക്യഷ്ണനോട് ചോദിച്ചു-‘എനിക്കൊരു ദുഖം ഉണ്ട്, എന്റെ സോദരനായ കര്‍ണ്ണനെ അതറിയാതെ യുദ്ധത്തിവച്ച് എനിക്ക് വധിക്കേണ്ടിവന്നല്ലൊ?’. ‘കര്‍ണ്ണന് വീരസ്വര്‍ഗ്ഗം നല്‍കാന്‍ കഴിഞ്ഞല്ലൊ’ എന്നായിരുന്നു ക്യഷ്ണന്റെ മറുപടി. തുടര്‍ന്ന് ‘എല്ലാം തലയില്‍ എഴുത്തുതന്നെ എന്ന് കരുതാം,അല്ലെ?’ എന്ന് അര്‍ജ്ജുനന്‍തന്നെ ചോദിച്ചു. ‘അതേ’ എന്ന് ക്യഷ്ണന്റെ മറുപടി.
ശ്രീ കലാ:ശ്രീകുമാറായിരുന്നു ബ്രാഹ്മണനായെത്തിയത്. ആദ്യഭാഗത്ത് ശ്രീകുമാര്‍ പ്രവ്യത്തിയില്‍ ആയാസപ്പെടുന്നതായി തോന്നിയെങ്കിലും പിന്നീട് ആയാസം കുറയുന്നതായി കണ്ടു. കെട്ടിപ്പഴക്കമില്ലായ്മയുടെ പ്രശ്നങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ശ്രീകുമാറിന്റെ ബ്രാഹ്മണന്‍ നന്നായിരുന്നു.
‘ഇനിമേലില്‍ ജനിക്കുന്ന തനയനെ പരിപാലിച്ചു തന്നില്ലായെങ്കില്‍ ഞാന്‍ തീക്കുണ്ഡത്തില്‍ ചാടി മരിക്കും’ എന്ന് സത്യംചെയ്ത പാണ്ഡവനോട് ബ്രാഹ്മണന്‍ ഇങ്ങിനെ ചോദിക്കുന്നു-‘യാദവശ്രേഷ്ഠരും ക്യഷ്ണനും ശ്രദ്ധിക്കാത്ത എന്റെ കാര്യത്തില്‍ നീ ഇടപെട്ടിട്ട് ഒടുവില്‍, വിജയന്റെ മരണത്തിന് കാരണക്കാരനായി എന്ന ഒരു പാപഭാരം കൂടി ഞാന്‍ പേറേണ്ടി വരുമൊ?’. ‘ഇല്ല, അങ്ങിനെ ഉണ്ടാവില്ല. അങ്ങേക്ക് ഇനി ഉണ്ടാകുന്ന പുത്രനെ രക്ഷിച്ചുതരാന്‍ ഞാന്‍ വിചാരിച്ചാല്‍ സാധിക്കും’ എന്ന് അര്‍ജ്ജുനന്‍ മറുപടി പറഞ്ഞു.
തുടര്‍ന്നുള്ള ആട്ടം-
ബ്രാഹ്മണന്‍:അങ്ങയുടെ കയ്യിലുള്ള ഈ ഗാണ്ഡീവം പണ്ട് ഘാണ്ടവദഹനസമയത്ത് അഗ്നി ദേവന്‍
സമ്മാനിച്ചതല്ലെ?ഞാന്‍ കേട്ടിട്ടുണ്ട്.
അര്‍ജ്ജുനന്‍:അതെ അന്ന് ഞാന്‍ ഇതുകൊണ്ട് ശരമെയ്ത് മഴയെതടുത്ത് അഗ്നിദേവനെ ഘാണ്ടവവനം ദഹിപ്പിക്കാന്‍ സഹായിച്ചു.
ബ്രാ:അന്ന് അങ്ങ് ഒറ്റക്കായിരുന്നൊ? ആരായിരുന്നു കൂട്ട്.
അ:അല്ല,ക്യഷ്ണന്‍ എന്റെകൂടെ ഉണ്ടായിരുന്നു. എന്റെ തേരു തെളിച്ചുകൊണ്ട്.
ബ്രാ:അങ്ങ് പുത്രദു:അഖം അനുഭവിച്ചിട്ടുണ്ടോ?
അ:ഉണ്ട്,എന്റെ ഒരു പുത്രന്‍ അഭിമന്യുവിനെ ജയദ്രഥന്‍ യുദ്ധക്കളത്തില്‍ വച്ച് ചതിയില്‍ കൊലപ്പെടുത്തി.
ബ്രാ:അന്ന് ഒരു സത്യം ചെയ്തില്ലെ?
അ:ചെയ്തു,സൂര്യാസ്തമയത്തിനു മുന്‍പ് ആ ജയദ്രഥനെ ഞാന്‍ വധിക്കും എന്ന് ശപഥം ചെയ്തു.
ബ്രാ:എന്നിട്ട്?
അ:സൂര്യാസ്തമയസമയമടുത്തിട്ടും മറഞ്ഞിരുന്ന അവനെ കണ്ടെത്താന്‍സാധിച്ചില്ല, പിന്നെ ക്യഷ്ണന്‍
തന്റെ സുദര്‍ശനത്താല്‍ ആദിത്യനെ മറച്ചു. അപ്പോള്‍ അസ്തമയം കഴിഞ്ഞു എന്ന് ധരിച്ച് ജയദ്രഥന്‍ സന്തോഷത്തോടെ പുറത്തുവന്നു. തുടര്‍ന്ന് ജയദ്രഥനെ ഞാന്‍ വധിച്ചു.
ബ്രാ:അപ്പോള്‍ അന്നും സഹായത്തിന് ക്യഷ്ണന്‍ ഉണ്ടായിരുന്നു. ഇന്ന് ക്യഷ്ണനെ കൂടാതെ നീ എന്റെ ദുഖം തീര്‍ക്കാന്‍ പുറപ്പെട്ടാല്‍ സാധിക്കുമൊ?
അ:സ്വര്‍ലോകത്ത് ഒറ്റക്ക്പോയി അസുരരെ വധിച്ച് വന്നിട്ടുള്ള എനിക്ക്, ഒരു ബ്രാഹ്മണന്റെ ദുഖം തീര്‍ക്കാനും സാധിക്കും. അതിനാല്‍ അങ്ങ് വിശ്വസിക്കുക.
ബ്രാ:എന്നാല്‍ എനിക്ക് ക്യഷ്ണപാദങ്ങളേക്കൊണ്ട് ഒരു സത്യംകൂടി ചെയ്തുതരിക.
അ:അതിന്റെ ആവശ്യമില്ല. അതു സാധ്യവുമല്ല.
ബ്രാ:എന്നാല്‍ ഞാന്‍ പൊയ്ക്കോട്ടെ?
അ:വിശ്വാസമില്ലായെങ്കില്‍ പൊയ്ക്കൊള്ളുക.
ബ്രാഹ്മണന്‍ തന്റെ കുട്ടിയുടെ വിയോഗത്തില്‍ ദു:ഖിച്ചുകൊണ്ടും, അര്‍ജ്ജുനനെ നോക്കി കയര്‍ത്തുകൊണ്ടും ബാലന്റെ ശവമെടുത്തുകൊണ്ട് പോകുന്നു. അപ്പോള്‍ അസ്വസ്തത തോന്നിയ അര്‍ജ്ജുനന്‍ പിറകേചെന്ന് ബ്രാഹ്മണനെ തിരികേ കൂട്ടിക്കൊണ്ടുവന്ന് ബ്രാഹ്മണന്‍ പറഞ്ഞതുപോലെ ക്യഷ്ണപാദംകൊണ്ട് സത്യംചെയ്തു നല്‍കി. അതില്‍ സന്തോഷവാനായ ബ്രാഹ്മണന്‍ ‘ഞാന്‍ പോയ് വരാം. അങ്ങ് ഇവിടേത്തന്നെ കാണുമല്ലൊ’ എന്ന് പറഞ്ഞ് പോകുന്നു.

ബ്രാഹ്മണപത്നിയായി വേഷമിട്ടത് ശ്രീ കലാ:പ്രമോദായിരുന്നു. ശരകൂടനിര്‍മ്മാണത്തിനു മുന്‍പായി അര്‍ജ്ജുനന്‍ വില്ലുവളച്ച് ഞാണ്‍കെട്ടി ഞാണോലിയിടുന്നതായോ, ദേവതാഗുരുജന വന്ദനം നടത്തുന്നതായോ ആടിക്കണ്ടില്ല.


ശ്രീ കലാ:എന്‍.എന്‍ കൊണത്താപ്പള്ളിയും ശ്രീ രാജേഷ്‌ബാബുവും ചേര്‍ന്നായിരുന്നു സംഗീതം. പലഭാഗത്തും സാഹിത്യം കിട്ടാതെ തപ്പിതടയുന്നകണ്ട കൊണത്താപ്പള്ളി, ‘വിധിക്യതവിലാസമിതു’ എന്ന അജ്ജുനന്റെ പദത്തില്‍ ‘നന്ദസൂനോ പാഹിമാം’ എന്നുള്ളതിനുപകരം ‘നന്ദസുതാ പാഹി’ എന്നാണുപാടുന്നതു കേട്ടത്. ‘മൂഢാ,അതിപ്രൌഢമാം’ എന്ന ബ്രാഹ്മണപദത്തിന്റെ ‘വീണ്ടും വീണ്ടും’ എന്നുതുടങ്ങുന്ന രണ്ടാം ചരണം പാടാതെ വിട്ടു. ഇദ്ദേഹം തന്റെ രാഗമാറ്റ പരീക്ഷണങ്ങളില്‍ അമിതശ്രദ്ധ നല്‍കുന്നതുമൂലം പലപ്പോഴും മുദ്രനോക്കാതേയും താളം പിടിക്കാതേയും പാടുന്നതായും കണ്ടു.
ബ്രാഹ്മണപത്നിയുടെ ‘വിധിമതം നിരസിച്ചീടാമൊ’ എന്ന ഗൌളീപ്പന്ത്‌രാഗപദം,
‘കോമളസരോജമുഖി’ എന്ന ബ്രാഹ്മണന്റെ കാമോദരിപദത്തിലെ-
‘അത്തലിതൊഴിച്ചില്ലെങ്കില്‍’ എന്നുതുടങ്ങുന്ന അന്ത്യചരണം,
കല്യാണാലയേ ചെറ്റും’ എന്ന ബ്രാഹ്മണന്റെ സാവേരിരാഗപദം,
‘വിധിക്യതവിലാസമിതു’ എന്ന അജ്ജുനന്റെ മുഖാരിരാഗപദം
ഇവയൊക്കേയും രാഗങ്ങള്‍ മാറ്റിയാണ് ഇവിടെ പാടിക്കേട്ടത്. ഒരു കഥയിലെ ഒരു ചെറിയപദമൊ ചരണമൊ ഒരു വ്യത്യസ്തതക്കായി രാഗം‌മാറ്റി പാടുന്നതില്‍ തരക്കേടില്ല. എന്നാല്‍ ഇങ്ങിനെ എല്ലാ പദങ്ങളും രാഗം മാറ്റി പാടുന്നത് നന്നെന്നു തോന്നുന്നില്ല. എന്നാല്‍ ഇക്കാലത്ത് പലഗായകരും ഇങ്ങിനെ ചെയ്തുകാണുന്നുണ്ട്. ഇത് എന്തിനാണാവൊ? ഇവരുടെ പ്രാഗത്ഭ്യം തെളിയിക്കാനൊ? ഇതൊക്കെ എഴുതുകയും ചിട്ടപ്പെടുത്തുകയും ചെയ്തുവെച്ച മഹാത്മാക്കളായ ആട്ടക്കഥാക്യത്തുക്കളും കളിയാശാന്മാരും, നാളിതുവരേ ഈ രാഗങ്ങളില്‍ പാടിവന്നിരുന്ന മഹാഗായകരുമൊക്കെ അജ്ഞരല്ലന്നും, ഓരോന്നും കണക്കാക്കിയാണ് ഓരോന്നിനും ഓരോ രാഗങ്ങള്‍ നിശ്ചയിച്ചിട്ടുള്ളതെന്നും ഇവരോക്കണം.
ശ്രീ കലാ:കേശവപ്പൊതുവാളും ശ്രീ കലാവേദി മുരളിയും ആയിരുന്നു ചെണ്ടക്കാര്‍.


ത്യപ്പൂണിത്തുറകലാകേന്ദ്രത്തിന്റേതായിരുന്നു കോപ്പ്.

2 അഭിപ്രായങ്ങൾ:

മണി പറഞ്ഞു...

ത്യപ്പൂണിത്തുറ ശ്രീ പൂര്‍ണ്ണത്യയീശക്ഷേത്രത്തില്‍ 16/06/08ന് വഴിപാടി ഒരു കഥകളി നടന്നു.സന്ദാനഗോപാലമൂര്‍ത്തിയായ ശ്രീ പൂണ്ണത്രയീശന്റെ സന്നിധിയില്‍ നടന്ന കളിയില്‍ സന്ദാനഗോപാലമായിരുന്നു കഥ.വൈകിട്ട് ഏഴിന് ആരംഭിച്ച കഥകളിയില്‍ ശ്രീ കലാ:ശങ്കരനാരായണനായിരുന്നു അര്‍ജ്ജുനനായി രംഗത്തെത്തിയത്.ശ്രീ സദനം വിജയന്‍ ശ്രീക്യഷ്ണനായും വേഷമിട്ടു.ശ്രീ കലാ:ശ്രീകുമാറായിരുന്നു ബ്രാഹ്മണനായെത്തിയത്.ബ്രാഹ്മണപത്നിയായി വേഷമിട്ടത് ശ്രീ കലാ:പ്രമോദായിരുന്നു.ശ്രീ കലാ:എന്‍.എന്‍ കൊണത്താപ്പള്ളിയും ശ്രീ രാജേഷബാബുവും ചേര്‍ന്നായിരുന്നു സംഗീതം.ശ്രീ കലാ:കേശവപ്പൊതുവാളും ശ്രീ കലാവേദി മുരളിയും ആയിരുന്നു ചെണ്ടക്കാര്‍.ത്യപ്പൂണിത്തുറകലാകേന്ദ്രത്തിന്റേതായിരുന്നു കോപ്പ്.

Haree | ഹരീ പറഞ്ഞു...

അതെ, എല്ലാ പദങ്ങളും രാഗം മാറ്റിപ്പാടുന്നത് അംഗീകരിക്കുവാനാവില്ല. ചെറുതായ മാറ്റങ്ങള്‍ പോലും, ആവശ്യമാണോ എന്ന് പലവട്ടം ആലോചിച്ച്, പാടിനോക്കിയേ വേദിയില്‍ പാടുവാന്‍ പാടുള്ളൂ. ‘വിധികൃതവിലാസമിതു...’ അതൊക്കെ മാറ്റിയത് ആശ്ചര്യകരമായി തോന്നുന്നു. പ്രധാനപദങ്ങളില്‍ യുവഗായകരാരും പരീക്ഷണങ്ങള്‍ക്കു മുതിര്‍ന്നതായി കണ്ടിട്ടില്ല. പദം തോന്നാതിരിക്കുന്നതും ശരിയായ കാര്യമല്ല. അങ്ങിനെ ഓര്‍മ്മപ്പിശകുണ്ടെങ്കില്‍, കളിക്കുമുന്‍പ് പുസ്തകം നോക്കി മുഴുവന്‍ പദങ്ങളും ഒന്നോ രണ്ടോ പ്രാവശ്യം വായിക്കുന്നത് നന്നായിരിക്കും. എന്നിട്ടും പറ്റുന്നില്ലെങ്കില്‍, ഈ പണി വേണ്ടെന്നു വെയ്ക്കുന്നതാവും ഉചിതം. :) പിന്നെ, വഴിപാടുകളിയെല്ലേ, എല്ലാമൊരു വഴിപാട് എന്നതാവും ഭാവം.

അക്ഷരത്തെറ്റുകള്‍ ഒഴിവാക്കുവാന്‍ ശ്രദ്ധിക്കൂ.
• സന്താനഗോപാലം
• ‘...കണ്ണന് വീരസ്വര്‍ഗ്ഗം നല്‍കാന്‍...’ - കര്‍ണ്ണന്‍
• '...ഞാന്‍ തീക്കുണ്ടത്തില്‍ ചാടി...' - തീകുണ്ഡം
• ‘...സത്യംചെയ്ത പാണ്ടവനോട് ബ്രാഹ്മണന്‍...’ - പണ്ഡവന്‍ (ണ്ഡ - NDa)
• ‘....യാദവശ്രേഷ്ടരും ക്യഷ്ണനും...’ - യാദവശ്രേഷ്ഠരും
• ‘...ഈ ഗാഢീവം പണ്ട്...’ - ഗാണ്ഡീവം
• അജ്ജുനന്‍ - അര്‍ജ്ജുനന്‍
• ‘ഘാണ്ടവദാഹസമയത്ത്...‘ - ഖാണ്ഡവദഹനസമയത്ത്
• ജയദ്രധന്‍ / ജയദ്രദ്ധന്‍ - ജയദ്രഥന്‍
• ‘...ജയദ്രധന്‍ സന്തോഷത്തോടെ പുറത്തുവന്ന് ജയദ്രധനെ ഞാന്‍ വധിച്ചു.’ - വാക്യഘടന പ്രശ്നമാണ്.

ഇനിയുമുണ്ട് പലത്. അശ്രദ്ധയാണെന്ന് അറിയാം. ഒന്നു രണ്ടുവട്ടം വായിച്ചതിനു ശേഷം പോസ്റ്റ് ചെയ്യുന്നത് നന്നായിരിക്കും.
--