കലാമണ്ഡലം നീലകണ്ഠന്‍ നന്വീശന്‍



കഥകളിസംഗീതലോകത്ത് ഒരു വടവ്യക്ഷം പോലെ വിളങ്ങിനിന്നിരുന്ന മഹാഗായകനായിരുന്നു ശ്രീ കലാ:നീലകണ്ഠന്‍ നന്വീശന്‍. ഇന്ന് കഥകളി സംഗീതലോകത്തുള്ള ഗായകരില്‍ മഹാഭൂരിപക്ഷവും അദ്ദേഹത്തിന്റെ ശിഷ്യ-പ്രശിഷ്യന്മാരാണ്. നന്വീശനാശാന്റെ 23മത് ചരമവാര്‍ഷികമാണ് ഇന്ന്(മാര്‍ച്ച്29).

1095തുലാമാസത്തില്‍ പൊന്നാനിതാലൂക്കില്‍ കോതച്ചിറ‌അംശത്തില്‍ ജനിച്ച നീലകണ്ഠന്‍നന്വീശന്‍, ബാല്യത്തില്‍ത്തന്നെ വെള്ളാറ്റഞ്ഞൂര്‍ രാമന്‍‌നന്വീശന്റെ കൂടെ അഷ്ടപദിപ്പാട്ടും മേളക്കൊട്ടും പരിശീലിച്ചു. പിന്നീട് ഒരു പിഷാരോടിയുടെ അടുക്കല്‍നിന്നും തുള്ളലും വശമാക്കി. ജേഷ്ടന്‍ പരമേശ്വരന്‍ നന്വീശനുമായിചേര്‍ന്ന് തുള്ളല്‍ അവതരിപ്പിച്ചുനടന്നിരുന്നകാലത്ത് ഒരിക്കല്‍ കുന്നംകുളത്ത് മണപ്പാട്ട് എത്തുകയും, കക്കാട് കാര്‍ണപ്പാട് തന്വുരാന്‍ നീലകണ്ഠനെ സംഗീതം അഭ്യസിപ്പിക്കുകയുമുണ്ടായിട്ടുണ്ട്. പിന്നീട് കലാമണ്ഡലത്തിലെ ആദ്യബാച്ച്

വിദ്യാര്‍ത്ഥികളിലൊരാളായി ചേര്‍ന്ന ഇദ്ദേഹത്തിനെ അവിടെവെച്ച് സ്വാമിക്കുട്ടി ഭാഗവതര്‍,കുട്ടന്‍(രാമഗുപ്തന്‍)ഭാഗവതരും കഥകളിപ്പാട്ട് പഠിപ്പിച്ചു. പിന്നീട് വെങ്കിടക്യഷ്ണഭാഗവതര്‍, പൂമുള്ളി കേശവന്‍നായര്‍, നീലകണ്ഠനുണ്ണിത്താന്‍, പനമണ്ണ കുഞ്ചുപ്പോതുവാള്‍ തുടങ്ങിയ ആക്കാലത്തെ പ്രധാനഗായകരോടോപ്പം പാടി നന്വീശന്‍ രംഗപരിചയം നേടി.

പൊന്നാനിപ്പാട്ടുകാരനായശേഷം തന്റെ ആലാപനത്തിലെ ചില സംഗീതപരമായ പിശകുകളെപറ്റിയുള്ള വിമര്‍ശനങ്ങള്‍ കേട്ടിട്ട് നന്വീശന്‍, ശാസ്ത്രീയസംഗീത അടിത്തറനേടുവാനായി കൊല്ലംങ്കോട് ഗോവിന്ദസ്വാമിയെ ഗുരുവാക്കി പഠനം നടത്തി. ‘കഥകളിപ്പാട്ട് പഠിക്കുന്നവര്‍ വെറും വാസനക്കാരായാല്‍പ്പോരാ, അവരെ ആദ്യം ശാസ്ത്രീയസംഗീതം പഠിപ്പിക്കണം’ എന്ന് നന്വീശനാശാന്‍ പിന്നീട് കലാമണ്ഡലത്തിന് നിര്‍ദ്ദേശം നല്‍കിയത് തന്റെ ഈ അനുഭവത്തിന്റെ വെളിച്ചത്തിലാണ്.

പിന്നീട് കലാമണ്ഡലത്തില്‍ കഥകളിസംഗീതാദ്ധ്യാപകനായി പ്രവര്‍ത്തിച്ച ഇദ്ദേഹം, അവിടെനിന്നും പ്രിന്‍സിപ്പാള്‍ ആയിട്ടാണ് വിരമിച്ചത്. പിന്നീട് അദ്ദേഹം കോട്ടക്കല്‍ നാട്യസംഘത്തിലെ
പ്രധാനഗായകനും അദ്ധ്യാപകനുമായി സേവനമനുഷ്ടിച്ചു.

ഉറച്ച ചിട്ടയും താളവും,ശുദ്ധമായ സാഹിത്യോച്ചാരണം,അരങ്ങുനിയന്ത്രണം, സര്‍വ്വോപരി ഘനഗംഭീരമായ ശാരീരം എന്നിവയാണ് നന്വീശന്റെ അരങ്ങുപാട്ടിന്റെ പ്രധാന ഗുണങ്ങള്‍.
കഥകളിപ്പാട്ടിനെ കര്‍ണ്ണാടകസംഗീതത്തിന്റെ സാങ്കേതികോപാധികളാല്‍ പുന:സംവിധാനം ചെയ്ത വെങ്കിടക്യഷ്ണഭാഗവതരുടെ ശൈലിയാണ് ഇദ്ദേഹത്തെ ഏറ്റവും സ്വാധീനിച്ചത്. ഭാഗവതര്‍ക്കുശേഷം ആ ദൌത്യം നന്വീശന്‍ ഏറ്റെടുത്തു. എന്നാല്‍ ഭാഗവതരുടെ ശൈലി അതുപോലെ പിന്തുടരുകയായിരുന്നില്ല അദ്ദേഹം ചെയ്തത് മറിച്ച്, ആശൈലിയില്‍ അവശ്യം മാറ്റങ്ങള്‍ വരുത്തി പുതിയ ഭാവുകത്വം നല്‍കി അവതരിപ്പിക്കുകയാണുണ്ടായത്. എന്നാല്‍ കോട്ടയം കഥകള്‍ തുടങ്ങിയ ചിട്ടപ്രധാനമായ കഥകള്‍ പാടുവാന്‍ പ്രധമഗുരുവായ സ്വാമിക്കുട്ടി ഭാഗവതരുടെ ശൈലിതന്നെയായിരുന്നു നന്വീശനാശാന്‍ സ്വീകരിച്ചിരുന്നത്.

അദ്ധ്യാപനപടുത്വവും ശിഷ്യവാത്സല്യവും ഉള്ള ഗുരുവായിരുന്നു കലാ:നീലകണ്ഠന്‍ നന്വീശന്‍. അതിനാല്‍തന്നെ ഇദ്ദേഹത്തിന് വളരെയധികം ശിഷ്യരുമുണ്ടായി. ഇത്രയധികം ശിഷ്യസന്വത്തുള്ള(ഒന്നാകിടക്കാരായ) ഒരു കഥകളിസംഗീതജ്ഞന്‍ വേറെ ഇല്ലതന്നെ എന്നു പറയാം. കലാ:ഉണ്ണിക്യഷ്ണക്കുറുപ്പ്,കലാ:എബ്രാന്തിരി,കലാ:ഹൈദ്രാലി തുടങ്ങിയവര്‍ എല്ലാം അരങ്ങുപാട്ടിന്റെ മാധുര്യത്താല്‍ ജനപ്രീതി നേടിയ ശിഷ്യരാണ്. ഇവരില്‍ കുറുപ്പാണ് നന്വീശന്‍ശൈലിയിടെ പ്രധാന പിന്തുടര്‍ച്ചക്കാരന്‍. മറ്റുചില ശിഷ്യരായ കലാ:ഗംഗാധരന്‍,കലാ:മാടന്വി സുബ്രഹ്മണ്യന്‍ നന്വൂതിരി,കോട്ടക്കല്‍ നാരായണന്‍ മുതലായവര്‍ ചൊല്ലിയാടിക്കുവാനുള്ള നന്വീശനാശാന്റെ കഴിവുസിദ്ധിച്ചിട്ടുള്ളവരാണ്.

1985 മാര്‍ച്ച് 29ന് ഈ കല്യഗായകന്‍ ജീവിതമാകുന്ന അരങ്ങില്‍ നിന്നും ചേങ്കിലവെച്ച് വിടവാങ്ങി. എന്നാല്‍ ഇന്നും സഹ്യദയമനസ്സുകളില്‍ ആഗാനങ്ങള്‍ മായാതെ നില്‍ക്കുന്നു.

8 അഭിപ്രായങ്ങൾ:

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

കലാമണ്ഡലം നീലകണ്ഠന്‍ നന്വീശന്‍ അനു:സ്മരണം.കഥകളിസംഗീതലോകത്ത് ഒരു വടവ്യക്ഷം പോലെ വിളങ്ങിനിന്നിരുന്ന മഹാഗായകനായിരുന്നു ശ്രീ കലാ:നീലകണ്ഠന്‍ നന്വീശന്‍.ഇന്ന് കഥകളി സംഗീതലോകത്തുള്ള ഗായകരില്‍ മഹാഭൂരിപക്ഷവും അദ്ദേഹത്തിന്റെ ശിഷ്യ-പ്രശിഷ്യന്മാരാണ്.നന്വീശനാശാന്റെ 23മത് ചരമവാര്‍ഷികമാണ് ഈ വരുന്ന മാര്‍ച്ച്29ന്.കലാമണ്ഡലത്തില്‍ കഥകളിസംഗീതാദ്ധ്യാപകനായി പ്രവര്‍ത്തിച്ച ഇദ്ദേഹം, അവിടെനിന്നും പ്രിന്‍സിപ്പാള്‍ ആയിട്ടാണ് വിരമിച്ചത്. പിന്നീട് അദ്ദേഹം കോട്ടക്കല്‍ നാട്യസംഘത്തിലെ പ്രധാനഗായകനും അദ്ധ്യാപകനുമായി സേവനമനുഷ്ടിച്ചു.ഉറച്ച ചിട്ടയും താളവും,ശുദ്ധമായ സാഹിത്യോച്ചാരണം,അരങ്ങുനിയന്ത്രണം, സര്‍വ്വോപരി ഘനഗംഭീരമായ ശാരീരം എന്നിവയാണ് നന്വീശന്റെ അരങ്ങുപാട്ടിന്റെ പ്രധാന ഗുണങ്ങള്‍.കഥകളിപ്പാട്ടിനെ കര്‍ണ്ണാടകസംഗീതത്തിന്റെ സാങ്കേതികോപാധികളാല്‍ പുന:സംവിധാനം ചെയ്ത വെങ്കിടക്യഷ്ണഭാഗവതരുടെ ശൈലിയാണ് ഇദ്ദേഹത്തെ ഏറ്റവും സ്വാധീനിച്ചത്. കലാ:ഉണ്ണിക്യഷ്ണക്കുറുപ്പ്,കലാ:എബ്രാന്തിരി,കലാ:ഹൈദ്രാലി തുടങ്ങിയവര്‍ എല്ലാം അരങ്ങുപാട്ടിന്റെ മാധുര്യത്താല്‍ ജനപ്രീതി നേടിയ ശിഷ്യരാണ്. ഇവരില്‍ കുറുപ്പാണ് നന്വീശന്‍ശൈലിയിടെ പ്രധാന പിന്തുടര്‍ച്ചക്കാരന്‍. മറ്റുചില ശിഷ്യരായ കലാ:ഗംഗാധരന്‍,കലാ:മാടന്വി സുബ്രഹ്മണ്യന്‍ നന്വൂതിരി,കോട്ടക്കല്‍ നാരായണന്‍ മുതലായവര്‍ ചൊല്ലിയാടിക്കുവാനുള നന്വീശനാശാന്റെ കഴിവുസിദ്ധിച്ചിട്ടുള്ളവരാണ്.

SunilKumar Elamkulam Muthukurussi പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
SunilKumar Elamkulam Muthukurussi പറഞ്ഞു...

മണീ, കുട്ടിക്കാലത്ത് ഒന്ന്‌ രണ്ട്‌ തവണ നേരില്‍ കേള്‍‌‌ക്കാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട്‌. ഒരു രംഗത്ത് അദ്ദേഹം പാട്ടിനിടയില്‍ നടനെ ശാസിച്ചത് ഓര്‍മ്മയുണ്ട്‌. ചേങ്ങലക്കോലുകൊണ്ട്‌ ഒരു കിഴുക്ക്‌! അന്ന്‌ ആരും ഇതില്‍ അസ്വസ്ഥരായില്ല എന്നതാണ് കാര്യം. ഇന്നാണെങ്കില്‍ നടക്കുമോ?

പിന്നൊന്ന് ചെര്‍പ്ലശേരി അയ്യപ്പന്‍ കാവിലെ ഉത്സവത്തിനോടനുബന്ധിച്ചായിരുന്നു എന്നാണ് ഓര്‍മ്മ. കുറുപ്പാശാനായിരുന്നു പാടുന്നത്, നമ്പീശന്‍ കുളപ്പുരയില്‍ നിന്നും കയറി വരുന്നു. കുറുപ്പാശാന്റെ പാട്ട്‌ കേട്ടിട്ട്‌ പറയുന്നു “"കൊരഞന്‍, എന്തൊരു നല്ല ശാരീരാ...”" കുറുപ്പിന്റെ കൂസലില്ലായ്മയേയും “തോന്ന്യാസങളേയും” പറ്റി ആണെന്ന് തോന്നി.

ഈ പറഞവ രണ്ടും കൃത്യമല്ല, ട്ടോ. ബാല്യലകാലത്തെ സംഭവങ്ങള്‍ആണ്. ഇത്‌ കുറുപ്പ്, ഇത് നമ്പീശന്‍ എന്നൊന്നും തിരിച്ചറിയാത്ത കാലം. പിശകുകള്‍ സംഭവിച്ചിരിക്കാം.

നമ്പീശന്റെ നളചരിതം നാലാം ദിവസം പാടുന്നതിനെകുറിച്ചെന്തേ എഴുതാത്തത്? പണ്ട്‌ തിങ്കള്‍ ആഴ്ച്ച (?) രാത്രി പത്ത് മണിക്ക് റേഡിയോയില്‍ കഥകളി പദം ഉണ്ടായിരുന്നു, അപ്പോ കേട്ട് റെക്കോറ്ഡ് ചെയ്തിരുന്നു നാലാം ദിവസം. എല്ലാം കാലത്തിനടിയില്‍ പെട്ടു!
-സു-

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

@ സൂ,ആക്കാലത്ത് അതൊക്കെ നടക്കുമായിരുന്നു.കാരണം പാട്ടുകാര്‍ക്കിടയില്‍ മാത്രമല്ല,മറ്റു കലാകാരന്മാര്‍ക്കിടയിലും നന്വീശനാശാന്‍ ഒരു കാര്‍ന്നവര്‍(ആശാന്‍)ആയിരുന്നു.അത് എല്ലാവരും അംഗീകരിക്കുകയും ചെയ്തിരുന്നു. ഇന്ന് ഈ നിലക്ക് നില്‍ക്കുന്ന പൊന്നാനിക്കാര്‍ ആരുണ്ട്? അധവാ ഉണ്ടെങ്കില്‍ തന്നെ അയാളുടെ നിയന്ത്രണത്തില്‍ നീല്‍ക്കാ‍ന്‍ സഹകലാകാരന്മാര്‍ തയ്യാറാവുകയുമില്ല!

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

@ സൂ,4ആംദിവസം ഞാന്‍ അധികം കേട്ടിട്ടില്ല. എന്തൊക്കെയാണ് അതിലെ പ്രത്യേകതകള്‍?
ഇന്നുകാണുന്നതുപോലെ രാഗം മാറ്റിപ്രയോഗിക്കല്‍ ഒക്കെ കുറവായിരുന്നു എന്നു തോന്നുന്നു അല്ല്ലെ?
കേശിനിയുടെ ‘ആരെടോ’ ഇന്ന പദം മുഴുവന്‍ രാഗം മാറ്റാതെ പൂര്‍വ്വിയില്‍ തന്നെ പാടികേട്ടിട്ടുണ്ട്.(സീഡീലാണേ....നേരിട്ടല്ല.)അതുകേട്ടിട്ട്, ഇന്നു സ്വീകരിച്ചുകാണുന്ന രാഗമാറ്റങ്ങള്‍ ഒരു ആവശ്യവും ഇല്ലാത്തവായാണെന്നും,അതാണ് ഉത്തമം എന്നു തോന്നി.

അജ്ഞാതന്‍ പറഞ്ഞു...

Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Aluguel de Computadores, I hope you enjoy. The address is http://aluguel-de-computadores.blogspot.com. A hug.

Unknown പറഞ്ഞു...

I HAVE HEARD LIVE PROGRAMES OF NAMESAAN, LONG BACK,HIS NALACHARITHAM, SONGS STILL IN MY MEMORY, IT WILL NEVER FADE.I HAVE RARE CHANCE IN HEARING BOTH GURU AND SHISHYA, I.E UNIKRINA KURUPU, ON NALACHRITHAM 4 TH DAY, KAKITHA KE KINI, SKOTAKAL SHIVARAMAN WAS THE THE DAMAYNTI, CHANDRAN MAADIYAR, AT CHENDA, IT WASA FEAST OF KATHAKALI, I WILL NEVEFORGET
S.K.NAIR, PALGHAT sa99201@gmail.com

Unknown പറഞ്ഞു...

മാടമ്പി,എന്റെ അച്ഛന്‍ തിരൂര്‍ നമ്പീശന്‍, ഹൈദരാലി, ശങ്കരന്‍ എമ്പ്രാന്തിരി, എന്നിവര്‍ നമ്പീശനാശാന്റെ ശിഷ്യന്മാരാണ്. (ഒരേ ബാച്ച്)മാടമ്പിയും തിരൂര്‍ നമ്പീശനും ഒന്നിച്ചാണു അരങ്ങേറ്റം ഉണ്ടായത്.പഠനശേഷം പറ്റുന്ന അവസരങ്ങളില്‍ അച്ഛന്‍ നമ്പീശന്‍ ആശാനോടൊപ്പം പാടാറുണ്ടായിരുന്നു. നമ്പീശന്‍ ആശാന്‍ പഠിപ്പിച്ച ശൈലിയില്‍ നിന്നു വ്യതിചലിക്കാന്‍ അച്ഛ്ന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. പൊന്നാനി ആയി പാടുന്ന അവസരങ്ങളില്‍ അതില്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.ഈ ബ്ലോഗില്‍ സംഭവിച്ചതു പോലെ ലേഖനങ്ങളില്‍ പലപ്പോഴും ഈ ശിഷ്യന്റെ- തിരൂര്‍ നമ്പീശന്റെ- പേര്‍ വിട്ട്(പലപ്പോഴും മാടമ്പിയുടേയും)കളയുന്ന നിര്‍ഭാഗ്യകരമായ അവസ്ഥ ഉണ്ടെങ്കിലും ആസ്വാദകര്‍ നമ്പീശനാശാന്‍ ശൈലിയുടെ തുടര്‍ച്ച തിരൂര്‍ നമ്പീശനിലും ഉണ്ട് എന്ന് തിരിച്ചറിഞ്ഞതാണല്ലോ. അല്ലെങ്കിലും ഏത് അരങ്ങത്തും ചേങ്ങില എടുത്തു കൊണ്ട് അച്ഛന്‍ മനസ്സില്‍ ധ്യാനിക്കുന്നത് ഗുരുവായ നീലകണ്ഠന്‍ നമ്പീശനെ ( നമ്പീശന്‍ ആശാനെ) തന്നെ ആയിരുന്നു. . ആരൊക്കെ അല്ല എന്നു പറഞ്ഞാലും നമ്പീശനാശാന്‍ അച്ഛന്റെ പ്രധാന ഗുരു ആയിരുന്നു .... അച്ച്ഛന്‍ ആശാന്റെ പ്രഗല്‍ഭ (പശസത് എന്നല്ല) ശിഷ്യന്‍ തന്നെ ആയിരുന്നു .... തമസ്ക്കരിക്കാന്‍ ശ്രമിച്ചാലും പകല്‍ പോലെയുള്ള സത്യമാണിത്.