ബകവധത്തിലെ ഖനകൻ


ബകവധം ആട്ടക്കഥയിൽ പ്രമേയം കൊണ്ടും അവതരണരീതി കൊണ്ടും
സുപ്രധാനമായ ഒരു കഥാപാത്രമാണ് ഖനകൻ.
ഏതുവിധേനയും പാണ്ഡവരെ നശിപ്പിച്ചാൽ മാത്രമെ തനിക്ക്
ഹസ്തിനാപുരസിംഹാസനം ലഭിക്കയുള്ളു എന്ന് മനസ്സിലാക്കിയ ദുര്യോധനൻ വിഷമൂട്ടിയും മറ്റും പല ഉപായങ്ങളും അതിനായി പ്രയോഗിച്ചുനോക്കി. അതിലൊന്നും വിജയം കാണാഞ്ഞ് പാണ്ഡവരെ ഒരുമിച്ച് ഇല്ലാതാക്കുവാനായി സുയോധനൻ ഒരു നൂതനപധതി തയ്യാറാക്കി.  വാരണാവതമെന്ന സ്ഥലത്ത് ഒരു അരക്കില്ലമുണ്ടാക്കി എന്തെങ്കിലും ഉപായം പറഞ്ഞ് പാണ്ഡവരെ അതിൽ താമസിപ്പിക്കുക. തക്കം പാർത്ത് അരക്കിലത്തിനു തീയിട്ട് അവരെ അപായപ്പെടുത്തുക എന്നതായിരുന്നു പദ്ധതി. വളരെ സമ്പത്തുനൽകാം എന്ന് പ്രലോഭിപ്പിച്ച് തന്റെ ഏറ്റവും വിശ്വസ്തനായ മന്ത്രി പുരോചനനെ  ഇതിനായി ദുര്യോധനൻ നിയോഗിച്ചു. പുരോചനൻ വാരണാവതത്തിലെത്തി വളരെ വിദഗ്ദ്ധമായി അരക്കില്ലം പണിതീർത്തു. വേഗത്തിൽ തീപിടിക്കുന്ന അരക്ക്,ചണം മുതലായ വസ്തുക്കൾ ഉപയോഗിച്ചും ധാരാളം നെയ്യും എണ്ണയും നിറച്ചുമാണ് ഗൃഹം നിർമ്മിച്ചത്. ഗൃഹനിർമ്മാണം പൂർത്തിയായപ്പോൾ പാണ്ഡവരോട് മാതാവിനോടൊത്ത് അവിടെപ്പോയി വസിക്കുവാനായി സുയോധനൻ പിതാവായ ദൃതരാഷ്ട്രരെക്കൊണ്ട് പറയിപ്പിക്കുന്നു. തങ്ങളെ ഒഴിവാക്കുവാനുള്ള സൂത്രമാണെന്ന് മനസ്സിലായി എങ്കിലും വലിയച്ഛനും മഹാരാജാവുമായ ദൃതരാഷ്ട്രരുടെ കല്പനയെ പാലിക്കുക തങ്ങളുടെ കടമയാണ് എന്നുള്ളതുകൊണ്ട് ധർമ്മപുത്രൻ അനുജരേയും മാതാവിനേയും കൂട്ടി വാരണാവതത്തിലേയ്ക്ക് യാത്രയാവുന്നു. ദുര്യോധന്റെ പദ്ധതികളെ ഗ്രഹിച്ച പ്രധാനമന്ത്രിയും ധർമ്മിഷ്ടനുമായ വിദുരൻ യാത്രപുറപ്പെടുന്ന ധർമ്മപുത്രരോട് ഗൂഢവാക്യങ്ങളിലൂടെ അപായസൂചനകൾ നൽകി. ലോഹമല്ലാത്തതും,  മൂർച്ചയുള്ളതും ആയ തീഷ്ണശസ്ത്രത്തെ അറിയുന്നവൻ രക്ഷപ്പെടുമെന്നും, കാടും മഞ്ഞും ദഹിപ്പിക്കുന്ന അവന് ഗുഹയിൽ പാർക്കുന്ന വരെ ഒന്നും ചെയ്യാനാവില്ലെന്നും, അലോഹശസ്ത്രത്തിൽ നിന്നും രക്ഷപ്പെടാൻ മുള്ളൻപന്നിയുടെ മാളം പോലെ ബഹുദ്വാരങ്ങളുള്ളതാവണം ഗൃഹമെന്നും, നക്ഷത്രങ്ങൾ വഴികാട്ടുമെന്നും ഒക്കെയുള്ള വിദുരോപദേശങ്ങളിൽ നിന്നും അഗ്നിമൂലമാണ് അപായം എന്നും, രക്ഷനേടാൻ ഗുഹാദ്വാരം നിർമ്മിക്കണമെന്നും, ഗുഹവഴി പുറത്തെത്തിയാൽ നക്ഷത്രങ്ങളെ നോക്കി സഞ്ചരിച്ച്  രക്ഷപ്പെട്ടുകൊള്ളണമെന്നും ബുദ്ധിമാനായ യുധിഷ്ഠിരന് മനസ്സിലായി. വാരണാവതത്തിലെത്തി ഗൃഹത്തെ കാണുകയും ഗന്ധം മനസ്സിലാക്കുകയും ചെയ്തതോടെ കാര്യം ഉറപ്പിച്ച ധർമ്മജൻ അനുജർക്കും മാതാവിനും അപായസൂചന നൽകി.  തുടർന്ന് അവർ പകൽ സമയങ്ങളിൽ നായാട്ടും മറ്റുമായി ഗൃഹത്തിനു പറത്ത് കഴിച്ചുകൂട്ടുകയും, രാത്രികാലങ്ങളിൽ ഓരോരുത്തരായി ഉറക്കമിളച്ച് കാവലിരിക്കുകയും ചെയ്തുവന്നു. തങ്ങളോട് കരുണയുള്ള വിദുരർതന്നെ എന്തെങ്കിലും സഹായമെത്തിക്കുമെന്ന് കരുതിയും, മല്ലവൈരിയുടെ പാദങ്ങളെ സ്മരിച്ചും പ്രാർത്ഥിച്ചുംകൊണ്ടും പാണ്ഡവർ വാരണാവതത്തിൽ കഴിയവെ വിദുരൻ തന്റെ വിശ്വസ്തനും സുഹൃത്തുമായ ഒരു ഖനകനെ പാണ്ഡവർക്കുള്ള രക്ഷാമാർഗ്ഗം നിർമ്മിക്കുക എന്ന രഹസ്യദൗത്യവുമായി വാരണാവതത്തിലേയ്ക്ക് അയയ്ക്കുന്നു. അദേഹം വാരണാവതത്തിലെത്തി പാണ്ഡവരെ കണ്ട് വിദുരന്റെ നിർദ്ദേശങ്ങൾ അറിയിക്കുകയും കൊട്ടാരത്തിൽ നിന്നും ദൂരെ കാട്ടിൽ ഒരിടത്തത്തേയ്ക്ക് എത്തുവാനുള്ള ഒരു ഭൂഗർഭമാർഗ്ഗം രഹസ്യമായി നിർമ്മിച്ചു നൽകുകയും ചെയ്യുന്നു. ജീവരക്ഷയ്ക്കുള്ള ഉപായം ചെയ്തുകൊടുത്ത ഖനകനെ വളരെ സമ്മാനങ്ങൾ നൽകി സന്തോഷിപ്പിച്ചയയ്ക്കുന്നു പാണ്ഡവർ. ഇപ്രകാരമാണ് മഹാഭാരതകഥ.

ഖനകൻ സമ്മാനം വാങ്ങി പുറത്തെത്തിയെങ്കിലും
സ്ഥലംവിട്ടുപോയില്ല എന്നുവേണം കരുതാൻ, കാരണം പാണ്ഡവർ തക്കം നോക്കി പുരോചനനെയും അകത്താക്കി അരക്കില്ലത്തിന് തീയിട്ട് ഗുഹാമാർഗ്ഗം രക്ഷപ്പെട്ടുപോയശേഷം, രാജാവിന്റെ ആൾക്കാർ വന്ന് സ്ഥലം പരിശോധിക്കുന്നതിനുമുൻപായി ഗുഹയുള്ളവിവരം ആരും കണ്ടെത്താത്തവിധം ഖനകൻ വിദഗ്ദ്ധമായി ഗുഹാദ്വാരങ്ങൾ അടച്ചുകമൂടുകയും ചെയ്യുന്നതായി പുരാണത്തിൽ പരാമർശിക്കുന്നുണ്ട്.

കഥകളിയിൽ ഖനകനെ ആശാരി എന്നും വിളിച്ചുവരുന്നു.
എന്നുമാത്രമല്ല, ഒരു നാടൻ ആശാരിയുടെ(പഴയകാലത്തെ) മട്ടിലാണ് ആഹാര്യവും ചേഷ്ടകളും കണ്ടുവരുന്നത്. ഗുഹനിർമ്മാണമെന്ന പ്രധാനപ്പെട്ട ഖനകവേലയെ വളരെ ചുരുക്കിയും, ഗുഹക്കൊരു രഹസ്യവാതിൽ നിർമ്മിക്കുന്ന മരാശാരിയുടെ വേലയെ വിസ്തരിച്ചും ആടുന്ന രീതിയാണ് കണ്ടുവരുന്നത്. കാതങ്ങൾക്കപ്പുറത്തുനിന്നും ഇരു ചെവിയറിയാതെ തുരങ്കം തീർത്ത് കൊട്ടാരത്തിനുള്ളിൽ നിന്നും അതിലേയ്ക്ക് രഹസ്യവാതിലും ഉണ്ടാക്കിക്കൊടുക്കുന്നവിദഗ്ദ്ധൻ വെറുമൊരു ആശാരിയല്ല, ശാസ്ത്രങ്ങളറിയാവുന്ന മൂത്താശാരിയാണ്. ഇന്നത്തെ രീതിയിൽ പറഞ്ഞാൽ മൈനിങ്ങിലും കാർപ്പന്റ്രിയിലും വൈദഗ്ദ്ധമുള്ള ഒരു സിവിൽഎഞ്ജിനിയറാണ് എന്ന് പറയാം.

പട്ടിക്കാന്തൊടിയുടെ കാലത്തിനുമുൻപുള്ളവർ ആശാരിവേഷം ചെയ്തിരുന്നതിന്റെ
ശൈലീരൂപമെന്തായിരുന്നു എന്ന് ആർക്കും നിശ്ചയമില്ല. കുഞ്ചുകർത്താവിന്റെ കാലത്തുണ്ടായിരുന്നവരിൽ താടിവേഷക്കാരായിരുന്ന തെക്കുമ്പുറത്ത് ഗോവിന്ദപ്പണിക്കരും അരിമ്പൂർ രാമൻ മേനോനും ആശാരിവേഷം ചെയ്തിരുന്നതായി കഥകളിരംഗത്തിൽ കെ.പി.എസ്സ് മേനോൻ പറഞ്ഞിട്ടുണ്ട്. ആകാലത്ത് തെക്കരിൽ ആശാരിവേഷം കൈകാര്യം ചെയ്തിരുന്നതായി പറയുന്നത് കത്തിവേഷത്തിൽ പേരെടുത്ത കരീത്ര രാമപ്പണിക്കരും, താടിവേഷക്കാരനായ ഐക്കരക്കർത്താവുമാണ്.  കഥകളിയിലെ നവോദ്ധാനനായകൻ പട്ടിക്കാന്തുടി രാമുണ്ണിമേനോന്റെ വയസ്യനായിരുന്ന കോപ്പൻ നായരാണ് ഇന്നുകാണുന്ന ആശാരി അവതരണശൈലിയുടെ തുടക്കാരൻ. നല്ല കളരിയഭ്യാസവും പരിചയവും ലഭിച്ചുള്ള കോപ്പൻ നായർ ഒരു നല്ല കളരിയാശാനും തിരുമ്മൽ വിദഗ്ദ്ധനുമായിരുന്നു. എന്നിരിക്കിലും തന്റെ ശരീരപ്രകൃതിയുടേയും മുഖാകൃതിയുടേയും പ്രത്യേകതകൾ കൊണ്ട് ആദ്യാവസാന തേച്ചവേഷങ്ങളിൽ തിളങ്ങുവാനായിരുന്നില്ല. താടിവേഷങ്ങളാണ് ഇദ്ദേഹം അധികവും ചെയ്തിരുന്നത്. പിന്നീട് ഇദ്ദേഹം ബകവധത്തിലെ ആശാരിയുടെ അവതരണത്തിൽ ഹാസ്യരസത്തിനെ സന്നിവേശിപ്പിച്ചുകൊണ്ട് പ്രത്യേകമായി ചിട്ടപ്പെടുത്തി അവതരിപ്പിക്കുകയും, ആശാരികോപ്പൻ  പേരുനേടുകയും ചെയ്തു.  പദത്തിനൊപ്പം കലാശങ്ങൾ ചുഴിപ്പുകൾ ഒക്കെ ധാരാളമായി നിബന്ധിച്ചിരിക്കുന്ന ആശാരിയുടെ ചൊല്ലിയാട്ടത്തിൽ ഉള്ളത്. കുറച്ചു വത്യസ്ഥതയാർന്ന രീതിയിൽ കലാശാദികൾ എടുക്കുന്നതായാണ് കാണുന്നത്.  കാഴ്ച്ചയിൽ നർമ്മം സ്ഫുരിക്കുമെങ്കിലും ഈ വികടമായ കലാശങ്ങൾ വതരിപ്പിക്കുന്നതിന് നല്ല താളപ്പിടിപ്പും അഭ്യാസബലവും ആവശ്യമാണ്. കലാശങ്ങളിലെ വികടത്വവും, ആട്ടത്തിലെ ആശാരിയുടെ ചില ലോകധർമ്മിചേഷ്ടകളും കാഴ്ച്ചക്കാരിൽ അല്പം നർമ്മം സ്ഫുപ്പിച്ചേക്കാം എങ്കിലും ഖനകൻ ഒരിക്കലും ഒരു തമാശകഥാപാത്രമല്ല. ഗൗരവതരവും അതീവരഹസ്യവും ആയ ഒരു ദൗത്യത്തിനായി വിദുരർ നിയോഗിക്കുന്ന വിശ്വസ്തസുഹൃത്ത് ഒരിക്കലും കോമാളിയാവാൻ തരമില്ല. പുരാണപത്തിലോ ആട്ടക്കഥയിലോ, വ്യാസനോ കോട്ടത്തുതമ്പുരാനോ ഖനകനെ ഹാസ്യകഥാപാത്രമായി ചിത്രീകരിച്ചുകാണുമില്ല.  ലോകധർമ്മിത്തം അത്യാവശ്യമാകാമെങ്കിലും വിദ്വിജിഹ്വനെപോലെ ഒരു കോമാളിയല്ല ഖനകൻ എന്ന് ശ്രീമാൻ കെ.പി.എസ്സ്.മേനോൻ പണ്ടേ അഭിപ്രായപ്പെട്ടിട്ടുണ്ട്.  എന്നാൽ സമീപകാലത്തായി ആശാരിയെ അവതരിപ്പിക്കുന്നവർ വേഷത്തിലും പ്രവർത്തിയിലും വേണമെന്നുവെച്ച് കോമാളിത്തം വരുത്തുന്നതായി കാണുന്നു. മുറുക്കിതുപ്പുന്നതിലും അന്ത്യത്തിൽ സമ്മാനങ്ങൾ വാങ്ങുമ്പോഴുമൊക്കെ മാത്രമുണ്ടായിരുന്ന ഹാസ്യംകാട്ടൽ ഇന്ന് ആദ്യന്തം ആട്ടത്തിലേയ്ക്ക് പടർന്നിരിക്കുന്നു. പന്തത്തിൽനിന്നും പൃഷ്ടത്തിൽതീപിടിക്കുന്നതായും, കടന്നൽ അസ്ഥാനത്ത് കുത്തുന്നതായും, കാലിൽ മുള്ളുകുത്തുന്നതായും തുടങ്ങി സർപ്പംപാട്ടും, തുള്ളലുംവരെ ആടി ജനരഞ്ജകമാക്കാൻ ശ്രമിക്കുന്ന ആശാരിമാരെയാണ് ഇന്ന് അരങ്ങിൽ കാണുന്നത്. രൂപത്തിൽ കോന്ത്രമ്പല്ലും ചേഷ്ടകളിൽ വൈകൃതങ്ങളും സൃഷ്ടിച്ചും, ആട്ടത്തിൽ ലോകധർമ്മിത്തം അധികരിപ്പിച്ചും ആശാരിയെ തനിഹാസ്യകധാപാത്രമാക്കി മാറ്റിയിരിക്കുകയാണ്. ഇതിനൊരു മാറ്റം-പൊളിച്ചെഴുത്ത്- കാലത്തിന്റെ ആവശ്യം തന്നെ എന്ന് തോന്നുന്നു.

പതിവ് രീതിയിൽ നിന്നും വേറിട്ട ആശാരിഅവതരണങ്ങൾ
ഒറ്റപ്പെട്ടവേദികളിൽ ഉണ്ടായിട്ടുണ്ട്. പീശപ്പള്ളിരാജീവൻ തൃപ്പൂണിത്തുറയിലും കലാ:മനോജ് ഇരിങ്ങാലക്കുടയിലും(തിരനോട്ടത്തിന്റെ വേദിയിൽ) ഇത്തരം ശ്രമങ്ങൾ നടത്തിയിട്ടുണ്ട് മുൻപ്. ഇതിലും ശ്രദ്ധിക്കപ്പെട്ട ഒരു അവതരണമായിരുന്നു 11/02/2017ന് ദശമത്തിന്റെ വേദിയിൽ പീശപ്പള്ളി രാജീവൻ ചെയ്തത്. ആഹാര്യത്തിലും അവതരണത്തിലും അടിമുടി വത്യസ്ഥമായിരുന്നു ഇത്. ലോകധർമ്മി വേഷം ഉപേക്ഷിച്ച് ദൂതനു സമാനമായ ഒരു കഥകളിത്തമാർന്ന വേഷവിധാനമായിരുന്നു അന്ന് ആശാരിയ്ക്ക്. നീലനൊറി,നീല ഉത്തരീയങ്ങൾ, നീല തലേക്കെട്ട് ഒക്കെയായിരുന്നു ആഹാര്യം. ഗൗരവതരമായ ഒരു ദൗത്യം നിർവ്വഹിക്കുവാൻ വരുന്ന വിദുരരുടെ വിശ്വസ്ഥനും രാജ്യസ്നേഹിയും ഖനക-ശില്പവേലകളിൽ അതിവിദഗ്ധനുമായ ഒരു ഖനകനെയാണ് അവതരണത്തിൽ കണ്ടത്. കൊട്ടാരത്തിൽ നിന്നും ഗുഹതോണ്ടിയാൽ മണ്ണ് എവിടെകൊണ്ടുമറയ്ക്കും? അതിനാൽ കാട്ടിൽ നിന്ന് കൊട്ടാരത്തിലേയ്ക്കാണ് ഗുഹാനിർമ്മാണം. സഹായികളുമായി ഗുഹാനിർമ്മാണം പൂർത്തിയാക്കിയിട്ടാണ് ഖനകൻ കൊട്ടാരത്തിലെത്തുന്നത്.  ഗുഹയുടെ പ്രവേശനദ്വാരം മാത്രം അടയാളപ്പെടുത്തി കാട്ടിക്കൊടുക്കുകമാത്രമെ അശാരി കൊട്ടാരത്തിൽ ചെയ്യുന്നുള്ളു. അതുതന്നെ ചില കല്ലുകൾ ഉളക്കി സ്ഥലം കാട്ടിക്കൊടുക്കുകയും ബാക്കി സമയമാകുമ്പോൾ ഭീമന്റെ കരുത്തുകൊണ്ട് ദ്വാരം പൂർണ്ണമായി തുറന്നുകൊള്ളുവാനുമാണ് ഖനകൻ നിർദ്ദേശിക്കുന്നത്. തിരിച്ചുകാട്ടിൽ പോകൽ,മരംവെട്ടൽ, മുറുക്കൽ, വാതിൽ നിർമ്മാണം എന്നിങ്ങിനെയുള്ള പതിവ് ആട്ടങ്ങളൊന്നും ഉണ്ടായില്ലെന്ന് സാരം. പ്രവേശത്തിലുള്ള 5കിടതധീം,താമുകളിലെ പ്രവേശം ഇങ്ങിനെയായിരുന്നു. 1ൽ-തന്റെ ജോലിയുടെ ഗൗരവം ഭാര്യയെ അറിയിക്കുന്നു. ജീവഹാനി വരെ സംഭവിക്കാവുന്ന ദൗത്യമാണെങ്കിലും നമ്മുടെ തമ്പുരാക്കന്മാരെ ആപത്തിൽ നിന്നും രക്ഷിക്കാൻ ലഭിച്ച ഈ അവസരം നമ്മുടെ വംശത്തിന്റെ ഭാഗ്യമാണെന്ന് സമാധാനിപ്പിച്ചു യാത്രയാവുന്നു. 2ൽ അനുയായികളെ കണ്ട്, വനത്തിന്റെ മറു ഭാഗത്തു നിന്നും ഗുഹ നിർമിക്കാനുള്ള നിർദേശം നൽകുന്നു. ദിശാ സൂചന ഉൾപ്പെട്ട രേഖാ ചിത്രവും, ദൗത്യത്തിന്റെ ഗൗരവവും ധരിപ്പിച്ചു് അവരെ യാത്രയാക്കുന്നു.  3ൽ രഹസ്യമായി വാരണാവതത്തിലേയ്ക്ക് സഞ്ചരിക്കുന്നു. 4ൽ ദൂരെയായി നായാട്ട് കൊട്ടാരം കാണുന്നു. കോലരക്കിന്റെ ഗന്ധം നടിക്കുന്നു. കൊട്ടാരത്തിന് സമീപം എത്തുമ്പോൾ പുരോചനനെ കാണുന്നു. പിൻവാതിലിലൂടെ കടക്കാൻ ശ്രമിക്കവേ ഭീമസേനൻ പിടികൂടുന്നു. 5ൽ ഭീമസേനൻ ഖനകനെ പിടിച്ചു കൂട്ടികൊണ്ടുവന്ന് ധർമ്മപുത്രരുടെ മുമ്പിൽ ഹാജരാക്കുന്നു.  പദഭാഗങ്ങൾ കൃത്യമായി ചൊല്ലിയാടുകയും, ഇടയ്ക്കുള്ള കലാശങ്ങളെല്ലാം ഗോഷ്ടികളില്ലാതെ വൃത്തിയായി എടുക്കയും ചെയ്തു. ഇതിനിടയ്ക്കുള്ള ആട്ടങ്ങളിൽ, ഭാരതത്തിൽ വിദുരർ ധർമ്മപുത്രരോടായി ഉപദേശിക്കുന്നതായി പറയുന്ന ഗൂഢവാക്ക്യങ്ങൾ ഖനകൻ ധർമ്മപുത്രരെ ധരിപ്പിക്കുകയും ചെയ്തു. അന്ത്യത്തിൽ സമ്മാനങ്ങൾ സ്നേഹപൂർവ്വം നിരസിക്കുന്ന രാജ്യസ്നേഹിയായ ഖനകന് നിബന്ധപൂർവ്വം ധർമ്മജൻ പട്ടും വളയും സമ്മാനിച്ച് അയയ്ക്കുകയായിരുന്നു.

വ്യതസ്ഥമായ ഈ ഖനകാവതരണം
ആസ്വാദകരിൽ നവ്യാനുഭവമായി. ഭൂരിഭാഗം പ്രേക്ഷകരും നല്ലരീതിയിൽതന്നെയാണ് പ്രതികരിച്ചത് എന്നാണ് അറിയുവാൻ കഴിഞ്ഞത്. ഈ അവതരണത്തിന്റെ പശ്ചാത്തലത്തിൽ ചർച്ചകൾ തുടരേണ്ടതാണ്. തുറന്നമനോഭാവത്തോടേ ഏവരും അഭിപ്രായങ്ങൾ അറിയിക്കുകയും, മുതിർന്ന കലാകാരന്മാരും മറ്റും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുകയും, ഖനകന്റെ ആഹാര്യത്തിലും അവതരണത്തിലും വേണ്ട മിനുക്കുപണികൾ ഇനിയും നടത്തി ചില അവതരണങ്ങൾ കൂടി നടത്തുവാനായി ഏതെങ്കിലും സംഘാടകർ അവസരം നൽകുകയും ചെയ്യും എന്ന് ഒരു കഥകളിസ്നേഹി എന്ന നിലയിൽ പ്രത്യാശിക്കുന്നു. ഈ ഉദ്യമത്തിന് രാജീവേട്ടനോട് അഭിനന്ദനങ്ങൾ അറിയിക്കുന്നു.

ഇനി ചില അഭിപ്രായങ്ങൾ
#ഖനകൻ സംവദിക്കുന്നത് ഭൂരിഭാഗവും ഭീമസേനനോടായിട്ടാണ് കണ്ടത്. ജേഷ്ഠനായ ധർമ്മപുത്രരുടെ സാന്നിധ്യത്തിൽ ഭീമൻ കറയിസംവദിക്കുന്നത്അ ഔചിത്യമായി തോന്നിയില്ല. ഇടയ്ക്ക് ഭീമനും ചിലതുചോദിച്ചാലും, കൂടുതൽ സംവാദങ്ങൾ ധർമ്മജനുമായിട്ടായാൽ നന്ന്.

#വാതിലിൽകൂടിയല്ലാതെ, നിലത്തെ കരിങ്കൽ പാളികൾ നീക്കി താഴേയ്ക്ക് കയർകെട്ടി ഇറങ്ങുന്നരീതിയിലുള്ള ഗുഹാപ്രവേശനദ്വാരത്തിന്റെ രീതിയാണിവെ കണ്ടത്. അപ്പോൾ പിന്നെ ഭീമന്റ് പൊക്കം അളക്കുന്നതിലൊന്നും പ്രസക്തിയില്ലല്ലോ? അപ്പോൾ പതിവ് പൊക്കമളക്കം ഒഴിവാക്കാം.

#സുഹൃത്ത് സജീഷ് പെരിയാരപറ്റ അഭിപ്രായപ്പെട്ടപോലെ ഘനകൻ വളരെ നേരിയ അവസരങ്ങളിൽ മാത്രം (പ്രത്യേകിച്ച് ലോകധർമ്മി നടിയ്ക്കുന്നയിടങ്ങളിൽ)  "സരസനായ പീശപ്പിള്ളി" യായി മാറുന്നുണ്ടായിരുന്നു... എന്നത് സത്യമാണ്. ഇത് ഞാനും പീശപ്പള്ളിയോട് സൂചിപ്പിക്കുകയും, 'മാറ്റിയപ്പോൾ പൂണ്ണമായിട്ടാകാമായിരുന്നു എന്നും ചിലയിടങ്ങളിൽ പതിവ് ആശാരികളുടെ ലാഞ്ചന നിലനിൽക്കുന്നു' എന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.

മറ്റൊന്ന് വെറും മരാശാരി മാത്രം അല്ലായ്ക കൊണ്ട്, പണ്ടു കാലത്ത് ഇത്തരമൊരു ഖനനം ചെയ്യുന്ന ആൾ ഉപയോഗിച്ചേയ്ക്കാവുന്ന ഉപകരണങ്ങളോ ആയുധങ്ങളോ അണ് പ്രതീകാത്മകമായി ധരിയ്ക്കേണ്ടത്. ആഹാര്യത്തിനൊപ്പം ആയുധങ്ങളിലും മാറ്റം വരുതേണ്ടതാണ്.
 
കേട്ട എതിർ അഭിപ്രായങ്ങളിൽ ചിലത്-
പതിവ് ശൈലിയിലുള്ള ഹാസ്യരസപ്രധാനമായ അവതരണമാണ്. കാരണം അങ്ങനെ അവതരിപ്പിക്കുമ്പോൾ മാത്രേ അത് മറ്റ് കഥാപാത്രങ്ങളിൽ നിന്ന് വ്യതിരിക്തമായ ഒരു വ്യക്തിത്വം കൈവരിക്കുന്നുള്ളൂ. അങ്ങനെ വരുമ്പോളാണ് ആശാരിയുടെ രംഗം സവിശേഷമായി നിലനിൽക്കുന്നത്. ഇതിപ്പോൾ മറ്റേതൊരു കഥാപാത്രവും പോലെ സാധാരണമായി പോവുകയും അതിന്റെ സവിശേഷ സാന്നിധ്യം നഷ്ടപ്പെടുകയും ചെയ്യും.
പുതുമയിൽ അവതരിപ്പിക്കുന്നു എന്ന് കേട്ട് പറഞ്ഞ ഈ അഭിപ്രായം അവതരണം കണ്ടാൽ മാറും. കാരണം, നിയതമായ കഥകളിശൈലിവിടാതെയും കോമാളിത്തം കാട്ടാതെയും കഥാപാത്രാനുസാരിയായ അഭിനയത്തിലൂടെ ഖനകന്റെ വ്യതിരക്തത നിലനിർത്താം എന്നതിന് ഉത്തമ ഉദാഹരണം തന്നെയായിരുന്നു ഈ അവതരണം.

ബകവധം കാണുക എന്നത് തന്നെ ആയാസമേറിയ ഒന്നാണ്. ആശാരിക്ക് ശേഷം ലളിതയുടെ പദവും ഭീമന്റെ മറുപടിയും അതിനു ശേഷം വരുന്ന രണ്ട് പതിഞ്ഞ പതവും എല്ലാം വളരെ ക്ഷമയോട് കൂടിയിരുന്ന് കാണേണ്ട രംഗങ്ങളാണ്. അതിനിടയിൽ ട്രാജഡിയിലെല്ലാം ഉള്ളതു പോലെയൊരു കോമിക്ക് റിലീഫാണ് ആശാരിയുടെ രംഗം. അതും കൂടി സീരിയസാക്കണോ എന്നതാണ് മറ്റൊരു വിമർശനം.
റിലീഫിന് വളിപ്പുകാട്ടൽ തന്നെ വേണമോ? ലളിതയുടേയും ഭീമന്റേയും പതിഞ്ഞപദങ്ങൾക്കിടയിൽ രംഗം ചൂടാക്കുന്ന ഒരു യുദ്ധവട്ടം കഥാകൃത്തുതന്നെ ചേർത്തിട്ടുണ്ട്.  ഭീമനായി ആദ്യഭാഗത്ത് രംഗത്തുവരുന്ന നടന് യുദ്ധവട്ടം ചവുട്ടി തന്റെ ഊർജ്ജം ചിലവഴിച്ച് പിന്മാറാനും ഇത് കാരണമാകുന്നുണ്ട്. തിനാൽ ഈ വാദം ബാലിശം മാത്രം. പുരാണകഥാപാത്രത്തിനോടും ആട്ടകഥാകാരനോടും നീതിപുലർത്തുന്ന അവതരണം പുതിയതുതന്നെ.

ऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽ

അനുബന്ധം:-മേൽപ്പറഞ്ഞപോലെതന്നെ മിക്കചുവന്നതാടിവേഷങ്ങളുടെ അവതരണത്തിലും പാത്രവൽക്കരണത്തിലും വതിയാനം വന്നുപോയില്ലേ? ആദ്യാവസാനക്കാരനുകൂടി മാറ്റുരപ്പാവുന്ന ബാലിപോലെയുള്ളവയുളപ്പെടെ കോമാളികളായി അധപതിച്ചുതുടങ്ങിയിട്ടില്ലേ? താമസസ്വഭാവികളായ താടികൾ ഹാസ്യകഥാപാത്രങ്ങളായി പരിണമിക്കുന്നുണ്ടോ? ഇതും ശ്രദ്ധചെല്ലേണ്ട മറ്റൊരു വിഷയമാണ്.

2 അഭിപ്രായങ്ങൾ:

Vijayan പറഞ്ഞു...

The new costume reminding Mathali.

Prasad G പറഞ്ഞു...

ഞാൻ ഫേസ്ബുക്കിൽ 'പുതിയ ഖനകനെ' പറ്റിയുള്ള ഒരു പോസ്റ്റിൽ എന്റെ അഭിപ്രായമായി പറഞ്ഞതിന്റെ ചുരുക്കം ആണിവിടെ എഴുതുന്നത്.

ഖനകനും പാണ്ഡവരും തമ്മിലുള്ള പരസ്പരബന്ധത്തിന് ഒരു മേലാള-കീഴാള സ്വഭാവം ഉണ്ട്. നമ്മുടെ പഴയ സാമൂഹിക പശ്ചാത്തലത്തിൽ കീഴാളന്മാർ ബുദ്ധിമാന്മാരും സമര്ഥരും ആണെങ്കിലും മേലാളന്മാരുടെ മുമ്പിൽ വിഡ്ഢിയായോ കോമാളിയായോ ഒക്കെ അഭിനയിക്കുമായിരുന്നു(ആഢ്യൻ നമ്പൂതിരിയും കാര്യസ്ഥനും പോലെ). അപ്പോൾ ഖനകന് കുറച്ചൊക്കെ കോമാളിത്തം ആവാം. പക്ഷെ ആ കോമാളിത്തം പാണ്ഡവരുടെ മുമ്പിൽ താൻ അഭിനയിക്കുകയാണെന്നു കാണികളെ ബോധ്യമാക്കുകയും വേണം. അതാണ് ഈ അവതരണത്തിനുള്ള വെല്ലുവിളി.

ആഹാര്യത്തിൽ വരുത്തിയ മാറ്റം പ്രശംസനീയം തന്നെ. നേരത്തെ പറഞ്ഞ തരത്തിലുള്ള കോമാളിത്തം ആഹാര്യത്തിലലല്ല അഭിനയത്തിലാണ് വേണ്ടത്.

പ്രസാദ് ഗോവിന്ദപുരം