രസരഞ്ജനം രണ്ടാം ദിവസം

രസരഞ്ജനം ഒന്നാം ദിവസം ആസ്വാദനം ഇവിടെ വായിക്കാം.


രസരഞ്ജനത്തിന്റെ രണ്ടാം ദിവസം കിർമ്മീരവധം കഥയാണ്  
അവതരിപ്പിക്കപ്പെട്ട്ത്. സോദാഹരണപ്രഭാഷണാനന്തരം വെകിട്ട് 3മണിയോടെ രംഗാവതരണം ആരംഭിച്ചു. ധർമ്മപുത്രരായി അഭിനയിച്ച ഡോ:.എൻ.നാരായണൻ നല്ലപ്രകടനം കാഴ്ച്ചവെച്ചു. പരമപ്രധാനമായബാലേകേൾഎന്ന പതിഞ്ഞപദം ഉൾപ്പെടെയുള്ള ഭാഗങ്ങൾ സ്ഥായി-സഞ്ചാരി രസങ്ങൾ സ്ഫുരിപ്പിച്ചുകൊണ്ടും, കാലപ്രമാണമനുസ്സരിച്ച് വൃത്തിയായുള്ള ചൊല്ലിയാട്ടങ്ങളോടെയും, കഥാപാത്രത്തിന്റെ നിലവിടാതെയും ഉള്ള പ്രവർത്തികളാൽ നാരായണൻ ഭംഗിയായി ധർമ്മപുത്രരെ അവതരിപ്പിച്ചു.
'കഷ്ടം!'

'വാഴുന്നെങ്ങിനെ?'

പാഞ്ചാലിയായെത്തിയ ഫാക്റ്റ് ബിജുഫാസ്ക്കറും  
കഥാപാത്രാനുസാരിയായ ഭാവങ്ങളാലും ആട്ടങ്ങളാലും തന്റെ വേഷം മികച്ചതാക്കി.

ആർ.വി.ശശികുമാർ ധൗമ്യനായും,  
 മാസ്റ്റർ അഭിത്ത് സൂര്യനായും, ആര്യ പറപ്പൂർ ശ്രീകൃഷ്ണനായും അരങ്ങിലെത്തി.

'ജയ ജയ '
സുദർശ്ശനവേഷത്തിലെത്തിയത് സദനം വിജയനായിരുന്നു.  
പതിവിൽ നിന്നും വത്യസ്ഥമായിമാധവജയശൗരേഎന്ന പദത്തിന് മുദ്രകാട്ടിക്കൊണ്ട് അഭിനയിക്കുകയുണ്ടായി വിജയൻ. സാധാരണയായി പന്തം പിടിച്ചുകൊണ്ട് താളത്തിൽ ചുവടുകൾ വയ്ക്കുകമാത്രമാണ് സുദർശ്ശനം അരങ്ങത്ത് ചെയ്യാറുള്ളത്. ഇവിടെ പദം ആരംഭിച്ചപ്പോൾ പന്തങ്ങൾ കളിവിളക്കിലേയ്ക്ക് വെച്ചിട്ട് പദം അഭിനയിക്കുകയാണുണ്ടായത്. ഇത് വളരെ നന്നായി തോന്നി. എന്നാൽ പദത്തിന്റെ കൃത്യമായമുദ്രകൾ മനസ്സിലാക്കിവേണമിതു ചെയ്യാൻ എന്നു മാത്രം. മാറിയ കാലഘട്ടത്തിൽ പന്തമൊക്കെ ഒഴിവാക്കേണ്ടതാണെന്നും തോന്നുന്നു.എണ്ണവിളക്കുകൾമാത്രമുണ്ടായിരുന്ന കാലത്തിൽനിന്നും വത്യസ്ഥമായി വൈദ്യുതവിളക്കുകളാൽ വളരെ ശോഭായമാന അരങ്ങിൽ പന്തത്തിന്റെ പ്രഭ അത്രകണ്ട്  എഫക്റ്റ് ഉണ്ടാക്കുന്നില്ല. ശീതീകരിച്ചതോ അല്ലെങ്കിൽ ശക്തിയേറിയ ഫാനുകൾ കറങ്ങുന്നതുമായ അരങ്ങുകൾ, കാർപ്പറ്റുവിരിച്ചതറകൾ, വൈദ്യുതദീപപ്രഭയാൽ തിളങ്ങുന്ന വേദികൾ ഇങ്ങിനെയൊക്കെയുള്ള കാലത്ത് പന്തങ്ങൾക്ക് വലിയ പ്രസക്തി തോന്നുന്നില്ല. അതിനുപകരമായി ആധുനീകരീതികൾ പരീക്ഷിക്കാവുന്നതാണ്. എൽ..ഡി സ്ട്രിപ്പുകൾകൊണ്ട് ചക്രാകൃതിയിൽ ഒന്നുണ്ടാക്കി,ചെറിയൊരു ബാറ്ററികൂടെ ഘടിപ്പിച്ചാൽ പന്തത്തിനുപകരമായി ധരിക്കാവുന്നതാണ്.

'ഹരേ കൃഷ്ണാ'
'ഞങ്ങളെ കണ്ടൊരു.....'

'ഒരു നാണം......'
'നാണമില്ലയോ?'

ആദ്യഭാഗത്ത് പൊന്നാനിപാടിയത് നെടുബുള്ളി റാംമോഹനും,  
ശിങ്കിടിപാടിയത് കോട്ട:വേങ്ങേരി നാരായണൻ നമ്പൂതിരിയും ആയിരുന്നു. കലാ:രാമൻ നമ്പൂതിരി ചെണ്ടയിലും, കലാ:വേണു മദ്ദളത്തിലും മേളം പകർന്നു. പാട്ടും മേളവും നല്ല നിലവാരം പുലർത്തിയതായിരുന്നു.

'ഘോരനരമൃഗ....'
'കണ്ടുകൊളക വിമതേ'
തുടർന്നുള്ള ഭാഗത്ത്
ദുർവ്വാസാവായി ആർ.എൽ.വി.ശശികുമാറും, സിംഹികയായി സദനം മോഹനനും, കിർമ്മീരനായി പാർവ്വതിമേനോനും അരങ്ങിലെത്തി.


ലളിതയായി വേഷമിട്ടത് പ്രമീള വിജയൻ ആയിരുന്നു. 
പ്രമുഖസ്ത്രീവേഷങ്ങൾ ഒന്നായ കിർമ്മീരവധം ലളിതയെ മോശമല്ലാത്ത രീതിയിൽ ഇവർ അവതരിപ്പിക്കുകയുണ്ടായി. പാത്രബോധത്തോടെയും, അവശ്യം വേണ്ട മുഖാഭിനയത്തോടേയും, ഭംഗിയുള്ള മുദ്രാഭിനയത്തിലൂടെയും, കലാശാദികൾ സുഗമമായി കൈകാര്യം ചെയ്തുകൊണ്ടും ഉള്ളതായിരുന്നു ഇവരുടെ രംഗാവതരണം. എന്നാൽ പദാഭിനയഭാഗത്ത് ഉള്ള കാൽ നീക്കങ്ങളുടെ അഭാവവും, ചില മുദ്രാഭിനയ ഭാഗങ്ങളിലെ മെയ്യിന്റെ അമിതമായ ഉലച്ചിലുകളും ആയാസവും ചൊല്ലിയാട്ടഭംഗിയെ ബാധിച്ചിരുന്നു. ആദ്യാവസാനസ്ത്രീവേഷത്തിന്റെ നിലയ്ക്ക് കോട്ടവും വരുത്തിയതായി തോന്നി ഇവകൾ.
'മൗലിമാലേ'

'വനമുണ്ടിടെ'

അന്ത്യഭാഗത്ത് എടുത്തുപറയത്തക്ക പ്രകടനം കാഴ്ച്ചവെച്ചത് ആർച്ച വർമ്മ ആയിരുന്നു. 
സഹദേവൻ, ഭീമൻ എന്നീ കഥാപാത്രങ്ങൾ കൈകാര്യചെയ്ത ആർച്ച, യുദ്ധവട്ടങ്ങൾ ഉൾപ്പെടെയുള്ള ഈ ഭാഗങ്ങളിൽ ഊർജ്ജ്വസ്വലമായ മികച്ചപ്രകടനം തന്നെ കാഴ്ച്ചവെച്ചിരുന്നു.

സിംഹിക മുതലുള്ള ഭാഗങ്ങളിൽ കലാ:ഹരീഷും കലാ:ശ്രീജിത്തും 
ചേർന്നായിരുന്നു പാട്ട്. കലാ:അശോകൻ ചെണ്ടയിലും ആർ.എൽ.വി.ജിതിൻ മദ്ദളത്തിലും മേളം പകർന്നിരുന്നു. കിർമ്മീരന്റെ ഭാഗത്ത് ഗോപീകൃഷ്ണൻ നമ്പുരാൻ മേളത്തിന്റെ നേതൃത്വം ഏറ്റെടുത്തിരുന്നു. പാട്ടും മേളവും നല്ല നിലവാരം പുലർത്തിയതായിരുന്നു.
  
രസരഞ്ജനത്തിന്റെ രണ്ടാം ദിനത്തിലും ചുട്ടി കലാ:സജിയും, 
എരൂർ മനോജും ആയിരുന്നു. എരൂർ ഭവാനീശ്വരം, എരൂർ വൈകുണ്ഠേശ്വരം എന്നീ കളിയോഗങ്ങളിലെ കോപ്പുകൾ ഉപയോഗിച്ച് എരൂർ ശശി, എരൂർ സുരേന്ദ്രൻ മുതൽപ്പേർ അണിയറ കൈകാര്യം ചെയ്തു.അഭിപ്രായങ്ങളൊന്നുമില്ല: